24/04/2026

ഗൗരി : ഭാഗം 18

രചന – നന്ദ നന്ദിത

ബാലൻ അവളെ തന്നിലേക്ക് ചേർത്തു നിർത്തി… അവളുടെ മുഖം കൈകൊണ്ടു കോരിയെടുത്തു… അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു…

ഗൗരിയും ബാലനെ മുറുകെ കെട്ടിപിടിച്ചു…
അവളുടെ കണ്ണുനീര് ബാലന്റെ നെഞ്ചിൽ പടർന്നു…

“മോളെ… ഗൗരി… മതി കരഞ്ഞത്…അങ്ങിനെ ആർക്കെങ്കിലും വേണ്ടി ഉപേക്ഷിക്കാൻ അല്ല ഞാൻ നിന്നെ സ്നേഹിച്ചത്…ഈ ശ്വാസം നിലയ്ക്കുവോളം ന്റെ കൂടെ,ന്റെ ഗൗരിയും ഉണ്ടാവണം…നിന്നെ നഷ്ടപ്പെടുത്തി അതിനി എത്ര വലിയ സ്നേഹാന്നു പറഞ്ഞാലും നിക്ക് അത് വേണ്ട…!!നമുക്കിടയിലേക്ക് മറ്റാരും വരണ്ട…!!നിക്ക് നീയും നിനക്ക് ഞാനും…!!നാളെ നിശ്ചയിച്ച സമയത്ത് നമ്മുടെ വിവാഹം നടക്കും…സാന്ദ്രയല്ല ഇനി ആര് നമുക്കിടയിൽ വന്നാലും… ആ വിവാഹം നടന്നിരിക്കും…!!അതോണ്ട് ന്റെ ഗൗരി.. ഈ കരച്ചിലൊക്കെ മതിയാക്കിയേ…”

ബാലൻ അവളെ പതിയെ തന്നിൽ നിന്ന് അടർത്തിമാറ്റി… രണ്ട് കൈകൾ കൊണ്ടും അവളുടെ തോളിൽ പിടിച്ചു ചേർത്തു നിർത്തി…

ബാലന്റെ മുഖത്തേക്ക് നോക്കാതെ… തല താഴ്ത്തി നിന്ന ഗൗരിയുടെ മുഖം പതിയെ ബാലൻ വിരലുകൾ കൊണ്ട് ഉയർത്തി.

“എന്താ… ന്റെ ഗൗരിടെ മുഖത്തു പിന്നേം വിഷമം…??
താൻ ഇത്ര തൊട്ട വാടി ആയി പോയല്ലോടോ…??

ന്റെ അഹങ്കാരി പെണ്ണിന്റെ തന്റേടം ഒക്കെ എവിടെ പോയി… വന്നപ്പോഴൊക്കെ കുറുമ്പും കുസൃതിയും ഒക്കെ ആയി കളിച്ചു ചിരിച്ചു നടന്നിട്ടു… ഇപ്പൊ കണ്ടില്ലേ… ആരോ ഒരാൾ വന്നു… ഒരു പെണ്ണിന്റെ കാര്യം പറഞ്ഞതും… കരഞ്ഞു വിളിച്ചു… ത്യാഗം ചെയ്യാൻ പോകുന്നു…ഒരിക്കെ ല്ലാർക്കും വേണ്ടി കുറെ ത്യാഗം ചെയ്തേലെ…?? മതിട്ടോ… ഇനിയും ഇങ്ങനെ ഉള്ള സൽപ്രവർത്തികൾ ചെയ്താലേ ന്റെ കുഞ്ഞു താങ്ങുലാ… അതോണ്ട് ഈ കരച്ചിലൊക്കെ നിർത്തി പോയി കുളിച്ചിട്ട് വാ… നമുക്ക് ഒരിടം വരെ പോണം… ചെല്ലൂ…”

ബാലൻ പറയുന്ന കേട്ട് പതിയെ പുഞ്ചിരിച്ചു കൊണ്ട് ഗൗരി താഴേക്ക് നടന്നു..

ബാലൻ പിന്നെയും കുറച്ചു നേരം വെറുതെ പുറത്തേക്ക് നോക്കി നിന്നു…

പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്…S I സാജൻ എന്ന പേര് കണ്ടതും… പ്രതീക്ഷിച്ചിരുന്ന പോലെ ഫോണുമായി ബാലൻ പുറത്തേക്ക് പോയി…

*

“ഇതെവിടെ ആർന്നു കുട്ട്യേ… ഉച്ചക്ക് ഒന്നും കഴിച്ചില്യാലോ ന്റെ മോള്…??”

അംബികമ്മ ഗൗരിയുടെ അടുത്തേക്ക് നടന്നു വന്നു…

“ന്താ… ന്താ മോളെ..?? ന്താ ന്റെ മോൾക്ക് പറ്റ്യേ…??കണ്ണും മുഖവും കണ്ടിട്ട് കരഞ്ഞ മാതിരി തോന്നണുലോ…?? ന്താ… ന്താ ഇണ്ടായേ…??

“ഒന്നൂല്യാമ്മേ… വല്ലാത്ത തലവേദന… ഒന്ന് കിടന്നു… അതാ… ഞൻ ഒന്ന് കുളിക്കട്ടെ…”

അതും പറഞ്ഞു ഗൗരി വേഗം, കുളിക്കാനായി പോയി…

കുളികഴിഞ്ഞു ഈറൻ, മാറി മുറിയിലേക്ക് വരുമ്പോഴേക്കും, ദേവു അവിടെ ഉണ്ടായിരുന്നു..

“ഇതെത്ര നേരായി ഏട്ടത്തി…?? എവിടായിരുന്നു ഇത്ര നേരം…??കാത്തിരുന്നു മടുത്തു… ”

ദേവൂന്റെ സംസാരം കേട്ട് ചിരിച്ചു കൊണ്ട് ഗൗരി കണ്ണാടിയിലേക്ക് നോക്കി, തലയിലെ തോർത്തു അഴിച്ചു മുടി കയ്യ്കൊണ്ട് മെല്ലെ കോതി…

“ഞാൻ കുളിക്കാൻ പോയിരുന്നു ദേവൂട്ട്യേ…അമ്മയോട് പറഞ്ഞിട്ടാണല്ലോ ഞാൻ പോയെ..”

“ഞാൻ അപ്പച്ചിയെ കണ്ടില്യ… ഏട്ടത്തി ഇവിടെ ഇണ്ടാവുന്നു കരുതി ഞാൻ ഇങ്ങട് വന്നു…”

“അത്പോട്ടെ… ന്താ ന്റെ ദേവു തിരക്കിട്ടു ന്നെ അന്വേഷിച്ചു നടന്നേ…??”

“അതോ… അത് ന്റെ ഏട്ടത്തിക്ക്, ഒരു സമ്മാനം തരാൻ…”

അത് പറഞ്ഞു ദേവു, ഗൗരിയുടെ കയ്യിലേക്ക് ഒരു കവർ വേച്ചു കൊടുത്തു…

“ഇതെന്താ..??”

“തുറന്ന് നോക്ക്… ന്റെ ഏട്ടത്യേ…”

ദേവൂന്റെ മുഖത്തെ സന്തോഷം കണ്ടതും, പുഞ്ചിരിച്ചു കൊണ്ട് ഗൗരി കവർ തുറന്നു…

“ആഹാ… കൊള്ളാലോ ദേവു…നല്ല ഭംഗിണ്ട്… നിക്ക് ഇഷ്ടായിട്ടോ…”

കവറിൽ നിന്നെടുത്ത, പുതിയ സെറ്റ് സാരിയിൽ വിരലുകൾ ഓടിച്ചു കൊണ്ട് ഗൗരി പറഞ്ഞു.

“എന്നാലേ… ന്റെ ഏട്ടത്തി വേഗം ഇതുടുത്തെ…”

“ന്തിനാ മോളെ ഇതൊക്കെ…?? ഇപ്പൊ ഉടുത്ത സെറ്റ് മുണ്ടും തന്നേ ധാരാളം…”

“ആഹാ.. അത് പറഞ്ഞാൽ പറ്റില്യ… പറഞ്ഞാൽ കേട്ടില്ലേലെ…ഞാൻ നാത്തൂൻ പോരേടുക്കുട്ടോ…”

“എടി… കേമി.. നീ ആള് കൊള്ളാലോ…??”

ചിരിച്ചു കൊണ്ട് ഗൗരിയുടെ ചെവിയിൽ പിടിച്ചു

“അതെ…സമയില്യ… ഏട്ടത്തി ഇതു ഉടുത്തു വേഗം ഒരുങ്ങിയേ… അമ്മാവൻ മാരൊക്കെ ഇങ്ങട് എത്തും ഇപ്പൊ…അവരൊക്കെ ഏട്ടത്തിയെ ആദ്യായിട്ട് കാണാൻ പോവല്ലേ…?? അപ്പോ ന്റെ ഏട്ടത്തിക്ക് ഒരു കുറവും ഉണ്ടാവാൻ പാടില്യ…

ഇതൊന്നും ഇല്ലെങ്കിലും ന്റെ ഏട്ടത്തിയെ ആരും ഇഷ്ടപെടും… അത്ര സുന്ദരിയല്ലേ…??ന്റെ ബാലേട്ടൻ എന്ത് ഭാഗ്യവാനാ ഇത്രയും സുന്ദരി ആയൊരു കുറുമ്പി പെണ്ണിനെ കിട്ടീലെ…ശരിക്കും ഒന്നായ് മാറേണ്ടവർ എത്ര അകലെയാണെങ്കിലും ഒരു ബന്ധമില്ലെങ്കിലും ഒത്തു ചേരുക തന്നെ ചെയ്യും…!!

ഈ സാരീ ഉടുക്ക് ഏട്ടത്തി …ഇത്‌ ഈ പാവം ദേവൂട്ടീടെ ആഗ്രഹല്ലേ…?? പ്ലീസ്‌…”

“മ്മ്… ശേരി… ഇനി ഞൻ ഇതു ഉടുത്തില്യാന്ന് പറഞ്ഞു… ന്റെ ദേവൂട്ടി പരിഭവം പറയേണ്ട… ഞൻ ഉടുക്കാട്ടോ…”

“ന്റെ ചക്കര ഏട്ടത്തി… ഉമ്മാ…”

അവൾ സന്തോഷം കൊണ്ട് ഗൗരിയെ കെട്ടിപിടിച്ചു.. കവിളിൽ ഉമ്മ കൊടുത്തു.

“അല്ല മോളെ… ആരൊക്ക്യ വരണേ…?? ആരോടും പറയണ്ടാന്നു അല്ലേ ബാലേട്ടൻ പറഞ്ഞെ…??”

“എല്ലാരോടും ഒന്നും പറഞ്ഞില്യ ഏട്ടത്തി… ബാലേട്ടന്റെ അമ്മാവൻ മാരുണ്ട് മൂന്നുപേരു അവരെ മാത്രേ വിളിച്ചുള്ളൂ…അവരോട് പറഞ്ഞില്യച്ച പിണക്കാവുന്നു കരുതിയ… അച്ഛനും ഉണ്ണിയേട്ടനുടെ പോയി പറഞ്ഞെ…
പിന്നെ ഏട്ടത്തി ബാലേട്ടന്റെ ഭാര്യ ആണെന്ന് തന്നെയാട്ടോ അവരോടൊക്കെ പറഞ്ഞെ… അപ്പച്ചിടെ ആഗ്രഹം പോലെ, ദേവിടെ നടയിൽ വേച്ചു താലി കെട്ടാൻ അപ്പച്ചി നേർന്നോണ്ട് താലി കെട്ടാന്നാ പറഞ്ഞെ… ”

ദേവൂന്റെ സംസാരം കേട്ട്… ഗൗരി നിന്നു.

“അതെ രാവിലെ കല്യാണപ്പെണ്ണിനെ ഞാൻ ഒരുക്കൂട്ടോ…മുല്ലപ്പൂവും മാലയൊക്കെ ഉണ്ണ്യേട്ടനെയാ ഏൽപ്പിച്ചേക്കണേ…
ഒക്കെ കൃത്യായിട്ട് ഇങ്ങെത്തിയ മതിയാരുന്നു…”

അവളുടെ പറച്ചില് കേട്ട് ഗൗരിക്ക് ചിരി വന്നു…

“ബാലേട്ടൻ ന്ത്യേ ഏട്ടത്തി…??”

“ഞാൻ കണ്ടില്യ കുട്ട്യേ… ചിലപ്പോൾ കുളിക്കാൻ പോയിട്ടുണ്ടാവും… കാവിൽ പോണംന്ന് പറഞ്ഞിരുന്നു…”

“ദേവു…”

അടുക്കളയിൽ നിന്നുള്ള വസുന്ധരയുടെ വിളി കേട്ട്… ദേവു അങ്ങോട്ടേക്ക് നോക്കി…

“അമ്മ വിളിക്കണിണ്ട്… ഏട്ടത്തി റെഡി ആകുട്ടോ… ഞാൻ അങ്ങട് ചെല്ലട്ടെ…”

അതും പറഞ്ഞു ദേവു, വേഗം പുറത്തേക്ക് പോയി..

ഗൗരി വേഗം… സാരീ ഉടുത്തു… മുടി ചീവി പിന്നിയിട്ടു… കരിമഷി കൊണ്ട് കണ്ണെഴുതി…
കറുത്ത പുരികങ്ങൾക്കിടയിൽ ചുവന്ന കുഞ്ഞു വട്ടപ്പൊട്ട് വച്ചു…

“ഗൗരി… താൻ റെഡി ആയോ…??”എന്ന് ചോദിച്ചുകൊണ്ട്, ബാലൻ മുറിയിലേക്ക് വന്നു.

“ആഹാ.. സുന്ദരി ആയിട്ടുണ്ടല്ലോ… ന്റെ ഗൗരി… ഇതിപ്പോ കാവിൽ പോയി തൊഴാണോ… അതോ… ദാ ഇവിടെ ഇങ്ങനെ നിന്ന് ന്റെ ദേവ്യേ തൊഴാണോ..??”

“മതിട്ടോ… ബാലേട്ടാ…കളിയാക്കീത്…”ഗൗരിടെ മുഖത്തെ പരിഭവം കണ്ടതും ബാലൻ ചിരിച്ചു…

“കളിയാക്കിതല്ലടോ… ന്റെ ഗൗരിയെ കണ്ടിട്ടേ നിക്ക് അങ്ങിനെ തന്നെയാ തോന്യേ…”

“മതി.. മതി… വാ നമുക്ക് ഇറങ്ങാം…”ഗൗരി അതും പറഞ്ഞു.. മുന്നോട്ട് നടന്നതും, ബാലൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മതലിനോട് ചേർത്ത് നിർത്തി…അവളോട് ഒട്ടി നിന്നു.

“ന്താ.. ഈ കാട്ടാണേ ബാലേട്ടാ…അമ്മ എങ്ങാനും വരുട്ടോ… മാറിയെ അങ്ങട്…”

“ഇപ്പൊ ഇങ്ങട് ആരും വരില്യ…നീ ഒന്ന് അടങ്ങി നിക്ക് ന്റെ ഗൗരി…”അതും പറഞ്ഞു
ബാലൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..നാണം കൊണ്ടവൾ മിഴികൾ താഴ്ത്തി…ബാലൻ പതിയെ കൈവിരലുകൾ കൊണ്ടവളുടെ താടി ഉയർത്തി…നെറ്റിയിൽ ചുംബിച്ചു.അവളിൽ നിന്ന് അടർന്നു മാറി…

പെട്ടന്നവൾ കണ്ണു തുറന്നു, ബാലനെ നോക്കി… ഒരു കള്ള ചിരിയോടെ തന്നേ നോക്കുന്ന ബാലനോട്… എന്തേ എന്നർത്ഥത്തിൽ അവൾ പുരികങ്ങൾ ഉയർത്തി…

“എന്തേലും കൂടുതൽ പ്രേതീക്ഷിച്ചോ ന്റെ ഗൗരി…?? വിഷമിക്കണ്ടാട്ടോ… നാളെ ഈ പരിഭവം മാറ്റിത്തരാം…”

“അയ്യേ…വഷളൻ…”അവനെ തള്ളിമാറ്റി… ചിരിച്ചുകൊണ്ട് ഗൗരി ഓടി.

*

“അമ്മിണി നീ മോളിലെ മുറിയൊക്കെ തുടച്ചോ…? ”

“ഞാനവിടൊക്കെ വൃത്തിയാക്കി അംബികമ്മേ…ഇനി അടുക്കളേം കൂടി ഒക്കെ ഒതുക്കി തുടച്ചെടുക്കണം…!! ”

“കഴിച്ചോ അമ്മിണി…നീ..? ”

“നിക്ക് സന്തോഷം കൊണ്ട് വിശക്കണില്ല അംബികാമ്മേ…നമ്മുടെ കുട്ടീടെ കല്യാണല്ലേ….ഒക്കെ നോക്കി കണ്ട് ചെയ്യേണ്ടേ…?”

“മതി മതി… പോയ്‌ കഴിച്ചിട്ട് ബാക്കി ചെയ്താ മതി…”

അപ്പോഴേക്കും ഗൗരി അവിടേക്ക് വന്നു.
പുറകെ ബാലനും…

“അമ്മേ… ഞങ്ങള് കാവില് വിളക്ക് വെച്ചിട്ട് വരാം…”ബാലൻ അംബികയോടായി പറഞ്ഞു.

“പോയിട്ട് വാ മക്കളെ…അധികം വൈകണ്ടാട്ടോ…വേഗം വരണേ രണ്ടാളും…”

“ശേരി അമ്മേ…”അതും പറഞ്ഞു ബാലനും ഒപ്പം ഗൗരിയും ഉമ്മറത്തേക്ക് നടന്നു.

*

കാവിലേക്ക് നടന്നതും… ബാലന്റെ കയ്യിലേക്ക് ഗൗരി മുറുകെ പിടിച്ചു..

“ന്ത് പറ്റി ന്റെ ധൈര്യശാലിക്ക്… ഒരു പേടി പോലെ… അന്ന് ഇവിടെ വന്നപ്പോ നല്ല ധൈര്യരുന്നുലോ…??”ബാലന്റെ കളിയാക്കല് കേട്ട് ഗൗരിക്ക് ദേഷ്യം വന്നു…

“നിക്ക് നല്ല ധൈര്യാ…ഒരു പേടീം ഇല്യ… ഹും..!!”അതുപറഞ്ഞു അവൾ ബാലന്റെ കൈവിട്ടു…

“ഓഹോ… അങ്ങിനെണോ…?? ങ്കിൽ പിന്നെ ആ ധൈര്യം ഒന്നുടെ കാണട്ടെ…”അതും പറഞ്ഞു ബാലൻ ചുറ്റും ഒന്ന് തിരഞ്ഞു…

അതുകണ്ടതും ഗൗരിക്ക് അന്നത്തെ സംഭവം ഓർമവന്നു… കൂടുതൽ ധൈര്യം കാട്ടിയാൽ അന്നത്തെ പോലെ… വല്ല പാമ്പിനേം എടുത്ത് ന്റെ കഴുത്തിലിട്ടു തരും ഈ മനുഷ്യൻ… എന്നോർത്തു… ഗൗരി വേഗം ബാലന്റെ കയ്യിലേക്ക് പിടിച്ചു..

“ന്റെ ധൈര്യം പരീക്ഷിച്ചു വെറുതെ നേരം കളയണ ന്തിനാ…വേഗം ചെല്ലണംന്നല്ലേ അമ്മ പറഞ്ഞെ… നടന്നേ ഇങ്ങിട്… സന്ധ്യവാണെന്നു മുന്നേ പോകണം…”അതും പറഞ്ഞു അവന്റെ കയ്യിൽ ഒന്നുടെ മുറുകെ പിടിച്ചവൾ നടന്നു…

“ഉവ്വാ…”ബാലൻ വേഗം ചിരിച്ചു കൊണ്ട് നടന്നു.

കാവ് എത്തിതും… ബാലനും ഗൗരിയും ഒരുമിച്ചു വിളക്ക് വേച്ചു…നാഗങ്ങൾക്ക് പാല് കൊടുത്തു…രണ്ടുപേരും മനസ്സുരുകി പ്രാർത്ഥിച്ചു.

“അനന്താ…”ബാലന്റെ വിളികേട്ടാണ്… ഗൗരി പ്രാർത്ഥനയിൽ നിന്ന് ഉണർന്നത്…

“അനന്താ… എവിടാ നീയ്…??നിക്ക് നിന്നോട് ഒരു കാര്യം പറയാനിണ്ട്…”ബാലൻ ചുറ്റും നോക്കി കൊണ്ട് വിളിച്ചു…

കുറച്ചു നേരം കഴിഞ്ഞിട്ടും അനന്തനെ കാണാതെ വന്നപ്പോൾ…ബാലന് വിഷമം തോന്നി…

“അനന്താ…പിണക്കായോ ന്നോട്… ഇങ്ങട് വരാത്തെല്…??ഇച്ചിരി തിരക്കായി പോയൊണ്ട് അല്ലെ…?? അനന്താ… വാ…

ദേ നിക്ക് ദേഷ്യം വരുട്ടോ…കളിക്കാതെ വരണുണ്ടോ നീയ്…?? നിന്നെ കാണാൻ സന്തോഷത്തോടെ വന്നത ഞൻ… ന്നിട്ടിപ്പോ നിനക്ക് കാണണ്ടാന്നച്ചാൽ… ഞൻ പോകുവാ… ന്നോട് പിണക്കാച്ചാൽ… ഞാനും പിണക്ക…”

ബാലന്റെ പരിഭവം പറച്ചില് കേട്ടതും ഗൗരിക്ക് ചിരി വന്നു…അവൾ ബാലൻ കാണാതെ പതിയെ ചിരിച്ചു

“ദേ ഞാൻ പോകുവാട്ടോ… ഇനി ഞാൻ കാണാൻ വരില്യ ഇങ്ങട്… ന്നോട് പിണക്കം ഉള്ളോരോട് ഞാനും പിണക്കത്തിലാ… ഞാൻ പോവാ…”അത് പറഞ്ഞു തിരിഞ്ഞതും, പൊത്തിൽ നിന്ന് അനന്തൻ പുറത്തേക്ക് വന്നു…

“ബാലേട്ടാ… ദേ…”ഗൗരിടെ വിളികേട്ട് ബാലൻ തിരിഞ്ഞു നോക്കിയപ്പോഴേ അനന്തനെ കണ്ടു.. ബാലൻ വേഗം ചിരിച്ചു കൊണ്ട് അനന്തന്റെ അടുത്തു ചെന്നു…

“വന്നു.. വന്നിപ്പോ വല്യ ജാടയാലേ… ഒന്ന് വിളിച്ചാൽ വരാൻ…? ഇനിപ്പോ അടുത്തു വരുവോ…?? അതോ പിണക്കം മാറിലെ ന്നോട്…??”അതും പറഞ്ഞു കൈനീട്ടിതും… അനന്തൻ ബാലന്റെ ഉള്ളം കയ്യിലേക്ക് ഇഴഞ്ഞു കേറി.. പത്തി പൊക്കി നിന്നു.

“അനന്താ…തിരക്കായി പോയൊണ്ട് അല്ലേ വരാഞ്ഞേ… പിണങ്ങല്ലേ…അതെ… ഇപ്പൊ ഞങ്ങള് വന്നത്… ന്റെ അനന്തന്നോട് ഒരു സന്തോഷം ഉള്ള കാര്യം പറയാനാ… ന്റേം ഗൗരിടേം കല്യാണം ഉറപ്പിച്ചുട്ടോ… നാളെയാ…”

ഒരു കയ്യിൽ അനന്തനേം… മറുകയ്യിൽ ഗൗരിയെയും ചേർത്പിടിച്ചു കൊണ്ട് ബാലൻ പറഞ്ഞു…

“നിനക്ക് സമ്മതല്ലേ…?ഞങ്ങളെ അനുഗ്രഹിക്കണം..!!”

ബാലൻ പറയുന്നതെല്ലാം കേട്ട് അനന്തൻ ഇരുന്നു…

ഗൗരി വേഗം… ഒരു കൊച്ചു പാത്രത്തിൽ പാലെടുത് ബാലന് നീട്ടി…

“ഗൗരി തന്നേ കൊടുത്തോളു.. ഏട്ടത്തിയമ്മയായി… അംഗീകരിച്ചൊന്ന് നോക്കാം…”ബാലൻ ചെറു ചിരിയോടെ പറഞ്ഞത് കേട്ട് ഗൗരി…കരിങ്കൽ തറിയിലേക്ക് പാത്രം വേച്ചു… ബാലൻ പതിയെ… അനന്തനെ താഴേക്ക് വിട്ടു…
അവൻ ഇഴഞ്ഞു… പാൽപാത്രത്തിനടുത്തേക്ക് പോയി… അത് കണ്ടതും ഗൗരി സന്തോഷത്തോടെ ബാലനോട് ചേർന്നു നിന്നു…

“ഞങൾ പോകുവാട്ടോ…”ബാലൻ അനന്തനോട് യാത്ര പറഞ്ഞു തിരികെ നടന്നു.

*

സാന്ദ്ര ഉറങ്ങുന്നത് നോക്കി വർഷയിരുന്നു,
മീരയുടെ കണ്ണുകൾ പലപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“മോളെ…എങ്ങനുണ്ട് അവൾക്കിപ്പോ…?”
വാസുദേവൻന്റെ ചോദ്യം കേട്ട് വർഷ തല ഉയർത്തി നോക്കി…

“ചെറിയ മയക്കത്തില അച്ഛാ…!!അച്ഛൻ എവിടെ ആയിരുന്നു… ഇത്രയും നേരം…?”

“ഞാനെങ്ങും പോയില്ല മോളെ….
ഓഫിസിൽ വരെ പോയ്‌… എന്നിട്ട് വേഗം ഇങ്ങോട്ട് വന്നു..”

വാസുദേവന്റെ മുഖത്തെ പരിഭ്രമം, വായിച്ചെടുക്കാൻ കഴിയുമായിരുന്നു വർഷക്ക്.

“അച്ഛനെ എനിക്കറിയാം.. എന്തോ തീരുമാനിച്ചുറപ്പിച്ച പോലെയാ അച്ഛൻ പോയെ…എവിടെ പോയെ…?
എന്നോട് പറയ് അച്ഛാ..!!”

“നീ വാ… വർഷയെ വിളിച്ചു,വാസുദേവൻ വരാന്തയിലേക്കിറങ്ങി.

“മോളെ ഞാൻ ബാലന്റെ വീട്ടിൽ പോയിരുന്നു…”

“ന്തിന്…?? ന്തിനാ അച്ഛാ… ബാലേട്ടന്റെ വീട്ടിൽ പോയത്…?”അല്പം പേടിയോടെ വർഷ ചോദിച്ചു.

“ഞാൻ… ഞാൻ… ബാലൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ കണ്ടു… സാന്ദ്രമോളുടെ കാര്യം പറഞ്ഞു… കൂട്ടത്തിൽ… സാന്ദ്രമോൾക്ക് വേണ്ടി വിവാഹത്തിന്നു പിന്മാറാൻ അപേക്ഷിച്ചു…”വാസുദേവന്റെ വാക്കുകൾ കേട്ട് വർഷയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി…

“നിക്ക് അറിയാം അച്ഛൻ അവിടെ പോയിട്ടുണ്ടാവുന്നു…എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെയുള്ള അച്ചന്റെ പോക്ക് കണ്ടപ്പോഴേ ഞൻ ഊഹിച്ചു…സാന്ദ്രയുടെ ഏതിഷ്ടവും സാധിച്ചു കൊടുക്കുന്ന അച്ഛൻ ഈ ആഗ്രഹവും നേടികൊടുക്കാൻ നോക്കും എന്ന്…
പക്ഷെ, ഇന്ന് അച്ഛൻ അവിടെ പോകാൻ പാടില്ലായിരുന്നു…ഗൗരിയേട്ടത്തിയെ കാണാൻ പാടില്ലായിരുന്നു… തെറ്റ് മുഴുവനും നമ്മുടെ സാന്ദ്രയുടെ ഭാഗത്തല്ലേ അച്ഛാ… ബാലൻ സാറിന്റെ ഉള്ളറിയാതെ…??”

ഒക്കെ കേട്ട് വാസുദേവൻ വിഷമിതനായി.

“മോളെ ഞാൻ… ഞാൻ പിന്നെ എന്ത് ചെയ്യണം…? ന്റെ സാന്ദ്ര മോൾടെ കാര്യം ഓർക്കുമ്പോ അച്ഛന്റെ മുന്നിൽ വേറെ ഒരു വഴിയും തോന്നിയില്ല…!!”

“അച്ഛാ… നമ്മുടെ കുട്ടിക്ക് വേണ്ടി ഒന്നുമറിയാത്ത രണ്ടുപേരുടെ സ്വപ്നങ്ങളും ജീവിതവും തകർക്കുന്നത് തെറ്റല്ലേ….??

“അവളൊരിക്കലും കഴിഞ്ഞുപോയ കാലത്തേക്ക് തിരികെ പോകാണ്ടിരിക്കാൻ അച്ഛൻ അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും വാശിക്കും മുന്നിൽ തോറ്റ് കൊടുത്തിരുന്നു…
അവൾ പറയുന്ന ചെറുതും വലുതുമായ എല്ലാം സാധിച്ചു കൊടുത്തു അതുപോലെയാണോ ഇതും..? സാന്ദ്രയെ പഴയ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരും അതിന് എന്ത് സഹായവും ബാലൻ സാർ ചെയ്തു തരും… എനിക്ക് ഉറപ്പുണ്ട്… !!പക്ഷെ
അതിന് വേണ്ടി മറ്റൊരാളുടെ ജീവിതം തകർക്കാൻ അച്ഛൻ ശ്രമിക്കരുത്…!!”

വർഷ പറഞ്ഞതൊക്കെ കേട്ട് വാസുദേവൻ മിണ്ടാതെ നിന്നു…

അല്പനേരത്തെ മൗനത്തിനു ശേഷം,ഒന്നും പറയാതെ അയാൾ പുറത്തേക്ക് നടന്നു.

*

ബാലനും ഗൗരിയും കാവിൽ നിന്ന് വരുമ്പോഴേക്കും… ബന്ധുക്കൾ എല്ലാവരും വീട്ടിൽ വന്നിരുന്നു…

“ആഹാ… രണ്ടുപേരും എത്തിലോ… തൊഴുതുവോ മോളെ…??”

“ഉവ്വ്.. അച്ഛാ…”അതും പറഞ്ഞു ഉമ്മറത്തിരിക്കുന്ന അമ്മാവൻ മാരെ ഒന്ന് നോക്കി പുഞ്ചിരിച്ചു കൊണ്ട് ഗൗരി അകത്തേക്ക് പോയി… ബാലൻ അവരെ കണ്ടതും വർത്താനം പറഞ്ഞു കൊണ്ട് സോപനത്തിലേക്ക് ഇരുന്നു.

“ഗൗരി മോളെ… ഇങ്ങട് വാ…”ഗൗരിയെ കണ്ടതും… അംബികമ്മ അവളെ അരികിലേക്ക് വിളിച്ചു.അവള് അടുത്ത വന്നതും ഗൗരിയെ ചേർത്ത്പിടിച്ചു.

“ഇതാട്ടോ… ന്റെ ഗൗരിമോള്…ന്റെ ബാലൻ കണ്ടെത്തിയ പുണ്യം…”ഊണ് മേശക്ക് ചുറ്റും ഇരിക്കുന്ന തന്റെ ഏട്ടത്തിമാരോടായി അംബികമ്മ പറഞ്ഞു.

“ഗൗരി മോളെ… ഇതൊക്കെ ന്റെ ഏട്ടന്മാരുടെ ഭാര്യമാരും മക്കളും ആട്ടോ… അത് വല്യേട്ടത്തി… ന്റെ മൂത്ത ഏട്ടന്റെ ഭാര്യ… ഇത്‌.. കൊച്ചേട്ടത്തി… രണ്ടാമത്തെ… ഏട്ടന്റെ… ഇത്‌ കുഞ്ഞേട്ടത്തി…മൂന്നാമത്തെ ഏട്ടന്റെ… അംബികമ്മ… ഓരോരുത്തരെ ആയി ഗൗരിക്ക് പരിചയപ്പെടുത്തി കൊടുത്തു.

“ന്റെ ഗൗര്യേ…ഞങ്ങള് എത്തീതു മുതൽ…അംബികേടെ വായിന്നു ഗൗരിനൊരു പേര് മാത്രേ കേട്ടുള്ട്ടോ… അതോണ്ട് കാണാൻ കാത്തിരിക്കയായിരുന്നു ല്ലാരും…”

“ല്ലാരും ചായ എടുക്ക്…”ദേവു കയ്യിലെ ട്രെയിൽ നിന്ന് എല്ലാവർക്കും ചായ നീട്ടി…

“എന്നാലും… ഈ ദേവൂന് വന്നൊരു മാറ്റെ… ബാലനെ കേട്ടുള്ളുന്നു പറഞ്ഞു നടന്ന പെണ്ണാ… സത്യം പറഞ്ഞാല്…ഞങൾ ല്ലാരും പറയേം ചെയ്തു… ദേവൂന്റെ കാര്യം..ഇവിടെ വന്നപ്പോഴുണ്ട് അംബികയേക്കാൾ കൂടുതൽ സ്നേഹം ദേവൂന് കണ്ടു…ഇതെന്ത് മാറിമായ ഗൗര്യേ.. നീ ഇവിടെ കാട്ട്യേ…?

“ഒരു മാറിമായോം ഇല്യ ഏട്ടത്തി… ന്റെ മോൾടെ അത്ര നല്ല മനസ്സാ… അതാ അവളോട് ല്ലാർക്കും ഇത്ര സ്നേഹം…”അംബികമ്മ ചിരിയോടെ പറഞ്ഞു.

*

“രാത്രീല് ഒരു ബഹളം തന്നേ ആയിരുന്നു വീട്… അമ്മാവന്മാരും, അമ്മായിമാരും, അവരുടെ മക്കളും മരുമക്കളും കുട്യോളും… അടുക്കളയിലെ ജോലിയിലേക്ക് അമ്മിണിയെ സഹായിക്കാൻ ല്ലാരും കൂടി… ഉപ്പേരി വറുക്കലും… സദ്യക്കുള്ള പച്ചക്കറി നുറുക്കലും ഒക്കെയായി… ആഘോഷവും കളിചിരിയും അലയടിച്ചു തറവാടിന്റെ ചുമരുകളിൽ…

എല്ലാം കണ്ടു മനസ്സ് നിറഞ്ഞു ബാലനും, ഗൗരിയും നിന്നു…

രാത്രി ഭക്ഷണം കഴിച്ചു,എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ ഒത്തിരി വൈകിയിരുന്നു…

ബാലന് എന്തുകൊണ്ടോ… ഉറക്കം വന്നില്ല… ആഗ്രഹിച്ചതൊക്കെ കയ്യിൽ കിട്ടുമ്പോഴുള്ള കുഞ്ഞുങ്ങളുടെ മനസ്സ്‌ പോലെ തുള്ളി ചാടികൊണ്ടിരുന്നു… എങ്കിലും ആ സന്തോഷത്തിനിടയിലും ഒരു കുഞ്ഞ് നീറ്റൽ ബാലന് അനുഭവപെട്ടു…

പതിയെ കട്ടിലിൽ നിന്ന് എഴുന്നേറ്റു, ഗോവണിപടികൾ ഇറങ്ങി താഴേക്ക് നടന്നു… ഇട നാഴിയിലൂടെ നടക്കുമ്പോൾ… അറിയാതെ കണ്ണുകൾ അമ്മയുടെ മുറിയിലേക്ക് നീണ്ടു…

“പാവം… സന്തോഷത്തോടെ ഉറങ്ങാവും… ന്റെ ഗൗരി…”അതും ഓർത്തുകൊണ്ട് ബാലൻ വാതിൽ തുറന്നു മുറ്റത്തേക്ക് ഇറങ്ങി.

ഗൗരിയും ഇതേ അവസ്ഥയിൽ തന്നേ ആയിരുന്നു… മനസ്സ്‌ സന്തോഷത്തിന്റെ കൊടുമുടി താണ്ടിയിരുന്നു… ഒരിക്കൽ പോലും നടക്കാത്ത കുറെ സംഭവങ്ങൾ… ആരെന്ന് പോലും അറിയാതിരുന്ന കുറെ നല്ല മനുഷ്യർ ഇന്ന് തന്റെ പ്രാണനെപോലെയായി മാറിയിരിക്കുന്നു…

ഇനിയൊരു വിവാഹാജീവിതം തനിക്ക് ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല…വിവാഹം എന്നോർക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ എവിടെയോ പഴയ ഓർമകളുടെ ബാക്കിപത്രം അവളിൽ നോവുണർത്തി… പതിയെ എഴുന്നേറ്റു ജനലിനരികെ പുറത്തേക് നോക്കി നിന്നു… അപ്പോഴാണ് പുറത്ത് എന്തോ ആലോചിച്ച നിൽക്കുന്ന ബാലേട്ടനെ കണ്ടത്…
അവൾ ശബ്ദം ഉണ്ടക്കാതെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.

“ബാലേട്ടാ…”ഗൗരിടെ വിളികേട്ട് ബാലൻ തിരിഞ്ഞു നോക്കി.

“ഗൗരി… മോള് ഉറങ്ങിലെടാ..?”ബാലന്റെ ചോദ്യം കേട്ട് ഇല്ലെന്നവൾ തലയാട്ടി.

ഗൗരി പതിയെ ബാലനോട് ചേർന്നു നിന്നു… ബാലൻ പതിയെ ആകാശത്തേക്ക് നോക്കി… നല്ല തെളിഞ്ഞ ആകാശത്തു… പൂർണചന്ദ്രൻ പ്രകാശിച്ചു നിൽക്കുന്നു…നക്ഷത്രങ്ങൾ കണ്ണുകൾ ചിമ്മി തങ്ങളെ നോക്കുന്നതായി ഗൗരിക്കും തോന്നി…

മുറ്റത്തെ കുറ്റിമുല്ലകളുടെ മണം കാറ്റിലാകെ പടർന്നിരുന്നു…

ബാലൻ ഗൗരിയുടെ വിരലുകൾ കോർത്തുപിടിച്ചു, പതിയെ നടന്നു…

ചെമ്പകത്തിന്റെ ചോട്ടിൽ ഇരുന്നു… വലിയ വൃക്ഷത്തിന്റെ ഇലകൾ കാണാത്ത വിധം ചെമ്പകം പൂത്തു നിൽക്കുന്നു… അതിന്റെ ചോട്ടിൽ ആകെ വെള്ള പരവതാനി വിരിച്ചത് പോലെ ചെമ്പകപ്പൂക്കൾ കൊഴിഞ്ഞു കിടന്നു…

അത് പെറുക്കി എടുത്തുകൊണ്ട്, ഗൗരി ബാലനോട് ചേർന്നു കാലു നീട്ടി വച്ചു മരത്തിൽ ചാരി ഇരുന്നു…അത് കണ്ടതും.. ഒരു കൊച്ചു കുഞ്ഞിന്റെ കുസൃതിയോടെ ബാലൻ അവളുടെ മടിയിലേക്ക് തലവെച്ചു കിടന്നു…ഗൗരി ചെറു പുഞ്ചിരിയോടെ ബാലന്റെ മുടിയിഴകൾ തഴുകി…

“ബാലേട്ടാ…”

“ന്താടാ…?”ഗൗരിയെ നോക്കി ബാലൻ വിളികെട്ടു…

“ഞാൻ ഒരു കാര്യം ചോയ്ച്ചോട്ടെ..?”

“മ്മ്…”

“ബാലേട്ടന് ന്തെങ്കിലും വിഷമം ഉണ്ടോ…?? ഇല്യാന്ന് ന്നോട് കള്ളംപറയരുത്.. ഇണ്ടെന്ന് ആ മുഖത്തുന്ന് വായിച്ചെടുക്കാം… ന്താ ബാലേട്ടാ…എന്താ പറ്റ്യേ …??”

“ഏയ്യ്… അങ്ങിനെ ഒന്നുല്ലടാ… ന്റെ ഗൗരിക്ക് വെറുതെ തോന്നണത…”

“ബാലേട്ടാ… ബാലേട്ടന് സാന്ദ്രേ കുറിച്ചു ഓർത്തു വിഷമൊണ്ടോ…??

“വിഷമം…!!ഇല്ലെന്ന് പറഞ്ഞാൽ അതൊരു കള്ളം ആവും…ഞാൻ കാരണം അല്ലേ ആ കുട്ടിക്ക് ങ്ങിനെ ഒരവസ്ഥ ഇണ്ടായത്… അതോണ്ട് ഒരു വിഷമൊണ്ട്… പക്ഷെ അതിനു വേണ്ടി നിന്നെ നഷ്ടപ്പെടുത്താൻ നിക്ക് ആവില്യ… നീ ന്റെ കൂടെ വേണം ഗൗരി എപ്പോഴും… അത് പോലെ സാന്ദ്ര… അവള്… അവള്ടെ അവസ്ഥ മാറ്റി എടുക്കണം…ഞാൻ കരണം വീണ്ടും അവൾ പഴയാ അവസ്ഥയിലേക്ക് കൂടുതൽ പോകരുത്… അതിനു ഞാൻ പരിശ്രമിക്കും.. ന്റെ കൂടെ എല്ലാത്തിനും നിഴലായി നീയും ഉണ്ടാവണം…”

“ഉണ്ടാവും ബാലേട്ടാ…”അവൻ അവളുടെ കയ്യെടുത്ത നെഞ്ചിലേക്ക് വേച്ചു.

“ബാലേട്ടാ… എഴുന്നേൽക്ക്… അകത്തേക്ക് പോകാം.. അമ്മ എങ്ങാനും എഴുന്നേറ്റാൽ ന്നെ കണ്ടില്ലേൽ… അതുമല്ല ആരെങ്കിലും നമ്മൾ ഇവിടെ ഇരിക്കണ കണ്ടാൽ…”

“മ്മ്…” മൂളിക്കൊണ്ട്,ബാലൻ പതിയെ എഴുന്നേറ്റു… പുറകെ ഗൗരിയും.

*

“ഒരുക്കം കഴിഞ്ഞില്യേ കുട്ട്യേ.. നേരാകുന്നു…”അംബികമ്മ അടച്ചിട്ട കതകിൽ തട്ടി വിളിച്ചു ചോദിച്ചു.

“കഴിഞ്ഞപ്പച്ചി…വരുന്നുട്ടോ…”അകത്തുന്നുള്ള ദേവൂന്റെ സംസാരം കേട്ട് അംബിക മടങ്ങി പോയി…

കല്യാണസാരി ചുറ്റി, മുല്ലപ്പൂ മുടിയിൽ ചൂടി മാലയും കമ്മലും വളയുമൊക്കെ അണിഞ്ഞു,വാൽകണ്ണാടിയിൽ ഗൗരി മുഖം നോക്കി.

“ന്റെ ഏട്ടത്തിയെ ആരും കണ്ണിടാതെ ഇരുന്നാൽ മതി..”

ദേവു പറയുന്ന കേട്ട് കണ്ണാടിയിൽ നിന്നും മുഖമെടുത്ത് ഗൗരി അവളെ നോക്കി…

“ന്റെ ദേവൂട്ടി…മതിട്ടോ കളിയാക്കിത്…!!”

“ഞാൻ കളിയാക്കിതൊന്നും അല്ല… സത്യ പറഞ്ഞെ…”

“ന്നെ കണ്ണിടുന്നെങ്കിൽ അത് നിന്റെ ഏട്ടൻ ആയിരിക്കും…!!”ഗൗരിടെ മറുപടി കേട്ട് ദേവു ചിരിച്ചു.

“ഗൗരി… മോളെ… ഇറങ്ങു…”

പുറത്തുന്നുള്ള വിളികേട്ട് ദേവുപോയി കതക് തുറന്നു…

“ദാ നിൽക്കുന്നു അപ്പച്ചിടെ മരുമോള്… ഇനി ദേവു ഒരുക്കി കോളാക്കിന്ന് പറയരുത്… സുന്ദരി ആക്കിട്ടുണ്ട്…”

“ന്റെ മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ…!! ഇറങ്ങാൻ നേരാവണ്.. ന്റെ മോള് പൂജമുറിയിൽ പോയി പ്രാത്ഥിച്ചിട്ട് വാ…”അംബികമ്മ പറഞ്ഞത് കേട്ട് ഗൗരി നടന്നു.

പൂജമുറിയിലേക്ക് നടക്കുമ്പോഴേ കണ്ടു
ഉമ്മറത്ത് സോപാനത്തിൽ ബാലൻ ഇരിക്കുന്നത്.

സർവേശ്വരനോട് തന്റെ വിഷമങ്ങളും, ജീവിതത്തിലേക്ക് വരുന്ന സന്തോഷവും ഒക്കെ പങ്ക് വച്ചു പൂജ മുറിയിൽ നിന്നിറങ്ങാൻ തിരിഞ്ഞപ്പോ തൊട്ട് പിന്നിൽ ബാലൻ നിൽക്കുന്നതായി കണ്ടു.

നവവധുവായി ഒരുങ്ങിയ ഗൗരിയെ തന്നേ ഒരു നിമിഷം ബാലൻ നോക്കി നിന്നു…

“ന്താ ബാലേട്ടാ…?? എന്താ ഇങ്ങനെ നോക്കണേ…??”

“ഏയ്യ്… ഒന്നില്യാടോ… തന്നേ ഇങ്ങനെ കാണാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നോ….?? ന്റെ ഗൗരിന്ന് എല്ലാ അവകാത്തോടെയും പറയാൻ… ഞാൻ കാത്തിരുന്ന ദിവസാ ഇത്‌…”

“ബാലാ…സമയാകുന്നു കുട്ട്യേ… ഇറങ്ങാം”

മാധവൻ മാഷ് അവിടേക്ക് വന്നു.

“ഇറങ്ങാം അച്ഛാ…”

മാഷിന്റെ പുറകെയായി ബാലനും ഗൗരിയും നടന്നു.

ഉമ്മറത്തു വരുമ്പോൾ എല്ലാവരും റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.

അച്ഛനും, അമ്മയ്യുടെയും, അപ്പച്ചിയുടെയും, അമ്മാവൻ മാരുടെയും ഒക്കെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി, ഇരുവരും ഇറങ്ങി.

*
“കെട്ടിന് മുന്നേ രണ്ടുപേരും തൊഴുതു വന്നോളൂ…”തിരുമേനി പറഞ്ഞത് അനുസരിച്ചു… ബാലനും ഗൗരിയും മനസ്സുരുകി പ്രാർത്ഥിച്ചു…

പൂജിച്ച താലിയും, തുളസിമാലയുമായി തിരുമേനി ക്ഷേത്രത്തിന്റെ വെളിയിൽ, ദേവിയുടെ നടയ്ക്ക് മുന്നിൽ നിന്നു…

അപ്പോഴേക്കും തൊഴുതു, ബാലനും ഗൗരിയും എത്തിയിരുന്നു…

തീർത്ഥവും, ചന്ദനവും രണ്ട് പേർക്കുമായി നൽകി…

“എന്താടോ ടെൻഷനുണ്ടോ…?”

കരിമഷിയെഴുതിയ കണ്ണിലേക്ക് നോക്കിയപ്പോ നിലയുറക്കതെ ഒഴുകുന്ന കൃഷ്ണമണിയെ അവൻ ശ്രദ്ധിച്ചു..

ബാലൻ അവളുടെ കയ്യിലേക്ക് മുറുകെ പിടിച്ചു.

“എന്ത് പറ്റി…? കണ്ണൊക്കെ നിറയുന്നല്ലോ…?”

“ഒന്നൂല്യ ബാലേട്ടാ… സന്തോഷം കൊണ്ടാ… സ്വപ്നം പോലെ തോന്നാ… ല്ലാം…”

അവളുടെ കണ്ണിൽ നിന്ന് ഇറ്റ് വീണ കണ്ണീർതുള്ളികൾ കണ്ടു, അവളുടെ കയ്യിലേക്ക് ഒന്നുടെ ബാലൻ മുറുകെ പിടിച്ചു..

“മുഹൂർത്തായിട്ടോ…”

തിരുമേനി പൂജിച്ച മഞ്ഞ ചരട് ബാലന്റെ കയ്യിലേക്ക് കൊടുത്തു…
ല്ലാരുടേം അനുവാദത്തോടെ ഗൗരിയുടെ കഴുത്തിലേക്ക് ആ മഞ്ഞ ചരടിന്റെ കെട്ടുകൾ മുറുകി.

“ഇനി നീ ന്റെയാ… ന്റെ മാത്രം ഗൗരി….!!”

ഗൗരിയുടെ ചെവിയിൽ മെല്ലെ പറഞ്ഞുകൊണ്ടാണ് ബാലൻ താലി ചരട് കെട്ടിയത്….

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി….
കൈ കൂപ്പി മനമുരുകി പ്രാർത്ഥനയായിരുന്നു.
തന്റെ കഴിഞ്ഞ കാലം പോലെ ആയിരിക്കരുതേയിനിയുമെന്ന്…

“സന്തോഷയോ…?”

ബാലൻ മിന്നു കെട്ടിക്കഴിഞ്ഞവളോട് ചോദിച്ചു…

“ഒത്തിരി…”

ഗൗരിയുടെ സീമന്തത്തിൽ സിന്തൂരം വീണ്ടും അണിഞ്ഞു…

ആ നെറ്റിയിൽ അപ്പോഴേക്കും ബാലെന്റെ ചുണ്ടുകൾ പതിഞ്ഞു…

ആ സ്നേഹ ചുംബനം അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർത്തി…

ഇരുവരും തുളസിമാല പരസപരം ഇട്ടുകൊടുത്തു…

മാധവൻ ഗൗരിടെ കയ്യ് പിടിച്ചു ബാലനെ ഏൽപ്പിച്ചു.

“ജീവിതാവസാനം വരെ ഈ കൈകൾ ചേർത്ത് പിടിച്ചു സന്തോഷത്തോടെ ജീവിക്കണം എന്റെ മക്കൾ…”

മാധവൻ മാഷിന്റെയും, അംബികമ്മേടെയും കണ്ണുകൾ നിറഞ്ഞു…

“രണ്ടുപേരുടെ കൈപിടിച്ചു 3 വട്ടം പ്രതിഷിണം ചെയ്ത് വരൂ…”

അത് കേട്ടതും, ബാലൻ ഗൗരിയുടെ കയ്യിൽ ഒരിക്കൽ ഒന്നാമർത്തി പിടിച്ചു…

പ്രതിക്ഷണം കഴിഞ്ഞു, ക്ഷേത്രത്തിനു പുറത്തേക്കിറങ്ങി
കാറിൽ കേറാൻ ഒരുങ്ങുമ്പോഴക്കും… പോലീസ് വണ്ടിയും, തൊട്ട് പുറകെ രണ്ട് കാറും വന്നു നിന്നു.

എന്താണ് സംഭവിച്ചതെന്ന് അറിയാതെ എല്ലാവരും പരസ്പരം നോക്കി…

പോലീസ് വണ്ടിയിൽ നിന്ന് s i സാജൻ ഇറങ്ങിവന്നു…
തൊട്ടുപുറകിലെ കാറിൽ നിന്നു ഇറങ്ങിയ ആളേ കണ്ടതും ഗൗരി ഒന്ന് ഞെട്ടി.

(തുടരും )