രചന – നന്ദ നന്ദിത
“എവിടെ പോയ് ഈ കുട്ട്യോള്…? നേരം വെളുത്തപ്പോ പോയതല്ലേ… നിന്നോട് വല്ലോം പറഞ്ഞിരുന്നോ ഗൗരി…? ” അംബിക ഗൗരിയോട് ചോദിച്ചു. “ന്നോട് ഒന്നും പറഞ്ഞില്ല… വിളിച്ചിട്ട് ഫോൺ പോലും എടുക്കണില്ല രണ്ടുപേരും…” “ഈ കല്യാണമൊക്കെ ഉറപ്പിച്ച സമയത്ത് മനുഷ്യന്റെ മനസമാധാനം കളയാൻ വേണ്ടി രണ്ടുംകൂടി എന്തൊക്കെയാ കാട്ടി കൂട്ടണെ…?” “ന്റെ കൃഷ്ണ ന്റെ കുട്ട്യോളെ വേഗമിങ്ങ് കൊണ്ടെത്തിച്ചേക്കണേ…” ല്ലാരും മൂകമായിരുന്നു വീട്ടിൽ… പാടത്തൂടെ വണ്ടിയുടെ ഹെഡ്‌ലൈറ്റിന്റെ പ്രകാശം കണ്ടപ്പോഴേ ബാലനാണെന്ന് മനസിലാക്കി ദേവു അകത്തേക്ക് ഓടി… “അപ്പച്ചി…അവര് വന്നൂട്ടോ…!!” സന്തോഷത്തോടെ നടപ്പുരയിലൂടെ ഓടി അംബികമ്മയുടെ അടുത്തേക്ക് ദേവു ചെന്നു…
“ന്റെ പ്രാർത്ഥന നീ കേട്ടൂലോ കൃഷ്ണ…” അംബികയും മാഷും വസുന്ധരയും ദേവുവും ഗൗരിയും ഉമ്മറത്തേക്ക് എത്തിയപ്പോഴേക്കും ബാലനും ഉണ്ണിയും കാറിൽ നിന്നിറങ്ങി പടികൾ കയറി വീടിനുള്ളിലേക്ക് എത്തി… “ന്തേ എല്ലാരുടെ എന്ത് പറ്റി….?” ബാലൻ എല്ലാരേം നോക്കി ചോദിച്ചു… “അത്…നിങ്ങളെവിടാരുന്നു ഇത്ര നേരം.. വിളിച്ച ഫോൺ ഒന്നെടുത്തൂടെ…” മാധവൻ മാഷിന്റെതായിരുന്നു ശകാരം. “അത് പിന്നെ പറയാൻ പറ്റാത്ത കാര്യം ആയോണ്ടാ അച്ഛാ … ആരോടും ഒന്നും പറയാണ്ട് പോയെ….” ബാലൻ മാധവനെ നോക്കി പറഞ്ഞു… “പറയാൻ പറ്റാത്ത ന്ത് കാര്യവ ഇവിടുള്ളെ…??? ഇത്രയും നേരം മനുഷ്യനിവിടെ നേരെചൊവ്വേ ശ്യാസമെടുക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു….” അംബികമ്മയും ചൂടായി… ഒക്കെ കേട്ട് ഉണ്ണി തല കുനിച്ചു നിന്നു… “ന്തോ കള്ള ലക്ഷണമുണ്ട് രണ്ടിനും…!!” ദേവു ചിരിയോടെ പറഞ്ഞു. സംസാരത്തിനിടക്കാണ് ഗൗരിയുടെ മുഖം ബാലൻ ശ്രദ്ധിച്ചത്.
വിഷമിച്ചിരിക്കണ മുഖം കണ്ടപ്പോഴേ ബാലന് സംഗതി പിടി കിട്ടിയിരുന്നു. “ഗൗരി… കുടിക്കാനിത്തിരി വെള്ളമിങ്ങെടുക്ക്…” ബാലൻ അവളെനോക്കി പറഞ്ഞു… വേഗം അടുക്കളയിലേക്ക് ഗൗരി നടന്നു. വെള്ളം വാങ്ങി കുടിച്ചുകൊണ്ട് ബാലൻ സോപനത്തിലേക്കിരുന്നു. എല്ലാവരും ബാലനെ തന്നെ നോക്കി . “ന്റെ അനിയൻകുട്ടന് ഒരു പെണ്ണ് ചോദിച്ചു പോയതാ… നമ്മളാരും അറിയാതെ കുറച്ച് നാളായിട്ട് ഇവൻ ഒരുത്തിയുമായി നല്ല പ്രണയത്തിലായിരുന്നു…” “ആ പെണ്ണിനിപ്പോ ആലോചന വന്നു ഏതാണ്ട് ഉറച്ച മട്ട… ഇനി വെച്ച് താമസിക്കാൻ കഴിയാത്തൊണ്ടു അവിടെ പോയ് സംസാരിച്ചിട്ട് വീട്ടിൽ അറിയിച്ചാൽ മതിന്ന കക്ഷി എന്നോട് പറഞ്ഞെ അതാ ആരോടും പറയാതെ പോയെ…” ഉണ്ണിയുടെ മുഖത്ത് കള്ളച്ചിരി പ്രത്യക്ഷപ്പെട്ടു… “ഹാ കൊള്ളാലോ… ഉണ്ണി നീ… എല്ലാം ഒപ്പിച്ചു വച്ചിട്ടവന്റെ കള്ളച്ചിരി കണ്ടില്ലേ…” അംബിക ചിരിയോടെ അവനെ നോക്കി. “എന്നിട്ടെന്തായി… ബാല…? വസുന്ദര ബാലാനോട് തിരക്കി..
“എന്നിട്ടെന്താവന അപ്പച്ചി…അടുത്ത ലീവിന് നാട്ടിൽ വരുമ്പോ മോളെ കെട്ടിച്ചു തരാമെന്ന് അവിടുള്ളൊരു സമ്മതിച്ചു…”” എല്ലാരുടേം മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി തിളങ്ങി…. “എത്ര പെട്ടെന്ന മൂന്ന് കല്യാണം ഇങ്ങ് വന്നെ….” “ദേവൂന്റെ കല്യാണം കഴിഞ്ഞ് എല്ലാർക്കൂടെ പോയ് അവിടേക്കൊന്ന് പോകാം…ന്നിട്ട് ബാക്കി കാര്യങ്ങളൊക്കെ തീരുമാനിക്കാം….അല്ലെ ബാലാ…” അച്ഛൻ ബാലാനോടായി പറഞ്ഞു.. “അതെ അച്ഛാ…” “ഉണ്ണ്യേട്ട… ന്താ ന്റെ നാത്തൂന്റെ പേര്… ഫോട്ടോ കാട്ട്യേ…. ന്നോട് പറഞ്ഞില്ലല്ലോ ദുഷ്ടൻ… ദേവു അവന്റെ അടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു…. “ഞാനൊന്ന് കുളിക്കട്ടെ…” ബാലൻ എഴുന്നേറ്റു ഗോവണിക്കടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു… “നല്ല മഴ വരണ് ണ്ട്… വേഗം കുളിച്ചു കേറൂട്ടോ…” അംബികമ്മ അവനോട് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു.
* ബാലൻ കുളിയൊക്കെ കഴിഞ്ഞു വീട്ടിൽ കയറിയപ്പോഴേക്കും മഴ ശക്തിക്ക് പെയ്യുവാൻ തുടങ്ങി… നല്ല മിന്നലും ഇടിയും കാറ്റും… “ശോ കറന്റ് പോയല്ലോ….!! “മോളെ ആ റാന്തൽ കത്തിച്ചു മേലെ ബാലന്റെ മുറിയിൽ കൊണ്ട് വെക്കൂട്ടോ…” റാന്തലും കത്തിച്ചു ഗോവണിയിലൂടെ മേലേക്ക് ഗൗരി നടന്നു. “ഇവിടെ ഇരിക്കുവായിരുന്നോ….? ആട്ടുകട്ടിലിലിരിക്കുന്ന ബാലനെ നോക്കി ഗൗരി ചോദിച്ചു….. റാന്തൽ തൂക്കിയിട്ട്, ബാലന്റെ അടുത്തേക്ക് അവൾ നടന്നു. “ബാലൻ മാഷിനെ ഇപ്പൊ അടുത്തൊന്ന് മിണ്ടാൻ പോലും കിട്ടണില്ലല്ലോ…!!” ബാലന്റെ അടുത്തേക്ക് ഇരുന്നുകൊണ്ട് ഗൗരി പറഞ്ഞു… “നല്ല മഴ ല്ലേ….” മറുപടിയായി ഗൗരിയെ നോക്കി ബാലനും പറഞ്ഞു.. “മഴയുടെ കാര്യമൊക്കെ അവിടെ നിക്കട്ടെ മാഷേ… എന്തെ മുഖത്തൊരു സന്തോഷക്കുറവ്…??”” “നിക്ക് സന്തോഷത്തിനൊന്നും ഒരു കുറവുമില്ല… ന്റെ ചാരെ നീയില്ലേ…?” ഇടം കൈകൊണ്ടവളെ ചുറ്റിപ്പിടിച്ചുകൊണ്ട് ബാലൻ പറഞ്ഞു.
“ന്റെ ബാലേട്ടന്റെ മുഖം കണ്ടാൽ എനിക്കറിഞ്ഞൂടെ…?? ആ സാരമില്ല ഇപ്പൊ പറയാൻ പറ്റാത്തോണ്ടാവും … എപ്പോഴായാലും എന്നോട് പറയാണ്ടിരിക്കില്ലല്ലോ…!!” “ഇന്ന് കാണാണ്ടിരുന്നപ്പോ വിഷമായോ ഗൗരിക്കുട്ടിക്ക്…!!” “ഞാൻ മിണ്ടൂല… ന്നോട് പോലും ഒരു വാക്ക് പറയാണ്ടല്ലേ പോയെ….” ഗൗരി ചിണുങ്ങിക്കൊണ്ട് പറഞ്ഞു… “താൻ പിണങ്ങല്ലേ….” “ന്റെ ഭാഗ്യല്ലേ താൻ… നീ ഇവിടെ വന്നപ്പോ മുതൽ ഞാൻ എത്ര സന്തോഷവാനാണെന്നാറിയുമോ..? അന്നുണ്ടായ പ്രശ്നങ്ങൾക്കൊക്കെ എങ്ങനാടോ തന്നോട് മാപ്പ് ചോയ്ക്കണേ…?” “അതൊക്കെ കഴിഞ്ഞ കാര്യല്ലേ… ഒക്കെ സംഭവിച്ചത് നല്ലതിനല്ലേ…?” ഇപ്പൊ എല്ലാരും കാണാൻ കൊതിക്കുന്ന തന്നെ നമ്മുടെ ജീവിതല്ലേ…” “ബാലേട്ടൻ ഒന്നാലോചിച്ചു നോക്ക്യേ ഒരു വിവാഹം കഴിഞ്ഞ എന്റെ അവസ്ഥ….!! എവിടെ വച്ചോ ജീവിതം അവസാനിച്ചുന്ന് കരുതിയ ഞാനാ….. മനസ്സിൽ ഒരിക്കലും മറക്കുവാനോ മായ്ക്കുവാനോ കഴിയാത്ത വലിയ ഏട് തന്നെ ഉണ്ട്…”
“ബാലേട്ടന്റെ സ്നേഹവും അമ്മേടേം അച്ഛന്റേം ഒക്കെ കരുതൽ കാണുമ്പോ ഞാൻ…. എത്ര വിഷമിക്കണുണ്ട് എന്നറിയുമോ…?” “എല്ലാം നഷ്ടപ്പെട്ട ഒരു പെണ്ണിനെ ഇങ്ങനെ ചേർത്ത് പിടിക്കാൻ ഞാൻ എന്ത് ചെയ്തു… എന്ത് പുണ്യം ചെയ്തിട്ട നിങ്ങളൊക്കെ എന്നെ ഇങ്ങനെ സ്നേഹിക്കണേ….?” “ന്റെ ഗൗരിക്കുട്ടി… നിന്റയീ മനസ് തന്നെയാടി മറ്റെന്തിനേക്കാളും ഇവിടുള്ളവരേം, എന്നേം കീഴ്പ്പെടുത്തിയത്… ന്റെ അമ്മക്ക് ഇതുപോലെ ഒരു മരുമോളെയാ കൊടുക്കേണ്ടതെന്ന് എനിക്ക് നല്ല ആഗ്രഹം ഉണ്ടായിരുന്നു… എന്നിലൂടെ അവളെല്ലാ സ്നേഹവും അറിയണം അത് പ്രണയവും, ജീവിതമായാലും എല്ലാം…. ഇപ്പൊ ഒക്കെ നമ്മൾ അറിയുകയല്ലേ … കുറച്ചു ദിവസം കൂടി കഴിഞ്ഞാ ഈ കഴുത്തിലൊരു താലിയും നെറ്റിയിൽ ഒരു നുള്ള് സിന്ദൂരത്തിലും തുടങ്ങുന്നതൊരു ജീവിതമല്ലേ…?? ഒരു നിമിഷം ഒക്കെ കൈ വിട്ടെന്ന് കരുതിയെങ്കിലും ഇവിടം വരെ കൊണ്ടെത്തിച്ചില്ലേ…?” ബാലന്റെ നെഞ്ചിലേക്ക് ചേർത്ത് വച്ച കുഞ്ഞു മുഖം, കണ്ണുകൾ എപ്പഴോ ഈറനണിഞ്ഞത് അവൾ അറിഞ്ഞു…
“ഒത്തിരി ഒത്തിരി നന്ദിയുണ്ട് ബാലേട്ടാ… നിക്കൊരു പുനർജ്ജന്മം തന്നതിന്….” ഗൗരി അവനിലേക്ക് കുറേക്കൂടെ ചേർന്നിരുന്നുകൊണ്ട് പറഞ്ഞു … “അയ്യേ… ന്റെ ഗൗരി കരയാ…??” ബാലൻ അവളെ തന്നിലേക്ക് ഒന്നുടെ ചേർത്ത് പിടിച്ചു. “കറന്റ് ഇപ്പോഴെങ്ങും വരവുണ്ടാവും എന്ന് തോന്നണില്യ നമുക്ക് താഴേക്ക് പോകാം….” ഗൗരി ബാലാനിൽനിന്നടർന്ന് മാറിക്കൊണ്ട് ചോദിച്ചു… “ഇവിടെ ഇരിക്ക് പെണ്ണേ… കുറച്ചു കഴിയട്ടെ..” ബാലൻ എഴുന്നേറ്റ് പുറത്തെ മഴയിലേക്ക് നോക്കി നിന്നു. ഗൗരിയും എഴുന്നേറ്റ് അവന്റെ അരികിലേക്ക് ചേർന്നു നിന്നു. “ഗൗരി…” “ന്തേ ബാലേട്ടാ…” “സത്യം പറഞ്ഞാൽ എന്തോ മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നണു… ഇത്രേം പെട്ടന്ന് ഇങ്ങനെ ആകുമെന്ന് ഒരിക്കലും കരുതില്യ…!!” “ഞാനും…!!” ഗൗരി ബാലന്റെ തോളിലേക്ക് തല ചായ്ച്ചു വെച്ചു… രണ്ടുപേരും ഒരുമിച്ചു… കുറെ നേരം അങ്ങിനെ നിന്നു.
“അതേയ്… മതി… രണ്ട് പേരും ഇവിടെ നിന്നത്… താഴെ അന്വേഷികണുണ്ട് രണ്ടിനേം…” ദേവൂന്റെ ശബ്ദം കേട്ടതും ഗൗരി ബാലനിൽ നിന്ന് അടർന്നു മാറി… പെട്ടന്ന് രണ്ട് പേരും തിരിഞ്ഞു നോക്കി… ദേവൂന്റെ മുഖത്തെ കള്ള ചിരി കണ്ടതും… ഗൗരി നാണത്തോടെ തല താഴ്ത്തി… “മഴ കണ്ട് കഴിഞ്ഞുവോ…??” “ടീ… ടീ…വേണ്ടാട്ടോ…” ബാലൻ ചിരിയോടെ പറഞ്ഞു. “രണ്ട് പേരും വന്നേ.. ഭക്ഷണം എടുത്ത് വെച്ചിരിക്കണ്… രണ്ട് പേരേം കൂട്ടി വരാൻ പറഞ്ഞു അപ്പച്ചി..” അത് കേട്ടതും അവർ താഴെക്ക് നടന്നു. * “ന്തായാലും ദേവൂന്റെ കല്യാണത്തിന് മുൻപ് ബാലന്റെയും ഗൗരിടേം മിന്നുകെട്ട് നടത്തണം…” കഴിച്ചുകൊണ്ടിരിക്കെ മാധവൻ മാഷ് പറഞ്ഞു. “ഇനി അധികം ദിവസം ഇല്ലല്ലോ മാഷേ…. അതിന് മുൻപൊരു നല്ല സമയം കിട്ടുവോ ആവോ…? “ന്തായാലും രാവിലെ ഞാൻ കേശവൻ നമ്പൂതിരിപാടിനെ കാണാൻ പോണുണ്ട്…” “അച്ഛാ… ദൃതി പിടിച്ചൊക്കെ വേണോ…?? പയ്യെ മതിലെ അച്ഛാ… ദേവൂമോൾടെ കല്യാണം കഴിഞ്ഞ് സമയം പോലെ നമുക്കിതും നടത്താം എന്നാ എന്റെ ഒരു അഭിപ്രായം…!!”
“നീ എന്താ ബാല പറയണേ… ന്റെ ഗൗരി മോളെ ഇവിടെ ഇങ്ങനെ നിർത്താൻ ഞാൻ സമ്മതിക്കില്യ…!! ഏറ്റോം അടുത്തുള്ള മുഹൂർത്തത്തിൽ നിങ്ങളുടെ വിവാഹം നടക്കണം… മാഷെന്തായാലും നാളെ തന്നെ പോയ് നേരംകുറിപ്പടി എടുക്കണം…!! അംബികമ്മ പറയുന്ന കേട്ട് ഗൗരി പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു… ആ കൃഷണമണികൾ നിയന്ത്രണമില്ലാതെ പരൽ മീനിനെ പോലെ ചലിക്കുന്നത് അവനറിഞ്ഞു.. “ഗൗരിയേട്ടത്തി ഇച്ചിരി മാമ്പഴപ്പുളിശേറ്റി ഇങ്ങെടുക്കാവോ…? കഴിച്ചുകൊണ്ടിരിക്കെ ഉണ്ണി അകത്തേക്ക് നോക്കി ഗൗരിയെ വിളിച്ചു. പാത്രത്തിൽ പുളിശ്ശേരിയുമെടുത്ത് അവൾ ബാലന്റെ അടുത്തേക്ക് വന്നു. കഴിച്ചുകൊണ്ടിരുന്ന പാത്രത്തിലേക്ക് വിളമ്പി….. “മതിയോ…?” ബാലാനോടവൾ തിരക്കി… ബാലൻ അവളെ തന്നെ നോക്കി…
“ന്താ ഇങ്ങനെ നോക്കണേ…?” എല്ലാരും അവളെ നോക്കിയപ്പോ അവളെറിയാതെ പറഞ്ഞു.. ന്റെ ഗൗരിയേട്ടത്തി ഞാനാ കറി ചോയ്ച്ചേ… ഉണ്ണി പറയുന്ന കേട്ട് ഗൗരിക്ക് അമളി പറ്റിയെന്ന് മനസിലായി. “കല്യാണക്കാര്യം പറഞ്ഞപ്പോ തന്നെ അവളുടെ മാറ്റാം കണ്ടോ… കാന്താരി…. ന്റെ ബാലന്റെ മാത്രല്ല ഈ വീടിന്റെ ഐശ്വര്യം തന്നെ എന്റെ ഗൗരി മോളാ….!!”” അംബിക അവളെ അടുത്തേക്ക് ചേർത്ത് നിർത്തി…. * അംബികേ ഞാൻ പോയിട്ട് വരാട്ടോ… മാധവൻ അംബികയെ നോക്കിപ്പറഞ്ഞു. മാഷ് പോയിട്ട് വാ… “സൂക്ഷിച്ചു പോണേ… “എല്ലാം എടുത്തിട്ടുണ്ടല്ലോ…??” “ആ എടുത്തിട്ടുണ്ട്…” “ആ ശങ്കരൻ വരുമ്പോ അറയുടെ താക്കോൽ കൊടുത്തേക്കുട്ടോ…!! “പത്തായത്തിലിരിക്കണ കുരുമുളക്കൊക്കെ കൊടുത്തേക്കാം. ഇനിയിപ്പോ മഴക്കാലം തുടങ്ങുവല്ലേ… തണുപ്പടിച്ചു നശിക്കണ്ട…” മാധവൻ അംബികയോട് പറഞ്ഞു….
“ഇപ്പൊ കുറച്ച് വില കൂടിട്ടുണ്ട്…” “കുട്ട്യോൾടെ കല്യാണം വരുവല്ലേ…!! ഇനി വച്ചോണ്ടിരിക്കണ്ട… മാഷ് പറയുന്ന കേട്ട് അംബിക തല കുലുക്കി… ഞാൻ ഇറങ്ങട്ടെ…. മാധവൻ തിരുമേനിയുടെ വീട്ടിലേക്ക് നടന്നു… * “ഹാ ആരിത് മാധവൻ മാഷൊ… കണ്ടിട്ട് കുറേ കാലയല്ലോ കയറിയിരിക്ക്…!! കേശവൻ നമ്പൂതിരിപ്പാട് മാഷിനെ വീട്ടിലേക്ക് ക്ഷണിച്ചു. “എന്താ മാഷേ വിശേഷം…”” നമ്മുടെ ബാലന്റേം വിവാഹം ഉറപ്പിച്ചു… ദേവൂട്ടീടെ കല്യാണം വരുന്ന ചിങ്ങത്തില… അതിന് മുൻപ് ബാലന്റെ കല്യാണം നടത്തണം. തുരുമേനി അറിഞ്ഞു കാണൂലോ എല്ലാം… “ഉവ്വ്… വിശ്യസിക്കാൻ കഴിഞ്ഞില്ല…!! “നമ്മുടെ ബാലൻ അങ്ങനെ ഒരു പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ട് വരില്ലല്ലോ.. പിന്നെ ഒക്കെ ദൈവ നിശ്ചയം…” നമ്പൂതിരിപ്പാട് , മാഷിനോട് പറഞ്ഞു. “വിളിച്ചിറക്കി കൊണ്ട് വന്നതൊക്കെ നേര് തന്നെ തിരുമേനി. പക്ഷെ അതിനൊക്കെ അവന്റേതായ കുറേ കാര്യങ്ങൾ ഇണ്ട്… ” നടന്നതൊക്കെ മാഷ്, തിരുമേനിയോട് പറഞ്ഞു.
ഒക്കെ കേട്ട്.. കഴിഞ്ഞ് തിരുമേനിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. “നിക്ക് അറിയാം നമ്മുടെ ബാലൻ അങ്ങനെ ഒരു പെണ്ണിനെ വിളിച്ചിറക്കി കൊണ്ട് വരില്ലെന്ന്. വന്നാലും അതിന് പിന്നിൽ എന്തെങ്കിലും കാര്യം കാണും.!! “ഞാനിപ്പോ എന്താ ചെയ്തു തരേണ്ടത്..!! “ബാലന്റേം ഗൗരിടേം വിവാഹം എത്രയും വേഗം നടത്തണം ഇതിപ്പോ മിഥുനം കഴിയാറായി…കർക്കിടക്കതിനു മുൻപായി…” മാഷ് തിരുമേനിയോട് പറഞ്ഞു… “അടുത്ത ഞായറാഴ്ച പതിനൊന്ന് മുപ്പത്തിനും പന്ത്രണ്ടിനും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ബാലന്റേം ഗൗരിയുടെയും മംഗള കർമ്മം നടത്താം….!! അത് കഴിഞ്ഞിനി ചിങ്ങത്തിലെ നല്ല സമയം ഉള്ളു മാഷേ…” “സന്തോഷം… ഇത് മതി തിരുമേനി…!! ഞാനിറങ്ങട്ടെ… ഉടനെ വരണിണ്ട് ഞാൻ… ” നമ്പൂതിരിപ്പാടിനോട് യാത്ര പറഞ്ഞു മാധവൻ അവിടെനിന്നും വീട്ടിലേക്ക് തിരിച്ചു. *
“ബാലൻ പോയോ അംബികേ…?” “ആ അവരെല്ലാകൂടി ആഭരണങ്ങൾ എടുക്കാൻ പോയ് മാഷേ…” അംബിക ഉമ്മറത്തേക്ക് വന്നുകൊണ്ട് പറഞ്ഞു. “പോയ കാര്യം എന്തായി മാധവേട്ടാ…?” “അടുത്ത ഞായറാഴ്ച…നല്ലൊരു മുഹൂർത്തണ്ട്…!! “ബാക്കി,ബാലൻ വന്നിട്ട് സംസാരിക്കാം… ഞാൻ ടൗണിൽ പോയിട്ട് വരാം… നിക്കാ കൃഷി ഓഫീസ് വരെ പോകണം…” മാധവൻ, ശങ്കരന്റെ അടുത്തേക്ക് നടന്നു… * ഏറ്റവും മനോഹരമായ പട്ടു സാരിയും തുണിത്തരങ്ങളുമൊക്കെ ഗൗരിക്കും ദേവൂനും എടുത്തു. താലിമാലയും,കമ്മലും വളയും മോതിരവും ഒക്കെ ഗൗരിക്ക് വാങ്ങിയപ്പോ അതിശയത്തോടെ അവൾ ബാലനെ നോക്കി…. “സന്തോഷായോ…?” ബാലൻ അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു… നിറഞ്ഞ മിഴികളോടെ അവൾ തലയാട്ടി…. “ന്റെ ബാലേട്ടന്റെ സന്തോഷം കാണുന്നതാ ന്റെ സന്തോഷം…” ദേവൂനും ആഭരണം ഒക്കെ എടുത്ത് എല്ലാരും ഭക്ഷണം കഴിക്കാൻ കയറി….
സന്ധ്യയോടടുത്തിരുന്നു…വീട്ടിൽ എത്തിയപ്പോൾ…. “ന്താ കുട്യോളെ ഇത്ര വൈകിയേ…??” “എല്ലാം എടുത്ത് വന്നപ്പോൾ ഒത്തിരി വൈകി അപ്പച്ചി…” അതും പറഞ്ഞു, ഉണ്ണിയും ബാലനും വാങ്ങിയ സാധനങ്ങളൊക്കെ മേശപുറത്തേക്ക് വെച്ചു. അപ്പോഴേക്കും ബാക്കി കവറുകൾ കൊണ്ട് ദേവുവും, ഗൗരിയും വന്നു. “അച്ഛൻ… എന്ന് ബാലന്റേം ഗൗരിടേം കല്യാണത്തിന് മുഹൂർത്തം കുറുപ്പിക്കാൻ പോയിരുന്നു…” അംബികമ്മയുടെ വാക്കുകൾ കേട്ട് എല്ലാവരുടെയും മുഖം വിടർന്നു. “ന്നിട്ട്… എന്നത്തേക്ക് ആ അപ്പച്ചി…?” ഉണ്ണി ആകാംഷയോടെ ചോദിച്ചു. “ഈ ഞായറാഴ്ച എന്നോ മറ്റോ ആണ് പറഞ്ഞെ… ന്നോട് ഒന്നും കൃത്യായി പറഞ്ഞില്ല… എല്ലാരും വന്നിട്ട് പറയാം എന്ന് പറഞ്ഞു.. അച്ഛൻ പറയും ല്ലാരോടും… നിങ്ങള് പോയി കുളിച്ചിട്ട് വാ… കഴിക്കാൻ എടുക്കാം…” അതും പറഞ്ഞു… അംബിക അടുക്കളയിലേക്ക് നടന്നു. ആ സമയം ബാലന്റെ കണ്ണുകൾ ചെന്നെത്തിയത് ഗൗരിയിലേക്ക് ആയിരുന്നു…
ആ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു… എന്നോ നഷ്ടപ്പെന്നു കരുതിയ ജീവിതം… വീണ്ടും തുടങ്ങുന്നതിന്റെ നീർ തിളക്കം അവളുടെ കണ്ണുകളിൽ ബാലന് കാണാൻ സാധിച്ചു. * “ഇതെവിടെയ ഉണ്ണിയേട്ടാ…??” “സോറി ടാ… ലേശം തിരക്കായി പോയി… ” “എത്ര നേരം കൊണ്ട് വിളിക്കുവാ ഞാൻ…?? ഇന്നലെ ഇവിടെ വന്നു പോയിട്ട്… ന്നെ ഒന്ന് വിളിച്ചു പോലും ഇല്ലല്ലോ… കഷ്ട്ടോണ്ട്ട്ടോ… ഇങ്ങട് വിളിക്കണ്ട… അങ്ങൊട് വിളിക്കുമ്പോ ഒന്ന് എടുത്തൂടെ…??” “സോറിടാ… ദേവൂന് ആഭരണം എടുക്കാൻ പോയിരുന്നു ഇന്ന്… വന്നു കേറിയതെ ഒള്ളൂ…” “ആണോ…?? ങ്കിൽ ന്നോടൊന്നു പറഞ്ഞാൽ പോരായിരുന്നോ…??അത് പോട്ടെ… ല്ലാം വാങ്ങിയോ…??” “വാങ്ങിടോ… ആ പിന്നെ… ബാലേട്ടന്റേം ഗൗരി ഏട്ടത്തിടേം കല്യാണം ഉറപ്പിച്ചുട്ടോ…” “ആഹാ..എന്നത്തേക്കാ ഉണ്ണിയേട്ടാ…??” “അടുത്ത ഞായറാഴ്ച…!!” “ആണോ… ഇനി നാലഞ്ചു ദിവസം ഉള്ളുലോ…??” “വേറെ ആരോടും പറയണില്ലെടോ… ഞങ്ങൾ മാത്രം ഉള്ള ചെറിയ ചടങ്ങ്…എല്ലാരേം വിളിക്കാൻ… ബാലേട്ടൻ സമ്മതിക്കണില്ല… ദേവൂന്റെ കല്യാണം ആർഭാടായിട്ട് നടത്താന്ന… പിന്നെ.. അങ്ങിനെ മതീന്ന് ല്ലാരും തീരുമാനിച്ചു…”
“സത്യം പറഞ്ഞാൽ…ഉണ്ണിയേട്ടൻ ബാലേട്ടനെ കുറിച്ച് പറയുമെങ്കിലും…സാന്ദ്രയുടെ സർ ആ എന്ന് ഇന്നാണ് ഞാൻ അറിഞ്ഞത്…” അവൾക്ക് സാർനെ കുറിച്ച് നൂറു നാവാ… ബാലൻ സർന്റെ ബെസ്റ്റ് സ്റ്റുഡന്റ് ആ അവൾ എന്ന് എപ്പോഴും സർ പറയും എന്ന് പറയും…!! ഇവിടെ അച്ചനും അമ്മയ്ക്കും ഒക്കെ ഇഷ്ടായി… ഉണ്ണിയേട്ടനേം.. ബാലേട്ടനേം… അതുപോലൊരു ഏട്ടനെ കിട്ടാൻ ഭാഗ്യം വേണം… ന്തായാലും… ഉണ്ണിയേട്ടനിലൂടെ ബാലേട്ടനേം… ഗൗരി ഏട്ടത്തിനേം കൂടെ നിക്ക് കിട്ടൂലോ… സാന്ദ്ര അറിയുമ്പോ അവൾക്കും സന്തോഷാവും… അവള്ടെ പ്രിയപ്പെട്ട സർ നമ്മുടെ ഏട്ടൻ ആണെന്ന് അറിയുമ്പോൾ… ” ഉണ്ണിയേട്ടാ… ഞാൻ വിളിക്കാട്ടോ.. അമ്മ വിളിക്കുന്നുണ്ട്…. ” “ശേരി ടാ…” അതും പറഞ്ഞു ഉണ്ണി ഫോൺ മേശപുറത്തേക്ക് വെച്ചു. * “നാളെ ഞാൻ കോളേജിൽ പോകൂട്ടോ… രണ്ട് ദിവസായി ലീവ് എടുക്കണേ…” ഭക്ഷണം കഴിച്ചു കൈകഴുകി, ഗൗരിയുടെ കയ്യിൽ നിന്ന് ടവൽ വാങ്ങി, മുഖം തുടച്ചു കൊണ്ട് ബാലൻ പറഞ്ഞു.
“മോനെ… ബാല.. ഗൗരി മോളെ കൊണ്ടു പോണ്ട…!!കല്യാണത്തിന് ഇനി രണ്ടുമൂന്ന് ദിവസല്ലേ ഒള്ളൂ…ഇനി കല്യാണം കഴിഞ്ഞിട്ട് പോയാൽ മതി…!!” “ങ്കിൽ അങ്ങിനെ ആവട്ടെ…” അതും പറഞ്ഞു ബാലൻ മുറിയിലേക്ക് പോയി. * “സാന്ദ്രേ നീ എന്തെടുക്കുവാ പെണ്ണെ… അവിടെ… മതി നോക്കി നിന്നത് വരുന്നുണ്ടോ…??” “ഇന്നലേം ബാലൻ സാറിനെ നോക്കി നിന്നിട്ട് പുള്ളിക്കാരൻ വന്നില്ല..!! “ഇന്നും ഇങ്ങനെ നോക്കി നിന്ന് സമയം കളയാണ്ട് നീ വാ..!! രമ്യ സാന്ദ്രയെ വിളിച്ചു.. “ഒന്ന് പോടീ സാറിന്ന് വരും.. നിക്ക് ഉറപ്പാ…!! “ഉവ്വ നീയിവിടെ നിന്നോ.. ഞാൻ ക്ലാസിൽ പോവാ…” സാന്ദ്രയോട് പറഞ്ഞുകൊണ്ട് രമ്യ ക്ലാസ്സിലേക്ക് നടന്നു. കാത്തിരിപ്പിന് ശമനമെന്ന പോലെ ബാലന്റെ ബൈക്ക് കോളേജ് ഗേറ്റ് കടന്ന് വരുന്നത് സാന്ദ്ര നോക്കി നിന്നു. പാർക്കിങ്ങിലേക്ക് ബൈക്ക് വച്ച് തിരികെ നടക്കാൻ തുടങ്ങിയപ്പോഴേക്കും സാന്ദ്ര ബാലന്റെ അടുത്തേക്ക് ഓടിയെത്തി… (തുടരും )

by