രചന – രച്ചൂസ് പപ്പൻ
#മധുരനൊമ്പരം
എന്റെ മോൾക് വയറ്റിൽ ഉണ്ടായപ്പോൾ തന്നെ ആ അസത്തിനും ഉണ്ടായല്ലോ… പോരാത്തതിന് ഇരട്ടകളും… ഇനി ഞാൻ എങ്ങിനെയാ ന്റെ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കുന്നത്…
അടുക്കളയിൽ നിന്ന് അച്ഛന് കുടിക്കാൻ വെള്ളവുമായി ഹാളിലേക്ക് വന്നപ്പോൾ ഹരിയേട്ടന്റെ അമ്മയുടെ സംസാരം കേട്ടു തല ചുറ്റുന്ന പോലെയാണ് തോന്നിയത്….
ഒന്ന് മിണ്ടാതിരിക്കു വനജേ…. ആ കുട്ടി അപ്പുറത്തുണ്ട് അത് കേൾക്കും ..
ഞാൻ പറയുന്നതിൽ എന്ത് തെറ്റാ വിശ്വേട്ടാ ഉള്ളത്… കല്യാണം കഴിഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതല്ലേ ആ അഹങ്കാരിയോട് ന്റ മോൾക് കുട്ടികൾ ആകാതെ അവള് ഗർഭിണി ആകാൻ പാടില്ല എന്ന്… അവള് എന്റെ വാക്കിനു പുല്ല് വില കൊടുത്തിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു…. അച്ഛന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കാതെ അമ്മ ഓരോന്നായി പറഞ്ഞു കൊണ്ടേ ഇരുന്നു….
അച്ഛന് നേർക്ക് ഗ്ലാസ് നീട്ടി ഇതാ അച്ഛാ വെള്ളം എന്ന് പറയുമ്പോൾ എന്റെ ശബ്ദം ഇടറിയിരുന്നു…
പുറമേ ഒന്നും കാണിക്കാതെ മുറിക്കുള്ളിലേക്ക് കയറി… വായ പൊത്തിപ്പിടിച്ചു പൊട്ടിക്കരയായുകയാണ് ഞാൻ ചെയ്തത്.. അന്നെനിക്ക് അതിനു മാത്രമേ ആകുമായിരുന്നുള്ളു
…
ജോലികഴിഞ്ഞു വന്ന ഹരിയേട്ടനോട് അമ്മ അച്ഛനോട് പറഞ്ഞ കാര്യങ്ങൽ വിങ്ങി പൊട്ടി പറയുമ്പോൾ… സാന്ത്വനം പ്രതീക്ഷിച്ച എന്നോട് ഹരിയേട്ടൻ പറഞ്ഞത് അതൊക്കെ നിന്റെ തോന്നലാണ് ലക്ഷ്മി ന്റെ അമ്മയെ എനിക്കറിയാം എന്നാണ്….
ഒന്നും മിണ്ടാതെ കട്ടിലിന്റെ ഓരം ചേർന്ന് കിടന്ന്
കണ്ണീരിനാൽ തലയിണ മുങ്ങും വരെ കരഞ്ഞാണ് ആശ്വാസം കണ്ടത്….
പിന്നീട് ഉള്ള ദിവസങ്ങളിൽ മോട്ടർ കേടാണെന്ന് പറഞ്ഞും കറന്റ് ചാർജ് കൂടുതൽ ആണെന്നു പറഞ്ഞും കിണറ്റിൽ നിന്ന് വെള്ളം കോരി തുണികൾ കഴുകുമ്പോൾ പോലും ഒരു പരാതിയുമായി ഹരിയേട്ടന്റെ അടുത്ത് ചെല്ലാതിരുന്നത് ആ വീട്ടിൽ ഒറ്റപെട്ടു പോകാതിരിക്കാൻ മാത്രം ആയിരുന്നു….
തല ചുറ്റി അടുക്കള പടിയിൽ ഇരുന്ന എന്റെ അടുത്ത് വന്നു ഹരിയേട്ടന്റെ അമ്മ പറഞ്ഞത് നൊന്തു പ്രസവിക്കാൻ ഇത്തിരി പാടാണ് വയ്യെങ്കിൽ കൊണ്ട് കളയാൻ ആണ്….
ശർധിച്ചു അവശയായി കിടക്കുന്ന എന്നെ ഒന്ന് ഗൗനിക്കാതെ മകളെ കാണാൻ പോയതിനു അച്ഛൻ ചോദ്യം ചെയ്തപ്പോൾ അച്ഛനോട് അമ്മ പറഞ്ഞത് എനിക്ക് ശര്ദില് അറപ്പാണ് വിശ്വേട്ടാ എന്നായിരിന്നു….
നാലാം മാസത്തെ സ്കാനിങ്ങിൽ എനിക്ക് റസ്റ്റ് വേണം എന്ന് ഡോക്ടർ പറഞ്ഞപ്പോൾ അമ്മ ഹരിയേട്ടനോട് പറഞ്ഞത് ഇവിടെ നോക്കാൻ ആരുമില്ല… അവളെ അവളുടെ വീട്ടിലേക്ക് ആക്കിക്കോളാൻ ആണ്….
ആറാം മാസം പ്രഷർ കൂടി ചേച്ചി വീട്ടിൽ വന്നു നിന്നപ്പോൾ അമ്മ ഹരിയേട്ടനോട് പറഞ്ഞത് നിന്റെ ഭാര്യ ഉള്ളത് കൊണ്ട് എന്റെ മോൾക് കൊതിക്കനുസരിച്ചു ഒന്നും വാങ്ങാൻ പറ്റുന്നില്ല എന്നായിരുന്നു….
അവളെ ഓർത്തു അമ്മ ചേച്ചിക്ക് വാങ്ങുന്നത് മുടക്കേണ്ട ലക്ഷ്മിയുടെ കാര്യം ഞാൻ നോക്കിക്കോളാം എന്ന് ഏട്ടൻ പറയുമ്പോൾ നീ ഇത്രയും പെൺകോന്തൻ ആയി പോയല്ലോ ഹരി എന്നാണ് അമ്മ പറഞ്ഞത്…..
ചേച്ചി പ്രസവിച്ചു കുഞ്ഞുമായി വന്നപ്പോൾ…
നിന്റെ ഭാര്യ ഇവൾക്ക് മുൻപ് പ്രസേവിക്കുമോ എന്നാ പേടിയിരുന്നു എനിക്ക്… ഇപ്പോഴാ ഒരു സമാധാനം ആയത് എന്ന് പറഞ്ഞു അമ്മ അകത്തേക്ക് കയറിപോകുമ്പോൾ പുഞ്ചിരിയോടെ ആണ് ഞാൻ ഹരിയേട്ടനെ നോക്കിയത്…
ആദ്യമായി ഹരിയേട്ടൻ എനിക്കായി ഒരു മസാല ദോശയും ആയി വന്ന് എന്റെ വായിലേക്ക് ആദ്യമായി വെച്ചുതന്നപ്പോൾ അമ്മ വന്നു പറഞ്ഞത് എന്റെ മോളു പേറാൻ നോക്കി ഇരിക്കുവായിരുന്നു അല്ലേടി ഒറ്റക്ക് തിന്നാൻ എന്നായിരുന്നു…
ആഹാരത്തിനു മുന്നിൽ വെച്ച് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു എഴുന്നേൽക്കുമ്പോൾ ഹരിയേട്ടൻ എന്നെ വീണ്ടും അരികിലേക്ക് പിടിച്ചിരുത്തിയിരുന്നു…
നിന്റെ ചേട്ടനോ ഒരു പെൺകോന്തൻ ആയി ഹർഷ നീയെങ്കിലും അങ്ങനെ ആവരുത് എന്ന് അമ്മ അനിയനോട് പറയുമ്പോൾ ഭാര്യയെ സ്നേഹിക്കുന്നവൻ പെൺകോന്തൻ ആണെങ്കിൽ ഞാനും അങ്ങിനെ ആണ് എന്ന് ഹരിയേട്ടൻ പറഞ്ഞോപ്പോൾ എന്റെ നിറവയറിൽ തഴുകി പുഞ്ചിരിക്കുകയാണ് ഞാൻ ചെയ്തത്….
ഇതൊന്നും കണ്ടു ഒത്തിരി അഹങ്കരിക്കണ്ട ലക്ഷ്മി വയറ്റിലുള്ളത് ചാപിള്ള ആകാതിരിക്കാൻ ദൈവത്തെ വിളിക്ക് എന്നു എനിക്ക് നേരെ വന്ന് അമ്മ പറയുമ്പോൾ ഭൂമി പിളർന്നു പോയെങ്കിൽ എന്ന് ആണ് ഞാൻ ആശിച്ചത്…
ഹരിയേട്ടന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞു എപ്പോഴോ ഉറങ്ങിയാ ഞാൻ ചാടി പിണഞ്ഞെഴുനേറ്റത് വയറിൽ അസഹ്യമായ വേദന എടുത്തിട്ടാണ്…
എന്നെയും വാരി എടുത്ത് കാർ സ്റ്റാർട്ട് ആക്കി ഹരിയേട്ടൻ പായുമ്പോൾ കൂടെ വന്നത് അച്ഛനാണ്…
എന്റെ കുട്ടിക്കും കുഞ്ഞുങ്ങൾക്കും ഒന്നും സംഭവിക്കല്ലേ മഹദേവ എന്ന് ചങ്ക് പൊട്ടി അച്ഛൻ പറഞ്ഞത് ആ വേദനയിലും ഞാൻ കേട്ടിരുന്നു…
പ്രാണൻ അടർന്ന് പോകുന്ന വേദനയിലും പിടിച്ചു നിന്നത് പ്രാണൻ തന്ന അമ്മയെയും ന്റെ വയറ്റിലെ കുരുന്നു ജീവനുകളെയും ഓർത്താണ്…
നുറുങ്ങുന്ന വേദനയിലും ഞാൻ ഒന്ന് ചിരിച്ചത് എന്റെ പൊന്നുമക്കളെ കണ്ടിട്ടാണ്…
എല്ലാത്തിനും ഒടുവിൽ എന്നെ മുറിയിലേക്ക് മാറ്റുമ്പോൾ ലേബർ റൂമിന് വെളിയിൽ എനിക്കായി നിറകണ്ണുകളുമായി കാത്തിരുന്ന ഹരിയേട്ടൻ അന്ന് എന്റെ നെറുകിൽ ചുണ്ടുകൾ ചേർത്ത് പറഞ്ഞത് ..
അമ്മയുടെ വാക്കുകളെ തോൽപ്പിച്ചു നീ എനിക്ക് നൽകിയത് രണ്ടും തങ്ക കുടങ്ങൾ തന്നെ ആണ് ലക്ഷ്മി എന്നാണ്…
അതേ… ഇന്നെനിക്ക് ഇടവും വലവും നിൽക്കുന്ന എന്റെ തങ്ക കുടങ്ങൾ… എന്റെ ആൺമക്കൾ…

by