19/04/2026

രചന – രൗദ്രമുഖി ദക്ഷാഗ്നി

പ്രതീക്ഷ

” ഞാൻ അങ്ങോട്ട്‌ വരട്ടെ അമ്മേ…. എന്നെ കൊണ്ട് ഇനിയും ഇവിടെ നിൽക്കാൻ പറ്റില്ല “” നീ എന്താ മോളെ ഈ പറയുന്നേ നിനക്ക് അറിയാവുന്നതല്ലേ നമ്മുടെ അവസ്ഥയൊക്കെ… ഒരുപാട് പേരുടെ കൈയിൽ നിന്നും പണം പലിശക്ക് വാങ്ങിയും ലോൺ എടുത്തുമൊക്കെയാ നിന്നെ കെട്ടിച്ചു വിട്ടത് നിനക്ക് താഴെ ഒരു അനിയത്തിയും കൂടി ഉണ്ടെന്ന് നീ ഓർക്കണം….50 പവൻ തന്നാ നിന്നെ കെട്ടിച്ചത് അത്ര തന്നെ ഞങ്ങൾ ഇനി അവൾക്കും കൊടുക്കണ്ടേ… പിന്നെ നിന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം ആവുന്നതേയോള്ളു അതിനുള്ളിൽ നീ ഇങ്ങോട്ട് വന്നാൽ ആളുകൾ എന്തൊക്കെ പറയുമെന്ന് നിനക്ക് അറിയോ… അതുമാത്രമോ നിന്റെ അനിയത്തിക്ക് പിന്നെ നല്ല ഒരു ബന്ധം വരോ… ഇതൊക്കെ നമ്മൾ ഓർക്കണ്ടേ…

എന്റെ മോള് അവിടെ നിൽക്ക്… പതിയെ എന്റെ മോൾക്ക് എല്ലാവരെയും മാറ്റി എടുക്കാൻ പറ്റും… പിന്നെ അവൻ എന്തേലും പറഞ്ഞാലോ ചെയ്താലോ ഒന്നും കാര്യം ആക്കണ്ട… പതിയെ അവർ നിന്നെ ഇഷ്ട്ടപെട്ടോളും…

ഒരു തവണ നീ വിളിച്ചപ്പോൾ ഞങ്ങൾ ഇത് വന്ന് ചോദിച്ചതല്ലേ പിന്നെ നിന്നെ കുറച്ച് ദിവസം ഇവിടെ കൊണ്ട് വന്ന് നിർത്തുന്ന കാര്യം പറഞ്ഞപ്പോൾ അവർ കരഞ്ഞു കൊണ്ട് നിന്നെ ചേർത്ത് പിടിച്ച് നിനക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ പോയിട്ട് വേഗം വരണേ മോളെ… അമ്മക്ക് നീയും അവനും ഇല്ലാതെ പറ്റില്ലാന്നൊക്കെ പറഞ്ഞത് നീയും കേട്ടതല്ലേ… അതിന്റെ അർഥം എന്താ അവർക്ക് നിന്നെ ഇഷ്ട്ടാന്ന് തന്നെയല്ലേ…. നിനക്ക് ഇപ്പൊ ഞങ്ങളെ വിട്ടു പിരിഞ്ഞു നിൽക്കുന്നതിനെ സങ്കടം ആണ് അത് മോൻ ഞങ്ങളെ വിളിച്ച് പറയാറുണ്ട്….. പിന്നെ കുടുംബജീവിതം ആണ് ചെറിയ ചെറിയ വഴക്കുകൾ ഓക്കെ ഉണ്ടാവും ആദ്യം ഞാനും ഇങ്ങോട്ട് വന്നപ്പോൾ ഇങ്ങനെ ഓക്കെ തന്നെ ആയിരുന്നു.. പിന്നെ അതെല്ലാം മാറിയില്ലേ അത് പോലെ അവിടെയും എല്ലാം ശെരിയാവും… എന്റെ മോൾക്ക് മനസിലാവുന്നുണ്ടോ… ”

അതിനെല്ലാം ഞാൻ മൂളി കൊടുത്തല്ലാതെ ഒരു അക്ഷരം പോലും മറുത്ത് പറഞ്ഞില്ല… ഞാൻ കരഞ്ഞു കലങ്ങിയാ മുഖം തുടച്ചു കൊണ്ട് നേരെ നോക്കിയപ്പോൾ അയാൾ നിൽക്കുന്നു തന്റെ ഭർത്താവ് ഞാൻ പറഞ്ഞതല്ലാം കേട്ടിട്ടുണ്ടെന്ന് അയാളുടെ മുഖഭാവത്തിൽ നിന്നും എനിക്ക് മനസിലായി….

” ഞാൻ പിന്നെ വിളിക്കാം അമ്മേ ഏട്ടൻ വന്നു ” അത്രയും പറഞ്ഞു കൊണ്ട് ഞാൻ വേഗം തന്നെ ഫോൺ കട്ടാക്കി… അയാളുടെ നോട്ടം കണ്ടതും ഞാനാകെ പേടിച്ചു… പെട്ടന്ന് തന്നെ അയാൾ ആ ഫോൺ തട്ടി പറിച്ച് വാങ്ങി കൊണ്ട് ഒരേറ്… പിന്നെ എന്റെ മുടി കുത്തിൽ പിടിച്ചു കൊണ്ട് നേരെ ബെഡിലേക്ക് എന്നെ തള്ളിയിട്ടുകൊണ്ട് എന്നെ ഒന്ന് നോക്കി പുഞ്ചിരിച്ചിട്ടയാൾ എന്റെ ഇടത്തെ കവിളിൽ ഒരടി തന്നു

” നിനക്ക് എന്നെ വേണ്ടാന്ന് വെച്ച് നിന്റെ വീട്ടിലേക്ക് പോണം അല്ലേടി… നീ എന്റെ കൈയിൽ നിന്നും രക്ഷപെടാം എന്ന് വിചാരിച്ചോ…. അതിന് സമ്മതിക്കില്ല ഞാൻ ”

അതും പറഞ്ഞ് വീണ്ടും അയാൾ എന്നെ അടിച്ചു.. അത് കഴിഞ്ഞ് ബലപ്രയോഗത്തിലൂടെ അയാളെന്നെ സ്വന്തമാക്കുമ്പോൾ എന്നിലെ രോമകൂപങ്ങളെ പോലും വേദനയറിയിക്കാതെ വിട്ടില്ല… സഹിക്കാൻ കഴിയാത്ത വേദനയിൽ ഞാനലറിവിളിച്ച് കരഞ്ഞു… അയാൾക്കതും ഒരു ലഹരിയായിരുന്നു….

അങ്ങനെ പലരാത്രികളിലും അയാളുടെ കാമാർത്തിക്ക് എന്റെ കണ്ണുനീരും നിണവും ഒഴുകി.. വേട്ടമൃഗം ഇരയെ കടിച്ചു കീറുമ്പോലെ അയാളെന്റെ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കി രസിച്ചു.. ഞാൻ വേദന എടുത്ത് ഓരോ നിമിഷവും ഒച്ചവെച്ചു കരയുമ്പോൾ അയാൾ അതെല്ലാം ഒരു ആത്മസംതൃപ്തിയോടെ രസിച്ചു കൊണ്ട് ഇരുന്നു. ഇതൊക്കെ അറിഞ്ഞിട്ടും അയാളുടെ അമ്മ ഒന്നും പ്രതികരിച്ചില്ല… കൂടാതെ ഓരോ കരണങ്ങൾ പറഞ്ഞ് ആ സ്ത്രിയും എന്റെ ദേഹം പൊള്ളിച്ചും അടിച്ചും രസിക്കാൻ തുടങ്ങി….

അങ്ങനെ കല്യാണം കഴിഞ്ഞ് ഇപ്പൊ 4 മാസമായി ഇതുവരെ എന്റെ വീട്ടിലേക്ക് പോകാനോ അവരെ അതിന് ശേഷം വിളിക്കാനോ അമ്മയും മകനും സമ്മതിച്ചില്ല… മാസത്തിൽ ഒരിക്കൽ എന്റെ വീട്ടിൽ നിന്നും അവർ അയാളുടെ ഫോണിലേക്ക് വിളിക്കും അപ്പൊ ഞാൻ വീണ്ടും പഠിക്കണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ എന്നെ പഠിക്കാൻ വിട്ടേന്നും അത് കൊണ്ട് ഞാൻ നല്ല ബിസി ആണെന്നും പറഞ്ഞ് അയാൾ അവരെ വിശ്വസിപ്പിച്ചു….

ഒരു ദിവസം രാവിലെ മുതലുള്ള തലകറക്കവും അടിവയറിൽ തോന്നുന്ന അസാമാന്യ വേദനയും എല്ലാം കാരണം അവർ എന്നെ ആശുപത്രിയിൽ കൊണ്ട് പോയി. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് ഞാൻ ഗർഭിണി ആണെന്നും കുട്ടിക്ക് ഒരു മാസത്തെ വളർച്ച ഉണ്ടെന്നും അത് അറിഞ്ഞതും എന്നിൽ ചെറിയൊരു പ്രതീക്ഷ മൊട്ടിട്ടു… പക്ഷേ അത് അവസാനിക്കാൻ അധികനാളൊന്നും വേണ്ടി വന്നില്ല….

വയറ്റിൽ ഒരു കുഞ്ഞുണ്ടെന്ന് പോലും ഓർക്കാതെ അയാൾ എന്നെ വീണ്ടും കീഴ്പ്പെടുത്തി… അയാളുടെ ഉപദ്രവം കാരണം കൊണ്ട് തന്നെ ആ കുരുന്നിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല… ഹെവി ബ്ലീഡിങ് കാരണം ആ കുഞ്ഞും ഇല്ലാതെയായി….

ഇതെല്ലാം കൂടി ആയതും എന്റെ സമനില തന്നെ തെറ്റാൻ തുടങ്ങി.. അങ്ങനെയിരിക്കെ ഒരു രാത്രി അവരൊക്കെ ഉറങ്ങി കഴിഞ്ഞപ്പോൾ അടുക്കളയിലുള്ള കത്തിയെടുത്ത് ഞാനെന്റെ വെയിൻ കട്ട്‌ ചെയ്തു.. പക്ഷേ ഇത് കണ്ട് കൊണ്ട് വന്ന അയാളുടെ അമ്മ ഉറക്കെ നിലവിളിച്ചു കൊണ്ട് അയാളെ എഴുന്നേൽപ്പിക്കുകയും എന്നെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു….

ഹോസ്പിറ്റലിൽ എത്തിയതും ആത്മഹത്യാ ശ്രമം ആയതിന്റെ പേരിൽ പോലീസിൽ അറിയിക്കണം എന്ന് ഡോക്ടർ പറഞ്ഞു…. അത് കേട്ടതും അയാൾ പറഞ്ഞു ” അവളുടെ ശ്രദ്ധ കുറവ് കാരണം കൊണ്ട് ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ വയറ്റിൽ വെച്ച് തന്നെ നഷ്ട്ടപ്പെട്ടു അതിന്റെ ഷോക്കിൽ അവൾ ഒരുപാട് തവണ ഇതിന് ശ്രമിച്ചതാണ് അന്നൊക്കെ എന്തോ ഭാഗ്യം കൊണ്ടാണ് ഞങ്ങൾ അത് കണ്ടതും തടഞ്ഞതും പക്ഷേ ഇത് ഞങ്ങൾ കണ്ടപ്പോൾ കുറച്ച് നേരം വൈകി പോയി… പിന്നെ അവൾക്ക് ആദ്യം മുതലേ ചെറിയ മാനസികപ്രശ്നം ഉണ്ട് ” അങ്ങനെ ഓക്കെ പറഞ്ഞ് അയാൾ ഡോക്ടറെ വിശ്വസിപ്പിച്ചു…

അത്ര ആഴത്തിൽ മുറിവ് പറ്റാത്തത് കാരണം രണ്ട് ദിവസമേ എന്നെ അവിടെ അഡ്മിറ്റ്‌ ചെയ്തോള്ളു…. ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നതും ഇതും പറഞ്ഞ് അവർ എന്നെ ഉപദ്രവിക്കാൻ തുടങ്ങി…. ഒരക്ഷരം പോലും മിണ്ടാതെ ഞാനതൊക്കെ സഹിച്ചു നിന്നു…. ഞാൻ ഒന്ന് കരയുകപോലും ചെയ്യാത്തത് കാരണം കൊണ്ട് അയാൾക്ക് ദേഷ്യം വന്ന് എന്നെ മുറിയിലേക്ക് തള്ളിയിട്ടുകൊണ്ട് അയാൾ പുറത്തേക്ക് പോയി…. അങ്ങനെ രണ്ട് ദിവസമായി പച്ചവെള്ളം പോലും തരാതെ അയാൾ എന്നെ ആ മുറിയിൽ അടച്ചിട്ടിട്ട്….

അതും പോരാഞ്ഞിട്ട് രാത്രി വന്ന് അയാളുടെ പരാക്രമം തീരുന്നവരെ ഉപദ്രവിക്കും എന്നിട്ട് രാവിലെ വീണ്ടും വാതിൽ പൂട്ടിയിട്ട് പോവും….

ഇനിയും ഇവിടെ ഇങ്ങനെ നിൽക്കാൻ തനിക്ക് ആവുമായിരുന്നില്ല…. മനസ്സിൽ ഉറച്ചൊരു തീരുമാനം എടുത്തു കൊണ്ട് രാത്രി അയാളുടെ പരാക്രമം എല്ലാം സഹിച്ച് അയാൾ ഉറങ്ങുന്നത് വരെ ഞാൻ കാത്തിരുന്നു…. അങ്ങനെ അയാൾ ഉറങ്ങി എന്ന് കണ്ടതും ശബ്ദം ഉണ്ടാക്കാതെ ആ മുറി വിട്ട് ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു അവിടെ നിന്ന് ഒരു കത്തി എടുത്തു ഞാൻ അരക്കെട്ടിൽ വെച്ച് കൊണ്ട് ചുറ്റും ഒന്ന് നോക്കിയതിനു ശേഷം ഞാൻ എന്നന്നേക്കുമായി അവിടെ നിന്നും ഇറങ്ങി…..

അവിടെ നിന്ന് ഞാൻ നേരെ ചെന്നത് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു…. കുറച്ച് നേരം ഞാൻ അവിടെ ഇരുന്നു…… പിന്നെ പതിയെ ഒരു കൈ ഞാൻ എന്റെ വയറിലേക്ക് വെച്ചു….

ആ കുഞ്ഞ് ജീവൻ ഇന്നെന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഞാനാ കുഞ്ഞിനെ കൊണ്ട് എവിടെ എങ്കിലും പോയി ജീവിച്ചാനെ… ഇനി ഈ ജീവിതത്തിൽ തനിക്ക് ജീവിക്കാൻ എന്താണ് ഒരു പ്രതീക്ഷ….? ജന്മം തന്ന് വളർത്തിയവർക്ക് പോലും തന്നെ മനസിലാക്കാൻ പറ്റുന്നില്ലല്ലോ…. ഇടക്കിട്ടെങ്കിലും തന്നെ തന്റെ ഭർതൃവീട്ടിൽ വന്ന് ഒന്ന് കാണാൻ പോലും അവർക്ക് സമയം ഇല്ല…. സമൂഹം എന്ത് പറയും തന്റെ അനിയത്തിക്ക് നല്ല ആലോചന വരുമോ എന്നൊക്കെയാണ് അവരുടെ പേടി….. ഇതെല്ലാം ഓർത്ത് കൊണ്ട് ഞാൻ ഒന്ന് നിസ്സഹമായി ചിരിച്ചു….

ഇനിയുള്ള ട്രെയിൻ കാത്ത് ഞാൻ അങ്ങനെ ഇരുന്നു അകലെന്നെ ട്രെയിൻ വരുന്ന ഒച്ച കേൾക്കാം ഞാൻ പതിയെ ആ ബെഞ്ചിൽ നിന്ന് എഴുനേറ്റ് റെയിൽവേ പാളത്തിലേക്ക് നടന്നു…. ഈ നേരം ആയത് കൊണ്ട് തന്നെ അധികം തിരക്കൊന്നും അവിടെ ഉണ്ടായിരുന്നില്ല ഒന്ന് രണ്ട് പേരുണ്ട് പക്ഷേ അവർക്ക് തന്നെ വ്യക്തമായി കാണാൻ സാധിക്കില്ല….. കഴിഞ്ഞ ഇന്നലകളെ ഓർത്ത് കൊണ്ട് ഞാൻ എന്റെ മരണത്തെ കാത്ത് നിന്നു…..

പെട്ടന്നാണ് അറ്റത്തെ പാളത്തിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടത്… ആ കുഞ്ഞിനെ കണ്ടാലേ അറിയാം പ്രസവിച്ചിട്ട് നിമിഷങ്ങൾ ആയതേയോള്ളു എന്ന്….. അത് കണ്ടതും എന്റെ മാതൃതം ആ കുഞ്ഞിന്റെ അരികിലേക്കെന്നെ നടത്തിച്ചു…. ഞാൻ കുനിഞ്ഞ് ആ കുഞ്ഞിനെ കൈയിൽ എടുത്തു കൊണ്ട് നെറുകയിൽ ഒന്ന് ചുംബിച്ചു…. എങ്ങനെയാണ് നിന്നെ പോലെ ഒരു കുഞ്ഞിനെ നിന്നെ പ്രസവിച്ചവർക്ക് ഇവിടെ കൊണ്ട് ചെന്ന് ആക്കാൻ മനസ്സ് വന്നു എന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചു പോയി…. ആ കുഞ്ഞ് മുഖത്തേക്ക് നോക്കും തോറും എന്റെ മാതൃഹൃദയം തുടിക്കൊട്ടി കൊണ്ട് ഇരുന്നു…..

ആ നിമിഷം മനസ്സറിഞ്ഞു ഞാൻ ഈശ്വരനെ വിളിച്ചു… എന്റെ വേദന കണ്ട് ഈശ്വരനായിട്ട് എനിക്ക് ഈ കുഞ്ഞിനെ തന്നതായിട്ടാണ് തോന്നിയത്…. അങ്ങനെ ആ കുഞ്ഞിനെ കൊണ്ട് ഞാൻ അവിടെ നിന്ന് കേറി മറുത്തൊന്നും ചിന്തിക്കാതെ അടുത്ത ട്രെയിനിന് ഞാൻ ആ കുഞ്ഞുമായിട്ട് അവിടെ നിന്നു എന്നുന്നേക്കുമായിട്ട് ഞങളുടെ മാത്രം പുതിയ ലോകത്തേക്ക് ചേക്കേറി…..

അവസാനിച്ചു…..💙