22/04/2026

ഇടത്തോട്ട് ചരിഞ്ഞു വീർത്ത വയർ താങ്ങി ഒരു കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചതും ബെഡിലെ നനവ് അറിഞ്ഞ് എന്റെ നെറ്റി ചുളിഞ്ഞു…

രചന – ദക്ഷ

സുഖപ്രസവം..

സ്വസ്ഥമായ ഉറക്കിന്റെ പാതിരാ യാമത്തിൽ ഏതോ ഒരു സ്വപ്നത്തിൽ വെള്ളക്കെട്ടിൽ കിടക്കുന്ന സ്വപ്നം കണ്ടാണ് എന്റെ ഉറക്കു ഞെട്ടിയത്….

കണ്ട സ്വപ്നത്തിന്റെ ഹാങ് ഓവറോ എന്തോ വല്ലാതെ ദാഹം തോന്നിയതും ഞാൻ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു…

ഇടത്തോട്ട് ചരിഞ്ഞു വീർത്ത വയർ താങ്ങി ഒരു കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചതും ബെഡിലെ നനവ് അറിഞ്ഞ് എന്റെ നെറ്റി ചുളിഞ്ഞു…

“ഇച്ചായാ….” ബെഡ് ലാമ്പിന്റെ അരണ്ട വെട്ടത്തിൽ ചരിഞ്ഞു കിടന്നുറങ്ങുന്ന ഇച്ഛായനെ തട്ടി വിളിച്ചതും ഇച്ഛായനൊന്ന് ഞെട്ടി ഉണർന്നു…

“എന്നാ ആലീസേ….വയ്യായ്ക വല്ലോം തോന്നുന്നുണ്ടോ….”

ഇച്ഛായൻ എഴുന്നേറ്റിരുന്നു എന്നെ നോക്കി

“ഒന്നുമില്ല ഇച്ഛായനൊന്നു ലൈറ്റ് ഇട്ടെ…” ഉള്ളിലെ വെപ്രാളം മറച്ചു വച്ചു കൊണ്ട് ഞാൻ പറഞ്ഞു..

അഴിഞ്ഞു പോയ ഉടുമുണ്ട് വാരിയുടുത്തു ഇച്ഛായൻ എഴുന്നേറ്റു പോയി ലൈറ്റ് ഇട്ടു…

അതിനിടയിൽ ഞാനെന്റെ ദേഹം മുഴുവൻ പരിശോധിച്ചു…

നൈറ്റിയും ബെഡ്ഷീറ്റുമൊക്ക നനഞ്ഞിട്ടുണ്ട്…

ഇനി മൂത്രം പോയതാണോ..
ഹേയ് അങ്ങനെ ആവാൻ വഴിയില്ല…

“എന്നതാടി….”എന്റെ പരുങ്ങൽ കണ്ടു ഇച്ഛായൻ എന്റെ അരികിലേക്ക് വന്നു…

“ഇഛായാ ഇത്…”
ഞാൻ നനവ് പടർന്ന നൈറ്റിയിലും ബെഡ് ഷീറ്റിലും ചൂണ്ടി കാണിച്ചു..

” ഇതെന്നതാ പറ്റിയെ…”
ഇച്ഛായനും അമ്പരപ്പ്…

“അറിയത്തില്ല…”ഞാൻ നിസഹായതയോടെ ഇച്ഛായനെ നോക്കി..

” ഞാനമ്മച്ചിയെ വിളിക്കട്ടെ…”
എന്റെ മറുപടിക്ക് കാക്കാതെ ഇച്ഛായൻ വാതിലും തുറന്നോടിയപ്പോ ഞാൻ ബദ്ധപ്പെട്ട് കട്ടിലിൽ നിന്നിറങ്ങി..

പുറത്തു ആർത്തലച്ചു മഴ പെയ്യുന്നത് അറിയുന്നുണ്ടായിരുന്നു..

“എന്നതാ…എന്നതാ കൊച്ചേ…” അപ്പഴേക്കും വെപ്രാളപ്പെട്ട് അമ്മച്ചിയും പുറകെ ചാച്ചനും കയറി വന്നു…

എന്റെ നൈറ്റിയിലേക്കും ബെഡിലേക്കും നോക്കിയപ്പോ അമ്മച്ചിക്ക് കാര്യം മനസിലായിരുന്നു..

കർത്താവേ എന്നു വിളിച്ചു അമ്മച്ചി അരികിലേക്ക് വന്നു..

“എന്നതാ എന്നതാ അമ്മച്ചി …”
ഇച്ഛായൻ വെപ്രാളപ്പെട്ടു ചോദിക്കുന്നുണ്ട്..

“ഒന്നുവില്ല ഡെന്നീസേ…നമുക്കൊന്നു ഹോസ്പിറ്റൽ വരെ പോവാ….ഞാനിവളെ മാറ്റിക്കുമ്പോഴേക്കും നിങ്ങള് വണ്ടിയിറക്ക്….ഡേവിഡിനേയും നീനയേയും കൂടി വിളിചോ…”

പറഞ്ഞു കൊണ്ട് അമ്മച്ചി എൻറെ കൈയിൽ പിടിച്ചു…

“വാ മോളേ നമ്മക്കിത് മാറ്റി വേറെ ഉടുക്കാം…”

“അമ്മച്ചി….”എനിക്കെന്തോ പേടി തോന്നി ഡേറ്റിന് ഇനിയും രണ്ടാഴ്ച്ചയുണ്ട്…

“പേടിക്കണ്ട ന്നെ എന്റെ കൊച്ചു വാ…”
അമ്മച്ചി എനിക്ക് ധൈര്യം പകർന്നു…

പിന്നെ ആകെയൊരു വെപ്രാളമായിരുന്നു

എന്റെ ഡ്രെസ്സ് മാറ്റി വേറെ ഇടിക്കുന്നു..

പാക്ക് ചെയ്തതൊക്കെ എടുത്തു വയ്ക്കുന്നു…

അമ്മച്ചി ഓടി നടന്നു ഫ്ലാസ്‌കും പായും പാത്രവും സ്പൂണും ഒക്കെ എടുത്തു വേറെ കവറിൽ വയ്ക്കുന്നു…

അപ്പഴേക്കും തെല്ലപ്പുറെ താമസിക്കുന്ന ഇച്ഛായനെ ഏട്ടനും ഭാര്യയും ഓടി വരുന്നു

എന്റെ വെപ്രാളം നിറഞ്ഞ മുഖം കണ്ടിട്ടാവും ഒന്നുമില്ല ന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നു…

അതിനിടയിൽ ഇച്ഛായൻ വെപ്രാളപെട്ട് ആർക്കോ ഫോണ് ചെയ്യുന്നു..

എന്റെ അരികിൽ വന്നു പേടിക്കണ്ട ന്ന് പറയുന്നു
ഇടയ്ക്ക് ആരും കാണാതെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരുമ്മ തരുന്നു..

ആകെ ഒരു പള്ളിപെരുന്നാളിന്റെ പ്രതീതി..

ഒടുവിൽ വീടൊക്കെ പൂട്ടി എല്ലാരൂടെ ഇറങ്ങി…

“എന്റെ കൈയും കാലും വിറയ്ക്കുന്നു ഡേവിചാ…വണ്ടി നീ ഓടിചോ…”
സ്റ്റെപ്പിലേക്ക് ഇറങ്ങുമ്പോൾ ചാവി ഇച്ഛായൻ ചേട്ടായിക്ക് കൈ മാറി..

പായ്ക്കറ്റുകൾ ഓരോന്നായി മഴയത്ത് കൂടെ വണ്ടിയിൽ കൊണ്ടു വയ്ക്കുമ്പോൾ എന്നെ മഴ നനയാതെ ചേര്ത്തു പിടിച്ചു വണ്ടിയിൽ കയറ്റിയത് ഇഛായനാണ്…

ഫ്രണ്ട് ഡോർ തുറന്നു വച്ചു ഞാൻ കയറും മുന്നേ ഇച്ഛായൻ ന്റെ കവിളിൽ മെല്ലെ ചുണ്ടമർത്തി…

“.പേടിക്കണ്ട ട്ടൊ…നമ്മടെ വാവയെ കൊണ്ട് വരാൻ അല്ലെ…”
ആ ചേർത്തു പിടിക്കലിൽ അത് വരെയുള്ള വീർപ്പു മുട്ടൽ അയയുന്നത് ഞാൻ അറിഞ്ഞു..

പരമാവധി സ്പീഡിലാണ് ഡേവിച്ചൻ വണ്ടി ഓടിച്ചത്..

ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ എന്റെ അമ്മച്ചിയും അപ്പച്ചനും കുഞ്ഞൂട്ടനും കാത്തു നിപ്പുണ്ടായിരുന്നു..

അമ്മച്ചി കണ്ട പാടെ ഓടി വന്നു ചേർത്തു പിടിച്ചു..

ഇച്ഛായൻ അപ്പഴേക്കും ഒരു വീൽ ചെയർ ഉരുട്ടി കൊണ്ട് വന്നു

ഡ്യൂട്ടി ഡോക്ടറോട് കാര്യം പറഞ്ഞതും നേരെ ലേബർ റൂമിലേക്ക് ഷിഫ്റ്റ്‍ ചെയ്തു ..

ലേബർ റൂമിന്റെ വാതിൽക്കൽ എത്തി ഞാനൊന്നു തിരിഞ്ഞു നോക്കിയതും എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരുപാട് നിസാഹമായ കണ്ണുകൾ ഞാൻ കണ്ടു

അധികം ബഹളമയമല്ലാത്ത അന്തരീക്ഷം
ഏ സിയുടെ നേർത്ത തണുപ്പ്

“ഇവിടെ കിടക്കു ട്ടൊ ഡോക്ടർ ഇപ്പൊ വരും…”
വെള്ളയുടുപ്പിട്ട മാലാഖ വന്നെന്റെ കൈ പിടിച്ചു പച്ച കർട്ടൻ ഇട്ടു മറച്ച ബെഡിൽ കിടത്തി .

അപ്പഴേക്കും മറ്റൊരു നേഴ്‌സ് വന്നെന്റെ bp നോക്കി..
വേറെ ഒരാൾ വാവയുടെ ബ്രീത്ത് നോക്കി..

എനിക്ക് പിന്നെയും ഭയം തോന്നി തുടങ്ങിയിരുന്നു

തെല്ല് സമയം കഴിഞ്ഞതും ഡോക്ടർ കടന്നു വന്നു
അവരെ കണ്ട് എഴുന്നേൽക്കാൻ ആഞ്ഞ എന്നെ ഒരു പുഞ്ചിരിയോടെ അവർ തടഞ്ഞു…

ഫ്ലൂയിഡ് പോയ്‌താണെന്ന് സിസ്റ്റർ ഡോക്ടറോട് പറയുന്നത് കേട്ടു..

“എപ്പഴായിരുന്നു ഡേറ്റ്…”
എന്റെ അടുത്തു വന്നു കൊണ്ട് പുഞ്ചിരിയോടെ ചോദിക്കുന്നതിനിടയിൽ തന്നെ സ്റ്റത്തു വച്ചു നോക്കുന്നുണ്ട്…

“പേടിക്കുകയൊന്നും വേണ്ട കേട്ടോ….ഇപ്പൊ റൂമിലേക്ക് പൊയ്ക്കോ …രാവിലേക്ക് വേദന വരുമായിരിക്കും…ഇല്ലേൽ നമുക്ക് മരുന്നു വയ്ക്കാം…”.
സിസ്റ്റർമാർ നീട്ടിയ പാഡിൽ ഒരൊന്നൊക്കെ കുത്തി കുറിച്ചു എന്റെ നിറുകിൽ ഒന്ന് തലോടി പറഞ്ഞു കൊണ്ട് ഡോക്ടർ പുറത്തിറങ്ങി..

ഞാൻ പിന്നെയും ലേബർ റൂമിന് പുറത്തേക്ക്..

” മാക്സിമം നടക്കാൻ നോക്ക് ട്ടൊ…” റൂമിലേക്ക് ആക്കുന്നതിനിടയിൽ സിസ്റ്റർമാർ പറഞ്ഞു…

“കട്ടിയുള്ള ഭക്ഷണമൊന്നും കൊടുക്കണ്ട..കുറച്ചു കഴിഞ്ഞ വേദന വരേണ്ടതാണ്….നല്ല വേദന തോന്നുകയാണെങ്കിൽ ഞങ്ങളെ വിളിച്ചാൽ മതി… ഇല്ലേൽ രാവിലെ വന്നു ഞങ്ങൾ കൊണ്ട് പൊയ്ക്കോളം…”
എന്നെ അമ്മയെ ഏൽപ്പിച്ചു മാലാഖ പറഞ്ഞു…

” മോൾക്ക് കാപ്പിയും ബിസ്കറ്റും വേണോ…”വീട്ടിൽ നിന്നു കൊണ്ട് വന്ന കാപ്പി ഗ്ലാസിലേക്ക് പകർന്നു കൊണ്ട് എന്റെ അപ്പൻ എന്നെ നോക്കി…

“ഒന്നും വേണ്ടപ്പാ…”ഞാൻ ക്ഷീണത്തോടെ ബെഡിൽ ഇരുന്നു

“വേദന വല്ലോം തോന്നുന്നുണ്ടോ മോളേ…”അമ്മച്ചിയുടെ സ്വരത്തിൽ ഉത്ഖണ്ഡ…

“ഇല്ലമ്മച്ചി…” ഞാൻ തല വെട്ടിച്ചു..

“മോള് പതിയെ നടന്നു നോക്കിയേ…ഡെന്നിസേ മോളേ കൊണ്ട് ആ വരാന്തേ കൂടെ നടക്ക്…”
ഇച്ഛായന്റെ അമ്മച്ചി പറഞ്ഞതും ഇച്ഛായൻ വന്നെന്റെ കൈ പിടിച്ചു

“വാ…”

രാത്രി മുഴുവൻ ഉറങ്ങാതെ കോറിഡോറിലെ ചുവരും പിടിച്ചു വീർത്ത വയറും താങ്ങി നടക്കുമ്പോൾ എന്നേക്കാൾ വീർപ്പു മുട്ടൽ ഇച്ഛായനായിരുന്നു

പുലർച്ചെ തന്നെ സിസ്റ്റർമാർ വന്നു എന്നെ വെള്ള വസ്ത്രം ധരിപ്പിച്ചു
മുടി രണ്ടു ഭാഗത്തായി മെടഞ്ഞിട്ടു…

വീണ്ടും ലേബർ റൂമിലേക്ക് …

ആ സമയം എന്തോ ആരുടെയും മുഖത്തു നോക്കാൻ എനിക്ക് തോന്നിയില്ല…

രാത്രി ഉള്ളത് പോലെ ശാന്തമായിരുന്നില്ല അന്തരീക്ഷം
പുറത്തെ വരാന്തയിൽ അക്ഷമയോടെ കാത്തു നിൽക്കുന്നവരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു

എല്ലാ മുഖങ്ങളിലും ഉത്കണ്ട…

ഗർഭിണിയായ ഒരു സ്ത്രീയെ ചേർത്തു പിടിച്ചു കൊണ്ട് അവരുടെ ഭർത്താവെന്ന് തോന്നിക്കുന്ന ഒരു മനുഷ്യൻ നില്പുണ്ട്
ആ സ്ത്രീ ഇടക്കിടെ മൂക്ക് പിഴിയുകയും കരയുകയും ചെയ്യുമ്പോൾ അദ്ദേഹം ചേർത്തു പിടിച്ചാശ്വസിപ്പിക്കുന്നുണ്ട്
ഇടക് ആ മൂർദാവിൽ ചുംബിക്കുന്നുണ്ട്

ഞാൻ കുരിശ് വരച്ചു കൊണ്ട് അകത്തേക്ക് കയറി..

അകത്തുള്ള അന്തരീക്ഷവും രാത്രിയിലേത് പോലെ ആയിരുന്നില്ല
ഏകദേശമുള്ള ബെഡ് ഒക്കെ രോഗികളെ കൊണ്ട് ഫിൽ ആയിരുന്നു …

എന്നെ കണ്ടതും ഒരു നേഴ്‌സ് അരികിലേക്ക് വന്നു
“ഇന്നലെ രാത്രി വന്ന പെഷ്യന്റല്ലേ ”
ഞാൻ വെറുതെ തലയാട്ടി
അവർ ടേബിളിൽ വച്ച ഫയലെടുത്തു ഒന്ന് മറിച്ചു നോക്കി പിന്നെ കൂടെ വന്ന നേഴ്‌സിനോടെ എന്തോ ചോദിച്ചു..

“വരൂ …”എന്റെ കൈ പിടിച്ചു അവർ അകത്തേക്ക് നടന്നു
കർട്ടൻ ഇട്ടു മറച്ച ഒരു ടേബിളിൽ എന്നെ കിടത്തി
“കാൽ അകത്തി വെയ്ക്കു ട്ടൊ ”
എന്തിനുള്ള പുറപ്പാടാണ് …എനിക്ക് പിന്നെയും പേടി തോന്നി

“ആദ്യത്തേത് ആണല്ലേ…”എന്റെ ശരീര ഭാഗങ്ങൾ യാതൊരു സങ്കോചവും കൂടാതെ വൃത്തിയാക്കുന്നതിനിടയിൽ ആ മാലാഖ പുഞ്ചിരിയോടെ തചോദിച്ചു
“ഉം “ഞാൻ തലയാട്ടി

“പേടിക്കണ്ട കേട്ടോ പ്രാർത്ഥിക്ക് ഹസ്ബൻഡ് ഉണ്ടോ കൂടെ”

ഞാൻ ഉണ്ടെന്ന മട്ടിൽ തലയാട്ടി

“ടെൻഷൻ ഉണ്ടോ ആൾക്ക്…”

“ഇന്നലെ ഒറ്റ രാത്രി കൊണ്ട് പാതിയായ എന്റെ ഇച്ഛായന്റെ രൂപം ഓർത്തെടുത്തു ഞാൻ പിന്നെയും തലയാട്ടി ..

” ആദ്യത്തെ അല്ലെ…അതിന്റെ ടെൻഷൻ എന്തായാലും ഒണ്ടാവും…ഓരോരുത്തര് കെട്ടിയവൾ ഇവിടെ ഒന്ന് പ്രസവിക്കുമ്പോഴേക്കും പുറത്തു ടെൻഷൻ കൊണ്ട് പത്തു പ്രസവിച്ചിട്ടുണ്ടാവും” അവർ ചിരിയോടെ പറയുന്നുണ്ട്

…ഇച്ഛായന് വിശേഷം അന്നെന് അറിഞ്ഞപ്പോൾ മുതലുള്ള ടെൻഷനാ..അതാണല്ലോ കടിഞ്ഞൂൽ പ്രസവം ആയിട്ട് കൂടി എന്നെ വീട്ടിലേക്ക് വിടാഞ്ഞത്…
നിന്നെ പറഞ്ഞു വിട്ടാൽ ഞാനെങ്ങനെ സമാധാനത്തിൽ ഇവിടെ നിക്കൂടി എന്നാണ് ചോദ്യം…

“കൊച്ചേ വയറു കഴുകാൻ മരുന്നു കയറ്റിയിട്ടുണ്ട് ആ സൈഡിലെ കട്ടിലിൽ പോയി കിടന്നോ ബാത്‌റൂമിൽ പോവാൻ തോന്നുമ്പോൾ പറയണം വാതിൽ കുറ്റിയിടരുത് കേട്ടോ” മാലാഖയുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി

വയറു കഴുകിയതിന് ശേഷം വേദനയ്ക്കുള്ള മരുന്നു കയറ്റി ഡ്രിപ് ഇട്ടു കിടത്തി
“വേദന തോന്നുമ്പോൾ പറയണം കേട്ടോ” ഞാൻ തലയാട്ടി
തലേന്ന് രാത്രി ഒട്ടും ഉറങ്ങാത്തത് കൊണ്ട് കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു
ഒന്നു കണ്ണടഞ്ഞു വരുമ്പോഴായിരിക്കും ആരുടെയെങ്കിലും അതി ദാരുണമായ നിലവിളി ഉയരുന്നത്

അപ്പുറവും ഇപ്പുറവും ഉള്ള ബെഡിൽ ഉള്ളവരെല്ലാം കരയുകയും ഞരങ്ങുകയും മൂളുകയും ചെയ്യുന്നുണ്ട്

ചിലവര് എഴുന്നേറ്റു ഇരിക്കുന്നു… നടക്കാൻ ശ്രമിക്കുന്നു …കിടക്കുന്നു ..
ഒരു സ്‌ത്രീയുടെ കാലിൽ ഞരമ്പ് എടുത്തു പിടിച്ചുട്ടുണ്ട്
അവർ വേദന കൊണ്ട് വല്ലാത്ത നിലവിളിയാണ്

ഒരു മാലാഖ അവരെ അശ്വസിപ്പിച്ചു കാലു തടവി കൊടുക്കുന്നുണ്ട്

പലർക്കും ഉടു തുണിക്ക് പോലും കഥയും ബോധവുമില്ല
എവിടെയും വേദന മാത്രം
ഇടയ്ക് ഏതോ സ്ത്രീയുടെ നിലവിളി ഒപ്പം കുഞ്ഞു കരയുന്ന ശബ്ദവും
എനിക്ക് പിന്നെയും ശ്വാസം മുട്ടി

2 ഫിംഗർ ടെസ്റ്റ് ചെയ്യുന്നവരുടെ വേദനയും ഡോക്ടേർസിന്റെ ശകാരത്തിനും ഒപ്പം ഫ്ലൂയിഡ് പൊട്ടിച്ചു കളയുന്നവരുടെ അതി ദാരുണമായ നിലവിളിയും…

ഞരങ്ങലും മൂളലുകളും ആരോ കരച്ചിലിനിടയിൽ ഉരുവിടുന്ന പ്രാർത്ഥനാ ശകലങ്ങളും…

ഇടയ്ക് എപ്പോഴോ കണ്ണുകൾ താനെ അടഞ്ഞു പോയി
ശരീരത്തിൽ എവിടെയോ ആരോ കൊളുത്തിട്ട് വലിക്കുന്നത് പോലെ തോന്നിയിട്ടാണ് കണ്ണുകൾ തുറന്നത്
വയറിന് സമീപം ഇടുപ്പിൽ അസഹ്യമായ വേദന …

പതിയെ പതിയെ ആ വേദന ശരീരം മുഴുവൻ വ്യാപിക്കുന്നു
വിരൽ തുമ്പ് മുതൽ മുടി തുമ്പ് വരെ പടർന്നു പിടിക്കുന്നു
തൊണ്ട വരളുന്നു….തല ചുറ്റുന്നു

പതിയെ കിടക്കയിൽ നിന്നും എഴുന്നേല്‌ക്കാൻ ശ്രമിച്ചു
ഒരു സിസ്റ്റർ ഓടി വന്നു
“എങ്ങോട്ടാ കുട്ടീ”

“എനിക് വേദനിക്കുന്നു …”
അസഹ്യമായ വേദനയിൽ മുഖം ചുളിഞ്ഞു പോയിരുന്നു..
“കുട്ടി കിടന്നോളു പെയിൻ തുടങ്ങിയിട്ടല്ലേ ഉള്ളു കണ്ണടച്ചു കിടന്നോളൂ”

“എനിക്ക് മൂത്രമൊഴിക്കണം സിസ്റ്റർ” കൈയിലെ ട്രിപ്പ് ഊരി മാറ്റി അവരുടെ കൈ പിടിച്ചു നടക്കുമ്പോൾ ശരീരം കോടി പോകുന്നത് പോലെ തോന്നി
അസഹ്യമായ വേദനയാൽ മുഖം വലിഞ്ഞു പോവും പോലെ…

“ബാത്റൂമിൽ പോവാൻ തോന്നുന്നത് പോലെ ഉണ്ടോ” മുന്നോട്ട് നടക്കുമ്പോൾ സിസ്റ്റർ ചോദിച്ചു
“ഇല്ല”
“മുക്കരുത് കേട്ടോ മൂത്രമൊഴിച്ചിട്ടു വേഗം വരണേ”
അവർ പുറത്തു കാവൽ നിന്നു

തിരികെ ബെഡിൽ കൊണ്ടു പോയി കിടത്തുമ്പോഴേക്കും എന്നോട് കരഞ്ഞു പോയിരുന്നു
“സിസ്റ്റർ ഡോക്റ്ററെ വിളിക്ക് എനിക്ക് വല്ലാതെ നോവുന്നു”
“ഡോക്ടർ സമയം ആവുമ്പോൾ വരും മോളേ മോള് പ്രാര്ഥിക്ക്”

അവര് പോയതും ഞാൻ പതിയെ കിടക്കാൻ ശ്രമിച്ചു
കഴിയുന്നില്ല ഞരമ്പുകൾ വലിഞ്ഞു പൊട്ടുന്നു
ശരീരത്തിലെ ഓരോ അണുവും വേദനിക്കുന്നു
“അപ്പചാ “എനിക്ക് അലറി വിളിക്കണമെന്ന് തോന്നി

ഉച്ച ആയപ്പോഴേക്കും ഡോക്‌ടർ വന്നു
ഓരോരുത്തരെ ആയി അകത്തേക്ക് വിളിപ്പിച്ചു
“2 ഫിംഗർ 3 ഫിംഗർ”അകത്തു നിന്നും വിളിച്ചു പറയുന്നത് കേൾകാം

ഞാൻ ഡോക്‌ടർ ക്ക് അരികിൽ എത്തുമ്പോൾ വേദന അതിന്റെ ശതകോടിയിൽ എത്തിയിരുന്നു
“ഡോക്‌ടർ എനിക്കിനി വയ്യ ഞാൻ മരിച്ചു പോവും”അത് വരെ കടിച്ചു പിടിച്ച വേദനയിൽ തനു അവരെ മുന്നിൽ പൊട്ടിക്കരഞ്ഞു പോയി
“കിടക്ക് മോളേ ഡോക്ടർ നോക്കട്ടെ”അവളെ താങ്ങി പിടിച്ചു ടേബിളിലേക്ക് കിടത്തി

“ടു ഫിംഗർ ആയിട്ടെ ഉള്ളു ലോ മോളേ കുറച്ചു കൂടി ക്ഷമിക്”ഡോക്റ്റർ അലിവോടെ എന്നെ നോക്കി

തൊട്ടപ്പുറത്തെ ബെഡിൽ കിടന്ന പെണ്കുട്ടിയെ അടുതുള്ള ടേബിളിൽ കൊണ്ടു കിടത്തി
“മുക്ക് മുക്ക് “സിസ്റ്റർ മാർ അവളോട് പറയുന്നുണ്ടായിരുന്നു
കാലുകൾ വില്ലു പോലെ വളച്ചു വച്ച് അവളുടെ വയറിൽ സിസ്റ്റർ മാർ അമർത്തി ഞെക്കുന്നു ണ്ട്

“ഒന്നുത്സാഹിക്ക് മോളേ ദേ ഇങ്ങെത്തി നല്ലൊലെ പുഷ് ചെയ്യ്” ഡോക്ടർ അവളോട് പറയുന്നുണ്ട്
അല്പ സമയം കഴിഞ്ഞു അവളിൽ നിന്നുയർന്ന നിലവിളിയോടൊപ്പം കുഞ്ഞിന്റെ ശബ്ദവും കേൾക്കായി
ഞാൻ കണ്ണുകൾ ഇറുകെ അടച്ചു

പിന്നെയും വേദനയുടെ കൊടു മുടി നിശബ്‌ദം താണ്ടി
അതിനിടെ മൂന്നു പേര് പ്രസവിച്ചു പോയി
രാവിലെ കയറ്റിയതാണ്

ടെൻഷനോടെ പുറത്തു നിൽക്കുന്ന വീട്ടുകാ രുടെ അവസ്‌ഥ ഓർത്തപ്പോൾ എനിക്ക് പിന്നെയും കരച്ചിൽ വന്നു …

എന്റെ ഇച്ഛായൻ പച്ചവെള്ളം പോലും കുടിച്ചു കാണില്ല…

ഇടക്കിടെ വേദന സഹിക്കാതെ ആവുമ്പോൾ തലയിണയിൽ മുഖമമർത്തി നിലവിളി കടിച്ചു പിടിച്ചു …

വൈകിട്ട് ആയി

സിസ്റ്റർ മാർ ഇടക്കിടെ വന്നു നോക്കുന്നുണ്ട് ..
അസഹ്യമായ വേദനയുടെ അവസാന മുനമ്പിൽ എത്തിയപ്പോൾ എനിക്ക് പിന്നെയും ബാത്‌റൂമിൽ പോവേണമെന്ന് തോന്നി
“സിസ്റ്റർ എനിക്ക് ബാത്റൂമിൽ പോണം” അവിടെ കിടന്ന് ഞാൻ നിലവിളിച്ചു
“എവിടെ നോക്കട്ടെ”
“നോക്കണ്ട സിസ്റ്റർ എനിക്ക് ബാത്റൂമിൽ പോണം”
“അടങ്ങി കിടക്കു കുട്ടി നോക്കട്ടെ”
അവർ എന്നെ ബലമായി കിടത്തി

“4 ഫിംഗർ ആയി ഇനി ബാത്റൂമിൽ പോവണ്ട” എന്നെ തങ്ങി കൊണ്ടവർ ടേബിളിലേക്ക് നടന്നു
ആരോ ഡോക്ടറെ വിളിച്ചു വന്നു
“സിസ്റ്റർ എനിക്ക് മൂത്രമൊഴിക്കണം ”
“ഇനി പോയാൽ അവിടെ പ്രസവിച്ചു പോകും മോളേ കുഞ്ഞിറങ്ങി വരുന്ന സമയമല്ലേ”
ആരോ പറയുന്നു

“ഇടതുവശം ചെരിഞ്ഞുകിടന്നു മുക്കൂ”എന്നൊക്കെ നഴ്‌സ് പറയുന്നുണ്ട്. ഓരോ വേദനയും ഒന്നായി..പത്തായി..നൂറായി..ലക്ഷങ്ങളായി
ഓരോ അണുവിലും പാഞ്ഞുകയറി പൊട്ടിത്തെറിക്കുന്നു. ആദ്യം വെറുതെ മുക്കിയതാണെങ്കിൽ..പിന്നീട് ശ്വാസം വിടാനാവാതെ മുക്കലായി..എന്തോ കട്ടിയുള്ള സാധനം തുടകൾക്കിടയിൽ തള്ളിവരുന്നതുപോലെ

അസഹ്യമായ വേദന ഓരോ ഞരമ്പും പിളരുന്നുണ്ട്
അതിനിടെ വയറിൽ കയ്യമർത്തി നഴ്‌സുമാർ തള്ളിക്കൊണ്ടേയിരുന്നു. ഡോക്റ്ററുടെ കയ്യിലുള്ള ബ്ലേഡ് പോലുള്ള സാധനം ഒന്ന് താഴ്ന്നപ്പോളേക്കും കാലുകൾക്കിടയിൽ പച്ച മാംസം പിളർന്നുപോകുന്നത് ശരിക്കറിയുന്നുണ്ടായിരുന്നു. അതിനോടൊപ്പം തന്നെ വഴുവഴുത്ത കുഞ്ഞാവയും മറ്റെന്തൊക്കെയോ സാധനങ്ങളും

“ആണ് കുഞ്ഞാ “പാതി മയക്കത്തിനിടയിൽ ആരോ പറയുന്നത് കേട്ടു
അവൻ വന്ന ഭാഗത്ത്‌ പച്ചയിറച്ചിയിൽ കത്രികയും നൂലുമിട്ടു വലിക്കുമ്പോഴും അവന്റെ കരച്ചിൽ കേട്ട് അറിയാതൊരു പുഞ്ചിരി എന്നിൽ മൊട്ടിടുന്നുണ്ടായിരുന്നു….

ശുഭം ❤️