രചന – രോഹിണി ആമി
പണ്ടത്തെ ആ സന്തോഷവും ചിരിയുമൊന്നും ഡെയ്സിയിൽ ഇല്ലെന്ന് ശിവയ്ക്കും മാധവനും മനസ്സിലായി…. തങ്ങൾ രണ്ടാളും കാരണമാണ് അവളുടെ സന്തോഷം നഷ്ടമായത്….. കഴിവതും അവളെ സന്തോഷിപ്പിക്കാൻ രണ്ടാളും ശ്രമിച്ചുകൊണ്ടേയിരുന്നു ….. അതിനൊപ്പം തന്നെ റോയിയോടൊന്നു സംസാരിക്കാൻ ശിവയും സമയം നോക്കിയിരുന്നു……..
മോനേ നീ റോയിയോട് ഇനിയെന്തു സംസാരിക്കാനാണ്….. അവനോട് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല…. മാത്രമല്ല അവൻ എന്തും ചെയ്യും നിന്നെ…… നീ ഡെയ്സിയെ ഓർത്തു അവനെ ഒന്നും തിരിച്ചു ചെയ്യില്ലെന്നും അച്ഛനറിയാം…..പക്ഷേ ഇനിയും ഈ അച്ഛന് ക്ഷമിക്കാൻ സാധിച്ചെന്നു വരില്ല….. കണ്ടു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല…… തനിച്ചിരുന്നു ചിന്തിച്ച ശിവയുടെ അടുത്തേക്ക് മാധവൻ വന്നിരുന്നു പറഞ്ഞു…….
ഇല്ല അച്ഛാ…… അവൻ ഒന്നും ചെയ്യില്ല…… ഇത്രയും ദിവസം കഴിഞ്ഞില്ലേ അവന്റെ ഉള്ളിലെ ദേഷ്യമൊക്കെ തണുത്തു കാണും….. നമ്മൾ കാരണം ഇനിയും ഡെയ്സി വിഷമിക്കാൻ പാടില്ല….. കുഞ്ഞിനും അതിന്റെ അപ്പനുമൊപ്പം ഒരുമിച്ച് ജീവിക്കാൻ അവൾക്കുമുണ്ടാവില്ലേ ആഗ്രഹം…… നന്ദിയുടെയും കടപ്പാടിന്റെയും പേരിൽ അവൾ വിഷമം മുഴുവൻ ഉള്ളിലൊതുക്കുകയാണ്…..
എങ്കിലും മോനേ……….
വേണ്ട അച്ഛാ….. അവൾക്കൊപ്പമുള്ള സന്തോഷം നമുക്ക് വിധിച്ചിട്ടില്ല…. നമുക്കിപ്പോൾ നമ്മുടെ സന്തോഷത്തേക്കാൾ പ്രധാനം അവളുടെ സന്തോഷമാണ്… അവളുടെ ജീവിതവും…. ശിവയുടെ തീരുമാനം ഉറച്ചതാണെന്ന് മനസ്സിലായ മാധവൻ കൂടുതലൊന്നും പറയാൻ നിന്നില്ല…. പക്ഷേ ഒരു നിഴൽ പോലെ അവനൊപ്പം താൻ കൂടെ ഉണ്ടാവുമെന്ന് മനസ്സിൽ പറഞ്ഞു ……
റോയിയെ ഓർത്തു വേദനിച്ചിരിക്കുന്ന ഡെയ്സിയെ കാണുമ്പോഴേ മനസ്സിൽ ഒരു ഇടിപ്പാണ് ശിവയ്ക്ക് … കാണാൻ ആഗ്രഹിക്കാത്തത് പോലെ പലപ്പോഴും മുഖം തിരിച്ചു നടക്കാറുണ്ട്….. തന്നോട് പണ്ടത്തെ ആ സ്നേഹം ഇല്ലെന്ന് വരെ ശിവയ്ക്ക് തോന്നി….. ഒന്നും ചോദിക്കാനോ പരാതി പറയാനോ നിന്നില്ല……അതുകൊണ്ട് ശിവയും പതിയെ ഡെയ്സിയിൽ നിന്നും ഉൾവലിഞ്ഞു നിന്നു…. അതിനും കൂടെ കുഞ്ഞിനോട് ഏറെ അടുത്തു…..
രാവിലെ ഒരുങ്ങിയിറങ്ങിയ ശിവയെ കണ്ടപ്പോൾ ഡെയ്സി അത്ഭുതത്തോടെ നോക്കി നിന്നു…. അങ്ങനെയൊന്നും വെളിയിലേക്ക് ഇറങ്ങാത്ത ആളാണ്…. ഇതിപ്പോൾ ശിവച്ഛൻ പോലുമില്ലാതെ…….. തനിച്ച്…… ഡെയ്സി നോക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഒന്നു മുഖം തരാതെ കുഞ്ഞിനു ഉമ്മയും കൊടുത്തു പോകുന്ന ശിവയെ ഡെയ്സി പിറകിൽ നിന്നും വിളിച്ചു……….. ഒന്നു നിന്നേ…….. കേട്ടതും ശിവ നിന്നു… തിരിഞ്ഞു നോക്കി….. കൈകൊണ്ട് എങ്ങോട്ടാണ്ന്ന് ചോദിച്ചു ഡെയ്സി ……….
ഞാൻ ഒരാളെ അത്യാവശ്യമായിട്ട് കാണാൻ പോകുവാ….ഉടനെ വരും…….എന്തേ…..
എവിടെ നിന്നാ തിരിച്ചു പെറുക്കിയെടുത്തു കൊണ്ടുവരേണ്ടതെന്ന് അറിയാൻ ചോദിച്ചതാ ….. റോഡിൽ നിന്നോ അതോ ആശുപത്രിയിൽ നിന്നോ……. ഡെയ്സി ചോദിച്ചപ്പോൾ ശിവ ദേഷ്യത്തിൽ ഒന്ന് നോക്കി…….
നോക്കി പേടിപ്പിക്കേണ്ട…… റോയിച്ചനെ കാണാനുള്ള പോക്കല്ലേ ഇത്…. എന്നെയും കുഞ്ഞിനേയും സ്വീകരിക്കാൻ പറയാൻ….. കാലിൽ പിടിക്കാൻ…… കിട്ടുന്ന തല്ലൊക്കെ വാങ്ങാൻ……..
എനിക്ക് കൊള്ളാൻ മാത്രമല്ല വേണമെങ്കിൽ കൊടുക്കാനും അറിയാം….ശിവ ദേഷ്യത്തിൽ പറഞ്ഞു…..
അതൊക്കെ അറിയാമായിരിക്കും…. പക്ഷേ പഴയ കൂട്ടുകാരന് നേരെ അതിന് ഈ കൈ പൊങ്ങുവോ….. ഇല്ലല്ലോ……
ഡെയ്സി കളിയാക്കുന്നത് കേട്ടപ്പോൾ ശിവയ്ക്ക് ദേഷ്യം വന്നു….. നിനക്കിപ്പോൾ എന്താ വേണ്ടത്….. അവനിട്ടു ഞാൻ രണ്ടെണ്ണം പൊട്ടിച്ചിട്ട് പറയട്ടെ നിന്നെയും കുഞ്ഞിനേയും സ്വീകരിക്കാൻ…… നിനക്ക് വേണ്ടി ഇവിടെയൊരാൾ കാത്തിരിക്കുവാണെന്ന് പറയട്ടേ….
ഡെയ്സി മുഖം കുനിച്ചു…… എന്നിട്ട് പറഞ്ഞു……. കാത്തിരിക്കുന്നുണ്ട്…. അത് പക്ഷേ എന്റെ കുഞ്ഞിന്റെ അപ്പച്ചനെയാണ്….. ഒരു ഭർത്താവിനെ മാത്രമായല്ല ….. ഇനി ദൈവം തമ്പുരാൻ ഇറങ്ങി വന്നു പറഞ്ഞാലും റോയിച്ചൻ ഈ ഡെയ്സിയെ വിശ്വസിക്കില്ല…. എനിക്കതു നന്നായിട്ടറിയാം…… അല്ലെങ്കിലും ആരെങ്കിലും പറയുന്നത് കേട്ട് പരസ്പരം വിശ്വാസം അർപ്പിക്കേണ്ട ബന്ധം ആണോ ഞങ്ങൾ തമ്മിൽ ഉള്ളത്………… വേണ്ടാ…….. ഈ വീട്ടിൽ നിന്നും ആരും ഡെയ്സിയെ തിരിച്ചു സ്വീകരിക്കണം എന്നു പറയാൻ വേണ്ടി റോയിച്ചന്റെ അടുത്ത് പോകരുത്…… എനിക്ക് സഹിക്കില്ല…… ഇഷ്ടവുമല്ല…… ഡെയ്സി തന്റെ തീരുമാനം പറഞ്ഞു…….
നിനക്ക് വിഷമം ഇല്ലേ ഡെയ്സി….. ഞാൻ തന്നെ പലവട്ടം കണ്ടിട്ടുണ്ടല്ലോ വിഷമിച്ചിരിക്കുന്നത്……. അത് കാണുന്നത് ഞങ്ങൾക്കും സഹിക്കില്ല…. ഇഷ്ടവുമല്ല….. അതുകൊണ്ടാണ് പ്രതീക്ഷ ഇല്ലെങ്കിലും വീണ്ടും വീണ്ടും……… ശിവ പറഞ്ഞു നിർത്തി….
എന്റെ കുഞ്ഞിന് അവളുടെ അപ്പച്ചന്റെ സ്നേഹം അനുഭവിക്കാൻ യോഗം ഇല്ലല്ലോന്ന് ഓർത്തു മാത്രമാണ് വിഷമം….. വേറെ ഒന്നുമില്ല…. എന്നെ മനസ്സിലാക്കാൻ എന്റെ അപ്പച്ചനോ അമ്മച്ചിക്കോ കൂടപ്പിറപ്പുകൾക്കോ ആയിട്ടില്ല….. പിന്നെങ്ങനെ റോയിച്ചന് മനസ്സിലാവും…… ഞാൻ തെറ്റു ചെയ്തിട്ടില്ല എന്ന ബോധ്യം ഉള്ളിടത്തോളം കാലം ആരുടേയും കാലു പിടിക്കാൻ പോകില്ല …… എനിക്കു വേണ്ടി നിങ്ങളും……. ഡെയ്സി അതും പറഞ്ഞു പോയി……. ശിവ പോവില്ലെന്നാണ് കരുതിയത്…. പക്ഷേ ഗേറ്റ് കടന്നു നടന്നു പോകുന്നത് കണ്ടപ്പോൾ പിന്നാലെ ചെന്നു വിളിച്ചെങ്കിലും ശബ്ദം ആ കാത് വരെ എത്തിയില്ലെന്ന് തോന്നുന്നു……. ഡെയ്സിയ്ക്ക് ആകെ ഒരു പരവേശം തോന്നി….. ശിവച്ഛൻ താൻ ഉണ്ടെന്നു കരുതിയാ ധൈര്യത്തോടെ പുറത്തേക്ക് പോയത്…… കർത്താവെ ഇനി റോയിച്ചനെ എങ്ങാനും കാണാൻ പോയതാണോ…. ഡെയ്സി വാലിൽ തീ പിടിച്ചത് പോലെ നടപ്പായി…….അടുക്കളയിൽ നിന്നിട്ടും ഒന്നുമങ്ങു ഉറയ്ക്കുന്നില്ല….. കുഞ്ഞിന്റെ ചിരി കേട്ട് അടുക്കളയിൽ നിന്ന് ഓടിച്ചെന്നതാ….. ദേ അടുത്തിരുപ്പുണ്ട് ശിവ…. അവളുടെ കയ്യിലേക്ക് സൂക്ഷിച്ചു ഓരോ കരിവളകളും ഇടുന്നുണ്ട്….. അതിന് നടുക്ക് സ്വർണ്ണ വളയും…… ശിവച്ഛനോട് ചോദിക്കാൻ മടിച്ചു മനസ്സിൽ ഒളിപ്പിച്ച കാര്യമായിരുന്നു ഇത് …… ഒന്നും മിണ്ടാതെ തന്നെയും നോക്കി നിൽക്കുന്ന ഡെയ്സിയോട് എന്താന്ന് പിരികം ഉയർത്തി ചോദിച്ചു…… ഒന്നുമില്ലെന്ന് അവൾ ചുമൽ അനക്കി കാട്ടി……
പേടിച്ചു പോയോ……. ഞാൻ റോയിയുടെ അടുത്ത് പോയെന്ന് കരുതിയോ …… നീ പറയുന്നത് ഇന്നേവരെ ഞാൻ കേൾക്കാതെ ഇരുന്നിട്ടുണ്ടോ ഡെയ്സി ……. ഇതും അതുപോലെ തന്നെ…… ഇനി അങ്ങോട്ടും അങ്ങനെ തന്നെ…….. ശിവയുടെ ചിരി ഡെയ്സിയുടെ മുഖത്തേക്കും പരന്നു……
വെളിയിൽ നിന്ന് ഉച്ചത്തിൽ ആരോ ഡെയ്സീ ന്ന് വിളിക്കുന്നുണ്ട്…. ആ ശബ്ദം തിരിച്ചറിഞ്ഞ ഡെയ്സി സന്തോഷത്തിൽ ഓടി വരാന്തയിലേക്ക് വന്നു…….. മുറ്റത്ത് അമ്മച്ചി…… സന്തോഷം കൊണ്ട് ഡെയ്സിയുടെ കണ്ണു നിറഞ്ഞു……. ഓടി ചെന്നു കെട്ടിപ്പിടിക്കാൻ ചെന്നതും അമ്മച്ചി പറയുന്നത് കേട്ട് അനങ്ങാതെ നിന്നു പോയി ……
ബാക്കിയുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് നീ മാത്രം സന്തോഷത്തോടെ ഇരിക്കുവാ അല്ലേ…… നീയിത്ര സ്വാർത്ഥത ഉള്ള പെണ്ണാണെന്ന് വളർത്തിയ ഞാൻ പോലും അറിഞ്ഞില്ലല്ലോ…… നിന്റെയീ സന്തോഷം അധിക നാൾ നിൽക്കില്ല ഓർത്തോ പെറ്റവയറിന്റെ ദെണ്ണം അറിയാൻ ഒരെണ്ണത്തിനെ നിനക്കും കർത്താവ് തന്നിട്ടുണ്ടല്ലോ…… അനുഭവിക്കും നീ……. അതുവരെ സന്തോഷിച്ചോ…… നന്നായിട്ട് സന്തോഷിച്ചോ…….. അമ്മച്ചി കരഞ്ഞു പറഞ്ഞു………. ഉച്ചത്തിലുള്ള സംസാരം കേട്ട് ശിവ കുഞ്ഞിനേയും കൊണ്ട് ഇറങ്ങി വന്നു……. ഡെയ്സിയെ നിന്നു പ്രാകുന്ന അവളുടെ അമ്മച്ചിയെ കണ്ടപ്പോൾ എന്താ ചെയ്യേണ്ടത് ന്ന് അറിയാതെ നിന്നുപോയി….. പ്രതിമ പോലെ അനങ്ങാതെ നിൽക്കുകയാണ് ഡെയ്സി……. എന്തോ പറയാൻ മുന്നോട്ട് നീങ്ങിയ ശിവയുടെ കയ്യിൽ പിടിച്ചു നിർത്തി വേണ്ടാന്ന് കണ്ണുകൊണ്ടു പറഞ്ഞു……… അപ്പച്ചൻ ഓടി വരുന്നുണ്ട്…… അമ്മച്ചിയെ പിടിച്ചു തിരിച്ചു വിളിക്കുന്നുണ്ട്……. ഡെയ്സിയെ ഒന്നു ദേഷ്യത്തിൽ നോക്കിയിട്ട് അപ്പച്ചൻ അമ്മച്ചിയെ ശക്തിയിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി….. എങ്കിലും അമ്മച്ചി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്….. കൈ തലയിൽ ചുരുട്ടി പിടിച്ചു പ്രാകുന്നുണ്ട്…….. ഡെയ്സിയുടെ ചെവി കൊട്ടിയടച്ചിരുന്നു….. ഒന്നും മനസ്സിലായില്ലെങ്കിലും അമ്മച്ചി വഴക്ക് പറയാൻ ആണെങ്കിലും തന്നോട് ഒന്നു മിണ്ടിയല്ലോ എന്ന ആശ്വാസമായിരുന്നു ഡെയ്സിയ്ക്ക്….. എങ്കിലും എന്തിനു വേണ്ടി?….ശിവ തോളിൽ തട്ടി വിളിക്കും വരെ വേറെ ഏതോ ലോകത്തായിരുന്നു……. ചിണുങ്ങാൻ തുടങ്ങിയ കുഞ്ഞിനേയും എടുത്തു അകത്തേക്ക് പോയി….. കുറച്ചു നേരം അവൾ തനിയെ ഇരിക്കട്ടെയെന്ന് ശിവയും കരുതി…… ശിവ അമ്മയ്‌ക്കരികിൽ വെറും നിലത്തു പോയിരുന്നു…… മനമുരുകി അമ്മയോട് പറഞ്ഞു ഡെയ്സിയെ യാതൊരു വിധത്തിലുമുള്ള ശാപങ്ങളും തീണ്ടരുതെന്ന്…… അമ്മ അവൾക്ക് തുണയാവണമെന്ന്…… മകന്റെ വേദന കണ്ടിട്ടാവും ഒരിളം കാറ്റ് അവനെ തഴുകി പോയി……..
ശിവച്ഛൻ വന്നപ്പോൾ ഡെയ്സിയോടായി പറഞ്ഞു….. അന്നയെ ഒരാൾ പെണ്ണു കാണാൻ വന്ന കാര്യം……. ചെറിയൊരു ആകാംഷയോടെ ഡെയ്സി അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി…….. നടക്കില്ലെന്നു അവർ വിളിച്ചു പറഞ്ഞു….. കുറച്ചൊക്കെ അവരും അറിഞ്ഞിരിക്കുന്നു….. ചേച്ചിയുടെ കുഞ്ഞിന് കുറവുകൾ ഉള്ള സ്ഥിതിക്ക് അനിയത്തിയുടെ കുഞ്ഞിനും അങ്ങനെ ഉണ്ടായാലോ എന്നാ അവർ പറയുന്നേ…… ഡെയ്സിയുടെ മുഖം പെട്ടെന്ന് ഇരുണ്ടു പോയി…… തന്റെ കുഞ്ഞിന് കുറവുകളോ….. അപ്പോൾ ഇതായിരുന്നോ അമ്മച്ചി തന്നോട് ദേഷ്യപ്പെടാൻ കാരണം…….. അറിഞ്ഞില്ലല്ലോ ഞാൻ കർത്താവേ…… ചിന്തിച്ചു നിന്ന ഡെയ്സിയെ മാധവൻ ആശ്വസിപ്പിച്ചു….. അവളുടെ മുഖം കണ്ടപ്പോൾ പറയേണ്ടിയിരുന്നില്ല എന്ന് അദ്ദേഹത്തിന് തോന്നി…..ഇന്ന് വീട്ടിൽ നടന്നതൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല…… അച്ഛൻ വിഷമിക്കണ്ട എന്നു കരുതി ശിവയും പറയാൻ നിന്നില്ല……
ഇരുട്ടിൽ വീട്ടിലേക്ക് നോക്കി നിൽക്കുന്ന ഡെയ്സിയുടെ അടുത്ത് ശിവ വന്നിരുന്നു…….
ഞാൻ കാരണം അനിയത്തിമാരുടെ ജീവിതം കൂടി നശിക്കുമോ……. ഞാൻ അവിടെ നിന്നും പോന്നപ്പോൾ എല്ലാം അവസാനിച്ചെന്നാ കരുതിയെ…. എല്ലാ ബന്ധങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്നത് ഞാൻ കാരണം ഇനിയൊരു വിഷമവും ആർക്കും ഉണ്ടാവരുതെന്ന് കരുതിയാണ്…….. പക്ഷേ… ഇനിയുമെന്താ ഞാൻ ചെയ്യേണ്ടത്…. ഈ നാടു വിടണോ….. അതിനും തയ്യാറാണ് ഞാൻ……
എത്ര നാൾ ഓടും നീ ഡെയ്സി… അതും ഈ കുഞ്ഞിനേയും കൊണ്ട്……. എവിടെ ചെന്നാലും ഇതൊക്കെ തന്നെ കേൾക്കേണ്ടി വരില്ലേ…. ഇവിടെ നിന്റെ കൂടെ ഞാനും അച്ഛനും ഇല്ലേ നിന്റെ വിഷമങ്ങൾ പങ്കു വെക്കാൻ ….. ഞങ്ങളും കൂടി കാരണമല്ലേ ഇങ്ങനെ ഒക്കെ സംഭവിച്ചത്… നിന്റെ വിഷമങ്ങൾ എല്ലാം മാറും എനിക്കുറപ്പുണ്ട്…. നിനക്കൊരു നല്ല കാലം വരും….. ശിവ ഡെയ്സിയെ നോക്കുമ്പോൾ താൻ പറഞ്ഞതൊന്നും കേൾക്കാതെ അവൾ കണ്ണു പറിക്കാതെ വീട്ടിലേക്ക് നോക്കി നിൽക്കുവായിരുന്നു……. കണ്ണുനീരിന്റെ തിളക്കം മാത്രം കണ്ടു….. ഉയരുന്ന ശ്വാസവും…… ആരുമറിയാതെയുള്ള ഏങ്ങലടിയും……… ശിവയുടെ കണ്ണു നിറഞ്ഞു…… അവളെ നെഞ്ചിൽ ചേർത്തു പിടിച്ചു പറയണമെന്നുണ്ടായിരുന്നു, ഉപേക്ഷിച്ചു പോകുന്നവർ പോട്ടേ നിനക്ക് ഞാനില്ലേ എന്ന്……… ഭ്രാന്തു വന്നു മനസ്സും കണ്ണും മൂടിയാലും നിന്നെ ഞാൻ മറക്കില്ലെന്ന്…….. ഈ ജീവിതം നിനക്ക് വേണ്ടി മാത്രമുള്ളതാണെന്ന്…..
അവളുടെ കണ്ണുനീർ ചുണ്ടുകൊണ്ട് ഒപ്പിഎടുക്കണമെന്ന് ഉണ്ടായിരുന്നു…….. ആശ്വസിപ്പിക്കുവാൻ നെറുകയിൽ അമർത്തി ഉമ്മ വെക്കണമെന്നുണ്ടായിരുന്നു……. പക്ഷേ കാലം എന്നിൽ നിന്നും അവളെ ഒരുപാട് അകലത്തിൽ ആക്കിയിരിക്കുന്നു…… എനിക്ക് നിന്നോടുള്ള സ്നേഹം ഒരിക്കലും നിലയ്ക്കുകയില്ല ഡെയ്സി…. അതിങ്ങനെ ഒഴുകിക്കൊണ്ടിരിക്കും കല്ലിൽ അടിച്ചു ചിതറിയാലും പൂർവ്വാധികം ശക്തിയോടെ…. തെളിമയോടെ……….. എന്നാണ് നീ എന്നെ അലിവോടെ അല്ലാതെ സ്നേഹത്തിൽ ഒന്നു നോക്കുക……. മരണം വരെ ഈ ഭ്രാന്തനു നിന്നെ ഇങ്ങനെ ദൂരെ നിന്ന് സ്നേഹിക്കാനാണോ യോഗം….. ശിവ ഡെയ്സിയെ ഒന്നു നോക്കി…… ഇപ്പോഴും അനങ്ങാതെ അങ്ങനെ തന്നെ നിൽക്കുകയാണ്….. ശിവയുടെ കണ്ണുകൾ അമ്മയുടെ അസ്ഥിതറയിലേക്ക് നീണ്ടു….. അവളെ ഒന്നാശ്വസിപ്പിക്ക് അമ്മേ…. കണ്ടു നിൽക്കാൻ ആവുന്നില്ല എനിക്ക്… ഒന്നു ചേർത്തണയ്ക്കാൻ ആവുന്നില്ല…….എന്റെ കൈകളിൽ കെട്ടു വീണു കിടക്കുകയാണ്……. അമ്മയോട് മനസ്സിൽ കെഞ്ചി…….. മനസ്സു കൊണ്ട് അവളുടെ വിഷമങ്ങൾ എല്ലാം പകുത്തെടുത്തു കണ്ണു പറിക്കാതെ ഡെയ്സിയെ നോക്കിയിരുന്നു ………
ഈ സമയം അന്ന ഭയങ്കര സന്തോഷത്തിൽ ആയിരുന്നു….. നേരത്തെ തന്നെ അപ്പച്ചൻ ബ്രോക്കറുടെ കയ്യിൽ അന്നയുടെ ഫോട്ടോയും കാര്യങ്ങളും എല്പിച്ചിരുന്നു….. പറ്റിയ ഒരെണ്ണം വന്നപ്പോൾ അയാൾ കൊണ്ടുവന്നതാണ്…. മനസ്സിൽ ഒരാളെ മാത്രം വിചാരിച്ചിരിക്കുന്നത് കൊണ്ടാവും വേറൊരാളെയും ഇഷ്ടപ്പെടാത്തത്…. അപ്പച്ചന് അയാളെ ഒരുപാടു ഇഷ്ടപ്പെട്ടു……. തന്നോട് സംസാരിച്ചപ്പോൾ അയാൾക്ക് തന്നെയും ഇഷ്ടമായെന്ന് തോന്നി….. ഒഴിവായി പോവില്ലെന്ന് മനസ്സിലായപ്പോഴാണ് ചേച്ചിയെപ്പറ്റി പറഞ്ഞത്…. കുറച്ചു കൂട്ടിയാണ് പറഞ്ഞത്… എങ്ങനെയെങ്കിലും താൻ മനസ്സിൽ കണ്ടത് നടക്കണം അത്രേ ചിന്തിച്ചുള്ളൂ……. അയാൾക്ക് അതും പ്രശ്നമല്ലെന്ന്…. വേറൊന്നും ചിന്തിച്ചില്ല കുഞ്ഞിനേയും പാരമ്പര്യത്തെപ്പറ്റിയും അങ്ങ് പറഞ്ഞു…… നഴ്സ് ആയതിന്റെ കുറച്ചു അറിവും പ്രയോഗിച്ചു….. അത് കേട്ടപ്പോൾ അയാൾ കുറച്ചു ചിന്തിക്കുന്നത് പോലെ തോന്നി……. ആരെയും ചതിക്കാൻ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞു അയാൾക്ക് മുന്നിൽ നല്ല കുട്ടിയായി……. അപ്പച്ചനോട് പിന്നെ പറയാം എന്നു പറഞ്ഞു പോയപ്പോൾ ഏറെക്കുറെ അയാളുടെ മറുപടി എന്താവുമെന്ന് തനിക്ക് ഊഹിക്കാമായിരുന്നു….. ബ്രോക്കർ പിന്നീട് അപ്പച്ചനോട് പറയുന്നത് കേട്ടു…. ചേച്ചിയുടെ പാരമ്പര്യം അനിയത്തിക്കും ഉണ്ടാവില്ലെന്ന് ഉറപ്പു പറയാൻ പറ്റുമോന്ന്…. അപ്പച്ചനും അമ്മച്ചിയും ഡെയ്സിയെക്കുറിച്ച് പറഞ്ഞിരുന്നു കരഞ്ഞു….. ദേഷ്യത്തിൽ അമ്മച്ചി ഡെയ്സിയെ പ്രാകുകയും ചെയ്തു…… അതൊക്കെ കേട്ടിട്ടും അന്നയ്ക്ക് യാതൊരു വിഷമവും തോന്നിയില്ല….. റോയിച്ചൻ നിയമപരമായി തന്നെ ചേച്ചിയെ ഉപേക്ഷിക്കുമെന്നാണ് അപ്പച്ചനോട് പറഞ്ഞത്…. അതിനു വേണ്ടി തന്നെ കാത്തിരിക്കുവാണ് താനും അപ്പച്ചനോടൊന്ന് സൂചിപ്പിക്കാൻ…… ചേച്ചിയുടെ തെറ്റിനൊരു പ്രായശ്ചിത്തമായി അപ്പച്ചൻ സമ്മതിക്കുമെന്ന് തനിക്കുറപ്പാണ്…… ഇല്ലെങ്കിൽ സമ്മതിപ്പിക്കാൻ തനിക്കറിയാം…. ആനിയ്ക്ക് പോലും അറിയില്ല തന്റെ ഉള്ളിരിപ്പ്… സൂചിപ്പിച്ചിട്ട് കൂടിയില്ല…. എല്ലാം തനിക്ക് അനുകൂലമായി വരുന്നത് കണ്ട് ഉള്ളാലെ വളരെ സന്തോഷിച്ചു അന്ന………
ഉടനെ വരും…..

by