17/04/2026

ചെറിയ കാറ്റ് അവന്റെ നീണ്ട മുടികളിൽ തട്ടി കടന്നുപോയി…അവ കണ്ണിലേക്കു വീണപ്പോഴുള്ള ചെറിയ അസ്വസ്ഥത അവന്റെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്…

രചന – കാർത്തിക ശ്രീ

ചെറിയച്ഛൻ. ❤️

ചെറിയ കാറ്റ് അവന്റെ നീണ്ട മുടികളിൽ തട്ടി കടന്നുപോയി…അവ കണ്ണിലേക്കു വീണപ്പോഴുള്ള ചെറിയ അസ്വസ്ഥത അവന്റെ ഉറക്കത്തെ തടസ്സപ്പെടുത്തുന്നുണ്ട്…
കണ്ണുകൾ തുറന്നെങ്കിലും ചുറ്റും നടക്കുന്നത് മനസിലാക്കാൻ കുറച്ചു സമയമെടുത്തു…
ട്രെയിൻ എവിടെയോ നിർത്തിയിട്ടിരിക്കുകയാണ്.. കമ്പാർട്ട്മെന്റിൽ ആളുകൾ കുറവാണ്… രണ്ടു ദിവസത്തെ ട്രെയിൻ യാത്ര വല്ലാതെ മടുപ്പിച്ചിരിക്കുന്നു..

പെട്ടെന്നാണ് ഒരു കൊച്ചു കാന്താരി കണ്ണിൽപ്പെട്ടത്.. അമ്മയുടെയും അച്ഛന്റെയും കൂടെയാണ് യാത്ര… ഒരു രണ്ടു വയസ്സ് തോന്നിക്കും… എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട്.. ഒന്ന് ചിരിച്ചപ്പോൾ കക്ഷി വേഗം മുഖം തിരിച്ചു… ഇതു കുറച്ചു സമയം തുടർന്ന് കൊണ്ടിരുന്നു…
ഇത്രയും നേരമുണ്ടായിരുന്ന മടുപ്പ് മാറുന്നത് ഞാൻ അറിഞ്ഞു…

കൈനീട്ടി വിളിച്ചപ്പോൾ അമ്മയോട് ചോദിക്കുന്നത് കണ്ടു… അവരുടെ അനുവാദം വാങ്ങി കുണുങ്ങി കുണുങ്ങി വരുന്നുണ്ട് കക്ഷി… നടക്കുന്നതിനനുസരിച്ച് കാലിലെ പാദസരം കിലുങ്ങുന്നുണ്ട്…

” അങ്കിൽ.. അങ്കിലിന്റെ പേരെന്താ ??? ”

“അങ്കിലിന്റെ പേര് നവനീത്.. വാവയുടെ പേരെന്താ??”

” എന്തെ പേര് ഇല.. വീത്തിൽ വിചണത് കിങ്ങിണി ”

“നല്ല പേരാണല്ലോ.. കിങ്ങിണി എവിടെ പോകുവാ??”

” നാണെ കോയിക്കോട് കാണാൻ പോകുവാ…”

“ആണോ?? അങ്കിലിനെ കൂട്ടുമോ??”

“നാൻ അച്ഛയോട് ചോയിക്കട്ടെ..”

പാദസരം കിലുക്കിക്കൊണ്ട് കാന്താരി അവരുടെ അടുത്തേക്ക് പോയി… അച്ഛന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് തന്റെ അടുത്തേക്ക് വരുന്നതാണ് പിന്നെ കണ്ടത്..

” ഹായ്.. ഞാൻ അജയ്.. ”

“ഹായ് സാർ.. ഞാൻ നവനീത്..ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്..”

” ഓ.. ഞാൻ പൂനെയിൽ വർക്ക്‌ ചെയ്യുന്നു.. അത് വൈഫ് പേര് രാധിക..”

ഞാൻ ചേച്ചിയെ നോക്കി ഒന്ന് ചിരിച്ചു…

“നാട്ടിൽ എവിടെയാണ്???”

” ഞങ്ങൾ കോഴിക്കോടാണ്.. താനോ?? ”

” തൃശൂർ”

“നവനീതിന്റെ വീട്ടിൽ ആരൊക്കെയുണ്ട്??”

“അമ്മ മാത്രം.. അച്ഛൻ ചെറുതിലേ മരിച്ചു.. ഒറ്റ മോനാണ്…”

പിന്നീട് അങ്ങോട്ട് പരസ്പ്പരം സംസാരിച്ചു സമയം പോയതറിഞ്ഞില്ല…വല്ലാത്തൊരു ആത്മബന്ധം അവരുമായി എനിക്ക് തോന്നി… രാത്രി കോഴിക്കോടെത്തി…. കിങ്ങിണി ഉറങ്ങിയിരുന്നു… കവിളിൽ ഉമ്മ കൊടുത്ത് അവളെ ചേച്ചിയെ ഏൽപ്പിച്ചു.. യാത്ര പറഞ്ഞു അവർ ഇറങ്ങി. പോകുമ്പോൾ നമ്പർ തരാനും മറന്നില്ല…

ഇടക്കൊക്കെ ഫോണിലൂടെ ഞാൻ കിങ്ങിണിയെ വിളിക്കാറുണ്ടായിരുന്നു…പൂനെയിലേക്ക് മാറ്റം കിട്ടിയപ്പോൾ ഇടക്ക് ഞാൻ അവരുടെ വീട്ടിലേക്ക് പോകും.. എന്തോ സഹോദരങ്ങളില്ലാത്ത എനിക്ക് അവർ ഏട്ടനും ഏടത്തിയുമായി…
കിങ്ങിണിക്ക് ഞാൻ ചെറിയച്ഛനായി.. വളരെ അടുത്തപ്പോഴാണ് ഞാൻ അറിഞ്ഞത് അവർ രണ്ടുപേരും അനാഥരാണെന്നും അന്ന് കോഴിക്കോട് പോയത് കൂട്ടുകാരന്റെ കല്യാണത്തിന് ആണെന്നും…

ഞായറാഴ്ച ലീവ് ആയതിനാൽ വെറുതെ കിടക്കുമ്പോൾ അജയേട്ടന്റെ കോൾ വന്നു…

“നവി വൈകുന്നേരം ഇങ്ങോട്ട് വരണേട്ടോ..”

“എന്താ ഏട്ടാ ഇന്ന് വിശേഷം???”

“അതോ ഞാൻ നിന്റെ ഏടത്തിയെയും ഏടത്തി എന്നേയും സഹിക്കാൻ തുടങ്ങിട്ട് ഇന്നേക്ക് എട്ടു വർഷമായി…”

“ആഹാ… ഹാപ്പി ആനിവേഴ്സറി ഏട്ടാ & ഏടത്തി… ഞാൻ വൈകുന്നേരം വരാം.. ഇന്ന് അടിച്ചുപൊളിക്കണം..”

“ഓ ആയിക്കോട്ടെ… വേഗം വന്നേക്കണം..”

“ശരിയേട്ടാ..”

കുളിച്ചു റെഡിയായി.. ഏട്ടനും ഏടത്തിക്കും കിങ്ങിണിക്കും ഗിഫ്റ്റ് വാങ്ങാൻ ഇറങ്ങി… അപ്പോഴാണ് ഫോൺ റിങ് ചെയ്തത്…അജയേട്ടന്റെ നമ്പർ ആയിരുന്നു..

“ഹലോ.. ഏട്ടാ ”

” ഹലോ.. ഇതു ഹോസ്പിറ്റലിൽ നിന്നാണ്.. ഈ ഫോണിലെ ലാസ്റ്റ് കോൾ കണ്ടു വിളിക്കുന്നതാണ്.. ” കേട്ടപ്പോൾ ഒന്ന് ഞെട്ടി..മൊത്തം ഒരു മരവിപ്പ്…

” ഏതാണ് ഹോസ്പിറ്റൽ??”

“എം സി ഹോസ്പിറ്റൽ ”

“ഞാൻ.. ഞാൻ ഉടനെ… ഉടനെ വരാം.”

ബൈക്ക് എടുത്ത് ഹോസ്പിറ്റലിലേക്ക് വിടുമ്പോൾ പലതവണ പാളി പോയി… എങ്ങനെയൊക്കെയോ എവിടെയെത്തി ഉള്ളിലേക്ക് നടക്കുമ്പോൾ എന്തോ വേദന എന്നെ പൊതിഞ്ഞു..

“റീസപ്ഷനിൽ ചോദിച്ചു ഐ സി യു വിന്റെ അടുത്തേക്ക് പോകുമ്പോൾ ഇതുവരെ ഇല്ലാത്തപോലെ നെഞ്ചിടിക്കുന്നത് ഞാൻ അറിഞ്ഞു..

” ഞാൻ ആണ് വിളിച്ചത്… കാറിലേക്ക് നിയന്ത്രണം വിട്ട ലോറി കയറിയതാ… അടുത്തുണ്ടായവരാ ഹോസ്പിറ്റലിൽ എത്തിച്ചത്…. ”

അറിയാതെ കണ്ണുകൾ നിറഞ്ഞു… ഐസുയിൽ നിന്നു ഡോക്ടർ ഇറങ്ങി വന്നു…

“ഡോക്ടർ…ഏട്ടനും ഏടത്തിക്കും മോൾക്കും എങ്ങനുണ്ട്??”

“അവരുടെ ആരാണ്???”

“അനിയനാണ്… നവനീത് ”

“സോറി നവനീത്.. അവർ രണ്ടുപേരും ഇവിടെ എത്തുന്നതിനു മുന്നേ …
പിന്നെ മോൾക്ക് ഇതുവരെ ബോധം വന്നിട്ടില്ല…”

ഡോക്ടറുടെ വാക്കുകൾ പിന്നെയൊന്നും ഞാൻ കേട്ടില്ല… ആരോ ചെവി കൊട്ടിയടച്ച പോലെ… കണ്ണുകൾ നിറഞ്ഞു കാഴ്ച മറച്ചു… എത്ര സമയമെന്നറിയാതെ ഞാൻ ആ ഐസിയുവിന്റെ മുന്നിൽ ഇരുന്നു…

ചേച്ചിയുടെയും ചേട്ടന്റെയും ബോഡി കിട്ടിയപ്പോൾ രാത്രിയായി… അവരുടെ വീട്ടുവളപ്പിൽ തന്നെ ദഹിപ്പിച്ചു… ഹോസ്പിറ്റലിലേക്ക് തിരിച്ചു വന്നു…

അപ്പോഴും കിങ്ങിണിയുടെ നില മാറ്റമില്ലാതെ തുടർന്നു… അമ്മയെ വിളിച്ചു ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ അവിടെയും കരച്ചിലായിരുന്നു.. ദിവസങ്ങൾ കഴിഞ്ഞു..ഇതിനിടയിൽ മോൾ അപകടനില തരണം ചെയ്തു….
ഒരു മാസത്തിനു ശേഷം ഒരു ദിവസം

“ചെറിയച്ഛ.. അമ്മയും അച്ഛയും എന്താ മോളെ കാണാൻ വരത്തെ???”

“അവര് മോളെ കാണുന്നുണ്ടല്ലോ. ദേ ആ ആകാശത്തു കാണുന്ന രണ്ടു നക്ഷത്രം മോളുടെ അച്ഛയും അമ്മയുമാണല്ലോ…”

“അതെയോ.. മോളെ എന്താ അവര് കുറ്റാഞ്ഞേ?? “ചോദിക്കുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു കിങ്ങിണി

“അയ്യേ എന്റെ വാവ കരയുന്നതെന്തിനാ?? ചെറിയച്ഛൻ ഇല്ലേ മോൾക്ക്..ചെറിയച്ഛൻ ഒറ്റക്ക് ആവുന്നത് കൊണ്ടല്ലേ മോളെ കൂട്ടാഞ്ഞേ?? മോൾ നല്ല കുട്ടി അല്ലേ…”

അവളെ എടുത്ത് നെഞ്ചിലേക്ക് കിടത്തി തലോടുമ്പോൾ എന്റെ കണ്ണിൽ നിന്നും വരുന്ന കണ്ണുനീർ മറു കൈയ്യാൽ തുടച്ചു മാറ്റി..ഒരിക്കലും ഏട്ടനെയും ഏടത്തിയെയും പോലെ അനാഥയായി കിങ്ങിണി വളരില്ല… എന്റെ മകളാണ് കിങ്ങിണി… എന്റെ മാത്രം പൊന്നു മോൾ…തന്റെ നെഞ്ചിൽ ഉറങ്ങി കിടക്കുന്ന കിങ്ങിണിയുടെ നെറ്റിയിൽ ഉമ്മവെച്ചു അവൻ മെല്ലെ കണ്ണുകളടച്ചു…
ഇതു കണ്ട് ആകാശത്തെ ആ രണ്ടു നക്ഷത്രങ്ങൾ കൂടുതൽ തിളക്കത്തോടെ പ്രകാശിച്ചു…

അവസാനിച്ചു..