06/06/2026

ആമി

ആമി. ..

എന്താണ് കുഞ്ഞാമ ,ഇങ്ങള് ഇങ്ങനെ. ..?
ഒന്നും ഇല്ലേലും ഇങ്ങളെ പെണ്ണുകാണാനല്ലേ അൻസാറിക്ക വരുന്നത്. ..ഒന്ന് നന്നായി ഒരുങ്ങി നിന്നൂടേ ഇങ്ങൾക്ക്….ആ നരച്ച മുടിയൊക്കെയൊന്ന് കറുപ്പിച്ചാലെന്താ…… ?

തന്റെ പെണ്ണുകാണലിനൊരു കല്ല്യാണ പെണ്ണിനെ പോലൊരുങ്ങിവന്ന നസീബയുടെ വാക്കുകൾ ആമിനയുടെ ചുണ്ടിൽ ചിരി വിടർത്തി…

പെണ്ണുകാണൽ…,അതും ഈ നാൽപ്പത്തിരണ്ടാം വയസ്സിൽ.. …റബ്ബേ ,നീ തുണ. …!!
അവളുടെ അന്തരംഗം അവളോടുതന്നെ പറയവേ അവൾക്ക് ചുറ്റും സഹോദരിമാരും കുടുംബാംഗങ്ങളും കൂടി…

അല്ല ആമിയേ ,..നസീബ പറയുന്നതൊരു കാര്യം അല്ലേ..? …അനക്കെന്താ ഒന്ന് വൃത്തിയായിട്ട് നിന്നാല്. ..?
ഈ നാട്ടിൽ ഹോട്ടൽ പണിചെയ്തോണ്ടിരുന്ന പഴയ ആ അൻസാറല്ല അന്നെ കാണാൻ വരുന്നത്. ..,അങ്ങ് ഗൾഫിലെ വലിയ മൊതലാളിയായ അൻസാർ ആണ്. ..ആ ഒരു പവറും പത്രാസും ഓന്റ്റെ പ്രവർത്തീലുണ്ട്…അപ്പോൾ നമ്മളായിട്ടോനെ ചെറുതാക്കാൻ പാടില്ല ,ഇയ്യ് വേഗം പോയി ഒന്ന് നന്നായി ഒരുങ്ങി വാ. .നസീബ ഇയ്യും ചെല്ല് ,കുഞ്ഞാമയെ നല്ല സുന്ദരി ആക്കി കൊണ്ട് വാ… …കണ്ടാൽ അൻസാറിന്റ്റെ കണ്ണിൽ പെരുന്നാള് വിരിയണം……

ആമിയുടെ മൂത്ത സഹോദരി ഒരു കാരണവരുടെ സ്ഥാനം കയ്യേറി ഓരോന്നായി പറഞ്ഞും ചെയ്തും ആ വീടിന്റെ നിയന്ത്രണം ഏറ്റെടുക്കവേ അവരെ അനുസരിക്കുന്ന ഒരു കുഞ്ഞിനെപോലെ ആമി നസീബയ്ക്കൊപ്പം മുറിക്കുളളിലേക്ക് നടന്നു

***** **********

അല്ല അൻസാറേ, കാര്യം ഇങ്ങള് പഴയ ലോഗ്യക്കാരും അയൽക്കാരുമൊക്കെയാണ്…, എന്നാലും ഇപ്പോൾ നിങ്ങൾ രണ്ടാൾക്കും എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആവാട്ടോ. ..പെണ്ണ് കാണൽ ചടങ്ങ് സാധാരണ അങ്ങനെ ആണല്ലോ. ..ഇനി ഞമ്മളായിട്ടത്തിനൊരു മാറ്റം വരുത്തണ്ട എന്തേ സുനീർക്കാ..?
ആമിയുടെ സഹോദരി ഭർത്താവിന്റെ വാക്കുകൾ ആ വീടിനെയൊന്നാകെ ചിരിയിൽ നിറയ്ക്കുമ്പോൾ തന്റെ കൂളിംഗ് ഗ്ളാസ്സിനുളളിലൂടെ വാതിൽ മറവിൽ നിൽക്കുന്ന ആമിനയെ ശ്രദ്ധിക്കുകയായിരുന്ന അൻസാറൊന്ന് ചമ്മിയെങ്കിലും അവൻ കസേരയിൽ നിന്നെഴുന്നേറ്റ് ആമിയ്ക്കരികിലേക്ക് നടന്നു

“ആമിയ്ക്ക് എന്നോടെന്തെങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടോ…?
കാതിനരികിൽ അൻസാറിന്റ്റെ ശബ്ദം കേൾക്കവേ അവൾ ഇല്ലെന്ന് മെല്ലെ തലയാട്ടി….

ആമി.., ഒരിക്കൽ നിന്നോടു തെറ്റ് ചെയ്തവനാണ് ഞാൻ … തിരുത്താനൊരുപാട് ആശിച്ചെങ്കിലും അന്നതിന് പറ്റിയില്ല. ..എന്നാൽ ഇപ്പോൾ പടച്ചവനെനിക്ക് അതിനൊരു അവസരം തന്നിരിക്കുകയാണ്….നിനക്ക് എതിർപ്പ് ഒന്നും ഇല്ലല്ലോ ഞാൻ നിന്നെ നിക്കാഹ് കഴിക്കുന്നതിൽ…?

ഇല്ല എന്നർത്ഥത്തിൽ അവനെയൊന്ന് നോക്കിയിട്ട് ആമിന വേഗം മുറിക്കുളളിലേക്ക് കയറി..നിറഞ്ഞു തൂവാറായ കണ്ണുകൾ തലയിലെ ഷാളിനാൽ തുടച്ചു മാറ്റവേ ഓർമ്മയിലേക്കൊരു പതിനാലുക്കാരി പെൺകുട്ടി വിരുന്നെത്തി…. .

നാട്ടിലെ പ്രമാണിമാരായ കുന്നത്ത് തറവാട്ടിലെ സീതിഹാജിയുടെ നാല് പെൺമക്കളിൽ ഇളയവൾ ആമിനയെന്ന ആമി. …. സമ്പത്തും സൗഭാഗ്യവും കുടുംബത്തിൽ നിറഞ്ഞു നിന്ന കാലത്ത് ഉപ്പ ആമിനയുടെ മൂത്ത മൂന്ന് സഹോദരിമാരുടെയും കല്ല്യാണം ഗംഭീരമായ് നടത്തി അന്ന് ആമിനയ്ക്ക് പ്രായം പതിനാല്. ..

കൗമാരക്കാരിയായൊരു പെണ്ണായ് ആമി വളരും തോറും അവളുടെ ചുറ്റും പൂവിന് വണ്ടെന്നപോലെ ധാരാളം ചെക്കൻമാർ വട്ടമിട്ട് പറക്കാൻ തുടങ്ങി …, അതിൽ പ്രധാനിയായിരുന്നു അയൽവാസിയായ അൻസാർ…

കൗമാരചാപല്യത്താൽ അൻസാറിന്റ്റെ പ്രണയം സ്വീകരിക്കുമ്പോൾ ആമിക്കറിയില്ലായിരുന്നു അത് തന്റ്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ദുരന്തമായ് തീരുമെന്ന്… !!

അന്ന് ആമിനയുടെ മൂന്നാമത്തെ സഹോദരിയുടെ കുഞ്ഞിന്റ്റെ മുടികളയൽ ചടങ്ങ് വീട്ടിൽ ഗംഭീര ആഘോഷത്തോടെ നടത്തുന്നതിനിടയിലാണ് അവളോടൊരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞ് അൻസാർ അവളെ വീടിന്റെ ഒരു ഒഴിഞ്ഞ കോണിലേക്ക് മാറ്റിനിർത്തിയത്…,,,
എന്താണെന്ന് ചോദിച്ചവന്റ്റെ പുറക്കിലവളെത്തിയ നേരം ഒരാവേശത്തിൽ അൻസാറവളെ നെഞ്ചോട് ചേർത്ത് വാരിപുണരവേ ആ കാഴ്ച കണ്ടു കൊണ്ടാണ് ആമിനയുടെ ഉപ്പയും ചെറിയാപ്പയും ആ വഴി വന്നത്. ..!!
പിന്നീട് നടന്നതെന്താണ് പടച്ചവനേ….,ഒരു നിമിഷംകൊണ്ട് താനവിടെ അന്നെത്തിചേർന്ന എല്ലാവരുടെയും മുമ്പിൽ നാണവും മാനവുമില്ലാത്തവളായ്…!, സ്വന്തം മുറിയിലേക്ക് അന്യ ഒരുത്തനെ പലവട്ടം വിളിച്ചു കയറ്റിയവളായ്….!!,,
തനിക്ക് നേരെ വിരൽചൂണ്ടി കുറ്റങ്ങളോരോന്നായ് എല്ലാവരും ആരോപിക്കുമ്പോൾ അൻസാർ അതെല്ലാം സമ്മതിക്കുംപോലെ തലയും താഴ്ത്തി നിന്നു..!!

ഒടുവിൽ ഈ പ്രശ്നത്തിനൊരു പരിഹാരമെന്ന പോലെ, തന്നെ അൻസാറിനെകൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് ഉപ്പ പറഞ്ഞപ്പോൾ ഇത്താത്തമാരുടെ ഭർത്താക്കൻമാരും ഉപ്പാന്റ്റെ കുടുംബക്കാരും അതിനെ എതിർത്തു…കുന്നത്ത് കുടുംബത്തിലെ പെണ്ണിനെ സ്വന്തമാക്കി ബന്ധുത്വം സ്ഥാപിക്കാൻ മാത്രം യോഗ്യത ഹോട്ടലിൽ എച്ചിൽപാത്രങ്ങൾ കഴുക്കുന്ന അൻസാറിനില്ലെന്ന് അവർ വാദിച്ചപ്പോൾ അവരുടെ വാക്കുകൾക്ക് മുന്നിൽ ഉപ്പ നിസ്സഹായനായ്…അല്ലെങ്കിലും ഒരിക്കലും ഉപ്പ ഒരു കാര്യവും തന്നിഷ്ടത്തിന് മാത്രമായി ചെയ്യാറില്ലല്ലോ…?

കൺവെട്ടത്തുപോലും കണ്ടു പോകരുതെന്ന താക്കീതോടെ അൻസാറിനെ ആമിയിൽ നിന്നകറ്റിയ ബന്ധുക്കൾ ആമിക്കായ് ധാരാളം വിവാഹാലോചനകൾ കൊണ്ട് വന്നെങ്കിലും എല്ലാം പാതിയിൽ വെച്ച് മുടങ്ങിപോയി..

വിവാഹശ്രമങ്ങളെല്ലാം മുടക്കുന്നത് അൻസാറാണെന്ന് പറഞ്ഞ് അളിയന്മാരൊരിക്കൽ അൻസാറിനെ നടുറോഡിൽ വെച്ച് തല്ലി. ..അന്നാ മാനക്കേട് സഹിക്കാൻ പറ്റാതെ നാടുവിട്ട അൻസാർ കുറെകാലത്തേക്ക് നാട്ടിലേക്ക് തിരികെ വന്നില്ല..!!

ചെറിയ മകളുടെ ജീവിതം കൺമുന്നിലൂടെ ചോർന്നുപോവുന്ന കാഴ്ച ഉപ്പയേയും ഉമ്മയേയും രോഗികളാക്കി..!!
ഒടുവിൽ എല്ലാവരെയും ഉപേക്ഷിച്ച് ഉമ്മ ഈ മണ്ണ് വിട്ട് പോയപ്പോൾ എണീക്കാൻ വയ്യാത്ത വിധം ഉപ്പ തളർന്നു വീണു. ..പിന്നീട് ഉപ്പയെ ശ്രൂഷിക്കുന്ന ചുമതല ഒരു പ്രായശ്ചിത്തംപോലെ താനേറ്റെടുക്കവേ അതു തന്റ്റെമാത്രം ഉത്തരവാദിത്വം ആക്കി കൂടപ്പിറപ്പുകൾ കയ്യൊഴിഞ്ഞു. ..
ഇതിനിടയിൽ സമ്പത്തികമായ്കൂടി തങ്ങൾ തകരാൻ തുടങ്ങിയപ്പോൾ അളിയന്മാർ വീതം ചോദിച്ചു താത്തമാരെ വീട്ടിൽ നിർത്താൻ തുടങ്ങി ….ഒടുവിൽ വീടും അതിരിക്കുന്ന ഒന്നരയേക്കറും തനിക്ക് നൽകി ബാക്കി അവർ കൊണ്ട് പോയി..

ഇതിനിടയിൽ നാടുവിട്ടുപോയ അൻസാർ സൗദ എന്ന പെണ്ണിനെയും കെട്ടി തിരികെയെത്തിയപ്പോഴും താനിവിടെ തന്നെ ഉണ്ടായിരുന്നു. .. കൂട്ടിനാരുമില്ലാതെ..!!

ഇപ്പോൾ വർഷമെത്ര കഴിഞ്ഞു പോയി. ..
ഉപ്പ കുറച്ചു വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അൻസാർ ഗൾഫിൽ സ്വന്തമായി ഹോട്ടൽ തുടങ്ങാൻ മാത്രം പണക്കാരനായ്…തനിക്ക് ചുറ്റും ധാരാളം മാറ്റങ്ങൾ വന്നു ….മാറ്റമില്ലാത്തത് തനിക്കും, തന്റെ ചീത്തപേരിനും മാത്രം. ..!!

കുറച്ചു ദിവസങ്ങൾക്കു മുമ്പാണൊരു ദിവസം തീരെ പ്രതീക്ഷിക്കാതെ അൻസാർ വീട്ടിലേക്ക് വന്നത് ..,കൂടെ തന്റ്റെ താത്തമാരും അളിയൻമാരും ഉണ്ടായിരുന്നു. ..

അൻസാറിന്റ്റെ ഭാര്യ സൗദയ്ക്ക് എന്തോ ഓപ്പറേഷൻ നടത്തിയപ്പോൾ ശരീരം തളർന്നു പോയി. ..വീട്ടിലെ കാര്യങ്ങൾ എല്ലാം താളംതെറ്റിയിരിക്കുകയാണ്, അപ്പോൾ വീണ്ടും ഒരു കല്ല്യാണമല്ലാതെ വേറെ വഴിയില്ല. ..അതുകൊണ്ട് തന്നെ കല്ല്യാണം കഴിച്ചാൽ കൊളളാമെന്നുണ്ട്. …!

അൻസാറിന്റ്റെ ആവശ്യം ഇരുകയ്യും നീട്ടി എല്ലാവരും സ്വീകരിച്ചപ്പോൾ തനിക്ക് അവരോട് ചോദിക്കാനുണ്ടായിരുന്നത് ഒരു ചോദ്യം മാത്രം ആയിരുന്നു. ..,പക്ഷേ അതും ചോദിക്കേണ്ടി വന്നില്ല ..!!
അതിനു മുമ്പേ അളിയൻ ഉത്തരം തന്നു
‘പണ്ട് ഈ കല്യാണം നടക്കാൻ വിധിയില്ലായിരുന്നു ഇപ്പോഴാണ് അതിന്റെ വിധി….’
അളിയന്റ്റെ വാക്കുകൾ എല്ലാവരും തലക്കുലുക്കി സമ്മതിച്ചപ്പോൾ തന്റെ മനസ്സ് തന്നോട് പറയുന്നുണ്ടായിരുന്നു, വിധിയല്ലിത് പണം കണ്ട് കണ്ണ് മഞ്ഞളിച്ചതാണെന്ന്…!!
പക്ഷേ പറഞ്ഞില്ല തന്റ്റെ വാക്കുകൾ ആര് കേൾക്കാൻ…? ഇപ്പോൾ ഇന്നിതാ ഈ വയസ്സിലൊരു പെണ്ണുകാണൽ. ..!!
പതിനാലാം വയസ്സിൽ സ്നേഹിച്ചവനെ നാൽപ്പത്തിരണ്ടാം വയസ്സിൽ നിക്കാഹ് കഴിക്കാൻ ആയിരിക്കും തന്റെ വിധി….,,,
വിധി…ഓർത്തപ്പോൾ ആമിയുടെ ചുണ്ടിൽ വീണ്ടുമൊരു ചിരി വിടർന്നു…

ന്താണ് കുഞ്ഞാമ ,,ഇങ്ങൾ ഇവിടെ കിനാവ് കാണുകയാണോ. ..?
ഓരെല്ലാം പോയി. ….ഇങ്ങളെ ഉപ്പ പൂമുഖത്തേക്ക് വിളിക്കുന്നുണ്ട്. ..
നസീബ വന്നു പറയവേ ആമിന ചിന്തകളിൽ നിന്നുണർന്ന് അവൾക്കൊപ്പം പൂമുഖത്തേക്ക് നടന്നു..
അൻസാർ പോയ്കഴിഞ്ഞിരുന്നപ്പോൾ…

ആമിനാ ….അപ്പോൾ അന്റ്റെ നിക്കാഹ് ഞങ്ങൾ എല്ലാവരും കൂടി തീരുമാനിച്ചു.. അനക്കെന്തേലും എതിർപ്പ് ഉണ്ടോ….?

ഇല്ല …!!
ഒറ്റവാക്കിലുള്ള അവളുടെ മറുപടി അവർ പ്രതീക്ഷിച്ചിരുന്നു….
അപ്പോൾ ഇനി നമ്മുക്ക് തീരുമാനിക്കാനുളളത് ഈ വീടും സ്ഥലവും വിൽക്കുന്നതിനെ പറ്റിയാണ്….,നിക്കാഹ് കഴിഞ്ഞാൽ അൻസാർ അന്നെ ഓന്റ്റെ കൂടെ ഗൾഫിലേക്ക് കൊണ്ട് പോവും. ..പിന്നെ അനക്കിതിന്റ്റെയൊന്നും ആവശ്യം ഇല്ല. ..അതുകൊണ്ട് ഞങ്ങൾ ഈ കല്യാണം ആലോചിച്ചപ്പോൾ തന്നെ ഈ സ്ഥലത്തിനൊരാളെയും ഏർപ്പാടാക്കിയിരുന്നു…!

മൂത്ത അളിയന്റ്റെ വാക്കുകൾ ആമിനയിൽ യാതൊരു മാറ്റവും വരുത്തിയില്ല….!

‘ഇങ്ങള് കാര്യങ്ങളെല്ലാം ശരിയാക്കിക്കോളീ .. എവിടെയാ ഞാൻ ഒപ്പിട്ടു തരേണ്ടതെന്ന് മാത്രം പറഞ്ഞാൽ മതി..!!

ആമിനയുടെ ശബ്ദം അവരിൽ അത്ഭുതം സൃഷ്ടിച്ചു. …ഇത്ര പെട്ടെന്ന് ഇത് വിൽക്കാൻ ഇവൾ സമ്മതിക്കുകയോ…?
ചെറിയ അളിയൻ പിറുപിറുക്കുന്നത് കേട്ട് കൊണ്ട് അകത്തേക്ക് തിരിഞ്ഞു നടക്കവേ മൂത്ത അളിയന്റ്റെ വാക്കുകൾ ചെവിയിൽ വീണു.. ..”’അവൾക്ക് തിരക്കായിട്ടുണ്ടാവും അൻസാറിന്റ്റെ ബീവിയാവാൻ അതാണ്.””” ..

അതെ അതാണ്. ..ആമി പിറുപിറുത്തു…

^^^^^^^^^^^^^^^^^^^
നസീബ ഇയ്യ് കുഞ്ഞാമയോട് വേഗം ഒരുങ്ങാൻ പറ പളളീന്ന് അവരെല്ലാം ഇപ്പോൾ എത്തും നിക്കാഹ് നടത്താൻ. …!!
മൂത്ത താത്തയുടെ ശബ്ദം അടുക്കളയിൽ നിന്ന് ഉയരവേ കയ്യിലൊരു ബാഗുമായി ആമിന മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതും അൻസാറും പളളിക്കാരും മുറ്റത്തെത്തിയതും ഒരുമിച്ച് ആയിരുന്നു. ..

ആമിന ഇതെന്ത് കോലം ആണെടീ…?
ഇയ്യെന്താ ബാഗും കൊണ്ട്.?

പരിഭ്രമിച്ച മുഖത്തോടെ ചോദ്യങ്ങൾ പല വഴി ആമിനയെത്തേടിയെത്തവേ അവൾ അൻസാറിന്റ്റെ മുന്നിലേക്ക് ചെന്നു…..

“”അൻസാറിക്ക ,, ഒന്നും അറിയാത്ത പ്രായത്തിലൊരിക്കൽ നിങ്ങളെ സ്നേഹിച്ചവളാണ് ഞാൻ ,അതിന്റെ പേരിൽ ജീവിതം നഷ്ടമായവൾ….! നിങ്ങൾ തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ ഞാൻ നിങ്ങളെ കാത്തിരുന്ന കാലത്താണ് നിങ്ങൾ സൗദയെ കല്ല്യാണം കഴിച്ച് ഇവിടേക്ക് തിരിച്ചു വന്നത്. ..അന്ന് എന്റെ മനസ്സിൽ നിങ്ങൾ മരിച്ചു. ..!!
പിന്നെ ഇപ്പോൾ ,, കല്ല്യാണം കഴിച്ച് കഴിഞ്ഞ കുറെ കൊല്ലങ്ങളായി നിങ്ങളുടെ ഒപ്പം നിങ്ങളുടെ കുട്ടികളെ പെറ്റുപോറ്റി വളർത്തിയവൾക്കൊരു തളർച്ച വന്നപ്പോഴേക്കും പ്രായശ്ചിത്തതിന്റ്റെ പേരിൽ പഴയ കാമുകിയെ തിരഞ്ഞു വന്ന നിങ്ങളോട് എനിക്ക് അറപ്പാണ്. .. ഒരായുസ് മുഴുവൻ കൂടെയുണ്ടാവുമെന്ന നിങ്ങളുടെ വാക്കുകൾ വിശ്വസിച്ചു നിങ്ങളുടെ ഒപ്പം ജീവിതം ആരംഭിച്ച ആ പെണ്ണിൻറെ മനസ്സിൽ ഇപ്പോൾ നിങ്ങളുടെ സ്ഥാനം എന്താണെന്ന് ഒന്ന് ചിന്തിച്ചു നോക്ക്…..

ആമിനാ. …!!!
മൂത്ത സഹോദരിയുടെ വിളിയിലാ വീട് കുലുങ്ങിയപ്പോഴും ആമിനയുടെ ചുണ്ടിൽ ചിരിയായിരുന്നു…

”വിളിച്ച് കൂവണ്ട ഇത്താത്താ…. എന്റ്റെ യൗവ്വനവും ചെറുപ്പവും ഞാൻ പാഴാക്കിയതീ വീട്ടിൽ ആണ്..!!
നിങ്ങൾ ഓരോരുത്തരുടെയും മുന്നിലാണ് ..!!
അന്ന് നിങ്ങളുടെ ആരുടേയും കണ്ണിൽ ഞാൻ പെട്ടിരുന്നില്ല…!! എന്നാൽ ഇപ്പോൾ ഇയാളെന്നെ കല്ല്യാണംകഴിച്ച് കൊണ്ട് പോയാൽ ഈ വീടും സ്ഥലവും, ഞാൻ നോക്കാൻ ആളില്ലാതെ വില്ക്കുമ്പോൾ അതിൽ കയ്യിട്ട് വാരാനുള്ള നിങ്ങളുടെ ആഗ്രഹം അറിഞ്ഞു തന്നെയാണ് ഞാൻ എല്ലാം സമ്മതിച്ചത്. ..!!
ഇതുവരെ നിങ്ങൾ ജയിച്ചു ഇനി ഞാനും. ..!!

തന്നെ പകച്ചു നോക്കുന്നവരെ ആമിനയൊന്ന് നോക്കി … ‘”മനസ്സിലായില്ല അല്ലേ…? പറഞ്ഞു തരാം ,,ഈ വീടും സ്ഥലവും വിറ്റ പൈസയിപ്പോൾ എന്റ്റെ കയ്യിലാണ് ….,, മോഹങ്ങൾ ഉണ്ടായിരുന്നു എനിക്ക്, ഒരു ഭാര്യയാവാൻ ,,ഒരു ഉമ്മയാവാൻ ,,,പക്ഷേ ഇപ്പോഴല്ല പണ്ട്. ..അന്ന് നടക്കാതെ പോയ ഒരാഗ്രഹവും ഇപ്പോൾ ഈ പ്രായത്തിൽ ഞാൻ ആഗ്രഹിക്കുന്നില്ല. ..മറിച്ച് ഇപ്പോൾ എനിക്ക് വേറെ കുറെ ആഗ്രഹങ്ങളുണ്ട്….ഒരു സ്ത്രീയുടെ ജീവിതം വിവാഹം മാത്രമല്ലല്ലോ.? എനിക്ക് കുറെ നാടുകളിൽ പോവണം കുറെ സ്ഥലങ്ങൾ കാണണം. ..ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കണം , അവസാന കാലത്ത് ഏതെങ്കിലും ഒരു യത്തീംഖാനയിൽ അന്തേവാസി ആയി എന്നാൽ കഴിയുന്ന സഹായങ്ങൾ എല്ലാവർക്കും ചെയ്യണം… എന്റെ മതം എനിക്ക് തരുന്ന സ്വാതന്ത്ര്യത്തിനുളളിൽ നിന്നീ ജീവിതം ആസ്വദിക്കണം എനിക്ക് …അതിനെനിക്ക് പണം വേണമായിരുന്നു, ,

എന്റെ സമ്പത്തിലേക്ക് മുഖം തിരിച്ചിരിക്കുന്ന നിങ്ങൾ ഒരിക്കലും ഇതൊന്നും വിൽക്കാൻ എന്നെ അനുവദിക്കില്ലാന്ന് മാത്രമല്ല ഞാൻ ശ്രമിച്ചാൽ അത് മുടക്കുക കൂടി ചെയ്യും.., അപ്പോൾ പിന്നെ ഈ അവസരം ഞാൻ അതിനായി ഉപയോഗിച്ചു എന്ന് മാത്രം…!!

ഒരിക്കൽ എന്റെ കാത്തിരിപ്പുകൾ വെറുതെ ആക്കിയ അൻസാറിനോട് ഇങ്ങനെ എങ്കിലും ഒന്ന് പകരം വീട്ടണമെന്ന് തോന്നി. .. അവനിലൂടെ എന്നിലേക്ക് എത്തിചേർന്ന ഈ മൂഹൂർത്തതിനൊരു സാക്ഷിയായ് അവനും വേണം ഇവിടെ. …..,
ഇനി ആരെയും ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല ഞാൻ ഇറങ്ങുകയാണ് എന്റ്റെ ലക്ഷ്യത്തിലേക്ക് എന്നെ തടയാനാരും നിൽക്കരുത് കാരണം തീരുമാനങ്ങളെടുത്തതീ ആമിയാണ്…!!!

തന്നെ പകച്ചുറ്റുനോക്കുന്നവരുടെ ഇടയിലൂടെ കയ്യിലെ ബാഗുമായ് ആമി ഇറങ്ങി നടന്നപ്പോൾ പുറകിൽ അവളവശേഷിപ്പിച്ച കുറെയേറെ ചോദ്യങ്ങൾ മാത്രം ബാക്കിയായ്…..