രചന – മഞ്ജു ദിനേശ്
അത്രമേൽ
**************
നവംബറിലെ ഒരു തണുത്ത പുലർച്ചെ, ഇനിയും ഉറക്കം തീരാതെ കാർത്തിയോട് ചേർന്നു ബ്ലാങ്കറ്റിൽ ഊളിയിടാൻ ശ്രമിക്കുമ്പോളാണ് മൊബൈൽ ശബ്ദിച്ചത്.
“ഈ നേരത്തു ആരാണാവോ?”
“തെല്ലു നീരസത്തോടെ പെട്ടെന്ന് എടുത്തപ്പോൾ അടുത്ത ഫ്ളാറ്റിലെ സാരംഗി ചേച്ചി ആണ്.
“സോറി അമുദ, ‘അമ്മ ഒന്ന് വീണെടാ വാഷ്‌റൂമിൽ.. ഞങ്ങൾ ആസ്റ്ററിൽ പോകുന്നു.. കുട്ടികളെ നോക്കണേ “
തിടുക്കത്തിൽ അതും പറഞ്ഞു അവർ ഫോൺ വച്ചു..
സരോജം ആന്റിയെ ഇന്നലെയും കണ്ടിരുന്നു..
വൈകിട്ടത്തെ ഡാൻസ് ക്ലാസ്സിൽ വൈഷ്ണവിയുമായി വന്നപ്പോൾ എനിക്ക് തരാനായി പുരൻ ബോളിയും കരുതിയിരുന്നു..
ഓർത്തിട്ട് ഒരു സമാധാനവും കിട്ടാഞ്ഞിട്ട് പതിയെ എണീറ്റ് ബാല്കണിയിൽ എത്തിയപ്പോൾ അപ്പുറത്തെ ബാൽക്കണിയിൽ നിന്നും ആന്റി വിളിക്കുന്ന പോലെ..
ഞങ്ങൾ എന്നും ദിവസം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ആ ബാൽക്കണിയിൽ ആണ്.
ദുബായ് നഗരത്തിൽ കിട്ടിയ ആദ്യത്തെ കൂട്ടായിരുന്നു സരോജം ആന്റിക്ക് ഞാൻ. “അമ്മൂട്ടിയെ “എന്നുള്ള വിളിയും , പാലക്കാടൻ ശൈലിയിലുള്ള സംസാരവും എന്റെ ഡാൻസ് നോടുള്ള ഇഷ്ടവും ഞങ്ങളെ വേഗം ആത്മാർത്ഥ സുഹൃത്തുക്കൾ ആക്കി.
സാരംഗി ചേച്ചിയും ചേട്ടനും കുട്ടികളും പോയിക്കഴിഞ്ഞാൽ എന്തെങ്കിലും സ്പെഷ്യൽ ഐറ്റവും ആയിട്ട് ആന്റി ഓടിയെത്തും. പഴയ കാര്യങ്ങൾ പറഞ്ഞു നേരം പോകുന്നത് ഞങ്ങൾ അറിഞ്ഞിരുന്നില്ല.
ആന്റിയുടെ പ്രണയവും ഒളിച്ചോട്ടവും അതുകഴിഞ്ഞുള്ള സന്തോഷം നിറഞ്ഞ ജീവിതവും മക്കളുടെ കാര്യങ്ങളും ഒക്കെ ഏറെ ഉത്സാഹവതിയായി പറഞ്ഞു തീരുമ്പോളേക്കും കുട്ടികൾ സ്കൂളിന്നു വരുന്ന സമയം ആകും..
പിന്നീട് വൈഷ്ണവിയും കൂട്ടി ഡാൻസ് ക്ലാസിൽ വരുമ്പോൾ, കണ്ണിമയ്ക്കാതെ എന്റെയും കുഞ്ഞുങ്ങളുടെയും ഓരോ ചലനങ്ങളും ആസ്വദിക്കുന്ന ആന്റി അക്ഷരാർത്ഥത്തിൽ ചെറുപ്പത്തിൽ നഷ്ടമായ എന്റെ അമ്മയുടെ സ്ഥാനത്തേക്ക് ഞാൻ പോലുമറിയാതെ കടന്നുവന്നു.
പാതി മലയാളിയായ എന്റെ മലയാളം കേൾക്കുമ്പോൾ ആന്റിക്ക് ആദ്യമൊക്കെ ചിരി വരുമായിരുന്നു. “മുകിൽ വേണി” എന്ന എന്റെ കുഞ്ഞിന്റെ പേര് കേട്ടപ്പോൾ കണ്ണുകൾ വിടർന്നതു എന്നും ഓർക്കും ഞാൻ.
മക്കളുടെ കല്യാണവും ജോലിയും ഒക്കെ ആഗ്രഹിച്ചതുപോലെ നടന്നപ്പോൾ, അവരൊക്കെ വിദേശങ്ങളിലേക്ക് ചേക്കേറിയപ്പോൾ, ആന്റിയും
ഗോപി അങ്കിളും ഇണക്കുരുവികളെ പോലെ കഴിഞ്ഞിരുന്ന കാലത്താണ് അങ്കിളിന്റെ അപ്രതീക്ഷിതമായ വേർപാട്..
അതിനു ശഷം തീരെ നിശബ്ദയായി പോയ ആന്റിയെ മക്കൾ മൂന്നുപേരും അവരുടെ താമസ സ്ഥലങ്ങളിൽ മാറി മാറി നിർത്തി നോക്കി പോരുന്നു..
എങ്കിലും പാലക്കാടൻ രീതികളും ഭക്ഷണവും ശീലിച്ച അവർക്കതൊക്കെ വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കി.
മക്കളോട് മുഖം കറുപ്പിച്ച് സംസാരിക്കാൻ മടി ആയതിനാൽ എല്ലാം ഉള്ളിലൊതുക്കി ,സങ്കടത്തോടെ ഭർത്താവിന്റെ ഓർമകളുമായി അവരുടെയൊപ്പം ജീവിക്കുന്നു.
ഒമാനിൽ ഉള്ള മകൻ ഗൗതം കളിയായി പറയുന്നത് ” അമുദ അമ്മയുടെ ഏതോ കൂട്ടുകാരിയുടെ പുനർജ്ജന്മം ആയിരിക്കുമെന്നാ “.
കാനഡയിൽ ഉള്ള സരയൂ വിന്റെ സങ്കടം “അമുദയെ കണ്ടാൽ പിന്നെ അമ്മക്ക് ഇങ്ങോട്ട് വരാനേ തോന്നില്ല” എന്ന്..
സാരംഗി ചേച്ചിക്ക് ഞാനെന്നുമൊരു ആശ്വാസം ആണ്, എനിക്കും.
കൂടെപ്പിറപ്പുകളും ‘അമ്മ യും ഇല്ലാതെ അച്ഛന്റെ ബന്ധുക്കളുടെ കൂടെ തഞ്ചാവൂരിൽ ഇരുട്ട് നിറഞ്ഞൊരു ബാല്യവും കൗമാരവും, നൃത്തത്തിൽ കൂടെ നേടിയെടുത്ത തിളക്കമുള്ള യൗവനവും, കാർത്തിക്കുമായുള്ള വിവാഹവും, മുകിൽ വേണിയുടെ ജനനവും, അച്ഛന്റെ മരണവും ഒക്കെ ഓർക്കാനും മറക്കാനും ആന്റിയുടെ സാമീപ്യം എന്നെ ഏറെ സഹായിച്ചിരുന്നു.
മുകിലിനും കാർത്തിക്കിനും സരോജം ആന്റിയും വീട്ടുകാരും കഴിഞ്ഞേ ബാക്കിയെന്തുമുള്ളൂ…
എപ്പോളും സെറ്റ് മുണ്ട് ഉടുത്തു മുടിയിലൊരു തുളസിക്കതിരും ചന്ദനപൊട്ടും തൊട്ടു നിന്നിരുന്ന ഐശ്വര്യം നിറഞ്ഞ ആന്റി പെട്ടെന്നൊരു നാൾ ചുരിദാറിട്ടു കണ്ടപ്പോൾ അതിശയം തോന്നി.
പ്രായം നന്നെ കുറഞ്ഞു, മുടി കറുപ്പിച്ചു,നെയിൽ പോളിഷ് ഒക്കെ ഇട്ടു ഒരു സുകുമാരി ലുക്ക് ആയി എന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞതു പെട്ടെന്ന് തുടച്ചു അകത്തേക്ക് പോയപ്പോൾ ഞാൻ വല്ലാതെ ആയി..
കാനഡയിൽ അങ്ങനെയേ ചെല്ലാവൂ ന്നു സരയൂ ന്റെ ഭർത്താവു പ്രസാദ് പറഞ്ഞുവത്രേ..
“6 മാസം അല്ലെ പോയി വാ ചുന്ദരി “എന്നും പറഞ്ഞു തിരിയെ പോരുമ്പോൾ ആന്റിയുടെ നിസ്സഹായതയിൽ ഞാനും ഉരുകുന്ന പോലെ..
ശൂന്യമായ ബാൽക്കണിയിൽ ആറുമാസം ഞാനും പോയില്ല.. ആന്റി തിരിയെ വന്നപ്പോൾ ഓണം ആയിരുന്നു..കറുപ്പും വെള്ളി കസവും ചേർന്ന സെറ്റ് മുണ്ട് കൈയിൽ വച്ച് കൊടുത്തപ്പോൾ കൊച്ചു കുട്ടി യെ പോൽ ചിരിച്ചു കൊണ്ടെന്നെ വാരി പുണർന്നു..
“മരിക്കുമ്പോളും ഈ വേഷം വേണമെന്നാ ഗോപിയേട്ടന്.. ന്നെ അങ്ങനെ കാണാനേ ഇഷ്ടുള്ളു മൂപ്പർക്ക്… അത് ഇവറ്റോളോട് പറഞ്ഞ മനസ്സിലാകുമോ അമ്മൂട്ട്യേ? ”
“മരിക്കണ കാര്യം പറഞ്ഞാൽ ഇനി ഡയറി മിൽക്ക് തരൂല്യാ സരോമ്മെ.. ആഹാ.. ” അത് മുകിലിന്റെ വകയുള്ള വഴക്ക്.
“ഇല്യാട്ടോ… ഇനി പറയില്ല്യ… വേറെ ഒരു വിശേഷം ണ്ട്…എല്ലാരും കൂടി ഒന്ന് പാലക്കാട് വരെ പോയിട്ട് വന്നാലൊന്നുള്ള ആലോചന ഉണ്ടെ.. നീയും വായോ അപ്പയെം അമ്മയേം കൂട്ടീട്ട് വേണിക്കുട്ടീ “.
പിന്നെ ഒക്കെ പെട്ടെന്നാരുന്നു..
ഞങ്ങള് മൂവരും അവരുടെ വീട്ടുകാരും ഒക്കെ ആയി നാട്ടിൽ ഒരു ആഴ്ച്ച..
ആന്റി യുടെ ഉത്സാഹം, ഊർജവുമൊക്കെ തിരിയെ വന്നപോലെ….നാട് ചുറ്റാൻ ആർക്കും താല്പര്യമില്ലാത്തതിനാൽ ഞാനും ആന്റിയും മാത്രമായി കുറെ സമയം ചെലവഴിച്ചു.. അവരൊക്കെ മൊബൈലിലും..
പാടവും പറമ്പും അമ്പലവും തൊടിയും കിണറും അയല്പക്കവും ഒക്കെ ആയി സന്തോഷം തോന്നിയ കുറെ നാളുകൾ..
അങ്കിളിന് തിരി വക്കാൻ പോകുമ്പോൾ മാത്രം ആരെയും ആന്റി കൂടെ കൂട്ടുകയില്ല.. എന്തൊക്കെയോ പറഞ്ഞും ചിരിച്ചും കരഞ്ഞും അര മണിക്കൂർ അവരങ്ങനെ നില്കും..
ലോകത്തിലേറ്റവും സന്തോഷം ഉള്ള ഇടം അതാവാം എന്ന് തോന്നിപോയെനിക്ക്..
പോരുന്നതിന്റെ തലേന്ന് എന്നെയും കൂട്ടി അവിടെ ചെന്ന് പറഞ്ഞത് ഇപ്പോളും ന്റെ കാതിലുണ്ട്..
“ഗോപ്യേട്ടാ, ന്റെ അമ്മൂനെ കണ്ടോ? എപ്പോളും പറഞ്ഞിട്ടു ഇപ്പോള കാണിച്ചേന്നോർത്തു വിഷമിക്കരുത്ട്ടോ..
അമ്മൂട്ടിയുള്ളൊണ്ട ഇപ്പോൾ ഞാൻ ഇങ്ങനെ ജീവിക്കണത്.. അവളെ കാണുമ്പോൾ ന്തോ ഞാൻ തന്നെ അല്ലേ ന്നെനിക്ക് തോന്നി പോവാണ്..
“അവൾക്ക് ഞാൻ ‘അമ്മ ആണ് എന്ന് പറഞ്ഞപ്പോൾ നമ്മുടെ മക്കൾ വിളിക്കുന്നതിനേക്കാൾ സന്തോഷം ആയിട്ടോ..
നിങ്ങളുടെ നാളുകൾ ഒരേപോലെ വന്നതും യ്ക്ക് അങ്ങ് അതിശയം ആണുട്ടോ.. അതാവമല്ലേ ന്നോടിത്രേം സ്നേഹം അവൾക്കും, ഗോപ്യേട്ടനെപോലെ ! ഇനീം കൊണ്ടുരാം ട്ടോ ഇങ്ങട്ടെക്ക്.. പോവും നാളെ… ഇനി എന്നാണോ….”
പാതി മുറിഞ്ഞ വാക്കിനാൽ നെടുവീർപ്പോടെ, കണ്ണ് തുടച്ചു എന്റെ കൈയും പിടിച്ചു പോരുമ്പോൾ ഒരു തണുത്ത കാറ്റ് തഴുകി പോയി..
പിന്നീട് ഇടയ്ക്കിടെ അസുഖങ്ങൾ തുടർച്ചയായി വന്നതോടെ സാരംഗി ചേച്ചി ആന്റിയെ എവിടേക്കും വിടാതായി..ആ വീടും ഞങ്ങളുമായി ആന്റി ഒതുങ്ങിപോയെങ്കിലും ആള് നല്ല സന്തോഷത്തിൽ ആയിരുന്നു എപ്പോളും..
“അമ്മൂ… നീ എവിടെ ആണ്? സാരംഗി വിളിക്കുന്നു.. ”
കാർത്തിക്കിന്റെ ശബ്ദമാണ് എന്നെ ഓർമകളിൽ നിന്നും ഉണർത്തിയത് .
“ആ ചേച്ചി.. ആന്റി ക്കു എങ്ങനുണ്ട്… വെപ്രാളത്തോടെ ചോദിക്കുമ്പോൾ
“വികാസ് ചേട്ടൻ ആണ് മോളെ.. ‘അമ്മക്കു നിന്നെ കാണണം ന്ന്.. ഒന്ന് വായോ “.
അതും പറഞ്ഞു ചേട്ടൻ ഫോൺ വച്ചു.
“കുറച്ചു സീരിയസ് ആണെന്ന് കേൾക്കുന്നു… നീ റെഡി ആകൂ അമ്മൂ..”
കാർത്തി ഡ്രസ്സ് മാറാൻ പോകുന്നത് കണ്ടു അന്താളിച്ചു നിന്ന എനിക്ക് തല കറങ്ങുന്ന പോലെ..
പെട്ടെന്ന് അലമാരയിൽ നിന്നും ആന്റിക്ക് കൊടുക്കാനായി വാങ്ങി വച്ച മെറൂൺ കരയുള്ള സെറ്റ് മുണ്ടു പൊതിഞ്ഞെടുത്തു റെഡി ആയി ഹോസ്പിറ്റലിൽ എത്തി..
“ഇന്റെര്ണല് ബ്ലീഡിങ് നിൽക്കുന്നില്ല.. ഇടക്കിടെ ബോധം പോവുന്നു.. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല.. സർജറി വേണോന്നു പറയുന്നു..
പ്രതീക്ഷ ഇല്ല ന്നു പറയുന്നു അവർ.
വികാസ് ചേട്ടൻ കാർത്തിയോട് പിന്നെയും എന്തൊക്കെയോ പറയുന്നിതിനിടെ നിലത്തേക്കൂർന്നു വീണത് മാത്രമേ ഓര്മയുണ്ടായുള്ളൂ എനിക്ക്..
ബോധം വന്നപ്പോൾ ഹോസ്പിറ്റൽ ബെഡ് കണ്ടു പേടിച്ചെണീറ്റ എന്നോട് കിടക്കാൻ പറഞ്ഞു കാർത്തി ശാസിച്ചു..
“ആന്റി ഓക്കേ ആകുന്നുണ്ടെന്നു “പറഞ്ഞു ചേച്ചി വന്നപ്പോളാണ് എനിക്ക് ഇത്തിരി സമാധാനം ആയതു..
“നീ ഒന്ന് പോയി കാണൂ അമുദ, അമ്മയെ “..
ചേച്ചി എന്നേം കൂട്ടി ആന്റി യുടെ അടുത്ത് ചെന്നു…
മുഖമാകെ നീര് നിറഞ്ഞു, തളർന്നു കിടക്കുന്ന ആന്റിയെ കണ്ടപ്പോൾ നെഞ്ചിലൊരു വേദന വന്നു പൊതിയുന്നതായി എനിക്ക് തോന്നി..
“അമ്മേയെന്നും പറഞ്ഞു ആർത്തലച്ചു കരഞ്ഞപ്പോൾ ആന്റി ഒന്ന് അനങ്ങിയതു പോലെ…
“മ്മു” ന്നൊരു ശബ്ദം…
ഡോക്ടർ പെട്ടെന്നോടി വന്നു..
ഒന്നൂടെ വിളിച്ചു നോക്കാൻ പറഞ്ഞു…
വീണ്ടും വീണ്ടും അമ്മേയെന്നു ആർത്തു വിളിച്ചു…
അത്ഭുതം പോലെ ആന്റി കണ്ണ് തുറന്നു!!!
ചേച്ചി എന്നെ ഇറുകെ പുണർന്നു കരഞ്ഞു…
” നീയെന്റെ അമ്മയെ., അല്ല, നമ്മുടെ അമ്മയെ തിരിച്ചു തന്നു” എന്നും പറഞ്ഞു.
***********************************************************************************************
“അമ്മു, ‘അമ്മ തട്ടിപോകുന്നോർത്തു സെറ്റ് മുണ്ടൊക്കെ കൊണ്ടുവന്നതാണ്… എവടെ.. ‘അമ്മ പോകുവോ ?
ആന്റി ന്നുള്ള വിളി മാറ്റാൻ ‘അമ്മ കണ്ടുപിടിച്ച സൂത്രം ആണോ ഈ വീഴ്ച ന്നു എനിക്കൊരു സംശയം ഇല്ലാതില്ല കേട്ടോ സാരംഗി.”
അതും പറഞ്ഞു ചിരിച്ചു കൊണ്ട് വികാസ് ചേട്ടൻ വിഷു സദ്യ കഴിക്കാനിരിക്കുമ്പോൾ നീണ്ട ഒരു വിശ്രമത്തിനു ശേഷം, രണ്ടാം ജന്മത്തിൽ 4 മക്കളുമായി മെറൂൺ സെറ്റ് മുണ്ടും ഉടുത്തു ചുന്ദരിയായി ഞങ്ങളുടെ ‘അമ്മ പായസം കുടിക്കുന്ന തിരക്കിലാരുന്നു…

by