രചന – ഗൗരി ലക്ഷ്മി
ആശുപത്രിയുടെ നീളൻ വരാന്തയിലൂടെ ഓടുമ്പോൾ കാലിനു ഒട്ടും വേഗതയില്ലെന്നു തോന്നി റോയിക്ക്..
അയാളോടൊപ്പം തന്നെ ആദിയും ക്രിസ്റ്റിയുമുണ്ടായിരുന്നു..
ജോളിമ്മയുമായി അല്ലി പിന്നാലെ നടന്നു ചെല്ലുന്നുണ്ടായിരുന്നു..
ജോയി..
നെഞ്ചുതകർന്നു റോയ് ഐ സി യുവിന് മുൻപിലുള്ള കസേരയിലിരുന്ന ജോയിയെ വിളിച്ചു..
അയാൾ മുഖമുയർത്തി റോയിയെ ഒന്ന് നോക്കി..
റോയിച്ചാ.. എന്റെ സ്റ്റെഫി..
എന്നാടാ… എന്നാ എന്റെ കൊച്ചിന് പറ്റിയെ..
റോയ് ജോയിയോടത് ചോദിക്കുന്നത് കണ്ടുവന്ന ജോളിമ്മ ആ നിമിഷം വർഷങ്ങൾക്ക് മുൻപുള്ള ഇതുപോലെ ഒരു ദിവസത്തിലേയ്ക്ക്.. ആ നശിച്ച ഓർമകളിലേക്ക് ഊളിയിട്ടു..
ഇതുപോലെ റോയ് തകർന്നു നിന്ന ദിവസം..
തന്റെ സാറമോളീ ഭൂമിവിട്ടു പോയ ദിവസം..
സാറമോളെ പോലെ കൊണ്ടുനടന്നു വളർത്തിയതാണ് സ്റ്റെഫിയെയും അയാൾ എന്നവരോർത്തു..
ജോളിമ്മ അയാളെ നോക്കി..
തകർന്നു നിൽക്കുകയാണ് അയാളെന്നു തോന്നിയതും അവർ അയാൾക്കരികിൽ ചെന്ന് അയാളുടെ തോളിൽ ചേർത്ത് പിടിച്ചു…
താനുണ്ട് കൂടെ എന്ന പോലെ..
എന്നാ ജോയി.. പറയ്..
റോയിച്ചൻ വീണ്ടും ചോദിച്ചു..
എനിക്കറിയില്ല റോയിച്ചാ..
അങ്ങോട്ട് ഇറങ്ങിയതാ.. അപ്പോഴാ എനിക്കൊരു കോൾ വന്നേ.. അത്യാവിശമായി എന്റെ കൂട്ടുകാരന് ഹോസ്പിറ്റൽ കേസിനൽപ്പം കാശ് ചോദിച്ചപ്പോ അവളോട് പൊക്കോളാൻ പറഞ്ഞു ഞാൻ.. അവൻ വന്നപ്പോ ഒരരമുക്കാ മണിക്കൂർ കഴിഞ്ഞു..
കാശും കൊടുത്തു വീടും പൂട്ടി അങ്ങോട്ടിറങ്ങിയപ്പോഴാ എനിക്കും ആസ്പത്രീന്നു കോൾ വരുന്നത്..
റോയിച്ചാ.. എന്റെ സ്റ്റെഫി..
എനിക്ക് അവളെയുള്ളൂ. വേറാരുമില്ല റോയിച്ചാ..
ജോയ് കരഞ്ഞു കൊണ്ടയാളുടെ നെഞ്ചിലേക്ക് വീഴുമ്പോൾ റോയ് അയാളെ ചേർത്തുപിടിക്കുന്നുണ്ടായിരുന്നു..
ഞാൻ.. ഞാനവളെ വിടേണ്ടായിരുന്നു.. എന്റെ കൂടെ കൊണ്ടുവന്നാ മതിയായിരുന്നു..
ജോയിച്ചൻ എന്തൊക്കെയോ പദം പറഞ്ഞു കരയുന്നുണ്ടായിരുന്നു..
അത്രനേരവും തകർന്നിരുന്ന ഒറ്റപ്പെട്ടുപോയ ഒരു മനുഷ്യനൊരു താങ്ങ് കിട്ടിയത് പോലെ അയാൾ റോയിച്ചനെ ചേർന്നു നിന്നു..
ആദി ചെന്നു റോയിച്ചനെ മാറ്റി ജോയിച്ചനെ പിടിച്ചെടുത്തിരുത്തി..
മക്കളെ.. സ്റ്റെഫി.. നിങ്ങക്ക് ഇഷ്ടമാണെന്നും പറഞ്ഞു കട്ലറ്റ് വരെ ഉണ്ടാക്കി ഇറങ്ങിയതാ അവൾ..
ജോയിച്ചനെ ആദി ചേർത്തു പിടിച്ചപ്പോൾ റോയിച്ചനെ ചേർത്തുപിടിച്ചു ക്രിസ്റ്റി കൂടെയിരുത്തി..
മണിക്കൂറുകൾ യുഗങ്ങൾ പോലെ മുൻപോട്ട് നീങ്ങി..
സ്റ്റെഫിക്ക് ബ്ലഡ് ഒരുപാട് നഷ്ടപ്പെട്ടിരുന്നു..
എ ബി പൊസിറ്റിവ് ബ്ലഡ് വേണ്ടതിനാൽ ആദിയും ക്രിസ്റ്റിയും ബ്ലഡ് ബാങ്കിലും മറ്റുമായി ഓടി നടക്കുകയായിരുന്നു..
ഏകദേശം രാത്രിയായപ്പോഴാണ് സ്റ്റെഫിയെ ഒന്ന് കാണാൻ പോലും അനുവാദം കിട്ടിയത്..
റോയിച്ചനും ജോയിയും കൂടിയാണ് പോയത്….
ഐസിയുവിൽ ജീവനുവേണ്ടി പിടയുന്ന കുഞ്ഞുപെങ്ങളെ കണ്ടു നെഞ്ചുപൊട്ടി റോയ് നിൽക്കുമ്പോൾ വര്ഷങ്ങളോളമായി പരസ്പരം താങ്ങായും തണലായും നിന്ന സ്നേഹത്തെ നോക്കി ജോയിയും തകർന്നു നിന്നു..
**********************
ഇരിക്ക്..
ഡോക്ടർ പറഞ്ഞതും റോയിയും ആദിയും ക്രിസ്റ്റിയും ഇരുന്നു.
പേഷ്യന്റിനെ കണ്ടോ..
മ്മ്..
റോയ് മൂളി..
നിങ്ങൾ അവരുടെ..
ഇച്ചായനാണ്.. ഇതെന്റെ മക്കളാ..
റോയ് പറഞ്ഞു..
അവരുടെ ഹസ്ബൻഡ്..
പുറത്തുണ്ട് .. ആകെ തകർന്നു നിൽക്കുവാ ഡോക്ടറെ..
റോയ് പറഞ്ഞു..
മക്കളൊക്കെ..
ആന്റിക്ക് മക്കളില്ല..
ക്രിസ്റ്റിയാണ് മറുപടി പറഞ്ഞത് .
ഡോക്ടർ ഒന്ന് നെടുവീർപ്പിട്ടു..
സീ.. പേഷ്യന്റിനെ തലയ്ക്കാണ് മാരകമായി പരിക്കേറ്റിരിക്കുന്നത്.. ഇവിടെ എത്തിക്കുമ്പോൾ വളരെ ക്രിട്ടിക്കലായിരുന്നു കണ്ടിഷൻ.. ജീവൻ രക്ഷിക്കാൻ കഴിയുമെന്നുപോലും ഉറപ്പില്ലായിരുന്നു. ബട് ഗോഡ്സ് ഗ്രേസ്.. ജീവൻ നമുക്കിത്ര നേരവും പിടിച്ചു നിർത്താൻ കഴിഞ്ഞു..
നിലവിൽ ബ്രെയ്‌നിൽ ബ്ലഡ് ക്ലോട്ടിങ് ഉണ്ട്. അത് റിമൂവ് ചെയ്താലേ തുടർന്നുള്ള ട്രീറ്റ്മെന്റ് നടക്കൂ..
ഇനി എത്രയും വേഗം ഒരു സർജറിയാണ് നമുക്ക് ചെയ്യാനുള്ളത്.. അറിയാല്ലോ.. ബ്രെയിൻ സർജറി എല്ലാം റിസ്കി ആണ് . പക്ഷെ ഇവിടെ പേഷ്യന്റിന്റെ ജീവൻ പിടിച്ചുനിർത്താൻ വേറെ വഴിയില്ല..
എന്ത് വേണേലും ചെയ്യാം ഡോക്ടറെ. എന്റെ കൊച്ചിനെ എനിക്ക് തിരിച്ചു തന്നാൽ മതി.. ഈ ലോകത്ത് സ്വന്തമെന്നു പറയാൻ കുറച്ചുപേരെ എനിക്കുള്ളൂ..
റോയ് കേഴും പോലെ പറഞ്ഞു..
പേടിക്കേണ്ട. പ്രാർത്ഥിക്കൂ.. ബാക്കിയൊക്കെ ആ ശക്തിയുടെ കയ്യിലാണ്..
ഡോക്ടർ റോയുടെ കൈ പിടിച്ചു പറഞ്ഞു..
സർജറിക്കുള്ള കൺസെന്റ് റോയ് ഒപ്പിട്ടു നൽകുമ്പോഴും കരഞ്ഞു പ്രാർത്ഥിക്കുകയായിരുന്നു ജോളിമ്മ..
മണിക്കൂറുകൾക്കപ്പുറം സർജറി കഴിഞ്ഞു സ്റ്റെഫിയുടെ ജീവൻ സുരക്ഷിതമാണെന്ന്
പറയും വരെയും ഓരോരുത്തരും പ്രാർത്ഥനയിലായിരുന്നു..
അത്രമേൽ നൈർമല്യതയോടെ..
**************
ഈ മെഡിസിൻ ഒന്ന് വാങ്ങി തരണേ.. ഇവിടെ സ്റ്റോക്ക് ഇല്ല.. പുറത്തുനിന്ന് വാങ്ങണം..
നേഴ്സ് വന്നു പറഞ്ഞതും ആദിയാ പ്രസ്‌ക്രിപ്ഷൻ കയ്യിൽ വാങ്ങി..
ഞാൻ പോകാടാ..
ഹേയ്.. നീ ഇരിക്ക്.. ഞാൻ പോയിട്ട് വരാം…
ദേ റോയിച്ചാ മൂന്നാളോടും കൂടെയാ.. മര്യാദയ്ക്ക് ഫുഡ് എടുത്തു കഴിച്ചേ..
സർജറി ഒക്കെ സേഫായി കഴിഞ്ഞില്ലേ . ഇനി നോക്കിക്കോ സ്റ്റെഫിയാന്റി ഓടി നടക്കാൻ പാകത്തിന് ഇറങ്ങിവരും.. അപ്പോ ഇങ്ങനെ എല്ലാം കൂടെ ഒടിഞ്ഞു തൂങ്ങിയിരുന്നാൽ എങ്ങനാ.. അതോണ്ട് ഡാ അല്ലി.. ഫുഡ് എടുത്തേ.. എല്ലാവരും കൈകഴുകി ഇരിക്ക്.. ഞാനിത് വാങ്ങീട്ടു വരാം..
ആദി പറഞ്ഞു..
അല്ലി എഴുന്നേറ്റ് ക്രിസ്റ്റിയും ആദിയും കൂടെ വീട്ടിൽ നിന്നെടുത്തുകൊണ്ടുവന്ന പാത്രങ്ങൾ കഴുകി കൊണ്ടുവന്നു.
ക്രിസ്റ്റിയും അല്ലിയും ചേർന്നത് വിളമ്പുന്നത് നോക്കിയിരിക്കുമ്പോഴും ആ മൂന്ന് മുഖങ്ങളിലും സന്തോഷത്തിൻ്റെ കണിക പോലും ഉണ്ടായിരുന്നില്ല..
സ്റ്റെഫിയ്ക്ക് ബോധം വരാത്തതിൻ്റെ വേദന മാത്രമയിരുന്നു ഓരോ മനസ്സിലും..
ആദി പുറത്തേക്കിറങ്ങി..
*******************
മരുന്ന് വാങ്ങി തിരികെ വന്നതും ഹോസ്പിറ്റൽ സ്റ്റെയറിൻ്റെ റെയിലിൽ ചാരി താഴേയ്ക്ക് നോക്കി നിൽക്കുന്ന ആളെ കണ്ടവൻ തറഞ്ഞു നിന്നുപോയി..
കാർത്തി..
അവനു ദേഷ്യം വന്നു..
കാർത്തി..
ദേഷ്യത്തോടെ അവനു പിന്നിൽ ചെന്ന് വിളിച്ചതും കാർത്തി തിരിഞ്ഞു നോക്കി .
നീയെന്താ ഇവിടെ..
ആദി തെല്ല് ശാന്തമായി ചോദിച്ചു..
നീയെന്താ ഇവിടെ.. അതിന് തന്നെ..
ആദി മനസ്സിലാകാതെ നിന്നു..
അല്ലി ഇവിടെയാണ്.. അതുകൊണ്ട് ഞാനും ഇവിടെയാണ്..
കാർത്തി തൻ്റെ വാക്കുകൾ വ്യക്തമാക്കി..
കാർത്തി.. ഞാൻ വീണ്ടും പറയുകയാണ്.. ആവശ്യമില്ലാത്ത കാര്യങ്ങളാണ് നീയിപ്പോ ചെയ്യുന്നത്.. കുറച്ചുനാൾ മുൻപ് അതായത് ഞങ്ങളുടെ കല്യാണത്തിന് മുൻപായിരുന്നു നീയിതൊക്കെ ചെയ്തിരുന്നെങ്കിൽ അതിന് ന്യായീകരണം ഉണ്ടായേനെ.. ഇതിപ്പോ ഒരാവശ്യവും ഇല്ലാതെ ഞങ്ങളുടെ ജീവിതത്തിലേയ്ക്ക് ഇടിച്ചുകയറുകയാണ് നീ..
ആദി പറഞ്ഞു… പറയുമ്പോൾ പലപ്പോഴും ദേഷ്യം അധികരിച്ച് വന്നെങ്കിലും ഒരു പ്രവോക്കേഷൻ താനായി ഉണ്ടാക്കരുത് എന്ന രീതിയിലാണ് അവൻ സംസാരിച്ചത്..
കാർത്തി ഒന്ന് ചിരിച്ചു..
തുറന്നു പറയാല്ലോ ആദി.. എനിക്ക് നിന്റടുത്ത് ഒരു പ്രശ്നവുമില്ല.. പക്ഷെ അല്ലി.. എനിക്കവളെ വേണം..
സ്നേഹിച്ചു പോയി ഞാൻ.. നഷ്ടപെട്ടപ്പോഴാണ് അതിന്റെ മൂല്യം മനസ്സിലായത്.. അതുകൊണ്ട് തന്നെ ഇനി കൈവിട്ടുകളയാൻ എനിക്ക് വയ്യ.. എനിക്ക് അല്ലിയെ കാണണം സംസാരിക്കണം.. അതിനേറ്റവും നല്ല ഒരു സാഹചര്യം ക്രിയേറ്റ് ചെയ്യാനാണ് ഇത്രയും കഷ്ടപ്പെട്ട് ഞാനിങ്ങനെ നിങ്ങളുടെ പുറകെ നടക്കുന്നത്..
കാർത്തി ശാന്തമായിതന്നെ സംസാരിച്ചു..
ആദി പല്ലുഞെരിച്ചു..
ഇതൊരാശുപത്രിയാണ്.. ഞങ്ങൾ ഓരോരുത്തരും ഒരുപാട് ടെൻഷനോടെയാണ് നിൽക്കുന്നത്.. വെറുതെ നീയായി എന്നെ പ്രവോക്ക് ചെയ്യരുത്.. സത്യത്തിൽ ക്ഷമയുടെ ഏറ്റവും അറ്റത്താണ് ഞാനിപ്പോ.. നീ പോകാൻ നോക്ക്..
അല്ലിക്ക് നിന്നെ ഏതായാലും കാണേണ്ട.. കാണണമെങ്കിൽ അതിനവളെ ആരും തടഞ്ഞിട്ടല്ല അവൾ നിന്നെ തേടി വരാതിരുന്നത്.. അവൾക്ക് താത്പര്യമില്ലാഞ്ഞിട്ടാണ്.. ഇനി അവൾക്കെന്നെങ്കിലും താല്പര്യം വന്നാൽ അപ്പൊ അറിയിക്കാം.. അല്ലാതെ ആവശ്യമില്ലാതെ ഞങ്ങളുടെ ജീവിതത്തിൽ കേറി കളിച്ചാൽ.
കാർത്തി.. ഞാൻ വീണ്ടും പറയുന്നു.. ആദിയുടെ ഒരു മുഖം മാത്രമേ നിനക്ക് പരിചയമുളളൂ.. എന്നെക്കൊണ്ട് വെറുതെ ഓരോന്നു ചെയ്യിക്കരുത്..
ഒരു താക്കീതെന്നോണം അതും പറഞ്ഞാദി നടന്നു..
ആദി..
കാർത്തിയുടെ വിളിയിൽ അവൻ തിരിഞ്ഞു നോക്കി..
ആർ യു ഇൻ ലവ് വിത്ത് ഹെർ..
കാർത്തിയുടെ ചോദ്യത്തിന് മുൻപിൽ ഒരു നിമിഷം അവനുത്തരമില്ലാതെ നിന്നു..
ഐ ഡോണ്ട് വാണ്ട് ടു എക്‌സ്‌പ്ലൈൻ ഇറ്റ് ടു യു.. മൈന്റ് യോർ ഓൺ ബിസിനസ്സ്…
അതും പറഞ്ഞാദി തിരിഞ്ഞു..
നീ അവളുടെ ലൈഫാണ് കളയുന്നത് ആദി..
ആദി അവനെ തിരിഞ്ഞു നോക്കി..
ഞാനല്ല നീയാണ് അവളുടെ ലൈഫ് കളയുന്നത്.. ഒരു താത്പര്യവുമില്ലാതെ അവളെ ഭാര്യയാക്കി നിർത്തിയിരിക്കുകയാണ്.. ആ കെട്ടുപാടിൽ നിങ്ങൾക്ക് രണ്ടാൾക്കും താൽപര്യമില്ല.. പക്ഷെ എന്നിട്ടും ഒരു ചങ്ങല പോലെ ആ താലി കൊണ്ടവളെ നീ പൂട്ടിയിടുകയാണ്..
എന്ത് ലാഭമാ നിനക്ക് കിട്ടുന്നത്.. ഓകെ. നിനക്കൊരു ലൈഫ് വേണമെന്നില്ല.. പക്ഷെ അല്ലി.. അവൾക്ക് മുൻപിൽ നല്ലൊരു ജീവിതമുണ്ട്.. ഞങ്ങൾക്കൊരു നല്ല ലൈഫ് ഉണ്ടാകാം.. അതാണ് നീ തടയുന്നത്.. എന്തിനു വേണ്ടി..
കാർത്തിയുടെ വാക്കുകൾക്ക് മുൻപിൽ ആദി തറഞ്ഞു നിന്നുപോയി..
ടെൽ മി ആദി.. എന്ത് ലാഭം.. കഴിഞ്ഞതെല്ലാം മറന്നു ഇന്നലെ വരെ ഫ്രണ്ടായി കണ്ട നിന്നെ ഭർത്താവായി അല്ലി കാണുമെന്നു നീ കരുതുന്നുണ്ടോ.. ഇല്ല.. നിനക്കറിയാം അത് നടക്കില്ല എന്നു.. പക്ഷെ നിനക്ക് പിന്മാറാൻ താൽപര്യമില്ല.. സോ.. യു ആർ ഇൻ ലവ്.. അല്ലെ..
ആദി ഒന്നും മിണ്ടിയില്ല..
യു ആർ നോട്ട് ഹെൽപിങ് ഹെർ.. യു ജസ്റ്റ് സ്പോയിൽ ഹെർ ലൈഫ്..
മേ ബി.. അതിന് നിനക്കെന്തെടാ പുല്ലേ..
ആദി ശബ്ദം തീരെ കുറച്ചു എന്നാൽ അത്യധികം ദേഷ്യത്തിൽ അവനു അരികിലേക്ക് ചെന്നു ചോദിച്ചു..
നീ പറഞ്ഞ ദിവ്യ പ്രേമം ഉണ്ടല്ലോ.. ആ ദിവ്യ പ്രേമം അത്രയ്ക്ക് നിറഞ്ഞു തുളുമ്പി നിൽക്കുവായിരുന്നേൽ ആ ദിവസം എല്ലാർക്കും മുൻപിൽ അവളും ഞാനും ചെയ്യാത്ത തെറ്റിന് തലകുനിച്ചു നിന്നപ്പോ എവിടായിരുന്നു നിന്റെ നാക്ക്.. ആർക്കേലും അറക്കാൻ കൊടുത്തിരുന്നോ. അന്ന് നിന്റമ്മയടക്കം എല്ലാരും ചേർന്നു എന്നേം അവളേം ക്രൂശിക്കുവായിരുന്നല്ലോ..ആ നേരം അവളെ ഒന്ന് ചേർത്തുപിടിക്കാൻ കഴിഞ്ഞോ നിനക്ക്.. ഇല്ലല്ലോ..
അന്ന് എനിക്കവളും അവൾക്ക് ഞാനുമേ ഉണ്ടായിരുന്നുള്ളൂ.. അത് കഴിഞ്ഞും.. നിന്നെ പ്രണയിച്ചതിന്റെ പേരിൽ അവൾ നെഞ്ചുപൊട്ടി കരഞ്ഞപ്പോൾ നീ കണ്ടിരുന്നോ.. പക്ഷെ ഞാൻ കണ്ടിരുന്നു.. അന്നും അവൾക്ക് ഞാനേ ഉണ്ടായുള്ളൂ.. പിന്നെ കല്യാണം ജീവിതം.. അത് ഞങ്ങളുടെ പേഴ്‌സണൽ കാര്യം.. അതിലിടപെടാൻ നീയാരാ. നിനക്കെന്താ അവകാശം..
ആദി പുച്ഛത്തിൽ ചിരിച്ചു..
ഇനി അവളെ പിടിച്ചു വെച്ചാലും ലൈഫ് സ്പോയിൽ ആക്കിയാലും ഞാനൊരിക്കലും നിന്നെപ്പോലെ അവളെ തള്ളിപറയില്ല.. അതിനി ജീവൻ പോയാലും.. അതാടാ കാർത്തിയ്ക്ക് മുകളിൽ അല്ലിയുടെ ജീവിതത്തിൽ ഈ ആദിയുടെ സ്ഥാനം.. അതുകൊണ്ട് നീ പോ.. നീ മുൻപിൽ നിൽക്കുന്ന ഓരോ നിമിഷവും എനിക്ക് നിന്നോട് തോന്നുന്നത് പുച്ഛമാണ്.. പിന്നെ ഒരു കാര്യം കൂടെ നീ വ്യക്തമായി കേട്ടോ..അഥവാ ഇനി അല്ലിയും ഞാനും വേര്പിരിഞ്ഞാൽ പോലും എന്റെ മനസ്സോടെ അവളെ നിനക്ക് ഞാൻ വിട്ടുതരില്ല.. ജസ്റ്റ് ബിക്കോസ് യു ഡോണ്ട് ഡിസേർവ് ഹെർ..
കേട്ടോടാ പുല്ലേ..
പല്ലു ഞെരിച്ചത്രയും പറഞ്ഞ ശേഷം അവൻ തിരിഞ്ഞു നടന്നു..
കയ്യിലിരുന്ന മരുന്ന് ഐ സിയുവിൽ കൊടുത്ത ശേഷം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ റൂമിലേയ്ക്ക് അറിയിക്കാനുള്ള ഏർപ്പാടും ചെയ്തവൻ മടങ്ങി വരുമ്പോഴും ചുണ്ടിലൊളിപ്പിച്ച ഗൂഢമായ ചിരിയോടെ കാർത്തി അവിടെ തന്നെ ഉണ്ടായിരുന്നു..
എന്തോ തീരുമാനിച്ചുറപ്പിച്ചെന്ന പോൽ..
*********************
സ്റ്റെഫിയുടെ ഡോക്ടർക്ക് മുൻപിൽ ഓപ്പറേഷൻ നടന്നു 13 മണിക്കൂറിനു ശേഷം വീണ്ടും ചെന്നിരിക്കുമ്പോഴും റോയിയുടെയും ജയിംസിന്റെയും ക്രിസ്റ്റിയുടെയും ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരുന്നു..
ഡോക്ടർ മുന്പിലിരിക്കുന്നവരെ ഒന്ന് നോക്കിയ ശേഷം വീണ്ടും കയ്യിലിരുന്ന റിപ്പോർട്ടുകളിലേയ്ക്ക് ഊളിയിട്ടു…
അല്പനിമിഷം കഴിഞ്ഞതും തന്റെ കണ്ണട നേരെ വെച്ചു അയാൾ റോയിയെ നോക്കി..
ഡോക്ടർ.. എന്റെ സ്റ്റെഫി..
ജോയ് വിങ്ങി..
ഡോക്ടർ അവരെ നോക്കി..
സീ.. സർജറിക്ക് മുൻപേ ഞാൻ സൂചിപ്പിച്ചതാണ് പേഷ്യന്റിന്റെ അവസ്ഥ.. സർജറി സക്‌സസ് ആയി നടന്നു.. തലച്ചോറിലുണ്ടായിരുന്ന ബ്ലഡ് ക്ലോട്ട് റിമൂവ് ചെയ്തു.. പക്ഷെ നിലവിലെ പേഷ്യന്റിന്റെ സ്ഥിതി അല്പം മോശമാണ്..
എല്ലാവരും ഞെട്ടി ഡോക്ടറെ നോക്കി..
ജീവന് ഭീഷണിയില്ല നിലവിൽ.. പക്ഷെ..
സ്റ്റെഫി നിലവിൽ പാരലൈസ്ഡ് ആണ്.. അതായത് ആളുടെ ശരീരം ചലിപ്പിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ്..
ആ വാക്കുകളുടെ പ്രകമ്പനം തന്റെ ഹൃദയത്തിലാണ് മുഴങ്ങുന്നതെന്നു റോയിക്ക് തോന്നി.. പ്രതീക്ഷയുടെ ഏതോ കിരണം കണ്ടത് പോലും നിറം മങ്ങി ഏതോ വിദൂരതയിൽ ഇരുട്ടിൽ മാഞ്ഞു പോകുന്നത് അയാളാ ഇരുപ്പിൽ തിരിച്ചറിയുകയായിരുന്നു..
വേദനയോടെ…
തുടരും..

by