രചന – നിവേദ്യ ഹരിഹരൻ
📱 ഗായത്രീ…
ഗായത്രി കേൾക്കുന്നുണ്ടോ..??
“മ്മ്…
കേൾക്കാം…
“അന്ന്…
ഹോസ്റ്റലിൽ വച്ചുണ്ടായത്…
തന്നെ കരുതികൂട്ടി ചതിക്കാൻ ആയിരുന്നില്ല എന്റെ ഉദ്ദേശ്യം..
കുറച്ച് ബിയർ അകത്ത് ചെന്നപ്പോൾ
അതങ്ങനെ സംഭവിച്ചു പോയതാ…
ആ പ്രായത്തിലെ ബുദ്ധിമോശം…
പിന്നെ ആ സമയത്ത് തന്നോടുണ്ടായ എന്റെ നിശബ്ദമായ പ്രണയം…
അത് തുറന്നു പറയാൻ വേണ്ടിയാ അന്നു ഞാൻ തന്നെ കാണാൻ വന്നത്…
കൂട്ടുകാർ വാശിപിടിപ്പിച്ചപ്പോൾ …
ഒരു നിമിഷം എന്റെ മനസ്സ് കൈവിട്ടു പോയി..
ഒരു നിമിഷം അയാൾ അന്നത്തെ 21 കാരനായി.
“നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പറയാൻ കഴിഞ്ഞു ജോർജ് ..
പക്ഷേ ഞാൻ കടന്നു പോയ അവസ്ഥകൾ..
ആ ട്രോമ ..
അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാകില്ല..
ഗായത്രിയ്ക്ക് നിയന്ത്രണം വിട്ടു..
“മനസ്സിലാകും ഗായത്രി..
കാരണം നീ അന്നു കോളേജിൽ നിന്നും പോയ ശേഷം എനിയ്ക്കെന്റെ ഉറക്കം നഷ്ടമായി..
എന്റെ കളിചിരികൾ, സന്തോഷം എല്ലാം..
നിന്റെ കൂടെ എന്നിൽ നിന്നും അകന്നു പോയി..
“എന്തിനേറേ …
ഗായത്രി പോയ ശേഷം ഇന്നേ വരെ എന്റെ മക്കൾക്കു വേണ്ടി പോലും ഞാനൊരു മൂളിപ്പാട്ടു പാടിയിട്ടില്ല..
സംഗീതം എനിയ്ക്കെത്ര പ്രിയപ്പെട്ടതായിരുന്നെന്ന് മറ്റാരേക്കാൾ ഗായത്രിയ്ക്ക് അറിയാവുന്നതല്ലേ…
എത്ര തവണ താൻ തന്നെ ചോദിച്ചിട്ടുണ്ട് ജോർജിന് പാട്ട് ഭ്രാന്താണല്ലേന്നു..
താൻ പോയതോടെ ആ ഭ്രാന്തും എന്നിൽ നിന്നും പോയി ഗായത്രി…
ദുഃഖത്തിന്റെ വേലിയേറ്റങ്ങളിലൂടെയായിരുന്നു ജോർജിന്റെ സംസാരം..
അതിന്റെ അലകൾ ഗായത്രിയിലും പ്രതിഫലിച്ചു..
അവൾ മൗനിയായി.
“കോളേജിൽ ഞാൻ സ്വയം എന്നെത്തന്നെ ഒറ്റപ്പെടുത്തി..
ആർക്കും മുഖം കൊടുക്കാതെ മിണ്ടാതെ ഞാൻ ഏകനായ് നടന്നു..
കൂട്ടുകാരെ ഉപേക്ഷിച്ചു.
അതായിരുന്നു ഞാൻ എനിയ്ക്ക് കൽപ്പിച്ച ശിക്ഷയും..
ഒരു പക്ഷേ ഗായത്രി തന്നേക്കാളേറെ ആ സംഭവത്തിൽ നീറിയൊടുങ്ങിയവനാണ് .. ഞാൻ..
അയാളുടെ തൊണ്ടയിടറി..
വാക്കുകൾ മുറിഞ്ഞു..
“ഇപ്പോഴും ഉറക്കത്തിൽ ഇടയ്ക്ക് ഞാൻ ഞെട്ടി ഉണരും..
തന്റെ അന്നത്തെ കരച്ചിൽ എന്റെ കൺമുന്നിൽ തെളിഞ്ഞിട്ട്…
അതോടെ എന്റെ ഉറക്കം പോകും…
പിന്നെ നേരം വെളുക്കും വരെ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കും..
എന്റെ ഭാര്യ സാറ എപ്പോഴും പറയും ഗായത്രിയെ കണ്ടുപിടിച്ച് മാപ്പ് പറയണമെന്ന്..
വലിയ തെറ്റാ ഞാൻ ചെയ്തതെന്ന് ..
പക്ഷേ എനിക്ക് പേടിയായിരുന്നു തന്നെ മുഖാമുഖം കാണാൻ..
ജോർജ് അപ്പുറത്ത് വിങ്ങിപൊട്ടുകയാണെന്ന് ഗായത്രിക്ക് തോന്നി..
എന്തോ പിന്നെയും അയാളെ വേദനയുടെ കയത്തിലേക്കു തള്ളിയിടാൻ അവളുടെ മനസ്സനുവദിച്ചില്ല..
“ഇനിയൊരു മാപ്പുപറച്ചിലിന്റെ ആവശ്യമില്ല ജോർജ്ജ് ..
നിങ്ങളന്ന് തെറ്റ് ഏറ്റുപറഞ്ഞ കാര്യം അന്നേ എന്റെ അപ്പാവ് എന്നോട് പറഞ്ഞിരുന്നു..
ഒരു ജ്യേഷ്ഠന്റെ സ്ഥാനം ആദ്യമേ ഞാൻ നിങ്ങൾക്ക് കൽപ്പിച്ചു തന്നതുകൊണ്ട് നിങ്ങളോടുള്ള പകുതി ദേഷ്യവും അന്നേ ഇല്ലാതായതാണ്.
വളരെ സൗമ്യമായിരുന്നു ഗായത്രിയുടെ മറുപടി..
“പിന്നെ നിങ്ങളുടെ ആ തെറ്റിൽ അന്നു ഞാൻ ഒരുപാട് വേദനിച്ചെങ്കിലും പിന്നീടെന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ നല്ല കാര്യങ്ങൾ തന്നെയായിരുന്നു..
എന്നെ ജീവനുതുല്യം സ്നേഹിച്ച ബാലേട്ടൻ..
എന്റെ മക്കൾ…
ഈ ജോലി…
ഇതൊക്കെ ഒരു പക്ഷേ ഞാനവിടെ നിന്നിരുന്നെങ്കിൽ എനിയ്ക്ക് ലഭിക്കില്ലായിരുന്നു..
ഗായത്രി നെടുവീർപ്പിട്ടു.
“എങ്കിലും മാപ്പ് ഗായത്രി…
വർഷങ്ങൾക്കിപ്പുറം എന്റെ തെറ്റ് ഞാൻ ഏറ്റുപറയുന്നു..
ക്ഷമിക്കണം…
അപേക്ഷയാണ്…
ജോർജിന്റെ ശബ്ദം വിറച്ചു..
“അതു വിട്ടേയ്ക്കു ജോർജ് .
എബിഡോക്ടർ നിങ്ങളുടെ മകനാണെന്ന് അറിഞ്ഞപ്പോഴേ എന്റെ ബാക്കിയുണ്ടായിരുന്ന ദേഷ്യവും അലിഞ്ഞില്ലാതായതാണ്…
എന്ത് നല്ല കുട്ടിയാ അവൻ..
മുതിർന്നവരോടുള്ള പെരുമാറ്റം സ്നേഹം ഒക്കെ ഇന്നത്തെ ആൺകുട്ടികൾ കണ്ടു പഠിക്കേണ്ടതാണ്..
സാറ അവനെ നന്നായ് വളർത്തിയിട്ടുണ്ട് ജോർജ് ..
അച്ഛൻ എന്ന നിലയിൽ നിങ്ങൾക്ക് അഭിമാനിക്കാവുന്ന വിധം…
ഗായത്രി പറഞ്ഞു നിർത്തി.
“എന്നിട്ടുമെന്തെ ഗായത്രി അവനും അനുവുമായുള്ള ബന്ധം താൻ എതിർത്തത്..?
ജോർജ് കേഴുന്ന പോലെ ചോദിച്ചു..
“എബിയുടെ സംരക്ഷണയിൽ അവൾ സന്തോഷവതിയും സൗഭാഗ്യവതിയും ആയിരിക്കുമെന്ന് എനിയ്ക്ക് ഉറപ്പാ …
പക്ഷേ ..
ആളുകളെ പേടിച്ചിട്ടാ ജോർജ് …
അവർ എന്തൊക്കെ പറഞ്ഞുണ്ടാക്കും എന്നോർത്ത് എനിക്ക് വല്ലാത്ത ആധിയുണ്ട്..
എന്നെയും നിങ്ങളെയും വീണ്ടും ചേർത്ത് പറഞ്ഞ് എന്റെ മകളുടെ ജീവിതം അവർ തകർക്കുമോയെന്ന് ഞാൻ ഭയക്കുന്നു..
ഓർക്കുന്നില്ലേ നിങ്ങളുടെ കുടുംബത്തിലെ ആ സാർ എന്നെ ഓഫീസ് റൂമിൽ വച്ച് തോലുരിച്ചത്…
അതേ നിൽപ്പ് എന്റെ മകളും അവരുടെ മുൻപിൽ നിൽക്കേണ്ടി വരില്ലേ…
ഗായത്രി കിതച്ചു..
“അത്…
അതൊന്നും ഉണ്ടാകില്ല ഗായത്രി…
നീ വല്ലാതെ കാടുകയറുന്നു..
ജോർജ് അവളെ ശാന്തയാക്കാൻ ശ്രമിച്ചു.
“നിങ്ങൾക്ക് ഒരുറപ്പും പറയാൻ പറ്റില്ല..
അമ്മയ്ക്ക് പറ്റിയ തെറ്റിന്റെ ഭാരം നിങ്ങളുടെ ആളുകൾക്ക് മുൻപിൽ എന്റെ മകൾ ചുമക്കേണ്ടി വരും..
ഗായത്രിയുടെ ശബ്ദം കനത്തിരുന്നു .
അതു കേൾക്കേ ജോർജിനു വാക്കുകൾ തൊണ്ടയിൽ തങ്ങി..
“മാത്രമല്ല ഞാൻ മറ്റൊരു കൂട്ടർക്ക് വാക്കു കൊടുത്തു പോയി..
എന്റെ തീരുമാനം തെറ്റോ ശരിയോ ആവാം..
അത് കാലം തെളിയിക്കട്ടെ..
പക്ഷേ ഇപ്പോ എനിയ്ക്ക് ഇതിൽ നിന്നും പിന്മാറാൻ സാധിക്കില്ല…
വാക്കു മാറ്റുന്നത് ഞാൻ ഇല്ലാണ്ടാവണ്തിന് തുല്യാ ജോർജ്…
കുട്ടികൾ എന്നോട് ക്ഷമിക്കട്ടെ…!!
ഗായത്രിയുടെ കണ്ണു നിറഞ്ഞു ..
“ശരി…
ഇനി ഞാൻ നിർബന്ധിക്കില്ല..
ഇതെന്റെ മകന്റെ വിധിയാണെന്ന് ഞാൻ സമാധാനിച്ചോളാം..
ഇനിയും ഉറക്കമില്ലാത്ത എന്റെ രാവുകൾക്കുള്ള പുതിയ ഒരു കാരണം കൂടി…
ജോർജ് നിരാശനായി.
“എന്റെ എല്ലാ പ്രാർത്ഥനകളും എബിയ്ക്ക് ഉണ്ടാകും..
എന്റെ മകളെക്കാൾ നല്ലൊരു കുട്ടിയെ അവന് ഈശ്വരൻ നൽകും..
“ആർക്കും ആരും പകരമാവില്ല ഗായത്രി…
ഒരാളെ പോലെ അയാൾ മാത്രം ഉള്ളു ഈ ഭൂമിയിൽ …
ജോർജൊരു ദീർഘശ്വാസമെടുത്തു.
അയാൾ പറഞ്ഞതിന്റെ വ്യഗ്യാർത്ഥം മനസ്സിലായില്ലെങ്കിലും ഗായത്രിയ്ക്ക് മനസ്സിലൊരു വിങ്ങലുണ്ടായി..
“തന്റെ ഈ തീരുമാനത്തിൽ പിന്നീട് സങ്കടപ്പെടാൻ ഇടവരരുതെന്ന് ഞാൻ കർത്താവിനോടു പ്രാർത്ഥിക്കാം…
എന്നാ ശരി ഗായത്രി..
ഞാൻ ഫോൺ വെയ്ക്കുവാ ..
“മ്മ്..
അവൾ മൂളി
ജോർജ് ഫോൺ കട്ടാക്കി..
ഫോൺ ബാഗിലിട്ട് വീട്ടിലേക്കു നടക്കുമ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഗായത്രി..
പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് അവൾ ഫോൺ ബാഗിൽ നിന്നും വീണ്ടുമെടുത്തു..
ശേഷം രാജേന്ദ്ര മേനോന്റെ നമ്പർ ഡയൽ ചെയ്തു..
📱 മേനോൻ സാറേ ഞാൻ..
അവൾ പറയും മുൻപെ അപ്പുറത്തു നിന്നും പ്രതികരണമുണ്ടായി
“ഹാ.. ഗായത്രി ഞാനങ്ങോട്ട് വിളിക്കാൻ ഇരിക്കേരുന്നു..
ജാതകം നോക്കി..
നല്ല പൊരുത്തം…
ഇപ്പോ അവന് നല്ല സമയാന്നാ കണിയാൻ പറഞ്ഞത്..
അടുത്ത മാസം അവന്റെ ജന്മമാസാ …
അതിനു ശേഷോ മുൻപോ നമുക്ക് നടത്താം…
പിന്നെ ഈ മാസം 25 ന് വളരെ നല്ലൊരു മുഹൂർത്തം ഉണ്ടെന്ന് അദ്ദേഹം പറയേം ചെയ്തു.
“ഈ 25നോ ..
ഗായത്രി അമ്പരന്നു..
“അത് തന്നെ..
ഞങ്ങൾക്ക് അതിൽ ഒരു വിരോധോം ഇല്ല ട്ടോ..
എത്രയും വേഗത്തിൽ നടത്തുന്നോ അത്രയും സന്തോഷം..
അജുവിനും സന്തോഷമാകും.
അയാൾ ചിരിച്ചു.
“അയ്യോ അത്ര പെട്ടെന്നോ…
ഒരുക്കങ്ങൾ…?
ആളുകളെ വിളിക്കണ്ടേ ..??
“അതിനെന്താ …
വേണ്ടപ്പെട്ടവരെ മാത്രം വിളിക്കാന്നേ…
അത്ര ഗംഭീര കല്യാണത്തിനൊക്കെ അവന് താൽപര്യമില്ല..
ഒരു പ്രത്യേക സ്വഭാവാ…
ആളും കൂട്ടാം വേണ്ടാന്നാ പറയണത്..
ഏതെങ്കിലും ഒരു അമ്പലത്തിൽ ലളിതമായൊരു താലികെട്ട്
അതു പേരെ …
പിന്നീട് എല്ലാവരേം വിളിച്ച് ഒരു റിസപ്ഷൻ നടത്താന്നേ..
ആൾക്കാരുടെ പരാതിയും തീരും.
ഗായത്രി വല്ലാതെ കുഴങ്ങി.
അവൾ ഗാഢമായി ഒന്നു ചിന്തിച്ചു.
“എന്തായാലും ഗായത്രി ഒന്നാലോചിക്ക്…
ഞാൻ പിന്നെ വിളിക്കാം.
“എനിക്ക് സമ്മതാ …
നമുക്ക് 25 ന് തന്നെ നടത്താം..
പെട്ടെന്നായിരുന്നു മറുപടി.
“ആണോ സന്തോഷം..
രാജേന്ദ്രൻ അതീവ സന്തോഷത്തിലായിരുന്നു..
” ഈ വിവരം എല്ലാവരേം അറിയിക്കട്ടെ..
ഞാൻ ഗായത്രിയെ വിളിച്ചോളാം..
ഓക്കെ..
കോൾ കട്ടായി..
ഫോൺ കയ്യിൽത്തന്നെ പിടിച്ചു കൊണ്ട് ഗായത്രി നടത്തത്തിന്റെ വേഗത കൂട്ടി..
എത്രയും വേഗത്തിൽ വിവാഹം നടക്കണം..
അത്രയും വേഗത്തിൽ അനു എബിയെ മറന്നോളും..
അതായിരുന്നു അവളുടെ മനസ്സിലെ കണക്കുക്കൂട്ടൽ !
❣️❣️❣️❣️❣️
ഗായത്രി അനുവിന്റെ മുറിയിലേക്കു ചെല്ലുമ്പോൾ അവൾ കിടക്കുകയായിരുന്നു..
അനു എഴുന്നേൽക്കുകയോ കുളിക്കുകയോ ചെയ്തിട്ടില്ലെന്ന് ഗായത്രിക്ക് മനസ്സിലായി..
“മോളെ ..
എഴുന്നേൽക്ക് ..
ഇതെന്ത് കിടപ്പാ…
ഗായതി കട്ടിലിൽ അവൾക്കരികിലായി ഇരുന്നു.
മുഖം തുടച്ചു കൊണ്ട് അനു എഴുന്നേറ്റിരുന്നു..
കരഞ്ഞ് അവളുടെ മുഖം വല്ലാതെ വീർത്തു കെട്ടിയിരുന്നു..
രുഗ്മിണിയമ്മയും സംസാരം കേട്ട് അപ്പോൾ റൂമിലേക്കു കടന്നുവന്നു..
“ഞാൻ കുറേ പറഞ്ഞു..
വയ്യെന്ന് പറഞ്ഞ് കിടപ്പായിരുന്നു..
അവർ ഗായത്രിയോടായി പറഞ്ഞു
“എന്നിട്ട് വയ്യായ്ക മാറിയോ അനുക്കുട്ടി..
ഗായത്രി അനുവിനെ ഉറ്റു നോക്കി.
മമ്”
അനു അലസമായ് മൂളി
“ആഹ് പിന്നെ അമ്മേ ഇന്നൊരു കാര്യമുണ്ടായി..
ആ രാജേന്ദ്ര മേനോൻ വിളിച്ചിരുന്നു വൈകിട്ട്..
ഈ മാസം 25 ന് നല്ലൊരു മുഹൂർത്തം ഉണ്ട്ത്രേ..
വിവാഹം നടത്താമോന്ന് ..??
അനു കേൾക്കാൻ കൂടി വേണ്ടിയാണ് ഗായത്രിയത് പറഞ്ഞത്..
അനുവിന്റെ കണ്ണുകൾ മിഴിഞ്ഞു.
“ഈ മാസോ …?
അവർക്കെന്താ ഭ്രാന്തായോ ഗായത്രി ??
ഇനി രണ്ടാഴ്ച കൂടിയല്ലേ ഉള്ളു..
രുഗ്മിണിയമ്മയിലും അമ്പരപ്പ് നിറഞ്ഞു.
“എന്നിട്ട് നീയെന്ത് പറഞ്ഞു..??
“ഞാൻ സമ്മതിച്ചു..
എത്രയും വേഗം നടത്തുന്നത് തന്നാ നല്ലത്..
അനുവിനെ ഒന്നു പാളി നോക്കിയിട്ടാണ് അവളത് പറഞ്ഞത്..
“അമ്മേ …
അനു കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു..
അവളുടെ മുഖത്ത് ചോര വറ്റി.
“ദിവസം കഴിയുംതോറും നിന്റെ വേദനയും കൂടും അനു ..
അതിലും നല്ലത് നേരത്തേ …
അനു രൂക്ഷമായി ഗായത്രിയെ നോക്കി..
“അമ്മയ്ക്ക് ഇത്ര മനസ്സാക്ഷി ഇല്ലാതെ പെരുമാറാൻ എങ്ങനെ സാധിക്കുന്നു..??
ഇത് എന്റെ അമ്മ തന്നെയാണോ..??
അനുവിൽ നിന്ന് കണ്ണീർ അണപൊട്ടി ഒഴുകി..
“ശരിയാ എന്തൊക്കെയാ ഗായത്രി നീയീ കാട്ടിക്കൂട്ടുന്നത്..
നിനക്ക് സ്വബോധം ഇല്ലാതായോ …??
രുഗ്മിണിയമ്മ ശാസനയിൽ ഗായത്രിയെ നോക്കി
“അതെ ഇല്ലാതായി..
എല്ലാവരും കൂടി എന്നെ ഭ്രാന്തിയാക്കിക്കോ..
വേണേൽ മാനസികരോഗാശുപത്രിയിൽ കൊണ്ടു വിട്ടോ…
ഞാനിത് കേൾക്കണം..
സ്വന്തം ഇഷ്ടങ്ങൾ പോലും മറന്ന് നിങ്ങൾക്ക് വേണ്ടി ഞാൻ ജീവിച്ചു ഇത്രയും കാലം..
അതെ..
അത് ഭ്രാന്ത് കൊണ്ടു തന്നാ..
നിങ്ങളോടുള്ള സ്നേഹമെന്ന ഭ്രാന്ത്..
വല്ലാത്ത ഒരവസ്ഥയിലാ ഞാനിപ്പോ ..
എല്ലാവരും കൂടി എന്നെ ഒറ്റപ്പെടുത്തിയാൽ എന്തേലും കടും കൈ ചെയ്യും ഞാൻ..
ഗായത്രി പുലമ്പി..
“വേണ്ട ആരും ഒന്നും ചെയ്യണ്ട ..
അയാളെ ഞാൻ സ്വീകരിച്ചോളാം…
നാളെ വേണോ..
അതും ആവാം…!
അല്ലെങ്കിലും അറുക്കുവാൻ വച്ച മാടാണല്ലോ ഞാൻ…
അത് ഇന്നായാലെന്താ നാളെയായാലെന്താ…
ഏങ്ങിക്കരച്ചിലോടെ അനു ബെഡ്ഡിലേക്ക് വീണു.
തുടരും

by