25/04/2026

സ്നേഹമയി : ഭാഗം 28

രചന – ആരുണി കൃഷ്ണ

ചിന്തകളുടെ കടിഞ്ഞാൺ നഷ്ടപ്പെട്ട പോലെ അവൾ എന്തൊക്കെയോ ഓർത്തുകൊണ്ടിരുന്നു… ചുറ്റുമുള്ളതൊന്നും അവൾ അറിഞ്ഞില്ല..… അഭിയുടെ അവസ്ഥയും മറിച്ച് ആയിരുന്നില്ല… ഇരുവരും സന്തോഷം നടിച്ച് ഒന്ന് പുഞ്ചിരി തൂകാൻ ശ്രമിച്ചു…
************** **************** ************

“സർ, എൻഗേജ്മെന്റ് റിങ് അല്ലെ… പെയർ റിങ് വേണ്ടാന്ന് അല്ലേ പറഞ്ഞെ… അപ്പൊ ലേഡീസ് റിങ്‌സ് അവിടെയാണ്… ജന്റ്സിന്റെ റിങ് ഇവിടെയും … ഗോൾഡ്‌ റിങ്‌സിന് ഞങ്ങൾക്ക് സ്പെഷ്യൽ കളക്ഷൻ തന്നെ ഉണ്ട് സർ… വളരെ വൈഡ് ചോയ്സ്… അതാ 2 സെക്ഷൻസ്‌ ആയിട്ട് … ”

ജ്വല്ലറി മാനേജർ നേരിട്ട് വന്നു കാര്യങ്ങൾ പറഞ്ഞു…

“ഒരു കാര്യം ചെയ്യാം, ഞാനും അഭിയും ചെക്കനുള്ള റിങ് സെലക്ട്‌ ചെയ്യാം… നിങ്ങൾ പെണ്ണിനുള്ളത് സെലക്ട്‌ ചെയ്തോ… ”

“വാ ഡാ…”
അഭിയും ശ്രീയും ഓരോന്നായി നോക്കി…മിഥുവും ശ്രീക്കുട്ടിയും ലേഡീസ് സെക്ഷനിലേക്കും നടന്നു…

സെയിൽസ്മാൻ ഓരോ ഡിസൈൻ എടുത്ത് കാണിക്കുമ്പോളും യാന്ത്രികമായി ശ്രീക്കുട്ടി അതൊക്കെ വിരലിൽ ഇട്ട് നോക്കി.. ഒട്ടും താല്പര്യം ഇല്ലാതെ നോക്കുന്നതിനിടയിൽ ഒരു സിമ്പിൾ റിങ് അവളുടെ കണ്ണിൽ ഉടക്കി… അവൾ അതെടുത്തു കയ്യിൽ അണിഞ്ഞു…

“ഇത് പേര് എഴുതുമ്പോൾ ഒന്നുകൂടി നന്നായിരിക്കും … മാഡത്തിന്റെ കയ്യിൽ നന്നായി ചേരുന്നുണ്ട് ഇത് …”

അത് കേട്ട് അവൾ ആ റിങ് വേഗം ഊരി…

“ഇത് മതി.. ”

” മാഡം നെയിം എന്താ എഴുതേണ്ടത്…? ”

“അഭിറാം…. ” മനസ്സ് പൊള്ളിപിടയുന്ന വേദനയിലും ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു…

ശ്രീയുടെ കയ്യിൽ ഇടാം എന്ന് അഭി പറഞ്ഞെങ്കിലും അത് കേൾക്കാതെ ശ്രീ അഭിയുടെ കയ്യിൽ ഓരോന്ന് ഇട്ട് നോക്കി… പെട്ടന്ന് അഭിക്ക് ഒരെണ്ണം ഇഷ്ടായി..

“ഡാ ഇത് നോക്ക്…”
അഭി കാണിച്ചതും ശ്രീ അത് എടുത്തു നോക്കി…

“ഇത് കൊള്ളാഡാ… നീ ഒന്ന് ഇട്ടേ… ”

അഭി അത് വിരലിൽ ഇട്ടു…

“നല്ല ചേർച്ച ഉണ്ടെടാ… ” ശ്രീ അങ്ങനെ പറഞ്ഞപ്പോൾ അഭിക്ക് നിരാശ തോന്നി…

“ഇത് മതി, എടുത്തോളൂ… ”

“സർ പേരെന്താ എഴുതേണ്ടത്… ”

“ശ്രീപ്പി………….. “പെട്ടന്ന് എന്തോ തോന്നലിൽ അഭി പറഞ്ഞു… “അല്ല ശ്രീപ്രിയ….” അവൻ തിരുത്താൻ ശ്രമിച്ചു..

“ഏയ്യ്, ശ്രീപ്പി തന്നെ മതി… “ശ്രീ അങ്ങനെ പറഞ്ഞപ്പോ അഭിയുടെ ഹൃദയം നുറുങ്ങും പോലെ തോന്നി…

“എനിക്ക് മാത്രം അവകാശപ്പെട്ട പേരല്ലേ അത്, ശ്രീപ്പി എന്റെ അല്ലെ… അല്ല, അവൾ ഇനി മുതൽ എന്റെ അല്ല… മറ്റാരുടേതോ ആകാൻ പോകുന്നവളിൽ ഇനി എന്റേതെന്നു പറയാൻ ഒന്നും വേണ്ട, ഒരു പേര് പോലും…. ” അഭി പതിയെ ചെയറിൽ നിന്ന് എഴുന്നേറ്റു…ഒപ്പം ശ്രീയും…

സെയിൽസ്മാൻ 2 മോതിരവും ഒരുമിച്ച് ഒരു ബോക്സിൽ എടുത്തു… മാനേജർ അയാൾക്ക് അരികിലേക്ക് ചെന്നു..

“ആഹാ , പെയർ റിങ് വേണ്ടെന്ന് പറഞ്ഞെങ്കിലും ഇപ്പൊ ഒരേ ഡിസൈൻ ആണല്ലോ സെലക്ട്‌ ചെയ്തത്… ” അയാൾ ആ റിങ്‌സിന് ഒപ്പം ഉള്ള ഇരുവരുടെയും പേര് എഴുതിയ സ്ലിപ് കൂടി കയ്യിൽ എടുത്ത് കൊണ്ട് പറഞ്ഞു….

“പേര് എഴുതി ഇപ്പോൾ തന്നെ കിട്ടുമോ… ” അയാൾ അതുമായി അരികിലെക്ക് വരാൻ തുടങ്ങിയതും ശ്രീ പെട്ടന്ന് അവിടേക്ക് ചെന്ന് ചോദിച്ചു..

“യാ, ഷുവർ സർ.. കുറച്ചു നേരം വെയിറ്റ് ചെയ്യു…”

“ശരി….വാ, നമുക്ക് അവിടെ ഇരിക്കാം… ”

മിഥു ശ്രീയോടൊപ്പം ഇരുന്നതും, ശ്രീക്കുട്ടി ഒന്ന് സംശയിച്ചു നിന്നിട്ട് അഭി ഇരുന്ന സോഫയുടെ ഒരു സൈഡിൽ പോയി ഇരുന്നു…

“അല്ലെങ്കിൽ ഐ പി എസ്സേ ജാഡയാണോ എന്ന് പറഞ്ഞു എന്റെ പിന്നാലെ നടക്കുന്ന പെണ്ണാ… ഇവൾക്ക് എന്താ പറ്റിയത്… വിവാഹം ഉറപ്പിച്ചപ്പോൾ തന്നെ ഇത്രയും അകലം വന്നോ എന്നോട്… ആ അകലട്ടെ… ഇനിയും അടുത്താൽ, അകലുമ്പോൾ ആ വേദന എനിക്ക് താങ്ങാൻ കഴിയില്ല പെണ്ണെ… ”
അഭി ഓരോന്ന് ഓർത്ത് മെല്ലെ കണ്ണുകൾ അടച്ചു സോഫയിലേക്ക് ചാരി…

“അഭിയേട്ടൻ, ഒത്തിരി മാറി… എന്നെ ശ്രീപ്പി എന്ന് ഒന്ന് വിളിച്ചത് പോലും ഇല്ല… ആ മനസ്സിൽ ഇപ്പൊ എനിക്കൊരു സ്ഥാനവും ഇല്ലാതെ ആയോ… ഒരു വാക്കെങ്കിലും എന്നോട് ചോദിക്കാമായിരുന്നു….വിവാഹത്തെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയാമായിരുന്നു… ” ശ്രീക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞു വന്നതും ആരും കാണാതെ അവൾ അത് തുടച്ചു…

“സർ, റിങ്‌സ് റെഡി ആയിട്ടുണ്ട്…”
2 കുഞ്ഞ് ബോക്സിൽ റിങ്ങും ആയി ഒരാൾ വന്നു… അഭിയും ശ്രീക്കുട്ടിയും താല്പര്യമില്ലാതെ നിൽക്കുന്നത് കണ്ടതും, ശ്രീ എഴുന്നെറ്റ് അയാൾക്ക് അരികിലേക്ക് പോയി… ശ്രീ രണ്ട് ബോക്സും തുറന്നു നോക്കി…

“ഒന്നിൽ അഭിരാം, മറ്റേതിൽ ശ്രീപ്പി…. “❤️❤️❤️

ഒരു പുഞ്ചിരിയോടെ ബില്ല് പേ ചെയ്തു, അത് എടുത്തു അവൻ അവർക്ക് അരികിലേക്ക് നടന്നു…

“തുറന്ന് നോക്ക് എങ്ങനെ ഉണ്ടെന്ന്… ”

ശ്രീ ഇരുവർക്കും നേരെ ഓരോ ബോക്സ്‌ വീതം നീട്ടിക്കൊണ്ട് പറഞ്ഞു …

ഇരുവരും, വിങ്ങുന്ന മനസ്സോടെ ബോക്സ്‌ തുറന്നതും, ചാടിപ്പിടഞ്ഞു എഴുന്നേറ്റതും ഒരുമിച്ച് ആയിരുന്നു…
ശ്രീകുട്ടിയുടെ കയ്യിൽ ഇരുന്ന മോതിരത്തിൽ അവൾ തന്റെ പേരും, ശ്രീയുടെ കയ്യിൽ ഉള്ള ബോക്സിൽ അവൻ സ്വന്തം പേരും വായിച്ചു… അവർ പരസ്പരം നോക്കി, ശേഷം മോതിരത്തിൽ കൊത്തി വെച്ച സ്വന്തം പേരിലേക്കു വീണ്ടും ദൃഷ്ടി പതിപ്പിച്ചു…

“എന്താ അഭി… എന്ത് പറ്റി മോളെ…? ” ശ്രീ ഒന്നും അറിയാത്ത പോലെ അഭിനയിച്ചു കൊണ്ടു അവർക്ക് അരികിലേക്ക് ചെന്നു..

“ഏട്ടാ, ഇതിൽ പേര് തെറ്റാണ്… ” ശ്രീപ്പി പറഞ്ഞു..

“ശ്രീകുട്ടാ, ഇതിലും പേര് മാറിയിട്ടുണ്ട്… ”

“ങേ മാറിയോ… എവിടെ നിങ്ങൾ ഒന്ന് എക്സ്ചേഞ്ച് ചെയ്തു നോക്ക്… ”

ശ്രീ പറഞ്ഞത് കേട്ട് അഭിയും ശ്രീകുട്ടിയും പരസ്പരം നോക്കി പകച്ചു നിന്നു… ശ്രീ രണ്ടാൾടെയും കയ്യിൽ നിന്ന് ബോക്സ്‌ വാങ്ങി, എന്നിട്ട് അത് പരസ്പരം എക്സ്ചേഞ്ച് ചെയ്തു അവരുടെ കയ്യിലേക്ക് വെച്ചുകൊടുത്തു…

“ഇനി നോക്ക്… ”

ഇരുവരും വീണ്ടും അതിലേക്ക് നോക്കി, ഞെട്ടൽ അപ്പോഴും തുടർന്നു… എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ രണ്ടാളും മുഖത്തോട് മുഖം നോക്കി നിന്നു…

“ശ്രീക്കുട്ടി, ഇപ്പൊ പേര് ശരിയാണോ…?”

“മ്മ്.. ” അവൾ പതർച്ചയോടെ ഒന്ന് മൂളി…അഭി അത്ഭുതത്തോടെ ശ്രീക്കുട്ടിയെ നോക്കി

“അഭി, നീ എന്ത് പറയുന്നു.. ശരിയാണോ? ”

“അതെ…” തന്റെ ശ്രീപ്പിയെ നോക്കി അവൻ പറഞ്ഞു…

“മ്മ്, ഇതാണ് ശരി.. ഇങ്ങനയെ ആവാൻ പാടുള്ളു… ഞാനും നമ്മുടെ വീട്ടുകാരും, ആഗ്രഹിച്ചത് അങ്ങനെയാണ്… ഞങ്ങൾ മാത്രമല്ല, നിങ്ങൾ രണ്ടാളും ആഗ്രഹിച്ചത് അങ്ങനെ ആണ്, അല്ലെ….?അല്ലെങ്കിൽ ഇപ്പൊ പറയണം…. ”

ശ്രീയുടെ ചോദ്യം കേട്ട് ഇരുവരും മൂകമായി നിന്നു, ശ്രീക്കുട്ടിയുടെ കവിളിലൂടെ കണ്ണീർ ചാലുകൾ ആയി ഒഴുകി ഇറങ്ങി…

“ഇഷ്ടപെടുന്ന ആളുടെ വിരലിൽ, സ്വന്തം പേരുകൾ കൊത്തിവെച്ച ഈ മോതിരം ചേർന്ന് കിടക്കുമ്പോഴാണ് ഇതിന് മൂല്യം ഉണ്ടാകുന്നത്…. അതിന് കഴിഞ്ഞില്ലെങ്കിൽ പിന്നെ ഇതും വെറുമൊരു ലോഹവസ്തു മാത്രം… ”

അത്രയും പറഞ്ഞു ശ്രീ മിഥുവിന്റെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറങ്ങി… ശ്രീക്കുട്ടി ഒരു നിമിഷം അവിടെ തന്നെ തറഞ്ഞു നിന്ന് പോയി….അഭിക്കും എന്ത് പറയണം എന്ന് അറിയാതെയായി…..

മിഥു സ്കൂട്ടിക്ക് അരികിലേക്ക് പോകാൻ ഒരുങ്ങിയതും….

“എങ്ങോട്ടാ…? ”

“ശ്രീ ഏട്ടാ, അവൾ…. ”

“അവളെ, പോറ്റെണ്ടവന്റെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ട്… ബാക്കി ഇനി അവർ തീരുമാനിക്കട്ടെ… ഇന്നത്തോടെ ഈ ഒളിച്ചുകളി അവനിപ്പിക്കണം രണ്ടും… നീ വന്നു വണ്ടിയിൽ കയറാൻ നോക്ക് മിഥു…. ”

അതൊരു ശാസന ആയിരുന്നു… അവൾ പിന്നീട് ഒന്നും ചോദിക്കാതെ വന്നു വണ്ടിയിൽ കയറി… അഭി പുറത്തേക്ക് ഓടി വന്നപ്പോ കണ്ടത് ബുള്ളെറ്റ് എടുത്ത് മിഥുവിനെയും കൊണ്ട് ജ്വല്ലറിയുടെ എൻട്രി കടന്നു പോകുന്ന ശ്രീയെയാണ്…

അഭി തിരികെ ജ്വല്ലറിയുടെ അകത്തു ചെല്ലുമ്പോഴും ശ്രീപ്പി അതെ നിൽപ്പ് തന്നെ തുടരുകയായിരുന്നു… കയ്യിൽ അവന്റെ പേരെഴുതിയ മോതിരത്തിലേക്ക് നോക്കി അവൾ കണ്ണീർ വാർത്തുകൊണ്ടിരുന്നു…
അഭി മെല്ലെ അവളുടെ കൈകളിൽ പിടിച്ചു പുറത്തേക്ക് കൊണ്ട് വന്നു… പാർക്കിംഗിൽ എത്തിയതും അവൾക്ക് മനസ്സിലായി ശ്രീയും മിഥുവും പോയെന്ന്… അഭി അവളുടെ കയ്യിൽ ഇരുന്ന കീ വാങ്ങി മിഥുവിന്റെ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു… ശ്രീക്കുട്ടി അപ്പോഴും കയ്യിലെ ബോക്സ്‌ മുറുക്കെ പിടിച്ചിരുന്നു…

“ശ്രീപ്പി, വാ കയറ്… ”

അവൾ യാന്ത്രികമായി അവന്റെ പിന്നിൽ കയറി… പിന്നീട് മൗനം ആയിരുന്നു ഇരുവരുടെയും ഭാഷ….

“ഈശ്വരാ ഇപ്പൊ എന്തൊക്കെയാ സംഭവിച്ചത്.. അപ്പൊ ശ്രീക്കുട്ടൻ , അവന് എല്ലാം അറിയാമായിരുന്നോ…അപ്പൊ ഞാൻ എല്ലാം മറച്ചു വെച്ചതിൽ അവന് ദേഷ്യം കാണും…. പക്ഷെ ശ്രീപ്പി, എന്റെ ഇഷ്ടം, അതുപോലെ ശ്രീപ്പിക്കും ഉണ്ടായിരുന്നെന്നോ….? ” അഭി എല്ലാം മനസ്സിലാക്കി തുടങ്ങിരുന്നു…

വണ്ടി, ബീച് റോഡ് വഴി കടന്നു പോയതും ശ്രീക്കുട്ടി സംശയത്തോടെ മിററിലൂടെ അവനെ നോക്കി.. പക്ഷെ അവന്റെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞിരുന്നു… വണ്ടി ബീച് സൈഡിൽ പാർക്ക്‌ ചെയ്ത് അഭി ശ്രീപ്പിയോട് ഇറങ്ങാൻ പറഞ്ഞു… ഇരുവരും പതിയെ കടലിന് അരികിലേക്ക് നടന്നു… ശ്രീപ്പി നിസ്സംഗമായി തിരകൾ നോക്കി നിന്നു…

“ശ്രീപ്പി വാ അവിടെ ഇരിക്കാം… ”
ആളൊഴിഞ്ഞ ഒരു ഭാഗത്ത്‌ മണ്ണിൽ അവർ ഇരുന്നു…

“പണ്ട് ഒരുപാട് തവണ ഇവിടെ വന്നിട്ടുണ്ട്… ചിലപ്പോഴൊക്കെ ശ്രീപ്പിയും, ശ്രീകുട്ടനും കൂടെ ഉണ്ടായിരുന്നു… പക്ഷെ അന്നൊക്കെ മനസ്സ് നിറയുന്ന സന്തോഷമായിരുന്നു, ഇന്ന് കാരണമറിയാതെ മനസ്സ് വീർപ്പ്മുട്ടുകയാണ്…. ഇനിയും ഒന്നും താങ്ങാൻ എനിക്കാവില്ല… ” മനസ്സിൽ എന്തോ ഉറപ്പിച്ചപോലെ അഭി ശ്രീപ്പിയുടെ അരികിലേക്ക് ഒന്നുകൂടി ചേർന്നിരുന്നു, ശേഷം അവന്റെ വലതു കരം, പൂഴിയിൽ അമർന്ന അവളുടെ ഇടത് കൈക്ക് മുകളിൽ ചേർത്ത്വെച്ചു… ആ സ്പർശനത്തിൽ ഇരുവരുടെയും ഉള്ള് വിങ്ങി…

“ശ്രീപ്പി, എനിക്ക് നിന്നെ ഇഷ്ടമാണ്… എന്റെ ഈ ലൈഫിൽ നീ അല്ലാതെ മറ്റൊരാളെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കൂടി കഴിയില്ല… അത്രത്തോളം ജീവനാണ്… എന്റെ പ്രാണനാണ് നീ…. ”

“I love you ശ്രീപ്പി ❤️❤️❤️”

അഭിയുടെ വാക്കുകൾ അവസാനിച്ചതും, ശ്രീപ്പിയുടെ വലതു കരം അവന്റെ കവിളിൽ പതിഞ്ഞു….

തുടരും ….