25/04/2026

ഭാര്യ : അവസാന ഭാഗം

രചന – രോഹിണി ആമി

വൈകിട്ട് കിടക്കാൻ നേരം ഗിരി നിലത്തു അനുവിന്റെ അടുത്തുവന്നു കിടന്നു…. തിരിഞ്ഞു കിടക്കുന്ന അവളോട്‌ എന്തൊക്കെയോ ചോദിക്കണമെന്നുണ്ട്… പക്ഷേ ശബ്ദം വരുന്നില്ല…..

എന്തിനാ കണ്ണു നിറഞ്ഞിരുന്നത്…. എന്തെങ്കിലും പ്രശ്നമുണ്ടോ………… രാത്രിയിലും ഒന്നും കഴിച്ചില്ല………… എന്തുപറ്റി…….. വയ്യായ്ക വല്ലതുമുണ്ടോ…. അനു ചോദിച്ചു…

ഗിരി അനുവിനെ നോക്കി…. ഇവൾ അറിഞ്ഞിരുന്നോ ഞാൻ അടുത്തു കിടക്കുന്നത്…

ഒന്നുമില്ല….

ഒന്നുമില്ലെങ്കിൽ കണ്ണു നിറയുവോ…. അതും ഒരു പോലീസുകാരന്റെ…..

എന്റെ ജോലിയാണ് പോലീസ് എന്നുള്ളത്…. അത് യൂണിഫോം ഇടുമ്പോൾ മാത്രം… അതിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു മനുഷ്യഹൃദയം ഉണ്ട്…. ഒരു മനസ്സുണ്ട്…. വിഷമം വന്നാൽ കരയും…. സന്തോഷം വന്നാൽ ചിരിക്കും…

അതിനു എന്താ ഇവിടെ സംഭവിച്ചത്… വിഷമിക്കാൻ മാത്രം…..

നീ എന്നെ ഭർത്താവ് ആയിട്ട് കാണുന്നില്ല എന്നെനിക്കറിയാം…. എങ്കിലും കണ്ണന്റെ അച്ഛൻ എന്നുള്ള സ്ഥാനമെങ്കിലും തന്നുകൂടെ…. ചിലപ്പോളൊക്കെ തോന്നാറുണ്ട് നിന്നെ പള്ളിയിൽ വച്ചു കാണേണ്ടിയിരുന്നില്ലന്ന്…. എവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടെന്നു ഞാൻ ആശ്വസിച്ചേനെ….. അന്നുള്ളതിനേക്കാൾ വേദനയാണ് ഇന്ന്……. കൂടെയുണ്ടായിട്ടും അന്യരെപ്പോലെ…. ചിലപ്പോളൊന്നും സഹിക്കാൻ കഴിയുന്നില്ല അനു….. ഞാൻ ഒരു സാധാരണ മനുഷ്യനാണ്…. നീ എന്റെയടുത്തു കാണിക്കുന്ന ഈ അകൽച്ച എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്….
വേറൊന്നും വേണ്ട…… എന്നോട് കുറച്ചു നേരം സംസാരിക്കാൻ കൂടി പറ്റില്ലേ നിനക്ക്……. അതിനുമാത്രം ഞാൻ ചെയ്ത തെറ്റ് എന്താ….

കുറച്ചു നേരം രണ്ടാൾക്കും ഇടയിൽ നിശബ്ദത ആയിരുന്നു……. ഗിരി എണീറ്റു പോകാൻ തുടങ്ങിയതും അനു ആ കൈയ്യിൽ കയറിപ്പിടിച്ചു….

ആരാ പറഞ്ഞത് ഭർത്താവായി കണ്ടിട്ടില്ലെന്ന്.. ഇഷ്ടമില്ലാത്ത ഒരാളുടെ താലി ഒരു പെണ്ണും ചേർത്തുപിടിക്കില്ല…. ഞാൻ ഇവിടുന്നു ഇറങ്ങിയപ്പോഴും താലി എന്റെ കഴുത്തിൽ ഉണ്ടായിരുന്നു…. അത് ഒരിക്കൽപോലും ഊരിമാറ്റിയിട്ടില്ല… അങ്ങനെ ഓർത്തിട്ടു കൂടിയില്ല…. ഞാൻ ചെയ്‌തത് തെറ്റാണ്… ഇവിടെനിന്നും പോകരുതായിരുന്നു… കണ്ണനെ തള്ളിമാറ്റിയതിൽ ആയിരുന്നില്ല എനിക്കു വിഷമം….. അന്ന് പറഞ്ഞ വാക്കുകൾ എന്റെ നെഞ്ചിലാണ് കൊണ്ടത്.. ……
ഒരിക്കലും സുധിയേട്ടനോട് ദേഷ്യം തോന്നിയിട്ടില്ല തനിച്ചാക്കി പോയതിനു…. അന്ന് ആദ്യമായിട്ട് ദേഷ്യം തോന്നി…. സുധിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചുപോയി…. ആർക്കുമൊരു ശല്യമാവാതെ പോയാലോ എന്നുവരെ തോന്നി….. പക്ഷേ കണ്ണനെ എനിക്ക്‌……. അവനെ തനിച്ചാക്കി എനിക്കും………… പറ്റില്ല……. ഒരിക്കലും….

എനിക്കു കുറച്ചു സമയം തരണം…. സുധിയേട്ടനെ മറക്കാൻ ഒരിക്കലും കഴിയില്ല എനിക്ക്….. എങ്കിലും ഞാൻ ശ്രമിക്കാം…… ഗിരിയേട്ടനെ സ്നേഹിക്കാൻ……

ഗിരി മറുകൈ കൊണ്ട് അവളെ പിടിച്ചെണീപ്പിച്ചു…. നീയിപ്പോൾ എന്താ വിളിച്ചേ…………എന്താന്ന്…………. മുഖത്തു നോക്ക് അനു……… അനുവിന്റെ താടി പിടിച്ചുയർത്തി…

നീയെത്ര സമയം വേണമെങ്കിലും എടുത്തോ… ഈ ജീവിതകാലം മുഴുവനും എടുത്തോ…. എന്നോട് മിണ്ടാതെ ഇരിക്കരുതെന്നേ പറഞ്ഞുള്ളു…. ഗിരിയേട്ടാ ന്നു വിളിച്ചുകേട്ടല്ലോ…. സന്തോഷമുണ്ട്…. മനസ്സു നിറഞ്ഞു….. ഇത്രയും നേരം അനുഭവിച്ച വിഷമം പെട്ടെന്നു പോയപോലെ…….
ഇനി കിടന്നുറങ്ങിക്കോ….
നിലത്തല്ല……. ഇവിടെ……..ഞങ്ങളുടെ കൂടെ.. . അതും പറഞ്ഞു അനുവിനെ കട്ടിലിൽ പിടിച്ചിരുത്തി………. ഗിരി കണ്ണന്റെ മറുസൈഡിൽ പോയി കിടന്നു…..

അനുവിന് മനസ്സ് ശാന്തമായതുപോലെ തോന്നി…. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സമാധാനം തോന്നുന്നു….. പതിയെ തിരിഞ്ഞു നോക്കി…. ഗിരി കണ്ണനെ ചേർത്തു പിടിച്ചിരിക്കുന്നു….. കണ്ണന്റെ മുഖത്ത് ശാന്തമായ ഒരു പുഞ്ചിരിയും……..

പിന്നീട് അങ്ങോട്ട്‌ വലിയ സംസാരം ഒന്നുമില്ലെങ്കിലും അകൽച്ച ഒഴിവാക്കി അനു….

ക്ലാസ്സിൽ പോയിത്തുടങ്ങി….. അതോടെ ടാബ്ലറ്റ് പടിയിറങ്ങി… …… ക്ലാസും വീടുമായി അനു ഓടിനടന്നു…..

ഗീതു സ്നേഹിക്കുന്ന ആളുമായുള്ള വിവാഹം ഒരുവിധം ഗിരിയെക്കൊണ്ട് സമ്മതിപ്പിച്ചു അമ്മയും അനുവും കൂടി….

ഒരു വൈകുന്നേരം…… കണ്ണൻ ഗിരിയുടെ മടിയിലിരുന്ന് കളിക്കുവാണ്……. അനു കണ്ണനെ എടുത്തതും…. ച്ഛേ…. ന്നു വിളിച്ചു ഗിരിയുടെ മടിയിലേക്ക് ചാടി…. ഗിരിയുടെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു……. ഗിരി അനുവിനെ നോക്കിയപ്പോൾ ആ മുഖത്തുമുണ്ടായിരുന്നു അതേ സന്തോഷം…..

നീ അംഗീകരിച്ചില്ലെങ്കിലും ഇവൻ എന്നെ അംഗീകരിച്ചു…… ഗിരി പറഞ്ഞു…

ഓഹ്…. ആയിക്കോട്ടെ….. അനു പറഞ്ഞു….

ഒരു ദിവസം അനുവിന് ഒരു ഫോൺ കാൾ വന്നു…. ആരോടും പറയാതെ അവൾ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി…. ഓടിത്തളർന്നെത്തിയത് ഒരു ഹോസ്പിറ്റലിന്റെ മുന്നിലും….. കാലുകൾ തളരുന്നതുപോലെ…. വലിച്ചു വെച്ചു നടന്നു….. ദൂരെനിന്നേ അവൾ കണ്ടു ഐ സി യു വിന്റെ വാതിൽക്കൽ നിൽക്കുന്ന അമ്മയും ഗീതുവും കൈയിൽ കണ്ണനും……… കൂടെ കുറച്ചു പോലീസുകാരും ……. എന്നെക്കണ്ടതും അമ്മ തേങ്ങിക്കരഞ്ഞു പറഞ്ഞു….. നമ്മുടെ ഗിരി….

അവൾ ഒന്നും മിണ്ടാതെ ഇരുന്നു….. കൂടെയുള്ള ഒരു പോലീസുകാരൻ പറയുന്നത് അവ്യക്തമായി കേട്ടു…. ഒരു റോഡ് ഉപരോധം നിയന്ത്രിക്കാൻ പോയതാണ്….. അടിപിടി ആയി…..ആരോ പോലീസിനെ അടിക്കുന്നതു കണ്ടപ്പോൾ പിടിച്ചുമാറ്റാൻ വന്നതാണ്… ആ അടി കിട്ടിയത് സാറിന്റെ തലക്കിട്ടും….. ചോര ഒരുപാട് പോയിരുന്നു ഇവിടെ കൊണ്ടുവന്നപ്പോഴേക്കും…. രക്ഷപെടുമോന്ന് സംശയമാണെന്ന ഡോക്ടർ പറഞ്ഞത്….

എന്നെ പരീക്ഷിച്ചു മതിയായില്ലേ ഈശ്വരാ…. അനുവിന് ബോധം മറയും പോലെ തോന്നി…..
ഇല്ല….. ഞാൻ തളരില്ല…. ഞാൻ തളർന്നാൽ അമ്മയും ഗീതുവും……

അനു അമ്മയെ ചേർത്തു പിടിച്ചു…. ഒരാശ്രയം കിട്ടിയപോലെ അവർ അനുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു….

രണ്ടുദിവസം കഴിഞ്ഞു ബോധം തെളിഞ്ഞു ഗിരിക്ക്…….ആരെങ്കിലും കയറിക്കണ്ടോളാൻ പറഞ്ഞപ്പോൾ അനു അമ്മയെ അകത്തേക്കു കയറ്റി വിട്ടു………

റൂമിലേക്ക്‌ മാറ്റിയതും ഗിരിയുടെ എല്ലാ കാര്യങ്ങളും അനു ഏറ്റെടുത്തു….അമ്മയെയും ഗീതുവിനെയും കണ്ണനെയും വീട്ടിലേക്കു വിട്ടു…… ക്ലാസ്സിൽപോകാതെയായി…. .അധികം സംസാരിച്ചില്ല രണ്ടാളും…. കുറച്ചു ദിവസങ്ങൾക്കു ശേഷം ഡിസ്ചാർജ് ആയി…

വീട്ടിൽ വന്നു കഴിഞ്ഞപ്പോളാണ് അമ്മ പറഞ്ഞത് അനു വീണ്ടും ടാബ്ലറ്റ് കഴിക്കാൻ തുടങ്ങിയെന്നു….. അതു കൂടുതൽ ടെൻഷൻ ഉണ്ടാക്കി ഗിരിക്ക്…. എന്തിനാവും അനു വീണ്ടും……. എന്തായാലും ചോദിക്കണം അവളോട്‌….. നെറ്റിയിലെ കെട്ടെല്ലാം കണ്ടിട്ട് കണ്ണനായിരുന്നു വലിയ വിഷമം… തൊട്ടുനോക്കും എന്നിട്ട് വിങ്ങിപ്പൊട്ടും…. അതുകാണുമ്പോളാണ് എല്ലാവർക്കും സങ്കടം വരുന്നത്…….

അനു ഭക്ഷണം എല്ലാം കഴിഞ്ഞു ടാബ്ലറ്റ് കഴിക്കാൻ എടുത്തതും ഗിരി തടഞ്ഞു….

ഇതു നീ നിർത്തിയതല്ലേ…. വീണ്ടും എന്തിനാ കഴിക്കുന്നത്…..

ഇതില്ലാതെ ഉറങ്ങാൻ പറ്റില്ല…..

ഇതു കഴിച്ചിട്ട് നീ ഉറങ്ങണ്ട……. എന്നും പറഞ്ഞു അതുമുഴുവൻ എടുത്തു ജനാലയിൽകൂടി ദൂരേക്ക് എറിഞ്ഞു….

അനു സൂക്ഷിച്ചു നോക്കി ഗിരിയെ……

എന്താ നോക്കിപ്പേടിപ്പിക്കുന്നെ…. ഇനി നിനക്കതു കിട്ടില്ല അനു…. ഞാനുള്ളപ്പോൾ….

നാളെ മുതൽ മര്യാദക്ക് ക്ലാസ്സിൽ പൊക്കോണം…. മതി എന്നെനോക്കി കൂടെനിന്നത്….. അതിനും മാത്രം വയ്യായ്ക ഇപ്പോൾ എനിക്കില്ല…….

ഒന്നും മിണ്ടാതെ അനു നിന്നു…

എന്തുപറ്റി അനു. . … നീയെന്തിനാ വീണ്ടും ടാബ്ലറ്റ് കഴിക്കുന്നത്…….. അതിനുമാത്രം എന്തുണ്ടായി…….നിന്റെ മനസ്സിൽ എന്താണെന്നു പറഞ്ഞാലല്ലേ എനിക്കറിയാൻ പറ്റു …. അല്ലാതെ ഊഹിച്ചെടുക്കാനുള്ള കഴിവൊന്നും എനിക്കില്ല….. ഗിരി ദേഷ്യത്തിൽ പറഞ്ഞു….

അതിനുള്ള മറുപടി ഗിരിയെ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു…. എന്നിട്ട് നെഞ്ചു തകർന്നപോലെ കരഞ്ഞു…… ഗിരിക്ക് ശ്വാസം മുട്ടുന്നപോലെ തോന്നി…. അത്രയും ശക്തിയുണ്ടായിരുന്നു അനുവിന്റെ കൈകൾക്ക്…. അനുവിന്റെ കരച്ചിൽ തടയാൻ കുറച്ചു നേരത്തേക്ക് ഗിരിക്ക് പറ്റിയില്ല.. … പതിയെ അവളുടെ തലയിൽ തടവിക്കൊണ്ടേയിരുന്നു…. കരച്ചിലിന്റെ ശക്തി കുറഞ്ഞെന്നു തോന്നിയപ്പോൾ ഗിരി അനുവിന്റെ മുഖം ഉയർത്തി ചോദിച്ചു…. എന്താ…. എന്തിനാ ഇങ്ങനെ കരയുന്നത്….

അനു ഒന്നും മിണ്ടാതെ മാറിനിന്നു….

എന്റെ അനു ഇങ്ങുനോക്ക്…… കാര്യം പറ…. ഇങ്ങനെ കരയാൻ എന്തുണ്ടായി……

അവളെ ചേർത്തുപിടിച്ചു….. അനു ഗിരിയോട് പറ്റിച്ചേർന്നു നിന്നു….

ഞാൻ പേടിച്ചു ഗിരിയേട്ടാ….. ശരിക്കും…. എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിയാതെ പോയി……. വീണ്ടും ഞാൻ തനിച്ചാവുമെന്നു തോന്നി….. ആ ഒറ്റപ്പെടലിലേക്ക് തിരികെ പോകേണ്ടിവരുമെന്നു തോന്നി….. വീണ്ടും തനിച്ചായാൽ ഞാൻ………………

തനിച്ചാവുകയോ…… നീയോ…..
എനിക്കുള്ള ഒരാശ്വാസം എന്താന്നറിയുമോ നിനക്ക്….. ഞാൻ പോയാലും അമ്മയ്ക്കും ഗീതുവിനും നീയുണ്ടല്ലോ എന്നുള്ളതാണ്….. നീ അവരെ നന്നായി നോക്കുമെന്നും അറിയാം …..ഞാൻ അറിഞ്ഞിരുന്നു ഹോസ്പിറ്റലിൽ എന്നെ കണ്ണടക്കാതെയാണ് നോക്കിയിരുന്നതെന്നു…. നിന്റെ കണ്ണിലെ പേടി ഞാൻ കണ്ടു അനു ആദ്യമായിട്ട്…. അപ്പോഴേ മനസ്സിലായി നിന്റെ മനസ്സിൽ എനിക്കുള്ള സ്ഥാനം…. ഇങ്ങനെ ആയിരുന്നെങ്കിൽ ആദ്യമേ ഞാൻ ഒരു ആക്‌സിഡന്റ് ഉണ്ടാക്കിയേനെ… അതായിരുന്നെങ്കിൽ ഇത്രയും അകൽച്ച ഉണ്ടാവില്ലായിരുന്നു നമുക്കിടയിൽ….

അങ്ങനെയൊന്നും പറയരുത്…. എനിക്ക് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല…

നിന്റെ കയ്യിലാ എന്റെ ജീവൻ ഇരിക്കുന്നത്…. അത് നീ എന്നു കൈവിടുന്നോ അന്നേ ഗിരിക്ക് അന്ത്യം ഉണ്ടാവു…. കേട്ടോടി ഭാര്യേ…..

അതൊക്കെ പോട്ടെ…. ഇത്രയും നാൾ എന്തിനായിരുന്നു ഈ അകൽച്ച….. എന്നെ സ്നേഹിക്കാൻ കഴിയില്ലായിരുന്നോ…. അതോ കണ്ണന് ഒരച്ഛൻ വേണമായിരുന്നു ….. അങ്ങനെയായിരുന്നോ….

അങ്ങനെയൊന്നുമല്ല……
എന്തിനാ എന്നെത്തന്നെ വിവാഹം കഴിച്ചത്…. വേറെ എത്രയോ പെൺകുട്ടികൾ ഉണ്ടായിരുന്നു… ഞാൻ ഒരു ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമല്ലേ…. പിന്നെയെന്തിന്……. ഗിരിയേട്ടന്റെ യോഗ്യതയ്ക്കു വേറൊരു നല്ല പെണ്ണിനെ കിട്ടുമായിരുന്നിട്ടും എന്തിനാ എന്നെ തേടിപ്പിടിച്ചത്….. ഒരു രണ്ടാം വിവാഹം എന്റെ സ്വപ്നത്തിൽ കൂടി ഇല്ലായിരുന്നു…. ഞാനും കണ്ണനും മാത്രം മതി എന്ന് മുന്നേ തീരുമാനിച്ചതാ ഞാൻ…. കൂടെയുള്ളവരെ വിശ്വസിക്കരുതെന്ന് എന്റെ ജീവിതം പഠിപ്പിച്ചതാ എന്നെ………

ഗിരി അനുവിനെ പിടിച്ചു കൂടെയിരുത്തി…..

എന്നിട്ട് എല്ലാവരും അങ്ങനെ അല്ലെന്ന് നിനക്ക് മനസ്സിലായില്ലേ…. പള്ളിയിലെ അച്ഛൻ., ന്റെ അമ്മ, തോമസ്, അമ്മച്ചി ഇവരെയൊക്കെ നീ വിശ്വസിച്ചില്ലേ….. അച്ഛൻ പറഞ്ഞപോലെ നിന്റെ കൂടെ എപ്പോഴും ദൈവത്തിന്റെ ഒരു കണ്ണെത്തുന്നുണ്ട്…….

പിന്നെ എനിക്ക് നിന്നെ കിട്ടാനാ യോഗ്യത ഇല്ലാത്തതു…….. നിന്നെപ്പോലെ ഒരു പെണ്ണിനെ എവിടെ കിട്ടാനാ…….. മാനത്തിന് വില പറഞ്ഞവരെയൊക്കെ എത്ര തന്റേടത്തോടെയും ബുദ്ധിപരമായിട്ടുമാ നീ കൈകാര്യം ചെയ്‌തത്……. നിനക്ക് എപ്പോളും ഉറച്ച തീരുമാനങ്ങൾ ഉണ്ട്…… അതാണ് എനിക്ക് ഇഷ്ടമായത്…… സ്നേഹിക്കുന്നവർക്കു വേണ്ടി എന്തും ചെയ്യും നീ……..അന്ന് ഈ വീട്ടിൽ നിന്നും നീ പോയപ്പോഴാണ് ഞാൻ നിന്നെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നുവെന്നു മനസ്സിലായത്… പിന്നെ ഒരു കുഞ്ഞുണ്ട് എന്നതൊരു കുറ്റമൊന്നുമല്ലല്ലോ…. കണ്ണൻ നമ്മുടെ ഭാഗ്യമല്ലേ അനു…. ഇനി എത്ര കുഞ്ഞുങ്ങൾ ഉണ്ടായാലും അവൻ തന്നെയാ ഈ വീട്ടിലെ ഒന്നാമൻ….. പക്ഷേ……

എന്താ ഒരു പക്ഷേ….. അനു ചോദിച്ചു….

അതിനു നീയും കൂടി വിചാരിക്കണം…..

അയ്യടാ……… ആ പൂതി നാലായി മടക്കി മനസ്സിൽ വച്ചോ…. ആദ്യം തലയിലെ കെട്ടഴിക്കാനുള്ള സമയം കൊടുക്ക്‌…… അതുകഴിഞ്ഞു നോക്കാം….. അതുംപറഞ്ഞു അനു എണീറ്റു…

നിൽക്ക്…. പിന്നെ ഒരു കാര്യം……. ഇനി മേലാൽ ടാബ്ലറ്റ് കഴിക്കരുത്…… നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് പറയണം…. മനസ്സിൽ വച്ചോണ്ടിരിക്കരുത്….. എനിക്ക് നിന്നെ എന്നും ജീവനോടെ വേണം…. വിഷമം വന്നാൽ ഓടിവന്നു ഈ നെഞ്ചിലൊട്ടു വീണു കരഞ്ഞോ……. സന്തോഷം വന്നാൽ കെട്ടിപ്പിടിച്ചു ഉമ്മ തന്നോ….. ഇതു രണ്ടും വന്നില്ലെങ്കിലും ചുമ്മാ വന്നു ഉമ്മ തന്നോ…. ഞാൻ സഹിച്ചോളാം…..

ഓഹ്… അങ്ങനെ കഷ്ടപ്പെട്ട് ആരുമെന്നെ സഹിക്കണ്ട……

പിന്നെ നിന്നെയാരാ സഹിക്കുന്നെ…. ഞാനല്ലാതെ…….. അനുവിനെ ചേർത്തണച്ചു. …

കണ്ണനെവിടെ…….

അമ്മയുടെ കൂടെയാ…. ഈ മുറിവ് കാണുമ്പോൾ കാണുമ്പോൾ കരച്ചിലാ…. അമ്മ പിടിച്ചു കൂടെ കിടത്തി……..

ശ്ശോ…. കുറച്ചു ദിവസം അവനെ കെട്ടിപ്പിടിച്ചു ഉറങ്ങിയതുകൊണ്ട് തനിച്ചു കിടക്കാൻ ഒരു മടി…. ആരെയെങ്കിലും ഒന്നു കെട്ടിപ്പിടിക്കാൻ കിട്ടിയിരുന്നെങ്കിൽ……..

സ്റ്റിച്ചിന്റെ എണ്ണം കൂട്ടണോ….. എങ്കിൽ വാ….

വേണ്ടാ ….. ഞാൻ തനിച്ചു കിടന്നോളാം….

അതാണ് … ആ ഭയം വേണം…. എപ്പോഴും…..

സ്റ്റിച് അഴിക്കട്ടെടി നിന്നെ ഞാൻ കാണിച്ചു തരാം………. ദുഷ്ട……

അനു ചിരിയോടെ കിടന്നതും
ഗിരി അവളെ വട്ടംപിടിച്ചു……

സ്റ്റിച്ചിന്റെ എണ്ണം നീ കൂട്ടിക്കോടി….. ഞാൻ സഹിച്ചു…… നോക്കാൻ നീ ഉണ്ടാവുമല്ലോ…. എന്നും…. കൂടെ….

ഗിരി അനുവിന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു….

എന്നും കൂടെയുണ്ടാവും എന്ന ഉറപ്പു കൊടുക്കും പോലെ അനു ഗിരിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി….

അവസാനിപ്പിച്ചു