22/04/2026

മയിൽപ്പീലി : ഭാഗം 04

രചന – നെച്ചു നസ്രിൻ

രാവിലത്തെ ജോലികളെല്ലാം കഴിഞ്ഞ് കുളിച് പീലി മുറിയിലേക്ക് വന്നു.മുടിയിൽ കെട്ടി വെച്ചിരുന്ന തോർത്തു അഴിച്ച്മാറ്റി റൂമിലെ ജനാല പതിയെ തുറന്നിട്ടു. ഇവിടെ നിന്നാൽ നോക്കുന്നത് വയലിലേക്കാണ്.

പഴയൊരു വീടാണ് പീലിയുടേത്. അച്ഛനുമമ്മയും കല്യാണം കഴിഞ്ഞ് ഈ നാട്ടിലേക്ക് വരുമ്പോ അച്ഛന്റെ പേരിലെ കുറച്ചു നിലം വിറ്റ് ആ പൈസ കൊണ്ട് വെച്ച വീടാണിത്. കാലം മുന്നോട്ട് പോകുന്നതനുസരിച് അച്ഛനെക്കൊണ്ട് പറ്റും പോലെ എക്കെ ചില മിനുക്ക് പണികൾ ചെയ്‌തെന്ന് മാത്രേയുള്ളു.

താഴത്തെ രണ്ട് മുറികളൊന്നിൽ അച്ഛനും ചെറിയമ്മയും മറ്റൊന്നിൽ വിസ്മയുമാണ്. മുകളിലത്തെ ഒരു മുറി താനും ഇതിനോട് ചേർന്ന മറ്റൊരു മുറി വീണയുമാണ് ഉപയോഗിക്കുന്നത്. ജനലഴികളിൽ പിടിച്ചു നിന്ന പീലിയുടെ ഈറൻ മുടിയിഴകളെ ഒരിളം കാറ്റ് ചുംബിച്ച് തഴുകി തലോടി.

കോളേജിലേക്ക് പോകാനായി മുറ്റത്തേക്കിറങ്ങുന്ന നേരത്താണ് ഗേറ്റ് കടന്നു രാമൻ ജ്യോത്സ്യര് നടന്നു വരുന്നത് പീലി കണ്ടത്. ഇദ്ദേഹമെന്തിനാണാവോ വരുന്നത്.

പീലിയെ കണ്ടതും രാമൻ ഹൃദ്യമായൊന്നു പുഞ്ചിരിച്ചു

“അച്ഛനില്ലേ മോളെ”??

“അച്ഛൻ പാടത്തൂന്ന് വരാനാകുന്നതേയുള്ളൂ”

“ആഹ് ഇന്നലെ രുക്‌മിണി ഇവിടുത്തെ വീണമോൾടെ ഗ്രഹനിലയൊന്ന് നോക്കണമെന്ന് പറഞ്ഞിരുന്നു”.

“അച്ഛനുടനെ വരും ജ്യോത്സ്യര് അകത്തേക്ക് കയറിയിരിക്കൂ”.

“മോൾ കോളേജിലേക്കായിരിക്കും അല്ലേ”?

“അതെ ഞാനിറങ്ങട്ടെ ,വൈകിയ ബസ് പോകും”

ജ്യോത്സ്യരോട് യാത്ര പറഞ്ഞു പീലി ബസ് സ്റ്റോപ്പിലേക്ക് നടന്നു. രുക്‌മിണി ഉമ്മറത്തേക്ക് വന്നപോളാണ് ജ്യോത്സ്യരെ കാണുന്നത്.

“അയ്യോ വന്നിട്ടൊരുപാട് നേരമായോ”??

” ഇല്ല രുക്‌മിണി , ഞാൻ പീലി മോളെ കണ്ടിരുന്നു. ആ കുട്ടിയാ പറഞ്ഞെ വിശ്വൻ വരാനാകുന്നതേയുള്ളെന്ന്”

“ഓഹ് എന്നാൽ ഞാൻ കുടിക്കാൻ എന്തേലുമെടുക്കാം”.

“വേണ്ട രുക്‌മിണി ഞാൻ ഇപ്പോ കഴിച്ചതേയുള്ളു”

“ആഹ് ദാ വിശ്വേട്ടൻ വന്നല്ലോ”.

വിശ്വൻ ഉമ്മറത്തെ ചാരുകസേരയിലേക്കമർന്നു തൊളിലെ തോർത്തെടുത്ത് വിയർപ്പൊപ്പി രാമനെ നോക്കി പുഞ്ചിരിച്ചു.

“രുക്‌മിണി , കുടിക്കാൻ കുറച്ചു വെള്ളമിങ്ങെടുക്കൂ. ഒത്തിരി നേരായോടോ താൻ വന്നിട്ട്”??.

“ഏയ്‌ ഇല്ല. എങ്ങനെ പോകുന്നെടോ പണിയൊക്കെ”??.

“ആഹ് വിളവൊക്കെ കുറവാ പഴയ പോലൊന്നുമില്ല”.

എഴുതിരിയിട്ട് കത്തിച്ച നിലവിളക്കിന് മുന്നിൽ കവടിപ്പലകയിൽ കണക്കു കൂട്ടിയും കിഴിച്ചും രാമൻ മുഖമുയർത്തി വിശ്വനെയും രുക്‌മിണിയെയും നോക്കി.

“വീണയുടെ ജാതകത്തിൽ വിവാഹം ഉടനെ നടത്തണമെന്നാണ്. ആറു മാസത്തിനുള്ളിൽ മംഗല്യ യോഗം ഉണ്ടായില്ലേൽ പിന്നെ 27 വയസ് കഴിയുമെന്നാണ്”.

വേവലാതിയോടെ വിശ്വനും രുക്‌മിണിയും പരസ്പരം നോക്കി.

” ഇപ്പൊ എന്താ ചെയ്യാ ജ്യോത്സ്യരെ”??.

” ഇനിയും ആറു മാസമുണ്ടല്ലോ. അതിനുള്ളിൽ പറ്റിയൊരു ചെക്കനെ കണ്ട് പിടിക്കാമല്ലോ”.

“പക്ഷെ അവളിപ്പോ പഠിച്ചോണ്ടിരിക്കുവല്ലേ രാമാ”?? വിശ്വനാണത് ചോദിച്ചത്

“കല്യാണം കഴിഞ്ഞാലും പഠിക്കാല്ലോ.ഞാൻ പറഞ്ഞെന്നേയുള്ളൂ. പിന്നെ ഇതൊക്കെയൊരു വിശ്വാസമല്ലേ. നിങ്ങളെന്താന്ന് വെച്ചാൽ ആലോചിച്ചൊരു തീരുമാനമെടുക്കു”.

ജ്യോത്സ്യര് തിരികെ മടങ്ങിയതും ഉമ്മറത്തെ കസേരയിലിരുന്ന് എന്തൊക്കെയോ ചിന്തയിലാണ്ട വിശ്വനാഥൻറെ അടുത്തേക്ക് രുക്‌മിണി വന്നു

“നിങ്ങളെന്താ ഈ ആലോചിക്കണെ”??

“രാമൻ പറഞ്ഞത് നീയും കേട്ടതല്ലേ. ഞാൻ അതിനെക്കുറിച്ച് ആലോചിച്ചതാ”.

“ഹാ നിങ്ങളെന്തായാലും കവലയിലേക്കൊന്ന് ചെന്ന് ആ ബ്രോക്കർ സതീശനെ ഒന്ന് കണ്ട് കാര്യം സൂചിപ്പിച്ചേക്ക്. അവനാകുമ്പോൾ നല്ല ആലോചന തന്നെ കൊണ്ട് വരും. പേടിക്കണ്ടല്ലോ”.

“ആല്ല രുക്‌മിണി പീലിയല്ലേ വീണയെക്കാളും മൂത്തത്. അങ്ങനെയുള്ളപ്പോ നമ്മളെങ്ങനെയാ വീണയെ……………”

വ്യാകുലതയോടെ വിശ്വനെ പറഞ്ഞ് പൂർത്തിയാക്കാൻ രുക്‌മിണി സമ്മതിച്ചില്ല.

“ഹോ പിന്നെ അവളെ കെട്ടിച്ച് വിട്ടിട്ട് നിങ്ങൾക്കെന്താ ഇത്ര അത്യാവശ്യം. വീണമോൾടെ ജാതകത്തിലല്ലേ ഇപ്പോ സമയം പറഞ്ഞിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ രണ്ട് കല്യാണം നടത്താൻ നിങ്ങക്ക് പാങ്ങുണ്ടോ”???.

മൗനമായിരുന്നു വിശ്വന്റെ മറുപടി

“ഇല്ലാലോ അപ്പൊ ഞാൻ പറഞ്ഞത് കേൾക്ക്. ബാക്കി ഒക്കെ പിന്നെയല്ലേ , വെച്ച് താമസിക്കാൻ ഒക്കില്ല”.

അതും പറഞ്ഞു രുക്‌മിണി വീടിനുള്ളിലേക്ക് പോയതും വിശ്വൻ തോളിൽ കിടന്ന തോർത്തു കുടഞ്ഞു നേരെയാക്കി മുറ്റത്തേക്കിറങ്ങി നടന്നു.

ലൈബ്രറിയിൽ ബുക്ക്‌ വായിക്കുന്നതിനിടയിലാണ് രേഷ്മയുടെ മുഖം വീർത്തിരിക്കുന്നത് പീലി ശ്രദ്ധിച്ചത്

“എന്താടി രേഷു , എന്ത് പറ്റി”??

“ഓഹ് ഒന്നൂല്ലടീ”

” അതല്ലല്ലോ ഞാൻ കുറച്ചു നേരായി ശ്രദ്ധിക്കുന്നു.നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ. എന്തേലും പ്രശ്നമുണ്ടോ”??.

“ഏയ്‌ നിനക്ക് വെറുതെ തോന്നുന്നതാകും”

വീണ്ടും ബുക്കിലേക്ക് മുഖം പൂഴ്ത്തി രേഷ്മ

“അല്ല ആനന്തിനെ കാണുന്നില്ലല്ലോ. എവിടെ പോയവൻ”??

” എനിക്കെങ്ങനെ അറിയാം അവനൊക്കെ എവിടെപ്പോയെന്ന്”!!!

ചീറി പറയുന്ന രേഷ്മയെ പീലി അന്താളിച്ചു നോക്കി.

” നീ ക്ലാസ്സിലേക്ക് വരുന്നില്ലേ രേഷു”?.

“ഇല്ലെടീ നീ പൊക്കോ ഞാൻ കുറച് കഴിഞ്ഞ് വന്നോളാം”.

എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് അല്ലെങ്കിൽ ഇത്ര പെട്ടെന്നിങ്ങനെ വരില്ലല്ലോ

രേഷ്മക്കിതെന്തു പറ്റിയെന്നു എന്നാലോചിച്ചു നടന്നു വരികയായിരുന്ന പീലി അപ്പോളാണ് വരാന്തയിലെ ഉരുളൻ തൂണിൽ ചാരിനിന്ന് സാധികയോട് ചിരിച്ച് സംസാരിക്കുന്ന ആനന്ദിനെ കാണുന്നത്

” ഓഹ് അപ്പൊ ഇതാണ് അവിടുത്തെ പൊട്ടിത്തെറിയുടെ റീസൺ”

ഒരു കള്ള ചിരിയോടെ തനിക്ക് നേരെ നടന്നു വരുന്ന പീലിയെ നോക്കി രേഷ്മ എവിടെയെന്നു കണ്ണ് കൊണ്ട് ചോദിച്ചു ആനന്ദ്

അകത്തുണ്ടെന്ന് കൈ ചൂണ്ടി മറുപടി കൊടുത്ത് പീലി ക്ലാസ്സിലേക്ക് പോയി. കുറച്ചു നേരം കഴിഞ്ഞതും കട്ടകലിപ്പിൽ വരുന്ന രേഷ്മയെയും തൊട്ട് പിറകെ നെഞ്ചുഴിഞ്ഞു നടന്നു വരുന്ന ആനന്ദിനെയും കണ്ടതും പീലിക്ക് ഏകദേശം കാര്യങ്ങളുടെ കിടപ്പ് വശം മനസിലായി.

ക്ലാസ്സിലേക്ക് സർ വന്നതും ചിന്നി ചിതറി എല്ലാവരും അവരവരുടെ സീറ്റിൽ ഇരുപ്പുറപ്പിച്ചു. തലകുനിച്ചു ബുക്കിലേക്ക് കണ്ണും നട്ടിരുന്ന രേഷ്മയുടെ അടുത്തേക്ക് നീങ്ങിയിരുന്നു സ്വകാര്യം പോലെ കാര്യമെന്താണെന്ന് പീലി തിരക്കി.

“നിനക്ക് കേൾക്കണോ , എന്റെ കൂടെ നടന്ന്‌ വന്നോണ്ടിരുന്ന ആ പന്ന പട്ടി മറ്റവളെ കണ്ടപ്പോ, എന്നെ ആലുവാ മണപ്പുറത്തു വെച്ച് കണ്ട ഭാവം പോലുമില്ലാതെ ഒലിപ്പിക്കാൻ പോയേക്കുന്നു. കൊല്ലണ്ടെടി അവനെ”???

പീലി പൊട്ടിവന്ന ചിരി അടക്കിപിടിച്ചു

“അവളാണേൽ ആവശ്യത്തിന് അരിയും പയറുമൊക്കെ ഇട്ടു കൊടുക്കുന്നുണ്ട് ആ കോഴിക്ക്. അവന്റെ മണ്ടക്കിട്ടൊന്ന് കൊടുക്കാനാ തോന്നിയത് പിന്നെ വേണ്ടെന്ന് വെച്ച്”

“അയ്യോടി കേട്ടാൽ തോന്നും നീ അവനെ ഒന്നുമേ ചെയ്തില്ലെന്ന്. കണക്കിന് കൊടുത്തില്ലെടി നീ അവനിക്കിട്ട്”?

നല്ല അന്തസായിട്ടൊന്നു ഇളിച്ചു കാണിച്ചു രേഷ്മ. പാവം ആനന്ദ് ആകട്ടെ വഴിയേ പോയ അടി ടാക്സി വിളിച്ച് പോയി മേടിച്ചിട്ട് ഇരിക്കുവാണ്.

തൊഴുത്തിലെ പശുക്കളോട് കിന്നാരം പറഞ്ഞിരിക്കുകയാണ് പീലി. ദിവസവും പാൽ കറക്കാൻ ഒരാൾ വരും. കൃത്യമായി അതളന്നു വെക്കുന്ന ജോലി തന്റെതാണ്. അച്ഛനാണ് അടുത്ത വീടുകളിൽ പാൽ കൊണ്ട് കൊടുക്കുന്നത്.
തൊഴുത്തിന്റെ തിട്ടയിലിരുന്നു പശുക്കിടാവിന്റെ തലയിലൊന്ന് തടവിയതും അത് അവളോട് ചേർന്ന് നിന്നു.

“ഒന്നിനും നേരം കിട്ടണില്ല അമ്മിണിയേ. ഈ ഓട്ടത്തിനിടക്ക് നിന്റടുത്തു വന്നിരിക്കാനൊക്കെ എവിടാ സമയം”.

അത് മനസിലായവണ്ണം അമ്മിണി തല പീലിയുടെ മടിയിലേക്ക് എടുത്ത് വെച്ച്. അടുക്കളയിൽ രാത്രി അച്ഛനുള്ള കഞ്ഞി വെക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പീലി. ചായ കുടിക്കാനായി വീണ അപ്പോളാണ് ഊണുമേശക്കരികിലേക്ക് വന്നത്. അടുക്കളയോട് ചേർന്നാണ് ഊണുമുറി.

ഒരു കസേര നീക്കിയിട്ട് അതിലേക്കിരുന്ന് കൊണ്ട് മൂടി വെച്ചിരുന്ന പാത്രം തുറന്നതും നല്ല ഏലക്കയുടെ മണം ആ മുറിയാകെ പരന്നു. ഇലയടയും ചായയും ഉണ്ടാക്കി വെച്ചിരുന്നു പീലി.

ചായ മൊത്തിക്കുടിച്ചു ഇലയടയും കഴിച്ച വീണ അപ്പോളോർത്തത് പീലിയെ കുറിച്ചായിരുന്നു.
“അവളെന്തുണ്ടാക്കിയാലും ഒരു പ്രത്യേക ടേസ്റ്റാണ്. വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. ഇത്ര നാളായിട്ടും അമ്മക്ക് ഒന്നും നന്നായിട്ട് ഉണ്ടാക്കാനറിയില്ല. ഈ ചായ എങ്ങനെയാ ഇടുന്നത്???. ആവോ”

വീണക്കരികിലെ കസേര നീക്കിയിട്ട് രുക്‌മിണിയും വന്നിരുന്നു. അമ്മക്ക് തന്നോടെന്തോ പറയാനുള്ളത് പ്പോലെ വീണക്ക് തോന്നി

“മോളെ ഇന്നാ രാമൻ ജ്യോത്സ്യർ വന്നിരുന്നു. ഇന്നലെ ഇവിടെ വരെയൊന്നു വരാൻ ഞാൻ അയാളോട് പറഞ്ഞിരുന്നു”.

“എന്താ അമ്മേ കാര്യം എന്തേലും പ്രത്യേകിച്ച്…..”

“ആഹ് ഇവിടിപ്പോ എനിക്ക് നിന്റെ കാര്യമല്ലാതെ വേറെന്താ പ്രധാനം”.

“എന്റെ കാര്യമോ!! അമ്മ കാര്യമെന്താന്ന് തെളിച്ച് പറയ്‌”

“നിന്റെ ജാതകമൊന്നു നോക്കാൻ ഞാൻ വിളിപ്പിച്ചിരുന്നതാ. അയാൾ പറയുന്നത് ആറു മാസത്തിനുള്ളിൽ നിന്റെ കല്യാണം നടത്തണമെന്നാണ്. അല്ലെങ്കിൽ പിന്നെ 27 വയസ് കഴിഞ്ഞാലേ കല്യാണം നടക്കൂന്ന്. ഞാൻ നമ്മുടെ സതീശനോട് നിനക്ക്‌ പറ്റിയ ചെക്കനെ കുറിച് തിരക്കിയാരുന്നു.അവനൊരു ചെക്കന്റെ കാര്യം പറഞ്ഞിട്ടുണ്ട് “.

“പക്ഷെ എന്റെ ക്ലാസ്സ്‌ കഴിയാൻ ഇനിയും ഒരു വർഷം കൂടിയില്ലേ”?

“ആഹ് നമുക്കിനി വെച്ച് താമസിപ്പിക്കാൻ ഒക്കില്ല. ഒരുപാട് കാര്യങ്ങൾ ഒത്തുവന്നാലേ കല്യാണം നടക്കൂ. നമുക്ക് ചേരുന്ന ചെക്കനെ കണ്ടെത്തണം, ജാതക പൊരുത്തം വേണം, കുടുംബവും മറ്റും നോക്കണം, അങ്ങനെ…. ഇപ്പോ പറഞ്ഞ കൂട്ടർ കേട്ടിടത്തോളം നല്ലവരാ. ചെക്കന് വെല്യ വീടും കാറുമൊക്കെയുണ്ട്.എറണാകുളത്തെ കോളേജിലെ പ്രൊഫസ്സർ ആണ് ചെക്കൻ. ഇളയതൊരു പെൺകുട്ടിയാണ് അവൾ ഡോക്ടറിനു പഠിക്കുവാ ദൂരെ എവിടോ നിന്ന്”.

“അമ്മേ എന്റെ പഠിത്തം കഴിയാതെ ഇത്ര പെട്ടെന്ന് എനിക്കൊരു കല്യാണം വേണ്ടമ്മേ”.

” കോളേജിലെയൊക്കെ സർ അല്ലേ അപ്പോ നിന്നെ കല്യാണം കഴിഞ്ഞു പഠിക്കാൻ വിട്ടോളും. ഇതിലും നല്ലൊരു ബന്ധം നമുക്ക് വേറെ കിട്ടില്ല”.

“എന്നാലും അമ്മേ….”
വീണ താല്പര്യമില്ലാതെ അമ്മയെ നോക്കിയെങ്കിലും എല്ലാം തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു രുക്‌മിണിക്ക്‌.

“അമ്മ എന്ത് ചെയ്താലും അത് നിന്റെ നല്ലതിന് വേണ്ടി മാത്രമായിരിക്കും. അവരത്രയും പണക്കാരാണെന്നാ സതീശൻ പറഞ്ഞത്. നിന്റെ അച്ഛന്റെ കയ്യിൽ ഈ വീടൊഴികെ ഒരു ചുക്കും ചുണ്ണാമ്പും ഇല്ലെന്ന് നിനക്കറിയാല്ലോ. അത് കൊണ്ട് നീ എങ്കിലും രക്ഷപെടാൻ നോക്ക്. അവർക്ക് നിന്നെയിഷ്ടപ്പെട്ടാൽ പിന്നെ എല്ലാം നന്നായി തീരും”.

“ഹാ എന്താ അയാളുടെ പേര്???. പിന്നെ അറിഞ്ഞിരിക്കാല്ലോ”.

ഇഷ്ടക്കേടോടെ വീണയത് ചോദിച്ചതും രുക്‌മിണിയുടെ മുഖത്ത് തെളിച്ചെമുള്ളൊരു ചിരി വിടർന്നു.

” സൂരജ് ”

28 വയസ്.അമ്മയും അച്ഛനും മാത്രേ വീട്ടിലുള്ളൂ.വെല്യ കുടുംബക്കാരാണ്.

” ഹോ എന്നേലും 8 വയസ് മൂത്തതാണോ”??

“ദേ പെണ്ണെ ഒരു വീക്ക് വെച്ച് തന്നാലുണ്ടല്ലോ. നിന്റെ അച്ഛനും ഞാനും തമ്മിൽ 10 വയസ് വ്യത്യാസമാണുള്ളത്. അതുമിതും നോക്കിയിരിക്കാതെ വരുന്ന ഞായറാഴ്ച അച്ഛൻ അവരോട് വന്നു കണ്ടോളാൻ പറഞ്ഞിട്ടുണ്ട്”.

“ഓഹ് ആയിക്കോട്ടെ അവർ വരട്ടെ ഇനി ഞാൻ എതിര് പറയുന്നെന്നും പറഞ്ഞു വഴക്കുണ്ടാക്കണ്ട. എനിക്ക് സമ്മതമാണ് പക്ഷെ ഒരു കണ്ടീഷൻ,കാണാൻ ഭംഗിയുണ്ടേലെ നടക്കൂ”.

“അതൊക്കെ കാണും ഞായറാഴ്ച അവർ വരട്ടെ”

“മ്മ്മ് ശെരി”.

വീണയുടെ മുഖത്ത് ആരും കാണാതെ കൗശലം നിറഞ്ഞൊരു ചിരി മിന്നിമാഞ്ഞു.

അടുക്കളയിൽ നിന്ന പീലി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. വീണക്ക് ഇത്ര പെട്ടെന്നൊരു കല്യാണമോ. അവളുടെ രീതികളും പോക്കും ഓർത്തപ്പോ അത് നല്ലതാണെന്നു പീലിക്കും തോന്നി.

“എന്തായിരുന്നു ചെറിയമ്മ പേര് പറഞ്ഞത്, ആഹ് സൂരജ്”.

*******************************************