24/04/2026

ഇഷ്ടം : ഭാഗം 11

രചന – കാന്താരി

ഏട്ടനെന്താ ആലോചിക്കുന്നത്, എന്തെങ്കിലും പ്രശ്നമുണ്ടോ ഏട്ടാ… ” രാത്രി ഭക്ഷണം കഴിച്ചിരിക്കെ ആലോചനയിൽ ഇരിക്കുന്ന മോഹനെ കണ്ടു ആനന്ദ ചോദിച്ചു. “പ്രശ്നമൊന്നുമില്ല. ഇന്ന് ഞാനെന്റെ ഒരു സുഹൃത്തിനെ കണ്ടു അവനൊരു മകനുണ്ട് ആള് ഡോക്ടറാ… അവനു വേണ്ടി നമ്മുടെ ദേവുനെ ചോദിച്ചു. അപ്പൊ അതിനെ പറ്റി ഒന്നാലോചിച്ചതാ ” മോഹൻ പറഞ്ഞതും ഓരോ മൂലയിൽ ഇരുന്നവരും ഹാളിൽ ഹാജറായി. “നല്ല ആലോചന ആണെങ്കിൽ അത് നോക്കിക്കൂടെ ”

“അത് ശരിയാ… വേഗം എല്ലാം റെഡി ആക്കിക്കോ അച്ഛാ… ഈ ബാധ്യതയെ ഇനി ഇവിടെ നിർത്തുന്നത് നല്ലതല്ല ” യശോദ പറഞ്ഞതിന് സപ്പോർട്ട് ചെയ്തു ദേവുനെ ചൊറിഞ്ഞു കൊണ്ട് സിദ്ധു പറഞ്ഞു. “പോടാ ചേട്ടാ… ഞാനൊരു ബാധ്യത ആണെങ്കിൽ നീ എങ്ങോട്ടേലും പൊയ്ക്കോ. അല്ലാതെ ഞാനിവിടുന്നു എങ്ങോട്ടും പോകില്ല ” “ഞാൻ പറഞ്ഞെന്നെ ഉള്ളു നിനക്ക് ഇഷ്ടമല്ലേങ്കിൽ അച്ഛൻ നിർബന്ധിക്കില്ല. നിന്റെ ജീവിതമാണ് അത് തീരുമാനിക്കേണ്ടതു നീ തന്നെയാണ് ” സിദ്ധുവിനെ ചീത്ത പറഞ്ഞു കൊണ്ട് ദേവു മോഹനെ കെട്ടിപിടിച്ചു ഇരുന്നതും അവളെ തലോടി കൊണ്ട് മോഹൻ പറഞ്ഞു. “എനിക്ക് സമ്മതക്കുറവ് ഒന്നുമില്ലച്ഛാ… പക്ഷെ എനിക്കൊരു ആഗ്രഹമുണ്ട്, അത് പറഞ്ഞാൽ നടത്തി തരുമോ ”

“നീ പറ മോളെ… ഇടം വലം നോക്കാതെ ഈ കിരൺ ചെയ്തു തരും നിനക്ക് ” തല ഉയർത്തി മോഹനെ നോക്കി കൊണ്ട് ദേവു പറഞ്ഞത് കേട്ടു കിരൺ പറഞ്ഞു. “നീ പറ നമ്മുക്ക് നോക്കാം എന്താണെങ്കിലും ” “എന്നാ പറയട്ടെ. എന്റെയും ഏട്ടന്റെയും കല്യാണം ഒരു ദിവസം ഒന്നിച്ചു നടത്തണം ” സമ്മതം പോലെ മോഹൻ പറഞ്ഞതും ദേവു തന്റെ ആഗ്രഹം പറഞ്ഞതു കേട്ടു സിദ്ധു ഒന്ന് ഞെട്ടി പിന്നെ ഐശുനെ ഒന്ന് നോക്കി അവളിലും ഒരു ഞെട്ടൽ കണ്ടതും ഉള്ളിൽ ഒന്ന് ചിരിച്ചു കൊണ്ട് സിദ്ധു മുഖത് ദേഷ്യം വരുത്തി. “അതൊന്നും ശരിയാവില്ല എനിക്കൊരു പ്ലാനോക്കെ ഉണ്ട് എന്റെ കല്യാണത്തിനെ പറ്റി അതോക്കെ നടക്കണമെങ്കിൽ നീ ആദ്യം കെട്ടണം. പിന്നെ… എനിക്ക് ഇപ്പൊ ഒന്നും ഒരു കല്യാണത്തിന് താല്പര്യമില്ല കുറച്ചു കാലം കൂടി ഇങ്ങനെ ബാച്ച്ലോർ ആയി അടിച്ചു പൊളിച്ചിട്ടെ ഞാൻ കെട്ടുന്നുള്ളു ” “കണ്ടോ ഈ ഏട്ടന് എന്നോടൊരു സ്നേഹവുമില്ല, ഉണ്ടായിരുന്നുവെങ്കിൽ ഇതിപ്പോ സമ്മതിച്ചേന്നെ ”

“ദെയ് പെണ്ണെ… എനിക്ക് നിന്നോടുള്ള സ്നേഹം കാണിക്കാൻ ഞാൻ എന്റെ ജീവിതം ബലി കൊടുക്കണമല്ലേ. നടക്കില്ല എന്നെ കൊന്നാലും ഇതിന് എനിക്ക് സമ്മതമല്ല ” സിദ്ധു അറുത്തു മുറിച്ചു കൊണ്ട് പറഞ്ഞതും സങ്കടം കൊണ്ട് ദേവുന്റെ കണ്ണുകൾ നിറഞ്ഞു. “വേണ്ട… നീ കെട്ടണ്ട. നീ ഇങ്ങനെ മൂത്തു നരച്ചു പെണ്ണ് കിട്ടാതെ അലഞ്ഞു തിരിഞ്ഞു നടക്കുമെടാ നോക്കിക്കോ. അന്ന് നിനക്ക് തോന്നും ഞാൻ പറഞ്ഞത് കേട്ടു കെട്ടിയിരുന്നെങ്കിൽ ഇന്ന് നിനക്കീ ഗതി വരില്ലായിരുന്നുവെന്ന്. ഇത് ഞാൻ വെറുതെ പറയുന്നതല്ല ഇതെന്റെ ശാപമാ ” എന്നും പറഞ്ഞു കലി തുള്ളി കൊണ്ട് ദേവു റൂമിലെക്ക് പോയി. പുറകെ തന്നെ ഐശുവും. “അവളുടെ ആഗ്രഹമല്ലേ മോനെ… നീ ഒന്ന് സമ്മതിച്ചു കൊടുക്ക്, നിനക്ക് എന്റെ മോളെ തന്നെ ഞാൻ തരാം… അപ്പൊ പിന്നെ വേറെ പെണ്ണ് നോക്കി നടന്നു ഒന്നും അതികം നീണ്ടു പോകില്ല ഏട്ടൻ അവരോടു ഒരു യെസ് പറഞ്ഞാൽ രണ്ടും വേഗം അങ്ങ് നടത്താം

” കിട്ടിയ ഗപ്പിൽ ജയന്തി തന്റെ ആഗ്രഹം പറഞ്ഞു. “അതിപ്പോ കാവ്യയെ വേണമെന്ന് സിദ്ധു പറഞ്ഞില്ലല്ലോ ഇവിടെ എന്റെ മക്കളും ഉണ്ട് സിദ്ധുന് ആരോടാ താല്പര്യമുള്ളതെന്ന് പറഞ്ഞാൽ നമുക്ക് അങ്ങനെ തന്നെ നീങ്ങാം… എന്താ ഏട്ടന്റെ അഭിപ്രായം ” “ഇതൊന്നും ഞാനല്ല തീരുമാനിക്കുന്നത് ആരെ കെട്ടണമെന്ന അവന്റെ ഇഷ്ട്ടം അത് എങ്ങനെ ആണെങ്കിലും ആരെ ആണെങ്കിലും എനിക്കും എന്റെ ഭാര്യക്കും സമ്മതമാണ് ” പ്രതീക്ഷയോടെ ആനന്ത പറഞ്ഞതും അതിന് തന്റെ അഭിപ്രായം പറഞ്ഞു കൊണ്ട് മോഹൻ എഴുന്നേറ്റു. മോഹൻ പോയതും എല്ലവരുടെയും നോട്ടം സിദ്ധുവിൽ വന്നു നിന്നതും ഇനി ഇവിടെ ഇരിക്കുന്നത് പന്തിയല്ലന്ന് മനസിലാക്കി കൊണ്ട് സിദ്ധു റൂമില്ലേക്ക് എസ്‌കേപ്പ് ആയി. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“നീ എന്തൊക്കെയാ അവിടെ കിടന്നു പറഞ്ഞത്. സ്വന്തം ഏട്ടനെ തന്നെ ശപിക്കുന്നു, നീ അങ്ങേരെ പറയുമ്പോൾ കൂട്ടത്തിൽ എനിക്കിട്ടും അത് ഏൽക്കുല്ലേ അതെന്താ നീ ആലോചിക്കാതെ ” ദേവുന്റെ കൂടെ മുറിയിൽ കേറിയ ഐശു വാതിൽ ലോക്ക് ചെയ്തു കൊണ്ട് ദേവുനോട്‌ ചോദിച്ചു. “എടി കോപ്പേ… എന്റെ കല്യാണം നടക്കുമ്പോൾ അതിന്റെ കൂടെ തന്നെ നിന്റെ കാര്യം കൂടി സെറ്റ് ആകുമല്ലോന്നു ഓർത്താ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്. കൂട്ടത്തിൽ ഏട്ടന്റെ മനസ്സും ഒന്നറിയാലോന്ന് കരുതി. ” “എന്നിട്ടിപ്പോ എന്തായി… ” ദേവു പറഞ്ഞതും താടിക്ക് കൈ കൊടുത്തു കൊണ്ട് ഐശു ചോദിച്ചു. “എന്താവാൻ മിക്കവാറും നീ ആയിരിക്കും മൂത്തു നരച്ചു പോവുക. ഏട്ടൻ മിക്കവാറും വേറെ ആളെ കെട്ടി പോകും ” “അങ്ങനെ വല്ലതും നടന്നാൽ അങ്ങേരെ ഞാൻ കൊല്ലും. നീ നോക്കിക്കോ എന്നോട് വല്ലതും ഉണ്ടെങ്കിൽ അത് ഞാൻ പുറത്തു കൊണ്ട് വരും. ഇനി എന്റെ ലക്ഷ്യം അത് മാത്രമാണ് ” ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് ഐശു വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി. അത് പെട്ടന്ന് ആയതിനാൽ മുന്നിൽ കൂടി പോയ കിരണുമായി ഐശു കൂട്ടി ഇടിച്ചു ശേഷം രണ്ടാളും നിലം പതിച്ചു ഇതും കണ്ടു കൊണ്ടാണ് വെള്ളം കുടിക്കാനായി സിദ്ധു ഇറങ്ങി വന്നത്. എഴുനേൽക്കാൻ പറ്റാതെ ആരെങ്കിലും സഹായത്തിനു വന്നിരുന്നെങ്കിൽ എന്ന് വിചാരിച്ചു തല ഉയർത്തി നോക്കിയ ഐശു ദേഷ്യം കൊണ്ട് നിന്ന് വിറക്കുന്ന സിദ്ധുവിനെ കണ്ടതും എഴുനേൽക്കാൻ പറ്റാതെ അവിടെ തന്നെ കിടന്നു ഉരുളാൻ തുടങ്ങി.

“സിദ്ധു… പ്ലീസ് കൈ ഒന്ന് താടാ… ” സിദ്ധുവിനെ കണ്ടതും കൈ കാണിച്ചു കൊണ്ട് കിരൺ പറഞ്ഞു. അത് കണ്ടു അവൻ വന്നു കൈ കൊടുത്തതും കിരൺ ഐശുനെ ഒന്ന് നോക്കി പൊടിയും തട്ടി കൊണ്ട് എഴുനേറ്റു പോയി അവൻ പോയതറിയാതെ ഐശു മരണ ആക്ടിംഗ്ൽ അവിടെ തന്നെ കിടന്നു. “അയ്യോ… ആരെങ്കിലും വായോ… ” “എഴുനേറ്റു പോടീ… ഇല്ലെങ്കിൽ ചവിട്ടി കൂട്ടും ഞാൻ ” സിദ്ധു കൈ കൊടുക്കുമെന്ന പ്രധീക്ഷയിൽ പറഞ്ഞു കൊണ്ട് ഐശു അവനെ നോക്കിയതും കാല് പൊക്കി കാണിച്ചു കൊണ്ട് സിദ്ധു പറഞ്ഞത് കേട്ടു ഐശു വേഗം എഴുനേറ്റു നിന്നു. “നാണമില്ലത്ത സാധനം ഒരു അന്യ പുരുഷന്റെ ദേഹത്ത് കൂടി വീണതും പോരാ… വേഗം എഴുനേറ്റു പോകാൻ നോക്കാതെ അവന്റെ അടുത്ത് തന്നെ കിടക്കുന്നു. നിനക്കൊന്നും ഒരു സംസ്കാരവുമില്ലേ. അതെങ്ങനെയാ… ഒരവസരം കിട്ടിയപ്പോൾ എന്റെ കൂടെ വരെ കിടന്നതല്ലേ, ഇനി ആരുടെ കൂടെ ഒക്കെ പോകുമോ എന്തോ… നാണമില്ലത്തവൾ ”

“ചീ…. നിരത്തഡോ. താനേന്തൊക്കെയാ പറഞ്ഞു പറഞ്ഞങ്ങ് പോണത്. വീണു കിടക്കുന്നത് കണ്ടിട്ടും ഒരു ഹെല്പ് പോലും ചെയ്യാതെ നോക്കി നിന്നതും പോരാ,എന്നിട്ട് കുറ്റം എനിക്ക്. പിന്നെ എന്താ പറഞ്ഞത് ഞാൻ തന്റെ കൂടെ കേറി കിടന്നേന്നോ… അടുത്ത് നിന്ന എന്നെ കേറി പിടിച്ചു വലിച്ചു കിടത്തിയതു എന്നെ കേറി പിടിച്ചത് താനാണ്, അതും പോരാഞ്ഞിട്ട് അന്ന് വെള്ളം വെക്കാൻ റൂമിൽ വന്ന എന്നെ താനെന്താ ചെയ്തത്. എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട ആരെങ്കിലും കേട്ടാൽ എന്റെ മാനം പോകും. ചെയേണ്ടത് മൊത്തം എന്നെ ചെയ്തിട്ട് ഇപ്പൊ കുറ്റം മൊത്തം എനിക്ക്. ഞാനൊരു കേസ് കൊടുത്താൽ ഉണ്ടല്ലോ ഇന്ന് താൻ അകതാ… അത് ഞാൻ ചെയ്യുന്നില്ല. മാന്യനെ പോലെ നടന്നാൽ മാത്രം പോരഡോ കുറച്ചു മാന്യത ഒക്കെ വേണം” പറഞ്ഞു കൊണ്ട് ഐശു പോയതും അവൾ പറഞ്ഞതൊക്കെ കേട്ടു കിളി പോയി സിദ്ധു അവിടെ നിന്നു. പിന്നെ ചുറ്റും ആരുമില്ലന്ന് നോക്കി കൊണ്ട് വെള്ളം കുടി വേണ്ടെന്നു വെച്ച് അവൻ റൂമില്ലേക്ക് തന്നെ തിരിച്ചു പോയി. 🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆

“സിദ്ധു അംബിനും വില്ലിനും അടുക്കുന്നില്ലലോ. കല്യാണകാര്യം പറയുമ്പോൾ അവൻ ഒഴിഞ്ഞു മാറി പോകുവാ… ഇനി അവന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്തോ… ” “ഉണ്ട്. ” വിചാരിച്ച പോലെ ഒന്നും നടക്കാത്തതു കണ്ടു ജയന്തി കാവ്യയോട് പറഞ്ഞതും അത് കേട്ടു ദേഷ്യത്തിൽ അവൾ പറഞ്ഞു. “അതെങ്ങനെ നിനക്ക് അറിയാം… അവൻ പറഞ്ഞോ നിന്നോട് ” “എന്നോട് പറഞ്ഞില്ല. പക്ഷെ പറയുന്നത് ഞാൻ കേട്ടു ” “ആ പെണ്ണ് ഏതാണാവോ. ആരാന്ന് അറിഞ്ഞിരുന്നെങ്കിൽ ഒന്ന് പോയി കാണാണം” കാവ്യ പറഞ്ഞതും ഗൂഡമായി ജയന്തി പറഞ്ഞു. “ആള് ഇവിടെ തന്നെ ഉണ്ട്. ഈ വീട്ടിൽ തന്നെ ”

“അതാരാ… ആതിരയോ, അതോ ആർദ്രയോ ആർദ്ര ആയിരിക്കില്ല കാരണം അവൾ കുഞ്ഞല്ലേ അപ്പൊ പിന്നെ അത് ആതിര തന്നെ ആയിരിക്കും ല്ലേ ” ചോദിച്ചു കൊണ്ട് അവർ കാവ്യയെ നോക്കിയതും അവൾ അല്ലെന്ന് തല കുലുക്കി. “പിന്നെ ആരാ… ” “ദേവുന്റെ ഫ്രണ്ട് ഐശ്വര്യ ” (തുടരും )