23/04/2026

സ്നേഹ‌പൂർവ്വം നിനക്കായ് : ഭാഗം 07

രചന – അശ്വതി അച്ചൂസ്

അവളുടെ മുഖം വാടി നിന്നു. പിറ്റേന്നും മുഖം തെളിഞ്ഞില്ല. എന്ന് മാത്രമല്ല ഹരിയുടെ ഗൗരവം ഒരല്പം പോലും കുറഞ്ഞിട്ടില്ല എന്നത് അവളെ നിരാശയാക്കി.
വൈകീട്ട് മോളെ കൊണ്ട് വന്നില്ല എന്നത് അവൾ ഓർത്തു. പാർട്ടിക്ക് പോകണോ പോയില്ലെങ്കിൽ കുഴപ്പം ആകും. അവൾ വീട്ടിലേക്ക് ചെന്നു. കുളിച്ചു… നല്ലൊരു സാരി എടുത്തു. പക്ഷെ മുഖം അല്പം പോലും തെളിഞ്ഞില്ല.

നിച്ചുവിനോട് എന്ത് പറയും താൻ. അവളെ കൊണ്ട് പോകുന്നിലെ എന്ന് ചോദിച്ചാൽ…. നിറഞ്ഞ കണ്ണുകൾ അവൾ പതിയെ തുടച്ചു. കണ്ണാടിക്ക് പുറകിൽ ഹരിയെ കണ്ടു അവൾ തിരിഞ്ഞു നോക്കി. കൈയിൽ ഉണ്ടായിരുന്ന മുല്ല പൂക്കൾ അവൾക്ക് നേരെ നീട്ടി.
ഒരക്ഷരം മിണ്ടാതെ തന്നെ അവൾ അത് വാങ്ങി. അവളുടെ വാടിയ മുഖം അവനിൽ വേദനയുണ്ടാക്കി.
“അമ്മ”
ദിയ നെഞ്ചിടിപോടെ തിരിഞ്ഞു നോക്കി
നിച്ചു നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ട് മിടുക്കിയായി നിൽക്കുന്നു
“അമ്മ ഒരുങ്ങി കഴിഞില്ലേ ഇത് വരെ.”
“മോള് ”
“പപ്പയും മോളും എത്ര നേരായി കാത്തു നിൽക്കുന്നു. ”
അവളും കൂടെ ഉണ്ടെന്ന അറിവ് അവളിൽ സന്തോഷം നിറച്ചു
“ഇപ്പോ വരാം മോളെ ”
അവൾ വേഗം മുല്ല പൂക്കൾ വെച്ച് ഇറങ്ങി.

“അമ്മേ പോയിട്ട് വരാം ”
“ആ മോളെ. നിച്ചു ടാറ്റാ ”
“ടാറ്റാ അമ്മമ്മേ ”
അവൾ ചാടി തുള്ളി പപ്പക്ക് ഒപ്പം വണ്ടിയിൽ കയറി.
ഹരി വെറുതെ ദിയയെ നോക്കി ഇരുന്നു. അറിയാതെ പോലും അവളുടെ നോട്ടം തന്നിൽ വീഴുന്നേ ഇല്ലല്ലോ എന്ന് അവനു നിരാശ തോന്നി.

ഫങ്ക്ഷന് അധികം ആളൊന്നും ഇല്ലായിരുന്നു. ഓഫിസ് സ്റ്റാഫ്‌ മാത്രം. ചില ക്ലൈന്റും.
എല്ലാരുടെയും ശ്രെദ്ധ പിടിച്ചു പറ്റാൻ ദിയക്ക് പെട്ടന്ന് കഴിഞ്ഞു. ഹരിക്കും ഏറെ സന്തോഷം തോന്നിയിരുന്നു. എല്ലായിടത്തും ഓടി നടന്നപ്പോഴും അവളുടെ വലം കൈയിൽ നിച്ചു സുരക്ഷിതയായിരുന്നു.
പാർട്ടി കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ പതിനൊന്നു മണി കഴിഞ്ഞിരുന്നു. നിച്ചു അപ്പോഴേ ഉറങ്ങി
ഹരി ദിയയെ കെട്ടിപിടിച്ചു
അവൾ ഒന്ന് ഞെട്ടി

“ദിയ.. എനിക്ക് വേണം നിന്നെ ”
പാടില്ല. സത്യം പറയാതെ ഹരിയേട്ടന് മുന്നിൽ വഴങ്ങുന്ന പ്രശ്നം ഇല്ല. അവന്റെ കൈകളെ അവൾ. പതിയെ വേർപെടുത്തി.
കണ്ണുകൾ മുറുക്കെ അടച്ചു. ആ കണ്ണുകൾക്ക് മുന്നിൽ തനിക്കൊന്നും പറയാൻ ആകില്ല.

“നിച്ചു ആരുടെ മകളാണ് ഹരിയേട്ടാ ”
“എന്റെ ”
“കള്ളം പറയാതെ ഹരിയേട്ടാ. സത്യം പറയാതെ എന്റെ സമ്മതത്തോടെ ഹരിയേട്ടൻ എന്നെ തൊടില്ല ”
“നിന്റെ സമ്മതം എനിക്ക് ആവശ്യം ഇല്ല ദിയ. നീയെന്റെ ഭാര്യയാണ്… എനിക്ക് അവകാശപ്പെട്ടവൾ ”
“അല്ലെന്ന് ഞാൻ പറഞ്ഞില്ല ”
“നീ ആദ്യം മുഖത്ത് നോക്കി സംസാരിക്കു ”

“ഇല്ല. നിങ്ങളുടെ മുഖത്ത് നോക്കി ഇങ്ങനെ പറയാൻ എനിക്കാവില്ല. നിങ്ങളെ കണ്ട അന്ന് മുതൽ…. ആ നിമിഷം മുതൽ നിങ്ങൾക്ക് ചുറ്റും ആണ് എന്റെ ലോകം. നിങ്ങൾ ഇല്ലാതെ എനിക്ക് നിലനിൽക്കാൻ ആകില്ല. അത്രക്ക് നിങ്ങളോട് ഉള്ള സ്നേഹത്താൽ അന്ധയായ് ഞാൻ. അതിൽ നിന്നൊരു മോചനം എനിക്കില്ല. അതാഗ്രഹിക്കുന്നും ഇല്ല. അത് കൊണ്ടാണ് കറിവേപ്പില പോലെ വലിച്ചെറിഞ്ഞിട്ടും നാണമില്ലാതെ നിങ്ങൾക്ക് വേണ്ടി കാത്തിരുന്നതും…. നിങ്ങൾ വിളിച്ചപ്പോൾ എല്ലാം മറന്ന് ഓടി വന്നതും. പക്ഷെ എനിക്ക് ഒരു വ്യക്തിത്വം ഉണ്ട്. അതിലെല്ലാം.. ഞാൻ മറഞ്ഞിരിക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും എനിക്ക് എന്നെ തൃപ്തിപെടുത്തിയെ പറ്റൂ. ”

“ദിയ ”
“ഞാൻ പറഞ്ഞു കഴിഞ്ഞില്ല ഹരിയേട്ടാ.. ഒരു സമയത്ത് എന്നെ ഒരുപാട് സ്നേഹിച്ച ഹരിയേട്ടന് എന്നെയല്ലാതെ ആരെയും സ്നേഹിക്കാൻ ആകില്ല. ഈ നാലുവർഷങ്ങൾക്ക് ശേഷം ഇപ്പോഴെങ്കിലും പറ. ഹരിയേട്ടാ. നിച്ചു ആരാണ്.”
“നിനക്ക് തെറ്റി… നിന്റെ വിശ്വാസവും. നിച്ചു എന്റെ മകൾ ആണ്. മറിച്ചൊരു ഉത്തരവും നീ പ്രതീക്ഷിക്കണ്ട ”
ദിയ അറിയാതെ കണ്ണ് തുറന്നു. കണ്ണുകൾ നിറഞ്ഞൊഴുകി
“നീ എന്ത് കരുതി നിന്നെ വേണം എന്ന് പറഞ്ഞു ഞാൻ നിന്റെ പിറകെ വരുമെന്നോ അതിന് ഹരി ഒന്നൂടെ ജനിക്കണം ”
കഴിഞ്ഞു എല്ലാം അവസാനിച്ചിരിക്കുന്നു. എല്ലാ ഉത്തരങ്ങളും കിട്ടി കഴിഞ്ഞു. ഇത്ര പെട്ടന്ന്….
“നീ കിടന്നോ. ഗുഡ് നൈറ്റ് ”
അവൾ മിണ്ടിയില്ല. അവന് തന്നെ ഇഷ്ടമാണെന്നും തനിക്ക് വേണ്ടി സത്യം പറയും എന്നും കരുതിയ ഞാൻ എത്രവലിയ വിഡിയാണ്. ഈ ലോകത്തെ ഏറ്റവും വലിയ വിഡി…
അവൾ മിഴികൾ തുടച്ച് ഉറങ്ങാൻ ശ്രെമിച്ചു.

പിറ്റേന്ന് പഠിക്കാൻ പോയി വന്നപ്പോൾ മുതൽ നിച്ചു ആലോചനയിൽ ആണ്
ദിയ ചോദിച്ചിട്ട് ഒന്നും പറഞ്ഞും ഇല്ല
“നിച്ചു ”
“ഉം ”
“എന്താ മോളെ ഒരു ആലോചന ”
“പപ്പാ ”
“ഉം പറ ”
“പപ്പാ എന്റെ ക്ലാസിലെ എല്ലാ കുട്ടികൾക്കും വേറെ കുഞ്ഞ് വാവ ഉണ്ട്.”
“അതുകൊണ്ട് ”
“എനിക്കും വേണം കുഞ്ഞ് വാവ ”
അവളുടെ കണ്ണുകൾ നിറഞ്ഞു
ഹരിക്ക് പെട്ടന്ന് ചിരി വന്നു അവൻ ദിയയെ നോക്കി. നിച്ചു എന്താ പറയുന്നേ എന്ന് നോക്കി ഇരുന്ന അവളും ഒരല്പം ഞെട്ടി പോയി
“അത് മോള് അമ്മയോട് പറ കുഞ്ഞ് വാവയെ തരാൻ. അമ്മമാരല്ലേ കുഞ്ഞ് വാവയെ തരുന്നേ ”

“ആണോ ”
“ഉം ”
അവൾ സന്തോഷത്തോടെ ഓടി ദിയക്ക് അരികിൽ എത്തി
“എപ്പോഴാ അമ്മേ എനിക്ക് കുഞ്ഞ് വാവയെ തരുന്നത് ”
അവൾക്ക് വാക്കുകൾ കിട്ടിയില്ല. പകപ്പോടെ ഹരിയെ നോക്കി. അവൻ ആണെങ്കിൽ അല്പം പുഞ്ചിരിയോടെ ആണ് ഇരിപ്പ്
“അത്… കുറച്ചു ദിവസം കഴിയണം മോളെ ”
“കുറച്ചു ദിവസം കഴിഞ്ഞാൽ കുഞ്ഞ് വാവ വരോ ”
“ഉം വരും ”
“നല്ല അമ്മ ”
എന്ന് പറഞ്ഞ് അവൾ ദിയയുടെ കവിളിൽ ഉമ്മ വെച്ചു.

പിന്നീട് ഉള്ള രണ്ട് ദിവസവും
ഹരി എന്നൊരു വ്യക്തി അവിടെ ഉണ്ട് എന്ന വിചാരം പോലും ദിയക്ക് ഉണ്ടായിരുന്നില്ല.
പക്ഷെ പണി പാളി.
“ദിയ ”
“എന്താ അമ്മേ ”
“നാളെ ഒരു കല്യാണം ഉണ്ട് തറവാട്ടിൽ എന്ന് പറഞ്ഞിരുന്നില്ലേ ”
“ആ ”
“നമുക്ക് ഇന്ന് വൈകീട്ട് പോണം കേട്ടോ. കുറച്ചു നേരത്തെ വരൂ ”
“വരാം അമ്മേ ”

പെട്ടു. പരിചയം ഇല്ലാത്ത സ്ഥലം ഇപ്പോ താൻ കാണിച്ചതിന് ഹരിയേട്ടൻ തിരിച്ചു കാണിച്ചാൽ നാളെ താൻ കുടുങ്ങും. സാരമില്ല എന്നാലും ഇനി അയാളുടെ കാല് പിടിക്കുന്ന പ്രശ്നം ഇല്ല.

അവിടെ എത്തിയപാടെ അമ്മ എല്ലാവരോടും സംസാരിക്കാൻ പോയി. നിച്ചു ആണെങ്കിൽ കളിക്കാനും. ദിയ എന്ത് വേണം എന്നറിയാതെ നിന്നു. ആരെയും പരിചയവും ഇല്ല അറിയുകയും ഇല്ല. എന്ത് ചെയ്യും. കിടക്കാൻ ആയി ഒരു കൊച്ചു മുറിയാണ് കിട്ടിയത്. അവൾ അവിടെ ആലോചനയോടെ നിന്നു.
ഹരി പെട്ടന്നാണ് ദിയയെ ഓർത്തത്. പരിചയം ഇല്ലാത്ത സ്ഥലം അല്ലെ. ഒറ്റയ്ക്കായ് കാണുമോ. അവൻ വെറുതെ മുറിയിലേക്ക് വന്നപ്പോൾ ആണ് ദിയ ആലോചനയോടെ നിൽക്കുന്ന കണ്ടത്. അധികം സംസാരത്തിന് ഇടാൻ നൽകാതെ അവൻ അവളുടെ കൈ പിടിച്ചു കൊണ്ട് വന്നു.
“ആ ചേച്ചി എവിടായിരുന്നു.”
“ഞാൻ.. മുകളിൽ ”
“ചേച്ചി എന്ന് വെറുതെ വിളിച്ചതാട്ടോ ഞാൻ പേരെ വിളിക്കൂ ”
അവൾ ചിരിയോടെ തലയാട്ടി.
‘ഇത് കല്യാണ ചെക്കൻ ആണ്. പവൻ.. പവി എന്ന് ഞങ്ങൾ വിളിക്കും ”
ഹരി പറഞ്ഞു കൊടുത്തു.കല്യാണ ചെക്കനെ ഇപ്പോൾ ആണ് കാണുന്നത്. അതിന് നമ്മുടെ കല്യാണം ഉണ്ടായിരുന്നിലല്ലല്ലോ അതാ ആരെയും അറിയാത്തത്. അവൾ മനസ്സിൽ ഓർത്തു.
അവിടെ ഇരുന്ന ഓരോ നിമിഷവും എല്ലാത്തിലും അവർ അവളെയും പങ്ക് ചേർത്തു.
“സീതേ മരുമകളെ കണ്ടില്ലല്ലോ ”
“എങ്ങനെ കാണും അവളെ ഇത് വരെ ഹരി വിട്ടിട്ടില്ല. ഞാൻ വിളിച്ചു കൊണ്ട് വരാം ”
അവർ പുറത്തേക്ക് ചെന്നു
“ദിയ ”
“ആ വരുന്നു അമ്മേ ”
അവൾ ഹരിയെ ഒന്ന് നോക്കിയിട്ട് അവർക്ക് അരികിലേക്ക് ചെന്നു
“എന്താ അമ്മേ ”
“മോളെ ഒന്ന് കാണാൻ ആണ് അവർക്ക് ഒക്കെ ”
“ഉം ”
അവൾ പതിയെ അവർക്കൊപ്പം നടന്നു. ദിയയെ കണ്ടു എല്ലാവരും നോക്കി നിന്നു
“എന്നാലും ഒരു കൊച്ചു ഉണ്ടായിട്ടും ഇത്ര നല്ല പെണ്ണിനെ ഇവന് കിട്ടിയല്ലോ
“മോൾക്ക് സുഖമാണോ ”
“ആ ”
അവൾ ചിരിച്ചു കൊണ്ട് മറുപടി നൽകി.
“എന്തായാലും സീതയ്ക്ക് നല്ലൊരു മരുമകളെ തന്നെ കിട്ടിയല്ലോ ”
അവൾ പണ്ടേ തന്നെ തന്റെ മരുമകൾ ആണെന്ന് പറയണം എന്നുണ്ടായിരുന്നു. പക്ഷെ പറഞ്ഞില്ല.

ഭക്ഷണം കഴിഞ്ഞ് നിച്ചു ഉറങ്ങി. മുറിയിലെ ചെറിയ കട്ടിലിൽ അവളെ കിടത്തി. മറ്റൊരാൾക്ക്‌ കൂടെ കിടക്കാൻ പാടാണ്. അവൾ താഴെ പായ വിരിച്ചു കിടന്നു. ബാഗിൽ നിന്നും പുതപ്പ് എടുത്ത് നിച്ചുവിനെ പുതപ്പിച്ചു. അവൾ താഴെ കിടക്കാൻ തുടങ്ങുമ്പോൾ ആണ് ഹരി വന്നത്.
ഈശ്വരാ പെട്ടു. ഇന്ന് ഹരിയേട്ടന്റെ അടുത്ത് കിടക്കേണ്ടി വരും.
“ഞാനും കൂടെ കിടക്കുന്ന കൊണ്ട് വിരോധം ഉണ്ടോ ”
അവൾ മറുപടി നൽകിയില്ല
“വിരോധം ഉണ്ടെങ്കിലും കാര്യം ഇല്ല ഞാൻ ഇവിടേ കിടക്കൂ.”
അവൻ അവൾക്ക് അരികിൽ കിടന്നു. ദിയ അവന് പുറം തിരിഞ്ഞു കിടന്നു. അവൾക്ക് നല്ലത് തണുപ്പ് ഉണ്ടായിരുന്നു. ഇങ്ങനെ. ആകുമെന്ന് കരുതിയില്ല. അറിഞ്ഞിരുന്നു എങ്കിൽ പുതപ്പ് കൂടുതൽ എടുക്കാമായിരുന്നു. സാരി തലപ്പ് വലിച്ചു ഇട്ടിട്ടും അവൾ വിറച്ചു കൊണ്ടിരുന്നു. പെട്ടന്ന് ഒരു കൈ വന്ന് അവളെ പൊതിഞ്ഞു. അതിൽ നിന്നും ഇളം. ചൂട് അവളിൽ പടർന്നു. ആ ചൂട് ശരീരം മുഴുവൻ പടർന്നത് അവൾ. അറിഞ്ഞു. ഒരല്പം ഭയത്തോടെ അവൾ തല ചെരിച്ചു നോക്കി. ഹരി മുഖത്തേക്ക് വീണു കിടന്ന അവളുടെ മുടിയിഴകൾ മാടിയൊതുക്കി. കവിളിൽ പതിയെ ചുമ്പിച്ചു. ദിയ കണ്ണുകൾ മുറുക്കെ അടച്ചു.
“അടുത്ത വർക്കിംഗ്‌ ഡേ ഞാൻ കോയമ്പത്തൂർ വരെ പോകും ഒരാഴ്ച കഴിഞ്ഞേ വരു. ”
“ഉം ”
അവൾ മൂളി.
“ദിയ പോരുന്നോ എന്റെ കൂടെ ”
“ഇല്ല ”
“ഇല്ല എന്നറിയാം എന്നാലും ചുമ്മാ ആഗ്രഹത്തിന് ചോദിച്ചു എന്നെ ഉള്ളു.”
അവൾ അവനെ ഒന്ന് നോക്കി.
“ഉറങ്ങിക്കോ ഗുഡ് നൈറ്റ് ”
ദിയ അത് കേട്ടതും ഉറക്കത്തിലേക്ക് വഴുതി വീണു. ആ ചൂട് അവളെ സുരക്ഷിതയാക്കിയിരുന്നു.
പിറ്റേന്ന് എണീക്കുമ്പോൾ ദിയ ഹരിയുടെ നെഞ്ചിൽ ചേർന്നാണ് താൻ കിടക്കുന്നത് എന്ന് മനസിലാക്കി. അവൾ അൽപനേരം അവനെ നോക്കി കിടന്നു.

ഹരിയുടെ കൈ പതിയെ മാറ്റി വെച്ച് അവൾ എഴുന്നേറ്റു.നിച്ചു നല്ലത് ഉറക്കത്തിൽ ആണ്. അവൾ വേഗം കുളിച്ചു വന്നു. അവൾ വരുമ്പോൾ പപ്പയും മോളും എഴുന്നേറ്റിരുന്നു.
“അമ്മ ”
“മോള് എപ്പോ എണീറ്റു ”
“പപ്പയും മോളും ഇപ്പോ എണീറ്റെ ഉള്ളു ”
“ആണോ വാ നമുക്ക് ആദ്യം കുളിച്ചു വരാം ”
“ഞാനും പപ്പയും ഒന്നിച്ചാ കുളിക്കുന്നെ കുളത്തില് ”
“കുളത്തിലോ വേണ്ട വേണ്ട ”
“വേണം പപ്പാ പറഞ്ഞല്ലോ ”
അവൾ ഹരിയെ നോക്കി
“എന്നാ മോള് വാ നമുക്ക് പോയി കുളിചു വരാം ”
അവൾ തടയണം എന്നുണ്ടായിരുന്നു പക്ഷെ അവന്റെ ഒരു നോട്ടത്തിൽ അവൾ നിന്നു.
അവർ പോയപ്പോൾ ഒരു തോർത്തും സോപ്പും എടുത്ത് അവളും കൂടെ പോയി. കുളം കുറച്ചു ദൂരെയായിരുന്നു. രാവിലെ ആയത് കൊണ്ട് നല്ല തണുപ്പായിരുന്നു.
“ഹരിയേട്ടാ ഇത്ര തണുപ്പിൽ മോളെ കുളിപ്പിക്കണ്ട. വല്ല പനിയും വന്നാലോ ”
“പനി വന്നാൽ പനിയുടെ മരുന്ന് കഴിക്കും ചുമ വന്നാൽ ചുമയുടെ മരുന്ന് കഴിക്കും. അല്ലെ നിച്ചു ”
അവൾ ചിരിച്ചു. ദിയ അൽപ്പം പരിഭവത്തോടെ അത് നോക്കി നിന്നു.