23/04/2026

സ്നേഹമയി : ഭാഗം 26

രചന – ആരുണി കൃഷ്ണ

“അത് ശരിയാവില്ല അച്ഛാ… !!”

ശ്രീ അത് പറഞ്ഞതും, എല്ലാവരുടെയും മുഖം മങ്ങി…

********** ******** ******** ******* *********

“ശ്രീകുട്ടാ, ഞാൻ പറഞ്ഞത് നമ്മുടെ അഭിടെ കാര്യാ… നിന്റെ ഉറ്റ സുഹൃത്തിന്റെ… ” ദേവൻ സംശയത്തോടെ പറഞ്ഞു തീർന്നതും ശ്രീ ചിരിക്കാൻ തുടങ്ങി….

“ഹഹ…. എന്റെ അച്ഛാ അതുകൊണ്ട് തന്നെയാ ഞാൻ പറയുന്നത്… അവൻ എന്റെ ഉറ്റ സുഹൃത്ത് അല്ലെ…? എനിക്ക് അറിയാം അവനെ….ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നതാ ഞാനും അഭിയും പ്രണവും ശ്രീക്കുട്ടിയും ഒക്കെ… അവൻ ഇവളെയോ ഇവൾ അവനെയൊ അങ്ങനെ കണ്ടിട്ട് കൂടി ഇല്ല… എന്നോട് തല്ല് പിടിക്കുന്നതിൽ കൂടുതൽ ഇവൾ അവനോട് അടിയുണ്ടാക്കിയും, കൂട്ട് കൂടിയും നടന്നിട്ടേ ഉള്ളു… ഇവൾക്ക് ചോദിക്കാൻ 3 ഏട്ടന്മാർ ഉണ്ടെന്ന് എത്രയോ തവണ ഇവരെ ശല്യം ചെയ്തവരോടു ഇവൾ പറഞ്ഞിട്ടുണ്ട്… അതുപോലെ ഇവളുടെ എല്ലാ പ്രശ്നത്തിനും പലപ്പോഴും എന്നേക്കാൾ മുന്നിൽ നിക്കുന്നതും അവൻ തന്നെയാ…അങ്ങനെ രണ്ട് പേരെയാ അച്ഛൻ വിവാഹം കഴിപ്പിക്കാൻ നോക്കുന്നെ… വാസു അങ്കിളിനും ബുദ്ധി ഇല്ലാതെ പോയോ… ആ അവന്റെ അടുത്ത് ഇത് പറഞ്ഞു ചെല്ലട്ടെ, അവനും ഇതൊക്കെ തന്നെ പറയും…. അപ്പൊ മനസ്സിലാകും… അല്ലെ ശ്രീക്കുട്ടി… ”

ശ്രീ അവളെ ചേർത്ത് പിടിച്ചു ഇത്രയും പറഞ്ഞുകൊണ്ട് അവളെ നോക്കി ചിരിച്ചു… അവൾ തിരിച്ചും വെറുതെ ഒന്ന് ചിരിച്ചെന്ന് വരുത്തി … അവളുടെ മനസ്സ് മറ്റാരും അറിഞ്ഞില്ലെങ്കിലും മിഥു കാണുന്നുണ്ടായിരുന്നു… പുറത്ത് വന്നില്ലെങ്കിലും ശ്രീക്കുട്ടിയുടെ ഉള്ളിലെ തേങ്ങലുകൾ മിഥുവിന്റെ കാതിൽ അലയടിച്ചു… മിഥു നോക്കിയതും അവളുടെ കൺകോണിൽ ചെറിയൊരു നനവ് പടർന്നു … അത് മറച്ചു പിടിക്കാൻ എന്നവണ്ണം അവൾ ശ്രീയുടെ കൈകളെ വിടുവിച്ചു കൊണ്ട് തിരിഞ്ഞു നടന്നു… അത് ശ്രദ്ധിക്കാതെ ശ്രീ തന്റെ റൂമിലേക്ക് പോയി, പിന്നാലെ മിഥുവും…

“ദേവേട്ടാ, ഇനിയിപ്പോ വാസുവേട്ടനോടും രാധയോടും എന്താ പറയാ…നമ്മൾ അങ്ങോട്ട്‌ ആലോചിച്ചതല്ലേ…?”

“വരട്ടെ ലതേ, ആലോചിച്ചു ഒരു തീരുമാനം എടുക്കാം… ശ്രീക്കുട്ടൻ പറഞ്ഞത് പോലെയാണ് അഭിയുടെയും മനസ്സിൽ എങ്കിൽ പിന്നെ ഇതങ്ങു വേണ്ടാന്ന് വക്കാം…. അത്ര തന്നെ… ”

©ആരുണി കൃഷ്ണ ❤️

“അതെ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടാർന്നു…?”

“ഓ, ഇവളുടെ പിണക്കം ഒക്കെ മാറിയോ… അൽപ്പം വെയിറ്റ് ഇട്ടാലോ… വേണ്ട പെണ്ണ് ഇനിയും ഉടക്കും… റൊമാന്റിക് ആയി എന്തേലും പറഞ്ഞാൽ മതിയാരുന്നു… കുറച്ചു സോഫ്റ്റ്‌ ആയി ചോദിക്കാം…. ”
ശ്രീ മനസ്സിൽ ഓരോന്ന് ചിന്തിച്ചുകൊണ്ട് വളരെ സൗമ്യമായി ചോദിച്ചു…

“എന്താ മിഥു…? ”

“ശ്രീകുട്ടിക്ക്, അവൾക്ക്…. ”

“ആ അവൾക്കെന്താ…? ”

“അവൾക്ക് അഭിയേട്ടനെ ഇഷ്ടാണ്… ”

“ആണോ…? ”

ഒരു പൊട്ടിത്തെറി പ്രതീക്ഷ മിഥുവിന് അവന്റെ നിസ്സാര ഭാവം അത്ഭുതം ആയി തോന്നി…

“ദൈവമേ ഇങ്ങേര് എന്താ ഞെട്ടാത്തെ….!!!! ”
” ഞാൻ പറഞ്ഞത് മനസ്സിലായില്ലേ… ”

ശ്രീ പെട്ടന്ന് അവളെ കയ്യിൽ പിടിച്ചു തനിക്ക് അരികിൽ ഇരുത്തി…

” ശ്രീക്കുട്ടിക്ക് അഭിയെ ഇഷ്ടാണെന്നല്ലേ നീ പറഞ്ഞത്… ”

“ഇഷ്ടം എന്ന് വെച്ചാ, വിവാഹം കഴിക്കാനുള്ള ഇഷ്ടം ”

“എന്റെ മിഥു, പ്രണയം ആണെന്നല്ലേ…? ”

“പിന്നെ അതൊക്കെ അറിയാമെങ്കിൽ എന്തിനാ, അച്ഛനോട്‌ അങ്ങനോക്കെ പറഞ്ഞത്..? ”

“നീ എന്താടി ഭാര്യേ എന്നെ കുറിച്ച് കരുതിയത്, ഇതൊന്നും മനസ്സിലാവാത്ത ഒരു പൊട്ടൻ ആണ് ഞാനെന്നോ…. ”

അത് കേട്ടതും മിഥു ഒന്ന് ഇളിച്ചു….

“അവൾക്ക് മാത്രമല്ല, അവനും അവളെ ഇഷ്ടാണ്…”

“ങേ, അതും അറിയോ…? ”

“ഡി, പൊട്ടിക്കാളി… ശ്രീക്കുട്ടി എന്റെ ഹൃദയം ആണെങ്കിൽ, അഭി എന്റെ മനസ്സാണ്… അപ്പൊ ആ മനസ്സ് വായിച്ചെടുക്കാൻ എനിക്ക് ആരുടെയും സഹായം വേണ്ട… പിന്നെ താഴെ അങ്ങനെ ഒക്കെ പറഞ്ഞത്, ഒരിക്കൽ ഞാനും മനസ്സിൽ കരുതിയിരുന്ന കാര്യമാണ്…. പക്ഷെ നിന്നെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ, ആദ്യമായി പ്രണയം എന്തെന്ന് ഞാൻ അറിഞ്ഞു തുടങ്ങിയപ്പോൾ, അവരുടെ ഉള്ളിലെ ഇഷ്ടവും ഞാൻ അറിഞ്ഞു… പക്ഷെ അഭി, എന്നോടുള്ള സ്നേഹം, ഞാൻ അവന് നൽകുന്ന വിശ്വാസം അതിനൊക്കെ അവൻ പ്രാധാന്യം നൽകി…എനിക്ക് വേണ്ടി അവന്റെ ശ്രീപ്പിയോടുള്ള സ്നേഹം പോലും അവൻ മറന്നു….

ഒരു പ്രണയം ഉണ്ട്… അത് ശരിയാവില്ല… ഉപേക്ഷിച്ചേപറ്റു എന്നൊക്കെ പറഞ്ഞപ്പോൾ പ്രണവ് ആവതും നോക്കി എന്താ കാര്യം എന്ന് അറിയാൻ… അവൻ പറഞ്ഞില്ല… പക്ഷെ ശ്രീക്കുട്ടിയെ കാണുമ്പോൾ അവന്റെ കണ്ണിൽ ഉണ്ടാകുന്ന നഷ്ടം മനസ്സിലാക്കാൻ അവന്റെ ചങ്ക് ആയി ചേർന്ന് നിൽക്കുന്ന എനിക്ക് കഴിയുമായിരുന്നു…തിരിച്ചു അതെ ഇഷ്ടം അവൾക്കും അവനോട് ഉണ്ടെന്ന് അറിഞ്ഞ ദിവസം ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാനാണ്… അന്ന് തീരുമാനിച്ചതാ, എന്റെ പെങ്ങളുടെ കഴുത്തിൽ ഒരാൾ താലി കെട്ടുണെങ്കിൽ അത് എന്റെ അഭി ആയിരിക്കും എന്ന്… ”

എല്ലാം കേട്ട് പകച്ചു നിൽക്കുന്ന മിഥുവിനെ കണ്ടപ്പോൾ അവൻ ചിരിച്ചു…

“ഓ നിന്റെ സംശയം മാറിയില്ലേ… ഡി പോത്തേ, ഒരുപാട് ഇൻസിഡൻസ്സ് ഉണ്ടായിട്ടുണ്ട്… അതിലൂടെ ഒക്കെ മനസ്സിലായി… നമ്മുടെ ഉള്ളിൽ പ്രണയം ഉണ്ടെങ്കിൽ അത് മറ്റുള്ളവരിലും നമുക്ക് പെട്ടന്ന് തിരിച്ചറിയാൻ പറ്റും… ”

“അതൊക്കെ ഓക്കേ, പിന്നെ എന്തിനാണ് ഇപ്പൊ എതിർത്തത്… ”

“അത് അവൾ ഇപ്പോഴെങ്കിലും എന്നോട് പറയോ എന്ന് അറിയാൻ വേണ്ടിയാണ്…. അവന്റെയും പ്രതികരണം എനിക്ക് അറിയണം… പക്ഷെ എനിക്ക് വേദനിക്കും എന്ന് കരുതി അവളും മറുത്തൊന്നും പറഞ്ഞില്ല…”

“അവൻ പറഞ്ഞില്ല, അത് എനിക്ക് മനസിലാക്കാം, തന്നോടുള്ള ഇഷ്ടം പ്രണവിനോട് പറയണം എന്ന് കരുതുമ്പോൾ ഒക്കെ ഒരു ഏട്ടന്റെ സ്ഥാനത്ത് നിന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്… അഭിയും അത് തന്നെ ചിന്തിച്ചുകാണും… പക്ഷെ അവൾക്കെങ്കിലും എന്നോട് പറയാർന്നു, ഏട്ടനേക്കാൾ ഏറെ ഞാൻ അവൾടെ ബെസ്റ്റി ആയിരുന്നു.…”

ശ്രീയുടെ കണ്ണുകളിൽ നിരാശ നിറഞ്ഞു…

“ശ്രീയേട്ടാ….”

എന്തോ ആ വിളിക്ക് അവന്റെ വേദനയെ ഇല്ലാതാക്കാൻ കരുത്തുണ്ടെന്ന് അവന് തോന്നി…

“ശ്രീക്കുട്ടിയെ തെറ്റ് പറയണ്ട, എത്ര സുഹൃത്തുക്കൾ എന്ന് പറഞ്ഞാലും ഇത്തരം ഇഷ്ടങ്ങൾ ഏട്ടനോട് പറയാൻ ഏത് പെങ്ങളും ഒന്ന് മടിക്കും… അതും ആ ഏട്ടന്റെ സുഹൃത്ത് കൂടി ആവുമ്പോൾ….ഒന്ന് ചിന്തിച്ചു നോക്കു… പിന്നെ അഭിയേട്ടൻ കരുതിയ പോലെ എല്ലാം അവളും കരുതിയിരുന്നു… അവളുടെ ഇഷ്ടം അഭിയേട്ടനെ അറീക്കാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു… പക്ഷെ രണ്ടാൾക്കും കഴിഞ്ഞില്ല… ”

“നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു… ശ്രീക്കുട്ടിടെ ഇഷ്ടം അവൾ പറഞ്ഞു കാണും… പക്ഷെ അഭി… അതെങ്ങനെ….? ”

“ആമി വഴി… അന്ന് ബീച്ചിൽ പോയില്ലേ… അന്ന് അവളോട്‌ അഭിയേട്ടന്റെ ഇഷ്ടത്തെകുറിച്ച് പറഞ്ഞു… എല്ലാം, ഒന്നൊഴിച്ച്…. ”

“എന്ത്…? ”

“ആള് ആരാണെന്ന് മാത്രം പറഞ്ഞില്ല… ”

“പിന്നെ അവൾ എങ്ങനെ…. ” ശ്രീക്ക് വീണ്ടും സംശയം തോന്നി…

“അവൾ അല്ലെ ആള്… കുറെ ശല്യം ചെയ്തു… അന്ന് അമ്മക്ക് ആക്‌സിഡന്റ് ഉണ്ടായ ദിവസം അവൾ എന്റെ കൂടെ വരാതെ നേരുത്തേ പോയില്ലാരുന്നോ, അത് അഭിയേട്ടനെ കാണാൻ വേണ്ടിയാ…അന്ന് ശ്രീകുട്ടിയെ ആണ് അഭിയേട്ടൻ സ്നേഹിക്കുന്നതെന്ന് അവളോട്‌ പറഞ്ഞു… എന്നോട് പോലും അന്നൊന്നും പറഞ്ഞില്ല, വിവാഹവും പ്രശ്നങ്ങളും പിന്നെ വെക്കേഷൻ ഒക്കെ ആയിട്ട് ഒന്നു കാണാൻ കൂടി പറ്റിയില്ലല്ലോ… കുറച്ചു ദിവസം മുൻപ് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു, ഇതൊക്കെ അവൾ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി.. പിന്നെ അഭിയേട്ടന് ഇഷ്ടം ഉള്ളത് പോലെ ശ്രീക്കുട്ടിയുടെ മനസ്സിലും എന്തേലും ഉണ്ടോ എന്ന് അറിയാൻ ഉള്ള തത്രപ്പാട് ആയിരുന്നു… ”

“എന്നിട്ട് നീ നേരിട്ട് ചോദിച്ചോ…? ”

“നേരിട്ട് ചോദിച്ചാൽ അവൾ പറയില്ലെന്ന് അറിയർന്നു… അതുകൊണ്ട് കുറച്ചു വളഞ്ഞ വഴി പ്രയോഗിച്ചു… ഐഡിയ ലേശം പഴയതാ… പക്ഷെ ഒരു പുതിയ കുപ്പിയിൽ ഇട്ട് ഞങ്ങൾ ഒന്ന് പരീക്ഷണം നടത്തി…”

“ഓ, വലിയ ഡെക്കറേഷൻ ഒന്നും വേണ്ട… കാര്യം പറ പെണ്ണെ… ”

മിഥു അന്ന് നടന്ന സംഭവം വിവരിക്കാൻ തുടങ്ങി…

📌📌📌📌📌📌📌📌📌📌📌📌📌📌📌

ശ്രീക്കുട്ടി ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങി വരുന്നതും നോക്കി മിഥു കോളേജ് ഗേറ്റിന് പുറത്ത് കാത്തുനിന്നു….

“ശ്രീക്കുട്ടി….”

“ആ ഏട്ടത്തി എന്താ ഇവിടെ നിക്കുന്നെ…. ”

“ഞാൻ നിന്നെ നോക്കി നിക്കുവാരുന്നു… ”

“എന്താ ഏട്ടത്തി… വാ വീട്ടിൽ പോയി സംസാരിക്കാം… ”

“വേണ്ട, മോളെ… നമുക്ക് ഏതെങ്കിലും കഫെറ്റീരിയയിൽ കേറാം… നീ വണ്ടിയിൽ കയറ്… ”

അടുത്തുള്ള കഫെറ്റീരിയയിൽ കയറി രണ്ട് കോഫി ഓർഡർ ചെയ്തു അവർ ഒരു ടേബിളിനു ഇരുവശത്തും ആയി ഇരുന്നു…

“എന്താ ഏട്ടത്തി, ഏട്ടന്റെ കാര്യം എന്തെങ്കിലും ആണോ… ”

“അല്ല…. നീ എനിക്ക് ഒരു ഹെല്പ് ചെയ്യണം… ”

“ഹെൽപോ, എന്താണ്….? പറഞ്ഞോ… ”

“ആക്ച്വലി എനിക്ക് അല്ല എന്റെ ഫ്രണ്ട് ഇല്ലേ, അഭിരാമി… ആമി…. അവൾക്ക് വേണ്ടിയാണ്… ”

“ഓ, ആമി…. അന്ന് നിങ്ങളുടെ മാര്യേജിന് കണ്ടിരുന്നു…ഞങ്ങൾ പരിചയപെട്ടിരുന്നു… ”

“ആ അവൾ പറഞ്ഞു… അതാ നിന്നോട് തന്നെ ഹെല്പ് ചോദിച്ചത്… അവൾക്ക് ഒരാളെ ഇഷ്ടം ആണ്… ”

“ങേ, ആരെ…? ”

“അഭിയേട്ടൻ… !!”

“വാട്ട്‌… ”
ശ്രീക്കുട്ടി ചെയറിൽ നിന്ന് ശബ്ദം ഉയർത്തിക്കൊണ്ട് ചാടി എഴുന്നേറ്റു….

“ശ്രീക്കുട്ടി… എന്താ ഇത്…. ”
മിഥു പതിയെ വിളിച്ചു അവളുടെ കൈകളിൽ പിടിച്ചു…
അവൾ സ്വബോധം വീണ്ടെടുത്തപോലെ ചെയറിലേക്ക് ഇരുന്ന് മുന്നിൽ ഇരുന്ന വെള്ളം കുടിച്ചു…

“ഓ, അപ്പൊ ആമിയുടെ ഡൌട്ട് കറക്റ്റ് ആയിരുന്നു അല്ലെ… പെണ്ണിന്റെ ടെൻഷൻ നോക്ക്… ”
മിഥു ഉള്ളിൽ ചിരിച്ചു…

“നീ എക്സൈറ്റഡ് ആകാതെ… അഭിരാമിക്ക് അഭിയേട്ടനെ ഒത്തിരി ഇഷ്ടാണ്… അഭിയേട്ടന്റെ മനസ്സൊന്ന് അറിയണം….നിങ്ങൾ നല്ല കമ്പനി അല്ലെ..”

“ഏട്ടത്തി ഞാൻ….”

“ആ നീ ഒന്ന് അഭിരാമിയെ കുറിച്ചൊക്കെ ചോദിക്ക്, എന്താ അഭിപ്രായം എന്നൊക്കെ… അഭിയേട്ടന് ഓക്കേ ആണെങ്കിൽ പിന്നെ ബാക്കി അവൾ നോക്കിക്കോളും… ”

“എനിക്ക് പറ്റില്ല ഏട്ടത്തി… ഞാൻ അങ്ങനെ ഒന്നും അഭിയേട്ടനോട് ചോദിക്കാറില്ല… ” ശ്രീക്കുട്ടിയുടെ മുഖത്ത് എല്ലാ നീരസവും അസ്വസ്ഥതയും പ്രകടമായിരുന്നു…

“എന്റെ പെണ്ണെ, നിന്നോട് അങ്ങേരെ പ്രൊപ്പോസ് ചെയ്യാൻ അല്ല പറഞ്ഞെ.. ആമിക്ക് വേണ്ടി ഒന്ന് ആ മനസ്സ് അറിയാനാ… നീ ഒന്ന് ഓർത്തെ, അവർ രണ്ടാളും നല്ല ജോഡി അല്ലെ…. ഹോ പേരിൽ വരെ എന്തൊരു മാച്ച് ആണ്, അഭിരാമി… അഭിരാം… made for each other അല്ലെ… ”

“ഏട്ടത്തി ഇനഫ്…. അഭിയേട്ടൻ എന്റെയാ… എന്റെ മാത്രം…. വേറെ ഒരാളുടെയും പേര് പോലും ഏട്ടനോട് ചേർത്ത് വെക്കേണ്ട… ”

ചുവന്നു തുടുത്ത മുഖത്തോടെ അവൾ അത് പറഞ്ഞു കണ്ണുകൾ കൈകൊണ്ട് പൊത്തി കരയാൻ തുടങ്ങി….
കുറച്ചു നേരം കഴിഞ്ഞാണ് അവൾക്ക് താൻ പറഞ്ഞതിനെ കുറിച്ച് ബോധ്യം വന്നത്.. കണ്ണ് തുറന്നു നോക്കിയപ്പോൾ, മുന്നിൽ ആവി പറക്കുന്ന കോഫി ഊതി ഊതി കുടിച്ചുകൊണ്ട് തന്നെ തന്നെ നോക്കി ഇരിക്കുന്ന മിഥുവിനെ കണ്ടതും ശ്രീക്കുട്ടി ഒന്ന് പരുങ്ങി…

“കള്ളിപ്പൂച്ച കണ്ണടച്ച് പാല്കുടിച്ചത് മതി… ഇപ്പൊ മോള് ഈ കോഫി കുടിക്ക്, ക്ഷീണം മാറട്ടെ… ”

മിഥു അത് പറഞ്ഞതും, അവൾ ഒന്ന് ഇളിച്ചു കാണിച്ചു…

“ഏട്ടത്തി… ”

“എന്റെ പൊന്നെ, അഭിയേട്ടൻ നിന്റെ തന്നെയാ… ആമിക്ക് അങ്ങനെ ഒരു ഇഷ്ടം ഒന്നുല്ല… അവൾക്ക് നിന്റെ കാര്യത്തിൽ ഒരു ഡൌട്ട് തോന്നി എന്നോട് പറഞ്ഞു… അപ്പൊ അത് പുറത്ത് കൊണ്ട് വരാൻ എനിക്ക് ഇതേ ഉണ്ടായിരുന്നുള്ളൂ ഒരു വഴി… ”

അഭിയുടെ ഇഷ്ടം ആരെയും പ്രത്യേകിച്ച് ശ്രീക്കുട്ടിയെ ഒരിക്കലും അറീക്കരുത് എന്ന് അവൻ ആമിയോട് ഉറപ്പ് വാങ്ങിച്ചിരുന്നു… അത് പ്രകാരം മിഥു ഒന്നും വിട്ട് പറഞ്ഞില്ല…

“ഹോ, കുറച്ചു നിമിഷം മുന്നേ വരെ ഞാൻ നിന്ന് ഉരുകിപ്പോയി…അതിന്റെ കൂടി ഏട്ടത്തിടെ ഓരോ ഡയലോഗും… അവർ തമ്മിൽ ചേർച്ച അല്ല ചോർച്ച..”.

“ഹഹ, അത് നിന്നെ ഒന്ന് പിരികയറ്റാൻ പറഞ്ഞതല്ലേ… പൊളിച്ചില്ലേ ഈ ഐഡിയ… ”

“പിന്നെ, കുറച്ചു കൂടി കഴിഞ്ഞെങ്കിൽ ഏട്ടത്തിയാണ്, എന്റെ ഏട്ടൻ വിധവൻ ആയി പോകും എന്നൊന്നും നോക്കില്ലാരുന്നു ഞാൻ… ”

“ഓ, വിധവൻ അല്ലടി പൊട്ടി… വിഭാര്യൻ… ”

“പിന്നെ കാര്യം പറയുമ്പോഴാ ഒരു ഗ്രാമർ ക്ലാസ്സ്‌… ”

“അല്ല, എന്താ നിന്റെ ഉദ്ദേശം… ശ്രീയേട്ടനോട് പറയട്ടെ ഞാൻ..? ”

“എന്റെ പൊന്ന് ഏട്ടത്തി, ആദ്യം അഭിയേട്ടന്റെ മനസ്സ് ഒന്ന് അറിയണം… പിന്നെ ശ്രീയേട്ടനെ ഏട്ടത്തി തന്നെ പറഞ്ഞു കണ്വിന്സ് ചെയ്യണം… ”

“ഹ്മ്മ്…. ”

📌📌📌📌📌📌📌📌📌📌📌📌📌📌📌

“അങ്ങനെ അവൾ പറഞ്ഞത് വെച്ച് ഞാനും ആമിയും കൂടി അവരുടെ ഇഷ്ടം പരസ്പരം അവരെ അറീക്കാൻ ഒരു പ്ലാൻ ഉണ്ടാക്കുവായിരുന്നു… ഒപ്പം ശ്രീയേട്ടനോട്‌ ഇതൊക്കെ പറയണം എന്നും കരുതിയതാ… അതിനിടയിൽ ഇങ്ങനെ ഒക്കെ നീക്കം ഞാൻ പ്രതീക്ഷിച്ചില്ല…. ”

“ആമിക്ക് അഭിയെ ഇഷ്ടം ആയിരുന്നു അല്ലെ…? ” പെട്ടന്നുള്ള ശ്രീയുടെ ചോദ്യം കേട്ട് മിഥു ഒന്ന് പകച്ചു…

“ഏയ്‌, അവൾക്ക് അങ്ങനെ ഒന്നും ഇല്ലായിരുന്നു… ”

“എന്റെ പെണ്ണെ, അഭിയുടെ അച്ഛൻ ഒഴികെ മറ്റാരോടും പറയാതെ ഇരുന്ന അവന്റെ ഇഷ്ടത്തെ അവൻ അവളോട്‌ പറഞ്ഞത് എന്താ… ”

“എന്താ…? ”

“ഹോ, ദൈവമേ അൽപ്പം ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കായിരുന്നു… എടി, ആമിക്ക് അഭിയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു… അവൾ ചിലപ്പോൾ അവനോട് അത്തരം ഒരു അടുപ്പം കാണിച്ചു കാണും….അവനല്ലേ ആള്, അങ്ങനെ ഒരു മോഹം അവൻ കാരണം ഉണ്ടാവാതിരിക്കാൻ വേണ്ടി എല്ലാം തുറന്നു പറഞ്ഞു കാണും… എന്നാലും ചെറിയൊരു പ്രതീക്ഷ അവളിൽ ഉള്ളത് കൊണ്ടാണ്, ആള് ആരാണെന്ന് അറിയാനും, അത് ശ്രീക്കുട്ടി ആണെന്ന് അറിഞ്ഞപ്പോ അവളുടെ മനസ് അറിയാനും ആമി ഇത്രയും വെഗ്രത കാട്ടിയത്…
എനിക്ക് അങ്ങനെ ആണ് തോന്നുന്നത്… അന്ന് ഹോസ്പിറ്റലിൽ വെച്ചും ആമിയും അഭിയും ഒരു അടുപ്പം കാണിച്ചപ്പോൾ ഞാൻ ഒന്ന് ഭയന്നു… അന്ന് മനഃപൂർവം ഞാൻ അവനെ അവളുടെ പേരിൽ ഒന്ന് കളിയാക്കി… പക്ഷെ അവന്റെ മനസ്സിൽ കളിയായി പോലും മറ്റൊരാൾ ഇല്ലെന്ന് അറിഞ്ഞപ്പോ എനിക്ക് സമാധാനം തോന്നി… ”

“ഈ ശ്രീ പൊട്ടൻ എഞ്ചിനീറിങ് ആണോ, വല്ല സൈക്കോളജി ആണോ പഠിച്ചത്… ”
മനസ്സിൽ ആണ് ചോദിച്ചതെങ്കിലും ശബ്ദം അറിയാതെ പുറത്ത് വന്നുപോയി…

“ശ്രീപോട്ടൻ നിന്റെ മറ്റവൻ… ”
ശ്രീ മിഥുവിന്റെ ചെവിപിടിച്ചു തിരിച്ചുകൊണ്ട് അത് പറഞ്ഞതും, അവൾ അലച്ചു കൂവി….

“വിട്, വിട്… ആ വേദനിക്കുന്നു… എന്റെ മറ്റവൻ തന്നെയാ സമ്മതിച്ചു… ”

അത് പറഞ്ഞപ്പോഴാണ് ശ്രീക്ക് ആ അബദ്ധം മനസ്സിലായത്… അവൻ അവളെ നോക്കി പൊട്ടിചിരിച്ചതും, ഒപ്പം അവളും ചിരിച്ചു….

“സൈക്കോളജി ഒന്നുമല്ല ഞാൻ പറഞ്ഞില്ലേ മനസ്സിൽ പ്രണയം ഉള്ളവർക്ക്, അങ്ങനെയുള്ള മറ്റുള്ളവരെയും പെട്ടന്ന് അറിയാൻ കഴിയും…..”

“എന്നിട്ട് എനിക്ക് അറിയാൻ കഴിഞ്ഞില്ലല്ലോ ആമിയെ… ” മിഥു സങ്കടത്തോടെ പറഞ്ഞു..

“അതിന്, നിനക്ക് ആരോടാ മിഥു പ്രണയം…?

ശ്രീ അത് ചോദിച്ചതും അവൾ ദേഷ്യവും ദയനീയതയും നിറഞ്ഞൊരു ഭാവത്തോടെ അവനെ നോക്കി…
അവൻ തന്റെ ചിരി കഴിവതും അടക്കിപിടിച്ചു…

“ശരിയാ, ഹൃദയത്തിലും, മനസ്സിലും നമുക്ക് ഒന്നും സ്ഥാനം ഇല്ലല്ലോ… പിന്നെ പ്രണയം ഒക്കെ ആര് കാണാനാ…? ”
പരിഭവത്തോടെ പറഞ്ഞുകൊണ്ട് മിഥു എഴുനേറ്റു നടക്കാൻ മുതിർന്നതും അവൻ അവളെ കയ്യിൽ പിടിച്ചു തന്റെ മടിയിലേക്ക് ഇട്ടു…

“നീ എന്റെ ജീവൻ അല്ലേടി… എന്റെ പ്രാണൻ… നമ്മൾ രണ്ടല്ലല്ലോ… ഒന്നല്ലേ… മറ്റൊന്നിനും ആർക്ക് വേണ്ടിയും മാറ്റിവെക്കാൻ കഴിയാത്ത എന്റെ നല്ലപാതി… ”

ശ്രീ അത് പറഞ്ഞതും മിഥു അവനെ വാരിപുണർന്നു… അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി…

“ഇപ്പൊ പരിഭവം ഒക്കെ മാറിയോ എന്റെ പെണ്ണിന്റെ… ”
മിഥുവിന്റെ മുഖം തന്റെ കൈകളിൽ ചേർത്തുകൊണ്ട് അവൻ ചോദിച്ചു…

“മ്മ്… “അവൾ നാണത്തോടെ കണ്ണുകൾ അടച്ചുകൊണ്ട് തലകുലുക്കി…

“അയ്യോ, ഒന്ന് മറന്നല്ലോ… ”

“എന്താ…? ”

അവൻ മെല്ലെ അവളുടെ അധരങ്ങളിൽ ഒന്ന് വിരൽ ഓടിച്ചു.. അവന്റെ കൈകൾ അവളുടെ ചുമലിൽ അമർന്ന്, അത് അവളെ മെല്ലെ അവനിലേക്ക് അടുപ്പിച്ചു… അവന്റെ ചുണ്ടുകൾ അതിന്റെ ഇണയോട് അടുത്തതും….

“അയ്യടാ…”

അവൾ അവനെ കട്ടിലിലേക്ക് തള്ളി ഇട്ട് കൊണ്ട് ഓടി മുറിയ്ക്ക് പുറത്തു കടന്നു…

“ഡി കുരിപ്പേ നിൽക്കടി അവിടെ … ”

“ആദ്യം മോൻ പോയി ശ്രീക്കുട്ടിയുടെയും അഭിയേട്ടന്റെയും കാര്യത്തിൽ ഒരു തീരുമാനം ആക്ക്.”

“അത്വരെ ഞാൻ പട്ടിണിയോ….? ”

“സമയം ആയിട്ടില്ല മോനെ ശ്രീറാം ….”

മിഥു ചിരിച്ചുകൊണ്ട് പുറത്തേക്ക് ഓടി… ശ്രീ കട്ടിലിലേക്ക് വീണുകൊണ്ട് മുന്നിലെ സുന്ദര നിമിഷങ്ങളെ കുറിച്ച് സ്വപ്നം കണ്ടു….

©ആരുണി കൃഷ്ണ ❤️

ദേവൻ വാസുദേവന് ഫോൺ ചെയ്തു…

“ആ വാസു, എന്തായി അഭിയോട് സംസാരിച്ചോ…? ”

“ആ അവനോട്‌ ഒന്ന് സൂച്ചിപ്പിച്ചു, അല്ല ശ്രീക്കുട്ടി എന്ത് പറഞ്ഞു…? ”

ദേവൻ, കല്യാണക്കാര്യം അവതരിപ്പിച്ചപ്പോൾ ഉണ്ടായ സംഭവങ്ങൾ വിശദമാക്കിയതും വാസുദേവനിൽ നിരാശ നിറഞ്ഞു…

“ആ, ഇവിടെ അഭിയും അതെ പറഞ്ഞുള്ളു… ”

“സാരല്ല്യ വാസു, നമ്മൾ ഓരോന്ന് ആഗ്രഹിച്ചു… അവരുടെ തീരുമാനം പോലെ നടക്കട്ടെ… ”

ആ കാൾ കട്ട്‌ ആയതും, അഭിയുടെ ആശങ്ക അധികരിച്ചിരുന്നു…

“എന്താ, അച്ഛാ… എന്ത് പറഞ്ഞു…? ശ്രീപ്പി…. ”

വാസുദേവൻ എല്ലാം പറഞ്ഞതും അഭിക്ക് നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ച പ്രതീതിയാണ് തോന്നിയത്…

“അച്ഛൻ പറഞ്ഞതാ ശരി, ഞാൻ വെറുതെ ഓരോന്ന് ആഗ്രഹിച്ചു… ശ്രീപ്പിയും ശ്രീകുട്ടനും ഒക്കെ അറിഞ്ഞാൽ പോലും ദേഷ്യം തോന്നില്ലേ എന്നോട്… വേണ്ട, ഒന്നും വേണ്ട… അത് അങ്ങനെ കഴിയട്ടെ… ”

“അഭി… !!”

“ഏയ്‌, എനിക്ക് സങ്കടം ഇല്ലച്ഛാ.. ഞാൻ ഇത് മുൻപേ പ്രതീക്ഷിച്ചതാ, പിന്നെ ദേവൻ അങ്കിൾ ഇങ്ങോട്ട് ഒരു പ്രൊപോസൽ വെച്ചപ്പോൾ വീണ്ടും ഒന്ന് ആഗ്രഹിച്ചു പോയി… സാരല്യ… അവൾ എവിടെ ആയാലും സന്തോഷം ആയി ഇരുന്നാ മതി… ”

അത്രയും പറഞ്ഞു വാസുദേവന് മുഖം നൽകാതെ അഭി തിരിഞ്ഞു നടന്നു…

അതെ സമയം അഭിയേയും അവന്റെ ശ്രീപ്പിയെയും ഒരു സർപ്രൈസിലൂടെ ഒന്നിപ്പിക്കാൻ ഉള്ള ചിന്തയിൽ ആയിരുന്നു ശ്രീ….

തുടരും….