25/04/2026

നാട്യം : ഭാഗം 09

രചന – നന്ദിത ദാസ്

“എന്താ വിനുക്കുട്ടാ ബോറായോ ഇവിടെ? ”

“ഒരിക്കലും ഇല്ല വല്യച്ഛ…

ഒരു ബോറും ഇല്ല… നല്ല നാട്… നല്ല ആൾക്കാർ…

ഇത്രയും നാളത്തെ ഏകാന്ത ജീവിതത്തിനു ശേഷം ലൈഫ് എന്താണെന്നു മനസ്സിലായത് ഈ രണ്ട് ദിവസങ്ങളിൽ മാത്രമാണ്… വെരി നൈസ്…. ”

“അപ്പോൾ എന്തായാലും ഇങ്ങോട്ട് വന്നതിനു പ്രയോജനം ഉണ്ടായി ഇല്ലേ… നല്ല കാര്യം…

തറവാട്ടിലോട്ടു പോകുന്ന കാര്യത്തിൽ വല്ല തീരുമാനവും ആയോ… അതോ വീണ്ടും പഴയപോലെ ആകാനാണോ പ്ലാൻ…? ”

“നാളെ തന്നെ തിരിച്ചു പോകുന്നുണ്ട് വല്യച്ഛ…

അച്ഛനെയും അമ്മയെയും കാണണം…

മാപ്പ് പറയണം… ”

“മ്മ്… അങ്ങനെ തന്നെ ആയിക്കോട്ടെ…

ഒട്ടും വൈകിക്കണ്ട…

രാവിലെ പോകുന്നതിനു മുൻപ് എല്ലാരോടും പോയി യാത്ര ചോദിച്ചോളൂ കുട്ടി…. ”

“ശരി വല്യച്ഛ….

യാമിയും നന്ദുവും ഉണ്ടായിരുന്നതുകൊണ്ട് ഫുൾ ഹാപ്പി ആയിരുന്നു… ഒരു മിനിറ്റ് പോലും ബോറടിച്ചില്ല…

രണ്ടാളും ഒരു പ്രത്യേക സ്വഭാവക്കാരാണ്… ”

“അത് ഞാനും പറഞ്ഞതല്ലേ നിന്നോട്…

നന്ദു ആയാലും യാമി ആയാലും നല്ല കുട്ടികളാണ്…

വളരെ ചെറുപ്പത്തിലേ തന്നെ കഷ്ടപ്പാട് അറിഞ്ഞു വളർന്നതിന്റെ പക്വത യാമിയുടെ സ്വഭാവത്തിൽ ഉണ്ട്…

അച്ഛന്റെയും ഏട്ടന്മാരുടെയും കൊഞ്ചിക്കൽ കൂടുതൽ ആയതുകൊണ്ട് നന്ദു ആളൊരു കുറുമ്പിയായി മാറി… എങ്കിലും അവളെ മോശമായി പറയാൻ ഒന്നുല്ല… പാവമാണ്…

മാധവൻ എന്റെ സുഹൃത്താണ്… നന്ദുന്റെ അച്ഛൻ…
വളരെ നല്ല മനുഷ്യനാണ്…

അവർക്കൊക്കെ മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനും മാത്രമേ അറിയൂ… ”

“എനിക്ക് അതൊക്കെ മനസ്സിലായി വല്യച്ഛ… ”

“യാമിമോളുടെ നൃത്തം കണ്ടിട്ടുണ്ടോ നീ…

അപാര കഴിവാണ് കുട്ടിക്ക്…

ഓരോ ഭാവത്തിലും ചലനത്തിലും കാഴ്ചക്കാരുടെ മനസ്സ് ഇളക്കി മറിക്കാൻ മിടുക്കിയാണവൾ… എക്സ്ട്രാ ടാലന്റഡ്….

ഈശ്വരൻ അവൾക്കു കൊടുത്ത വലിയ കഴിവ് തന്നെയാണ് അത്…

നന്ദുവും അവളും കൂടിയാണ് നൃത്തപഠനം തുടങ്ങിയത് പക്ഷേ പകുതിയിൽ വെച്ചു നന്ദുവിന്‌ എല്ലാം നിർത്തേണ്ടി വന്നു…

ആഹ്… വിധി… അല്ലാതെന്ത് പറയാൻ…

എന്നാലും ഇടയ്ക്കൊക്കെ യാമിയുടെ സ്റ്റുഡന്റ്സിനു സ്റ്റെപ് പറഞ്ഞു കൊടുക്കാറുണ്ട് നന്ദു… ”

“നന്ദുന് എന്താ വല്യച്ഛ കുഴപ്പം…
കാഴ്ചയിൽ ഒരു കുഴപ്പവും ഉള്ളതായി തോന്നാറില്ല… ”

“ആഹ്… നീ പോയി കിടക്കാൻ നോക്കു…
രാവിലെ പുറപ്പെടാൻ ഉള്ളതല്ലേ… ”

എനിക്കുള്ള മറുപടി തരാതെ വല്യച്ചനും ഒഴിഞ്ഞു മാറി…

എന്തായിരിക്കും ആരും ഒന്നും പറയാത്തത്…

എങ്ങനെ ഇതൊന്നു കണ്ടുപിടിക്കും…

എന്തായാലും എന്തോ അസുഖം ഉണ്ട് അവൾക്ക്… അത് ഉറപ്പാണ്…

********-******************************

രാവിലെ യാത്ര പറയാൻ ചെന്നപ്പോൾ യാമിയെ ആണ് ആദ്യം കണ്ടത്…

പോവാണെന്നു പറഞ്ഞപ്പോൾ അവളുടെ മുഖം പെട്ടെന്ന് വാടി…

“ഇത്ര പെട്ടെന്ന് പോവാണോ?
എന്തുപറ്റി? ”

“അമ്മയെയും അച്ഛനെയും കണ്ടിട്ട് കുറെ നാളായി യാമി…

ഞാൻ ഇടക്കൊക്കെ വരാം..

നിന്റെ പ്രോഗ്രാം ഉള്ളപ്പോൾ വിളിക്കു വയലിൻ എന്റെ വക ഫ്രീ പോരെ… ”

“മ്മ്.. വിളിക്കാം വിനുവേട്ടാ…

ലെച്ചുന്റെ വീട്ടിൽ പോകുന്നില്ലേ? ”

പെട്ടെന്ന് അവൾ ലെച്ചുന്റെ കാര്യം ചോദിച്ചപ്പോൾ ഉള്ളിൽ ഒരു പെടപ്പ് ഉണ്ടായി…

“യാമിക്ക് എങ്ങനെ? എങ്ങനെ അറിയാം… ”

“നന്ദു പറഞ്ഞിരുന്നു…

ശരിക്കും എന്നെപോലെ തന്നെ ആണോ കാണാൻ?…

കഥ കേട്ടപ്പോൾ ശരിക്കും സങ്കടം ആയി കേട്ടോ… ”

ഛെ… രാവിലെ തന്നെ ഉള്ള മൂഡ് കളഞ്ഞു…

“ഞാൻ ചോദിച്ചത് സങ്കടം ആയോ വിനുവേട്ടാ… സോറി… ”

“ഹേയ് സാരമില്ല…

എല്ലാം മറക്കാൻ ശ്രമിക്കുവാണ്…

എന്തായാലും ലെച്ചുന്റെ വീടുവരെ പോകണം… അത് ഉറപ്പിച്ചു കഴിഞ്ഞു… ”

“എന്താ രണ്ടാളും കൂടി രാവിലെ ഒരു സൊറ പറച്ചിൽ… ”

“വിനുവേട്ടൻ പോവാണ് നന്ദു… ”

“എവിടേക്കു???? ”

“എന്റെ തറവാട്ടിലേക്ക് ഞാൻ പോകുവാ നന്ദു… ”

“ആഹാ വളരെ നല്ല കാര്യം…

അപ്പോൾ അന്ന് ഞാൻ പറഞ്ഞതൊക്കെ ഏറ്റിട്ടുണ്ട് അല്ലേ…

എന്തായാലും പോയി വാ വിനുവേട്ടാ…

വല്ലപ്പോഴും ഇങ്ങോട്ടൊക്കെ ഇറങ്ങിയാൽ മതി…. ”

“മ്മ് അതിനെന്താ ഇറങ്ങാമല്ലോ… ”

വീട്ടിൽ എല്ലാരോടും യാത്ര പറഞ്ഞു വിനുവേട്ടൻ മടങ്ങി…

ഞാൻ നോക്കിയപ്പോൾ യാമിയുടെ മുഖമെല്ലാം വല്ലാണ്ട് സങ്കടഭാവത്തിൽ…

ഇവൾക്കിത് എന്നാ പറ്റിയേ…

“എന്താടി നിന്റെ മുഖത്തൊരു വൈക്ലഭ്യം… ”

“വിനുവേട്ടൻ പെട്ടെന്ന് പോയപ്പോൾ എന്തോ പോലെ…

പ്രിയപ്പെട്ട ആരോ നഷ്ടപ്പെട്ട ഒരു ഫീലിംഗ്…

നിനക്കറിയാല്ലോ നന്ദു നിന്നോട് മാത്രമാണ് ഞാൻ മനസ്സ് തുറക്കാറുള്ളത്…

നിഖിലേട്ടൻ എപ്പോളും കുറേ റൂൾസും റെഗുലേഷനും ആയി വരും…

എന്റെ മനസ്സൊന്നു കാണാൻ ആ മനുഷ്യൻ ശ്രമിക്കാറില്ല…

പക്ഷേ ഞാൻ പോലും അറിയാതെ ഈ രണ്ടു ദിവസം കൊണ്ട് വിനുവേട്ടനോട് പലതും ഞാൻ പറഞ്ഞു…

ഒരു അപരിചിതത്വം ഫീൽ ചെയ്തതേ ഇല്ല… ”

“ആഹ് പോട്ടെടി… വിനുവേട്ടൻ ഇനിയും വരും… അല്ലെങ്കിൽ നമുക്കു വിളിക്കാമല്ലോ ഫോൺ നമ്പർ കൈയിൽ ഉണ്ടല്ലോ ”

യാമിയോട് അത്രയും പറഞ്ഞെങ്കിലും എന്റെ മനസ്സിൽ നല്ല ഭയം ഉണ്ടായിരുന്നു…
സാധാരണ ആരോടും വല്യ അറ്റാച്ച്മെന്റ് കൊടുക്കാത്തവൾ ആണ് യാമി… ഇത് ഇപ്പോൾ എന്ത് പറ്റിയോ ആവോ….

വിഷയം മാറ്റാൻ ഞാൻ അവളുടെ ക്ലാസ്സിന്റെ കാര്യം എടുത്തിട്ടു

“നീ ബാംഗ്ലൂർക്കു പോകുന്നത് എന്നാ? ”

“നെക്സ്റ്റ് വീക്ക്‌… തൃശ്ശൂർ ന്നു ലതിക മാം ഉണ്ട് പിന്നെ അശ്വതിയും കീർത്തിയും കാണും…

വീണ്ടും ടെൻ ഡേയ്‌സ് നിന്നെ കാണാതെ ഇരിക്കണമല്ലോ നന്ദു… ”

“അത് സാരമില്ല… നിനക്ക് ക്ലാസ്സ്‌ ഉള്ളതുകൊണ്ടല്ലേ…
കുച്ചിപ്പിടിയിൽ ഡിപ്ലോമ കിട്ടിക്കഴിഞ്ഞാൽ ഉടൻ പിന്നെ നമുക്ക് നെക്സ്റ്റ് സ്റ്റെപ് പ്ലാൻ ചെയ്യണം…

ഒടുവിൽ ഒരു ഡോക്ടറേറ്റും വാങ്ങി എന്റെ യാമി ഭാവിയിൽ എല്ലാരും അറിയപ്പെടുന്ന ഒരു നർത്തകി ആകും..

ഓഹ്ഹ് ഓർക്കുമ്പോൾ തന്നെ കുളിരു കോരുന്നു മോളെ…. ”

“നിന്റെ ആഗ്രഹം ഉറപ്പായും ഞാൻ സഫലമാക്കും നന്ദു…

നീ നോക്കിക്കോ അന്ന് ഞാൻ എല്ലാരും നോക്കി നിൽക്കേ ഉച്ചത്തിൽ വിളിച്ചു പറയും എന്റെ എല്ലാ വിജയങ്ങളുടെ പിന്നിൽ എന്റെ ഈ ചങ്ക് ആയിരുന്നു എന്ന്… ”

നടക്കാനിരിക്കുന്ന പലതിനെക്കുറിച്ചും വീണ്ടും വീണ്ടും ഞങ്ങൾ വാ തോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു….

***************************************

തറവാട്ടിലേക്ക് കാലെടുത്തു കുത്തിയപ്പോൾ അന്ന് അവസാനമായി എല്ലാം ഉപേക്ഷിച്ചു പോയ ദിവസം ഓർമയിലേക്ക് ഓടി എത്തിയത്…

ഇനി ഇങ്ങോട്ട് ഒരു തിരിച്ചു വരവ് ഇല്ലെന്നു ദൃഢ പ്രതിജ്ഞ എടുത്തിട്ടാണ് ഇവിടുന്നു പടി ഇറങ്ങി പോയത്…
കാലം വീണ്ടും എന്നെ തിരിച്ചെത്തിച്ചിരിക്കുന്നു….

എന്നെ കണ്ട ഉടനെ അച്ഛനും അമ്മയും ഓടി വന്നു കെട്ടിപിടിച്ചു…
അച്ഛൻ കരയുന്നത് ഇതിനു മുൻപ് ഒരു തവണ പോലും ഞാൻ കണ്ടിട്ടില്ല…
രണ്ടാളും ഒരുപാട് ക്ഷീണിച്ചിരിക്കുന്നു…

എല്ലാം തുറന്നു സമ്മതിച്ചു ആ പാദങ്ങളിൽ വീണു പൊട്ടിക്കരഞ്ഞു…

അച്ഛനാണ് എന്നെ ചേർത്ത് നിർത്തിയത്…

“നീ വരുമെന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു മോനെ…

കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം ഇപ്പോൾ എന്റെ കുട്ടി തിരികെ വന്നല്ലോ…
ഇനി മനസ്സമാധാനമായി കണ്ണടക്കാം ഈ അച്ഛന്….. ”

“ഇനി ഞാൻ എങ്ങോട്ടും പോകില്ല അച്ഛാ…

അത് ഞാൻ നിങ്ങൾക്ക് നൽകുന്ന വാക്കാണ്… ”

അഞ്ചു വർഷങ്ങൾക്ക് ശേഷം സ്വന്തം ഭവനത്തിന്റെ തണലിൽ വിശ്രമിക്കുമ്പോൾ മനസ്സ് നിറയെ സന്തോഷം ആയിരുന്നു…

യാത്ര പറഞ്ഞു ഇറങ്ങിയപ്പോൾ യാമിയുടെ മുഖം വാടിയത് ഞാൻ ശ്രദ്ധിച്ചിരുന്നു…

വെറും നിമിഷങ്ങൾ കൊണ്ടാണ് ലെച്ചുന്റെ സ്ഥാനത്തു അവളെ കാണാൻ എനിക്ക് തോന്നിയത്…

ഒരിക്കലും സ്വന്തം ആകില്ല എന്നറിയാം എങ്കിലും ആരും അറിയാതെ ഈ ഉള്ളിന്റെ ഉള്ളിൽ നിന്നെ ഞാൻ സൂക്ഷിക്കും യാമി… അത്രമേൽ നീ എനിക്ക് പ്രിയപ്പെട്ടവളാണ്…

വീണ്ടും എന്റെ മനസ്സിൽ ഒരു പ്രണയത്തിനു തിരി കൊളുത്തിയത് നീയാണ്…
നിന്റെ സാമിപ്യം ആണ്…

തറവാട്ടിൽ എത്തിയിട്ട് കുറച്ചു ദിവസങ്ങളായി…
യാമിയെയും നന്ദുനേയും മനപ്പൂർവം ഫോൺ ചെയ്തതും ഇല്ല…
അവരും വിളിച്ചില്ല എന്നതാണ് സത്യം…

ആദർശുമായി ഒരുദിവസം കത്തിയടിച്ചു ഇരിക്കുമ്പോളാണ് അവന്റെ ഫോണിലേക്കു ഒരു കാൾ വന്നത്…

“ഹലോ… ആഹ് പറ ഡോക്ടറെ… എന്തൊക്കെ ഉണ്ട്… ”

മറുതലയ്ക്കൽ ഉള്ള ആള് അവനോടു എന്തൊക്കെയോ പറയുന്നുണ്ട്…

“ഡാ പിന്നെ നമ്മുടെ വിനു നാട്ടിൽ വന്നിട്ടുണ്ട്… ഞാൻ അവന്റെ കൈയിൽ കൊടുക്കാം ”

ആദർശ് എന്റെ കൈയിലേക്ക് ഫോൺ തന്നു… ആരാടാ എന്ന് ഞാൻ ചോദിച്ചു

“ഹലോ വിനു… ആരാണെന്നു അറിഞ്ഞെങ്കിലെ നീ സംസാരിക്കുള്ളോ…

ഞാൻ മനു ആണ്… മനു ശങ്കർ നിന്റെയൊക്കെ പഴയ’ ശങ്കരി ‘ ”

“ഡാ നീയാരുന്നോ… എത്ര കൊല്ലം ആയെടാ കണ്ടിട്ട്… നീ വല്യ ഡോക്ടർ യൊക്കെ ആയിന്നു ആദർശ് പറഞ്ഞിരുന്നു…
എന്തൊക്കെ ഉണ്ട് മച്ചാ.. സുഖം ആണോ? ”

“സുഖം… ഹോസ്പിറ്റലിൽ തിരക്ക് കാരണം ഒന്ന് ചുറ്റി അടിക്കാൻ പോലും പറ്റുന്നില്ല… നീ ഹോസ്പിറ്റലിലേക്ക് വാ നമുക്ക് ഒന്ന് കാണണ്ടേ… എത്ര കൊല്ലം ആയി… ”

“തീർച്ചയായും വരാം ഡാ… നാളെ തന്നെ ഞങ്ങൾ വന്നേക്കാം… ”

“ഒക്കെ ഡാ ബൈ… ”

“ബൈ ”

“ഡാ വിനു നാളെ എനിക്ക് വരാൻ പറ്റില്ല കേട്ടോ…
ഞാൻ അവനെ മിക്കവാറും കാണുന്നതാ… നീ പോയിട്ട് വാ… നാളെ കുറെ ബിസി ആണ്… ”

“ഒക്കെ ഡാ… ”

ആഹ് പറഞ്ഞില്ലാലോ ഇപ്പോൾ വിളിച്ചത് മനു… മനു ശങ്കർ..
ഞങ്ങൾ കളിയാക്കി വട്ടപേര് വിളിക്കും ശങ്കരി ന്നു…
ആള് ഇപ്പോൾ അറിയപ്പെടുന്ന കാർഡിയോളജി വിഭാഗം ഡോക്ടർ ആണ്…
പ്ലസ് ടു വരെ ഞാനും മനുവും ആദർശും ചങ്ക് ഫ്രണ്ട്‌സ് ആയിരുന്നു..
പ്ലസ് ടു കഴിഞ്ഞു ഞാനും ആദർശും വീണ്ടും ഒരുമിച്ചു തന്നെ ആയിരുന്നു..
മനു മെഡിസിനും ചേർന്നു… ഇടക്കൊക്കെ കാണാറുണ്ടായിരുന്നു…
ലണ്ടനിൽ പോയ ശേഷം അവനെ ഒന്ന് വിളിക്കാൻ പോലും ഞാൻ ശ്രമിച്ചിട്ടില്ല…

ആഹ് എന്തായാലും നാളെ ശങ്കരിയെ കാണാൻ തന്നെ ഉറപ്പിച്ചു…

*********************-*****************

ഹോസ്പിറ്റലിൽ എത്തിയിട്ട് അവനെ വിളിച്ചു…

“ഡാ നീ ഫ്രീ ആണോ… ഞാൻ എത്തിയിട്ടുണ്ട്… ”

“ഇപ്പോൾ ഒരു പേഷ്യന്റ് ഉണ്ട്… ജസ്റ്റ്‌ ഫൈവ് മിനിറ്റ് വെയിറ്റ് ചെയ്യടാ… ”

“ഒക്കെ ഡാ എനിക്ക് ഒട്ടും ദൃതി ഇല്ല… ”

കാർഡിയോളജി വിഭാഗത്തിലെ അവന്റെ റൂമിന് മുന്നിലെ കസേരയിലേക്ക് ഞാൻ അലസമായി ഇരുന്നു…

ഫോൺ എടുത്തു ചുമ്മാ തോണ്ടി കൊണ്ടിരുന്നു…

മനുന്റെ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഞാൻ എഴുന്നേറ്റു…

ഇറങ്ങിവരുന്ന ആളുകളെ കണ്ടു ഞാൻ പെട്ടെന്ന് പിന്നിലേക്ക് മാറി…

നന്ദുവും അച്ഛനും അച്ചുവേട്ടനും…

എന്നെ അവർ കണ്ടില്ല…

നന്ദു പഴയപോലെ തന്നെ കളിച്ചു ചിരിച്ചു പോകുന്നു…

ഞാൻ പെട്ടെന്ന് മനുന്റെ റൂമിലേക്ക്‌ കയറി ചെന്നു…

എന്നെ കണ്ടതും മനു എഴുന്നേറ്റു വന്നു എന്നെ കെട്ടിപിടിച്ചു… പക്ഷേ എന്റെ മനസ്സ് മുഴുവൻ നന്ദു ആയിരുന്നു…

“ഇപ്പോൾ ഇപ്പോൾ ഇവിടുന്നു ഇറങ്ങിപ്പോയത് നന്ദു അല്ലേ…??? ”

“അതേ… നിനക്കറിയുമോ അവളെ…? ”

“അറിയാം… എന്താ എന്താ അവൾക്കു അസുഖം… ”

“നാലു വർഷമായി നന്ദു എന്റെ പേഷ്യന്റ് ആണ്…
ആ കുട്ടിയുടെ ഹാർട്ട്‌നു കംപ്ലയിന്റ് ആണ്… വാൽവ് മാറ്റി വെക്കൽ സർജറി എല്ലാം കഴിഞ്ഞതാണ്…

ഒരു rare കേസ് ആയിരുന്നു…

ഡാൻസ് ചെയ്തുകൊണ്ടിരിക്കുന്ന കൂട്ടത്തിൽ കുഴഞ്ഞു വീണതാ..

ഹാർട്ട്‌ ബീറ്റ്സ് ഇറെഗുലർ ആയിരുന്നു…

ആദ്യത്തെ സർജറി സക്സസ് ആയില്ല…

അങ്ങനെയാണ് അവർ എന്റെ അടുത്ത് എത്തുന്നത്…

എന്റെ ഒരു സുഹൃത്തിന്റെ സുഹൃത് ഒരു കണ്ണൻ ആണ് നന്ദുനെ ഇവിടെ എത്തിച്ചത്…

ശരിക്കും ക്രിട്ടിക്കൽ സിറ്റുവേഷൻ ആയിരുന്നു… ഒരു ഹോപ്പും ഇല്ലായിരുന്നു… പക്ഷേ ആ കുട്ടി നല്ല ബോൾഡ് ആയിരുന്നു… അവളുടെ മനസ്സാന്നിധ്യം ആണ് അവളുടെ ആയുസിന്റെ ബലം… ”

“ഇപ്പോൾ… ഇപ്പോൾ എങ്ങനെ…
എന്തെങ്കിലും കുഴപ്പം ഉണ്ടോ അവൾക്കു… ”

“എല്ലാമാസവും ചെക് അപ്പ് നടത്തുന്നുണ്ട്…
ആളുടെ ഹാർട്ട്‌ ഹെൽത്തി അല്ല വീക്ക്‌ ആണ്… ട്രാൻസ്പ്ലാന്റെഷൻ ഒരു ചോയ്സ് ആണ് ബട്ട്‌… ”

“എന്ത് ബട്ട്‌ മനു… അവൾ ജീവിക്കണം.. ഞാൻ എങ്ങനെയാ നിന്നോട് പറയുക… അവൾ പാവം ആടാ… അവളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്…
എനിക്ക് അറിയാവുന്നത് ആണ് എല്ലാം… ”

“ഹേയ് വിനു ….. കൂൾ….
അവൾ പെട്ടെന്ന് മരിച്ചു പോകുമെന്ന് അല്ല ഞാൻ പറഞ്ഞത്… നമ്മളുടേത് പോലെ ഒരു ആരോഗ്യം ഉള്ള ഹൃദയം അല്ല അവൾക്കു…
ടെൻഷൻ ഉണ്ടാകാൻ പാടില്ല…
ഓടിയാലും ചാടിയാലും ഡാൻസ് കളിച്ചാലും എല്ലാം അവളുടെ ഹൃദയയം വല്ലാതെ കിതച്ചു പോകും… പ്രോബ്ലം ആകും…
പിന്നെ മറ്റു പെൺകുട്ടികളെ പോലെ ഒരു കുടുംബജീവിതം ഒന്നും അവൾക്ക് പറ്റില്ല… എന്ന് വെച്ച് വിവാഹജീവിതം പറ്റില്ലെന്ന് അല്ല…
ഡെലിവറി ടൈം വളരെ കോംപ്ലിക്കേറ്റഡ് ആയിരിക്കും…
അമ്മയെയും കുഞ്ഞിനേയും ചിലപ്പോൾ രക്ഷിക്കാൻ കഴിഞ്ഞെന്നും പറ്റില്ല…
റിസ്ക് ആണ്… ”

“അവൾക്കു ഇതൊക്കെ അറിയാമോ? ”

“പിന്നേ… അവൾക്കു എല്ലാം അറിയാം… പറഞ്ഞില്ലെങ്കിൽ എന്നെകൊണ്ട് പറയിപ്പിക്കും അവൾ… സാധാരണ നമ്മൾ പേഷ്യന്റിനോട് എല്ലാം തുറന്നു പറയില്ല.. പ്രത്യേകിച്ച് ഇതുപോലെ ഉള്ള കേസുകളിൽ… ബട്ട്‌ നന്ദു അങ്ങനെ അല്ല… നല്ല ബോൾഡ് ആണ് ആ കുട്ടി…

മെഡിസിന്റെ പുറത്തൊരു ജീവിതം…

ഓരോ ചെക്കപ്പിനും വരുമ്പോൾ അവൾ സ്വയം ചോദിക്കും അവൾ മിടുക്കി അല്ലേന്നു…

ചില പേഷ്യന്റ്‌നോട് നമുക്കൊരു പ്രത്യേക വാത്സല്യം തോന്നില്ലേ…

നന്ദുനോട് എനിക്ക് ആ വാത്സല്യം ഉണ്ട്… മിടുക്കിയാണവൾ…
അവൾക്ക് എന്തെങ്കിലും പറ്റാൻ ഞാൻ സമ്മതിക്കില്ല… അവളെ രക്ഷിക്കാൻ ഏറ്റവും നല്ല രീതിയിൽ തന്നെ ഞാൻ ശ്രമിക്കും… ”

ഈശ്വരാ എന്തൊരു കഷ്ടമാണിത്… നീ എന്താ ഇങ്ങനെ… എന്ത് മിടുക്കികുട്ടിയാണവൾ…
അസുഖക്കാരി ആണെന്ന് ആരും പറയില്ല… എല്ലാം ഉള്ളിൽ ഒതുക്കി പുറമെ കളിച്ചു ചിരിച്ചു നടക്കുന്നു..
കണ്ണനെ അവൾ ഒഴിവാക്കുന്നതിന് പിന്നിലും ഇത് തന്നെയാണ് കാര്യം…
പക്ഷേ കണ്ണന് എല്ലാം അറിയാമെന്നാണ് മനുന്റെ വാക്കുകളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്…

“എന്താ വിനു… എന്തുപറ്റി നിനക്ക്… ”

“ഹേയ് പെട്ടെന്ന് കേട്ടപ്പോൾ ഒരു ഷോക്ക്…
അവൾക്കു എന്തെങ്കിലും പറ്റിയാൽ ആർക്കും സഹിക്കാൻ പറ്റില്ലടാ… അതുപോലെ സ്നേഹിക്കുന്നുണ്ട് ഓരോരുത്തരും അവളെ… ”

“ആഹ് ഈ സഹതാപം നീ അവളുടെ മുന്നിൽ പോയി കാണിക്കരുത്… അത് അവൾക്കു ഒട്ടും ഇഷ്ടം അല്ല…
അവളുടെ കൂടെ ഉള്ളവർ പോലും അവളെ അങ്ങനെ നോക്കില്ല…
പിന്നെ അവളൊരു പെൺകുട്ടിയാണ്… ഈ അസുഖം അവളുടെ ഭാവി ജീവിതത്തിൽ ഒരിക്കലും ബാധിച്ചു കൂടാ… അതുകൊണ്ട് കഴിവതും അവൾ ഒരു രോഗി ആണെന്ന് മറ്റുള്ളവർ അറിയാതെ ഇരിക്കുന്നത് തന്നെയാണ് നല്ലത്…
നന്ദുന്റെ വീട്ടുകാരോട് ഞാൻ അത് പ്രത്യേകം പറഞ്ഞിട്ടുണ്ട്…. ”

“ഞാൻ ആരോടും പറയില്ല…
സന്തോഷത്തോടെ നിന്നെ കാണാൻ വന്നതാ ബട്ട്‌ ഇതിപ്പോൾ മനസ്സിന് ഒരു വിങ്ങൽ ആയല്ലോ… ”

(തുടരും )