രചന – ആരുണി കൃഷ്ണ
വീട്ടിൽ എത്തിയതും അടുക്കളയിലേക്ക് പോകാൻ ഒരുങ്ങിയ മിഥുവിന്റെ കയ്യിൽ പിടിച്ചിട്ട് ശ്രീ മുറിയിലേക്ക് വരാൻ പറഞ്ഞു… മിഥു അത്ഭുതത്തോടെ നിൽക്കുന്നത് കണ്ട് അവൻ ഒന്ന് ചിരിച്ചു….
******* ******* ****** ***** ******* ********
മുറിയിലേക്ക് കയറിയതും പിന്നിൽ വാതിൽ അടയുന്ന ശബ്ദം കേട്ട് മിഥു ഒന്ന് പതറി… അവൾ തിരിഞ്ഞു നോക്കിയില്ല… ശ്രീയുടെ കൈകൾ തോളിൽ പതിഞ്ഞതും അവൾ ഉള്ളാലെ ഒന്ന് വിറച്ചു… അവൻ അവളെ തനിക്ക് അഭിമുഖം ആയി തിരിച്ചു നിർത്തി….
“മിഥു…. !!” ശ്രീ ആർദ്രമായി വിളിച്ചതും അവളിലെ ഭയം പ്രണയത്തിന് വഴിമാറും പോലെ തോന്നി…
പെട്ടന്ന് ശ്രീയുടെ കൈകൾ അവളുടെ ഇടുപ്പിനെ ചുറ്റി വരിഞ്ഞു, അവന്റെ നെഞ്ചോടു ചേർത്ത് നിർത്തി… ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞതും, മിഥുവിന്റെ കണ്ണിലെ കൃഷ്ണമണികൾ ഒരു പരൽ മീൻ പോലെ തെന്നിമാറി…
“മിഥു, എന്നെ നോക്ക്….”
മിഥു നോക്കിയതും…
“എന്താ നിന്റെ മനസ്സിൽ, കോളേജിൽ വെച്ച് കാണിക്കുന്നതിന്റെ ഒക്കെ അർത്ഥം എന്താ…? ”
“ശ്രീയേട്ടാ…. ”
ആ വിളിയിൽ നിന്നും മിഥുവിന്റെ സ്നേഹത്തിന്റെ ആഴം ശ്രീ തിരിച്ചറിഞ്ഞു… അവളുടെ ചുണ്ടുകളെ സ്വന്തം ആക്കാൻ കൊതിക്കുംമ്പോഴും മനസ്സ് അവൻ സ്വയം നിയന്ത്രിച്ചു….പെട്ടന്ന് ശ്രീയുടെ കൈകൾ അയഞ്ഞു, അവൻ അവളെ തള്ളി മാറ്റി….
“ആരെ കാണിക്കാനാടി ഈ അഭിനയം ഒക്കെ…? ”
“ശ്രീയേട്ടാ…? ”
“വേണ്ട, എന്റെ പ്രണയത്തെ സംശയിച്ചു, എനിക്ക് മുന്നിൽ സ്നേഹം അഭിനയിച്ചവളാ നീ… എന്നെ പ്രതീക്ഷകൾ തന്നു വഞ്ചിച്ചവളാ നീ… ഇപ്പൊ വീണ്ടും വന്നിരിക്കുന്നു… വീണ്ടും സ്നേഹം കാണിക്കാൻ… നാണമില്ലേ നിനക്ക്… ”
“മതി, നിർത്തഡോ… ”
മിഥുവിന്റെ മുഖത്തെ ഭാവം മാറി… കണ്ണുകൾകലങ്ങി മറിഞ്ഞു… ആ കവിളുകളെ ചുട്ടുപൊള്ളിച്ചുകൊണ്ട് കണ്ണീർ ഒഴുകുമ്പോഴും അവൾ ദേഷ്യത്താൽ വിറച്ചു…
“പ്രണയം പോലും….. എന്നിട്ട് ആ പ്രണയം പറഞ്ഞിട്ടുണ്ടോ എന്നോട്….ഒരു വാക്ക് എങ്കിലും…..വിവാഹം കഴിഞ്ഞിട്ട് പോലും നിങ്ങൾ ആ ഇഷ്ടം പറഞ്ഞില്ല….ഒരിക്കൽ ഒരു തവണ എങ്കിലും എന്നോട് മനസ്സ് ഒന്ന് തുറന്നെങ്കിൽ, നിങ്ങടെ സ്നേഹം പറഞ്ഞെങ്കിൽ തെറ്റ് പറ്റില്ലായിരുന്നു എനിക്ക്… ആദ്യം കണ്ട ദിവസം മുതൽ വഴക്ക് കൂടി എങ്കിലും ഓരോന്നും ഞാൻ ആസ്വദിച്ചിരുന്നു… അന്ന് ക്ഷേത്രത്തിൽ വെച്ച് വേദനിപ്പിച്ചപ്പോഴും, ദേഷ്യം കാണിച്ചപ്പോഴും എവിടെയൊക്കെ നിങ്ങളിലെ നന്മയെ, കരുതലിനെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു… കോളേജിൽ അധ്യാപകൻ ആയി വന്നപ്പോൾ മനസ്സിൽ സന്തോഷം ആയിരുന്നു, പക്ഷെ എന്നെ ശ്രദ്ധിക്കുക കൂടി ചെയ്യാതെ ഇരുന്നപ്പോൾ ദേഷ്യം തോന്നി… സങ്കടം തോന്നി… വഴക്ക് കൂടി കൂടി, ഒടുവിൽ പ്രണയം ആകുമോ എന്ന് ചോദിച്ച ആമിയെ ശകാരിക്കുമ്പോൾ മനസ്സിൽ അത് ഞാൻ ആഗ്രഹിച്ചിരുന്നു… എന്റെ സങ്കല്പത്തിൽ ഉള്ള ആളല്ല എന്ന് അവളോട് പറഞ്ഞപ്പോഴും നിങ്ങളെ എങ്ങനെ എന്റെ ഇഷ്ടങ്ങളോട് ചേർത്ത് വെക്കാം എന്ന് ചിന്തിക്കാൻ തുടങ്ങി ഞാൻ…. ഒടുവിൽ പിന്നീട് പലപ്പോഴും ഞാൻ അറിഞ്ഞു, എന്റെ അച്ഛൻ എനിക്ക് നൽകിയ ആ കരുതലിനെ സ്നേഹത്തെ നിങ്ങളിലൂടെ ഞാൻ അറിയാൻ തുടങ്ങി എന്ന്.. ഹോസ്പിറ്റലിൽ വെച്ച്, പിന്നെ അന്ന് കോളേജിൽ ആ മുറിയിൽ പാതി ബോധത്തിൽ ഞാൻ കണ്ടു, നിങ്ങളുടെ ഉള്ളിലെ എന്നോടുള്ള കരുതൽ…. പതിയെ നിങ്ങളുടെ സാമിപ്യം പോലും ഞാൻ ആഗ്രഹിച്ചു… നിങ്ങൾ അടുത്ത് ഉള്ളപ്പോൾ സുരക്ഷിത ആണെന്ന് തോന്നി…നിങ്ങളിൽ മറ്റൊരു പെണ്ണ് അവകാശം പറഞ്ഞപ്പോൾ വേദനിച്ചു… എന്റെ ഉള്ളിലെ നിങ്ങളോടുള്ള പ്രണയം ഞാൻ തിരിച്ചറിയാൻ തുടങ്ങിതായിരുന്നു… പക്ഷെ ഒരു വശത്ത് അച്ഛന്റെ മരണം ഉണ്ടാക്കിയ വേദനകളും, മറു വശത്ത് പ്രണയവും വന്നപ്പോൾ, എനിക്ക് എന്റെ പ്രണയത്തെ മറക്കേണ്ടി വന്നു… പക്ഷെ ദൈവനിശ്ചയം പോലെ നിങ്ങളുടെ താലി ഈ കഴുത്തിൽ വീണ ശേഷം നിങ്ങളുടെ സ്നേഹം എന്നിൽ ഉണ്ടാക്കിയത് തീരാത്ത ആശയകുഴപ്പങ്ങൾ ആയിരുന്നു…എന്നോട് കാണിച്ച സ്നേഹം എന്നെ ഭയപ്പെടുത്തി, ഞാൻ എന്റെ ലക്ഷ്യം മറക്കുമോ എന്ന് കരുതി നിങ്ങളിൽ നിന്ന് ഓടി ഒളിച്ചിട്ടേ ഉള്ളു…. പിന്നെ ഒന്ന് കൂടി മനസ്സിലാക്കിക്കോ, മനസ്സ് നിറയെ വെറുപ്പും ആയി നിങ്ങളുടെ മുന്നിൽ നിന്നപ്പോൾ പോലും ഞാൻ അഭിനയിച്ചിട്ടില്ല, നിങ്ങൾ നൽകിയ സ്നേഹത്തിനു പകരം ഒരു പുഞ്ചിരി എങ്കിലും ഞാൻ തന്നെങ്കിൽ അതൊക്കെ ഞാൻ പോലും അറിയാതെ നിങ്ങളോടുള്ള എന്റെ സ്നേഹം പുറത്ത് വന്നുപോയതാ…ഇപ്പൊഴാണ് നിങ്ങൾ അനുഭവിച്ച വേദന ഞാൻ അറിയുന്നത്, മനസ്സ് നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തോടെ മുന്നിൽ നിൽക്കുന്ന ആളോട് നിന്റെ സ്നേഹം വെറും പൊള്ള ആണെന്ന് പറയുമ്പോൾ നെഞ്ച് പിഞ്ഞിപറിയുന്ന വേദന ഉണ്ടാകും അല്ലെ… ”
ഉള്ളിലെ സങ്കടക്കടൽ ഒരു പെരുമഴ പോലെ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി…അവൾ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും ശ്രീയുടെ കണ്ണുകളും നിറഞ്ഞിരുന്നു… ആ വാക്കുകളുടെ മൂർച്ചയിൽ പകച്ചു നിന്ന ശ്രീയുടെ മുഖത്തേക്ക് ഒരുവട്ടം കൂടി നോക്കി അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി…
അവൾ പോയതും ശ്രീയുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു… ഒപ്പം നിറഞ്ഞു വന്ന കണ്ണുകളെ തുടച്ചു കൊണ്ട് അവൻ തന്റെ ഫോണിന്റെ വാൾപേപ്പറിലേക്ക് നോക്കി…
“മോളെ മിഥു, സോറി… ഇതൊരു കുഞ്ഞു പ്രതികാരം ആയി കരുതിയാൽ മതി…ഞാൻ മനസ്സിൽ നിധിപോലെ സൂക്ഷിച്ചു വെച്ച പ്രണയം നീ മനസ്സിലാക്കിയതിന്റെ പേരിൽ മാത്രം നിനക്ക് എന്നോട് തോന്നുന്നൊരു ഇഷ്ടം ആയാൽ ഞാൻ വീണ്ടും തോറ്റുപോകും… എന്തിന് വേണ്ടിയാണോ, ഞാൻ അതൊന്നും ഇതുവരെ പറയാതെ ഇരുന്നത് അതൊക്കെ വെറുതെ ആകും… ഞാൻ പറയാതെ തന്നെ നീ എന്നെയും സ്നേഹിച്ചു തുടങ്ങണമായിരുന്നു… ഇപ്പൊ എനിക്ക് മനസ്സിലായി, എന്നോടുള്ള ഇഷ്ടത്തിന്റെ തുടക്കവും ആഴവും… അതൊന്ന് നിന്റെ വായിൽ നിന്ന് കേൾക്കാൻ വേണ്ടിയല്ലേ ഞാൻ ഇതൊക്കെ കാണിച്ചുകൂട്ടിയത്..പിന്നെ ആത്മാർത്ഥ സ്നേഹം അഭിനയമാണെന്ന് പറഞ്ഞപ്പോൾ, ഞാൻ അനുഭവിച്ച വേദന അതിന്റെ ആഴം നീയും അറിയണം എന്ന് തോന്നി… പക്ഷെ നിന്റെ ഉള്ള് നീറിയപ്പോൾ, ഞാൻ വീണ്ടും വേദനിക്കുക ആയിരുന്നു… ”
അവൻ ഫോണിലെ മിഥുവിന്റെ ഫോട്ടോയിൽ തുരുതുരെ ചുംബിച്ചു… ഇനി നിന്നെ വേദനിപ്പിക്കില്ല ഞാൻ… ഒരിക്കലും….
അവൻ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങി… ചുറ്റും ഒന്നും പരതി…
“എവിടെ പോയി…? ഈശ്വരാ ഞാൻ പറഞ്ഞത് കുറച്ചു കൂടി പോയി… ഈ പെണ്ണ് ഇനി…. ”
അവന്റെ കാലുകളുടെ വേഗം ഏറി…
“അമ്മേ, അമ്മേ… !”
ലത ഓടി വന്നു…
“എന്താടാ…? ”
“മിഥു എവിടെ…? ”
“ഹോ, അതിനാണോ ഈ കിടന്ന് ഒച്ച ഇടുന്നത്…മോൾടെ മുഖം ഒക്കെ ആകെ വല്ലാതെ ഇരിക്കുന്ന കണ്ടപ്പോ ഞാൻ കാര്യം തിരക്കി.. ”
“എന്നിട്ട് അവൾ എന്ത് പറഞ്ഞു…? ”
“തലവേദന എന്ന് പറഞ്ഞു…അപ്പൊ ഞാൻ ഒരു കാപ്പി ഇട്ട് കൊടുത്തു… ”
” അവൾ എവിടെ? ”
“മിഥു മോള് ശ്രീക്കുട്ടിയുടെ മുറിയിൽ ഉണ്ട്… ബാം ഇട്ട് കൊടുത്തു അവൾ.. ഇപ്പൊ ഒന്ന് മയങ്ങുന്നു… ”
ശ്രീ ഓടി ശ്രീക്കുട്ടിയുടെ മുറിയിൽ എത്തിയതും ശ്രീക്കുട്ടിയുടെ മടിയിൽ തല വെച്ച് കിടന്ന് മയങ്ങുന്ന ശ്രീയെ ആണ് കണ്ടത്…
ശ്രീക്കുട്ടി മിഥുവിനെ വിളിക്കാൻ തുടങ്ങിയതും, അവൻ ചുണ്ടിൽ വിരൽ വെച്ച് മിണ്ടരുത് എന്ന് കാണിച്ചു… ശ്രീകുട്ടിയോട് എഴുന്നേൽക്കാൻ പറഞ്ഞിട്ട്, ശ്രീ പതിയെ മിഥുവിന്റെ തല പൊക്കി അവന്റെ മടിയിൽ വേച്ചു…
“നിനക്ക് പഠിക്കാൻ ഒന്നുല്ലേ… മിഥുവിനെ ഞാൻ നോക്കിക്കോളാം…”
“ഓഹോ, കെട്ടിയോനും കെട്ടിയോളും കൂടി വന്നു എന്നെ പുറത്താക്കിയോ, ഇത് എന്റെ റൂം ആ…
ശ്രീക്കുട്ടി കുറച്ചു ഉച്ചത്തിൽ പറഞ്ഞു.. ”
“ഓ, പതുക്കെ പറ കുരിപ്പേ… ”
“അതെ, ഇത് എന്റെ റൂം ആണെന്ന്… ”
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു..
“അതിന്, ഇവിടെ നിനക്ക് ഇരിക്കാൻ പറ്റുള്ളൂ… ഞങ്ങളുടെ റൂമിൽ പോയി പഠിച്ചോ…
“ഹ്മ്മ്… “ശ്രീക്കുട്ടി ഒന്ന് ഇരുത്തി മൂളി നടന്നു പോയി…
ശ്രീ മിഥുവിന്റെ മുടിയിഴകളിൽ മെല്ലെ തലോടി….
“ഒരുപാട് വേദനിപ്പിച്ചു എന്ന് അറിയാം… ആ വേദനയുടെ ഒരു നൂറിരട്ടി സ്നേഹം ഞാൻ തരും… ”
കുറച്ചു നേരം അങ്ങനെ ഇരുന്ന് അവനും ഉറങ്ങിപോയി… മിഥു കണ്ണ് തുറന്നപ്പോൾ കണ്ടത് ശ്രീയുടെ മുഖം ആയിരുന്നു… താൻ അവന്റെ മടിയിലാണ് കിടക്കുന്നത് എന്ന് ഓർത്തതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അവൾ മെല്ലെ എഴുന്നേറ്റ് അവന്റെ മുഖത്തേക്ക് നോക്കി….
“ഹോ, മനുഷ്യന്റെ മനസ്സിൽ തീ കോരി ഇട്ടിട്ട്, സുഖമായി ഉറങ്ങുന്നത് നോക്ക്… ശ്രീപോട്ടൻ…എനിക്ക് അറിയാം മോനെ, നിനക്ക് എന്നെ മനഃപൂർവം ഒരിക്കലും വേദനിപ്പിക്കാൻ കഴിയില്ലെന്ന്… ഞാൻ മനസ്സ് തുറന്നപ്പോൾ, നിന്റെ കണ്ണിലെ തിളക്കം ഞാൻ കണ്ടു… നിന്റെ മനസ്സിൽ ഇപ്പോഴും എന്നോടുള്ള സ്നേഹം ഞാൻ കണ്ടു… അത് മതി… അത് മാത്രം… ബാക്കി ഞാൻ കാണിച്ചു തരാട്ടോ… ”
അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞിട്ട് കതക് ചാരി പുറത്തേക്ക് പോയി…
©ആരുണി കൃഷ്ണ ❤️
രാത്രി എല്ലാവരും ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുക ആയിരുന്നു…
“അച്ഛാ, ഞാൻ കുറച്ചു ദിവസം വീട്ടിൽ പോയി നിൽക്കട്ടെ…. ”
അത് കേട്ടതും ശ്രീയുടെ കിളിപോയി…
“വീട്ടിലോ എന്തിന്… അപ്പുറത്തല്ലെ… എന്തേലും ആവശ്യം ഉണ്ടെങ്കിൽ പകൽ പോകാല്ലോ.. ഇപ്പൊ എന്തിനാ…?”
ശ്രീ എടുത്ത് അടിച്ചപോലെ പറഞ്ഞു കഴിഞ്ഞാണ് അവൻ എല്ലാവരെയും നോക്കിയത്…
മിഥു യാചന ഭാവത്തിൽ ദേവനെ നോക്കിയതും, അയാൾ ഒന്നുമില്ല എന്ന അർത്ഥത്തിൽ കണ്ണടച്ച് കാണിച്ചു…
“മോനെ ശ്രീകുട്ടാ, മോള് കുറച്ചു ദിവസം അവിടെ നിൽക്കട്ടെ… സുഭദ്രക്ക് ചെറിയ സങ്കടം ഇപ്പോഴും ഉണ്ട്… അല്ലെ ലതേ.. ”
“ആ അതെ ദേവേട്ടാ… എല്ലാരും വിഷമത്തിൽ ആണ്… മോള് കുറച്ചു ദിവസം അവിടെ നിൽക്കട്ടെ… ”
ശ്രീ ഒന്നും പറയാതെ ചാടിഎഴുന്നേറ്റു കൈകഴുകി റൂമിലേക്ക് പോയി… അൽപ്പം കഴിഞ്ഞു മിഥു റൂമിലേക്ക് നടന്നു… എന്തൊക്കയോ പരതി അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…
“എങ്ങനെ ഇതിനോട് ഞാൻ പൊക്കോട്ടെ എന്ന് ചോദിക്കും… വിളിച്ചാലോ… പിന്നെ എന്റെ പട്ടി വിളിക്കും… ചോദിക്കാതെ പോകാനും പറ്റില്ലല്ലോ? ”
“ഓ, അനുവാദം ചോദിക്കാൻ ആകും നിന്ന് പരിങ്ങുന്നത്… വേണേൽ ഇങ്ങോട്ട് വരട്ടെ… ”
“ഓ ഇങ്ങോട്ട് ഒന്നും ചോദിക്കുന്നില്ലല്ലോ… വാശി എങ്കിൽ വാശി… ”
മിഥു അവളുടെ കോളേജ് ബാഗ് മാത്രം എടുത്ത് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയതും…
“നിക്കടി അവിടെ… ”
അവൾ സ്തബ്ധയായി നിന്നു…അവൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് വാതിലിന് കുറുകെ കൈ വെച്ച് നിന്നു….
“മാറ്, എനിക്ക് പോണം…”
മിഥു കൃത്രിമ ദേഷ്യം വരുത്തി പറഞ്ഞു…
മുറിയുടെ വാതിൽ മെല്ലെ അടച്ചു അവൻ മുന്നിലേക്ക് വന്നു… ഉടുത്തിരുന്ന മുണ്ട് മടക്കികുത്തി മീശ പിരിച്ചുകൊണ്ട് അവൻ മുന്നോട്ട് അടുക്കും തോറും അവൾ പിന്നിലേക്ക് മാറി….
“എന്താ, എന്ത് വേണം…. ”
പെട്ടന്ന് ശ്രീയുടെ ഇരു കൈകളും മിഥുവിനെ ചുറ്റി വരിഞ്ഞു, അവളെ തന്നിലേക്ക് അടുപ്പിച്ചു…
“ഡോ, വിടടോ….”
അവൾ പുറമേ, കുതറി മാറാൻ ശ്രമിക്കുമ്പോഴും മനസ്സ് ഒന്നുകൂടി അവനോട് ചേർന്ന് നിൽക്കാൻ പ്രേരിപ്പിച്ചു….
“ഞാൻ ആരാടി നിന്റെ…? ”
“ഓ അതും അറിയില്ലേ… വല്ല മറവി രോഗവും ബാധിച്ചോ നിങ്ങക്ക്…? ”
“എനിക്കല്ല, നിനക്ക് മറവി ഉണ്ടായോ എന്നാ ഞാൻ ചോദിക്കുന്നെ… ഇത് നിന്റെ കഴുത്തിൽ കെട്ടിയത് ആരാടി.. ”
ശ്രീയുടെ ശബ്ദം ഉയർന്നതും ചെറിയൊരു നടുക്കത്തോടെ അവൾ അവന് നേരെ വിരൽ തൊട്ട് കൊണ്ട് തല കുനിച്ചു…
“നേരെ നോക്കെടി, എന്നിട്ട് ഇവിടുന്ന് പോകാൻ എന്റെ അനുവാദം ചോദിച്ചോ നീ… ”
“ഇല്ല “എന്ന് അവൾ തലയാട്ടി…
“അതെന്താ…? ”
“സൗകര്യം ഇല്ലാ… ഒരു ഭർത്താവ് വന്നേക്കുന്നു … ”
അവനെ കട്ടിലിലേക്ക് തള്ളി ഇട്ട് കൊണ്ട് അവൾ പറഞ്ഞു…
“ഡി, അത്രക്ക് അഹങ്കാരmo നിനക്ക്.. “അവൻ അവളുടെ കൈ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ഇട്ടു, ഒരു കൈ കൊണ്ട് തന്നോട് ചേർത്തു…
“എന്താ ഉദ്ദേശം, വിട് എനിക്ക് പോണം…? ”
“ഹഹ, ദുരുദ്ദേശം മാത്രം… ഭർത്താവിനെ അംഗീകരിക്കാൻ എന്റെ ഭാര്യക്ക് മടിയല്ലേ… അപ്പൊ അതിന് ഒരു പരിഹാരം വേണ്ടേ…? ”
മിഥു ഒന്ന് നടുങ്ങി… അവന്റെ കൈകളിളെ വിടുവിക്കാൻ അവൾ ശ്രമിച്ചതും, ആ പിടി മുറുകി…
“എന്നെ വിടുന്നുണ്ടോ… ഇല്ലേൽ ഞാൻ ഇപ്പൊ വിളിച്ചു കൂവും.. ”
“ആ കൂവെടി… ഉറക്കെ വിളിക്ക്… എന്നിട്ട് നിന്നെ ഞാൻ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറ… ”
“പറയും…. അയ്യോ അമ്മേ… “അവൾ അവന്റെ നെഞ്ചിലേക്ക് ആഞ്ഞിടിച്ചും, അവനെ തട്ടി മാറ്റിയും ബഹളം വെക്കാൻ തുടങ്ങിയതും, ശ്രീയുടെ കൈകൾ മെല്ലെ അയഞ്ഞു…. മിഥു ശബ്ദം താഴ്ത്തിയപ്പോൾ അവൻ അവളെ തന്നെ നോക്കി ഒരു നിമിഷം കിടന്നു… അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി… മിഥു എന്തോ പറയാൻ തുനിഞ്ഞതും, ശ്രീയുടെ ചുണ്ടുകൾ അവളുടേതിനെ പൊതിഞ്ഞു… അവൾ ഒന്ന് പിടഞ്ഞു, പിന്നെ ശരീരം മുഴുവൻ പടർന്നു കയറിയ വിറയൽ അവളെ തളർത്തി… നിമിഷങ്ങൾ കടന്നു പോയി, ശ്രീ പതിയെ അവളിൽ നിന്ന് അടർന്നു മാറിയപ്പോൾ, മിഥുവിന്റെ പാതി അടഞ്ഞ കൺകോണിൽ ഒരു മിഴിനീർ തുള്ളി അവൻ കണ്ടു…
അവൾ പതിയെ കണ്ണ് തുറന്നതും ആർദ്രമായ് തന്നെ നോക്കി പുഞ്ചിരിക്കുന്ന ശ്രീയേകണ്ട്, ആ കവിളുകൾ തുടുത്തു….
ശ്രീ മെല്ലെ അവളുടെ കാതോരം ചേർന്ന് പറഞ്ഞു….
“സോറി, നിന്റെ ഉള്ളിലെ പ്രണയത്തെ അറിയാൻ വേണ്ടിയാണ് വാക്കുകൾ കൊണ്ട് വേദനിപ്പിച്ചത്… ”
എന്തെന്ന് ഇല്ലാതെ അവളുടെ മിഴികൾ നിറഞ്ഞു… ഒന്നും പറയാതെ അവൾ എഴുന്നേറ്റ് ബാഗും ആയി വീട്ടിലേക്ക് പോയി… അവളുടെ മൗനം ശ്രീയെ വേദനിപ്പിച്ചു… അവൾ വീട്ടിൽ എത്തി നേരെ തന്റെ മുറിയിലേക്ക് ഓടി…
കണ്ണാടിക്ക് മുന്നിൽ നിന്ന് അവൾ കഴിഞ്ഞു പോയ നിമിഷങ്ങൾ ഓർത്തു.. അവൾ പോലും അറിയാതെ തന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
പക്ഷെ അതെ സമയം ശ്രീ സമാധാനം ഇല്ലാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി…
“എന്താ ഏട്ടാ, വാലിന് തീ പിടിച്ച പോലെ നടക്കുന്നെ…”
ശ്രീക്കുട്ടി കളിയാക്കി ചിരിക്കാൻ തുടങ്ങി
“ശ്രീക്കുട്ടി പൊക്കോ നീ, അല്ലേൽ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കും നീ… ”
“എന്റെ ഏട്ടാ, ഏട്ടത്തി അപ്പുറത്ത് തന്നെ ഇല്ലേ… ഒരാഴ്ച്ച കഴിഞ്ഞു ഇങ്ങ് വരില്ലേ… ”
“ഒരാഴ്ച്ചയോ …? ”
“മ്മ്, അതെ…” അത് പറഞ്ഞു ശ്രീക്കുട്ടി ചിരിയോടെ പോയി…
“ഈശ്വരാ, ഒരാഴ്ച്ച…!! ഞാനും കൂടി അങ്ങോട്ട് പോയാലോ… വേണ്ട വില പോകും… “ശ്രീ തലയിൽ കൈവെച്ച് കട്ടിലിലേക്ക് ഇരുന്നു…
പിറ്റേന്ന് മുതൽ മിഥു അവളുടെ സ്കൂട്ടിയിൽ ആണ് പോയത്… ശ്രീ ഇറങ്ങും മുൻപേ ഇറങ്ങാൻ അവളും ശ്രദ്ധിച്ചു….മിഥു നേരുത്തേ പോയി എന്ന മറുപടി ശ്രീയെ നിരാശനാക്കി…കോളേജിൽ വെച്ച് കണ്ടാലും അധികം മൈൻഡ് ചെയ്യാതെ അവൾ നടന്നു…. അത് അവനെ പിന്നെയും ഒരുപാട് വേദനിപ്പിച്ചു…. വീട്ടിൽ എത്തുമ്പോ എല്ലാ പിണക്കവും മാറ്റാം എന്ന വിശ്വാസത്തിൽ അവൻ കാത്തിരുന്നു… മിഥു തിരികെ വീട്ടിൽ എത്തിയ ദിവസം….
“ശ്രീകുട്ടാ, മിഥു മോളെ…. ലതേ പിള്ളേരെ ഇങ്ങോട്ട് ഒന്ന് വിളിച്ചേ…. ”
“എന്താ അച്ഛാ….? ” ശ്രീ താഴേക്ക് ഇറങ്ങി വന്നു… പിന്നാലെ മിഥുവും…
“ആ, ശ്രീക്കുട്ടി എവിടെ…? ”
“ഞാൻ ഇവിടുണ്ട് അച്ഛാ…”
” ഞാൻ ഒരു പ്രധാന കാര്യം പറയാനാണ് വിളിച്ചത്… ശ്രീക്കുട്ടിക്ക് നല്ലൊരു ചെക്കനെ അച്ഛൻ കണ്ടെത്തി… എല്ലാർക്കും സമ്മതം ആണെങ്കിൽ നമുക്ക് അത് നടത്താം… ”
ശ്രീക്കുട്ടി ഒന്ന് നടുങ്ങി , ഒപ്പം മിഥുവും… മിഥു ശ്രീക്കുട്ടിയെ നോക്കിയതും അവളുടെ കണ്ണിൽ ദയനീയത നിറഞ്ഞു…
“ആരാ അച്ഛാ ചെക്കൻ…? ” ശ്രീ തിരക്കി..
“നമ്മുടെ അഭി…. വാസുദേവനോട് ഞാൻ ചോദിച്ചു… അവർക്കും സമ്മതമാണ്… കുട്ടികളുടെ മനസ്സ് അറിഞ്ഞിട്ട് എല്ലാം ഉറപ്പിക്കാം എന്ന് അയാൾ പറഞ്ഞു…”
ശ്രീക്കുട്ടി ഒന്ന് ഞെട്ടി.. പിന്നെ സന്തോഷം കൊണ്ട് തുള്ളി ചാടാനാണ് അവൾക്ക് തോന്നിയത്..പക്ഷെ അവൾ ആ സന്തോഷം ഉള്ളിൽ ഒതുക്കി സ്വാഭാവികം ആയി അഭിനയിച്ചു… ശ്രീക്കുട്ടിയുടെ കണ്ണിലെ തിളക്കം മിഥു തിരിച്ചറിഞ്ഞു… അവളിലും ആനന്ദം നിറഞ്ഞു….
“അത് ശരിയാവില്ല അച്ഛാ… !!”
ശ്രീ അത് പറഞ്ഞതും, എല്ലാവരുടെയും മുഖം മങ്ങി…
തുടരും….

by