23/04/2026

ദിൽന : ഭാഗം 11

രചന – നന്ദിത ദാസ്

അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ ഞാൻ നോക്കി.. ഒരു ചെറുപ്പക്കാരൻ… ഹും അപ്പോൾ ഇവനാണ് നവീൻ…

“ഡോ കൂൾ…. കരയരുത്… ഒരു തുള്ളി കണ്ണീരുപോലും അവനു വേണ്ടി വീഴ്ത്തരുത്…. ”

“പെട്ടെന്ന് കണ്ടപ്പോൾ മനസ്സിനെ നിയന്ത്രിക്കാൻ പറ്റിയില്ല എബി… ”

“പോട്ടെ സാരമില്ല… അവൻ തന്നെ കണ്ടോ? ”

“ഇല്ല… ”

“എങ്കിൽ താൻ എഴുന്നേൽക്കു… ”

“എന്തിനു? വേണ്ട.. തമ്മിൽ കാണാതിരിക്കട്ടെ… അതാ നല്ലത്… ”

“ഞാൻ പറയുന്നത് പോലെ അനുസരിക്കു ദിൽന… ഉള്ളിലെ സങ്കടമൊക്കെ എനിക്ക് മനസ്സിലാകും ബട്ട്‌ നീ ഇവിടെ തളരാൻ പാടില്ല… അവനും തോന്നണം അവൻ പോയാലും നിനക്ക് ഒന്നും പറ്റാൻ ഇല്ലാന്ന് ”

“അഭിനയിക്കാനോ?.. ”

“അതെ.. നന്നായി നമുക്കൊരു പ്ലേ നടത്താം… ഞാനും ഉണ്ടാകും ഒപ്പം… ഞാൻ പറയുന്നപോലെ നീ ചെയ്താൽ മാത്രം മതി… ”

“മ്മ്.. എബി പറഞ്ഞോളു ഞാൻ കേട്ടോളാം… ”

എബി പറഞ്ഞതൊക്കെ ഞാൻ മൂളി കേട്ടു..

“അപ്പോൾ മോൾ എഴുന്നേറ്റു അവൻ കാൺകെ അങ്ങോട്ട് ചെല്ല്… ഓർമ ഉണ്ടല്ലോ അവൻ ഇങ്ങോട്ട് വന്നു സംസാരിക്കണം.. നീ അവനെ കാണുന്ന പോലെ ആകരുത്… ”

“ഒക്കെ ”

അവൾ എഴുന്നേറ്റു പോകുന്നതും നോക്കി ഞാൻ അവിടെ ഇരുന്നു… നവീന്റെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ ഇവിടെ ഇരുന്നു എനിക്ക് കാണാം.. ഞാൻ പ്രതീക്ഷിച്ചതുപോലെ അവളെ അവിടെ കണ്ടപ്പോൾ അവൻ ഒന്ന് ഞെട്ടി.. വെറും ഞെട്ടൽ അല്ല ഒരു ഒന്നൊന്നര ഞെട്ടൽ…

നവീനെ മറികടന്നു ഞാൻ പോകാൻ നേരം പെട്ടെന്ന് അവൻ എന്റെ കൈയിൽ കയറി പിടിച്ചു… ഒരു നിമിഷം വല്ലാതായി പോയി ഞാൻ.. ഉള്ളിലെ സംഘർഷം പുറത്ത് കാട്ടാതെ ഞാൻ കൂളായി തിരിഞ്ഞു… ഞാൻ അത്ഭുതപ്പെടുമെന്നു അവൻ വിചാരിച്ചു കാണും… എന്റെ കൈയിൽ മേലുള്ള അവന്റെ പിടുത്തം വിടുവിച്ചു ഞാൻ സംസാരിച്ചു….

“ഓഹ് നവീൻ… താനായിരുന്നോ… എന്താ ഇവിടെ? വൈഫ്‌ എവിടെ? സുഖം അല്ലേ? ”

കൂളായുള്ള എന്റെ ചോദ്യം കേട്ടു അവൻ ഒന്ന് അമ്പരന്നു…

“എന്തുപറ്റി താൻ എന്താ ഒന്നും മിണ്ടാത്തത്? ഹലോ… ഹലോ നവീൻ… ”

“ഞാൻ.. ഞാൻ.. വൈഫ്‌ ഉണ്ട്… ”

വാക്കുകളിലെ പതർച്ച എനിക്ക് മനസ്സിലായി..

“രണ്ടാളും ഹണിമൂണ് ആഘോഷിക്കാൻ ഇറങ്ങിയതാണല്ലേ… ആഹ് നടക്കട്ടെ നടക്കട്ടെ… എവിടെ ആ കുട്ടി… കല്യാണത്തിന് കണ്ടതല്ലേ… ”

“അവൾ റൂമിൽ ആണ്.. ഞാൻ ഫുഡ്‌ വാങ്ങാൻ ഇറങ്ങിയതാണ്… താൻ ഇവിടെ?? ”

വാക്കുകൾക്ക് എന്തൊരു കട്ടിയാണ്… താൻ എന്ന് പോലും… ഒരു തവണ പോലും നീ എന്നോ താൻ എന്നോ ഒന്നും വിളിച്ചിട്ടില്ല… മനസ്സുകളിലെ അകൽച്ച വാക്കുകളിലും പ്രകടം…

“ഞാൻ ഇപ്പോൾ ഇവിടെ ആണ് വർക്ക്‌ ചെയ്യുന്നത്… ”

“എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്.. കുറച്ചു നേരം എന്റെ പഴയ ദിൽന ആകില്ലേ… ”

“ഹ ഹ ഹ… ഞാൻ ഇപ്പോളും പഴയ ആള് തന്നെ… മാറിയത് നീ അല്ലേ… പക്ഷേ നിന്റെ കാമുകിയുടെ റോളിൽ കുറച്ചു നേരം പോയിട്ട് ഒരു നിമിഷം പോലും ഞാൻ നിൽക്കില്ല… കഴിഞ്ഞത് കഴിഞ്ഞു… നിന്റെ കല്യാണത്തിന്റെ അന്ന് ഞാൻ വന്നു എല്ലാം നേരിൽ കണ്ടതും എന്റെ ജീവിതത്തിൽ ഇനി നീ ഇല്ലാന്ന് എന്റെ മനസ്സിനെ ബോധിപ്പിക്കാനായിരുന്നു… അതിൽ ഞാൻ ജയിച്ചു… ഇപ്പോൾ എന്റെ മനസിൽ ഒരു സ്ഥാനവും ഇല്ല നിനക്കും നിന്റെ ഓർമകൾക്കും ”

“ഇങ്ങനെയൊക്കെ പറയാൻ നിനക്ക് എങ്ങനെ കഴിയുന്നു… ആ മനസ്സ് എനിക്കറിയാവുന്നപോലെ ആർക്കറിയാം… ”

“ഒരിക്കൽ അങ്ങനെ ആയിരുന്നു… ബട്ട്‌ കാലം നമ്മളെ മാറ്റില്ലേ… സാഹചര്യങ്ങൾ മാറ്റില്ലേ… ഇതും അങ്ങനെ… പുതിയ ജീവിതത്തെക്കുറിച്ചു ഞാൻ ചിന്തിച്ചു തുടങ്ങി… ”

“അതിനു നിനക്കൊരിക്കലും കഴിയില്ല… അത് എനിക്ക് ഉറപ്പാണ്… ”

“നീ ഇല്ലാതെ ഒരു നിമിഷം പോലും ഞാൻ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞ ഒരു നവീൻ ഉണ്ടായിരുന്നു… എന്നിട്ട് എന്താ സംഭവിച്ചത്… നീ ജീവിക്കുന്നില്ലേ മറ്റൊരാളുടെ കൂടെ സന്തോഷം ആയി… ”

“എന്ത് സന്തോഷം… നീ ഇല്ലാതെ എനിക്ക് സന്തോഷം കിട്ടുമോ വാവേ… ചിലരുടെ വാക്കുകൾക്ക് ചെവി കൊടുത്തു പോയി… വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട്… ”

“കൂടുതൽ ഒന്നും പറയണ്ട നവി… എനിക്ക് തന്നോട് ഒരു ദേഷ്യവും ഇപ്പോൾ ഇല്ല… ദാ ആ റെസ്റ്റോറന്റിന്റെ ലെഫ്റ്റ് സൈഡിൽ ബ്ലൂ ഷർട്ട്‌ ഇട്ട ആളെ കണ്ടോ… തന്നെ പോലെ മറ്റുള്ളവരുടെ വാക്കു കേട്ടു എന്നെ ഉപേക്ഷിച്ചു പോകില്ല അയാൾ… എന്റെ ജീവൻ ഇപ്പോൾ അയാളാണ്.. എന്റെ എബി ”

ഞാൻ അത് പറയുമ്പോൾ നവിയുടെ മുഖത്തെ ദേഷ്യവും നിരാശയും വന്നു നിറഞ്ഞത് ഞാൻ നന്നായി ആസ്വദിച്ചു…

“അല്ല നവീൻ… താൻ എന്നെ ഉപേക്ഷിക്കാൻ മാത്രം എന്താ നിന്നോട് അവർ പറഞ്ഞത്… ചിലരുടെ വാക്കുകൾ കേട്ടത് കൊണ്ടാണെന്നു കുറച്ചു മുൻപ് പറഞ്ഞല്ലോ… ”

“അത് പിന്നെ… എനിക്കൊരു പെങ്ങൾ ഉണ്ടെന്ന് അറിയാല്ലോ… അന്യ മതത്തിൽ പെട്ട പെണ്ണിനെ വിവാഹം കഴിച്ചാൽ അവൾക്കു നല്ലൊരു ബന്ധം കിട്ടില്ലെന്ന് അമ്മാവന്മാരൊക്കെ അമ്മയുടെ ചെവിയിൽ ഓതി കൊടുത്തു… സ്വന്തം മകളുടെ ജീവിതം വെച്ച് കളിക്കാൻ ഏതെങ്കിലും അമ്മ തയ്യാറാവുവോ… കാല് പിടിച്ചു ഞാൻ പറഞ്ഞതാണ്… പക്ഷേ അമ്മയുടെ ഒരു ചോദ്യത്തിന് മുന്നിൽ ഞാൻ പകച്ചു പോയി… വെറും സാധാരക്കാരനെപോലെ ഞാനും ചിന്തിച്ചു… ”

“എന്ത്‌ ചോദ്യം? എന്താ അമ്മ ചോദിച്ചത്…?

“അത് പിന്നെ… നിനക്ക് വയസ്സ് 28 എനിക്കും അത് തന്നേ… നല്ല പ്രായത്തിൽ പെൺകുട്ടികൾ കല്യാണം കഴിച്ചില്ലെങ്കിൽ ഒരു തലമുറയെ കിട്ടാൻ നീ നെട്ടോട്ടം ഓടേണ്ടി വരുമെന്ന അമ്മയുടെ വാക്കു… അതാണ്.. എന്നെ പിന്തിരിപ്പിച്ചത് ”

ദേഹം തളർന്നു പോകുന്ന പോലെ തോന്നി… നവീൻ എന്നെ താങ്ങി നിർത്താൻ ശ്രമിച്ചു.. ആ കൈകൾ തട്ടി മാറ്റി ഞാൻ എബിയുടെ നെഞ്ചിലേക്ക് ചെന്നു വീണു…

“ഹേയ്… ഞാൻ പറഞ്ഞതല്ലേ തളർന്നു പോകരുതെന്ന്… എന്താടോ ഇത്… ”

“ഇവൻ എന്താ പറഞ്ഞെതെന്നു കേട്ടോ എബി… എന്റെ… എനിക്ക്… അമ്മയാകാനുള്ള എന്റെ അവകാശത്തെ ചോദ്യം ചെയ്തിരിക്കുന്നു… 28 വയസ്സുവരെ അവനു വേണ്ടി കാത്തിരുന്നു എന്റെ നല്ല പ്രായം കളഞ്ഞ ഞാൻ… ഞാൻ അപ്പോൾ ആരായി എബി… ”

അവൾ എന്നെ കെട്ടിപിടിച്ചു കരയുന്നത് നിർവികാരതയോടെ നോക്കി നിൽക്കെയാണ് നവീൻ…
അവൻ കേൾക്കെ ഞാൻ ഉറക്കെ പറഞ്ഞു…

“സാരമില്ല… അതുകൊണ്ടല്ലേ മോളെ നിന്നെ എനിക്ക് കിട്ടിയത്..ഓരോത്തർക്കും അർഹിക്കുന്നത് മാത്രമേ കിട്ടുള്ളു… നിനക്ക് ഞാൻ ഉണ്ട്… ഈ ജന്മവും മറു ജന്മം ഉണ്ടെങ്കിൽ അവിടെയും നീ എന്റേതായിരിക്കും… ഒരു നവീനും വിട്ടു കൊടുക്കില്ല ഞാൻ ഈ മുത്തിനെ… ”

നവീനെ കുശുമ്പ് കുത്തിക്കാൻ പറഞ്ഞതാണെങ്കിലും എന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന ഇവൾ എന്റെതായെങ്കിൽ എന്ന് ഒരു നിമിഷത്തേക്കെങ്കിലും വല്ലാതെ കൊതിച്ചു പോയി ഞാൻ…

നവീനെ മറികടന്നു പോകുമ്പോളും ആ കൈകളിൽ ഞാൻ മുറുകെ പിടിച്ചിരുന്നു… കാറൊഴിഞ്ഞ മേഘം പോലെ അവളുടെ മുഖം ഇപ്പോൾ ശാന്തമാണ്…

റൂമിൽ ചെന്ന് കയറിയിട്ടും പരസ്പരം ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞങ്ങൾ…

“താൻ റസ്റ്റ്‌ എടുത്തോളൂ… ഇന്ന് ഇനി ഇപ്പോൾ കുക്കിങ്ങിനു ഒന്നും നിൽക്കണ്ട… ”

വാടിയ ചേമ്പിൻ തണ്ട് പോൽ അവൾ ബെഡിലേക് വീണു… കുറേനേരത്തേക്കു ഞാനും ബാൽക്കണിയിൽ കസേരയിൽ പോയിരുന്നു ഒന്നു മയങ്ങി…
ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത്… ചിന്നൂട്ടി ആണ്

“ഹെലോ ചേട്ടായി… വിഷു ആയിട്ട് വിളിച്ചില്ലലോ… കൈനീട്ടം ഞാൻ എ ടി എം ന്നു എടുത്തിട്ടുണ്ട് കേട്ടോ… ”

“എന്നെ നീ പാപ്പരാക്കുവോ കൊച്ചേ… ”

“അങ്ങനെ ചിന്നൂട്ടി ചെയ്യില്ല ചേട്ടായി… പിന്നെ സ്റ്റാറ്റസ് ഇട്ടേക്കുന്നത് കണ്ടല്ലോ… ഏതാ ആ കൂടെ നിൽക്കുന്ന ചേച്ചി?…”

“ഏത് ചേച്ചിയുടെ കാര്യമാ നീ ഈ പറയുന്നത്? ”

“ചേട്ടായിടെ കൂടെ സാരി ഉടുത്തു ഒരു സുന്ദരി ചേച്ചീനെ കണ്ടല്ലോ… അത് ആരാണെന്നാ ചോദിച്ചത് ”

ഓഹ്… ഓഫിസിലെ പ്രോഗ്രാമിന്റെ ഫോട്ടോസ് ഇട്ടിരുന്നു സ്റ്റാറ്റസ്.. അതിൽ രാവിലെ സെക്യൂരിറ്റി ചേട്ടൻ എടുത്ത ഫോട്ടോയും ഇട്ടിരുന്നു… അത് കണ്ടിട്ടാകണം ഈ ചോദ്യം…

“ഓഹ് അത് ഓഫീസിൽ കൂടെ ഉള്ളതാ ദിൽന എന്നാണ് അവളുടെ പേര് ചിന്നൂട്ടി… ”

“എന്തായാലും നല്ല ചേച്ചിയാ…വെറൈറ്റി നെയിം ആണല്ലോ…. രമ്യയെ പോലെ അല്ല… ആലോചിച്ചാലോ ചേട്ടായി… ”

“നീ ചുമ്മാ എന്നെ ദേഷ്യം പിടിപ്പിക്കാതെ പോയേ… എന്തു പറഞ്ഞാലും ഒടുവിൽ അവളുടെ പേര് എടുത്തിടും… നീ ഒറ്റ ഒരുത്തി കാരണമാ ഇന്ന് ഞാൻ ഇങ്ങനെ ആയി പോയത്… ”

“സോറി ചേട്ടായി… ദേഷ്യപ്പെടാതെ… ഞാൻ ഓർത്തോ അങ്ങനെയൊക്കെ ആകുമെന്ന്… ഈസ്റ്ററിനു വന്നേക്കണേ… ചാച്ചനെ ഒന്നു വിളിക്കാൻ പറഞ്ഞു കേട്ടോ മറക്കല്ലേ… ”

“മ്മ് വിളിക്കാം… അമ്മച്ചി എന്തേ? ”

“കോശിച്ചായന്റെ വീട് വരെ പോയി… കൂട്ടത്തിൽ ചേട്ടായിയുടെ പെണ്ണാലോചനയും നടക്കുന്നുണ്ട്… ”

“ഓഹോ അത്രയൊക്കെ ആയോ… ഞാൻ വരാതെ എന്തായാലും കെട്ടു നടക്കില്ലലോ… ”

“ചേട്ടായിയെ വരുത്താൻ ചാച്ചന്റെ ഒരു വാക്കു പോരായോ… കൂടുതൽ മസിൽ പിടിക്കണ്ട കേട്ടോ… ”

“മ്മ്.. ഞാൻ വെക്കുവാ… അമ്മച്ചി വരുമ്പോൾ പറഞ്ഞേക്കു… ”

“ഒക്കെ.. ”

ഫോൺ വെച്ചിട്ട് റൂമിൽ ചെന്ന് നോക്കിയപ്പോളും ദിൽന എഴുന്നേറ്റിട്ടില്ല… ഞാൻ അടുത്തേക്ക് ചെന്ന് വിളിച്ചു… എത്ര വിളിച്ചിട്ടും എഴുന്നേൽക്കുന്നില്ല… നെറ്റിൽ പതിയെ കൈ വെച്ച് നോക്കിയപ്പോൾ പൊള്ളുന്ന പോലെ ചൂട്…. കുറച്ചു വെള്ളം മുഖത്ത് തളിച്ചപ്പോൾ കണ്ണ് തുറന്നു…

“നല്ല ചൂടുണ്ടല്ലോ… പൊള്ളുന്ന പനി… ഹോസ്പിറ്റലിൽ കൊണ്ട് പോകട്ടെ… ”

“വേണ്ട… എനിക്ക് കുറച്ചു നേരം കിടന്നാൽ മതി എബി… ”

“പറ്റില്ല… അടുത്ത ഫ്ലാറ്റിൽ ഒരു ലേഡി ഡോക്ടർ ഉണ്ട് ഞാൻ പോയി ഇങ്ങോട്ട് കൂട്ടികൊണ്ടു വരാം?”

ഉടൻ തന്നെ ഡോക്ടറെയും കൂട്ടി വന്നു…

“നല്ല പനി ഉണ്ടല്ലോ… ഞാൻ കുറച്ചു മെഡിസിൻ കുറിച്ച് തരാം.. എബി അത് പുറത്തുന്നു വാങ്ങിക്കേണ്ടി വരും ”

“വാങ്ങിക്കാം ഡോക്ടർ… ഇപ്പോൾ തന്നെ പോകാം.. ”

“കേട്ടോ മോളെ കല്യാണം ആണെന്ന് പറഞ്ഞു ഇവിടുന്നു മുങ്ങിയ ആളാ..ഈ എബി… ഇവിടെ വന്നിട്ട് ഭാര്യയെയും കൂട്ടി ഒരു തവണ പോലും കാണാൻ വന്നിട്ടില്ല… എന്നിട്ട് ഇപ്പോൾ തന്നെ കാണാൻ പറ്റിയതോ ഈ കോലത്തിൽ… പേടിക്കണ്ട കേട്ടോ പെട്ടെന്ന് സുഖം ആകും… ”

ഡോക്ടറുടെ മറുപടി കേട്ടു ഞാൻ എബിയെ സംശയഭാവത്തിൽ ഒന്നു നോക്കി… ആളുടെ മുഖം നന്നായി വിളറി വെളുത്തിട്ടുണ്ട്… ഞാൻ കേൾക്കാൻ പാടില്ലാത്തതു എന്തോ കേട്ടു എന്ന കുറ്റബോധം ആ മിഴികളിൽ തങ്ങി നിന്നു….

(തുടരും )