23/04/2026

മയിൽപീലി : ഭാഗം 02

രചന – നെച്ചു നസ്രിൻ

കോളേജിൽ മാത്രം തനിക്ക് കിട്ടുന്ന സന്തോഷനിമിഷങ്ങളുടെ ബാക്കിപ്പത്രമെന്നോണം പീലിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു.തിരക്ക് കൂടുതലായതിനാൽ എന്നും വരുന്ന ബസ് കിട്ടിയില്ല. ഇന്നിതിരി വൈകി. അതിന്റെ മുഴുവൻ ഈർഷ്യയും രുക്‌മിണിയുടെ മുഖത്ത് കാണാനുണ്ട്. ഉമ്മറത്തു തന്നെ ഇരിപ്പുണ്ട്.പീലി നടന്നു വരുന്നത് കണ്ടതും കൂർപ്പിച്ചൊരു നോട്ടമായിരുന്നു

തലതാഴ്ത്തി പീലി വേഗം അകത്തേക്ക് കയറി.വേഷം മാറ്റി വൈകുന്നേരം ചായക്കുള്ളത് ഉണ്ടാക്കാനായി അടുക്കളയിലേക്ക് ചെന്നു. ക്ലാസ്സ്‌ കഴിഞ്ഞ് വീണയും വിസ്മയും വരുമ്പോ കഴിക്കാനായി ചായക്കൊപ്പം എന്തേലും പലഹാരം കൂടി ഉണ്ടാക്കണം. അതൊരു ശീലമാണ്.

നേന്ത്രപ്പഴം അരിഞ്ഞു നെയ്യിൽ പൊരിച്ചു പഞ്ചസാര തൂകി ചൂട് ചായക്കൊപ്പം മേശപ്പുറത്തു കൊണ്ട് വെച്ച്. വിസ്മയ്ക് ഒരുപാട് ഇഷ്ടമാണത്. പീലിയെ ഒന്ന് നോക്കുക കൂടി ചെയ്യാതെ വീണയും രുക്‌മിണിയും തീന്മേശക്ക് മുന്നിൽ വന്നിരുന്നത് കണ്ടിട്ടാണ് പീലി കുളക്കടവിലേക്ക് നടന്നത്.

പടവിലിരുന്നു തണുത്ത വെള്ളത്തിൽ കാലിട്ട് പീലി വെറുതെ ഓർമകളിലേക്ക് ഊളിയിട്ടു.

സമ്പന്ന കുടുംബത്തിലെ ഒരു അംഗം ആയിരുന്നു അമ്മ സാവിത്രി. അതി സുന്ദരിയും. അച്ഛൻ ഒരു കർഷക കുടുംബവും.അച്ഛനും അമ്മയും പരസ്പരം സ്നേഹത്തിലായ വിവരം അറിഞ്ഞ അമ്മയുടെ വീട്ടുകാർ അമ്മക്ക് മറ്റൊരു വിവാഹ ആലോചന കൊണ്ട് വന്നു

അതോടെ അച്ഛനും അമ്മയും ആരും അറിയാതെ ആ നാട്ടിന്നു ഇങ്ങോട്ട് വന്നു താമസം ആരംഭിച്ചു. അതിനു ശേഷം അച്ഛന്ടെയോ അമ്മയുടെയോ വീട്ടുകാർ ഒന്നും അന്വേഷിച്ചു വന്നിട്ടില്ല.അമ്മ മരിച്ചപ്പോൾ പോലും ആരും വന്നില്ല .

എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടലിന്റെ വേദന ആവോളം താൻ അനുഭവിച്ചു.ചെയ്യാനുള്ള ജോലി പറയാനും കണ്ണ് പൊട്ടും പോലെ വഴക് പറയാനും മാത്രേ ചെറിയമ്മ തന്നോട് മിണ്ടാറുള്ളു.

ചിന്തിച്ചിരുന്നു നേരം വൈകി.പീലി വേഗം കുളിച് വീട്ടിലേക്ക് നടന്നു. ജോലിയെല്ലാം നേരത്തെ ഒതുക്കി വിളക്കിൽ തിരി തെളിച്ച് നാമം ജപിക്കും നേരം ചൈതന്യം നിറഞ്ഞു നിന്നിരുന്നു. നിലവിളക്കിന്റെ പ്രകാശത്തിൽ പീലിയുടെ സൗന്ദര്യം അത്യധികം ജ്വലിച്ചു നിന്നു.

പിറ്റേന്ന് അവധി ആയതിനാൽ കാലത്തെ എണീറ്റ് അമ്പലത്തിലേക്ക് ഇറങ്ങിയതാണ് പീലി. ക്ലാസ്സില്ലാത്ത ദിവസങ്ങളിൽ ഇത് പതിവാണ്.ഭഗവാന്റെ മുന്നിൽ വന്നു സങ്കടങ്ങൾ എണ്ണി പറയുമ്പോ മനസ്സിനൊരു ആശ്വാസമാണ്. തലേദിവസത്തെ മഞ്ഞുകണങ്ങൾ ഇലകളിൽ പറ്റിപ്പിടിച്ച്, സൂര്യപ്രകാശത്തിൽ അവ തിളങ്ങുന്നുണ്ടായിരുന്നു.ദാവണി തുമ്പ് ഒരുകയ്യാൽ പിടിച്ച് പാടവരമ്പത്ത് കൂടി പയ്യെ അമ്പലത്തിലേക്ക് നടന്നു.

അമ്പലത്തിനോട് ചേർന്നൊരു ചെറിയ കുളമുണ്ട്. നിറയെ ആമ്പൽ പൂക്കളുള്ള കുളം. കുളത്തിൽ കയ്യും കാലും വൃത്തിയാക്കിയ ശേഷം നടക്കുള്ളിലേക്ക് നടന്നു.കൃഷ്ണനാണ് പ്രതിഷ്ഠ. കണ്ണടച്ചു കൈകൂപ്പി തൊഴുത് നിൽക്കുന്ന പീലിയെ കണ്ടുകൊണ്ടാണ് തിരുമേനി വന്നത്

“എന്താ കുട്ടിയെ സുഖാണോ”??

പീലിയെ അറിയുന്ന ആ നാട്ടിലെ എല്ലാർക്കും അവളോട് വലിയ കാര്യമാണ്

“ഉവ്വ് തിരുമേനി”

പുഞ്ചിരിയോടെയാണ് മറുപടി കൊടുത്തതെങ്കിലും അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് തിരുമേനി ശ്രദ്ധിച്ചു.

“മനസ്സുരുകി പ്രാർത്ഥിച്ചോളു കുട്ടിയെ. ഭഗവാൻ,വിളിച്ചാൽ വിളിപ്പുറത്താണ്. എന്തെല്ലാം ലീലകൾ കാട്ടിയതാണ് അവിടുന്നു. കൃഷ്ണ കൃഷ്ണ ഭഗവാനെ”

ഇലച്ചീന്തിൽ നിന്നു ഒരു നുള്ള് ചന്ദനം നെറ്റിയിൽ തൊട്ടപ്പോൾ ശരീരം മുഴുവൻ ആ തണുപ്പ് പടരുന്നത് അവളറിഞ്ഞു.

തിരികെ വീട്ടിലെത്തി തന്റെ ജോലികളിൽ മുഴുകുമ്പോളാണ് ഉറക്കംഎണീറ്റ് വീണ അടുക്കളയിലേക്ക് വരുന്നത്. നോക്കി ചിരിച്ചെങ്കിലും എന്നതേം പോലെ പുച്ഛം മാത്രമായിരുന്നു കിട്ടിയത്. പതിവായത് കൊണ്ടുതന്നെ പീലിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല .

പെട്ടെന്ന് പിന്നിൽ നിന്നു പുണർന്ന കൈകൾ തന്റെ കുഞ്ഞനിയന്റെ ആണെന്ന് മനസിലാക്കാൻ പീലിക്ക് അധികസമയം വേണ്ടി വന്നില്ല. ഈ വീട്ടിൽ തന്നോട് സ്നേഹത്തോടെ പെരുമാറുന്ന ഒരേ ഒരാൾ വിസ്മയ് മാത്രമാണ്.കവിളിലൊരു കുഞ്ഞു മുത്തം നൽകി വിസ്മയ് തിരിച്ചു നടക്കുമ്പോൾ പീലിയുടെ മനസ് സന്തോഷത്തിൽ നിറഞ്ഞിരുന്നു.

കുഞ്ഞുനാൾ മുതൽക്കെ ചെറിയമ്മേടെ കുത്തുവാക്കും പഴിയും കേട്ടാണ് താൻ വളർന്നത്. ചേർത്ത് നിർത്താനോ സ്നേഹിക്കാനോ ആരുമില്ല എന്ന ഭയാനകമായ സത്യം വേദനയോടെ തിരിച്ചറിഞ്ഞ നാളുകളായിരുന്നു പിന്നീട് ഇങ്ങോട്ട്.

രാത്രിയിൽ വെറുതെ ഫോണിൽ വീഡിയോ കണ്ടിരുന്ന വീണയോട് പഠിക്കണില്ലെന്ന് ചോദിച്ചത് മാത്രേ പീലിക്ക് ഓർമ്മയുള്ളൂ

“എന്റെ മോളെ ഭരിക്കാൻ നീയാരാടീ??ഇവിടുത്തെ എച്ചിൽ തിന്നു കിടക്കുന്ന നീ എന്റെ മോളെ പഠിപ്പിക്കാൻ വന്നാലേ തള്ള ച്ചത് തുലഞ്ഞു പോയിടത്തേക്ക് നിന്നേം അയക്കും ഞാൻ കേട്ടല്ലോ”???

ചെറിയമ്മേടെ ആക്രോശം കേട്ട് നിറഞ്ഞു വന്ന കണ്ണ് ആരും കാണാതിരിക്കാൻ അവൾ അടുക്കളയിലേക്ക് ഓടി.

” എന്നെ എന്ത് വേണേലും പറഞ്ഞോട്ടെ പക്ഷെ മരിച്ചു പോയ അമ്മയെ എന്തിനാ പറയുന്നേ.എന്തിനാ അമ്മേ ന്നെ തനിച്ചാക്കി പോയെ. പീലി ഒറ്റയ്ക്കാ അമ്മേ. എന്നെകൂടി കൊണ്ട് പോകരുതോ”

ചങ്കു പൊട്ടി ആ പാവം കരയുന്നത് ആകാശത്തിലെ ആ ഒറ്റ നക്ഷത്രം മാത്രേ കണ്ടുള്ളു.

പീലിയുടെ കരഞ്ഞു വീർത്ത മുഖം കണ്ടപ്പോളെ രേഷ്മക്കും ആനന്ദിനും കാര്യം മനസിലായി. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. വാകചുവട്ടിലെ സിമന്റ്‌ ബെഞ്ചിലിരുന്ന് കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ പറയുമ്പോൾ പീലിയുടെ മിഴികൾ സജലമായി. ഒരു ആശ്വാസത്തിനെന്നോണം അവൾ രേഷ്മയുടെ തോളിൽ തല ചായ്ച്ചിരുന്നു. രേഷ്മ അവളെ പൊതിഞ്ഞു പിടിച്ച് ഒരു ഉറപ്പെന്നപോൽ

പീലിയുടെ മനസൊന്നു മാറ്റിയെടുക്കാനായി ഉച്ച കഴിഞ്ഞുള്ള രണ്ടുക്ലാസ് കട്ട്‌ ചെയ്ത് പുറത്തിറങ്ങിയതാണ് മൂന്നാളും. വരാൻ കൂട്ടക്കാതെയിരുന്ന പീലിയെ ആനന്തും രേഷ്മയും നിർബന്ധിച്ചാണ് കൂടെ കൂട്ടിയത്. ഒരു മാറ്റം അവൾക്കനിവാര്യമായിരുന്നു.

ആനന്തിന്റെ ബൈക്കിനു പുറകിൽ രേഷ്മ പറയുന്ന തമാശ കേട്ട് ചിരിക്കുമ്പോൾ ഈ നിമിഷം അവസാനിക്കാതിരുന്നെങ്കിൽ എന്ന് വ്യഥാ മോഹിച്ചു പോയി.

തിരക്കൊഴിഞ്ഞ തീരത്തു കൂടി നടക്കുമ്പോൾ പ്രക്ഷുബ്ധമായ മനസ്സിനൊരു ആയവ് വരുന്നത് പീലി അറിയുകയായിരുന്നു. കുറച്ചു നടന്നിട്ട് തിരിഞ്ഞ് നോക്കിയ പീലി കാണുന്നത് കപ്പലണ്ടിക്ക് വേണ്ടി അടി കൂടുന്ന രേഷ്മയെയും ആനന്ദിനെയുമാണ്. തലക്ക് കൈ കൊടുത്തവളവിടെയിരുന്നു.

വെള്ളത്തിൽ ഇറങ്ങാൻ ഒരുപാട് നിർബന്ധിച്ചെങ്കിലും പീലി മണലിൽ വെറുതെ വിരലോടിച്ചിരുന്നു. രേഷ്മ ആണേൽ ചാടി മറിഞ്ഞു പകുതിയിലധികവും നനഞ്ഞിരുന്നു. ആനന്ദിനെയും വെള്ളത്തിൽ മറിച്ചിട്ടു രസിച്ചു.

പീലിയുടെ നിർബന്ധം ഒന്നുകൊണ്ടു മാത്രം തീരെ താല്പര്യമില്ലാതെ വീട്ടിലേക് പോകാൻ ഇറങ്ങി രേഷ്മ. ബൈക്കിൽ പീലിയെ ബസ് സ്റ്റാൻഡിൽ ആക്കി ബസിൽ കയറ്റി വിട്ടിട്ടാണ് രണ്ട്പേരും പോയത്

വീട്ടിലേക്കുള്ള ബസിലിരിക്കുമ്പോൾ കുറച്ചു മുൻപ് വരെ താൻ എത്ര സന്തോഷവതിയായിരുന്നു എന്ത ചിന്തയിലായിരുന്നു പീലി. ചൊടിയിൽ ഒരു പുഞ്ചിരിയോടെ മുന്നിലേക്ക് നോക്കിയ പീലിയുടെ കണ്ണ് തന്റെ ബസ്സിനെ ഓവർറ്റേക്ക് ചെയ്ത് പോകുന്ന ഒരു ബൈക്കിലാണ് പതിച്ചത്

മുന്നിലിരിക്കുന്ന പയ്യനോട് ഇഴകി ചേർന്ന് പൊട്ടിച്ചിരിക്കുന്ന ആ പെൺകുട്ടി തന്റെ അനിയത്തി വീണയാണ് എന്ന സത്യം ഒരു ഞെട്ടലോടെയാണ് അവൾ തിരിച്ചറിഞ്ഞത്. ആകാരണമായ ഒരു ഭയം അവളെ കീഴ്പ്പെടുത്തി. വീട്ടിലെത്തി ഇതിനെക്കുറിച്ചു ചോദിക്കണം എന്നവളുടെ മനസ്സിൽ തീരുമാനം എടുത്തു.

പീലി വീട്ടിലെത്തി വീണ്ടും കുറെ വൈകിയാണ് വീണ വന്നത്.അവൾ വരാൻ വൈകിയ ആ നേരമത്രയും വളരെയധികം മാനസിക സംഘർഷത്തിലൂടെയാണ് പീലി കടന്നു പോയത്

വന്നപാടെ റൂമിൽ കയറി വാതിലടക്കാൻ തുനിഞ്ഞ വീണയെ തടഞ്ഞു കൊണ്ട് പീലി റൂമിനുള്ളിൽ കയറി.

“നിനക്കെന്താ ഇവിടെ കാര്യം”??

“നീ ഇന്ന് ആരുടെ കൂടെയാ ബൈക്കിൽ പോയത്”??

പ്രതീക്ഷിക്കാത്തതായതിനാൽ വീണയുടെ മുഖത്ത് ഞെട്ടൽ പ്രത്യക്ഷമായി. പീലി അത് ശ്രദ്ധിക്കേം ചെയ്തു.

“ചോദിച്ചത് നീ കേട്ടില്ലേ ആരായിരുന്നു അത്”??

കള്ളം പിടിക്കപ്പെട്ട പോലെ ഉള്ളിലെ പതർച്ച മറച്ചു വെച്ച് വീണ അവൾക്ക് നേരെ ചീറി

“ആരായാലും നിനക്കെന്താ. വേലക്കാരി ആ സ്ഥാനത്ത് നിന്നാൽ മതി. ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കണ്ട”

പറഞ്ഞത് ഉള്ളിൽ കൊണ്ടെങ്കിലും പീലി രൂക്ഷമായി വീണയെ നോക്കി. ബഹളം കേട്ട് വന്ന രുക്‌മിണി എന്താണ് എന്ന് ചോദിച്ചതും വീണ കരഞ്ഞു നിലവിളിച്ചു രുക്‌മിണിയുടെ നെഞ്ചത്ത് വീണു

“ഇന്ന് എക്സ്ട്രാ ക്ലാസ്സ്‌ കഴിഞ്ഞ് ലേറ്റ് ആയപ്പോ എന്റെ കൂടെ പഠിക്കുന്ന മിഥുൻ എന്നെ ബൈക്കിൽ കൊണ്ടാക്കി. അതിവൾ കണ്ടിട്ട് ചോദിക്കുവാ ഞാൻ ആരെയൊക്കെയോ കൂടെ കറങ്ങാൻ പോയെന്നു”.

ആർത്തലച്ചു കരയുന്ന മകളെ ചേർത്ത് പിടിച്ച് രൗദ്രഭാവത്തിൽ പീലിയെ നോക്കിയ രുക്‌മിണി പീലിക്ക് നേരെ ഞൊടിയിടയിൽ പാഞ്ഞടുത്തു. മുഖമടച്ചു ഒറ്റയടിയായിരുന്നു പീലിക്കുള്ള മറുപടി.

“നിന്നേം ചത്തു പോയ നിന്റെ തള്ളേം പോലെ അഴിഞ്ഞാടി നടക്കുവല്ല എന്റെ മോൾ. അവളെ ഞാനാ വളർത്തിയത്. മേലാൽ എന്റെ മക്കളെ കാര്യത്തിൽ നീ ഇടപെട്ടെന്ന് ഞാനറിഞ്ഞാൽ അതോടെ അവസാനിക്കും നിന്റെ ഇവിടുത്തെ പൊറുതി”.

കാറ്റുപോലെ രുക്‌മിണി പുറത്തേക്ക് പാഞ്ഞു പോയി. രുക്‌മിണിയുടെ പ്രവർത്തിയിലും വായിൽ നിന്നു തുപ്പിയ വാക്കുകളിലും തരിച്ചു നിന്നു പോയി പീലി. നിറഞ്ഞ കണ്ണുയർത്തി നോക്കിയതും അത്യധികം പുച്ഛത്തിൽ വിജയചിരിയോടെ നിൽക്കുന്ന വീണയെയാണ് കണ്ടത്.

തിരികെ റൂമിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് ബലം പോരെന്നു തോന്നി പീലിക്ക്. ഇടറുന്ന കാലടികളോടെ റൂമിൽ കയറി തലയിണയിൽ മുഖം അമർത്തി കരഞ്ഞു.

” എന്റെ സ്വന്തം ചോരയല്ലേ അവൾ അതല്ലേ ഞാൻ ചോദിച്ചത്. എന്നെ എന്ത് വെറുത്താലും എനിക്കവൾ അനിയത്തി തന്നെയാണ്. കണ്ണിൽ കണ്ട തെറ്റ് പറഞ്ഞതാണോ ഈശ്വരാ ഞാൻ ചെയ്ത തെറ്റ്”??

എന്തൊക്കെയോ പുലമ്പി കൊണ്ട് എപ്പോളോ ഉറക്കിലേക്ക് വഴുതി വീണു. അപ്പോഴും അമ്പലനടയിലെ ഭഗവാന്റെ ചൊടികളിൽ ആരെയും മയക്കുന്ന മനോഹരമായ പുഞ്ചിരിയുണ്ടായിരുന്നു.

തുടരും