18/04/2026

സ്നേഹമയി : ഭാഗം 23

രചന – ആരുണി കൃഷ്ണ

പെട്ടന്ന് മിഥുവിന്റെ ഫോൺ റിങ് ചെയ്തു…

“ലക്ഷ്മി കാളിങ്…!!”

********* ******** ******** ******** ********

“മിഥു കാൾ അറ്റൻഡ് ചെയ്തു സ്പീക്കറിൽ ഇടണം … ഓർമയുണ്ടല്ലോ…. ഞാൻ പറഞ്ഞത് ”

അഭി മിഥുവിന് നിർദേശം നൽകി…

“ഹലോ… ”

“ഹലോ മിഥു, എന്തായി, എന്തെങ്കിലും തെളിവുകൾ.. ”

“ലക്ഷ്മി, ദേവരാജനെ പോലീസ് അറസ്റ്റ് ചെയ്തു.. ‘

“വാട്ട്‌… എന്തിന്? ”

“അതെ…. എന്റെ അച്ഛന്റെ മരണത്തിൽ സംശയമുള്ളത് കൊണ്ട്… ”

“അപ്പോൾ പോലീസ്കാർക്ക് തെളിവുകൾ കിട്ടിയോ…”

“ഇല്ല… അത് എവിടെ ഉണ്ടെന്ന് അമ്മയിൽ നിന്ന് ഞാൻ അറിഞ്ഞു? ”

“എവിടെ മിഥു … പറ… പറ മിഥു ”

“ഞങ്ങളുടെ പഴയ നന്ദനം വീട്ടിൽ ഉണ്ട്… ഞാൻ അത് എടുക്കാൻ പോകുവാണ്… ”

“ശരി മിഥു, ഞാൻ വിളിക്കാം… ”

ലക്ഷ്മി പെട്ടന്ന് ഫോൺ കട്ട്‌ ചെയ്തു… ഡിഎം എന്ന നമ്പറിൽ ഡയൽ ചെയ്തു…

“അദ്ദേഹം ഇപ്പൊ എന്റെ കൂടെ ഇല്ല… നേരിട്ട് വിളിക്കരുത് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്…. ” മറുതലക്കൽ നിന്നുമുള്ള മറുപടി ലക്ഷ്മിയെ നിരാശപ്പെടുത്തി..

“അത്യാവശ്യം ആണ് ഒരു കാര്യം ചെയ്യു……”

ലക്ഷ്മി കാര്യങ്ങൾ വ്യക്തമാക്കി… അവർ പദ്ധതികൾ ആസൂത്രണം ചെയ്തു…

📌📌📌📌📌📌📌📌📌📌📌📌📌📌📌📌

അഭിയും ശ്രീയും എന്തൊക്കെയോ സംസാരിക്കുകയായിരുന്നു…

“മിഥു, താൻ സ്കൂട്ടി എടുത്തോ… മുന്നിൽ ഏത് നിമിഷവും ഒരു ആക്രമണം പ്രതീക്ഷിച്ചു തന്നെ പോയാൽ മതി… ”

“അഭി, ഇങ്ങനെ അപകടത്തിലേക്ക് എന്റെ കുഞ്ഞിനെ പറഞ്ഞു വിടണോ…? ” ലതയുടെ ആശങ്കയോടെ ഉള്ള ചോദ്യത്തെ ശ്രീക്കുട്ടിയും പിൻതാങ്ങി..

“ആന്റി ഒരു വിധത്തിലും പേടിക്കണ്ട… ഞാനും ശ്രീയും ഒരകലത്തിൽ മിഥുവിന് പിന്നിൽ ഉണ്ടാകും… എന്റെ ഊഹം ശരിയാണെങ്കിൽ മിഥു നന്ദനത്തിൽ എത്താൻ അവർ അനുവദിക്കില്ല… മിഥു ഈ ഫോൺ കയ്യിൽ വെച്ചോളൂ… ജി പി എസ് ട്രാക്കർ സെറ്റ് ചെയ്തിട്ടുണ്ട്…”

മിഥു പോകാൻ ഒരുങ്ങും മുൻപ് ശ്രീയെ ഒന്ന് നോക്കി… പക്ഷെ ആ കണ്ണുകൾ തന്നെ ഒന്ന് നോക്കുന്നത് പോലുമില്ല എന്ന വേദനയോടെ മുന്നിലെ അപകടം പ്രതീക്ഷിച്ചുകൊണ്ട് അവൾ പോയി… അവൾ പോയതും, ശ്രീയിൽ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു… അത് പിന്നെ പരിഭ്രാന്തി ആയി മാറി… അവൻ വേഗം തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് ശ്രീക്ക് പിന്നാലെ പോയി…

അഭി, ഫോണിൽ പോലീസ്കാർക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു… നന്ദനം വീടും പരിസരവും പോലീസ് നിരീക്ഷണത്തിൽ ആയി.…

മിഥു കുറച്ചു ദൂരം പോയതും,ഒരു കൊടും വളവിൽ എത്തി… അവൾ സ്പീഡ് കുറച്ചു…. ഇരുവശവും കാടാണ്…. അവൾക്ക് മുന്നിൽ ഒരു ഒമിനി വന്നു നിന്നു….

©ആരുണി കൃഷ്ണ ❤️

ശ്രീ എത്തുമ്പോൾ കണ്ടത് ചരിഞ്ഞു കിടക്കുന്ന അവളുടെ സ്കൂട്ടി ആയിരുന്നു…. അവന്റെ ഉള്ളൊന്ന് പിടിച്ചു…

“ശ്രീകുട്ടാ, നമ്മൾ കരുതിയത്പോലെ തന്നെ സംഭവിച്ചു…. ” അഭി അവന്റെ തോളിൽ കൈവെച്ചുകൊണ്ട് പറഞ്ഞു..

“എടാ, മിഥു… അവൾക്ക്… ”
ശ്രീയുടെ പരിഭ്രമം മനസ്സിലാക്കി അഭി മിഥുവിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്തു…

“ഡാ, അവളെയും കൊണ്ട് അവർ ഏതോ ബൈറൂട്ട് വഴിയാണ് പോകുന്നത്… ”

“അഭി, വാ സമയം കളയാൻ ഇല്ല… മിഥുവിന് എന്തെങ്കിലും സംഭവിക്കും മുൻപ് നമുക്ക് അവളെ രക്ഷിക്കണം… ”

“ആ തെളിവ് അവരുടെ കയ്യിൽ കിട്ടും വരെ അവൾ സേഫ് ആയിരിക്കും… നീ പേടിക്കേണ്ട… ” അഭി പറഞ്ഞു…

ശ്രീ തന്റെ ബുള്ളെട്ടിലും, അഭി തന്റെ ബൈക്കിലും ആയി അവളുടെ ലൊക്കേഷൻ അനുസരിച്ചു മുന്നോട്ട് പോയി… പക്ഷെ പെട്ടന്ന് ആ ബന്ധം വിച്ഛേദിക്കപ്പെട്ടു… അഭി കിണഞ്ഞു ശ്രമിച്ചിട്ടും അത് പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല…

“ഡാ, ലൊക്കേഷൻ ട്രേസ് ചെയ്യാൻ കഴിയുന്നില്ല… ഫോൺ സ്വിച്ചഡ് ഓഫ്‌ ആണിപ്പോ… ലാസ്റ്റ് ലൊക്കേഷൻ ഡൗൺ സ്റ്റേഡിയത്തിന് അടുത്ത് ആയിട്ടാണ് കാണിക്കുന്നത്… ”

📌📌📌📌📌📌📌📌📌📌📌📌📌📌📌

“നിങ്ങളൊക്കെ ആരാ, എന്താ വേണ്ടത്…? ”
മിഥു ഉറക്കെ കരയാൻ തുടങ്ങിയതും കൂട്ടത്തിൽ ഒരാൾ അവളുടെ കവിളിൽ ശക്തമായി അടിച്ചു… ആ പ്രഹരത്തിൽ അവളുടെ ബോധം മറഞ്ഞു…

“ഡാ, ഡിഎം വിളിച്ചു…… പ്ലാനിൽ മാറ്റമുണ്ടെന്ന് … ” അവൻ പറഞ്ഞു തീരും മുന്നേ ഒരു ടവേര അവർക്ക് മുന്നിൽ വന്നു നിന്നു….

ബുള്ളറ്റ് സൈമൺ… !!

“ഡിഎം പറയാതെ, ഓരോന്ന് ഒപ്പിച്ചോളും… അവൾ എവിടെ… ” സൈമൺ ദേഷ്യത്തോടെ ചോദിച്ചതും അവന്മാർ വാനിലേക്ക് വിരൽ ചൂണ്ടി…

അവൻ ചുറ്റുപാടും നോക്കി… അവർ അവളെ വാനിൽ നിന്നും സൈമൺന്റെ വണ്ടിയിലേക്ക് മാറ്റി… അപ്പോഴും മിഥു കയ്യിൽ മുറുക്കി പിടിച്ചിരുന്ന ഫോൺ സൈമൺ ദൂരേക്ക് വലിച്ചെറിഞ്ഞു…

മിഥു കണ്ണ് തുറക്കുമ്പോൾ മുന്നിൽ മങ്ങിയ വെളിച്ചം മാത്രം… ഒരു ഇരുനില കെട്ടിടം… ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച ആ പഴയ കെട്ടിടത്തിൽ അങ്ങിങ്ങായി ചിതറികിടക്കുന്ന കുറേ ചാക്കുകെട്ടുകൾ… മുന്നിൽ കണ്ട ഒരേ ഒരു വാതിൽ കുറ്റി ഇട്ടിരുന്നു…. മനസ്സിൽ തോന്നിയ ഭയത്താൽ അവൾ ഓടാൻ തുനിഞ്ഞതും, ആ വാതിൽ തുറന്ന് ഒരാൾ മുന്നിലേക്ക് വന്നു… പെട്ടന്ന് മുഖത്തേക്ക് തട്ടിയ വെളിച്ചത്തിൽ അവളുടെ കാഴ്ച്ചമങ്ങി.. കണ്ണുകൾ വലിച്ചു തുറന്ന് കൊണ്ട് അവൾ നോക്കി…

“അർജുൻ… നീ….!!! ”
മിഥു മനസ്സിൽ നുരഞ്ഞു പൊന്തിയ ഭയത്തോടെ അവനെ നോക്കി ചോദിച്ചു..

“എന്നെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലെ…? ”

“എനിക്ക് പോണം…” അവൾ ധൈര്യം സംഭരിച്ചു മുന്നോട്ട് കുതിച്ചതും അവന്റെ കൈകൾ അവളെ തടഞ്ഞു…

“ഒരു വിളി, ആ വിളിക്ക് വേണ്ടിയാണ് ഈ കാത്തിരിപ്പ്.. ആ തെളിവുകൾ കിട്ടി കഴിഞ്ഞാൽ നിന്നെ പിന്നെ ഈ ഭൂമിയിൽ ബാക്കി വെച്ചേക്കില്ല… പക്ഷെ അതിന് മുന്നേ നിന്നെ, ഒരുവട്ടം, ഒരേഒരു വട്ടം എനിക്ക് നന്നായി ഒന്ന് കാണണം… ഒത്തിരി മോഹിപ്പിച്ചതാ നീ എന്നെ… ”

“ഇല്ല, ഞാൻ മരിച്ചാലും നിന്റെ ഒരു മോഹവും നടക്കില്ല…. നിനക്ക് ജീവനില്ലാത്ത മൈഥിലിയെ കിട്ടുമായിരിക്കും, പക്ഷെ ജീവൻ ഉള്ളിടത്തോളം നീ എന്നെ തൊടില്ല… ”

“പ്ഫാ നിർത്തടി… നിന്റെ മറ്റവൻ വന്നു രക്ഷിക്കും എന്നാണോ നീ കരുതിയത്… ഒരു കുഞ്ഞ് പോലും വരില്ല ഇവിടെ… ”

“ഈ ഒരു ദിവസത്തിന് വേണ്ടി കാത്തിരുന്നതാ ഞാൻ, എന്റെ റാമിനെ സ്വന്തം ആകാൻ ഞാൻ അനുവദിക്കില്ല, ആരെയും… അവൻ ഇവിടെ വരില്ല… വന്നാലും അപ്പോഴേക്കും നിനക്ക് എല്ലാം നഷ്ടപ്പെട്ടിട്ട് ഉണ്ടാകും…” ലക്ഷ്മി ദേഷ്യം കലർന്ന പ്രതികാരത്തോടെ മിഥുവിന്റെ മുടിയിൽ കുത്തിപിടിച്ചു… മിഥു അവളെ തള്ളി മാറ്റാൻ ശ്രമിച്ചു …

പെട്ടന്ന് അർജുന് കാൾ വന്നു… നന്ദനത്തിൽ നിന്ന് അവന്റെ ആളുകളെ പോലീസ് പിടികൂടി എന്ന വാർത്ത അവന്റെ ദേഷ്യത്തെ ആളി കത്തിച്ചു …

“ഡാം ഇറ്റ്…”
അർജുൻ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ശക്തമായി ഇടിച്ചു… അവൻ ദേഷ്യത്തിൽ അവളുടെ കഴുത്തിൽ കൈകൾ മുറുക്കിയതും…

“അർജുൻ….. ”

“അച്ഛൻ….. ” അർജുൻ പതിയെ പറഞ്ഞു..

“നിന്റെ എല്ലാ തോന്ന്യവാസങ്ങളും ക്ഷമിച്ചവനാണ് ഞാൻ, ഇത്… ഇതിന് നിനക്ക് മാപ്പില്ല… ”

ദത്തൻ അർജുനിൽ നിന്ന് മിഥുവിനെ മോചിപ്പിച്ചു…
മിഥുവിൽ നേരിയൊരു ആശ്വാസം നിറഞ്ഞു…

“മോള് പേടിക്കണ്ട, ഇവൻ ഇത്രയും ഒക്കെ ചെയ്തു കൂട്ടി എന്ന് ഞാൻ അറിഞ്ഞില്ല കുട്ടി…. പേടിച്ചു അല്ലെ സാരമില്ല… വാ പോകാം… ”

“അച്ഛാ… ”

“മിണ്ടരുത് നീ… ” മിഥുവിന് പോകാൻ അയാൾ അനുവാദം നൽകി… അവൾ 2 അടി വെച്ചതും… പിന്നിൽ നിന്ന് വിളി വന്നു…

“മോള് ഒന്ന് നിന്നേ, ആ രേഖകൾ ആയിരിക്കും അല്ലെ ഇവൻ ചോദിക്കുന്നത്… എന്തിനാ മോളെ പിടിവാശി, അത് എവിടെ എന്ന് പറയരുതോ…? ”

ദത്തന്റെ സ്വരത്തിലെ വ്യത്യാസം അവളിലെ ആശ്വാസത്തെ ഊതികെടുത്തി….

സർ…. ”

“നോ, ഡിഎം…. ദത്തൻ മേനോൻ… “അയാൾ നിഗൂഢമായൊരു ചിരിയോടെ പറഞ്ഞു… അർജുനും ലക്ഷ്മിയും അയാൾക്ക് ഒപ്പം ചിരിച്ചു…

മിഥു ഞെട്ടിത്തരിച്ചു പിന്നിലേക്ക് വേച്ചു വീഴാൻ പോയി… പക്ഷെ അവളിൽ തന്റെ അച്ഛനെ കൊന്നവനോടുള്ള പകയുടെ കനൽ എരിഞ്ഞു…

“നിങ്ങൾ, നിങ്ങൾ എന്റെ അച്ഛനെ…”
മിഥു അയാൾക്ക് അരികിലേക്ക് പാഞ്ഞു അടുത്തതും ദത്തൻ കൈകളാൽ തടഞ്ഞു

“അതെ, നിന്റെ അച്ഛനെ ഞാനാണ് തീർത്തത്… ഞാൻ കെട്ടിപ്പൊക്കിയതൊക്കെ ഒരു ദിവസം കൊണ്ട് അയാൾ തകർത്തു… ഒരുപാട് തവണ വാണിംഗ് നൽകി… അന്വേഷണം വഴിതിരിക്കാൻ ദേവരാജനെ ഇരയാക്കി മുന്നിൽ കൊടുത്തു… പക്ഷെ നിന്റെ അച്ഛൻ, ബുദ്ധിമാൻ ആണയാൾ… ഒടുവിൽ എല്ലാം തകർത്തു അവൻ വിജയിച്ചപ്പോഴും, ഞാൻ അടങ്ങി ഇരുന്നു… മനസ്സിൽ ഒന്നും അവസാനിപ്പിക്കാതെ കാത്തിരുന്നു… പക്ഷെ എന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് അയാൾ എത്തി…ഡിഎം ആരെന്ന സത്യം അറിഞ്ഞുകൊണ്ട്… തീർത്തു… ദേവരാജന്റെ കമ്പനിയിലെ എന്റെ വാടക ഗുണ്ടയുടെ സഹായത്തോടെ… പിന്നെ ആ ഡ്രൈവർക്ക് ഒരു മാനസാന്തരം, അവനെയും തീർത്തു…. ഈ കൈകൾ കൊണ്ട് തന്നെ……ഹഹ ”

മിഥുവിൽ ഒരു തേങ്ങൽ ഉയർന്നു…

“അന്ന് തീർന്നു എന്ന് കരുതിയതാ, പക്ഷെ അയാൾ എനിക്കെതിരെ ഉണ്ടാക്കിയ രേഖകൾ എന്റെ ഉറക്കം കെടുത്തി… ഇവൻ, എന്റെ മകൻ നിനക്ക് വേണ്ടി ഒരുക്കിയ കെണിയിൽ നിന്ന് രക്ഷപെട്ടു… പക്ഷെ എല്ലാ പ്രതീക്ഷകളും തെറ്റിച്ചത് അവനാണ്, ദേവരാജന്റെ മകൻ… നിന്റെ ഭർത്താവ്… !!!
എല്ലായിടത്തു നിന്നും നിന്നെ രക്ഷിച്ചു… പക്ഷെ ദാ ഇവളെ ഇറക്കി ഞാൻ കളിച്ച കളിയിൽ നിനക്ക് അടിതെറ്റി… ”

“തന്റെ യഥാർത്ഥ മുഖം ഈ സമൂഹം അറിയും… ഇത് നിനക്കുള്ള കെണിയാണ്… ” മിഥു പുച്ഛം നിറഞ്ഞ ചിരിയോടെ പറഞ്ഞു…

“ഇപ്പോഴും നിന്നെ രക്ഷിക്കാൻ അവൻ വരും എന്ന വിശ്വാസം ആണോടി…? “അർജുൻ അവൾക്ക് നേരെ കയ്യോങ്ങാൻ ഒരുങ്ങിയതും, പിന്നിൽ നിന്നുള്ള പ്രഹരത്താൽ അവൻ താഴെ വീണു…

“ശ്രീയേട്ടൻ.. ” മിഥു അവന് അരികിലേക്ക് ഓടി അടുത്തു… ശ്രീ അവളെ പിന്നിലേക്ക് മാറ്റി, ദത്തന് അടുത്തേക്ക് നടന്നു…

“എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചില്ല അല്ലെ…? ”

“ഹഹ, നീ എന്താ കരുതിയത്… നിങ്ങൾ വെച്ച കെണിയിൽ ഞാൻ വീണെന്നോ, ഞാൻ ഒരുക്കിയതാ… നന്ദനത്തിൽ ആ രേഖകൾ ഉണ്ടെന്ന് ഇവൾ ലക്ഷ്മിയോട് പറഞ്ഞപ്പോഴേ ഞാൻ മനസ്സിലാക്കി, ഇവൾ സത്യങ്ങൾ അറിഞ്ഞെന്നു… എന്നെ തേടി നിങ്ങൾ വരുമെന്ന്…. നിന്റെ പോലീസ് കൂട്ടുകാരന്റെ ബുദ്ധി ആകും അല്ലെ… അതിൽ എന്റെ മകനും ലക്ഷ്മിയും വീഴും… പിള്ളേർ അല്ലെ… പക്ഷെ എന്നെ കൂട്ടണ്ട, കുറെ കളി ഞാൻ കണ്ടതാ…”

“കം ഓൺ മിസ്റ്റർ അഭിരാം വാസുദേവ്…. നീ ഇവിടെ ഉണ്ടെന്ന് എനിക്ക് അറിയാം ”
അത് പറഞ്ഞു കൊണ്ട് ദത്തൻ മിഥുവിന് നേരെ തോക്ക് ചൂണ്ടി… ശ്രീ ദേഷ്യം കൊണ്ട് മുന്നോട്ട് കുതിച്ചതും….

“അനങ്ങരുത്… സാഹസം കാണിച്ചാൽ… നിനക്ക് മുന്നേ ഇവളെ ഞാൻ പറഞ്ഞു അയക്കും…. ”

ശ്രീയുടെ ചുറ്റും ഗുണ്ടകൾ വളഞ്ഞു…

അഭിരാം മുന്നിലേക്ക് വന്നു…

“ആ നിന്നെയാണ്, ഞാൻ ഏറ്റവും പ്രതീക്ഷിച്ചത്… നിനക്ക് ഞാൻ ഒരു ഓഫർ തരാം കോടികളുടെ ഓഫർ… ആ രേഖകൾ എനിക്ക് വേണം… അത് തന്നാൽ ജീവനും, കണക്കില്ലാത്ത പണവും ആയി നിനക്ക് ഇവിടുന്ന് പോകാം….”

അഭി ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം അയാൾക്ക് അടുത്തേക്ക് ചെന്നു…

“എത്ര തരും….? ”

“നീ ചോദിക്കുന്നത്…. !!”

” 2 കോടി… ”

“അഭി!! ”
ശ്രീ ദേഷ്യത്തിൽ അലറി… അർജുനും സംഘവും ശ്രീയെ പിടിച്ചുകെട്ടി… ദത്തൻ മിഥുവിനെ പിന്നിലേക്ക് തള്ളിമാറ്റി… ലക്ഷ്മി അവളെ ബലമായി പിടിച്ചു…

“ശരി, സമ്മതം… പക്ഷെ ആ രേഖകൾ ഇവിടെ വെച്ച് നശിപ്പിച്ചു കളയണം… ”

“ഓക്കേ ഡീൽ… ”

ദത്തൻ ഒരു ചെക്ക് ഒപ്പിട്ട് അഭിക്ക് നീട്ടി അവൻ ഒരു ഫയൽ അയാൾക്ക് നേരെയും…..പക്ഷെ ദത്തൻ ദേഷ്യത്തോടെ ആ പേപ്പർ കീറി എറിഞ്ഞു…

ശ്രീയും അഭിയും ഉറക്കെ ചിരിച്ചു….

“ദത്തൻ സർ എന്താ കരുതിയെ, തന്റെ കോടികൾ കണ്ടാൽ ഇവൻ അങ്ങ് വീഴുമെന്നോ….? ”

“തന്റെ അറസ്റ്റ് വാറന്റ്ന്റെ കോപ്പി ആണത്… ദത്താ, താൻ കുടുങ്ങി കഴിഞ്ഞു… ”

ദത്തൻ തന്റെ തോക്ക് എടുത്തതും, അഭി അയാളെ ആക്രമിച്ചു… പിന്നെ അവിടെ അവിടം ഒരു യുദ്ധകളം പോലെ ആയി… ശ്രീയും അഭിയും, കുറച്ചു പോലീസുകാരും തമ്മിൽ സംഘട്ടനം മുറുകി… അർജുനും ലക്ഷ്മിയും ചേർന്ന് മിഥുവിനെ അവിടെ നിന്ന് മാറ്റാൻ നോക്കി, പക്ഷെ ശ്രീയുടെ ഒറ്റ ചവിട്ടിൽ അവൻ നിലത്ത് വീണു… ശ്രീ തന്റെ അരിശം തീരും വരെ അർജുനെ തല്ലി…

“ശ്രീകുട്ടാ , മതി… “ഒടുവിൽ രംഗം ശാന്തം ആയപ്പോൾ അഭി ശ്രീയെ പിന്തിരിപ്പിക്കാൻ നന്നേ പാട് പെട്ടു…

ദത്തന്റെ കൈകളിൽ വിലങ്ങു വെച്ചതും അയാൾ അലറി…

“ഞാൻ പുറത്ത് വരും, നിനക്കൊന്നും എന്റെ ഒരു രോമത്തിൽ പോലും തൊടാൻ കഴിയില്ല… ”

“എന്റെ ദത്തൻ സാറെ, ഇതുവരെ ഇവിടെ നടന്നത് ഇപ്പൊ ലൈവ് ആയി കാണേണ്ടവർ കാണുന്നുണ്ട്…അത് മാത്രം മതി തന്നെ പൂട്ടാൻ.. അർജുനും സൈമണും തമ്മിലുള്ള ബന്ധം അറിഞ്ഞത് മുതൽ ഞാൻ അവർക്ക് പിന്നാലെ ഉണ്ടായിരുന്നു…. ലക്ഷ്മിയുടെ കാൾ ലിസ്റ്റിൽ അർജുന്റെ നമ്പർ കൂടി കണ്ടപ്പോൾ കാര്യങ്ങൾക്ക് ഏറെക്കുറെ വ്യക്തത വന്നിരുന്നു…. അർജുനെയും ലക്ഷ്മിയെയും ബന്ധിപ്പിക്കുന്ന ആ ഫാക്ടർ..ദത്തൻ മേനോൻ…. കാരണം ലക്ഷ്മി, എം ൽ എ ദത്തന്റെ പി എ യുടെ മകൾ… ഇവൾക്ക് ശ്രീയോടുള്ള പ്രേമം മുതലെടുത്ത് നീ ഇവളെ കളത്തിൽ ഇറക്കി… എന്റെ സംശയം ശരിവെച്ച് കൊണ്ട്, ദത്താ…. നീ ആണ് യഥാർത്ഥ ഡി എം എന്ന് അറിഞ്ഞ നിമിഷം മുതൽ നിനക്ക് പിന്നാലെയും ഉണ്ടായിരുന്നു ഞാൻ… ”

അർജുനും സൈമണും ഉൾപ്പെടെ എല്ലാവരെയും പോലീസ് പിടികൂടി…

“അപ്പൊ, പോവല്ലേ ലക്ഷ്മി… അയ്യോ നിനക്ക് എന്തോ കിട്ടാൻ ഉണ്ടല്ലോ… ”
അഭി ശ്രീയെ നോക്കിയതും, അവൻ മുന്നോട്ട് വന്നു അവളുടെ കരണകുറ്റി നോക്കി ഒന്നങ്ങു പൊട്ടിച്ചു..
അവന്റെ കണ്ണുകളിലെ പക അപ്പോഴും എരിഞ്ഞടങ്ങിയില്ല… അവൾ കവിൾ പൊത്തി കരഞ്ഞുകൊണ്ട് അവനെ നോക്കി…

“അപ്പൊ ഇനി പോകാം…” അഭി അവളെ വിലങ്ങു വെച്ച് മുന്നോട്ട് നീങ്ങിയതും….

“നിൽക്ക് … “മിഥു മുന്നോട്ട് വന്നു…..ലക്ഷ്മിയുടെ മറുകരണം നോക്കി മിഥുവും ആഞ്ഞടിച്ചു…

“ഇത്രയും എങ്കിലും നിനക്ക് തന്നില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല… ”
അത് പറഞ്ഞുകൊണ്ടവൾ മുഖം തിരിച്ചു…

കൂട്ടത്തിൽ ഒരു പോലീസ്കാരനോട് തന്റെ ബൈക്ക് എടുക്കാൻ പറഞ്ഞിട്ട് അഭി പ്രതികളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി…

“ശ്രീയേട്ടാ… “മിഥു ആർദ്രമായി വിളിച്ചതും അവൻ ഒരു വാക്ക് പോലും മിണ്ടാതെ പുറത്തേക്ക് പോയി…

അവൻ തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തപ്പോഴേക്കും മിഥു അവനരികിൽ ഓടി എത്തി… അവന്റെ മുഖത്തെ ദേഷ്യത്തിന് യാതൊരു കുറവും ഉണ്ടയില്ല…അവൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു എന്ന് മനസ്സിലാക്കി അവൾ പെട്ടന്ന് അവന് പിന്നിൽ കയറി…. തോളിൽ കൈ വെച്ചതും ഒരു നോട്ടം… അവൾ മെല്ലെ കൈ മാറ്റി….

ആ യാത്രയിൽ ഉടനീളം അവർ ഇരുവരും ഒന്നും മിണ്ടിയില്ല… അവളുടെ മിഴികൾ പെയ്തുകൊണ്ടേ ഇരുന്നു… വീട് എത്തിയതും അവൻ മുറിയിലേക്ക് പോയി വാതിൽ അടച്ചു… മിഥുവും ശ്രീയും കുഴപ്പങ്ങൾ ഒന്നുമില്ലാതെ തിരികെ എത്തിയതിൽ എല്ലാവർക്കും ആശ്വാസം തോന്നി…

“ഏട്ടത്തി, അഭിയേട്ടനോ….? “ശ്രീക്കുട്ടി ആശങ്കയോടെ തിരക്കി…

“അഭിയേട്ടൻ പ്രതികളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി… ഇന്ന് തന്നെ കോടതിയിൽ ഹാജർ ആക്കുമെന്ന് പറഞ്ഞു… ” ആ വാർത്ത ശ്രീകുട്ടിക്കും ആശ്വാസം ആയി

മിഥു ഒന്ന് ഫ്രഷ് ആവാൻ വേണ്ടി മാത്രമാണ് റൂമിൽ കയറിയത്.. അപ്പോൾ ശ്രീ തലയിൽ കൈകൾ ചേർത്ത് കണ്ണടച്ച് കിടക്കുക ആയിരുന്നു… അവൾക്ക് വിളിക്കാൻ തോന്നിയില്ല… കുളി കഴിഞ്ഞു തിരികെ ഇറങ്ങുമ്പോൾ ശ്രീയെ അവിടെങ്ങും കണ്ടില്ല..

“അമ്മേ, ശ്രീയേട്ടൻ എവിടെ…? ”

“പുറത്തേക്ക് പോകുന്നത് കണ്ടു മോളെ, ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല.. ”

“മ്മ്.. ”

“വിഷമിക്കണ്ട, അവൻ വരും… അങ്ങനെ മാറി നിൽക്കുന്ന സ്വഭാവം ഇല്ല… ”

“അച്ഛൻ വന്നില്ലേ അമ്മേ…? ”

“വന്നു.. കിടക്കുന്നു.. ഞാൻ വിളിക്കാം.. ”

“വേണ്ടമ്മേ, കിടന്നോട്ടെ… അമ്മേ എന്നോട് പൊറുക്കണം… ദേഷ്യം ഒന്നും തോന്നല്ലേ… ”
പറഞ്ഞു തീരും മുന്നേ അവൾ വിതുമ്പി..

“തോന്നും… ”

മിഥു അമ്പരപ്പോടെ നോക്കി…

“ആ ഇനി നീ കരഞ്ഞാൽ ദേഷ്യം തോന്നും.. മോളെ നിന്നേ കുറ്റപ്പെടുത്താൻ പറ്റില്ല… സ്വന്തം അച്ഛനെ അത്രയും സ്നേഹിക്കുന്ന ഒരു മകൾ ചെയ്യുന്നതേ നീ ചെയ്തുള്ളു…പിന്നെ മോളെ തെറ്റിദ്ധരിപ്പിച്ചതല്ലേ… ഒത്തിരി അനുഭവിച്ചില്ലേ… ഇനി മതി സന്തോഷമായി ഇരിക്കൂ.. ”

കുറച്ചു കഴിഞ്ഞപ്പോൾ അഭി വന്നു…

“ഹോ, എവിടെ ആയിരുന്നു ഐ പി എസെ… പ്രതികളെ ഒക്കെ സാഹസികമായി പൂട്ടി എന്ന് കേട്ടല്ലോ… ഹീറോ ആയോ? ”

“ഇന്ന് ഹീറോ നിന്റെ ഏട്ടനാണ്…. നായികയെ വില്ലൻമാരോട് ഫൈറ്റ് ചെയ്ത് രക്ഷിച്ച ഹീറോ…. ”

“അതിനെന്താ, അഭിയേട്ടന്റെ നായികയെ കൊണ്ട്വന്നു നമുക്ക് പുള്ളിയെയും ഹീറോ ആകാം… ” മിഥു ചിരിച്ചുകൊണ്ട് അവർക്കിടയിലേക്ക് വന്നു… ശ്രീക്കുട്ടി അത് കേട്ട് മറ്റേതോ ലോകത്തേക്ക് പോയി…മിഥുവിന്റെ ആ പറച്ചിൽ കേട്ട്, അഭി ശ്രീപ്പിയോട് ചേർന്ന് നില്കാൻ മനസ്സ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചു…

“അഭിയേട്ടാ ഒരുപാട് നന്ദിയുണ്ട്… എങ്ങനെ പറഞ്ഞു തീർക്കണം എന്ന് എനിക്ക് അറിയില്ല… ”

“ഞാൻ എന്റെ ഡ്യൂട്ടി ചെയ്തു… സോ, എനിക്ക് അല്ല നന്ദി പറയേണ്ടത്, ദേവൻ അങ്കിളിനോടാണ്… പിന്നെ ഈ കുടുംബത്തോടും… പിന്നെ നീ മനസ്സിലാക്കാതെ പോയ നിന്റെ ശ്രീകുട്ടനോടും…ജി പി എസ് ട്രാക്കർ ഉള്ള ഫോൺ കയ്യിൽ തരുമ്പോഴും, അവന് നിന്റെ സുരക്ഷയിൽ തൃപ്തി വന്നില്ല… ശ്രീപ്പി ഒരു വാച്ച് കൊണ്ട് വന്നു തന്നത് ഓർമയില്ലേ… അത് അവൻ തന്നതാ, ജി പി എസ് ട്രാക്കർ ഉണ്ട് അതിലും… അങ്ങനെ ആണ് നിന്റെ ഫോൺ നഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് അവിടെ എത്താൻ കഴിഞ്ഞത്… അവന് നിന്നോടുള്ള സ്നേഹത്തിന്റെ ആഴം അറിയാൻ അധികം ദൂരെ ഒന്നും പോകേണ്ട മിഥു… അവനെ മനസ്സിലാക്കിയാൽ മതി… ”

അഭിയുടെ വാക്കുകൾ മിഥുവിൽ ഒരു നോവുണർത്തി…

“ശ്രീപ്പി, ശ്രീക്കുട്ടൻ എവിടെ…? ”

“ഏട്ടൻ പുറത്തേക്ക് പോയി, എവിടെക്കാണെന്ന് പറഞ്ഞില്ല… ”

മിഥു യാന്ത്രികമായി മുറിയിലേക്ക് നടന്നു മനസ്സിൽ എന്തൊക്കെയോ ചിന്തകൾ അവളെ അലട്ടി…
അവൾ അവന്റെ ഷെൽഫിൽ നിന്നും ശ്രീയുടെ ഓരോ ബുക്കുകൾ പരിശോധിക്കാൻ തുടങ്ങി.….

യുഗ’15 എന്ന കോളേജ് മാഗസിൻ കയ്യിൽ എടുത്തതും… ആ ഫോട്ടോകൾ ചിതറി… മിഥുവിന്റെ കണ്ണുകൾ നിറഞ്ഞു….

തുടരും……