23/04/2026

നിന്നോളം : ഭാഗം 14

രചന – ഫൗസിയ യൂസഫ്

“” നിനക്ക് വേറൊരു പണിയും ഇല്ലേ പെണ്ണേ, സദാസമയവും എന്നെ ചുറ്റിപ്പറ്റി നിൽക്കാൻ….?
എന്നെയൊരു രോഗിയാക്കിയേ അടങ്ങൂ എന്ന വാശിയാണോ നിനക്ക്? “”
ഭദ്രേച്ചി ചോദിച്ചു..

ആശുപത്രിവാസം കഴിഞ്ഞു വന്നിട്ട്, ഒരാഴ്ച പിന്നിട്ടിരുന്നു…
ഞാനൊന്ന് ചിരിച്ചു..

“” രോഗിയാക്കാനൊന്നും അല്ല… ന്നാലും, ഡോക്ടറു പറഞ്ഞിട്ടുള്ളതല്ലേ ചേച്ചിക്ക് നല്ല വിശ്രമം വേണമെന്ന്..
പിന്നെ, ചേച്ചിയെ നോക്കാനുള്ള ഇൻചാർജ് എനിക്കല്ലേ അച്ഛനും അമ്മേം തന്നേക്കണേ… അതു ഞാൻ ഭംഗിയായി ചെയ്യണ്ടേ…”” ഞാനും പറഞ്ഞു.

ഭദ്രേച്ചിയിപ്പോഴും, ഗൗരവത്തോടെയേ എന്തും പറയാറുള്ളൂ…
എന്നാലും, അതിലാ പഴയ ദേഷ്യമോ വെറുപ്പോ എനിക്കനുഭവപ്പെടാറില്ല…
മുമ്പ് ഞാനറിഞ്ഞിട്ടുള്ള സ്നേഹത്തിന്റെ അംശമുണ്ടായിരുന്നു പലപ്പോഴും വാക്കുകളിൽ…

“” ഈ കാണിക്കണത് എന്നോടുള്ള സഹതാപാണോ അതോ…. “”

ഒഴിഞ്ഞ ജഗ്ഗെടുത്ത് ഞാൻ പുറത്തേക്ക് കടക്കുകയായിരുന്നു…
അന്നേരമാണ് ഭദ്രേച്ചിയത് പറഞ്ഞത്..
ഞാൻ മുഖം കൂർപ്പിച്ചുകൊണ്ട്, തിരിഞ്ഞു നിന്നു…

“” ദേ ഭദ്രേച്ചി, ഞാൻ പറഞ്ഞിട്ടുള്ളതാണ് ഇത്തരം വാർത്താനൊന്നും നമുക്കിടയിൽ വേണ്ടാന്ന്…
ന്നെ ദേഷ്യം പിടിപ്പിച്ചാ, ചേച്ചിയാണെന്നൊന്നും ഞാൻ നോക്കില്ല “” ഞാൻ ദേഷ്യപ്പെട്ടു.

അതിന് സമാധാനമൊന്നും ഭദ്രേച്ചി പറഞ്ഞില്ല…
എങ്കിലും, ആ മുഖത്തൊരു ദയനീയതയുടെ ചിരിയുണ്ടായിരുന്നു…

“” ദ്രോഹിച്ചവളുടെ കൈകൾക്കൊണ്ട് സുശ്രൂഷ ഏറ്റു വാങ്ങേണ്ടിവരിക….
കൊള്ളാം… ഇതിലും വലിയൊരു ശിക്ഷ, ഒരു പാപിക്ക് കിട്ടാനുണ്ടോ…
അല്ലേടീ… “” ഭദ്രേച്ചി വെറുങ്ങനെ ചിരിച്ചു.

എനിക്കതത്ര രസമുള്ളതായി തോന്നിയില്ല…
ഭദ്രേച്ചിയെ കടുത്തൊന്നു നോക്കി ഞാൻ പുറത്തേക്ക് കടന്നു..

പൂമുഖത്തേക്ക് ചെന്നപ്പോൾ അവിടെ കണ്ണേട്ടനുണ്ടായിരുന്നു….
ചേച്ചിക്ക് വയ്യാത്തോണ്ട്, താഴെ മുറിയിലാണ് ചേച്ചി കിടക്കുന്നത്…
കണ്ണേട്ടൻ മുകളിലും….
വീട്ടിലെത്തിയ ശേഷം ഒരിക്കൽപോലും കണ്ണേട്ടൻ, ഭദ്രേച്ചിക്കരികിലേക്ക് പോകുന്നത് ഞാൻ കണ്ടിട്ടില്ല…

“” എന്നാലും, എന്തൊരു സ്വഭാവാ ഇത്.. ഇങ്ങനെ കല്ലാവാൻ പറ്റോ മുൻഷ്യന്മാർക്ക്…? “” ഞാൻ കണ്ണേട്ടനെ നോക്കി ചോദിച്ചു.

“” നീയെന്താ ഉദേശിച്ചേ…? “”

“” വേറെന്താ… ഇത്ര ദിവസമായിട്ടും ഒന്ന് കടന്നു ചെന്നോ ആ മുറിയിലേക്ക്?
ഇപ്പൊ എങ്ങനെയുണ്ടെന്ന് ഒന്ന് ചോദിച്ചോ ഇതുവരെ?
കണ്ണേട്ടൻ കെട്ടിയ താലി, ആ കഴുത്തില് കിടക്കണ കാലത്തോളം ഭദ്രേച്ചി, കണ്ണേട്ടന്റെ ഭാര്യ തന്ന്യാ…
സംശയണ്ടോ അതില്?? “” ഞാൻ ക്ഷോഭിച്ചു.

“” പ്രാർത്ഥിക്കുന്നുണ്ട് ഞാൻ, ഭദ്ര വേഗം സുഖം പ്രാപിക്കാൻ…
അതൊരിക്കലും എന്റെ “ഭാര്യ ” അന്നൊരു അലങ്കാരമോ പദവിയോ നൽകിയിട്ടല്ല…
അങ്ങനൊരു മനസ്സോടെ ഞാനാ മുറിയിലേക്ക് കടന്നു ചെല്ലുകയുമില്ല!””

കണ്ണേട്ടൻ, എഴുനേറ്റു പോകാനാഞ്ഞു…

“” ശിക്ഷിച്ചു മതിയായില്ലേ ആ പാവത്തിനെ…?
എല്ലാവരുടേം വക, എല്ലാരും കൊടുത്തു… ദൈവത്തിന്റെ വക ദൈവവും….
ഇനിയും എന്തിനാ അതിനോടിങ്ങനെ…. “” എന്റെ ശബ്ദം ചിലമ്പിച്ചു..

“” നിമിഷനേരംകൊണ്ട്, വേഷപ്പകർച്ച നടത്താൻ ഞാനൊരു നടനോ, ഇതൊരു സിനിമയോ അല്ലല്ലോ….,, ജീവിതമല്ലേ….
ഞാനൊരു പച്ചമനുഷ്യനും!
എനിക്കിങ്ങനെയേ കഴിയൂ… “”

എന്നെയൊന്ന് നോക്കിയ ശേഷം, കണ്ണേട്ടൻ മുറ്റത്തേക്കിറങ്ങി…
ഞാൻ കണ്ണുകൾ തുടച്ചു…

ഒരേ സമയം രണ്ടു ജീവിതങ്ങൾ…
താളം തെറ്റാൻ ഒരേയൊരു കാരണം മാത്രം….
ഞാൻ….!

“” എന്തിനാ മോളേ നീ പിന്നേം പിന്നേം അവനെയിങ്ങനെ നിർബന്ധിക്കണേ..
അവന്റെ മനസ്സിപ്പോഴും കുടുങ്ങിക്കിടക്കുന്നത് എവിടെയാണെന്ന് എനിക്കും നിനക്കും എല്ലാർക്കും അറിയാം…
നിന്റെയൊരു വാക്കുകൊണ്ടൊന്നും അതിനി മാറാൻ പോണില്ല….
മാറുമായിരുന്നേൽ, അതെന്നേ സംഭവിക്കേണ്ടതല്ലേ… “””

അച്ഛനായിരുന്നു….!

ഞങ്ങളുടെ സംസാരം അച്ഛൻ കേട്ടിട്ടുണ്ടാവണം….

“” ഭദ്രേച്ചിയിപ്പോ, കണ്ണേട്ടന്റെ സാമിപ്യം എത്ര ആഗ്രഹിക്കണുണ്ടാവും അച്ഛാ…
ഒന്നുപോയി കണ്ടിരുന്നെങ്കിൽ…. “””

“” ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെ അവനും കാണില്ലേ… എല്ലാം തച്ചുടച്ചത് എന്റെ മോളല്ലേ…
പൊറുക്കാൻ പറ്റണുണ്ടാവില്ല അവന്”” അച്ഛൻ വന്നവഴിതന്നെ തിരിച്ചു പോയി…

ഞാൻ ആ നിൽപ്പുതന്നെ നിന്നു…

“” ചാരൂ….
ഒന്നിവിടം വരെ വരോ…? “”

ഭദ്രേച്ചിയായിരുന്നു വിളിച്ചത്…

നാളുകൾക്ക് ശേഷം, ആ സ്വരമൊന്ന് ഉച്ചത്തിൽ കേൾക്കുകയായിരുന്നു ഈ വീട്ടിൽ…

ഞാൻ ചെന്നു…

“” ന്താ ഭദ്രേച്ചി?? “”

“” നിക്ക്… നിക്ക് കണ്ണേട്ടനെയൊന്ന് കാണണം…
ഒന്നിങ്ങോട്ടൊന്ന് വരാൻ പറയോ?
നീ പറഞ്ഞാ മതി… നീ പറഞ്ഞാൽ കേൾക്കും!”” ഭദ്രേച്ചിയെന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

ഞാനാകെ വല്ലാതായിപ്പോയി…

സ്വന്തം ഭർത്താവിനെ കാണാൻ, മറ്റൊരു പെണ്ണിനോട് അപേക്ഷിക്കേണ്ടി വരുന്നത് എത്ര ദുസ്സഹമാണ്….

ഞാനൊന്നു മൂളുക മാത്രം ചെയ്ത് അവിടെനിന്നും പോന്നു…

മുറ്റത്തെല്ലാം നോക്കിയെങ്കിലും, അവിടെങ്ങും കണ്ണേട്ടനെ കണ്ടില്ല…
മറ്റെങ്ങും ഇല്ലാത്ത സ്ഥിതിക്ക് കണ്ണേട്ടൻ സ്വന്തം, വീട്ടിൽ തന്നെ കാണുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു…

വാതിൽ തുറന്നു കിടന്നിരുന്നു…
കണ്ണേട്ടനെ കാണുന്നുമില്ല…
ഞാൻ അകത്തേക്ക് കടന്നു…
മുറിയിലൊന്ന് കയറിനോക്കി…
മേശമേൽ, താളുകൾ മറിച്ചുവെച്ചൊരു ഡയറി ഇരിപ്പുണ്ടായിരുന്നു….
വെറുതെയൊന്ന് കണ്ണോടിച്ചു….

” നിന്നോളം, ഞാൻ മാറ്റാരേയും സ്നേഹിച്ചിട്ടില്ല പെണ്ണേ….
നിന്നോളം, ഞാൻ മറ്റൊന്നിനേയും മോഹിച്ചിട്ടില്ല പെണ്ണേ…..
ഒരു വിളിപ്പാടകലെ ഞാൻ നിന്നിട്ടും,,
നീയെന്റെ സ്വരം കേൾക്കാഞ്ഞതെന്തേ….
അകലേക്കു മാഞ്ഞാലും,
നിന്റെ സ്ഥാനം എന്റെ ഹൃദയത്തിലാണ്…..
ഈ ശ്വാസം പോലും, നിനക്കുള്ളതാണ്….!!”

ആ വാചകങ്ങളിൽ എന്റെ മനസ്സൊന്ന് പിടഞ്ഞു….
എന്റെ ഹൃദയം, മുറിവേൽപ്പിക്കപ്പെട്ടു!

നിറഞ്ഞ കണ്ണുകളോടെ ഞാൻ തിരിഞ്ഞു നടന്നതും, കണ്ണേട്ടന്റെ കൈ, എന്റെ വലംകയ്യിനെ കടന്നു പിടിച്ചിരുന്നു…

ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി…
ചുവന്നു കലങ്ങിയ കണ്ണുകൾ എന്നെയെന്തോ ഉൾ ഭയത്തിലാഴ്ത്തി..
രൂക്ഷമായൊരു ഗന്ധം, കണ്ണേട്ടനിൽ നിന്നും വമിച്ചപ്പോൾ,, ഞാൻ അസഹ്യതയോടെ മുഖം തിരിച്ചു…
ആ നോട്ടമാണ്, ജനലരികിലിരുന്ന മദ്യക്കുപ്പിയിലേക്ക് എന്റെ കാഴ്ചയെ ക്ഷണിച്ചത്….

ഞാൻ, നടുങ്ങിപ്പോയി…!!

“” ഛെ… മാറിപ്പോ അവിടുന്ന്!”” ഞാൻ വെറുപ്പോടെ പറഞ്ഞു.

“” എന്നുതുടങ്ങി ഈ, ഇതുവരെയില്ലാത്ത ശീലങ്ങളൊക്കെ.?
ഈ തറവാടിനെ പറയിപ്പിക്കാനുള്ള ഒരുക്കാണോ കണ്ണേട്ടൻ..?? “”

കണ്ണേട്ടൻ ഒന്നും പറയാതെ ഒരു ഭാഗത്തേക്കൊതുങ്ങി…
പരിചിതമല്ലാത്ത ദുശീലം, ശരീരത്തെ മൊത്തം ഉലയ്ക്കുന്നുണ്ടായിരുന്നു…
ദേഷ്യമടങ്ങാതെ, ഞാനാ മദ്യക്കുപ്പി കയ്യിലെടുത്തു…
അതേ വേഗത്തിൽ തന്നെ, പുറത്തേക്ക് ചെന്ന് ആ കുപ്പി ശക്തിയിൽ തൊടിയിലേക്കേറിഞ്ഞു…

പക്ഷെ,
ചിന്നിച്ചിതറിയ കുപ്പി ചെന്നു വീണത് തൊടിയിൽ നിന്ന, അമ്മയുടെ കാൽചുവട്ടിലേക്കാണ്….

എനിക്കെന്തു ചെയ്യണമെന്ന് അറിയാതായിപ്പോയി…
മദ്യക്കുപ്പി അമ്മ കണ്ടതും, അതിലേറെ, എന്നെ അവിടെക്കണ്ടതും അമ്മയിൽ തെറ്റിധാരണ പരത്തുമോ എന്ന ഭയമെന്നെ വരിഞ്ഞുമുറുക്കി….

നിലത്ത് പരന്നൊഴുകിയ ദ്രാവകത്തിലേക്കും, എന്റെ മുഖത്തേക്കും മാറിമാറി നോക്കിയ ശേഷം, ഒന്നും മിണ്ടാതെ അമ്മ അവിടുന്ന് പോയി….
ഞാൻ വല്ലാത്തൊരവസ്ഥായിലായിരുന്നു …

പിന്നിൽ നിന്ന, കണ്ണേട്ടനെ നോക്കാതെ ഞാൻ നടന്നു…
പെട്ടന്നാണ് വന്നകാര്യം ഓർമയിൽ വന്നത്…
ഞാൻ തിരിഞ്ഞു നിന്നു…

“” ഭദ്രേച്ചി, ഒന്ന് മുറിവരെ ചെല്ലാൻ പറഞ്ഞു…
കണ്ണേട്ടനോട് ന്തേലും പറയാൻ കാണും….
പിന്നെ,
ഈ കോലത്തില് ആ വീടിന്റെ പടി ചവിട്ടിയേക്കരുത്…
പറഞ്ഞില്ലാന്നു വേണ്ട!”” താക്കീത് കൊടുത്ത്, ഞാൻ പോന്നു…

അടുക്കളയിൽ നങ്ങേലിയില്ലെന്ന് ഉറപ്പുവരുത്തിയാണ്, അമ്മയ്ക്കരികിലേക്ക് ചെന്നത്….

‘”” അമ്മേ… “” ഞാൻ വിളിച്ചു.

അമ്മയെന്നെ നോക്കി…
മുഖം, അത്ര പ്രസന്നമായിരുന്നില്ല!

“” അമ്മേ ഞാൻ…. “”

എന്നെ പറയാനനുവദിക്കാതെ, ആ നിമിഷം അമ്മയുടെ കയ്യെന്റെ കവിളത്തു പതിഞ്ഞു…

ആദ്യായിട്ടായിരുന്നു അമ്മയെന്നെ തല്ലുന്നത്…
വേദന മുഴുവൻ മനസ്സിനായിരുന്നു…
അമ്മയെന്നെ മനസ്സിലാക്കിയില്ലല്ലോ എന്നതോർത്ത്….

“” അമ്മേ… “”

“” മിണ്ടരുത് നീ…!
ഇപ്പൊ തന്നത് എന്തിനാന്നറിയോ? “”

ഞാൻ തലകുനിച്ചു നിന്നു.

“” എന്റെ മോനെ വേദനിപ്പിച്ചതിന്!
വീണ്ടും വീണ്ടും വേദനിപ്പിക്കുന്നതിന്!””

അമ്മ പറഞ്ഞപ്പോൾ, ഞാൻ അതിശയത്തോടെ മുഖമുയർത്തി നോക്കി..

“” വിലാസിനി… കണ്ണന്റെയമ്മ…
അവര് മരിക്കുന്നതിന് തൊട്ടുമുൻപ്, കണ്ണന്റെ കൈകൾ എന്റെ കയ്യിലേക്ക് ചേർത്തുവെച്ച് അവര് പറഞ്ഞത്,,
എന്റെ മോനെ നന്നായി നോക്കിക്കോണേ ലക്ഷ്‌മിയേടത്യെന്നാ…
അവനൊരു സങ്കടോം വരാതെ നിങ്ങളു വേണം അവനെ നോക്കാനെന്നാ, അവര് അവസാനായി ന്നോട് പറഞ്ഞത്…
ആ മോനാ ഇന്ന്….. “” അമ്മ, കണ്ണുതുടച്ചു..

ഉള്ളിൽ വേദന നിറഞ്ഞെങ്കിലും, അമ്മ തല്ലിയതിന്റെ കാരണം മറ്റൊന്നാണെന്ന് അറിഞ്ഞതിന്റെ ഒരൽപ്പം ആശ്വാസമുണ്ടായിരുന്നു എനിക്ക്…

“” ഒരുത്തി പിടിച്ചു വാങ്ങാനും, മറ്റൊരുത്തി വിട്ടുകൊടുത്ത് അവനെക്കൊണ്ട് സമ്മതിപ്പിക്കാനും..
രണ്ടാളുംകൂടി ആ പാവത്തിനെ ഇതുവരെ എത്തിച്ചില്ലേ…
എന്തോ പുണ്യംകൊണ്ടാ, അതിപ്പഴും ജീവനോടെ ഉള്ളത്…

മതിയാക്കിക്കോ രണ്ടാളും…
ഇനി കണ്ണനെ വേദനിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…
എന്താ വേണ്ടതെന്ന് എനിക്കറിയാം.. “” അതും പറഞ്, അമ്മ അടുക്കളയിൽനിന്നും പോയി…

“” എന്തായിരിക്കും അമ്മേടെ തീരുമാനം? “” ഞാൻ ചിന്തയോടെ നിന്നു!

കണ്ണൻ മുറിയിലെത്തുമ്പോൾ, ഭദ്ര കണ്ണടച്ച് കിടക്കുകയായിരുന്നു…
കണ്ണാനൊന്ന് മുരടനക്കിയതും, ഭദ്ര കണ്ണുതുറന്ന് എഴുനേറ്റിരുന്നു…

“” ചാരു പറഞ്ഞുകാണും ലേ? “” ഭദ്ര മങ്ങിയ ചിരിയോടെ ചോദിച്ചു.

“” മ്മ്ഹ്… “”

“” ഒരു ആവശ്യം പറയാനുണ്ടായിരുന്നു.
അതുകൊണ്ടാ ബുദ്ധിമുട്ടിച്ചത്.. “”

“” പറഞ്ഞോളൂ.. “”

“” എനിക്ക്… എനിക്ക് ഡിവോഴ്സ് വേണം!
നമ്മൾ തമ്മിലുള്ള ബന്ധം, വേർപ്പെടുത്തിതരണം…!”” മുഖം നോക്കാതെ ഭദ്ര പറഞ്ഞു.

കണ്ണൻ, ഷോക്കിലായിരുന്നു…

“” ഇപ്പൊ കണ്ണേട്ടന്റെ മനസ്സിലുള്ള ചോദ്യം എനിക്ക് ഊഹിക്കാം.. വേർപ്പെടുത്താൻ മാത്രം നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ എന്നല്ലേ..? “” ഭദ്ര ആത്മനിന്ദയോടെ ചിരിച്ചു.

“” മനസ്സുകൾ തമ്മിലില്ലെങ്കിലും , നിയമപരമായി നമ്മൾ ഭാര്യമാഭർത്താക്കന്മാരാണല്ലോ…
അതുകൊണ്ട്, നിയമപരമായിത്തന്നെ എനിക്ക് നിങ്ങളിൽ നിന്നും വേർപിരിയണം…
മറ്റൊരു തരത്തിൽ പറഞ്ഞാൽ, നിങ്ങളെ ഞാൻ എന്നിൽ നിന്നും മോചിതനാക്കുന്നു എന്നർത്ഥം!””” ഭദ്ര വീണ്ടും ചിരിച്ചു.

കണ്ണനൊന്നും മിണ്ടാതെ നിൽക്കുകയായിരുന്നു…
കേൾക്കാൻ ആഗ്രഹിച്ചതാണ് കേട്ടത്…
പക്ഷെ,,,
അതുകൊണ്ട്, നഷ്ടപ്പെട്ടത് തിരിച്ചു കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടു കാര്യമില്ല…

“” അമ്മോടും അച്ഛനോടും ഞാൻ പറഞ്ഞോളാം….
ചാരു… അവളിപ്പോ ഒന്നും അറിയണ്ട..
അറിഞ്ഞാൽ, അവൾക്കത് ഉൾകൊള്ളാൻ കഴിയില്ല….
ഞാനറിയുന്നുണ്ട്… അവൾക്ക് ചുറ്റുമുള്ളവർ വേദനിക്കുന്നത് അവൾക്ക് സഹിക്കില്ല….
അവളുടെ സ്നേഹത്തിൽ സത്യമുണ്ട്… ആത്മാർത്ഥതയുണ്ട്…
അറിയാൻ.., വൈകിപ്പോയെന്ന് മാത്രം!”” ഭദ്രയുടെ സ്വരം ആർദ്രമായി..

“” വൈകിപ്പോയി… കുറച്ചല്ല, ഒരുപാട്..
ഇനി, നീയെന്തു തീരുമാനം എടുത്തിട്ടും കാര്യമില്ല…
അർത്ഥശൂന്യമായ എന്റെ ജീവിതത്തിന്, ഇനിയൊരു പുനർജന്മമുണ്ടാവുകയില്ല…!”” കണ്ണൻ, മറ്റെവിടേക്കോ നോക്കിക്കൊണ്ട് പറഞ്ഞു.

“” അവള് സമ്മതിക്കും…
ഞാൻ സമ്മതിപ്പിക്കും…!
ഒരു വാശിക്കൊണ്ട് നേടാൻ കഴിയുമെങ്കിൽ..,, അതേ വാശിക്കൊണ്ട് നേടിത്തരാനും എനിക്ക് കഴിയും….
ഇനിയെനിക്ക് മറ്റൊരു ലക്ഷ്യമില്ല..!””

കാത്തിരിക്കണേ… ❤