രചന – സുധീ മുട്ടം
പകൽ മുഴുവനും ഡെറിക് സന്തോഷവാനായി കാണപ്പെട്ടു.രാത്രിയിൽ വേണിയുടെ കുഴിമാടത്തിനു മുമ്പിൽ അവൾക്കത്രയും പ്രിയപ്പെട്ട പനിനീർ പുഷ്പങ്ങൾ അർപ്പിച്ചു ഏറെ നേരം നിന്നു..കണ്ണുകളിൽ നിന്നും വമിക്കുന്നത് രക്ത തുള്ളികളാണെന്ന് തിരിച്ചറിഞ്ഞത് പോലെ ചന്ദന ഗന്ധമുള്ള കുളിർകാറ്റ് വീശാൻ തുടങ്ങി…ചന്ദന ഗന്ധമടങ്ങിയ സോപ്പിട്ട് കുളി കഴിഞ്ഞു വേണി അടുത്തേക്കു വരുമ്പോഴും അതേ മണമാണ്. വേണിയുടെ സാമീപ്യം തിരിച്ചറിഞ്ഞത് പോലെ ഡെറിയുടെ ചുണ്ടുകൾ വിതുമ്പി തുടങ്ങി… “എന്തിനേ വേണി എന്നോടൊന്നും പറയാതെ എല്ലാം സഹിച്ചത്….ആർക്കു വേണ്ടി ആയിരുന്നുവോ എല്ലാം ക്ഷമിച്ചത് ആ ആൾക്ക് തന്നെയല്ലേ എല്ലാം നഷ്ടപ്പെട്ടത്…. ഓർമ്മകളിൽ കണ്ണുനിറഞ്ഞ് തുളുമ്പിയതോടെ പിൻ വാങ്ങി മുറിയിലേക്ക് നടന്നു… വില കൂടിയ മദ്യം ടേബിളിലേക്ക് വെച്ചിട്ട് കുഷ്യനിലേക്ക് ചാഞ്ഞിരുന്നു.ഓർമ്മകൾ കൊത്തി വലിക്കാൻ തുടങ്ങിയതോടെ വെള്ളം ചേർക്കാതെ മദ്യം വായിലേക്ക് കമഴ്ത്തി..ആൽക്കഹോൾ തൊണ്ടക്കുഴിയെ നീറ്റി അന്നനാളത്തിലേക്ക് എരിഞ്ഞ് ഇറങ്ങുന്നതിന്റെ സുഖം അവനാസ്വദിച്ചു..
വാതിലിന്റെ പിന്നിൽ ഭിത്തിയിലേക്ക് ചാരി റീത്ത ഡേവിഡ് കണ്ണുകൾ തുടച്ചു… ” ഒന്നും വേണ്ടിയിരുന്നില്ല ഒന്നും…. മകന്റെ അവസ്ഥ കാണുമ്പോൾ നെഞ്ച് കൂട് തകരുകയാണ്…. മാലാഖ പോലെത്തെയൊരു പെൺകുട്ടി… പണത്തിന്റെ കുറവ് മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ.. അതൊരു കുറവായി കാണാതിരുന്നെങ്കിൽ ഇന്നവൾ ജീവനോടെ കാണുമായിരുന്നു..ഒരേയൊരു മകനിങ്ങനെ നശിക്കില്ലായിരുന്നു… “വാ…… കൈകൾ നീട്ടി ഡേവിഡ് ജോൺ ഭാര്യയെ ചേർത്തു പിടിച്ചു മുറിയിലേക്ക് നടന്നു. അയാളുടെ മാറിനെ നനച്ചൊഴുക്കി അപ്പോഴും അവരുടെ കണ്ണുനീർ ഒലിച്ചിറങ്ങി കൊണ്ടിരുന്നു… ” എല്ലാം എന്റെ തെറ്റാ ഡേവിച്ചായാ…. വർഷം മുപ്പതു കഴിഞ്ഞു കർത്താവിനെ സാക്ഷിയാക്കി മിന്നുകെട്ടി നെഞ്ചോട് ചേർത്തിട്ട്…തെറ്റും ശരിയും ചികയാതെ ഇന്നുവരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ…ആ അവൾ കരയുമ്പോൾ നീറണത് തന്റെ നെഞ്ചു കൂടിയാണെന്ന് ഡേവിഡ് ഓർത്തു…. “പശ്ചാത്താപത്തേക്കാൾ വലുതായി മറ്റൊന്നുമില്ല..കർത്താവ് നിന്നോട് ക്ഷമിക്കും റീത്താ…. അങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കാനേ അയാൾക്ക് കഴിയുമായിരുന്നുള്ളൂ… പണത്തേക്കാൾ വലിയ സമ്പത്ത് സ്നേഹ ബന്ധങ്ങളാണെന്ന് തിരിച്ചറിയാൻ വൈകിപ്പോയി… സമ്പത്ത് വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതിന് ഇടയിൽ എല്ലാം മറന്നു പോയിരുന്നു…. 💜💜💜💜💜💜
കാർത്തികയും രാമേട്ടനും ആകെ തിരക്കിലായി കഴിഞ്ഞിരുന്നു.. നിന്നു തിരിയാൻ സമയമില്ല.ഹോട്ടലിലെ സ്പെഷ്യൽ വിഭവങ്ങൾ എന്നതിനേക്കാൾ ഉപരി കാർത്തികയുടെ കൈപ്പുണ്യത്തിന്റെ രുചി അറിഞ്ഞവർ തിക്കി തിരക്കി വീണ്ടും വീണ്ടും വന്നു… ” നമുക്ക് വീടൊക്കെയൊന്നു പുതുക്കി പണിയേണ്ടാ അച്ഛാ… പതിവു പോലെ രാത്രിയിൽ വീട്ടിലേക്ക് നടക്കുകയായിരുന്നു ഇരുവരും…ഹോട്ടലിൽ നിന്നും ട്യൂഷൻ സെന്ററിൽ നിന്നും നല്ല വരുമാനം ലഭിച്ചിരുന്നു. ബാങ്കിൽ അക്കൗണ്ട് എടുത്തു കാർത്തികയുടെ പേരിലിടാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞു.. “അച്ഛന്റെ പേരിൽ മതി…. ” അത് വേണ്ട കുഞ്ഞ്യേ…നിന്റെ അദ്ധ്വാനത്തിന്റെ ഫലമായാണ്.. നിന്റെ പേരിൽ തന്നെ കിടക്കട്ടെ… “ഞാനച്ഛന്റെ മകളല്ലേ…അതിൽ കൂടുതലൊന്നും എനിക്ക് വേണ്ടാ… ” അതെന്നും അങ്ങനെ തന്നെ ആയിരിക്കും കുഞ്ഞ്യേ…എന്നാലും …. “എങ്കിൽ പിന്നെ എന്റേയും അച്ഛന്റേയൂം പേരിൽ ജോയിന്റ് അക്കൗണ്ട് എടുക്കാം…. അങ്ങനെ രണ്ടു പേരുടേയൂം പേരിൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് എടുത്തു പണമതിൽ നിക്ഷേപിച്ചു…. ” വീട് പുതുക്കി പണിയും മുമ്പേ മോൾക്കൊരു സ്കൂട്ടർ വാങ്ങാം….
“അതൊന്നും വേണ്ടാ….നടത്തത്തിൽ കിട്ടുന്ന ആര്യോഗ്യം സ്കൂട്ടർ ഓടിച്ചാൽ കിട്ടില്ല…. പുഞ്ചിരിയോടെ കാർത്തിക പറഞ്ഞെങ്കിലും ഇരുളിൽ രാമേട്ടന്റെ മുഖത്തെ ഭാവം കാണാൻ കഴിഞ്ഞില്ല…. രണ്ടു ദിവസം കഴിഞ്ഞു രാവിലെ രാമേട്ടൻ സിറ്റിയിലേക്ക് പോയി…ടൂ വീലർ ഷോറൂമിൽ കയറി ഒരു സ്കൂട്ടർ ബുക്ക് ചെയ്തു… കുറച്ചു പണം ഫസ്റ്റ് പേമെന്റായും ബാക്കി മാസ തവണയായി ലോണും..എല്ലാം ശരിയാക്കിയട്ട് ഒന്നും അറിയാത്ത പോലെ ഹോട്ടലിലേക്ക് തിരിച്ചു പോയി… ” എന്താ അച്ഛാ താമസിച്ചത്… കാർത്തിക രാമേട്ടന്റെ അരികിലെത്തി… ‘അതോ സിറ്റിയിൽ വെച്ചു എന്റെയൊരു കൂട്ടുകാരനെ കണ്ടു..ഒരുപാട് കാലങ്ങൾക്ക് ശേഷം കാണുവാ..കഥ പറഞ്ഞു സമയം പോയത് അറിഞ്ഞില്ല…. അയാൾ പറഞ്ഞ നുണ അവൾ വിശ്വസിച്ചു.. “അച്ഛൻ വാ… കഴിക്കാം… അവൾ രണ്ടു ഇല എടുത്ത് ഇട്ടു.. ഉച്ചക്കത്തെ തിരക്കൊഴിഞ്ഞ സമയം ആയിരുന്നു… ” നീ കഴിച്ചില്ലേ മോളേ… “ഈ നാട്ടിൽ വന്നതിൽ പിന്നെ അച്ഛന്റെ കൂടെ ഇരുന്നല്ലേ ഞാൻ കഴിച്ചിട്ടുള്ളൂ.പതിവ് തെറ്റിക്കണ്ടാന്ന് കരുതി കാത്തിരുന്നതാ… കണ്ണുകളിൽ രണ്ടു നീർമണി തുള്ളികൾ പെയ്തിറങ്ങി…
” ഇങ്ങനെയൊരു മോളേ കിട്ടിയത് എന്റെ ഭാഗ്യമാ…. നിറഞ്ഞ മനസ്സോടെ നെഞ്ചിൽ തട്ടി പറയുമ്പോൾ അവളുടേയും മിഴികൾ സജ്ജ്ലമായി… ഒരുപാട് കൊതിച്ചിട്ടുണ്ട് അച്ഛന്റേയും അമ്മയുടെയും സ്നേഹത്തിനായി….ഇന്ന് അച്ഛന്റെ സ്നേഹവും വാത്സല്യവും വേണ്ടുവോളം ആസ്വദിക്കുന്നുണ്ട്…. വീണ്ടും രണ്ടു ദിവസങ്ങൾ കൂടി കൊഴിഞ്ഞു വീണു…. പതിവു പോലെ ഇറങ്ങി രാമേട്ടനും കാർത്തികയും..അതേ സമയത്താണ് വില കൂടിയൊരു കാറ് പൊടി പറത്തി റോഡിൽ വന്നു നിന്നത്… “ഇതാരാ ഇത്ര രാവിലെ” എന്നു ആലോചിച്ചു നിൽക്കുമ്പോൾ കാറിൽ നിന്ന് പ്രൗഢയും കുലീനയുമായ അമ്പതോളം വയസ്സ് പ്രായം തോന്നിക്കുന്നൊരു മദ്ധ്യവയസ്ക്ക ഇറങ്ങിയത്…. “റീത്ത മരിയ ഡേവിഡ് ജോൺ…. അയാളുടെ ചുണ്ടുകൾ പിറുപിറുത്തു…. കാർത്തികയുടെ മിഴികളും കാറിൽ നിന്ന് ഇറങ്ങി തങ്ങൾക്ക് അരികിലേക്ക് വരുന്ന കുലീനയായ സ്ത്രീയിൽ ആയിരുന്നു… നടന്നു അടുക്കുമ്പോൾ റീത്തയൂടെ കണ്ണുകൾ രാമേട്ടനു സമീപം നിന്നിരുന്ന കാർത്തികയിലേക്കായിരുന്നു…. ശ്രീകോവിലെ ദേവതയെ പോലെ ചൈതന്യമുള്ളൊരു ദേവി…അങ്ങനെയാണ് അനുഭവപ്പെട്ടത്….പെട്ടെന്ന് അവരുടെ ഓർമ്മയിൽ പുഞ്ചിരിക്കുന്ന വേണിയുടെ മുഖം തെളിഞ്ഞു…
” എന്താ രാമേട്ടാ അന്തം വിട്ടു മിഴിച്ചു നോക്കുന്നത്..വഴി തെറ്റിയട്ടില്ല.ഇങ്ങോട്ടേക്ക് തന്നെയാ വന്നത്.. ആശ്ചര്യത്തോടെ നോക്കി നിന്ന രാമേട്ടനെ നോക്കി പറഞ്ഞു… അയാൾ പരിചയ ഭാവത്തിൽ പുഞ്ചിരിച്ചു.. “വാ.. ഇരിക്ക്… സിറ്റ്വട്ടിലേക്ക് ക്ഷണിച്ചതും അവരത് നിരസിച്ചു… ” ഉടനെ മടങ്ങണം രാമേട്ടാ… ഞാനൊരു അപേക്ഷയുമായി വന്നതാ…. അവർ ആമുഖമായി പറഞ്ഞതും കാര്യം എന്താണെന്ന് മനസ്സിലായെങ്കിലും ഒന്നും അറിയാത്ത ഭാവത്തിൽ നിന്നു….കാർത്തിക മാത്രം ഒന്നും മനസ്സിലാകാതെ അവരെ നോക്കി നിന്നു…. “കാർത്തിക അല്ലേ… അതേയെന്ന് തലയാട്ടി…അപ്പോഴും മിഴികളിൽ അത്ഭുതം ആയിരുന്നു… അറിയാത്തൊരാൾ അടുപ്പത്തോടെ പേര് വിളിക്കുന്നു… ” രാമേട്ടാ സ്കൂളിൽ ഇപ്പോൾ പഴയത് പോലെ നന്നായി പഠിപ്പിക്കുന്ന ടീച്ചർമാരില്ല…കാർത്തിക മോളേ ടീച്ചറായി സ്കൂളിലോട്ട് അയക്കണം..എന്റെയൊരു അപേക്ഷയാണ്… നിറ മിഴികളോടെ അവർ രാമേട്ടന്റെ കൈകളിൽ അമർത്തി പിടിച്ചു…. വന്നത് ആരെന്ന് ആരും പറയാതെ തന്നെ കാർത്തികക്ക് മനസ്സിലായി…. “ഡെറിക്കിന്റെ മമ്മ…… അവർ വന്നതിന്റെ ഉദ്ദേശ്യവും അവൾക്ക് വ്യക്തമായി…. തുടരും

by