രചന – നന്ദിത ദാസ്
“എന്റെ യാമി…. നീ ഇങ്ങനെ ടെൻഷൻ ആകാതെ… എല്ലാം നന്നായി നടക്കും … ഒരുപാട് നാളുകളായുള്ള നിന്റെ സ്വപ്നമാണ് ഇന്ന് യാഥാർഥ്യമാകാൻ പോകുന്നത്… ഇതൊന്നു കഴിഞ്ഞിട്ടു വേണം നമുക്ക് ശരിക്കൊന്നു അടിച്ചു പൊളിക്കാൻ ” “നീ എന്തൊക്കെ പറഞ്ഞാലും എല്ലാം ഒന്ന് കഴിയുന്നതുവരെ എന്റെ ടെൻഷൻ മാറില്ല നന്ദു…. ” “മാഷിന്റെ റിലേഷനിൽ ഉള്ള പുതിയ ആളല്ലേ ഇന്നത്തെ പ്രോഗ്രാമിൽ വയലിൻ വായിക്കുന്നത്… അയാൾ ഇതുവരെ എത്തിയിട്ടില്ല… ഞാൻ ഒന്നൂടി പോയി നോക്കിയിട്ട് വരാം… ” “മ്മ് ഒക്കെ.. നന്ദു… പിന്നേ നീ ആ മാളവികയെ ഒന്ന് ശ്രദ്ധിച്ചോണേ ‘അലാരിപ്പിന്റെ ‘ താളം എത്ര പറഞ്ഞു കൊടുത്താലും ആ കുട്ടി തെറ്റിക്കും… ” “ന്റെ യാമി… അവള് ശരിയായി കളിച്ചോളും… നീ വെറുതെ കുട്ടികളെ കൂടി ടെൻഷൻ അടിപ്പിക്കരുത്… ”
“മ്മ്… ” യാമിക എന്ന യാമിയും…. നന്ദന എന്ന നന്ദുവും… ഇണപിരിയാത്ത ഉറ്റ സുഹൃത്തുക്കൾ… മകര മാസത്തിലെ തൃക്കേട്ട നക്ഷത്രക്കാരികൾ… ഒരേ അമ്മയുടെ വയറ്റിൽ പിറന്നില്ലെങ്കിലും ഊണിലും ഉറക്കത്തിലും പോലും അവർ ഒരുമിച്ചായിരുന്നു…. സ്വഭാവത്തിന്റെ കാര്യത്തിൽ കാർബൺ കോപ്പീസ് എന്ന് കൂട്ടുകാരും വീട്ടുകാരും കളിയാക്കി വിളിക്കും… യാമികയുടെ ഒരുപാട് നാളുകളായുള്ള സ്വപ്നം പൂവണിയുന്ന ദിവസമാണിന്ന്… കുച്ചിപ്പുടിയിൽ ഡിപ്ലോമ ചെയ്യുന്നതിനോടൊപ്പം ഒരു നൃത്താദ്ധ്യാപിക ആയും യാമി പ്രവർത്തിക്കുന്നുണ്ട്… ഗുരുവായൂർ അമ്പലനടയിൽ വെച്ച് അവളുടെ സ്റ്റുഡന്റസിന്റെ അരങ്ങേറ്റം നടക്കുകയാണിന്ന്… അതിന്റെ ടെൻഷനിൽ ആണ് യാമി… നിഴൽ പോലെ എന്തിനും കൂടെ നന്ദു ഉള്ളതാണ് അവളുടെ ആശ്വാസം…. “എക്സ്ക്യൂസ്മി … ” “യെസ് ” ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ തോളിൽ ബാഗൊക്കെ ചുമന്നു ഒരു ചുള്ളൻ… ഒറ്റ നോട്ടത്തിൽ തന്നെ ഏത് പെണ്ണും ഒന്ന് വായിനോക്കി പോകും… അടിപൊളി ഗെറ്റപ്പ്… സുന്ദരൻ… സുമുഖൻ… ഞാൻ വായും പൊളിച്ചങ്ങനെ നിന്നു പോയി… ” കൃഷ്ണൻ മാഷിന്റെ ഓർക്കസ്ട്ര ടീം ഇവിടെ ഒരു പ്രോഗ്രാമിന് ക്ഷണിച്ചിരുന്നു…
അവരുടെ കൂട്ടത്തിൽ ഉള്ള ആരെയെങ്കിലും കുട്ടിക്ക് പരിചയം ഉണ്ടോ? ” “ഓഹോ… അപ്പോൾ അത് താനാണോ…. വയലിനിസ്റ്റ് വിനയ ചന്ദ്ര ദേവ്…. ” “യെസ്… യെസ്… അത് ഞാനാണ്… ” “തനിക്കു എന്താടോ നേരത്തെ എത്തണമെന്ന് അറിഞ്ഞുകൂടേ… ഒരു കൃത്യ നിഷ്ഠയും ഇല്ലല്ലോ… എത്ര നേരം കൊണ്ടു തന്നെ നോക്കി നിൽക്കുവാ ഞാൻ… ഇഡിയറ്റ്… ” “ദേ പെണ്ണേ നോക്കിയും കണ്ടും സംസാരിച്ചില്ലെങ്കിൽ നിന്റെ നാവ് ഞാൻ പിഴുതെടുക്കും പറഞ്ഞേക്കാം… ” “ലേറ്റ് ആയി വന്നതും പോരാ എന്റെ നാവും പിഴുതെടുക്കുമെന്നോ… തന്നെ ഞാൻ കാണിച്ചു തരാം… ” “അയ്യോ… ഇതിൽ കൂടുതൽ ഇനി എന്ത് കാണാൻ.. നീ ആരാ ഫൂലൻ ദേവിയോ… നിന്ന് തുള്ളാതെ മാഷിന്റെ അടുത്തോട്ടു കൊണ്ടുപോടി എന്നെ ” ന്റെ ഗുരുവായൂരപ്പാ ഈ ഭൂലൻ ദേവി എന്ന പേര് ഇയാൾക്ക് എങ്ങനെ അറിയാം… ഇനി എന്റെ ഇരട്ടപ്പേര് അറിഞ്ഞിട്ട് വിളിച്ചതാകുമോ? ഹേയ് ആദ്യമായി കാണുവാണല്ലോ അറിയാൻ വഴിയില്ല… “എന്താടി തറപ്പിച്ചു നോക്കുന്നത്… ഉണ്ടക്കണ്ണി… നീ എന്താ പൊട്ടിയാണോ എന്നെ അങ്ങോട്ട് കൊണ്ടുപോകാൻ പറഞ്ഞത് കേട്ടില്ലേ… ”
“പൊട്ടി തന്റെ മറ്റവള്… പ്രോഗ്രാം ഒന്ന് കഴിയട്ടെ തനിക്കു ഞാൻ തരുന്നുണ്ട്… ഇപ്പോൾ എന്തായാലും താൻ വാ ” അവളുടെ പിറകെ ഞാനും വച്ചു പിടിച്ചു… ന്റെ ഗുരുവായൂരപ്പാ… എന്ത് പെണ്ണാ ഇത്… വായാടി പാറു… അല്ല ഞാൻ എന്തിനാ അവളുടെ പുറകിൽ നടക്കുന്നത്… ഒപ്പം തന്നെ നടന്നേക്കാം… ഞാൻ അവൾക്കൊപ്പം കയറി നടന്നപ്പോൾ വീണ്ടും അവളെന്നെ തറപ്പിച്ചൊരു നോട്ടം… “ഇങ്ങനെ നോക്കല്ലേ… കണ്ണ് ഇപ്പോൾ ഉരുണ്ട് താഴെ വീഴുമല്ലോ… ” “ദേ… താൻ എന്നോട് സംസാരിക്കാൻ വരണ്ട… ഞാൻ ഈ കാണുന്ന പോലെ അല്ല മഹാ പോക്കിരിയാ… ” “അത് കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു… താൻ പീക്കിരി പോക്കിരി ആണെന്ന്… ” “ഇയാൾ എന്നോട് മിണ്ടണ്ടന്നു പറഞ്ഞില്ലേ… ” “ഓഹ് ഇല്ല… നമ്മൾ ആദ്യമായി കാണുന്നവരല്ലേ എന്തിനാ ചുമ്മാ വഴക്കടിക്കുന്നത്… ഞാൻ നിർത്തി… ആട്ടെ… തന്റെ പേരെന്താ ” “പേരക്ക ” “ഹും… ഇത് ഒരു നടക്ക് പോകില്ല… ” ഇവൾ കുറേനേരം ആയിട്ട് ഇട്ടു നടത്തുവാണല്ലോ എന്നെ… എന്താ ഈ കുട്ടിപിശാചിന്റെ ഉദ്ദേശം… “ഡോ… കുറേനേരം ആയല്ലോ ഇങ്ങനെ ചുറ്റിക്കുന്നു… എവിടെയാ മാഷ്… ”
“താൻ ആദ്യം എന്നോട് സംസാരിച്ചോണ്ടു നിന്നില്ലേ… അവിടുന്ന് ലെഫ്റ്റ് മാറി മാഷും ബാക്കി തബല മൃദംഗം വോക്കൽ ടീം എല്ലാം ഉണ്ട്… ലേറ്റ് ആയി വന്നതിനുള്ള ഒരു ചെറിയ ശിക്ഷ ആണ് ഈ ചുറ്റിക്കൽ… ” അതും പറഞ്ഞു അവൾ ഒരു ഒറ്റ ഓട്ടം… കുരുപ്പിനെ എന്റെ കൈയിൽ എങ്ങാനും കിട്ടിയാൽ തീർത്തേനേം ഞാൻ അത്രക്ക് കലിപ്പുണ്ട്… “എന്താ നന്ദു… നീ നന്നായി അണക്കുന്നുണ്ടല്ലോ… ” “ആഹ്… ഡി… അയാൾ.. അയാൾ ആള് ശരിയല്ല… ” “ആരാ… എന്താടി… നീ കുറച്ചു വെള്ളം കുടിക്കു… ” “യാമി… ആ വയലിനിസ്റ്റ്… അയാൾ വന്നു… കാണാനൊക്കെ ചുള്ളനാ… പക്ഷേ സ്വഭാവം തീരെ പോരാ… അയാൾക്ക് പെണ്ണുങ്ങളോട് സംസാരിക്കാൻ അറിയില്ല… ” “വന്നപ്പോൾ തന്നെ അയാൾക്കിട്ട് പണിഞ്ഞോ നീ… എന്നിട്ട് അയാൾ എവിടെ? ” “മാഷിന്റെ ഒപ്പം ഉണ്ടാകും… എന്നെ ഫൂലൻ ദേവി ന്നു വിളിച്ചെടി… അയാൾക്ക് എങ്ങനെ അറിയാം…? ” “ഹ ഹ ഹ…. അടിപൊളി… നീ സൂക്ഷിച്ചോ മോളെ പുള്ളിക്കാരൻ ആള് പുലിയാണ്…അതല്ലേ ഒറ്റ നോട്ടത്തിൽ നിന്റെ വട്ടപേര് മനസിലാക്കിയത് ” “നീ പോടീ കോന്ത്രപല്ലി…. പിന്നേ… പുലിയല്ല… എലിയാണ്… ”
“മ്മ് പോട്ടെ .. നിഖിലേട്ടനെ വിളിച്ചിട്ട് എടുക്കുന്നില്ലടി… ഇത് വരെ ഒരു വിഷസ് പോലും പറഞ്ഞില്ല… ” “നാടിനു വേണ്ടി കാവൽ നിൽക്കുന്ന ഒരു പട്ടാളക്കാരൻ അല്ലേ മോളെ.. സമയം കിട്ടുമ്പോൾ നിഖിലേട്ടൻ വിളിക്കും… അവിടെ എന്തായി കോസ്റ്റ്യും എല്ലാം ഇട്ടു റെഡി ആയോ 7 പേരും… ” “മ്മ് എല്ലാം റെഡി… ഇനി സ്റ്റേജിൽ കയറിയാൽ മതി… നീയും സ്റ്റേജിൽ എന്റെ ഒപ്പം കാണണം കേട്ടോ… ” “ഞാൻ കൂടെ തന്നെ ഉണ്ടാകും…. പിന്നെ നീ ടെൻഷൻ ഒന്നും ആകേണ്ട… കുട്ടികൾ നന്നായി കളിച്ചോളും… ആദ്യമായിട്ടാ നിന്റെ ഈ ടെൻഷൻ… എന്തായാലും കുറച്ചു സമയം കൂടി ഉണ്ട്… ദക്ഷിണ വാങ്ങിക്കാൻ റെഡി ആയി നിന്നോളൂ… ഞാൻ കുട്ടികളെ കൊണ്ട് ഇപ്പോൾ വരാം… ” പാവം എന്റെ നന്ദു.. എനിക്ക് വേണ്ടി ഓടി നടക്കുവാ അവൾ… എന്നേക്കാൾ ടെൻഷൻ അവൾക്കും ഉണ്ട് പക്ഷേ പുറമെ ബോൾഡ് ആയി നിന്നില്ലെങ്കിൽ ഞാൻ ആകെ തളർന്നു പോകുമെന്ന് എന്നേക്കാൾ നന്നായി അവൾക്കു അറിയാം… “നന്ദൂട്ടി…. ഒന്നിങ്ങ് വന്നേ… ”
“ഈശ്വര… മാഷ് ഇനി എന്തിനാണാവോ വിളിക്കുന്നത്… ” “ഈ വിനുക്കുട്ടനെ നീ പൊട്ടൻ കളിപ്പിച്ചെന്നു പറയുന്നല്ലോ ശരിയാണോ ” ഞാൻ നോക്കിയപ്പോൾ രണ്ടു കൈയും കെട്ടി എന്നെ തന്നെ നോക്കി പുച്ഛത്തോടെ നിൽക്കുന്നു വയലിനിസ്റ്റ് “അത് പിന്നെ മാഷേ… എനിക്ക് ആള് മാറി പോയി… ഒറ്റ നോട്ടത്തിൽ ഞാൻ കരുതി ആള് പൊട്ടനാണെന്നു… അതൊന്ന് പരീക്ഷിച്ചു നോക്കിയതാ… ” “കേട്ടില്ലേ വല്യച്ഛ ഇവളുടെ അഹങ്കാരം… പെണ്ണായാൽ കുറച്ചു അടക്കവും ഒതുക്കവും വേണം… അതെങ്ങനെ വളർത്തു ദോഷം അല്ലാതെന്താ… ” “വിനുക്കുട്ടാ… മതി… ഒരക്ഷരം ഇനി മിണ്ടരുത്… മോളു പൊയ്ക്കോ… ഇനി ഇത് ആവർത്തിക്കരുത് കേട്ടോ… ” “മ്മ് ” കണ്ണുകൾ നിറഞ്ഞു തുളുമ്പാറയി നിൽക്കുന്നു.. ഇവൾക്ക് കരയാനൊക്കെ അറിയുവോ… എന്തായാലും എനിക്ക് ലേശം പോലും സഹതാപം തോന്നിയില്ല… അവൾ പോയി കഴിഞ്ഞപ്പോൾ വല്യച്ഛൻ എന്നോട് പറഞ്ഞു “മോനെ വിനു… നന്ദു നല്ല കുട്ടിയാ… നിന്നെ പോലെ തന്നെയാ എനിക്ക് അവളും യാമിയും… കുറച്ചു കുറുമ്പ് കൂടുതലാ… അവളെ നന്നായി അറിയാവുന്ന ഞങ്ങൾ എല്ലാം അത് ആസ്വദിക്കാറും ആണ് പതിവ്… അതിനെ വളർത്തു ദോഷം എന്നൊന്നും പറയാൻ പാടില്ല… സ്നേഹിക്കാൻ മാത്രം അറിയാവുന്ന അച്ഛന്റെയും അമ്മയുടെയും മകളും രണ്ട് ഏട്ടന്മാരുടെ കുഞ്ഞ് പെങ്ങളും ആണവൾ… വിരോധം ഒന്നും വെക്കണ്ട… ”
“ശരി വല്യച്ചാ… ” ഞാൻ ചെല്ലുമ്പോൾ കുട്ടികളുടെ കൈയിൽ നിന്നും ദക്ഷിണ വാങ്ങി അവരെ അനുഗ്രഹിക്കുകയായിരുന്നു യാമി… “സ്റ്റേജിൽ എല്ലാം ഒക്കെ ആണ്… നീ ഇനി പൊയ്ക്കോ യാമി… നമ്മുടെ ടീമിന്റെ കൂട്ടത്തിൽ പോയിരുന്നോ കേട്ടോ ” “അപ്പോൾ നീ വരുന്നില്ലേ… ന്റെ കൂടെ നീയും വേണം നന്ദു… ” “മ്മ് ഞാൻ വന്നോളാം… ഇപ്പോൾ നീ ചെല്ല്… ” “മ്മ് ” “വിനുക്കുട്ടാ… ഇതാണ് നമ്മുടെ അധ്യാപിക.. യാമിക…. ” മാഷ് യാമിയെ വിനയന് പരിചയപ്പെടുത്തി… അവളുടെ മുഖം എന്റെ നേരെ നീണ്ടു… എന്റെ സകല നാഡികളും തളർന്ന പോലെ… ഉള്ളിൽ ഒരു ആന്തൽ പോലെ…. ഒരാളോടും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു തളർച്ച… ഈശ്വരാ… ഇത്… ഇത്… എന്തെങ്കിലും ചോദിക്കും മുൻപേ എന്റെ മുന്നിൽ നിന്നും അവൾ നന്ദുവിന് അരികിലേക്ക് പോയി… “മൂഷിക വാഹന മോദക ഹസ്ത ചാമര കർണ്ണ വിളംബിത സൂക്ത വാമന രൂപ മഹേശ്വര പുത്ര വിഘ്‌ന വിനായക പാദ നമസ്തേ…. ” കുട്ടികൾ നന്നായി തന്നെ കളിക്കുന്നുണ്ട്.. ഞാൻ നോക്കിയപ്പോൾ യാമി കണ്ണുകൾ അടച്ചു ഇരിക്കുകയാണ്… “ഡി.. കണ്ണ് തുറന്നു നോക്കെടി… വളരെ നന്നായിട്ടുണ്ട്… ഗണപതി മുദ്രയിലെ ‘കപിത്വം ‘ വ്യക്തമായി തന്നെ അവർ കാണിച്ചിട്ടുണ്ട്… അതൊക്കെ ആയിരുന്നില്ലേ നിന്റെ ടെൻഷൻ…. ”
“ഏഴ് പേരിൽ ആരെങ്കിലും ഒരു ചെറിയ മിസ്റ്റേക്ക് വരുത്തിയാൽ എനിക്കല്ലേ നാണക്കേട്… ഞാൻ കുട്ടികളെ തെറ്റ് പഠിപ്പിച്ചുന്നു ആകില്ലേ… ” “അങ്ങനെ ഒന്നും ഇല്ല…എല്ലാരും വൃത്തിയായി കളിക്കുന്നുണ്ട്… നീ നോക്കു… ” യാമിയുടെ മുഖത്തെ ആശ്വാസ ഭാവം കണ്ടപ്പോളാണ് എന്റെ ശ്വാസം ഒന്ന് നേരെ വീണത്… അരങ്ങേറ്റം ഗംഭീരമായി… ഇനി എല്ലാരും നാട്ടിലേക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്… “മോനെ വിനു … നീ ഞങ്ങളുടെ ഒപ്പം പോരെ… കുറേ ആയില്ലേ നാട്ടിൽ നിന്നും മാറി നിന്നിട്ട്… ” “ഇല്ല വല്യച്ഛ… പഴയതൊക്കെ വീണ്ടും പലരും ഓർമപെടുത്തും… വല്യച്ഛൻ വിളിച്ചോണ്ട് മാത്രമാ ഞാൻ പ്രോഗ്രാമിന് വന്നത്… ” “മോനെ… നീ ഇപ്പോളും?? ” “മറക്കാൻ പറ്റുമോ വല്യച്ഛ… എന്നെങ്കിലും ആ ഓർമ്മകൾ മരിക്കുക ആണെങ്കിൽ ഞാൻ വരും… ഉറപ്പ്… ” “ഇത് വെറും വാശിയാണ്… ജന്മം തന്നവരോടുള്ള വാശി… പലരുടെയും ജീവിതം കണ്ടറിഞ്ഞിട്ടുള്ളവനാണ് ഈ ഞാൻ… നന്ദുനെ നീ കണ്ടില്ലേ… കാഴ്ചയിൽ അഹങ്കാരി ആണെന്ന് അല്ലേ നിനക്ക് തോന്നിയത്… ആ കുഞ്ഞു മനസ്സ് തകർന്നു തരിപ്പണമായത് കണ്ടറിഞ്ഞവരാണ് ഞങ്ങൾ… അവൾ ജീവിക്കുന്നില്ലേ… യാമിയെയും നീ കണ്ടതല്ലേ… ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ടു എല്ലാം കൈവിട്ടു പോകുമായിരുന്ന അവസ്ഥയിൽ വാശിയോടെ പലതും മുറുകെ പിടിച്ചവളാണ് യാമി…. അവരുടെ അർപ്പണ ബോധത്തിന്റെ ഫലമാണ് ഇന്ന് എന്നെയും നിന്നെയും ഇവിടെ ഒരുമിച്ചു എത്തിച്ചത് തന്നെ… പെൺകുട്ടികൾ അല്ല തനി പൊന്നിൻ കുടങ്ങൾ… നീ ഒരു ആൺകുട്ടി അല്ലേ… ജീവിതം കുറച്ചു കൂടി സീരിയസ് ആയി കാണു… ”
“മ്മ് ” വല്യച്ഛൻ പറഞ്ഞതിന് അർത്ഥം എന്താണ്? നന്ദുന് എന്തായിരിക്കും പറ്റിയിട്ടുണ്ടാകുക?അത് ശരിക്കും യാമി തന്നെ ആണോ? എന്റെ കണ്ണുകൾ എന്നെ ചതിക്കുകയാണോ? എന്തായിരിക്കും ഇവരുടെ ജീവിതത്തിൽ നടന്നിട്ടുണ്ടാകുക… കുറേ ചോദ്യങ്ങൾ മനസിന്റെ ഉള്ളറയിൽ കൂട് കൂട്ടി… എല്ലാം അറിയണമെങ്കിൽ വല്യച്ഛന്റെ കൂടെ നാട്ടിലേക്കു പോയേ മതിയാകു… നന്ദുന്റെ കൂടെ യാമി നടന്നു വരുന്നതു കണ്ടപ്പോൾ ഹൃദയം നിലക്കുന്നതായി തോന്നിപോയി… അതേ മുഖം… ആ നോട്ടം… ആ ചിരി… എല്ലാം… എല്ലാം… അവളെ പോലെ… അവർ അരികിലേക്ക് എത്തും തോറും എന്റെ ശ്വാസമിടുപ്പു ദ്രുത ഗതിയിലായി… ഞാൻ പോലും അറിയാതെ എന്റെ നാവുകൾ മന്ത്രിച്ചു… “ലക്ഷ്മി…. ലെച്ചു…. ” ( തുടരും )

by