30/04/2026

ഭാഗ്യജാതകം : ഭാഗം 29

രചന – അയിഷ അക്ബർ

വീട്ടിലെത്തി ആഭരണങ്ങൾ എല്ലാവരെയും കാണിക്കുമ്പോൾ വേണിയുടെ മുഖത്താകെയൊരു ദേഷ്യം പോലെ തോന്നി….

ജാനകി എല്ലാം എടുത്ത് നോക്കുമ്പോഴും അവരുടെ മുഖത്തൊരു തൃപ്തി പോലെ കാണപ്പെട്ടു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നിശ്ചയ ദിവസം വീട്ടിലേക്ക് പോവാൻ വേഗം പണികളെല്ലാം കഴിഞ്ഞവൾ കുളിച്ചു…

കുളിച് കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോൾ കട്ടിലിൽ ചാരി ഫോണിൽ നോക്കിയിരിക്കുന്ന ആദിയെയാണ് കാണുന്നത്……

നിശ്ചയത്തിന് ആരൊക്കെയാ വരുന്നത്….

തലയിൽ കെട്ടി വെച്ച തോർത്തഴിച്ചു കൊണ്ടാണ് ശിവയത് ചോദിച്ചത്….

ഞാനും നീയും…..
ആദി ഫോണിലേക്ക് തന്നെ നോക്കിയാണത് പറഞ്ഞതും…..

അതെന്താ മറ്റാരും വരാത്തത്……
അവൾ സംശയത്തോടെ വീണ്ടും ചോദിച്ചു…..

നിനക്ക് ചോദിച്ചു കൂടാരുന്നോ…..
അതും ഫോണിൽ നോക്കിയവൻ ചോദിച്ചപ്പോഴും അവൾ പെട്ടെന്ന് നിശബ്ദയായത് കൊണ്ടാണ് തലയുയർത്തി അവളിലേക്ക് നോക്കിയത്…..

അവൾ തല കുനിച്ചു നിൽക്കുകയായിരുന്നു….
താനങ്ങനെ പറഞ്ഞതിലുള്ള പരിഭവം പോലെയെന്തോ ഒന്ന് അവളുടെ മുഖത്ത് പടർന്നത് പോലെ അവന് തോന്നി……

മുത്തശ്ശി മരിച്ചു അധികമൊന്നുമായിട്ടില്ലല്ലോ…… അതാണ് അമ്മ വരുന്നില്ലെന്ന് പറഞ്ഞത്….

വേണിയേട്ടത്തിക്ക് പല്ല് വേദനയാണത്രേ…….
അത് കൊണ്ട് നമ്മളോട് പോയി വരാൻ പറഞ്ഞു…..

അവനത് പറഞ്ഞപ്പോൾ അവൾ തല കുലുക്കി….

അവനവിടെ ഇരിക്കുന്നിടത്തോളം അവൾ എന്തിനോ കാത്തു നിൽക്കുന്ന പോലെ തോന്നിയത് കൊണ്ടാണ് ആദി തലയുയർത്തി ഒന്ന് കൂടി അവളെ നോക്കിയത്….

അവളാകെ നിന്ന് പരുങ്ങുന്നത് പോലെ അവന് തോന്നി….

മ്മ്മ്…..?
ചോദ്യഭാവത്തിൽ അവൻ പുരികമുയർത്തി….

അവളൊന്നും മിണ്ടുന്നില്ലെങ്കിലും പുതിയ കറുത്ത സാരി കയ്യിലിട്ട് ഞെരിക്കുന്നുണ്ടായിരുന്നു..

മാറ്റാൻ വേണ്ടി താൻ മുറിയിൽ നിന്നു പുറത് പോവാനാവും അവൾ നിൽക്കുന്നതെന്ന് അവന് മനസ്സിലായി…..

അവനൊന്നും മിണ്ടാതെ വീണ്ടും അതേ ഇരിപ്പ് തുടർന്നു….

അവൾ വീണ്ടും കുഴപ്പത്തിലായി……

നമ്മളെപ്പോഴാ പോകുന്നത്….

നിന്റെ കഴിഞ്ഞാൽ പോവാം….

എങ്കി എനിക്ക് സാരി ചുറ്റണം….
പെട്ടെന്നവളത് പറഞ്ഞപ്പോൾ ആദിയവളെ നോക്കി….

എനിക്ക് സാരി ചുറ്റാനൊന്നും അറിയില്ല… നിനക്ക് നിർബന്ധമാണെങ്കിൽ ഞാനൊന്ന് ശ്രമിച്ചു നോക്കാം…..

അവൻ ഗൗരവത്തോടെ അത് പറയുമ്പോൾ ശിവക്ക് തിരിച്ചെന്ത് പറയണമെന്നറിയില്ലായിരുന്നു….

അവൾ നിസ്സഹായതയോടെ അവനെ നോക്കിയതും അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി….

അപ്പോഴാണ് അവളെ കളിയാക്കിയതാണെന്ന അവൾക്ക് മനസ്സിലായത് തന്നെ…..

അവൾ മുഖം കൂർപ്പിച്ചു അവനെ നോക്കുന്നതോടൊപ്പം കയ്യിലുള്ള സാരി അവന്റെ മുഖത്തേക്കെറിഞ്ഞു പുറത്തേക്ക് പോവാനൊരുങ്ങി…..

നിൽക്ക്…. ഞാൻ പോവാണ്…. നീ വേഗം റെഡി ആയിക്കോ…. ഇപ്പൊ തന്നെ വൈകി….

പറയുമ്പോഴും അവന്റെ ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല….

അവന്റെ വാക്കുകൾ അവളുടെ കാലുകളെ കെട്ടിയിട്ടിരുന്നു….

അവന്റെ ദേഹത്തേക്ക് വീണ സാരിയവൻ അവളുടെ കൈകളിൽ കൊടുക്കുമ്പോഴും അവന്റെ മുഖത്ത് അതേ ചിരിയുണ്ടായിരുന്നു….

ആ ചിരിയെ താങ്ങാനുള്ള ശേഷി അവളുടെ മിഴികൾക്കില്ലെന്ന് തോന്നിയത് കൊണ്ടാണ് അവൾ മിഴികൾ താഴെക്കൂന്നി നിന്നത്…..

എന്നാൽ ആദ്യമായി അവളുടെ കവിളുകളിൽ ചെഞ്ചായം പടർന്നത് ആദി കണ്ടിരുന്നു…..
അവയിൽ നിറഞ്ഞു നിന്നതത്രയും നാണത്തിന്റെ ലാഞ്ചന യായിരുന്നില്ലേ…….

അവൻ ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി…..

അവൻ മുറി വീട്ടിറങ്ങിയതും വാതിലടച്ചവളൽപ നേരം കണ്ണാടിയിലേക്ക് നോക്കി നിന്നു…..

പിന്നെ പതിയേ ഇരു കൈകൾ കൊണ്ടും മുഖം പൊത്തി…….

കുറച്ചു കഴിഞ്ഞ് വാതിലിൽ മുട്ടുന്നത് കേട്ട് വാതിൽ തുറന്നപ്പോൾ ആദിയായിരുന്നു……

വാതിൽ തുറന്നതും അവളെ കണ്ട് അവൻ അടിമുടിയൊന്നു നോക്കി….

കറുത്ത സാരിയിൽ മനോഹരിയായിരുന്നവൾ…
കഴുത്തിൽ തിളങ്ങുന്ന വെള്ള ക്കല്ലുകളെക്കാൾ അവളുടെ ഭംഗി എടുത്ത് കാണിച്ചിരുന്നു…..

നീളൻ മുടി മെടഞ്ഞു മുമ്പിലേക്കിട്ടിരുന്നു….

സാരിയുടെ ഒരറ്റം കൈ കൊണ്ട് പിടിച്ചിട്ടുണ്ടായിരുന്നു….

നീളൻ നെറ്റി തടത്തിൽ കറുത്തൊരു കുഞ്ഞു പൊട്ട് സ്ഥാനം പിടിച്ചിരുന്നു…
സിന്ദൂരത്തിന്റെ ചുവപ്പ് അവളുടെ നെറുകിൽ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു….

അവളെ കണ്ടതും അവനൊരു നിമിഷം നോക്കി നിന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആദിയും ശിവയും മാറ്റിയിറങ്ങുമ്പോൾ ജാനകിയടക്കംഎല്ലാവരുടെയും കണ്ണ് ശിവയിൽ തന്നെയായിരുന്നു….

ശിവയുടെ സൗന്ദര്യത്തെ കുറിച്ചാരും സംസാരിക്കേണ്ട അവസരം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് പറയുന്നതാവും ശെരി….

ഒരുങ്ങുന്നതിലും മിനിങ്ങുന്നതിലുമൊന്നും ശ്രദ്ധയില്ലാത്ത ശിവ നന്നായോന്നൊരുങ്ങിയപ്പോൾ അവളിലുണ്ടായ മാറ്റം എല്ലാവരെയും അത്ഭുതപെടുത്തിയിരുന്നു….

കാറിൽ കയറിയിട്ടും ഇടം കണ്ണാലെ തന്നെ നോക്കുന്ന ആദിയെ ശിവ കാണുന്നുണ്ടായിരുന്നു….

താൻ താലി കെട്ടിയ ആ ശിവയിൽ നിന്നും അവളൊരുപാട് മാറിയിട്ടുണ്ടെന്നവന് തോന്നി….

ആദ്യമൊക്കെ അവളെ ചൊടിപ്പിക്കാൻ വേണ്ടി മാത്രം ചെയ്തിരുന്ന കുസൃതികൾ ഇന്ന് താനും അത്രത്തോളം ആസ്വദിക്കുന്നത് അവനെ അമ്പരപ്പെടുത്തിയിരുന്നു…

അയ്യോ…. അവരെത്തിയിട്ടുണ്ടല്ലോ…

വീട്ടിലേക്കെത്തിയപ്പോഴേ മറ്റ് വണ്ടികൾ അവിടെ സ്ഥാനം പിടിച്ചത് കണ്ടാണ് ശിവയത് പറഞ്ഞത്….

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ….. അതിനു തമ്പുരാട്ടീടെ ഒരുക്കം കഴിയണ്ടേ……

അവനത് പറയുമ്പോൾ അവൾ കേൾക്കാത്ത മട്ടിൽ ഡോർ തുറന്നു പുറത്തേക്കിറങ്ങി…

എന്നാൽ അവളകത്തേക്ക് കയറാതെ നിന്നു….

വണ്ടി നിർത്തി അവൻ വന്നിട്ടും അകത്തേക്ക് കയറാതെ നിൽക്കുന്നവളെ ആദിയോന്നു നോക്കി….

എന്താ കയറാത്തത്….

അവളൊന്നും മിണ്ടിയില്ല….

അവൻ അകത്തേക്കു കയറിയതിനു പിറകെ അവനോട് ചേർന്നവളും കയറി…..

നിറയെ ചെരിപ്പുകൾ മുറ്റത്തു നിറഞ്ഞിരുന്നു…..

അകത്തു നിന്ന് സംസാരങ്ങളും ബഹളങ്ങളും കേൾക്കുന്നുണ്ടായിരുന്നു…

ആദിയോട് ചേർന്ന് കയറി വരുന്ന ശിവായിലേക്ക് എല്ലാവരുടെയും ശ്രദ്ധ പതിക്കാൻ അധികം സമയമൊന്നും വേണ്ടിയിരുന്നില്ല…..

പെണ്ണിന്റെ ചേച്ചിയാ….
അപ്പുറത്തെ വീട്ടിലെ ദേവകി ചേച്ചിയത് പറയുമ്പോൾ ശിവ എല്ലാവരോടുമായൊന്നു പുഞ്ചിരിച്ചു…..

എന്നാൽ തന്നെ തന്നെ ദേഷ്യത്തോടെ ഉറ്റ് നോക്കി നിൽക്കുന്ന നീതുവിനെ അപ്പോഴാണവൾ കാണുന്നത്….

അവളുടെ കണ്ണുകൾ ആഭരണങ്ങളിലൂടെ കടന്ന് പോകുമ്പോൾ അവയിൽ ദേഷ്യം നിറഞ്ഞതായി ശിവക്ക് തോന്നി…..

ചേച്ചിയെ കെട്ടിച്ചയച്ചിരിക്കുന്നതും നല്ല തറവാട്ടിലേക്കാ…

വന്നവർക്കിടയിൽ താനൊരു സംസാരമായെന്ന് തോന്നിയപ്പോഴാണ് അവൾ പതിയേ അടുക്കളയിലേക്ക് ഉൾവലിഞ്ഞത്….

അവിടെ ഭക്ഷണങ്ങൾ ഒരുക്കി വെക്കുന്ന തിരക്കിലായിരുന്നു ലക്ഷ്മി…

കൂടെ ബന്ധുക്കളിൽ പെട്ടവരും അയൽവാസികളും ഒക്കെ ഉണ്ടായിരുന്നു….

ഹാ…. ശിവ മോള് വന്നോ…

തന്നെ സ്വീകരിക്കുന്ന ബന്ധുക്കൾക്കിടയിൽ നിന്നും ചെറിയമ്മ തലയുയർത്തി അവളെ നോക്കി…….

അവർക്കാകെ തല ചുറ്റുന്നത് പോലെ തോന്നി….

താൻ മനസ്സിൽ വരച്ചു ചേർത്ത ചിത്രത്തിൽ നിന്നും പാടേ വ്യത്യസ്തയായി നിൽക്കുന്നവളെ കാൺ കേ അവർക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…..

അവളവരുടെ മിഴികളിലേക്ക് തന്നെ നോക്കി…. തലയുയർത്തി പിടിച്ചു കൊണ്ട്…….

തന്റെ തോൽവിയുടെ കാലം കഴിഞ്ഞിരിക്കുന്നു എന്നവൾ തന്നോട് പറയുന്നത് പോലെ ലക്ഷ്മിക്ക് തോന്നി…..

അവളുടെ മിഴികളിലെ തിളക്കത്തെയും തീക്ഷണതയെയും നേരിടാനാവാതെ ലക്ഷ്മിയുടെ മിഴികൾ താനേ കുനിഞ്ഞു പോയി….

ദോഷക്കാരി…ഭാഗ്യമില്ലാത്തവൾ അങ്ങനെ മനോഹരമായ വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്തിരുന്ന പലരും ശിവ മോളേ യെന്ന് വിളിക്കുമ്പോൾ അവൾക്ക് പുച്ഛം തോന്നി….
അതിനൊന്നും കാരണം താനല്ലെന്നും അവൾക്കറിയാമായിരുന്നു…

അതിനു കാരണക്കാരനായവനെ അവൾ പതിയേ നോക്കി….

ആരോടൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിലും തന്റെ നോട്ടം അറിഞ്ഞത് കൊണ്ടാവാം തന്നിലേക്ക് ആ മിഴികൾ പാറി വീണത്….

അവനെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നത് കണ്ടിട്ടായിരിക്കും അവൻ എന്തെന്ന ഭാവത്തിൽ പുരികം പൊക്കിയത്….

ഒന്നുമില്ലെന്നവൾ തല കുലുക്കി…….

നീതുവിന്റെ കൈകളിൽ ജീവൻ ഒരു വളയണിയിച്ചു..

പിന്നെ ഫോട്ടോ എടുക്കലും തിരക്കുമായപ്പോഴാണ് ശിവ അല്പം പിറകിലേക്ക് നീങ്ങി നിന്നത്……

ചുമലിൽ ഒരു ഭാരം അറിഞ്ഞപ്പോഴാണ് അവൾ നോക്കിയത്….

കൈ തന്റെ ഒരു ചുമലിൽ വെച്ച് ആദി നിൽക്കുന്നുണ്ടെങ്കിലും ശ്രദ്ധ മുഴുവൻ ഫോട്ടോ എടുക്കുന്ന വരിലേക്കായിരുന്നു…..

അവൾ കണ്ണിമ വെട്ടാതെ അവനെ തന്നെ നോക്കി നിന്നു……

അവനാ നോട്ടം അറിയുന്നുണ്ടെങ്കിലും കാണാത്ത മട്ടിൽ നിന്നു….
ചുണ്ടിൽ ഒരു ചിരി അപ്പോഴേക്കും പടർന്നിരുന്നു…….

ഓഹ്… സോറി…. അവൻ അതേ പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കിയത് പറഞ്ഞു കൊണ്ട് കയ്യെടുത്തു…..
അവളുടെ ചുണ്ടിലും ഊറി വന്ന ചിരിയെ മറക്കാൻ അവൾ പെട്ടെന്ന് മുഖം തിരിച്ചു….

ആളുകളെല്ലാം ഒഴിഞ്ഞതും അവർ ഉമ്മറത്തിരുന്നു…..

കല്യാണത്തിനും ഇനി അധിക സമയമില്ല…..
ശങ്കരന്റെ മുഖത്ത് വേവലാതി പ്രകടമായിരുന്നു…..

ചാരു കസേരയിൽ കിടക്കുന്ന ശങ്കരന്റെ അരികിലായി ആദിയിരിക്കുന്നുണ്ടായിരുന്നു…..

ആദിക്ക് പിറകിലായി ശിവയും നിൽക്കുന്നുണ്ടായിരുന്നു…

ലക്ഷ്മിയും നീതുവും അങ്ങോട്ട് കടന്നു വന്നു….

നീതുവിന്റെ കണ്ണുകളത്രയും ജീവനണിഞ്ഞ വളയിലായിരുന്നു…..

ശിവാ അതിങ്ങെടുത്തെ…

ആദി ശിവയോടത് പറയുമ്പോൾ എല്ലാവരുടെയും മുഖത്ത് സംശയം പടർന്നെങ്കിലും ശിവ അകത്തു പോയി ബാഗെടുത്തു കൊണ്ട് വന്നു…..

എല്ലാവരുടെയും കണ്ണുകൾ ശിവയിലേക്ക് നീങ്ങി….

ബാഗ് തുറന്നതിൽ നിന്നൊരു പൊതിയെടുത്തവൾ ആദിക്ക് നേരെ നീട്ടി….

അവനത് വാങ്ങി ശങ്കരനന്റെ കയ്യിൽ കൊടുത്തു….

എന്താ മോനെ ഇത്…. ചോദിക്കുന്നതോടൊപ്പം ശങ്കരൻ ആ പൊതി തുറന്നിരുന്നു…..

പെട്ടെന്നത് കണ്ടപ്പോൾ ശങ്കരനൊന്നു ഞെട്ടി….

ഇത്…. ഇത് ശിവ മോൾടെ ആഭരണമല്ലേ….

അത് കണ്ടപ്പോൾ ലക്ഷ്മിയും നീതുവും ഒരു പോലെ പകച്ചിരുന്നു….
നീതു ലക്ഷ്മിയുടെ കയ്യിൽ പിടിച്ചു…..

അതേ….. ആദി സൗമ്യമായി മറുപടി പറഞ്ഞു….

അന്ന് സ്വർണം ഊരി വാങ്ങിയ കാര്യം ശങ്കരനോട്‌ പറയുമോയെന്ന പേടിയിൽ ലക്ഷ്മിയുടെ ഹൃദയം പട പടാന്ന് മിടിച്ചു….

ശിവയെ പേടിക്കേണ്ട കാര്യമില്ല…. അങ്ങനെയൊന്നും അവളൊന്നും തുറന്ന് പറയില്ല…. എന്നാൽ ആദി അങ്ങനെയല്ല…. അവനെ പേടിക്കുക തന്നെ വേണമെന്ന് ലക്ഷ്മിക്കറിയാമായിരുന്നു…

കുറച്ചു സ്വർണം ഇതിനു മുന്പേ ഞാനിവിടെ ഏൽപ്പിച്ചിരുന്നു… ആരും ഒന്നും പറഞ്ഞില്ലേ…..

ആദിയത് ചോദിക്കുമ്പോൾ ശങ്കരൻ ലക്ഷ്മിയെ നോക്കി…..

ലക്ഷ്മി ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു….

അതിന്റെ ബാക്കിയാണിത്…
അവരുടെ സംസാരങ്ങൾക്ക് കാത്തു നിൽക്കാതെ ആദി തുടർന്നു…..

അപ്പൊ ശിവ ക്ക് ആഭരണങ്ങൾ….
ശങ്കരന്റെ മുഖം ദയനീയമായി….

ശിവക്ക് വേണ്ടത് വാങ്ങി കൊടുക്കാനല്ലേ ഞാൻ….

അവൾക്കെന്ത് വേണമെങ്കിലും ഞാൻ വാങ്ങി കൊടുത്തോളാം..

ആരുടേയും ഒന്നും എന്റെ ഭാര്യക്കാവശ്യമില്ല…..
അവസാനം പറഞ്ഞത് കനം കൂട്ടി ലക്ഷ്മിയുടെ മുഖത്ത് നോക്കിയാണ് ആദി പറഞ്ഞത്…..

സംഭവിച്ചതെല്ലാം പറഞ്ഞാൽ ശങ്കരനത് ബുദ്ധിമുട്ടാവുമെന്നറിയുന്നത് കൊണ്ട് തന്നെയാണ് അവനൊന്നും പറയാതിരുന്നത്…..

എങ്കിലും അവിടെ യുള്ള സാഹചര്യങ്ങളും ആദിയുടെ ശരീര ഭാഷയും വെച്ച് എന്തോ ഒന്ന് നടന്നിട്ടുണ്ടെന്ന് ശങ്കരന് മനസ്സിലായി…..

ലക്ഷ്മി അവന്റെ വാക്കുകളിലെ മൂർച്ച താങ്ങാൻ കഴിയാതെ തല കുനിച്ചു തന്നെ നിന്നു….

അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ശിവയുടെ മനസ്സിൽ വല്ലാത്തൊരു ആശ്വാസം തളം കെട്ടി നിന്നിരുന്നു…..

ഇരുട്ട് പരത്തുന്ന കാർ മേഘങ്ങൾ നീങ്ങി തുടങ്ങിയത് അവളറിഞ്ഞു തുടങ്ങിയിരുന്നു……

(തുടരും )