21/04/2026

ദിൽന : ഭാഗം 05

രചന – നന്ദിത ദാസ്

(ഇതുവരെ എബി ടെ ഭാഗത്തു നിന്നു കഥ പറയും പോലെ അല്ലേ തുടർന്നത്.. ഇനി ദിൽന കൂടി പറയുന്ന രീതിയിലാരിക്കും സ്റ്റോറി )

$$$$$$$$$$%$%%$$$$$$$$$$$$$$$

കാർ എന്നെയും കൊണ്ട് വല്യ ഒരു കെട്ടിടത്തിനു മുന്നിൽ ചെന്നു നിന്നു..
അതിന്റെ വലിപ്പവും പ്രൗഢിയും കണ്ടപ്പോൾ മനസിൽ നേരിയ ഒരു ഭയം പോലെ..

ഗേറ്റ് ഓപ്പൺ ചെയ്യുന്നിടത്തു രണ്ട് സെക്യൂരിറ്റീസ് നിൽക്കുന്നതൊഴിച്ചാൽ ഞാനും ഡ്രൈവറും മാത്രമാണ് ഇപ്പോൾ ആ കോമ്പൗണ്ടിനുള്ളിൽ.. ഒരു ചെറിയ ഇലയനക്കം പോലും കേൾക്കാൻ കഴിയുന്നത്ര നിശ്ശബ്ദത..
അവിടെമാകെ ഞാൻ ഒന്നൂടി കണ്ണോടിച്ചു.. മനോഹരമായി വെട്ടി നിരപ്പാക്കപ്പെട്ട പുൽത്തകിടി.. അതിന്റെ ഒരു കോണിലായി വിവിധ വർണ്ണത്തിലുള്ള ബോയിഗൻ വില്ല ഒരു ആർച്ചു പോലെ ക്രമീകരിച്ചിരിക്കുന്നു.. കണ്ണിനു കുളിർമയുള്ള കാഴ്ച്ചകൾ.. മനസ്സിലുണ്ടായിരുന്ന ഭയമൊക്കെ എവിടേക്കോ ഓടി ഒളിച്ചപോലെ..

“മാഡം.. അകത്തേക്ക് ചെന്നോളു.. ”

ഡ്രൈവർ ആണ്..

“എന്റെ ബാഗുകൾ എല്ലാം?? ”

“അത് കാറിൽ തന്നെ ഇരിക്കട്ടെ.. എനിക്കു മാഡത്തെ തിരിച്ചു ഹോസ്റ്റലിൽ ആക്കേണ്ടതല്ലേ? ”

“ഒക്കെ ”

അത്യാവശ്യം വേണ്ട ചില ഡോക്യൂമെന്റസുമായി ഞാൻ അകത്തേക്ക് കയറി..
എയർകണ്ടിഷനിൽ നിന്നും പുറപ്പെടുന്ന തണുപ്പ് അസ്ഥിയിലേക്കു അരിച്ചിറങ്ങുന്ന പോലെ.. അത്രക്കുണ്ട് തണുപ്പ്..
റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടിയുടെ കയ്യിലേക്ക് അപ്പോയ്ന്റ്മെന്റ് ഓർഡർ നൽകി..

“വെൽക്കം മാഡം.. യാത്രയൊക്കെ സുഖം ആയിരുന്നോ? ”

“അതെ സുഖം.. ”

എന്റെ മറുപടി കേട്ടു അവൾ വശ്യമായി ഒന്ന് പുഞ്ചിരിച്ചു.. അത് എനിക്കു അത്ര പിടിച്ചില്ല.. എന്തോ നിഗൂഢത പോലെ തോന്നി എനിക്കു അവളുടെ ബിഹേവിയർ..
അവൾ ഫോൺ ചെയ്തതനുസരിച് മറ്റൊരു പെൺകുട്ടി അവിടേക്കു വന്നു.. എല്ലാത്തിന്റെയും ചുണ്ടിൽ നിറയെ ചായം പൂശിയിരിക്കുന്നു.. മുട്ടറ്റം വരെ എത്തി നിൽക്കുന്ന ഒരു സ്കേർട്… അവളെക്കാൾ വൃത്തി ഉണ്ട് റിസപ്ഷനിൽ ഇരിക്കുന്ന കുട്ടിക്ക്..

ന്റെ മാതാവേ ഡ്രസ്സ്‌ കോഡ് ഇതാണെങ്കിൽ തെണ്ടി പോയത് തന്നെ..

“മാഡം വരൂ.. ബോസിനെ കണ്ട് അപ്പോയ്ന്റ്മെന്റ് ഓർഡർ നേരിട്ട് കൊടുക്കണം ”

“ഒക്കെ ”

അവളുടെ പുറകെ പോകുമ്പോളും ഞാൻ ആ ഓഫീസ് ഒന്നൂടി വീക്ഷിക്കുകയായിരുന്നു.. പ്രത്യേകം പ്രത്യേകം ക്യാബിനുകൾ.. പുറത്ത് നിൽക്കുന്ന ഒരാൾക്കും അതിനുള്ളിൽ ഇരിക്കുന്നവരെ കാണാൻ കഴിയില്ല.. സിസ്റ്റത്തിന്റെ ചെറിയ മൂളൽ അല്ലാതെ വല്ലാത്ത ഒരു നിശബ്ദത അവിടെയെല്ലാം തങ്ങി നിൽക്കുന്നു..

“May coming sir ”

കൂടെ വന്ന കുട്ടിയാണ്.. അകത്തുനിന്നുള്ള മറുപടി കേൾക്കാൻ ഞാനും കാതോർത്തു..

“യെസ് ”

ഒരു പുരുഷ ശബ്ദം..അത് കേൾക്കേണ്ട താമസം അവൾ എന്നെ അയാൾക്ക്‌ പരിചയപെടുത്തിയിട്ടു പുറത്തേക്കു പോയി.. അയാൾ മുഖമുയർത്തി എന്നെ നോക്കി..

“ദിൽന ഇരിക്കു..”

അയാൾ ചൂണ്ടി കാണിച്ച ചെയറിലേക്കു ഞാൻ ഇരുന്നു..

“സർ സർട്ടിഫിക്കറ്റസ്”

ഞാൻ ഡോക്യൂമെന്റസ് അയാൾക്ക്‌ നേരെ നീട്ടി.. അയാൾ അത് വാങ്ങി വിശദമായി പരിശോധിക്കാൻ തുടങ്ങി..
അപ്പോളാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്.. സുമുഖനായ ഒരു ചെറുപ്പക്കാരൻ… ക്ലീൻ ഷേവ് ചെയ്ത നല്ല വട്ട മുഖം.. അതിന് യോജിക്കുന്ന രീതിയിലുള്ള ഒരു കണ്ണട മുഖത്ത് സ്ഥാനം പിടിച്ചിരിക്കുന്നു..

നെയിം ബോർഡിൽ കണ്ട പേര് ഞാൻ വായിച്ചെടുത്തു “ജിതിൻ തമ്പാൻ ”
ഓഹ് ഇയാളാണല്ലേ എബി പറഞ്ഞ ജിതിൻ.. എബിക്ക് ഇയാളെ എങ്ങനെ ആയിരിക്കും പരിചയം..

“വന്നപ്പോൾ മുതൽ വല്യ ചിന്തയിലാണല്ലോ.. എന്തേ ഇവിടൊന്നും ഇഷ്ടപ്പെട്ടില്ലേ? ”

“ഹേയ് നതിങ് സർ… ഞാൻ വെറുതെ ”

“ദിൽന കാറിൽ വന്നിറങ്ങിയപ്പോൾ മുതൽ ഉള്ള ക്യാമറ ദൃശ്യങ്ങൾ ഞാൻ ഇവിടെ കണ്ടുകൊണ്ടു ഇരിക്കുകയാരുന്നു.. തന്റെ മുഖത്തെ ഓരോ ഭാവങ്ങളും വ്യക്തമായി തന്നെ കണ്ടിട്ടാണ് ഈ ചോദ്യം ”

മാതാവേ.. പെട്ടല്ലോ.. ക്യാമറയുടെ കാര്യം ഞാൻ ഓർത്തില്ല..

“അത് പിന്നെ ആദ്യം ആയോണ്ട് ഒരു… ”

“ആഹ് ഒക്കെ… എനിക്കു മനസിലാകും.. ഇവിടുത്തെ റൂൾസ്‌ എല്ലാം എന്റെ പേഴ്‌സണൽ സെക്രട്ടറി ഡെല്ല പറഞ്ഞു തരും.. എന്ത് ബുദ്ധിമുട്ട് ഉണ്ടേലും എന്നോടോ ഡെല്ലയോടോ പറയാം.. ഇന്ന് എന്തായാലും ജോയിൻ ചെയ്‌തോളൂ.. നാളെ മുതൽ ജോലിക്ക് കയറിയാൽ മതി.. ഒക്കെ ”

“ഒക്കെ സർ ”

സംസാരിക്കുന്നതിന്റെ കൂട്ടത്തിലും അയാളുടെ കണ്ണുകൾ എന്റെ ശരീരമാകെ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു..

മുഖത്ത് നോക്കി സംസാരിക്കെടാ നായെ എന്ന് പറയണമെന്ന് തോന്നി.. പെട്ടെന്ന് എന്റെ മുഖത്തുണ്ടായ ഭാവമാറ്റം അയാൾക്ക്‌ മനസിലായെങ്കിലും അയാൾ അതൊന്നും ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല.. ഇങ്ങനെ ഒരു വൃത്തികെട്ടവന്റെ കൂടെ എങ്ങനെ ജോലി ചെയ്യുമെന്നായിരുന്നു എന്റെ ചിന്ത മുഴുവൻ.. കാഴ്ചയിലുള്ള മാന്യത ഒന്നും അയാളുടെ സ്വഭാവത്തിൽ ഇല്ലെന്ന് ഇന്നൊരു ഒറ്റ ദിവസം കൊണ്ട് തന്നെ ഞാൻ മനസ്സിലാക്കി..

“ഹലോ ഡെല്ല.. കം ടു മൈ ക്യാബിൻ ”

നിമിഷങ്ങൾക്കുള്ളിൽ അവൾ എത്തി..

“ഡെല്ലാ. ഇതാണ് നമ്മുടെ ന്യൂ അപ്പോയ്ന്റ്മെന്റ്.. ദിൽന മാത്യൂസ്.. ”

“ഹായ് മാഡം ”

“ഹായ് ”

“ഒക്കെ ദിൽന.. ഇപ്പോൾ ഡെല്ലയുടെ കൂടെ പൊയ്ക്കോളൂ.. ഡീറ്റെയിൽസ് എല്ലാം ഡെല്ല പറഞ്ഞു തരും ”

“ഒക്കെ സർ ”

എത്രയും പെട്ടെന്ന് അയാളുടെ മുന്നിൽ നിന്നും പോയാൽ മതിയെന്നായിരുന്നു എനിക്കു.. അതുകൊണ്ട് തന്നെ അയാൾ പറഞ്ഞത് കേട്ടപ്പോൾ ഞാൻ ചാടി എഴുന്നേറ്റു.. ഡെല്ലയോടൊപ്പം പുറത്തേക്കിറങ്ങി..

അവളുടെ വെപ്രാളം കണ്ടപ്പോൾ അയാൾ മനസ്സിൽ ഊറി ചിരിച്ചു.. നിന്നെപ്പോലെ എത്രയെണ്ണത്തെ ഞാൻ കണ്ടിരിക്കുന്നു പെണ്ണേ.. ഒടുവിൽ നീയും എന്റെ വഴിക്ക് വരും.. ഒന്നും കാണാതെയല്ല ഈ ജിതിൻ തമ്പാൻ നിന്നെ ഇവിടെ അപ്പോയ്ന്റ് ചെയ്യുന്നേ…

ഡെല്ലയോടൊപ്പം പോകുമ്പോളും ഒരു വല്ലാത്ത ഭീതി എന്നിൽ നിറഞ്ഞു.. എന്തോ ആപത്തു വരാൻ പോകുന്നതുപോലെ ഒരു തോന്നൽ..
അതുകണ്ടിട്ടാകണം അവൾ എന്നോട് ചോദിച്ചു..

“എന്തുപറ്റി.. ആകെ മൂഡ് ഓഫ്‌ ആണല്ലോ?? സർ എന്തെങ്കിലും? ”

“അത്.. അത് പിന്നെ.. ”

“പറഞ്ഞു ബുദ്ധിമുട്ടണ്ട.. എനിക്കു മനസ്സിലാകും.. ആട്ടിൻ തോലിട്ട ചെന്നായ് ആണ് അയാൾ.. ഇവിടെ ഉള്ളോരൊക്കെ അയാളുടെ ശിപ്പന്തികൾ ആണ്.. എന്തെങ്കിലും ആഗ്രഹിച്ചാൽ ഏത് വിധേനയും അത് നിറവേറ്റിയിരിക്കും…
മുംബൈ ബാംഗ്ലൂർ പെൺകുട്ടികൾ ആണ് ഇവിടെ വർക്ക്‌ ചെയ്യുന്നതിൽ കൂടുതലും.. മിക്കതും പോക്ക് കേസ് ആണ്.. ഞാൻ പറഞ്ഞതൊക്കെ മനസ്സിൽ വേണം.. നമ്മൾ ബോൾഡ് ആണേൽ ഒന്നും നടക്കില്ല.. ”

“അപ്പോൾ ഡെല്ലക്കും ഇതേപോലെ?? ”

“ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്.. പക്ഷെ ഇന്നുവരെ അയാൾക്ക്‌ ഞാൻ കീഴ്പെട്ടിട്ടില്ല.. എത്രനാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്നു അറിയില്ല.. എന്റെ കുടുംബത്തെ ഒരു കരയ്ക്ക് എത്തിക്കുന്നതുവരെ തുടർന്നേ പറ്റുള്ളൂ.. ”

അവളുടെ സംസാരത്തിലെ നിഷ്കളങ്കതയും നിസ്സഹായതയും എന്നെ കൂടുതൽ അവളോട് അടുപ്പിച്ചു.. ഫോർമാലിറ്റീസ് എല്ലാം കഴിഞ്ഞു അവളുടെ നമ്പറും വാങ്ങി ഞാൻ ഹോസ്റ്റലിലേക്ക് പുറപ്പെട്ടു…

ഞാൻ കരുതിയതുപോലെ അതൊരു ലേഡീസ് ഹോസ്റ്റലിൽ ആയിരുന്നില്ല.. അവിടുത്തെ വാർഡൻ ഒരു പുരുഷൻ ആയിരുന്നു.. ഡീറ്റെയിൽസ് എല്ലാം പറഞ്ഞു കൊടുത്തു.. അയാൾ തന്ന കീയുമായി റൂം നമ്പർ ലക്ഷ്യമാക്കി ഞാൻ നടന്നു..

റൂം കണ്ടെത്തി തുറക്കാൻ തുടങ്ങിയപ്പോൾ ആ റൂമിൽ നിന്നും ഒരുത്തൻ ഇറങ്ങി വരുന്നു.. നന്നായി മദ്യപിച്ചിട്ടുണ്ട്.. ഇനി റൂം മാറിയതാണോ എന്നറിയാൻ ഞാൻ കൈയിൽ ഉണ്ടായിരുന്നു കീയിലേക്ക് ഒന്നുടെ നോക്കി.. ഇല്ല മാറി പോയിട്ടില്ല.. പിന്നെ ഇയാൾ എങ്ങനെ ഈ പൂട്ടിയ റൂമിനുള്ളിൽ കയറി..

കണ്ണും മിഴിച്ചു നിൽക്കുന്ന എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അയാൾ ഇറങ്ങിപ്പോയി.. വാർഡനോട് ചെന്നു കാര്യം പറയാമെന്നു വിചാരിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ പുറകിൽ നിന്നും ഒരു സ്ത്രീ ശബ്ദം…

“നീ ഏതാ? എന്താ ഇവിടെ നിന്ന് ഒരു ചുറ്റിക്കളി? ”

ഞാൻ തിരിഞ്ഞു നോക്കി.. പെണ്ണാണെന്ന് പറയാൻ പറ്റുമോന്നു അറിയില്ല.. കുഴഞ്ഞാടി നിൽക്കുന്നു.. കണ്ണൊക്കെ ചുമന്ന്.. കാലുപോലും നിലത്തു ഉറക്കാത്ത രീതിയിൽ ഒരു ജന്തു..

“ചോദിച്ചത് കേട്ടില്ലേടി.. ”

“ഈ റൂമിൽ ഇന്ന് മുതൽ ഞാനാ.. പക്ഷേ ഇവിടെ വന്നപ്പോളാ അറിഞ്ഞത് ആളുണ്ടെന്ന് ”

“ഓഹ് അത് നീ ആരുന്നോ.. സംശയിക്കേണ്ട.. നിന്റെ റൂം ഇന്ന് മുതൽ ഇതു തന്നെയാ.. അകത്തോട്ടു കയറിയാലും.. പിന്നെ നിന്നെക്കൂടാതെ ഞാനും വേറെ രണ്ടു പേരും ഈ റൂമിൽ ഉണ്ട്.. ”

എന്റെ കർത്താവെ.. ഈ ശവങ്ങളുടെ കൂടെയാണോ ഞാൻ താമസിക്കേണ്ടത്.. ഈ റൂമിൽ നിന്നും ഇറങ്ങിപ്പോയവനും ഇവിടെ
ആയിരിക്കുമോ..

എന്തായാലും വാർഡനെ കണ്ട് സംസാരിച്ചിട്ട് റൂമിൽ കയറിയാൽ മതീന്ന് ഞാൻ ഉറപ്പിച്ചു..

(തുടരും )