24/04/2026

ഭാഗ്യജാതകം : ഭാഗം 28

രചന – അയിഷ അക്ബർ

റെഡി ആയിക്കോ…. നമുക്കൊന്നു പുറത്ത് പോവാം….

ആദി അത് പറയുമ്പോൾ പരിചിതമല്ലാത്തൊരു വാക്കായത് കൊണ്ട് തന്നെ ശിവ യവനെയൊന്നു നോക്കി….

എന്തിനാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവളാ ചോദ്യത്തെ മനസ്സിലൊതുക്കി…..

ജാനകിയോട് ആദി എന്തൊക്കെയോ സംസാരിക്കുന്നത് അവൾ കണ്ടിരുന്നെങ്കിലും എന്താണെന്ന് വ്യക്തമായിരുന്നില്ല…..

വ്യക്തമായിരുന്നെങ്കിലൊരു പക്ഷെ പുറത്തേക്ക് പോകുന്നതിന്റെ കാരണം അറിയുമായിരുന്നവളൂഹിച്ചു….

നിർത്താതെയുള്ള ഹോർണടിയിൽ മുടി പോലും കെട്ടാൻ നേരമില്ലാതെ അവൾ വേഗം കാറിലേക്ക് കയറി….

സിറ്റിയിലെ വലിയ ഒരു തുണിക്കടയുടെ മുമ്പിലാണ് അവർ ചെന്നു നിന്നത്…..

ആദിക്ക് പിറകിലായി അവളും നടന്നു…..

മനോഹരമായ സാരികൾ നിവർത്തിയിട്ട ഭാഗത്തേക്കായിരുന്നു അവർ കയറി ചെന്നത്…..

ആദിയുടെ ആവശ്യ പ്രകാരം അവർ തനിക്ക് മുമ്പിൽ വലിച്ചിട്ടിരുന്നത് വില കൂടിയതും മനോഹരവുമായ സാരികളായിരുന്നു…..

ഏതാ ഇഷ്ടപ്പെട്ടതെന്ന് വെച്ചാ എടുത്തോ….

ആദി അത് പറയുമ്പോഴും അവളൊന്നും മിണ്ടാത്തെ അതെ നിൽപ്പ് തുടർന്നു….

ഇഷ്ടങ്ങൾ….. ഇഷ്ടങ്ങള്ക് വേണ്ടി കൊതിച്ചിരുന്ന ഒരു സമയമുണ്ടായിരുന്നു…എന്നാലിന്നു തന്റെ ഇഷ്ടങ്ങൾ തനിക്ക് തന്നെ അറിയില്ല…..

അവളുടെ ഭാഗത്തു നിന്ന് പ്രതികരണങ്ങളെത്തുമില്ലാത്തത് കൊണ്ട് തന്നെ വർണ ശഭളമായ ആ സാരികളിലൂടെ അവന്റെ കൈകൾ സഞ്ചരിച്ചു…..

മനോഹരമായ പല നിറങ്ങളെയും വകഞ്ഞു മാറ്റി അവന്റെ കൈകളിൽ തടഞ്ഞു നിന്നത് കറുത്ത നിറത്തിലുള്ള ഒരു സാരിയിലായിരുന്നു……

കറുപ്പ് നിറത്തെ മനോഹരമാക്കാൻ അവയുടെ അറ്റത്തു പറ്റിപ്പിടിച്ച സ്വർണ നൂലുകളെ ശിവ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..

ഈ സാരി മാഡത്തിന് നന്നായി ചേരും….
ഒരു ചെറു പുഞ്ചിരിയോടെ സെയിൽസ് ഗേൾ അത് പറയുമ്പോൾ ശിവ തലയുയർത്തി അവരെയൊന്നു നോക്കി….

അവൾക്കിത് മാത്രമല്ല…. എല്ലാം ചേരും….

അതിനോട് കൂടെ ചിരിച്ചു കൊണ്ട് ആദിയത് പറഞ്ഞപ്പോൾ ശിവയുടെ കണ്ണുകൾ ആദിയിൽ പതിഞ്ഞു…..

തന്നെ കളിയാക്കിയെന്ന വണ്ണം ചിരിക്കുന്ന അവനെ നോക്കി അവൾ കണ്ണുരുട്ടി….

ആ സാരി കൂടാതെ മറ്റു രണ്ടെണ്ണം കൂടി പാക്ക് ചെയ്ത് അവരവിടെ നിന്നുമിറങ്ങി……

പിന്നെ അവർ ചെന്നു നിന്നത് മനോഹരമായ ആഭരണങ്ങൾ നിരത്തിയ വലിയൊരു സ്വർണക്കടയിലായിരുന്നു….

കടക്കുള്ളിലേക്ക് കയറുമ്പോഴേ എസി യുടെ തണുപ്പ് അവരെ പൊതിഞ്ഞു പിടിച്ചു…

അവരെ കണ്ടതും കാശ്യറുടെ കസേരയിലൂരിന്നിരുന്ന ആ കടയുടെ ഉടമസ്തനെന്നു തോന്നിക്കുന്ന ആൾ വന്നു ആദിയുടെ കൈകളിൽ പിടിച്ചു….

ആദിത്യാ….
അവൻ സ്നേഹത്തോടെ അതിലേറെ സന്തോഷത്തോടെ ആദിയെ കെട്ടിപ്പിടിക്കുന്നത് നോക്കി അവൾ നിന്നു…..

എന്റെ ഫ്രണ്ട് ആണ്….. ജേക്കബ്…..

ശിവക്ക് അയാളെ പരിചയപ്പെടുത്തുമ്പോൾ ശിവ അയാളെ നോക്കി….

ഓഹ്… ഇതാണോ മിസ്സിസ് ആദിത്യൻ….

ആദി പുഞ്ചിരിച്ചു…..

ശിവയെ നോക്കിയതും ജേക്കബ് എന്തോ ഓർമയിലെന്ന പോൽ തല കുടഞ്ഞു…..

എവിടെയോ കണ്ട് നല്ല പരിചയം തോന്നുന്നു…..

ജേക്കബ് അത് പറയുന്നതിനു മുൻപ് തന്നെ അവനെ ശിവക്ക് വ്യക്തമായി മനസ്സിലായിരുന്നു…..

കോളേജിൽ പഠിക്കുന്ന സമയത്തെ ആദിത്യന്റെ ഏറ്റവും അടുത്ത സുഹൃത്ത്……

എങ്കിലും ആദിത്യനിൽ നിന്നും പാടേ വ്യത്യസ്തനായിരുന്നവൻ …

എല്ലാവരോടും അങ്ങോട്ട് കയറി സംസാരിക്കാൻ അവന് പ്രത്യേക മിടുക്കായിരുന്നു… പ്രത്യേകിച്ച് പെൺകുട്ടികളോട്……

കോളേജിലെ പ്രധാന വായിനോക്കി….

അവനെ കുറിച്ചുള്ള ഓർമ്മകൾ ശിവയുടെ മനസ്സിൽ തിങ്ങി വന്നിരുന്നു…..

എം. ഇ. എസ് കോളേജിലായിരുന്നോ പഠിച്ചിരുന്നത്…..

ഏയ്….. അല്ലേടാ…

ജേക്കബിന്റെ ചോദ്യത്തിന് ചിരിച്ചു കൊണ്ട് ആദി പറയാൻ തുടങ്ങിയതും അവളുടെ ശബ്ദം അവന്റെ തൊണ്ടയിൽ കയറി പിടിച്ചു….

അതേ…….

ആദി ഞെട്ടി അവളെ നോക്കി…..

ജേക്കബ് വർഷം കൂടി ചേർത്ത് പറഞ്ഞപ്പോഴും അവൾ തല കുലുക്കുന്നത് കണ്ട് അവൻ ശ്വാസമെടുക്കാൻ പോലും മറന്നു നിന്നു….

താൻ പഠിക്കുമ്പോൾ ആ കോളേജിൽ അന്ന് അവളും ഉണ്ടായിരുന്നു…

അവന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല….. അപ്പൊ അവൾക്ക് മുന്പേ തന്നെ അറിയുമായിരുന്നിരിക്കാം..

അങ്ങനെ വരട്ടെ…. കല്യാണമാണ്…. ലവ് മാര്യേജ് ആണെന്നൊക്കെ ഇവൻ പറഞ്ഞപ്പോൾ അത് കോളേജിൽ നിന്ന് തുടങ്ങിയതാണെന്നൊന്നും എനിക്കറിയുമായിരുന്നില്ല കേട്ടോ…
എനിക്കെതായാലും അന്ന് വരാൻ പറ്റിയില്ല…. രണ്ട് പേരെയും ഒരുമിച്ച് കാണാൻ പറ്റിയല്ലോ സന്തോഷം…….

ജേക്കബ് പുഞ്ചിരിയോടെ അത് പറഞ്ഞു നിർത്തുമ്പോൾ ശിവ ഒന്നു പുഞ്ചിരിച്ചു….

പുഞ്ചിരിക്കാൻ പോലും മറന്ന് ആദി അത് പോലെ നിന്നു…..

ഷമീർ….. ഇവർക്ക് എന്താണ് വേണ്ടതെന്നു വെച്ചാലെടുത്തു കൊടുക്കു…..

ആദീ…. എന്താണെന്ന് വെച്ചാൽ നോക്കിക്കോളൂ കേട്ടോ……

ആദിയൊന്ന് തല കുലുക്കുന്നതോടൊപ്പം പുഞ്ചിരിക്കാൻ ശ്രമിച്ചു…

പല തരത്തിലുള്ള ആഭരണങ്ങൾ അവർക്ക് മുമ്പിൽ നിരത്തുമ്പോഴും തനിക്കെന്താണ് വേണ്ടതെന്നു പോലും അറിയാതെ ശിവ ഇരുന്നു….

അപ്പോഴും ആദിയുടെ മനസ്സിൽ ജേക്കബ് പറഞ്ഞ കാര്യങ്ങളായിരുന്നു…..

സർ…. ഇത് നോക്കു….

സെയിൽസ് മാൻ എടുത്ത് വെച്ചിട്ടും രണ്ട് പേരും അതിലേക്ക് ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയത് കൊണ്ടാവാം അയാളത് പറഞ്ഞത്….

ആദി ഓർമയിൽ നിന്നെന്ന പോൽ തല കുടഞ്ഞു….

വെള്ള ക്കല്ല് പതിച്ച ഒരു മാലയെടുത്തു ശിവയെ നോക്കി…..
ഇതിഷ്ടമായോ…..

ശിവ ഒന്നും മിണ്ടിയില്ല….

ആദി ആ മാല അവളുടെ കഴുത്തിൽ വെച്ചു….

പെട്ടെന്നുള്ള പ്രവർത്തിയായതിനാൽ അവളൊന്നു ഞെട്ടി..

പിന്നെ പതിയേ ഞെട്ടലിന് പകരമായി ഒരു കുഞ്ഞു പുഞ്ചിരി ആ ചൊടികളിൽ സ്ഥാനം പിടിച്ചിരുന്നു…..

അത് ആദി വ്യക്തമായി കണ്ടിരുന്നു…..

ആ പുഞ്ചിരി പതിയേ അവനിലേക്കും പകർന്നു…

കോളേജിൽ വെച്ച് നീയെന്നെ കണ്ടിട്ടുണ്ടോ..

വെള്ളക്കല്ലുകൾ തിളങ്ങി കാണുന്ന മറ്റൊരു മാല അവൻ അവളുടെ കഴുത്തിൽ വെക്കുമ്പോഴാണ് അവനത് ചോദിച്ചത്…..

അവളുടെ ശ്രദ്ധ മാലയിൽ നിന്നും തെന്നി നീങ്ങി അവന്റെ ചോദ്യത്തിലേക്കായി…..

മ്മ്മ്…… അവൾ പതിയേ മൂളി…..

എന്തിട്ടെന്താ എന്നോടിത് വരെ പറയാതിരുന്നത്…..

എന്നോട് ചോദിക്കാത്തത് കൊണ്ട്…..

ഒരു നെടു വീർപ്പോടെ ആദി അവളുടെ കഴുത്തിൽ നിന്നും കൈകളെടുത്തു…

കറുത്ത സാറിയിലേക്ക് മാച്ച് ആവുന്ന തരത്തിൽ അവൾക്ക് വേണ്ട ആഭരണങ്ങളെല്ലാം അവൻ തന്നെയാണ് തിരഞ്ഞെടുത്തത്….

അപ്പൊ ശെരി ജേക്കബ്….
കാണാം…..

കാണണം….. നിങ്ങൾ രണ്ട് പേരും വീട്ടിലേക്കൊരു ദിവസം വരൂ…..

തീർച്ചയായും…..

ജൂനിയർ…. എങ്ങനെ വളച്ചു ഈ മൊതലിനെ…

അവര് തമ്മിൽ കൈ കൊടുത്ത് പിരിയുമ്പോൾ ആദിയെ കളിയാക്കിയെന്ന വണ്ണം ശിവയോടാണ് ജേക്കബത് ചോദിച്ചത്….

ശിവ പതിയേ ഒന്ന് പുഞ്ചിരിച്ചു….

ആദിയവന്റെ വയറിനു മേൽ ഒരു കുത്ത് കൊടുത്തു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കോളേജിൽ വെച്ച് നിനക്കെന്നെ ശെരിക്കും അറിയാമായിരുന്നോ…..

കാറിൽ കയറിയിട്ടും അത് തന്നെ ചോദിച്ചപ്പോൾ ശിവക്ക് ചിരി വന്നു….

മ്മ്…..

എന്നിട്ട് ഞാൻ നിന്നെ കണ്ടിട്ടില്ലല്ലോ……

ആദിത്യനെന്നത് ഒരു വ്യക്തിയായിരുന്നില്ലല്ലോ… ഒരു പ്രസ്ഥാനമായിരുന്നില്ലേ ….
ഞാൻ അങ്ങനെയൊന്നും ആയിരുന്നില്ല…. അത് കൊണ്ടായിരിക്കാം എന്നെ അറിയാത്തത്……

ശിവയത് പറയുമ്പോൾ ആദി യൊന്നു പുഞ്ചിരിച്ചു…. പഴയ ഓർമകളിലെന്ന പോൽ….

എന്തിനാ ഇപ്പൊ പെട്ടെന്ന് ഇതെല്ലാം വാങ്ങിയത്….

കുറച്ചു സംസാരിച്ചു ഒന്ന് ശെരിയായത് കൊണ്ടായിരിക്കാം അവളത് ചോദിച്ചത്…..

ഹാ…. അത് പറയാൻ വിട്ടു…

അനിയത്തിയുടെ കല്യാണത്തിന് ചേച്ചി മോശമാവാൻ പാടില്ലല്ലോ…

അവനത് പറയുമ്പോൾ അവൾ സംശയത്തോടെ നോക്കി…..

നീതുവിനെ കാണാൻ വന്ന അവര് വിളിച്ചിരുന്നത്രെ…
അവർക്ക് ഇഷ്ടമായീന്ന് പറഞ്ഞു…. വേഗം നിശ്ചയം വേണമെന്ന് പറഞ്ഞു…
ഞാൻ അവരുടെ മുഖ ഭാവമൊക്കെ കണ്ടപ്പോൾ ഇഷ്ടമായില്ലെന്നാ വിചാരിച്ചത്……

ആദി മനസ്സിലുള്ളത് പറയുമ്പോഴും ശിവയുടെ മനസ്സിൽ വേറെന്തൊക്കെയോ കണക്കു കൂട്ടലുകളായിരുന്നു….

അവര് വിളിക്കുമെന്നും ഈ കല്യാണം നടക്കുമെന്നും അവൾക്ക് മുന്പേ അറിയാമായിരുന്നു…..

അവളുടെ സംശയങ്ങൾക്ക് കനം കൂടിയിരുന്നു……

(തുടരും )