22/04/2026

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 38

രചന – ആതിര

സ്വയം തിരഞ്ഞെടുത്ത വേദനയാണെങ്കിൽപോലും സിദ്ധു എന്ന പഴയ അദ്ധ്യായം ഗീതു മനസ്സിൽ നിന്നും മായച്ചുകളയാൻ ശ്രമിച്ചുകൊണ്ടേയിരുന്നു..എന്നാൽ മറവിയെപ്പോലും തോല്പിച്ചുകൊണ്ട് മനസ്സിൽ ഓർമ്മകൾ ഓടിക്കളിക്കുകയാണ്..
സിദ്ധുവിന്റെ ഓർമ്മകളെ മാത്രം ഭ്രമണം ചെയ്യുന്ന ഗ്രഹമായി മാറിയിരുന്നു ഗീതു..
അതുകൊണ്ട് തന്നെ വെറുതേയിരിക്കുന്ന സന്ദർഭങ്ങൾ അവൾ ഒഴിവാക്കി..എന്തിനേറെ തനിച്ച് കിടന്നാൽ അവൻ മാത്രം മനസ്സിൽ നിറയുന്നതൊഴിവാക്കാൻ ത്രേസ്യാമ്മ ചേടത്തിയെ കൂടെ കിടത്തി..കൊച്ചു കുഞ്ഞിനെയെന്ന പോലെ തന്റെ ജീവിതാനുഭവങ്ങളും സാരോപദേശവുമായി ഓരോ രാത്രിയും അവളുടെ മനസ്സിനെ ആ വൃദ്ധ സ്വാന്തനപ്പെടുത്തി ..

💞💞💞💞💞💞💞💞💞💞💞

നിതിന്റെ ആഗ്രഹം പോലെ അടുത്തുള്ള ഓർഫനേജിൽ അഭിരാമി എല്ലാ മാസവും മുടങ്ങാതെ ഒരു തുക കൈമാറിയിരുന്നു..അവിടുത്തെ കുട്ടികൾക്കായുള്ള പഠനോപകരങ്ങളുടെ രൂപത്തിൽ, വസ്ത്രങ്ങളുടെ രൂപത്തിൽ..
അങ്ങനെയൊക്കെ..ആദ്യമാദ്യം ഗീതു അഭിരാമയുടെ കൂടെ ചെല്ലില്ലായിരുന്നു..ഒരിക്കൽ ത്രേസ്യാമ്മചേടത്തി എന്തോ ആവശ്യത്തിന് വെളിയിൽ പോയദിവസം ഒറ്റയ്ക്കിരിക്കണ്ട എന്ന അഭിരാമിയുടെ നിർബന്ധം മൂലം അവളും ഓർഫനേജിൽ പോയി…അഭിരാമി അവർക്കായി വാങ്ങിയ ചോക്ലേറ്റ്‌സ് വീതിച്ചു നൽകുമ്പോൾ ആ കുരുന്നുകളുടെ മുഖത്തുണ്ടാകുന്ന സന്തോഷം ഗീതുവിന്റെ ദുഃഖങ്ങളെയെല്ലാം മായച്ചുകളായൻ തക്ക ശക്തമായിരുന്നു..പതിയെ പതിയെ അവളും അവിടുത്തെ നിത്യ സന്ദർശകയായി..ഗീതുവും അഭിരാമിയും ഒഴിവു ദിനങ്ങളിൽ ആ കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ എടുത്തു..കുട്ടികളുടെ കൂടെ ചെറിയ ചെറിയ കളികളിൽ പങ്കാളികളായി..

ഓർഫനേജിനോടടുത്തായുള്ള പള്ളിയിലെ കന്യാമറിയത്തിന്റെ മടിയിലെ ക്രൂശിതരൂപത്തിന് മുന്നിൽ സങ്കടങ്ങൾ ഇറക്കിവെച്ചു..പള്ളിയും അമ്പലവും അവളുടെ ജീവിതത്തിലെ അഭയ കേന്ദ്രങ്ങളായി.അഭിരാമിയ്ക്കൊപ്പം ഗീതുവും തന്നെക്കൊണ്ടാവുന്ന രീതിയിൽ മുടങ്ങാതെ കുട്ടികൾക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുത്തു…

💞💞💞💞💞💞💞💞💞💞💞💞

അമ്മുവും ആനന്ദും സുമിത്രയും വിവേകും കാവ്യയുമെല്ലാം അവളെ ഫോൺ വിളിക്കുന്നുണ്ടായിരുന്നു..
ആരോടും അബദ്ധത്തിൽ പോലും സിദ്ധുവിനെക്കുറിച്ച് തിരക്കിയിരുന്നില്ല,പേടിയായിരുന്നു.
മറന്ന് തുടങ്ങിയെന്ന് പറഞ്ഞു പഠിപ്പിച്ചിട്ടും മറക്കാൻ കഴിയാത്ത ഓർമകളെ..ദേവിയെ മാത്രം ഇടക്ക് അന്വേഷിച്ചു.

ലത പറഞ്ഞുപോയതും ചെയ്തതുമായ തെറ്റുകൾക്ക് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയണന്ന് അമ്മുവിൽ നിന്നും ഗീതു അറിഞ്ഞു..
വാതം അതിന്റെ ഏറ്റവും ദയനീയ സ്ഥിതിയിൽ അവരെ കൊണ്ടെത്തിച്ചിരിക്കുന്നു..
പരസഹായം ഇല്ലാതെ ഇരിക്കാനോ നടക്കാണോ എന്തിനേറെ ഒരു ഗ്ലാസ് വെള്ളം പോലും എടുത്ത് കുടിക്കാനുള്ള ശക്തിപോലും കൈകൾക്കില്ല..രാജീവാണെങ്കിൽ എപ്പോഴും കുടിയും ബഹളവും തന്നെ..സുമിത്ര മൂന്ന് നേരം ആഹാരം കൊണ്ടുകൊടുക്കുന്ന കൊണ്ട് അമ്മയും മോനും പട്ടിണിയില്ലാതെ ജീവിക്കുന്നു..
ഇടയ്ക്ക് ഗീതുവിന്റെ കാര്യം പറഞ്ഞു കരഞ്ഞുവെന്ന് സുമിത്ര ഗീതുവിനോട് പറഞ്ഞു..

അമ്മു ആരാൺകുഞ്ഞിന് ജന്മം നൽകി..വിദ്യുത് എന്ന വിദു.. കുഞ്ഞിനെ കാണാനോ പേരിടൽ ചടങ്ങിനോ പോലും ഗീതു ചെന്നില്ല..സിദ്ധു ഉണ്ടാകുമെന്ന കാരണത്താൽ അവൾക്ക് പോകാൻ കഴിഞ്ഞില്ല.
അതിന്റെ സങ്കടം പറഞ്ഞ് അമ്മു കുറെ കരഞ്ഞു..തന്റെ കുഞ്ഞിനെ പോലും കാണാൻ വരാത്തവൾ നാളെ ഞാൻ ചത്താൽ പോലും വരില്ലാന്ന് പറഞ്ഞു ഗീതുവിനോട് പരിഭവിച്ചു..അതെപ്പോഴും അമ്മു പറയും..എന്നാൽ കൂട്ടുകാരികൾ അവരുടെ ലോകത്തേക്ക് ചേക്കേറുമ്പോൾ പരിഭവവും പരാതിയുമെല്ലാം പോയിമറയും..

💞💞💞💞💞💞💞💞💞💞💞💞💞

ഇപ്പോൾ അവൾ നാട്ടിൽ നിന്നും പോയിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു..കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സിദ്ധുവിന്റെ കല്യാണം കഴിഞ്ഞതറിഞ്ഞതിൽ നിന്നും പത്തുമാസം മുന്നോട്ട് പോയിരിക്കുന്നു..

കാവ്യയുടെയും വിവേകിന്റെയും കല്യാണം തീരുമാനിച്ചു..ഗീതു കല്യാണത്തിന് നാട്ടിലെത്തുമെന്ന ഉറപ്പിന്മേലാണ് അവൾ കല്യാണത്തിന് സമ്മതിച്ചത്..

അമ്മുവും ആനന്ദും സാവിത്രിയെ കൊണ്ട് അവളെ ഫോൺ വിളിപ്പിച്ച് പണ്ട് നിശ്ചയത്തിന് വരാഞ്ഞത് പോലെ പറ്റിക്കില്ലന്ന് ഉറപ്പ് വാങ്ങിച്ചു..അവളുടെ സാവിത്രിയമ്മയോട് ഒരിക്കലും അവൾ വാക്ക് പാലിക്കാതിരിക്കില്ല എന്ന ഉറച്ചവിശ്വാസത്തിലാണ് മറ്റുള്ളവർ..അങ്ങനെ നീണ്ട ഇടവേളയ്ക്ക് ശേഷം നാട്ടിൽ മനസാൽ അവളും തയ്യാറെടുത്തു.
എങ്കിലും സിദ്ധുവിന്റെ കണ്ണിൽ പെടാതെ ഇരിക്കാനാവില്ലെന്നത് അവളേ ആസ്വാസ്‌തയാക്കി..
അവനെയും വൈഗയെയും ഒന്നിച്ച് കാണുമ്പോൾ താനത് എങ്ങനെ ഉൾക്കൊള്ളുമെന്ന് മാത്രം അവൾക്ക് അറിയില്ലായിരുന്നു…

വിദു മോന് ഇപ്പോൾ 8 മാസം കഴിഞ്ഞെന്നാണ് അമ്മു പറഞ്ഞത്..കുഞ്ഞിന് ഉടുപ്പും കളിപ്പാട്ടങ്ങളും പാവയുമൊക്കെ ഗീതു വാങ്ങി..പോകാനുള്ള സാധനങ്ങൾ ഒക്കെ അടുക്കി ബാഗ് പാക്ക് ചെയ്തു..

“ഗീതു..നിനക്ക് പേടിയുണ്ടോടി..??”(അഭിരാമി)

“സിദ്ധുവേട്ടനെ എങ്ങനെ ഫേസ് ചെയ്യും എന്നെക്കറിയാൻമേല ചേച്ചീ..അതുകൊണ്ടാ വിദു മോനെ പോലും കാണാൻ ഞാൻ പോകാഞ്ഞത്..”

“എത്ര നാളെന്നവെച്ചാ മോളേ നീ ഇങ്ങനെ ഒളിച്ചോടുന്നത്..
എന്നെങ്കിലും മുന്നിൽ ചെന്ന് നിക്കേണ്ടി വരില്ല..അത് ഈ പോക്കിലാകട്ടെ..രണ്ടുപേരേം ഒരുമിച്ച് കാണുമ്പോൾ സത്യം അംഗീകരിക്കാൻ മനസ്സിനെ തയ്യാറാക്കണം മോളേ..തളരരുത്..
കർത്താവ് തമ്പുരാൻ നിന്റെ കൂടെ ഉണ്ട്..ചേട്ടത്തി പ്രാർത്ഥിച്ചോളാം.. മോള് ധൈര്യമായിട്ട് പോയി വാ..എല്ലാരും മോളേ കാണാൻ ആഗ്രഹിച്ചിരിക്കുവല്ലേ..”
(ത്രേസ്യാമ്മച്ചേടത്തി)

“അതേ ചേടത്തി..എത്രയെന്ന് പറഞ്ഞ് ഞാൻ പേടിച്ച് നിൽക്കും..സിദ്ധുവേട്ടനും വൈഗേച്ചിയും ഒന്നിച്ചു നിൽക്കുന്നത് മനസ്സിനെ കാണിച്ച് കൊടുക്കണം..എന്നിട്ട് വേണം മനസ്സിൽ ആഴത്തിൽ പതിപ്പിയ്ക്കാൻ..ഗീതു സിദ്ധുവിന്‌ ആരും അല്ലേന്ന് വീണ്ടും വീണ്ടും മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ..”(ഗീതു)

“പോയിട്ട് വാടി”(അഭിരാമി)

ഗീതു ത്രേസ്യാമ്മച്ചേടത്തിയോടും അഭിരാമിയോടും യാത്രപറഞ്ഞു..
അയാൻ ഗീതു പോകുന്ന പരിഭവത്തിലായിരുന്നു..
വരുമ്പോൾ ചോക്ലേറ്റ്‌സ് കൊണ്ടുവരാമെന്ന് പറഞ്ഞപ്പോൾ ആ പരിഭവം അലിഞ്ഞിലാതായി..

റെയിൽവേ സ്റ്റേഷൻ വരെ അവർ അവളെ കൊണ്ടുവിട്ടു..ട്രെയിൻ പുറപ്പെട്ടപ്പോൾ അവൾ കൈവീശി അവർക്ക് യാത്ര പറഞ്ഞു..

💞💞💞💞💞💞💞💞💞💞💞💞

നാട്ടിലേയ്ക്കുള്ള യാത്രയിൽ ഗീതുവിന്റെ മനസ്സിൽ എന്തെന്നില്ലാത്ത പേടിയായിരുന്നു..
എത്രയൊക്കെ സംഭരിച്ചിട്ടും ധൈര്യം ചോർന്ന് പോകുന്നപോലെ…

ഓട്ടോയിൽ നിന്നും ശങ്കരമംഗലത്തേക് ഇറങ്ങി..മുറ്റത്ത് കല്യാണത്തിനായുള്ള പന്തൽ ഉയർന്നിരിക്കുന്നു..കല്യാണത്തിന് ഇനിയും 2 ദിവസം ഉള്ളതിനാൽ അതികം ആൾക്കാരൊന്നും ഇല്ല..
പണിക്കാർ മാത്രം ഓരോരോ ജോലികൾ ചെയ്യുന്നു..വീട് മൊത്തം പെയ്ന്റടിച്ചു ഭംഗിയാക്കിയിരുന്നു..
അവൾ നട്ടു പിടിപ്പിച്ച ചെടികൾ ഒക്കെ വളർന്ന് പൂവിട്ടിരിക്കുന്നു..
എല്ലാം ഭംഗിയായി സുമിത്ര പരിപാലിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി..വേറെ മാറ്റങ്ങൾ ഒന്നും തന്നെയില്ല..മുറ്റത്ത് തന്നെ പ്രസാദും സുമിത്രയും ഉണ്ടായിരുന്നു..

“ചിറ്റേ…..!!!!”

അവളെ കണ്ടതും സുമിത്ര അടുക്കലേക്ക് ചെന്ന് കെട്ടിപ്പിടിച്ചു.
രണ്ടുപേർക്കും കണ്ണീരിനെ തടഞ്ഞ് നിർത്താനായില്ല..അതു കണ്ട പ്രസാദും നിറഞ്ഞ കണ്ണ് തുടച്ചു..

“സുമിത്രേ ഗീതുമോളെ അകത്തേക്ക് കൊണ്ട്പോ..ഇവിടെ നിർത്താനാണോ നിന്റെ ഉദ്ദേശ്യം..?
ന്റെ കുഞ്ഞ് ക്ഷീണിച്ചു വന്നതാ..”

അവളുടെ തലയിൽ തലോടി പ്രസാദ് പറഞ്ഞു..

“വാ ന്റെ മോൾക്ക് ഇഷ്ടപ്പെട്ടതൊക്കെ ചിറ്റ ഉണ്ടാക്കി വെച്ചിട്ടുണ്ട്..”

അവളെയും കൊണ്ട് സുമിത്ര അകത്തേക്ക് നടന്നു..ഗീതു അവളും കാവ്യയും ഉപയോഗിച്ചിരുന്ന മുറിയിലേക്ക് പോയി..

“ചേച്ചി….!!”

ഫോണിൽ നോക്കിയിരുന്ന കാവ്യ ഗീതുവിനെ കണ്ട് അവളുടെ അടുത്തേക്ക് ചെന്നു..

“ഗീതു…മോളേ…!!!

കാവ്യ ഗീതുവിനെ വാരിപ്പുണർന്നു..

“ന്റെ ഗീതു..നീ ഒന്നും കഴിക്കുന്നില്ലേ.. ആകെ എല്ലും തോലും ആയല്ലോ..
നിറം വെച്ചതല്ലാതെ ഒന്ന് നന്നായില്ലാല്ലോടി നീ…”

“ചേച്ചി തടി വെച്ചു..ഇപ്പൊ കൂടുതൽ ഭംഗിയായി..”

“നീ പോയി കുളിച്ചിട്ട് വാ..നീ വരാൻ നോക്കിയിരിക്കുവാരുന്നു കഴിക്കാൻ..അമ്മ ഊണ് വിളമ്പി വെച്ചുകാണും..”

ഗീതു കുളിച്ചു കാവ്യയോടൊപ്പം ഊണ് കഴികാണിരുന്നു..സുമിത്ര അവളെ നിർബന്ധപൂർവ്വം ഓരോന്നും കഴിപ്പിച്ചു കൊണ്ടേയിരുന്നു..

“ന്റെ കുഞ്ഞിന്റെ കോലം കണ്ടോ??

“ന്റമ്മേ..ഒറ്റയടിക്ക് ഇത്രേം തിന്നാൽ ഗീതുന്റെ വയർ പൊട്ടിപോകും..”

“നീ പോടി.. ഇത്ര നാളായി ഞാൻ ഒന്ന് കണ്ണ് നിറച്ച് കണ്ടിട്ട്..”

ഊണ് കഴിഞ്ഞതും ഗീതു അമ്മുവിനെ കാണാൻ ആനന്ദിന്റെ വീട്ടിലേക്ക് പോയി..താൻ സ്ഥിരം നടക്കാറുള്ള ഇടവഴിയിൽ കൂടെ..
അമ്മു മുറ്റത്ത് തന്നെ നിന്ന് കുഞ്ഞിന് ആഹാരം കൊടുക്കുവായിരുന്നു.. ഗീതുവിനെ കണ്ടതും അമ്മു അടുത്ത് നിന്ന ആനന്ദിനെ നോക്കി കുഞ്ഞിനെയും കൊണ്ട് കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി..

“പ്രശ്നവാണോടാ..??”

ആനന്ദിനോടവൾ ചോദിച്ചു..

“നിങ്ങൾ ചങ്കും കരളും അല്ലേ.. അതിനിടയിൽ നമ്മളില്ലേയ്..നീ എപ്പഴാടി വന്നത്..??”

“ഉച്ചയായടാ..ഊണ് കഴിച്ച് ഇറങ്ങിയെ ഉള്ളൂ..ഞാൻ അവളെ പോയി കാണട്ടെ..ഇപ്പൊ മൂക്ക് പിഴിയാൻ തുടങ്ങി കാണും..”

“ആ ചെല്ല് ചെല്ല്..കയ്യോടെ വാങ്ങിച്ചോ..”

ഗീതു അകത്തേക്ക് കയറി..

“സാവിത്രിയാമ്മേ….!!”അടുക്കളയിൽ പണിയിലായിരുന്ന സാവിത്രിയെ ഗീതു പിന്നിൽ നിന്നും പുണർന്നു..

“ഗീതുമോളെ..എന്നെ കാണാൻ വരാൻ ഇത്രേം നാളും ന്റെ മോൾക്ക് തോന്നിയില്ലാല്ലോ..??അഹ് പോട്ടേ ന്റെ മോൾക്ക് സുഖവല്ലേ അവിടെ..?””

“അതേ അമ്മേ..സുഖാണ്..എവിടെ അമ്മേടെ മരുമോള്..എന്നെക്കണ്ട് മുഖം വീർപ്പിച്ച് കുഞ്ഞിനേം കൊണ്ട് അകത്തേക്ക് കയറിയതാണല്ലോ..”

“അമ്മു ദേ ആ മുറിയിൽ ഉണ്ട്..നീ ചെല്ല് അവൾക്ക് നല്ല വിഷമമുണ്ട്..”

“ഹ് മ്മ്”

ഗീതു അകത്തെ മുറിയിലേക്ക് നടന്നു..കുഞ്ഞിനെ കട്ടിലിൽ കിടത്തി തിരിഞ്ഞിരിക്കുവാണ് അമ്മു..

“അമ്മൂ…”

“എന്തിനാടി ഇപ്പൊ വന്നേ…?
ചത്തോന്നറിയാനാണോ??”

“പോട്ടെന്റെ പൊന്നമ്മൂ… പിണങ്ങാതെ..ഞാൻ വന്നില്ലേ..”

“ഓഹ് …വല്യ കാര്യമായിപോയി..”

ആഹാ ഗീതുവപ്പച്ചീടെ പൊന്നിങ്ങ് വന്നേ..”

കുഞ്ഞിനെ അവൾ എടുക്കാൻ ചെന്നതും അമ്മു കുഞ്ഞിനെ എടുത്ത് മാറി നിന്നു..

“കാണാൻ വരാൻ നേരമില്ലാത്തവരൊന്നും ന്റെ കുഞ്ഞിനെ തൊടണ്ട..?”

“അതെന്നാടി.. പ്രസവിക്കാൻ ഭാഗ്യം ഇല്ലാത്ത ഞാൻ എടുത്താൽ കുഞ്ഞിന് വല്ലോം വരുവെന്ന് പേടിച്ചിട്ടാണോ..?കയ്യിൽ തരണ്ടമ്മൂ ന്റെ കുഞ്ഞിന്റെ മുഖമൊന്ന് കാണിച്ചാൽ മതിയെടി..”
ഗീതു വിതുമ്പി പോയി..

“ഗീതു.😡😡😡😡.പെണ്ണേ ഇത്രേം നാള്കഴിഞ്ഞ് കാണുവാന്നൊന്നും ഓർക്കില്ല..കാലേ വാരി നെലത്തടിക്കും പറഞ്ഞേക്കാം..”

അമ്മു കുഞ്ഞിനെയെടുത്ത് ഗീതുവിന്റെ കയ്യിൽ ഏൽപ്പിച്ചു..

“മോനെ ഇതേ നിന്റെ നാട് വിട്ട്പോയ അപ്പച്ചിയാ..ഗീതുവപ്പച്ചി..വല്യ പിടികിട്ടാപ്പുള്ളിയാ..”

ഗീതു കുഞ്ഞിനെ ഉമ്മകൾ കൊണ്ട് മൂടി മാറോട് ചേർത്തു.. അമ്മച്ചൂടിലെന്നപോലെ കുഞ്ഞ് അവളുടെ മാറിൽ പതുങ്ങി കിടന്നു..ഗീതുവിന്റെ ഉള്ളിലെ അമ്മയും ഉണർന്നിരുന്നു..

“വന്നേടി.. ഇവിടിരിക്ക് എന്തൊക്കെ വിശേഷങ്ങൾ പറയാനുണ്ട്..നിന്റെ വിശേഷങ്ങൾ പറ..”

“എനിക്കേന്ത് വിശേഷം..നീ പറ.. ഇവന് കുറുമ്പുണ്ടോ..??”

അമ്മു കുഞ്ഞ് ജനിച്ചപ്പോൾ മുതലുള്ള കാര്യങ്ങൾ പറഞ്ഞു തുടങ്ങി..കുഞ്ഞിന്റെ നൂലുകെട്ടിന്റെ അന്നത്തെ ആൽബമൊക്കെ ഗീതുവിനെ കാണിച്ചു കൊടുക്കുവായിരുന്നു..
ഇതെല്ലാം കണ്ട് വാതിൽക്കൽ നിന്ന് ആനന്ദും സാവിത്രിയും ചിരിയോടെ അവരെ നോക്കി..
കുറച്ച് കഴിഞ്ഞതും കുഞ്ഞ് ചിണുങ്ങികൊണ്ട് അവളുടെ മാറിലായി പരാതി..കുഞ്ഞിളം കൈകൾ മാറിൽ പരത്തുന്നത് മനസ്സിലാക്കി ഒരുവേള അവളുടെ മാറും ചുരത്താൻ മോഹിച്ചു..
കണ്ണുകൾ നിറഞ്ഞു..

“അമ്മു കുഞ്ഞിന് വിശക്കുന്നുണ്ട്..പാല് കൊടുക്കടി..”

“ചെക്കൻ എത്ര കുടിച്ചാലും മതിയാവില്ലടി..കള്ളൻ..”

അമ്മു കുഞ്ഞിനെ വാരിയെടുത്ത് പാൽ കൊടുത്തു..ഗീതു നിറഞ്ഞകാണ്ണാലെ അത് നോക്കി നിന്നു..

സാവിത്രി ആ സമയം കൊണ്ട് അവൾക്ക് വേണ്ടി ഉണ്ണിയപ്പവും ചായയും ഉണ്ടാക്കി..അതു കഴിച്ചിട്ടാണ് ഗീതുവിനെ സാവിത്രി വിട്ടത്..

💞💞💞💞💞💞💞💞💞💞💞💞

ഗീതു ശങ്കരമംഗലത്തെത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മുറ്റത്ത് ഓട്ടോ വന്ന് നിന്നത്..
ഓട്ടോയിൽ നിന്നിറങ്ങുന്ന ദേവിയെ കണ്ടതും അവൾ സന്തോഷത്തോടെ അടുത്തേക് ചെല്ലാനൊരുങ്ങി..
എന്നാൽ അവരുടെ പുറകെയിറങ്ങുന്ന വൈഗയെ കണ്ടതും ഗീതു പുറകോട്ട് വലിഞ്ഞ് കാവ്യയ്ക്ക് പിന്നിയിലായി മാറി നിന്നു..
ഒന്നുകൂടി സൂക്ഷിച്ച നോക്കിയപ്പോഴാണ് വൈഗയുടെ നിറവയർ ഗീതു കണ്ടത്..ഒരുവേള ഹൃദയം നിന്നുപോയ അവസ്ഥയായിരുന്നു ഗീതുവിന്..
എന്തുകൊണ്ടോ മനസ്സിന് ഉൾക്കൊള്ളാൻ പറ്റുന്നില്ല..

“നാത്തൂനെന്നാ ഓട്ടോയിൽ..?കാറേന്തിയെ..??”

“ഒന്നും പറയണ്ട സുമിത്രേ,സിദ്ധുവിന് അത്യാവശ്യമായി ബാങ്കിൽ പോകണം..അവന്റെ വണ്ടിക്കെന്തോ കേട്..അതുകൊണ്ട് ഇന്ന് കാറും കൊണ്ട് പോയി..ഞങ്ങളെ ഓരോട്ടോയിൽ ഇങ്ങോട്ട് പറഞ്ഞുവിട്ടു..”

“ഇന്നല്ലാരുന്നോ മോൾടെ ചെക്കപ്പ്..ഡോക്ടർ എന്തു പറഞ്ഞു..??”

“സിദ്ധു രാവിലെ കൊണ്ടുപോയതാ.
കുഴപ്പം ഒന്നും ഇല്ല..ആറാം മാസം, കൂടാതെ ഒന്നല്ലല്ലോ രണ്ടുപേരില്ലേ ഉള്ളിൽ ..അതിന്റെ ക്ഷീണം കാണുവെന്ന്.. ഈ പെണ്ണ് നേരെ ചൊവ്വേ വല്ലോം കഴിക്കുവോ..ഞാൻ പറഞ്ഞ് മടുത്തു..”

വൈഗ അതിനൊന്ന് പുഞ്ചിരിച്ചു..

“‘അമ്മ മോൾക്ക് കഴിക്കാൻ എന്തേലും എടുക്കട്ടേ..സുമിത്രേ ഇവൾക്കെന്തെലും കഴിക്കാൻ കൊടുക്ക്..”

ഗീതു നോക്കി കാണുവായിരുന്നു ദേവി വൈഗയോട് കാട്ടുന്ന സ്നേഹം..എന്തോ അവൾക്ക് അസൂയ തോന്നി..വൈഗയുടെ വയറിലേക്ക് നോക്കിയവൾ തന്റെ വയറിലേക്കും കൈകൾ അമർത്തി..സിദ്ധുവേട്ടന് ഇരട്ടകുട്ടികൾ..!!!!

അവൾക്ക് സന്തോഷമാണോ സങ്കടമാണോ തന്നെ മൂടുന്നതെന്ന് അറിയില്ല..കണ്ണീരിനെ ഇനിയും പിടിച്ചു നിർത്തതാൻ കഴിയില്ല എന്ന് മനസ്സിലായതും അവൾ മുറിയിലേക്ക് നടന്നു..

“ഗീതുവല്ലേ അത്..അവൾ എപ്പൊ വന്നു.. കണ്ടതെയില്ലല്ലോ..??”
(വൈഗ)

അതുവരെ ഗീതുവിനെ കാണാതിരുന്ന ദേവി വൈഗയുടെ വാക്കുകൾ കേട്ട് പിന്തിരിഞ്ഞു പോകുന്നവളെ നോക്കി..

“ഗീതു.”.അവർ വിതുമ്പി പോയി..

അവൾ പോയ പുറകെ ദേവി ചെന്നു..കുളിക്കാനായി ഡ്രെസ്സും തോർത്തും എടുക്കുകയായിരുന്നു ഗീതു..

“ഗീതു മോളേ…അപ്പച്ചിയെ മറന്നോ നീ..??എന്നേ ഒന്ന്‌ ഫോൺ വിളിക്കാൻ പോലും കഴിയാത്തത്രേം വെറുപ്പായോ നിനക്ക്..??”

“അപ്പച്ചീ..!!!!”

അവർ ഒരുപാട് ഗീതുവിനോട് സംസാരിച്ചു..പരിഭവവും പരാതിയും ഒക്കെ പറഞ്ഞുതീർത്തു..അപ്പോൾ പോലും അവൾ പ്രാർത്ഥിക്കുകയായിരുന്നു സിദ്ധുവിന്റെ കാര്യങ്ങൾ ഒന്നും തന്നെപറയരുതെന്ന്..

“ഇത്രയും നാൾ എന്തിനാമോളെ ഞങ്ങളിൽ നിന്നും ഒക്കെ ദൂരെ മാറി നിന്നത്..?”

“അതുകൊണ്ടെന്താപ്പച്ചി എല്ലാർക്കും സന്തോഷവായില്ലേ ഇപ്പൊ..എല്ലാം നല്ല വിശേഷങ്ങൾ അല്ലേ.. ഉടനെ ഒരു മുത്തശ്ശിയാകാൻ പോകുവല്ലേ..”

ദേവി അതിന് മറുപടിയൊന്നും പറഞ്ഞില്ല..അതിനുള്ള ധൈര്യം ഇല്ലായിരുന്നു അവർക്ക്.

അപ്പോഴാണ് വൈഗ അങ്ങോട്ട് വന്നത്..വൈഗയെ കണ്ടതും ഗീതു ബെഡിൽ നിന്ന് എഴുനേറ്റു..

“വൈഗേച്ചി..”

“ഗീതു എപ്പഴാ വന്നത്..?

“ഉച്ചക്ക്..വൈഗേച്ചിക്ക് സുഖവല്ലേ..??

ശബ്ദം പതറാതിരിക്കാൻ ഗീതു പാടുപെട്ടു..

“സുഖം..ഇപ്പൊ കാലിലൊക്കെ മസിൽ കയറ്റവാ..രാത്രി കിടകക്കാൻ നേരം അങ്ങ് ഉരുണ്ട് കയറും..പാവം ന്റെ സി….”

“ചേച്ചി ഞാൻ കുളിക്കട്ടെ..ആകെ മുഷിഞ്ഞിരിക്കുവാ..”

ബാക്കി കേൾക്കാനുള്ള ത്രാണിയില്ലാതെ ആ സംഭാഷണം തുടരാതിരാക്കാൻ എന്നവണ്ണം പറഞ്ഞുകൊണ്ട് ഗീതു വേഗം ബാത്രൂമിലേക്ക് കയറി..

“വൈഗമോളെ..എന്താ നീ പറയാൻ പോയതെന്ന് ഓർത്തോ.
ഗീതുവാണെന്ന ബോധം പോലും പോയോ..”

“അമ്മേ പെട്ടന്ന്..”

“സാരമില്ല..ഒത്തിരി അനുഭവിച്ചതാ ന്റെ കുഞ്ഞ്..”

അകത്തെ ബാത്‌റൂമിൽ ഹൃദയം തകർന്ന നോവോടെ കരയുകയായിരുന്നു ഗീതുവപ്പോൾ..
സിദ്ധു മറ്റൊരുവളുടെ പാതിയായന്ന സത്യം അംഗീകരിക്കാൻ അവളുടെ മനസ്സ് പാടുപെട്ടുകൊണ്ടേയിരുന്നു..
ലാഭനഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിലൊക്കെയും എന്നും അവൾക്ക് നഷ്ടങ്ങൾ മാത്രമായിരുന്നു…

(തുടരും)

ആരും വായാന നിർത്തരുത്..
ശുഭപര്യവസായി തന്നെ കഥ ഞാൻ അവസാനിപ്പിക്കൂ..ഗീതുനെ സങ്കടത്തിലേക്ക് തള്ളിവിട്ടുകൊണ്ട് കഥ അവസാനിപ്പിക്കില്ല..ഈ പാർട്ട് എഴുതുമ്പോൾ അവളനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഒക്കെ എനിക്കും സങ്കടം ഉണ്ടാക്കിയതാണ്.
എല്ലാരോടും സ്നേഹം മാത്രം..
നിങ്ങളുടെ സപ്പോർട്ട് ഒന്നു മാത്രമാണെന്റെ വിജയം..❤️