24/04/2026

നീ വരുവോളം : അവസാന ഭാഗം

രചന – ജിഫ്ൻ നിസാർ

കണ്ണ് തുറക്കുമ്പോൾ ഇച്ചായന്റെ നെഞ്ചിലാണ്..മറുസൈഡിൽ കൊച്ചൂട്ടനും..

ആനി എഴുന്നേൽക്കുന്നത് അറിഞ്ഞെന്ന പോൽ പ്രിൻസ് ഒന്നൂടെ ചേർത്ത് പിടിച്ചു..

ചിരിയോടെ അവന്റെ നെറ്റിയിൽ ഒരു കുഞ്ഞു ഉമ്മ കൊടുത്തു കൊണ്ട് ആനി എഴുന്നേറ്റു..
രണ്ടാളെയും നന്നായി പുതപ്പിച്ചു കൊടുത്തു. നല്ല തണുപ്പുണ്ട്.. വാതിൽ തുറന്നപ്പോൾ തന്നെ കുളിരുള്ള കാറ്റ് അകത്തേക്ക് ഓടി വന്നിരുന്നു..

നേർത്ത മഞ്ഞിൻ കണം പുക പോലെ മൂടലുണ്ട് പുറത്ത്..

കുളിയൊക്കെ കഴിഞ്ഞു കയ്യിലൊരു കപ്പ് ചൂട് കട്ടൻ കൊണ്ട് വാതിൽക്കൽ ചെന്ന് നിന്നു ആനി..

മനസ്സിൽ തണുപ്പാണ്.. പുറത്ത് ഉള്ളതിനേക്കാൾ..

പറഞ്ഞറിയിക്കാൻ ആവാത്തൊരു സമാധാനം..

തനിച്ചല്ല എന്നോർക്കുമ്പോൾ കിട്ടുന്ന സുഖം..
ഇതൊക്കെ ഒന്നെത്തി പിടിക്കാൻ താണ്ടിയ മുള്ള് വഴി ചില്ലറ യല്ല.

മരിക്കാൻ തോന്നിയ എത്രയോ നിമിഷങ്ങൾ ..

അതിനെ അതിജീവിച്ചു.. ഇപ്പോഴും അത്ഭുതം തോന്നുന്നു. അതൊക്കെ എങ്ങനെ സഹിച്ചെന്ന് ഓർക്കുമ്പോൾ.

കൈകുഞ്ഞായ മോനെയും കൊണ്ട് കഴിച്ചു കൂട്ടിയ ദിനങ്ങൾ… വീട്ടിലെ അവസ്ഥ..

ദേഷ്യം ഉള്ളിൽ പതയുമ്പോഴും പുറമെ ചിരിച്ചു കാണിച്ച ചേട്ടായി… മകളെ അന്യയെ പോലെ കണ്ടൊരു അമ്മ.. ശത്രു കണക്കെ വെറുത്തൊരു ചേട്ടത്തി..

പക്ഷേ ഇതൊക്കെ എന്തിനായിരുന്നു എന്നത് ഇന്നും അറിയില്ല..
“എന്നതാ എന്റെ കൊച്ച് ഈ ആലോചിച്ചു കൂട്ടുന്നേ.. ഇച്ചായനോട് കൂടി പറയെടി ”
വയറിൽ കൂടി ചുറ്റി പിടിച്ചു തോളിൽ മുഖം അമർത്തി പ്രിൻസ് ചോദിച്ചപ്പോൾ ആനി ഞെട്ടി പോയി..

കയ്യിലെ ചായ കപ്പ് തുളുമ്പി..

കുളി കഴിഞ്ഞിട്ടുണ്ട് അവന്റെ.. നനുത്ത താടി രോമം കഴുത്തിൽ അമർത്തി അവൻ കുസൃതി കാണിക്കുമ്പോൾ ആനി പിടഞ്ഞു മാറി..

“ഇച്ചായ “അവൾ ഈണത്തിൽ വിളിച്ചു..

“മ്മ് “അവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് വിളി കേട്ടു..

“ഞാൻ ചേട്ടായിയെ കുറിച്ച് ഓർക്കായിരുന്നു.. എന്തിനാ ഇച്ചായ എന്നോട് ഇതിനും മാത്രം ദേഷ്യം തോന്നാൻ.. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല..”

പ്രിൻസ് ആനിയെ ഒന്നൂടെ അമർത്തി പിടിച്ചു..

“ദേഷ്യം തോന്നാൻ പ്രതേകിച്ചു കാരണം വല്ലതും വേണോ ആനി.ചെറിയൊരു തെറ്റ് ധാരണ കൊണ്ട് പോലും മനുഷ്യനെ കൊന്നു കളയാൻ പാകത്തിന് ദേഷ്യം തോന്നാറില്ലേ.. തെറ്റ് ചെയ്യണം എന്നത് ഈ കാര്യത്തിൽ ഒരു നിർബന്ധവും ഇല്ല.”പ്രിൻസ് പറയുമ്പോൾ ആനി ഒന്നും മിണ്ടാതെ നിന്ന് പോയി..

“കഴിഞ്ഞതൊക്കെ ഓർത്തോണ്ട് എന്റെ കൊച്ച് വേദനിക്കരുത്. നീ ഇപ്പൊ ജയിച്ചു നിൽപ്പാ ടി പെണ്ണെ.. ഇനി നമ്മുക്കൊന്ന് ജീവിക്കണ്ടേ.. നമ്മൾ ആശിച്ച പോലെ.. ഒരു ദിവസം കൊണ്ട് ജീവിതം തീർന്നത് പോലെ ആയവരാ നമ്മൾ. കർത്താവ് നമ്മളെ വീണ്ടും ഒരുമിച്ച് കൂട്ടിയിട്ടുണ്ടെ നമ്മുക്ക് അത്രമേൽ പരസ്പരം ഇഷ്ടം ആണെന്ന് മൂപ്പർക്ക് തോന്നിയത് കൊണ്ടാവും..”

പ്രിൻസ് ചിരിയോടെ പറയുമ്പോൾ ആനി അവന്റെ നെഞ്ചിൽ ചേർന്നു നിന്നു.

“ജീവിത്തിന്റ ഒരു കോണിൽ നമ്മളെ ചിലർ ഒറ്റപ്പെടുത്തുമ്പോൾ മറു സൈഡിൽ ചേർത്ത് പിടിക്കാനും തീർച്ചയായും ആളുണ്ടാവും..നമ്മൾ ആഗ്രഹിക്കുന്നത് പോലെ ചിലപ്പോൾ ജീവിതം ജീവിച്ചു തീർക്കാൻ പറ്റിയെന്നു വരില്ല.. പക്ഷേ പോകുന്ന വഴിയിൽ സന്തോഷം കണ്ടെത്താവുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങൾ നിറയ്ക്കാൻ നമ്മുക്ക് ആവും..”

അവളെയും ചേർത്ത് പിടിച്ചു പ്രിൻസ് പറയുമ്പോൾ ആനി നല്ലൊരു കേൾവികാരി ആവുകയായിരുന്നു..

“എത്ര ത്തോളം അവഗണന ഏറ്റു വാങ്ങിയോ അത്രത്തോളം കരുത്ത് ആർജിക്കാൻ കഴിയണം.. ആത്മ വിശ്വാസം നേടാൻ കഴിയണം.ഓരോ അവഗണനയും ഓരോ പാഠങ്ങൾ ആണ്..മാറ്റി നിർത്തിയവരും കുറ്റപ്പെടുത്താൻ ഓടി പിടഞ്ഞവർക്കും നമ്മളെ ആവിശ്യം വരുന്നൊരു നാൾ വരുന്നുണ്ടെന്ന് മനസ്സിൽ പറയണം…”

ആനി ചിരിയോടെ അവന്റെ നേരെ നോക്കി..

“സത്യം എന്നായാലും പുറത്ത് വരും.. അതിന് വേണ്ടി കാത്തിരിക്കാൻ ഉള്ള ക്ഷമ ആണ് വേണ്ടത്.. എന്റെ പെണ്ണിന് അതുണ്ട്.. ആരും ഇല്ലാത്തിരുന്നിട്ട് കൂടി എനിക്ക് വേണ്ടി കാത്തിരുന്നു.. എന്റെ കുഞ്ഞിനെ ഒരു പോറൽ പോലും ഏൽപ്പിക്കാതെ കാത്തു.. നിന്നോട് ഞാൻ എങ്ങനെ ആണ് പെണ്ണെ എന്റെ നന്ദി അറിയിക്കേണ്ടത്..”ഇപ്രാവശ്യം പ്രിൻസിന്റെ സ്വരം ഇടറി..

“എന്റെ ഇച്ചായ.. ഈ മനസ്സിലെ സ്നേഹം അല്ലാതെ മറ്റെന്തെങ്കിലും ആനി മോഹിച്ചു പോയിട്ടുണ്ടോ..കൗതുകതിന് വേണ്ടി പ്രണയിച്ചു പോയതല്ല.. സൗന്ദര്യം കണ്ടു മയങ്ങി വീണതുമല്ല.. സമ്പത്ത് കണ്ടു കൂടെ പോന്നതുമല്ല.. ആനിയുടെ ജീവനാണ്.. ഈ മനസ്സിലെ നന്മ അറിഞ്ഞപ്പോൾ… സ്നേഹം അറിഞ്ഞപ്പോൾ.. കരുതൽ അറിഞ്ഞപ്പോൾ അറിയാതെ എന്റെ ആത്മാവിൽ ചേർന്നു പോയതാണ് ഈ തെമ്മാടി.. ഇനി അത് ഇല്ലാതെ ആവണം എന്നുണ്ടേൽ ആനി മരിക്കണം ”

ആനി പ്രണയത്തോടെ പറയുമ്പോൾ പ്രിൻസ് അവളെ കണ്ണിമ വെട്ടാതെ നോക്കി നിന്ന് പോയി..

എന്റെ പെണ്ണ്… അവനുള്ളം പ്രണയം തുടിച്ചു…

അതേ.. ഇങ്ങനെ നിന്നാ മതിയോ.. ചായ വേണ്ടേ “ആനി തല ചെരിച്ചു കൊണ്ട് കുറുമ്പോട് ചോദിച്ചു..

“എനിക്കി ചായ മതി “അവളുടെ കയ്യിലെ ചായ കപ്പ് വാങ്ങി കള്ള ചിരിയോടെ പ്രിൻസ് പറയുമ്പോൾ ആനിയും ചിരിച്ചു പോയി..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

പ്രിൻസിന്റെ വീടിന്റെ മുന്നിൽ ഓട്ടോ ഇറങ്ങുമ്പോൾ ആനി പ്രിൻസിനെ ഒന്ന് പാളി നോക്കി..

മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നു..

രാവിലെ അവൻ തന്നെ ആണ് പറഞ്ഞത്… പെട്ടന്ന് റെഡിയായി വായോ.. ഒരു സ്ഥലം വരെയും പോവാനുണ്ടെന്ന്..

എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോൾ.. അത് സർപ്രൈസ് എന്ന് പറഞ്ഞോഴിഞ്ഞു..

കൊച്ചൂട്ടനെ പ്രിൻസ് തന്നെ ആണ് കുളിപ്പിച്ച് ഒരുക്കിയത്..

പപ്പയും മോനും ആസ്വദിച്ചു ചെയ്യുന്നത് കാണുമ്പോൾ ആനിക്ക് ഹൃദയം നിറഞ്ഞു…

ചെയ്തു കൊടുക്കാൻ പ്രിൻസിനും ചെയ്യിപ്പിക്കാൻ കൊച്ചൂട്ടനും വലിയ ആവേശത്തിൽ ആയിരുന്നു..

അത്രമാത്രം കൊതിച്ചിരിക്കണം രണ്ടു പേരും..

ഇങ്ങോട്ടാണ് എന്നറിഞ്ഞു എങ്കിൽ വരില്ലായിരുന്നു..

സ്വപ്നങ്ങൾ ചതഞ്ഞു തീർന്നവിടം ആണ്..

മരണം കൊതിച്ചത്… അതും ഇവിടെ ആണ്..

ഭ്രാന്തിയെ പോലെ ജീവിച്ചു തീർത്തത് ഇവിടം ആണ്..

ഹൃദയം വീണ്ടും വേദനിക്കുന്നു… അതറിഞ്ഞ പോൽ പ്രിൻസ് അവളെ ചേർത്ത് പിടിച്ചു..

അവൾ മുഖം ഉയർത്തി അവന്റെ നേരെ നോക്കി..

അവനൊന്നു കണ്ണടച്ച് കാണിച്ചു..

ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പപ്പയുടെ വീട്ടിലേക്ക് കൊച്ചൂട്ടൻ കയറുന്നത് കണ്ടപ്പോൾ..

അവന്റെ ജീവൻ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവിടം വിട്ട് ഓടി പോയൊരു പാവം പെണ്ണിന്റെ ചിത്രം ആനിക്ക് മുന്നിൽ തെളിഞ്ഞു..

അവളുടെ ഹൃദയം വീണ്ടും വേദനിക്കുന്നു..

ബെല്ലടിച്ചു കാത്തു നിൽക്കുമ്പോൾ പ്രിൻസിനെ ആനി പാളി നോക്കി..

അറിയാത്തൊരു ഭാവം ആണാ മുഖം നിറയെ..

തന്റെ ഉള്ളിലെ ആധി അറിഞ്ഞെന്ന പോൽ..

വാതിൽ തുറന്നു പുറത്ത് വന്നത് അവന്റെ ഏട്ടൻ ആയിരുന്നു

തൊട്ട് മുന്നിൽ പ്രിൻസിനെ കണ്ടപ്പോൾ ആ മുഖം ഞെട്ടി പോകുന്നത് ആനി കണ്ടിരുന്നു..

“ടാ… പ്രിൻസെ.. നീ ഇന്നലെ വരും എന്ന് കരുതി കാത്തിരുന്നു.. എവിടെ ആയിരുന്നു. അമ്മ വല്ലാത്ത വിഷമത്തിൽ ആണ്. നീ പുറത്തിറങ്ങി എന്നറിഞ്ഞു..”അയാള് ആവേശത്തിൽ ചോദിച്ചപ്പോൾ പ്രിൻസിനു ചിരിയാണ് വന്നത്..

“അമ്മ എവിടെ..”പരുക്കൻ ശബ്ദത്തിൽ അത്രയും മാത്രം ചോദിച്ചു പ്രിൻസ്..

അവന്റെ ശബ്ദത്തിലെ മാറ്റം അറിഞ്ഞിട്ടോ എന്തോ അയാൾ വാതിലിൽ നിന്നും മാറി കൊടുത്തു..

അവന്റെ പുറകിൽ നിൽക്കുന്ന ആനിയെ അപ്പോഴാണ് അയാൾ കണ്ടിരുന്നത്..

ആ മുഖം വിളറി പോകുന്നത് പ്രിൻസ് നോക്കി നിന്നു..

ശബ്ദം കേട്ട് അവന്റെ അമ്മ അകത്തു നിന്നും ഇറങ്ങി വന്നിരുന്നു..

പ്രിൻസിനെ കണ്ടപ്പോൾ ആ മുഖം തിളങ്ങി..

“മോനെ… കരച്ചിലോടെ പ്രിൻസിനെ കെട്ടിപിടിച്ചു..

അവനും അവരെ ചേർത്ത് പിടിച്ചു..

“ഇന്നലെ എവിടെ ആയിരുന്നു മോനെ.. അമ്മ എന്തോരും കാത്തിരുന്നു നിന്നെ..”അവന്റെ കവിളിൽ കൈ ചേർത്ത് അവർ പറയുമ്പോൾ പ്രിൻസ് ഒന്നും മിണ്ടിയില്ല..

ആനിയെയും കുഞ്ഞിനേയും പിന്നെ ആണ് അവർ കണ്ടത്..

പ്രിൻസിനെ പൊതിഞ്ഞ കൈകൾ പെട്ടന്ന് നിശ്ചലമായി.. മുഖം നിറയെ കുറ്റബോധം നിറഞ്ഞു..

“എന്റെ മോനാ അമ്മേ..”കൊച്ചൂട്ടനെ അടുത്തേക്ക് നീക്കി നിർത്തി പ്രിൻസ് പറയുമ്പോൾ അവരൊന്നു തല ഉയർത്തി നോക്കാൻ പോലും ആവാതെ നിന്ന് പോയി..

“ചേർത്ത് പിടിക്കുന്നില്ലേ അമ്മേ.. മൂന്നര വയസ്സ് കഴിഞ്ഞു. അമ്മ കണ്ടിട്ടുണ്ടോ എന്റെ കൊച്ചിനെ..”പ്രിൻസ് പുച്ഛത്തോടെ ചോദിച്ചു..

“മോനെ… അമ്മയ്ക്ക്…”അവരുടെ വാക്കുകൾ ഇടറി..

“തെറ്റ് പറ്റി എന്നാവും.. പക്ഷേ ഒരേറ്റ് പറച്ചിൽ കൊണ്ട് എന്റെ പെണ്ണിനോട് കാണിച്ച നീതി കേട് പൊറുക്കാൻ ആവുമോ.. ഒറ്റക്കായി പോയൊരു പെണ്ണിന്റെ വേദന അമ്മയും അറിഞ്ഞതല്ലേ.. എന്നിട്ടും.. എങ്ങനെ തോന്നി.. വയറ്റിലെന്റെ കുഞ്ഞിനേം ഇട്ടോണ്ട് ഓടി പോയപ്പോൾ ഒരു പെണ്ണാണ് എന്ന് പോലും ഓർത്തില്ലല്ലോ “അവന്റെ സങ്കടം വാക്കുകൾ വിളിച്ചു പറയുന്നുണ്ട്..

“ചെയ്യാത്ത തെറ്റിന് അകത്തു കിടക്കുമ്പോൾ പുറത്ത് എന്റെ അമ്മക്കൊപ്പം ആണെന്റെ ആനി എന്നോർക്കുമ്പോൾ കിട്ടുന്ന ആശ്വാസം ആയിരുന്നു ജീവിക്കാൻ തന്നെ പ്രേരിപ്പിച്ചത്.. പക്ഷേ ഞാൻ അറിഞ്ഞില്ലല്ലോ അമ്മാ.. ഇവിടെൻറെ പെണ്ണ് അനുഭവിച്ചു തീർത്ത നോവുകൾ..”അവന്റെ വാക്കുകൾ ഇടറി..

ആ അമ്മയ്ക്ക് അവനോടു പറയാൻ ഒരു വാക്ക് പോലും ഇല്ലായിരുന്നു.

തെറ്റ് പറ്റി പോയി.. എല്ലാം മനസ്സിലാക്കിയപ്പോൾ ഒരു പാട് വൈകി പോയിരുന്നു..

അവന്റെ കുഞ്ഞിനെ പോലും നോക്കാൻ കഴിയുന്നില്ല..

ഒരിക്കൽ അവന്റെ കുഞ്ഞല്ല എന്ന് പറഞ്ഞതിനുള്ള മധുരപ്രതികരം പോൽ ചാര നിറത്തിലുള്ള കുഞ്ഞി കണ്ണുകൾ അവർ കൊതിയോടെ നോക്കി..

ഒന്ന് ചേർത്ത് പിടിക്കാൻ പോലും അവകാശം ഇല്ലാത്തത് പോലെ..

“സഹായിക്കുക എന്നത് പണം കൊടുക്കുക എന്നത് മാത്രം അല്ല അമ്മ..വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും വേദനിപ്പിക്കാതിരിക്കലും സഹായം തന്നെ ആണ്. അത്ര എങ്കിലും ചെയ്‌തൂടായിരുന്നോ എന്റെ പെണ്ണിനോട്.. ഒരിത്തിരി ഭക്ഷണം കൊടുത്താൽ.. കിടക്കാനൊരിടം കൊടുത്താൽ പരാതി ഏതും ഇല്ലാതെ കഴിഞ്ഞോളുമായിരുന്നല്ലോ അവള്.. ഇറക്കി വിട്ടില്ലേ രണ്ടാളും.. അന്നിവൾ മരണം തിരഞ്ഞെടുത്തിരുന്നെങ്കിലോ…. ആരോടു പരാതി പറയും ഞാൻ… ഓർത്തിട്ടുണ്ടോ നിങ്ങൾ “ദേഷ്യം കൊണ്ട് പ്രിൻസ് ഓരോന്നു വിളിച്ചു പറയുമ്പോൾ ആ അമ്മയും ഏട്ടനും വാക്കുകൾ കിട്ടാതെ തല കുനിഞ്ഞു…

“മതി ഇച്ചായ… അമ്മയല്ലേ…”ആനി അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

“എന്റെ അമ്മയാണ് ആനി.. എനിക്കറിയാം അത്.. പക്ഷേ നീ എന്റെ മോന്റെ അമ്മയല്ലേ. നിനക്കു വേദനിച്ചാലും എന്റെ അമ്മയ്ക്ക് വേദനിച്ചാലും എനിക്ക് നോവും പെണ്ണെ.. നീയും അമ്മയും എനിക്ക് എന്റെ രണ്ടു വശങ്ങളല്ലേ..”

ആനിയെ ചേർത്ത് പിടിച്ചു അവൻ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു…

പക്ഷേ ആ അമ്മയോട് എന്തെങ്കിലും ഒന്ന് പറയാൻ അവൾക്ക് തോന്നിയില്ല…

മനസ്സിൽ മൊത്തം ശൂന്യത…

പൊറുക്കണം… മനസ്സ് പറയുന്നുണ്ട്.. പക്ഷേ… അനുഭവിച്ചു തീർത്ത നോവ് പിറകോട്ടു വലിക്കും..

വിധി ആനി കാലത്തിനു വിട്ട് കൊടുത്തു..

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലന്ന് അവൾക്കും അറിയാം…

“ഇനി ഇവിടെ ഞാൻ നിൽക്കുന്നില്ല.. പോവാ.. എന്റെ ജോലി തന്നെ എനിക്ക് തിരിച്ചു കിട്ടി.. ഒരു വീടും ശെരിയായിട്ടുണ്ട്.. അമ്മയ്ക്ക് കാണാൻ തോന്നുമ്പോൾ വിളിക്കുക.. ഞാൻ വരും.. പക്ഷേ ആനിക്ക് ഇവിടെ നിൽക്കാൻ എന്ന് മനസ്സോരുങ്ങുന്നോ അന്ന് ഞാൻ തിരിച്ചു വരും.. നിർബന്ധിച്ചു കൊണ്ട് പോരാൻ ആവില്ലെനിക്ക് ഇവളെ.. അത്രമാത്രം നോവ് അവൾ എനിക്ക് വേണ്ടി സഹിച്ചു.. ഇനിയും വേദന തന്നെ കൊടുക്കാൻ വെയ്യെനിക്ക്..”

പ്രിൻസ് പറയുമ്പോൾ മരുത്തോരക്ഷരം മിണ്ടാതെ നിന്ന് പോയി ആ അമ്മ..

“അമ്മയെ പറഞ്ഞു മനസ്സിലാക്കേണ്ടത് ഏട്ടൻ അല്ലായിരുന്നോ.. ചേർത്ത് പിടിക്കേണ്ടത് ഏട്ടൻ അല്ലായിരുന്നോ.. പക്ഷേ അമ്മക്ക് ഒപ്പം എന്റെ പെണ്ണിനെ പുറത്ത് ചാടിക്കാൻ കൂട്ട് നിന്നു.. ആർക്ക് വേണ്ടി ആയിരുന്നു ഏട്ട.. ഞാൻ ഒരിക്കലും വരത്തില്ലെന്ന് കരുതിയോ… അതോ എന്നേം കൂടി വെറുത്തു പോയോ.. ഞാൻ തെറ്റ് ചെയ്തെന്നു ഏട്ടൻ വിശ്വസിചില്ലെന്നു എന്നോട് പറഞ്ഞത് നുണയാ അല്ലേ.. ആലി ചേച്ചി ആയിരുന്നു ഈ അവസ്ഥയിൽ എങ്കിൽ…. ഓർത്തു നോക്കിയിട്ടുണ്ടോ എപ്പോഴെങ്കിലും… സാഹചര്യം എപ്പോ വേണേലും മാറാം ഏട്ടാ.. അത് മറക്കരുത്..”

ഇറങ്ങി പോരും മുൻപ് പ്രിൻസ് പറയുമ്പോൾ

ഒന്നും മിണ്ടാതെ പടിയിറങ്ങി പോരുമ്പോൾ ആനിയുടെ ഉള്ളിലെ ചൂട് അവനും അറിഞ്ഞിരുന്നു…

അവന്റെ ബുള്ളറ്റ് പൊടി തട്ടി കുടഞ്ഞു… അതിൽ തന്നെ ഉണ്ടായിരുന്നു അതിന്റെ ചാവി..

തിരിച്ചു പോരുമ്പോൾ അത് മാത്രം അവൻ കൂടെ കൊണ്ട് പോന്നിരുന്നു..

❤❤❤❤❤❤❤❤❤❤❤❤❤❤

അടുക്കളയിൽ ചായ തിളപ്പിച്ചു കൊണ്ടിരിക്കുന്ന ചേട്ടത്തിയെ ആനി കണ്ണിമ വെട്ടാതെ നോക്കി നിന്ന് പോയി..

ഇത്രേം ഒള്ളു മനുഷ്യന്റെ അഹങ്കാരം മുഴുവനും..

എന്തൊരു പ്രൗടി ആയിരുന്നു..

ആക്ഞ്ഞ മാത്രം പുറപെടുവിച്ച ആ ആള് ഇന്ന് മിണ്ടാൻ പോലും ശക്തി യില്ല..
മരവിച്ച പോലെ… ചേട്ടത്തിയുടെ സ്വന്തം ആങ്ങള വന്നു ഇവിടെ വലിയ ബഹളം ഉണ്ടാക്കി എന്നതൊക്കെ അറിഞ്ഞിരുന്നു… വലിയ അഭിമാനം ഉള്ള കുടുംബം എന്നാണ് ചേട്ടത്തി ഇടക്കിടെ സ്വന്തം വീട്ടുകാരെ പറയുന്നത്..
അഭിമാനം ഉള്ളവർക്ക് പൊറുക്കാൻ ആയി കാണില്ല മരുമോന്റെ തോന്നിവാസം…

ദൈവം എല്ലാം കാണുന്നുണ്ട്.. അറിയുന്നുണ്ട്..

നിറം മങ്ങിയ ജീവിതം തനിക്കു തിരികെ ഏഴ് വർണ്ണങ്ങളോടെ ഏല്പ്പിച്ചത് ദൈവം..

അതേ ദൈവം തന്നെ ആണ് ചേട്ടത്തിയുടെ നിറമുള്ള ജീവിതം മങ്ങിയ ചിത്രം പോലെ വരച്ചു തീർത്തതും..

അവളൊന്നും മിണ്ടാതെ തിരിച്ചു നടന്നു..

അമ്മച്ചിയുടെ മുറിയിൽ എത്തി..

കിടപ്പുണ്ട് ആള്..

തന്നെ കണ്ടപ്പോൾ ഒന്ന് നോക്കി.. പിന്നെ പതിയെ എഴുന്നേറ്റു ഇരുന്നു..

“എപ്പോ വന്നു..”ചോദ്യം കേട്ടപ്പോൾ ആനിക്ക് ചിരി വന്നു..
അയല്കാരിയോട് ചോദിക്കുന്ന അടുപ്പം പോലും ഇല്ല..

“അവനും ഉണ്ടോ “അതിന് അവളൊന്നു തലയാട്ടി..

മൗനം നിറഞ്ഞ നിമിഷം… ഇനിയൊന്നും മിണ്ടാൻ ഇല്ലാത്ത പോൽ ആനി തിരിഞ്ഞു നടന്നു..

“മോളെ.. ആനി..”പുറകിൽ നിന്നും കേട്ട അമ്മച്ചിയുടെ ശബ്ദം.. അതിൽ നിറയെ വാത്സല്യം.. സ്നേഹം.. കരുണ..

അവൾക്ക് കണ്ണ് നിറഞ്ഞു..

പകപ്പോടെ തിരിഞ്ഞു നോക്കി.. സത്യം തന്നെ ആണോ എന്നറിയാൻ..

“കൊച്ചിന് അമ്മച്ചിയോടു ദേഷ്യം ആണ് അല്ല്യോ.. എനിക്കറിയാം അത്.. ആർ ക്കായാലും അങ്ങനെ തന്നെ തോന്നും.. അമ്മച്ചി തെറ്റ് പറയുന്നില്ല.. അതിന് അമ്മച്ചിക്ക് യോഗ്യത ഇല്ല “അവരുടെ സ്വരം പതിഞ്ഞു പോയിരുന്നു..

“നാലാൾ കാണെ എന്റെ കുഞ്ഞിനെ ഒന്ന് സ്നേഹിക്കാൻ ഭാഗ്യം ഇല്ലാത്തവൾ ആണ് നിന്റെ അമ്മച്ചി കുഞ്ഞേ.. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. ഇറക്കി വിടുമോ എന്ന എന്റെ ഭയമായിരുന്നു കാരണം.. ഇറങ്ങി പോവാൻ ഒരിടം ഇല്ലായിരുന്നു മോളെ.. ചെറുപ്പത്തിലേ അപ്പനും അമ്മയും ധീനം വന്നു കർത്താവിന്റെ അടുത്തോട്ടു പോയി.. പിന്നെ ചാച്ചന്മാർ ആയിരുന്നു എനിക്ക് കൂട്ട്.. മൂന്നാല് പേരുണ്ട്.. പെണ്ണ് കെട്ടിയതോടെ അവർക്കൊക്കെ അമ്മച്ചിയെ തടവായിരുന്നു കുഞ്ഞേ.. കെട്ട് നടത്തിയ കാശും അവരുടെ വേലക്കാരിയും പോവും എന്നുള്ള പേടി കൊണ്ട് അതിനോട്ട് മിനക്കെട്ടില്ല ആരും…”

അമ്മച്ചി പറയുന്നത് കേട്ട് ആനി തറഞ്ഞു നിന്ന് പോയി…

ഇത്രേം സങ്കടം ഉണ്ടായിരുന്നോ ആ മനസ്സിൽ..

“അവരുടെ ജോലി മുഴുവനും ചെയ്താലും കിട്ടുന്ന ഉപദ്രവം സഹിക്കാൻ പറ്റത്തില്ല കുഞ്ഞേ.. മനുഷ്യൻ ആണെന്ന് കൂടി ഓർക്കത്തില്ല ചിലപ്പോൾ.. ഒടുവിൽ മോളുടെ അപ്പച്ചന്റെ ആലോചന വന്നപ്പോൾ കാശ് കണ്ടിട്ടാവാം അവർ സമ്മതിച്ചു തന്നത്… ഞാനും സമാധാനിച്ചു.. ഇനി എങ്കിലും ഒരു ജീവിതം അമ്മച്ചി മോഹിച്ചു.. പക്ഷേ ഇവിടെ അജി ആയിരുന്നു വില്ലൻ.. അവന്റെ വാശി കാരണം അതിയാൻ എന്നോട് ഒന്ന് നേരെ ചൊവ്വേ മിണ്ടത്തില്ല.. നോക്കത്തില്ല.. ആശ്വാസം പോലെ ആണ് നീ ഉണ്ടായത്.. അവിടേം അമ്മച്ചി തോറ്റു പോയി.. എന്റെ മോന്റെ മനസ്സിൽ വിഷമിപ്പിക്കാൻ നീ നിന്റെ കൊച്ചിനെ മാത്രം കൊഞ്ചിച്ചോണ്ട് നിന്ന വീട്ടിൽ തന്നെ പോവേണ്ടി വരും.. എനിക്ക് എന്റെ മോനാണ് വലുത്.. എന്നൊക്കെ മോളുടെ അപ്പച്ചൻ പറയുമ്പോൾ നീ കൂടി അങ്ങേരുടെ കുഞ്ഞാണ് എന്ന് മറന്നു പോയിരുന്നു…”അമ്മച്ചിയുടെ സ്വരം നനഞ്ഞു… വാക്കുകൾ ഇടറി…

ആനിക്ക് തളർച്ച തോന്നി..

“എന്നെ ഒറ്റയ്ക്ക് തന്നെ വേണ്ടാത്തവരെ ഇടയിൽ നിന്നേം കൊണ്ട് അമ്മച്ചി എങ്ങനാ മോളെ.. സ്നേഹം പിടിച്ചു വച്ചു.. ആരും കാണാതെ എന്റെ കുഞ്ഞിനെ കൊതി തീരെ നോക്കി.. എല്ലാരും ഉറങ്ങാൻ കാത്തിരുന്നു ഞാൻ.. നിന്റെ അരികിൽ വന്നിരുന്നു ഒന്ന് തലോടാൻ.. നിന്റെ അത്രയും ധൈര്യം അമ്മച്ചിക്ക് ഇല്ലായിരുന്നു കുഞ്ഞേ… ഒറ്റയ്ക്ക് ജീവിക്കാൻ. ഇവിടെ ആവുമ്പോൾ എന്റെ കുഞ്ഞിന് ഭക്ഷണം എങ്കിലും കിട്ടും എന്നെ അമ്മച്ചി ഓർത്തൊള്ളൂ.. അമ്മച്ചിയോടു എന്റെ മോള് പൊറുക്കണം.. കണ്മുന്നിൽ നീ പിടയുന്നത് ഞാൻ കണ്ടിരുന്നു.. നിന്നെ ഒന്ന് ചേർത്ത് പിടിക്കാൻ ഞാനും കൊതിച്ചിരുന്നു… നിന്റെ അപ്പനെ കിടത്തിയ പോലെ എന്നെയും കിടത്തി കളയും എന്ന് ഇടയ്ക്കിടെ വന്നു പറഞ്ഞിരുന്നു ആ ചെകുത്താൻ… അമ്മച്ചിക്ക് പേടി ആയിരുന്നു.. നിന്നെ വല്ലോം ചെയ്താലോ എന്ന്..”

കണ്ണ് നിറഞ്ഞില്ല എങ്കിലും അമ്മച്ചിയുടെ ഉള്ള് കരയുന്നത് ആനി അന്നേരം അറിഞ്ഞിരുന്നു..

അവൾക്കും കരച്ചിൽ വന്നിരുന്നു.. എല്ലാം കേട്ടപ്പോൾ കുറ്റപ്പെടുത്താൻ മാത്രം അമ്മച്ചിയെ നോക്കിയ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല..

വാതിലിൽ എല്ലാം കേട്ട് ചാരി നിൽക്കുന്ന സിനിയെ ആനി അപ്പോഴാണ് കണ്ടത്..

പ്രതിമ പോലാണ് നിൽപ്പ്.. ഒന്നും മിണ്ടാതെ..

“ചേട്ടത്തിയും അറിഞ്ഞിരുന്നോ ചേട്ടന്റെ കള്ളത്തരം.. അതായിരുന്നോ ഈ ദേഷ്യം മുഴുവനും എന്നോട്..”ആനിക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..

അത്രയും വേദന തന്നിട്ടുണ്ട് ഇവരുടെ ഓരോ വാക്കും..

ജീവനോടെ കത്തിക്കും പോലെ..

കത്തി കുത്തി ഇറക്കും പോലെ..

‘പറ.. എവിടെ പോയി നിങ്ങളുടെ നാവ്.. ആനി എന്ന് കേട്ടാൽ തന്നെ ദേഷ്യം കൊണ്ട് വിറക്കുവായിരുന്നല്ലോ നിങ്ങൾ.. വാക്കുകൾ കൊണ്ട് എത്രയോ വട്ടം എന്നെ കൊന്നിട്ടുണ്ട് നിങ്ങൾ.. പിഴച്ചു പോയെന്ന് പറഞ്ഞിട്ടുണ്ട്.. എന്റെ ഇത്തിരി ഇല്ലാത്ത കുഞ്ഞിനെ പോലും നിങ്ങൾ പകയോടെ ആണ് നോക്കിയത്.. മക്കളെ കൊണ്ട് എന്റെ കുഞ്ഞിനെ നോവിച്ചു രസിച്ചത്.. എന്തിനായിരുന്നു ചേട്ടത്തി അതൊക്കെ.. ഞാനും ഒരു മനുഷ്യൻ അല്ലായിരുന്നോ.. ചേർത്ത് നിർത്തണ്ട.. വേദനിപ്പിക്കാതിരിക്കായിരുന്നു “ആനി വിളിച്ചു പറയുമ്പോൾ സിനി നിശബ്ദമായ് കണ്ണീർ പൊഴിച്ചു..

അവൾക്കും അറിയില്ലായിരുന്നു അതെന്തിനായിരുന്നു എന്നത്.. ആരോരും ഇല്ലാത്തൊരു പെണ്ണിനോട് കരുണക്ക് പകരം കലിപ്പ് തോന്നിയത്..

കാരണം ഇല്ലാതെ അവളോട്‌ വെറുതെ വഴക്കടിച്ചു.. അവൾക്ക് നന്മ വരുന്നത് ചിന്തിക്കാൻ കൂടി കഴിഞ്ഞില്ല..

എന്ത് ചെയ്താലും ചേട്ടായി ഒന്നും പറയത്തില്ല എന്നത് ധൈര്യം നൽകി..

അവളെ നോവിക്കാൻ കിട്ടിയ ഒരു അവസരവും വെറുതെ കളഞ്ഞില്ല..

കാലം നീതിമാൻ ആണ്..

കണക്ക് ചോദിക്കാൻ അതേ അവസരം അവൾക്കും കൊടുത്തു…

“എനിക്കിപ്പോ എന്തും ചെയ്യാം.. ആരും ഇല്ല നിങ്ങളുടെ കൂടെ.. പക്ഷേ നിങ്ങൾക്ക് ഇല്ലാതെ പോയ ഒന്ന് എനിക്കുണ്ട്.മനസാക്ഷി..ഒറ്റക്കായി പോവുന്ന വേദന എനിക്ക് ശെരിക്കും അറിയാം.. കുഞ്ഞുങ്ങൾ വളരും ചേട്ടത്തി.. നല്ലത് ചൊല്ലി കൊടുക്ക് അവർക്ക്.. ജീവപര്യന്ധം കിട്ടിയൊരു അപ്പന്റെ മക്കളായി അല്ല.. നല്ലൊരു അമ്മയുടെ മക്കളായി വളരട്ടെ അവർ.. അമ്മ വളർത്തിയാലും അവര് നന്നാവും ചേട്ടത്തി.. അതാണ് ചേട്ടത്തിയുടെ തീരുമാനം എങ്കിൽ ഞാനും ഉണ്ടാവും കൂടെ.. ഇനി അതല്ല പണ്ടത്തെ അതേ മനസ്സോടെ തന്നെ ആണ് മക്കളെ വളർത്തുന്നത് എങ്കിൽ അപ്പനെകാൾ തെമ്മാടിത്തരം കയ്യിൽ കൊണ്ട് നടക്കും മക്കൾ.. അപ്പോഴും നഷ്ടം ചേട്ടത്തിക്ക് മാത്രം.. എന്താ വേണ്ടത് എന്ന് നിങ്ങൾക്ക് തീരുമാനം എടുക്കാം..”

ആനിയെ നോക്കാൻ കൂടി കഴിയാതെ സിനി അപ്പോഴും മുഖം ഉയർത്തി നോക്കിയില്ല..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കോളേജിന്റ ഇടനാഴിയിൽ കൂടി നടക്കുമ്പോൾ ആനി പ്രിൻസിനെ പാളി നോക്കി..

ആ ചുണ്ടിൽ ഇപ്പോഴും ഒരു കള്ളച്ചിരി ബാക്കിയുണ്ട്..

കൊച്ചൂട്ടൻ കുറച്ചു മുന്നിലായി നടക്കുന്നുണ്ട്..

അവനിത്തിരി കൂടി വലുതായി.. സ്കൂളിൽ പോയി തുടങ്ങി…

ഇടയ്ക്കിടെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നടക്കുന്ന പ്രിൻസിനെ ആനി കൂർപ്പിച്ചു നോക്കി..

കുറച്ചു നേരം ആയിരുന്നു ഈ നടപ്പും ചിരിപ്പും തുടങ്ങീട്ട്..

“എന്നതാ ഇച്ചായാ “ആനി ചിണുങ്ങി കൊണ്ട് ചോദിച്ചു..

“എനിക്കെ… എനിക്കുണ്ടല്ലോ നിന്നെ ഈ വേഷത്തിൽ കാണുമ്പോൾ കെട്ടിപിടിച്ചു ഉമ്മ തരാൻ തോന്നുവാ “കുറുമ്പോട് അവളുടെ രാജ കുമാരൻ പറയുമ്പോൾ ആനി അവന്റെ കയ്യിൽ അമർത്തി പിടിച്ചു..

അവളിന്ന് ആ കോളേജിൽ ടീച്ചർ ആയി ജോയിൻ ചെയ്യുന്നു.. അത് കാണാൻ അവളുടെ ഇച്ചായൻ നിർബന്ധമായും വേണമെന്ന് അവളുടെ വാശി ആയിരുന്നു..
കാരണം ജോലി എന്ന അവളുടെ സ്വപ്നം കയ്യെത്തി പിടിക്കാൻ അവന്റെ സഹായം ഒത്തിരി ആണെന്ന് അവളോളം മറ്റാർക്കറിയാം..

സിജോയും പ്രിൻസും കൂടി തുടങ്ങിയ ഇമ്പോർട്ടിങ് ബിസിനസ് നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്…

ആനിയുടെ അമ്മച്ചിയെ സിനി ഇപ്പോൾ സ്വന്തം അമ്മയെ പോലെ നോക്കുന്നുണ്ട്..

പ്രിൻസ് ഇടയ്ക്കിടെ അമ്മയെ പോയി കാണാറുണ്ട്.. ആനി ഇനിയും അതികം വൈകില്ല ആ കൂടിച്ചേരലിനെന്ന് അവനറിയാം..

ആ മനസ്സ് അവനോളം ആരാണ് അറിഞ്ഞിട്ടുള്ളത്…

അവസാനിച്ചു