23/04/2026

സ്നേഹമയി : ഭാഗം 14

രചന – ആരുണി കൃഷ്ണ

“ഇത്… ഇത് അവനല്ലേ… ” ശ്രീ സംശയത്തോടെ പറഞ്ഞു…

” നിനക്കറിയോ ശ്രീ, ആളെ മനസ്സിലായോ… ”

“മ്മ്….”
******************************************

“അർജുൻ…. ”

“അർജുനോ…അതാരാ? ”

“പറയാം… ”

ശ്രീ രണ്ട് കോഫീ ഓർഡർ ചെയ്തു വീണ്ടും സംസാരം തുടർന്നു…

“എന്റെ സ്റ്റുഡന്റ് ആണ്, മിഥുവിന്റെ ക്ലാസ്സ്‌മേറ്റ്‌… ”

“എങ്കിൽ പിടിച്ചൊന്ന് കുടഞ്ഞാലോ…? ”

“അത് അത്ര എളുപ്പം ആവില്ല അഭി… എം എൽ എ ദത്തന്റെ മകനാണ് അവൻ… ”

“ദത്തൻ സാറിനെ പോലൊരാളുടെ പേര് ചീത്ത ആക്കാൻ… തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മകൻ ആണെങ്കിലും അദ്ദേഹം ക്ഷമിക്കില്ല… ” അഭി പറഞ്ഞു…

“അത് ശരിയാണ്… പക്ഷെ ഇപ്പൊ ഇതൊരു ഇഷ്യൂ ആക്കിയാൽ, വേറെ പല ചോദ്യങ്ങളും ഞാനും മിഥുവും കേൾക്കേണ്ടി വരും… മറ്റൊരു രീതിയിൽ ഞങ്ങൾ രണ്ടാളെയും ചേർത്ത് കഥകൾ ഉണ്ടാകും… നിനക്ക് ഊഹിക്കാല്ലോ അഭി…? ”

“മ്മ്, പക്ഷെ, അവൻ എന്തിന് അത് ചെയ്തു എന്ന് കൂടി അറിയണമല്ലോ… നീ ഇവിടെ വന്നിട്ട് കുറച്ചു ദിവസങ്ങൾ അല്ലെ ആകുന്നുള്ളു… പക്ഷെ മിഥു… ”

അഭി പെട്ടന്ന് ഒന്ന് നിർത്തി…

“മിഥുവും അവനും തമ്മിൽ എന്തെങ്കിലും ഇഷ്യൂ ഉണ്ടോന്ന് അറിയണം ശ്രീകുട്ടാ …. ”

“അതിപ്പോ എങ്ങനെ അറിയനാടാ…? ”
ശ്രീ സംശയഭാവത്തിൽ തിരക്കി..

“ഓ ശ്രീയേട്ടൻ വരെ എത്തി… എന്നിട്ടാ, അങ്ങോട്ട്‌ നേരിട്ട് ചോദിക്കണം… അതോ ഇപ്പൊഴും അടിയും വഴക്കും ആണോ… ”

“അടിയൊക്കെ ഉണ്ട്… പിന്നെ ഇപ്പൊ എന്നെ ചെറിയ പേടിയുള്ളത്കൊണ്ട് പഴയപോലെ ഇല്ല… ”

“ഈ പേടി എന്നാടാ പ്രണയം ആകുന്നെ… ”

അഭിയുടെ ചോദ്യം ഒരു പോലെ അവനിൽ സന്തോഷവും ആശങ്കയും നിറച്ചു…
ശ്രീയുടെ ഭാവം കണ്ടു, എന്തോ പറയാൻ ഒരുങ്ങിയപ്പോൾ ആണ് അഭി ആ കാഴ്ച കണ്ടത്…

“ഡാ, മിഥു അല്ലെ അത്…? ”

“ഏ, എവിടെ…” ശ്രീ എത്തി വലിഞ്ഞു പുറത്തേക്ക് നോക്കാൻ തുടങ്ങി…

“ഹോ, ആക്രാന്തം കാണിക്കാതെടാ… ഇപ്പൊ ദാ ആ വഴി പാസ്സ് ചെയ്തു പോയി.. ”

“ആണോ, എന്നാ വാ… വേഗം ഇറങ്ങ്… ”

“ഡാ, നിക്ക് ഈ കോഫീ ഒന്ന് കുടിക്കട്ടെ.. ”

“ഡേയ്, നിനക്ക് എത്ര കോഫീ വേണേലും ഞാൻ വാങ്ങി തരാം…ഇപ്പൊ വാ ഒന്ന് ”

ബില്ല് പേ ചെയ്തു അവർ ഇറങ്ങി…
ശ്രീ ഓടി എസ്‌കലേറ്ററിനു അടുത്ത് എത്തിയപ്പോ ഫസ്റ്റ് ഫ്ലോറിലൂടെ നടന്നു പോകുന്ന മിഥുവിനെ കണ്ടു… ഒരു ബ്ലു കുർത്തിയും ആംഗിൾ ജീൻസും ആയിരുന്നു അവളുടെ വേഷം… മുടി അലസമായി പറത്തി ഇട്ടിട്ടുണ്ട്… അവൻ എത്രയും വേഗം അവൾക്ക് അരികിൽ എത്താൻ ആഗ്രഹിച്ചു..

“ഡേ, എസ്‌കലേറ്റർ ആണ് സ്റ്റെപ് അല്ല… ഓടരുത്… ”

“പോടാ, അല്ലെങ്കിൽ അവളെ മിസ്സ്‌ ആകും…”

“ഓ, മോൻ ആദ്യം ഇഷ്ടം തുറന്നുപറഞ്ഞു അവളെ നിന്റെ മിസ്സിസ് ആക്കാൻ നോക്ക്… ”

അവൾ മാളിൽ നിന്നിറങ്ങി പാർക്കിംഗ് ഏരിയിലേക്ക് പോയി… ആമിയും ഒപ്പം ഉണ്ടായിരുന്നു..

“ഡാ, ദേ നില്കുന്നു… വാ പോയി സംസാരിക്കാം… ”

“ഏയ്‌ വേണ്ട… ”

“പിന്നെ, ദൂരെ നിന്ന് കണ്ട് സായൂജ്യം അടയാൻ ആണോ… ”

“ഏറെക്കുറെ… നീ വാ നമുക്ക് അവരുടെ പിറകെ പോകാം.. ”

“പോക്ക് കണ്ടിട്ട് ബീച്ചിലേക്ക് ആണെന്ന് തോന്നുന്നു… ”
അഭി പറഞ്ഞു..

“ഓ, അത് നിനക്കെങ്ങനെ അറിയാം.. ”

“പൊതുവെ, ഇവിടെ മാളിൽ വന്നിട്ട് എല്ലാരും അങ്ങോട്ട് തന്നെ പോകും… പിന്നെ ദേ ഈ ലെഫ്റ്റിലോട്ട് കേറിയാ ചെല്ലുന്നത് ബീച് റോഡ് അല്ലേ ഡാ….”

“ശരി സർ… ”

ഊഹം തെറ്റിയില്ല… വണ്ടി പാർക്ക്‌ ചെയ്ത് അവർ ബീച്ചിലേക്ക് നടന്നു… കുറച്ചു മാറി ബുള്ളെറ്റ് നിർത്തി അഭിയും ശ്രീയും ഇറങ്ങി അവരെ പിന്തുടർന്നു…

ആരുണി കൃഷ്ണ ❤️

“ഡി ദേ, ശ്രീ സർ… ” ആമി പറഞ്ഞതും, ശ്രീ ആവേശത്തോടെ നോക്കാൻ തുടങ്ങി…

“എവിടെ, സർ എവിടെ… ”

“ഓ അവിടെ അല്ല, പിന്നിലേക്ക് നോക്കെടി…”

മിഥു അവർക്ക് അരികിലേക്ക് നടന്നു വരുന്ന ശ്രീയെയും അഭിയേയും അപ്പോഴാണ് കണ്ടത്…

“അഭി സാറും കൂടെ ഉണ്ട്… ” ആമിക്കും ചെറുതല്ലാത്തൊരു സന്തോഷം തോന്നി..

അഭി ഇരുവരെയും നോക്കി ചിരിച്ചു… തിരിച്ചു ആമിയും ചിരിച്ചു… പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെ മറ്റൊരു ലോകത്തായിരുന്നു ശ്രീയും മിഥുവും… അവരുടേത് മാത്രമായ ലോകത്തിൽ അവർ കണ്ണുകളിലൂടെ ഒരുപാട് സംസാരിച്ചു… തിര തീരത്തെ പുൽകുന്ന പോലെ, അവനരികിലേക്ക് പായാൻ അവളുടെ ഹൃദയം വെമ്പൽ കൊണ്ടു… ശ്രീയുടെ അവസ്ഥയും മറിച്ചായിരുന്നില്ല… ശ്രീയും അഭിയും അവർക്കരികിൽ എത്തി…

“ചിലരൊന്നും ഈ ലോകത്ത് ഇല്ലന്ന് തോന്നുന്നല്ലോ… ”
ആമി ഒരു കള്ള ചിരിയോടെ പറഞ്ഞു.. അഭിക്കും ചിരി വരുന്നുണ്ടായിരുന്നു.. അപ്പോഴാണ് ശ്രീയും മിഥുവും സ്വബോധം വീണ്ടെടുത്തത്…

“നിങ്ങളെന്താ ഇവിടെ…? ” ശ്രീ ചോദിച്ചു…

“ഞങ്ങളോ… ഞങ്ങൾ സിനിമ കാണാൻ വന്നതാ… ” ആമി ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…

“ബീച്ചിലോ…? ”

“എന്റെ സാറെ, ബീച്ചിൽ എല്ലാരും വരുന്നത് എന്തിനാ… അപ്പൊ പിന്നെ എന്താ ഇവിടെ എന്ന ചോദ്യം വേണാർന്നോ..? ”

“ഡോ, അത് കാര്യമാക്കണ്ട… നാളെ ക്ലാസ്സിൽ വന്നിരിക്കുമ്പോ വേണേലും ഇവൻ ചോദിക്കും… നിങ്ങൾ എന്താ ഇവിടെന്ന്… ചില സമയത്ത് കിളി പോയി ഇരിക്കായിരിക്കും… ”

ആമിയും, മിഥുവും ചിരിക്കാൻ തുടങ്ങി….

“കിളിപോയത്, നിന്റെ വല്യപ്പന്… നിനക്ക് വെച്ചിട്ടുണ്ടെടാ തെണ്ടി… ”
ശ്രീ അഭിയോട് ശബ്ദം താഴ്ത്തി പറഞ്ഞു…

“എന്താ ഇത്ര കിണിക്കാൻ… നിന്നോടൊക്കെ ക്ലാസ്സിൽ എന്തിനാ ഇരിക്കുന്നെ എന്ന് ചോദിക്കുന്നതിൽ വലിയ തെറ്റൊന്നുമില്ല… പഠിക്കാൻ വരുന്നവർക്കാണ് ക്ലാസ്സ്‌..”

ആമിയെ നോക്കി ശ്രീ അത് പറഞ്ഞതും അവളുടെ ചിരി മാഞ്ഞു … പക്ഷെ അങ്ങനെ വിട്ട് കൊടുക്കാൻ ആമി തയ്യാറായിരുന്നില്ല…

“എനിക്ക് സ്പെഷ്യൽ ട്യൂഷൻ ഒന്നുല്ലല്ലോ സർ… അതൊക്കെ കിട്ടുന്നവർക്ക് നന്നായി ശ്രദ്ധിക്കാൻ കഴിയും… ”

ശ്രീ തല ചരിച്ചു മിഥുവിനെ ഒന്ന് നോക്കി, അവൾ നിന്ന് ഉരുകി…. ഒപ്പം ശ്രീയും.. അഭിക്ക് ആകട്ടെ എല്ലാം കേട്ട് ചിരി പൊട്ടി നിൽക്കുന്നു…

ശ്രീ പതിയെ മുന്നോട്ട് നടന്ന് മണലിൽ പോയി ഇരുന്നു… ഒപ്പം അഭിയും… മിഥുവും ആമിയും കുറച്ചു ദൂരെ മാറി ഇരിക്കാൻ ഒരുങ്ങിയപ്പോ, അഭി വിളിച്ചു പറഞ്ഞു…

“ഡോ, ഇവിടിരുന്നോ ഞങ്ങൾ പിടിച്ചു തിന്നാൻ ഒന്നും പോണില്ല… ”

ഒരു ചിരിയോടെ ഇരുവരും അവർക്ക് അടുത്ത് പോയിരുന്നു… തിരകളുടെ ശബ്ദവും, കളിക്കാൻ എത്തിയ കുറെ കുട്ടികളുടെ ബഹളവും, ചെറിയ വിൽപ്പനക്കാരുടെ സംസാരങ്ങളും കൊണ്ട് അവിടം നിറഞ്ഞു നിന്നു…പക്ഷെ അവർ മൂകരായി തുടർന്നു…
ആ മൂകതയെ ഭേദിച്ചുകൊണ്ട് അഭി സംസാരിക്കാൻ തുടങ്ങി..

“ആരുണ്ട്, എന്റെ കൂടെ നടക്കാൻ വരാൻ… ? ”

“ഞാൻ… ” അഭി പ്രതീക്ഷിച്ച പോലെ ആമി ആവേശത്തോടെ കൈ പൊക്കി…

“ഡാ, നീ വരുന്നോ… ”

“ഞാൻ ഇല്ല, നിങ്ങൾ പോയി വാ… ”

“എന്നാപിന്നെ മിഥു ഇവിടെ ഇവന് കമ്പനി കൊടുക്ക്.. ഞങ്ങൾ നടന്നിട്ട് വരാം…”

ങേ, ഞാനോ… എന്ന അർത്ഥത്തിൽ മനസ്സിൽ ഓർത്ത് അവൾ അഭിയേയും ആമിയെയും മാറി മാറി നോക്കി…

“എന്താടോ, ഇങ്ങനെ നോക്കുന്നെ… തനിക്ക് ബുദ്ധിമുട്ടുണ്ടോ…? ”

ഇല്ല എന്ന അർത്ഥത്തിൽ അവൾ തലയാട്ടി…

ഇതൊന്നും എന്നെ ബാധിക്കുന്ന വിഷയമേ അല്ല എന്ന
രീതിയിൽ ആയിരുന്നു ശ്രീയുടെ ഇരിപ്പ്… ആമിയും അഭിയും എന്തൊക്കെയോ പറഞ്ഞു നടന്നകന്നു പോകുന്നത് നോക്കി മിഥു ഇരുന്നു… പിന്നെ പതിയെ ശ്രീയെ നോക്കി… അവൻ അവളെ ശ്രദ്ധിക്കുന്നതെ ഇല്ല…

ഈ ശ്രീ പൊട്ടൻ ഇതെന്താ ആദ്യായിട്ടാണോ കടൽ കാണുന്നത്… ഇതിന് ഒന്ന് വായ തുറന്ന് എന്തേലും മിണ്ടിക്കൂടെ…ഞാൻ ഇവിടെ ഉണ്ടെന്ന വല്ല ചിന്തയും ഉണ്ടോ… ഒരു പരിഭവത്തോടെ അവൾ കടലിലേക്ക് നോക്കി ഇരുന്നു…

“മിഥു, നീ എന്താ അവരോടൊപ്പം നടക്കാൻ പോകഞ്ഞേ…? ”

“ഓ ഇപ്പൊ പോകാത്തത് ആയോ കുറ്റം… “അവൾ മനസ്സിൽ ഓർത്ത് കൊണ്ട് അവനെ നോക്കി… അവൻ അപ്പോഴും കടലിൽ തന്നെ നോക്കി ഇരുന്നതെ ഉള്ളു..

“എനിക്ക് ഇങ്ങനെ തിരകൾ നോക്കി കുറച്ചു നേരം ഇരിക്കാൻ തോന്നി…. ”

“മ്മ്, ശ്രീ അലസമായി ഒന്ന് ചിരിച്ചു… ”

“സാർ എന്താ പോകാഞ്ഞത്…? ”

പെട്ടന്ന് ശ്രീയിലെ ചിരി മാഞ്ഞു… അവൻ ഒന്നും മിണ്ടിയില്ല… അവൾക്ക് എന്തോ അവൻ മറുപടി നൽകാത്തതിൽ ദേഷ്യം തോന്നി, വിഷമവും…

“ശ്രീ പൊട്ടൻ…. ഇതിനെന്താ ഒന്ന് മറുപടി തന്നാൽ… അതൊരു മര്യാദ അല്ലെ…” അവൾ ഓർത്തു

“ഹോ, ഈ അവാർഡ് പടം പോലെ ഇരുന്നിട്ട് എനിക്ക് പ്രാന്ത് പിടിക്കുന്നു… ” മനസ്സിൽ പറഞ്ഞതാണെങ്കിലും ശബ്ദം അറിയാതെ പുറത്തു വന്നു പോയി..
ശ്രീ ഒരു നിമിഷം അവളെ തന്നെ നോക്കി… മിഥുവും…

പരസ്പരം നോക്കി ഇരിക്കാൻ അല്ലാതെ, മറ്റൊന്നും സംസാരിക്കാൻ അവർക്ക് എന്ത് കൊണ്ടോ കഴിഞ്ഞില്ല….

“സർ ” അവൾ വീണ്ടും വിളിച്ചു…

“എന്താ മൈഥിലി… ” കുറച്ചു ഉച്ചത്തിൽ തന്നെ ആ വിളി ഉയർന്നു…

“ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൾ തലകുലുക്കി.”

“ഓ, നേരുത്തേ മിഥു, ഇപ്പൊ മൈഥിലി ആയോ… ഈ ശ്രീപൊ…. ”
അപ്പോഴാണ് പെട്ടന്ന് അവൾക്ക് ഇന്ന് രാവിലെ നടന്ന കാര്യങ്ങൾ ഓർമവന്നത്…

“ന്റെ കൃഷ്ണാ, ക്ലാസ്സിൽ അല്ലാത്ത സമയത്ത് ശ്രീയേട്ടാ എന്ന് വിളിക്കാൻ പറഞ്ഞല്ലേ അങ്ങനെ നമ്പർ സേവ് ചെയ്തത്… ഇപ്പൊ എന്നിട്ട് സർ സർ എന്നല്ലേ വിളിക്കുന്നെ… അതിന്റെ ദേഷ്യം ആണോ… ശേ, പെട്ടന്ന് എങ്ങനെയാ കേറി ശ്രീയേട്ടാ എന്ന് വിളിക്കുന്നെ…എങ്ങനെ ഒന്ന് വിളിക്കുന്നെ… ആ വിളിച്ചിട്ട് എഴുന്നേറ്റു അങ്ങ് നടക്കാം… ”

മിഥു മെല്ലെ എഴുന്നേറ്റു….

“ശ്രീയേട്ടാ വാ നടക്കാം… ”

അത് പറഞ്ഞു നടക്കാൻ ഒരുങ്ങിയതും ശ്രീ അവളുടെ കയ്യിൽ പിടിച്ചു അവനരികിലേക്ക് വലിച്ചിട്ടു… അതിന്റെ ശക്തിയിൽ അവൾ അവന്റെ നെഞ്ചിലേക്ക് വീണു… മിഥു ചാടിപ്പിണഞ്ഞ് എഴുന്നേറ്റു മാറാൻ തുനിഞ്ഞതും ശ്രീ അവളെ ഒന്നൂടെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…

ആ നെഞ്ചിൽ ചേർന്ന് ഇരിക്കുമ്പോൾ താൻ ഏറെ സുരക്ഷിതയാണെന്ന് അവൾക്ക് തോന്നി… ശ്രീയുടെ കൈ ഒന്ന് അയഞ്ഞഞ്ഞപ്പോൾ അവൾ മെല്ലെ ഒരല്പം മാറി ഇരുന്നു… ശ്രീ പക്ഷെ വീണ്ടും അവളോട്‌ ചേർന്നിരുന്നു… മിഥുവിന്റെ മുഖം നാണത്താൽ ചുവന്നു തുടുത്തു

“ഈശ്വരാ, എനിക്ക് ഇത് എന്തൊക്കെയാ സംഭവിക്കുന്നെ… ശ്രീയേട്ടാ നിങ്ങൾ എന്റെ ആരാ… ഒന്നും എനിക്ക് അറിയില്ല… പക്ഷെ ഇന്ന് മറ്റെന്തിനെക്കാളും, മറ്റാരേക്കാളും നിങ്ങൾ കൂടെ ഉണ്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു… ”
അവന്റെ മുഖത്ത് നോക്കി അവൾ പറയാതെ പറഞ്ഞു…

“മിഥു…. “ശ്രീ ആർദ്രമായി വിളിച്ചു..

“മ്മ്… “അവളൊന്ന് മൂളിയതെ ഉള്ളു…

“ഞാൻ ഒരു കാര്യം ചോദിക്കാം, നീ എന്നോട് സത്യം പറയണം…. ”

“ഈശ്വരാ, ഇനി എന്താണോ ചോദിക്കാൻ പോകുന്നത്..” മിഥുവിന്റെ ഉള്ളിൽ ഒരു പെരുമ്പറ മുഴങ്ങി…

“അർജുനും നീയും തമ്മിൽ എന്തെങ്കിലും ഇഷ്യൂ ഉണ്ടോ…? ”

അവൾ പെട്ടന്ന് ഒന്ന് നടുങ്ങി… പിന്നെ കള്ളം പറയാൻ തോന്നിയില്ല..

“ഉണ്ട്… “അവൾ ലാഘവത്തോടെ പറഞ്ഞു…

“എന്താ…? എനിക്കറിയണം…”

“എന്താ സാ…. അല്ല ശ്രീയേട്ടാ കാര്യം…? ”
ശ്രീക്ക് പെട്ടന്ന് ചിരി വന്നു…

“പഠിച്ചതേ പാടു.. അല്ലെ… ഇനി ഇടക്ക് ഒക്കെ ശ്രീയേട്ടാ എന്ന് ചേർത്ത് സംസാരിച്ചോ… അപ്പൊ ശരിയാകും… ”

“അയ്യടാ…. “മിഥു ശ്രീയും ഒരുപോലെ ചിരിച്ചു..

“നീ കാര്യം പറ… ”

“ഫസ്റ്റ് ഇയർ പഠിക്കുന്ന ടൈമിൽ ഒരു ദിവസം അവൻ എന്നെ പ്രൊപ്പോസ് ചെയ്തു… അപ്പൊ തന്നെ ഞാൻ നോ പറഞ്ഞതാണ്… പക്ഷെ ഒരുപാട് തവണ, ശല്യം ആയി പിന്നാലെ കൂടി… ആത്മാർത്ഥ കൊണ്ടൊന്നും അല്ല അതെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു… അവന്റെ വാശി ജയിക്കണം, ഫ്രണ്ട്സിന്റെ മുന്നിൽ ആളാവണം… ഒരിക്കൽ, അവൻ ബൈക്കും ആയി എന്റെ മുന്നിൽ വന്നു നിന്നിട്ട് അവനോടൊപ്പം കയറാൻ പറഞ്ഞു… ഞാൻ ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചതും, അവൻ എന്റെ കയ്യിൽ കയറി പിടിച്ചു… ഞാൻ അവനെ അടിച്ചു…. അവൻ എന്റെ നേരെ പാഞ്ഞു വന്നതും, എല്ലാവരും ചേർന്ന് അവനെ പിടിച്ചു മാറ്റി… ”

ഒന്ന് നിർത്തി മിഥു ശ്രീയേ നോക്കി… എന്നിട്ട് വീണ്ടും തുടർന്നു

“അതൊരു ഇഷ്യൂ ആയി…. എം എൽ എ ദത്തൻ സാറിന്റെ മകൻ ആണവൻ… പാവം ആ നല്ല മനുഷ്യൻ മകന് വേണ്ടി എന്നോട് മാപ്പ് പറഞ്ഞു… അത്കൊണ്ട് പിന്നീട് പരാതിയുമായി ഞാൻ മുന്നോട്ട് പോയില്ല… അത് ഏറെക്കുറെ അവിടെ അവസാനിച്ചു… പിന്നെ ഒരു ശല്യം ആയി അവൻ വന്നിട്ടില്ല… ”

“ഹ്മ്മ്..” ശ്രീ ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് എഴുന്നേറ്റു…
ഒപ്പം മിഥുവും….

“ശ്രീയേട്ടൻ എങ്ങനെ അറിഞ്ഞു… ഞങ്ങൾ തമ്മിൽ ഇഷ്യൂ ഉണ്ടെന്ന്… ”

“അത് ഓഫീസിൽ അർജുനെയും അവന്റെ ടീമിന്റെയും കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ ടീച്ചേർസ് പറയുന്നത് കേട്ടു… എന്തോ നിന്റെ പേര് പറയും പോലെ തോന്നി… അതാ ചോദിച്ചത്… ”

മിഥുവിന്റെ മുഖത്ത് പെട്ടന്ന് വിഷാദം നിറഞ്ഞു…

“എന്താ എന്ത് പറ്റി…? ”

“ഏയ്‌, ഒന്നുല്ല.. ”

“നിന്നെപറ്റി ആരും തെറ്റായി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല… പറഞ്ഞാൽ കേട്ട് നിൽക്കാനും പോകുന്നില്ല…. പോരെ… ”

അവളുടെ മനസ്സ് വായിച്ചെന്ന പോലെ ശ്രീ അത് പറഞ്ഞപ്പോ മിഥുവിന്റെ മുഖം തെളിഞ്ഞു….
അവർ ഇരുവരും കുറച്ചു ദൂരം നടന്നു…

ആരുണി കൃഷ്ണ ❤️

“സർ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ… ” ആമി കുസൃതിയോടെ അഭിയെ നോക്കി ചോദിച്ചു…

തുടരും……