22/04/2026

ഋതുനന്ദ : ഭാഗം 06

രചന – ജിഷ

ആരുടെയോ സംസാരം കേട്ടാണ് ഞാനുണർന്നത്…എനിക്കെന്താണ് പറ്റിയത്?? തലയ്ക്കും മനസ്സിനുമൊക്കെ വല്ലാത്ത ഭാരം. ഒന്നും ഓർമ്മ വരുന്നില്ല…. നേരത്തോട് നേരം എല്ലാം കഴിഞ്ഞു..!!! എന്തു കഴിഞ്ഞെന്നാണ്…. ആരാണിവരൊക്കെ??? ഞാൻ പതിയെ തലപൊക്കി നോക്കി… മുറിയുടെ ഒരറ്റത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മ ദൂരേക്ക് നോക്കിയിരിക്കുന്നു.. അമ്മയുടെ അടുത്തുള്ള കട്ടിലിൽ അമ്മാമ.. അവർക്കരുകിൽ കണ്ടു മറന്ന മുഖമുള്ള ആരൊക്കെയോ !!!! ഞാൻ എഴുന്നേറ്റ് പുറത്തേക്ക് പതിയെ നടന്നു, തലയ്ക്കു ഭയങ്കര ഭാരം,കാലുകൾ നിലത്തുറയ്ക്കാത്ത പോലെ. ഇറയത്തു ചാരുകസേരയിൽ അച്ഛൻ ഇരിക്കുന്നു …. അവിടവിടെ ബന്ധുക്കളും കാരണവന്മാർ മാരുമൊക്കെ അടക്കം പറയുന്നുണ്ട്… യെദുവേട്ടൻ ആർക്കൊക്കെയോ ഫോൺ ചെയ്യുന്നു…. ബാലൻ മാമ ആരോടും ഒന്നും പറയാതെ പടിഞ്ഞാറ്റയിൽ വെറും തറയിൽ കിടന്നു കരയുന്നു..

ഞാൻ പതിയെ മുറ്റത്തൂടെ പുറകുവശത്തേക്ക് നടന്നു, അവിടെ എന്റെ മീനു ഓപ്പയുണ്ട്…. ആരോടും പരാതിയോ പരിഭവമോ ഇല്ലാതെ എരിഞ്ഞു തീർന്ന ചിതക്കുള്ളിൽ… കുറെ നേരം ഞാനാ ചിതക്കുള്ളിലേക്ക് നോക്കി നിന്നു.. മീനുഓപ്പയെ എഴുന്നേൽക്ക്… വാ പോകാം….. നന്ദുട്ടിയെ കൂട്ടാതെ എവിടെയാ പോയെ… മീനു ഓപ്പയെ…………… മീനു ഓപ്പയെ……….. എന്നെ കൂടാതെ എങ്ങും പോവല്ലെന്ന് പറഞ്ഞതല്ലേ ?? ഏട്ടനും ഇന്നലെ പറഞ്ഞതല്ലേ ഓപ്പയോടും എന്നോടും… എന്നിട്ടും തനിച്ചെന്തിനാ അവിടെ പോയെ ?? മീനുഓപ്പയെ.. എന്റെ മീനു ഓപ്പയെ… ഞാനും വരാം ഓപ്പയെ, ഞാനും വരാം…. എന്റെ ഓപ്പയെ തനിച്ചാക്കല്ലെന്നാ ദേവേട്ടൻ എന്നോട് പറഞ്ഞെ, ഞാനും വരാം ഓപ്പയുടെ അടുത്തേക്ക് !!! ഹൃദയം പൊട്ടി ഞാൻ അലറി കരഞ്ഞു.. എന്റെ അലറി കരച്ചിൽ കേട്ട് എല്ലാവരും ഓടിയെത്തി.. അച്ഛനെന്നെ വലിച്ച് ചിതയ്ക്കരികിൽ നിന്ന് മാറ്റി, നെഞ്ചോട് ചേർത്ത് വിതുമ്പി, എന്റെ കുഞ്ഞു പോയി മോളെ, നമ്മുടെ മീനുട്ടി നമ്മളെ വിട്ടു പോയി മോളെ… അവളെ അകത്തേക്ക് കൂട്ടികൊണ്ട് പോ മാധവാ.. ആരൊക്കെയോ പറയുന്നുണ്ട്. അച്ഛൻ എന്നെയും കൂട്ടി അകത്തേക്ക് നടന്നു,അമ്മയ്ക്കരികിലെത്തിയപ്പോൾ അമ്മ എന്നെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞു… അമ്മയുടെ മടിയിൽ കിടന്നു ഞാൻ… എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

എന്റെ ഓപ്പ, എല്ലാം എന്റെ അശ്രദ്ധയാണ്… ഇന്നലെ രാത്രിയിൽ ഏട്ടൻ പോയി കഴിഞ്ഞ് കുറെ കഴിഞ്ഞാണ് ഞങ്ങൾ ഉറങ്ങിയത് അതുകൊണ്ട് രാവിലെ ഇച്ചിരി താമസിച്ചാണ് ഞാൻ എഴുന്നേറ്റത്, മീനു ഓപ്പയെ കിടക്കയിൽ കാണാതായതോടെ വേഗത്തിലാണ് ഞാൻ താഴെ എത്തിയത്.. അമ്മയ്ക്ക് എക്സാം ഡ്യൂട്ടി ഉള്ളതുകൊണ്ട് നേരത്തെ പോകുമെന്ന് ഇന്നലെ അമ്മാമയോട് പറഞ്ഞത് ഞാൻ കേട്ടതാണ്.. ഓപ്പയെ അടുക്കളയിൽ കാണാത്തതുകൊണ്ട് ഞാൻ അമ്മാമയുടെ അരികിലെത്തി !! അമ്മമേ മീനു ഓപ്പയെവിടെ ?? നീ ഉണർന്നോ നന്ദുട്ടി എന്തൊരു ഉറക്കമാ, സമയമെത്രയായിന്ന് വെല്ല വിചാരവുമുണ്ടോ?? പെൺപിള്ളേർ കാലത്തെ എഴുന്നേറ്റ് പഠിക്കണ്ടേ !!! നന്ദുട്ടി മീനുട്ടിയെ കണ്ടുപടിക്ക്….. അവളെഴുന്നേറ്റ് എന്തെല്ലാം ജോലി ചെയ്‌തെന്ന് അറിയാമോ?? അവളു കുട്ടിയല്ലേ അമ്മേ വലുതാകട്ടെ എന്റെ നന്ദുട്ടി എല്ലാരെക്കാളും മിടുക്കിയാകും അല്ലേ നന്ദുട്ടി.. അത് കേട്ടോണ്ട് വന്ന ബാലൻമാമ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ വെറുതെ തല കുലുക്കി… എനിക്ക് ഓപ്പ എവിടെയാണെന്ന് അറിയാഞ്ഞിട്ട് വെപ്രാളമായി….

മീനുഓപ്പ എവിടെ അമ്മമേ??? എനിക്ക് അതറിയാനായിരുന്നു ധൃതി……. അവളു കുളിക്കാൻ പടവിലേക്ക് പോയിട്ടുണ്ട്!!! നീ ഉണർന്നാൽ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്…. പിന്നെ ഒരോട്ടമായിരുന്നു ഇട്ടുമാറാൻ ഉള്ള ഉടുപ്പും തോർത്തുമെടുത്ത്, ഒറ്റ ഓട്ടത്തിൽ ഞാൻ പടവിലെത്തി… ഓപ്പയെ ഉറക്കെ വിളിച്ചു ഞാൻ പടവിലേക്കിറങ്ങി… പക്ഷേ ഞാൻ അവിടെ കണ്ട കാഴ്ച. വെള്ളത്തിലേക്ക് മുഖം താഴ്ത്തി കിടക്കുന്ന എന്റെ ഓപ്പ, അലക്കി പകുതിയാക്കിയാ എന്റെ യൂണിഫോം വെള്ളത്തിൽ ഓടി കളിക്കുന്നു.. പടികൾ ഓടിയിറങ്ങി ഓപ്പയെ കുലുക്കി വിളിച്ചു, മുഖം പിടിച്ചു നേരെ വെച്ചു.. അലറി വിളിച്ചു ഞാൻ തിരികെ ഓടി വരുമ്പോളേക്കും, എന്റെ അലർച്ച കേട്ട് അച്ഛനും പറമ്പിലെ പണിക്കാരും ബാലൻമാമയുമൊക്കെ ഓടിവരുന്നുണ്ടായിരുന്നു ….. എന്താ നന്ദുട്ടിയെ ?? എന്തിനാ നീ കിടന്നു കാറുന്നേ? അ…വി…അ…വിടെ….. അച്ഛന്റെ ചോദ്യത്തിന് ഉത്തരം പറയാൻ വാക്കുകൾ കിട്ടാതെ ഞാൻ വിക്കി..

എന്റെ മറുപടിക്ക്‌ കാത്തു നിൽക്കാതെ ബാലൻ മാമ മീനുട്ടി എന്ന് അലറി വിളിച്ചോടി പടവിലേക്ക്… ആദ്യമൊന്നും മനസ്സിലായില്ലെങ്കിലും ബാലൻമാമയുടെ മീനുട്ടിയെ എന്നുള്ള വിളി അച്ഛനിലേക്ക് ഒരലർച്ചയായി, എന്റെ മോളെ….. ദൈവമേ നീ ഞങ്ങളെ ചതിച്ചോ…. പിന്നെ ഒന്നുമെനിക്ക് ഓർമ്മയില്ല.. എന്റെ മീനുഓപ്പ ഞങ്ങളെ തനിച്ചാക്കി ഓപ്പയുടെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി… അമ്മേ, കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപിടിച്ചു, എന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തുവെച്ച്‌ അമ്മ വിതുമ്പി… പോസ്റ്റ്‌മാർട്ടം റിപ്പോർട്ടിൽ വെള്ളത്തിൽ വീണ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നു തന്നെയായിരുന്നു ഒപ്പം ചുഴലി ഉണ്ടായെന്നും… അമ്മാമയാണ് അതെ കുറിച്ച് ബന്ധുക്കളോട് വിശദികരിച്ചത് . ഞാൻ എല്ലാം കേട്ട് അമ്മയുടെ തോളിൽ തലചായ്ച്ചു കിടന്നു… മീനുഓപ്പയുടെ അച്ഛനും അമ്മയും മരിക്കുന്ന ദിവസം ആ ഷോക്കിൽ മീനു ഓപ്പയ്ക്ക് ആദ്യമായി ചുഴലി വന്നിരുന്നു….

പിന്നീട് ചെറുപ്പത്തിൽ പലതവണ വന്നെങ്കിലും വളർന്നപ്പോൾ പിന്നീടിങ്ങോട്ട് അങ്ങനെ ഒരസുഖം വന്നിട്ടേയില്ല.. പണ്ടെങ്ങോ വന്ന അസുഖത്തെ എല്ലാവരും മറന്നും തുടങ്ങിയിരുന്നു… വീണ്ടും ഇങ്ങനെ ഒരസുഖം വരുമെന്ന് ആരുകണ്ടു… ബന്ധുക്കളും നാട്ടുകാരും ഒളിഞ്ഞും തെളിഞ്ഞും പലതും പറഞ്ഞു…. ദിവസങ്ങൾ കഴിഞ്ഞു…. പക്ഷേ അച്ഛനും അമ്മയും ഒന്നും ചെവികൊണ്ടില്ല… അമ്മ മാനസികമായി ഒരുപാട് തളർന്നു.. അമ്മ പതം പറഞ്ഞു കരഞ്ഞുകൊണ്ടേയിരുന്നു, ആത്മഹത്യ തന്നെയാണ്, ഒരു വിധത്തിൽ പറഞ്ഞാൽ അവളെ എല്ലാവരും കൂടി കൊന്നു.. എന്റെ കുട്ടിയെ അതിലേക്ക് തള്ളിവിട്ടത് എന്റെ രണ്ട് ആണ്മക്കളാ… ഒരുത്തൻ വേണ്ടാന്ന് പറഞ്ഞപ്പോൾ ഒരു വിധം എല്ലാം നേരെയാക്കി കൊണ്ടുവന്നതാ,പക്ഷേ ദേവൻ അവൻ, അവൻ കുടുംബത്തെ ചതിക്കുമെന്ന് ഒരിക്കലും കരുതിയില്ല, എന്റെയോ അച്ഛന്റെയോ വാക്ക് അവൻ കേട്ടില്ല… മറ്റൊരു പെണ്ണിനെ കെട്ടാൻ വേണ്ടി എന്റെ മീനുട്ടിയെ മരണത്തിലേക്ക് തള്ളിവിട്ടത് ദേവനാ…. എല്ലാത്തിനും കാരണം ദേവനാണ്……. അമ്മ ആ പല്ലവി തന്നെ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു..

ദേവേട്ടൻ വീട് വിട്ട്പോയതൊക്കെ ഞാൻ ബാലൻ മാമയോട് പറഞ്ഞു.. ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല, ബാലൻമാമേ പാവമാ…. ഒരാഴ്ചക്ക് ശേഷമാണ് ദേവേട്ടൻ എല്ലാം അറിഞ്ഞു വീട്ടിലെത്തിയത്. പക്ഷേ ഏട്ടനെ വീട്ടിൽ പോലും കയറ്റാൻ അച്ഛൻ അനുവദിച്ചില്ല… അമ്മയുടെയും അച്ഛന്റെയും കാലുപിടിച്ച് ഏട്ടൻ എല്ലാം പറഞ്ഞിട്ടും രണ്ടുപേരും ചെവിക്കൊണ്ടില്ല… ബാലൻമാമ ഞാൻ പറഞ്ഞ സംഭവങ്ങൾ എല്ലാം അച്ഛനോട് വിവരിച്ചു പറഞ്ഞു.. പക്ഷേ അച്ഛന് ഒന്നും കേൾക്കണ്ടായിരുന്നു.. ഇനിയും എനിക്കോ ലക്ഷ്മിക്കൊ ഇങ്ങനെ ഒരു മകനില്ല, ഞങ്ങളെ പട്ടടയിലേക്ക് എടുത്താൽ വായ്കരി ഇടാൻ പോലും നീ ഈ പടികയറരുത്… കാണണ്ട ഞങ്ങൾക്ക് ഇങ്ങനെ ഒരു ജന്മത്തെ….. നിറഞ്ഞ മിഴികളോടെ എല്ലാവരെയും മാറി മാറി ഏട്ടൻ നോക്കി… പക്ഷേ എന്നന്നേക്കുമായി ഏട്ടന്റെ മുന്നിൽ ആ വാതിൽ വലിച്ചടച്ചു അച്ഛൻ.. ചുമരിലെ ക്ലോക്കിൽ പന്ത്രണ്ടുമണി അടിച്ചതും ഓർമ്മകളിൽ നിന്ന് ഞെട്ടി എഴുന്നേറ്റു ഞാൻ… തുടരും…