രചന – ഊർമ്മിള മിഥിലാത്മജ
ഒരേ മുറിയിൽ രണ്ടപരിചിതരെ പോലവർ കിടന്നു… ഒരു പരിചാരികയെ പോലെ വേദിനുവേണ്ട കാര്യങ്ങൾ എടുത്തു കൊടുക്കും എന്നതിലുപരി അവർ തമ്മിലൊരു സംസാരം പോലും ഉണ്ടായിരുന്നില്ല… ലക്ഷ്മിയിലെ ആ പഴയ വായാടിപ്പെണ്ണിന് വന്ന മാറ്റത്തെ വേദ് വേദനയോടെ നോക്കിക്കണ്ടു…ഒരാഴ്ചക്ക് ശേഷം വേദിന്റെ ലീവ് തീർന്നതോടെ അവൻ വീണ്ടും ക്യാമ്പിലേക്ക് പോയി… ലക്ഷ്മി വീണ്ടും പഴയ ഓർമകളുമായി .. ആ വീടിനുള്ളിൽ ഒതുങ്ങി കൂടികൊണ്ടിരുന്നു… കളിയും ചിരിയുമായി അവിടെയാകെ ഓടിനടന്ന ലക്ഷ്മിയുടെ നിഴൽ പോലും അവളിൽ അവശേഷിച്ചിരുന്നില്ല എന്ന കാര്യം ആ രണ്ട് കുടുംബങ്ങളെവേദനിപ്പിച്ചു…പ്രണയം പലപ്പോഴും ക്രൂരതകാട്ടാറുണ്ട്.. വേദന തിന്ന് മരവിച്ച ഓർമകളിൽ വീണ്ടും കത്തികുത്തിയിറക്കി ആനന്ദിക്കാറുണ്ട്… ഓർമകളുടെ ഒറ്റക്കയങ്ങളിൽ മുക്കിക്കളയാറുണ്ട്.. ലക്ഷ്മി എന്ന പെണ്ണ് അങ്ങനെയൊരു വീട്ടിൽ ൽ ജീവിച്ചിരിക്കുന്നു എന്ന തെളിവെന്നോണം ആ മുറിയിൽ ഒരു രൂപമുണ്ടായിരുന്നു.മിഴികൾ തൊരാത്ത, പ്രാണൻ തുടിക്കുന്ന ഒരു ശരീരം..
തെക്കേടത്തെ ഉണ്ണിയുടെ മരണവാർത്ത ഗ്രാമത്തിലാകെ പടർന്നു കഴിഞ്ഞിരുന്നു… പകരക്കാരനായ് വന്ന വേദ് ലക്ഷ്മിയുടെ ഭർത്താവായ ചരിത്രവും നന്മയുള്ളഹൃദയങ്ങൾ അതിനെ നല്ല അർത്ഥത്തിൽ മനസ്സിലാക്കി.. നഗരങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത പുത്തൻപണക്കാർക്ക് മാത്രം അവൾ വലിയൊരു തെറ്റായിരുന്നു … പ്രേമിച്ചവൻ ചത്തു പരലോകത്തെത്തും മുന്നേ മറ്റൊരുത്തന്റെ ഭാര്യ ആയവൾ . ലക്ഷ്മിയുടെ കാതിലും ആ വാർത്ത എത്തിയിരുന്നു… ജീവനോടെ ഇരിക്കയും മനസ്സ് മരിച്ചവൾക്കെന്തു കുത്തുവാക്കുകൾ.. ഓരോ ദിവസവും അവളുടെ ലോകം അവളിലേക്ക് തന്നെ ചുരുക്കി ലക്ഷ്മി നാളുകൾ കടത്തി വിട്ടുകൊണ്ടിരുന്നു …. ഇതിനിടയിൽ എല്ലാദിവസവും വേദ് ഫോൺ വിളിച്ചിരുന്നെങ്കിലും ഒരു ദിവസം പോലും അവനോട് സംസാരിക്കാൻ ലക്ഷ്മി തയ്യാറായിരുന്നില്ല… അമ്മ തന്റെ വിവരങ്ങൾ ഒക്കെ അയാളോട് പറഞ്ഞു കേൾപ്പിക്കുമ്പോൾ ഒരു കേൾവിക്കാരിയെപ്പോലെഎവിടെയെങ്കിലും മാറി അവളുമിരുപ്പുണ്ടാവും…
🌿🌿🌿🌿🌿🌿🌿🌿🌿🌿
മാസങ്ങൾക്കിപ്പുറം ഒരു വൈകുന്നേരം പതിവില്ലാതെ വേദിന്റെ ഫോൺ വന്നത് കണ്ടാണവൾ ലളിതയുടെ അടുത്തേക്ക് നടന്നത് …സംസാരത്തിന്റെ രീതിയിൽ നിന്നും അവനെന്തോ വയ്യാതായി എന്നവൾക്ക് മനസ്സിലായി.. അവളെ കണ്ടപാടേ അവർ അവളെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങിയിരുന്നു… തന്റെ മകനേ നഷ്ടമായ വേദന മാറും മുൻപേ മറ്റൊരു മകന് കൂടി വയ്യാതായതിന്റെ സങ്കടം അവൾ അറിഞ്ഞിരുന്നു…
മറുപുറത്തുനിന്നും വേദ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതവൾ കേട്ടു…അമ്മായിയെ പിടിച്ചു സോഫയിൽ ഇരുത്തി അവൾ മെല്ലെ കാൾ അറ്റൻഡ് ചെയ്തു…ഹലോ… അവളുടെ ശബ്ദം നേർത്തതായിരുന്നു…പ്രതീക്ഷിക്കാത്ത സ്വരം ഇപ്പുറത് നിന്നും കേട്ടതിന്റെ ഞെട്ടലുകൊണ്ടാവാം അവൻ കുറച്ചു നേരം മിണ്ടാതിരുന്നു…വേദ് കേൾക്കുന്നുണ്ടോ?? എന്താ പറ്റിയത്??വീണ്ടും ലക്ഷ്മിയുടെ പതിഞ്ഞ ശബ്ദം..ഏയ് ഒന്നുമില്ല ലക്ഷ്മി വ്യായമത്തിനിടയിൽ ചെറുതായൊന്നു വീണതാ.. കൈക്കുചെറിയ ചതവും കാലിനൊരു കുഞ്ഞ് ഒടിവും ഒണ്ട് അത്ര കാര്യമാക്കാൻ ഒന്നുമില്ല… ഒരാഴ്ച റസ്റ്റ് വേണ്ടിവരും… അതിനാ അമ്മ ഈ ബഹളം വച്ചത് … താൻ ഒന്നുപറഞ്ഞു മനസ്സിലാക്കണം…ആ താൻ ഹോസ്പിറ്റലിൽ പോയില്ലേ?? ഞാൻ അച്ഛനെ കൂട്ടി അങ്ങ് വരണോ ???അവളുടെ പക്വമായ വാക്കുകൾ അവനിൽ അത്ഭുതം ജനിപ്പിച്ചു… താൻ മനസ്സിൽ കരുതിയിരുന്നപോലെ ഒരു പൊട്ടിപ്പെണ്ണല്ല ലക്ഷ്മി എന്നവന് ഉറപ്പായിരുന്നു…ഏയ് വേണ്ടടോ?? ഇവിടെ പ്രശ്നം ഒന്നുമില്ല… ഇത് രണ്ട് ദിവസം കൊണ്ടങ്ങു മാറും.. ഇതൊക്കെ ഞങ്ങൾക്ക് പതിവാണ്… താൻ അമ്മയോട് പറഞ്ഞേക്കു ഞാൻ ഫോൺ വെക്കുവാ… നാളെ വിളിക്കാം…
മുൻപിൽ നിൽക്കുന്നത് വേദ് ആണെന്നറിഞ്ഞതിൽ പിന്നെ ആദ്യമായാണ് ലക്ഷ്മി അവനോട് ഇത്രയധികം സംസാരിക്കുന്നത്… അവന്റെ മനസ്സിലെവിടെയോ ഒരു കൊച്ചുസന്തോഷംമുളപൊട്ടിയിരുന്നു…പിന്നീടുള്ള ദിവസങ്ങളിളത്രയും വേദിനു ഭേദമാകുന്നത് വരെ അവൾ അവന്റെ ഫോൺ വരുന്നതും കാത്തിരിക്കുന്നത് ആ വീട്ടിലുള്ളവർക്ക് സന്തോഷം പകർന്നിരുന്നു… എല്ലാ ദിവസവും അവളവനോട് സംസാരിക്കുകയും അവന്റെ സുഖവിവരങ്ങൾ തിരക്കുകയും ചെയ്തു കൊണ്ടിരുന്നു…അവളിലും എവിടെയോ അവനോടുള്ള സ്നേഹം ഉടലെടുത്തിരിക്കുന്നു എന്ന് മനസ്സിലാക്കിയ അമ്മ പിന്നീട് അവനോട് ലീവിന് അപ്ലൈ ചെയ്യാൻ നിർബന്ധം പിടിച്ചു കൊണ്ടിരുന്നു … അങ്ങനെ കാത്തിരുപ്പിനൊടുവിൽ അവനു ഒരുമാസത്തെ ലീവ് കിട്ടുകയും ചെയ്തു …
വിവാഹം കഴിഞ്ഞു 8 മാസങ്ങൾക്കിപ്പുറം വേദ് ആദ്യമായി തിരിച്ചു വരുന്നു എന്നറിഞ്ഞപ്പോൾ അവന്റെ ഒന്നുരണ്ട് സുഹൃത്തുക്കളും അവരോടൊപ്പം കൂടി…
അവന്റെ ഏറ്റവും അടുത്ത സുഹൃത്തായ തൻവി അവനോടൊപ്പം വീട്ടിൽ താമസിക്കാൻ തീരുമാനിച്ചു… വേദിന്റെ മനസ്സിലെ ലക്ഷ്മിയോടുള്ള ഇഷ്ട്ടം തൻവി മനസ്സിലാക്കി കഴിഞ്ഞിരുന്നു… എന്നാൽ ആ ഇഷ്ടം ലക്ഷ്മിക്കും ഉണ്ടോ എന്നറിയുക എന്നതായിരുന്നു തൻവിയുടെ വരവിന്റെ പ്രധാന ഉദ്ദേശം..
🌿🌿🌿🌿🌿🌿🌿🌿🌿
കാലത്ത് പതിനൊന്നു മണിയോടെ വേദും സുഹൃത്തുക്കളും വീട്ടിലെത്തിയിരുന്നു.. വഴിക്കണ്ണുമായവരെ കാത്ത് അച്ഛനും അമ്മാവനും ഉമ്മറത്തു ന്നെയുണ്ടായിരുന്നു.. പുറത്ത് അവന്റെ ശബ്ദം കേട്ടപ്പോളേക്കും അമ്മയും അമ്മായിയും അവിടേക്കോടിവന്നിരുന്നു… അവന്റെ കണ്ണുകൾ അപ്പോഴുമവളെ തിരഞ്ഞുതുടങ്ങിയിരുന്നു.. എന്നാൽ അവളെ അവിടെയെങ്ങും കാണാത്തത് അവനിൽ വേദന സൃഷ്ടിച്ചു എങ്കിലും അത് പുറത്ത് കാണിക്കാതെ അവൻ എല്ലാവരോടുംസംസാരിച്ചുകൊണ്ടിരുന്നു..എന്നാൽ വേദിന്റെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ചത് രണ്ടുപേർ മാത്രമാണ് . ഒന്ന് അവന്റെ അമ്മയും മറ്റൊന്ന് തൻവിയും… അവനവളെ ഇഷ്ട്ടമാണെന്ന് രണ്ടാൾക്കും ഉറപ്പായിരുന്നു പക്ഷെ . എങ്ങനെ അവരെ ഒന്നിപ്പിക്കണം എന്ന് മാത്രമാണ് കണ്ടത്തേണ്ടിയിരുന്നത്…
🌿🌿🌿🌿🌿🌿🌿🌿
ഉച്ചക്ക് ഊണ് കഴിക്കാൻ എല്ലാവരും ഇരുന്നിരുന്നു… അമ്മയും അമ്മായിയും കൂടിയാണ് വിളമ്പിയത് അപ്പോഴാണ് അവിടേക്ക് ലക്ഷ്മി കടന്നുവന്നത്.. അവളുടെ രൂപമാറ്റം ശ്രദ്ധിച്ച വേദ് മരവിച്ചിരുന്നു… പണ്ട് താൻ കണ്ട ലക്ഷ്മിയിൽ നിന്നും അവളൊത്തിരി മാറിപ്പോയിരുന്നു എന്നവൻതിരിച്ചറിഞ്ഞു.. കുപ്പിവളകൾ കിലുങ്ങുന്ന പോലെ പൊട്ടിച്ചിരിച്ചുകൊണ്ട് ഓടിനടക്കുന്ന ഒരു പാവാടക്കാരി പെണ്ണ് അവന്റെ മുന്നിൽ തെളിഞ്ഞുവന്നു..പക്ഷെ ഇവളവളിൽ നിന്നും ഒരുപാട് ഭിന്നയാണെന്നവൻ തിരിച്ചറിഞ്ഞു…. എങ്ങനെയുണ്ട് മക്കളെ ആഹാരമൊക്കെ ലക്ഷ്മി ഉണ്ടാക്കിയതാണ്… അമ്മ സന്തോഷത്തോടെ പറയുന്നത് കേട്ട് എല്ലാവരും അവളെതന്നെ നോക്കി അസ്സലായെന്നു പറഞ്ഞു… കുസൃതിചിരിയോടെ വേദിന്റെ തൊട്ടടുത്തിരുന്ന് ഊണ് കഴിക്കുന്ന തൻവിയെ അവൾ നോക്കാൻ മറന്നില്ല..
ഓഹ് അങ്ങനെ പറ…കേട്യോൻ വരുന്നത് പ്രമാണിച്ച് സ്പെഷ്യൽ ആയിട്ട് ഉണ്ടാക്കിയതാണല്ലേ … തൻവി അവളെ നോക്കി കളിയാക്കി പറഞ്ഞു… ലക്ഷ്മിക്കതത്ര ഇഷ്ട്ടമായില്ലെങ്കിലും അവൾ ഒരു ചിരിയാൽ അതിനെ മറികടന്നു…നിന്നെയങ്ങനെ വെറുതെ വിടാൻ പോകുന്നില്ലടി ലക്ഷ്മിക്കുട്ടി നിന്റെ മനസ്സിലുള്ളത് പുറത്ത് കൊണ്ടുവന്നെ ഈ തൻവി ഇവിടുന്ന് പോകത്തുള്ളൂ… ചുണ്ടിലൂറിയ ചിരി മറച്ചുകൊണ്ട് തൻവി മനസ്സിൽ പറഞ്ഞു…

by