18/04/2026

നീ മാത്രം : ഭാഗം 32

രചന – വൈദേഹി ദേഹി

രാത്രി ഗോപി എല്ലാവരേയും ഉമ്മറത്തേക്ക് വിളിപ്പിച്ചു… ഗോപിക വന്നു നന്ദുനെ കൂട്ടികൊണ്ട് ചെന്നു… അവളുടെ രൂപം സത്യത്തിൽ എല്ലാവരുടെയും മനസ്സിൽ വേദന ഉണ്ടാക്കിയിരുന്നു… ഞാൻ എല്ലാവരേം കൂടെ വിളിപ്പിച്ചത് ഒരു പ്രധാനപ്പെട്ട കാര്യം സംസാരിക്കാനാണ്… എന്താ അച്ഛാ… നവി ചോദിച്ചതും അയാൾ നന്ദുനെ ഒന്ന് നോക്കി… അവളപ്പോഴും മറ്റെങ്ങോ നോക്കി ഇരിക്കുവാരുന്നു… നന്ദുന്റെ കാര്യം തന്നെയാണ്… ആ മഹേഷ്വറിനോട് ഞാൻ എന്താ പറയേണ്ടത്… അയാളത് ചോദിച്ചതും നവിയുടെയും ഗോപികയുടെയും കണ്ണുകൾ നന്ദുവിലേക്ക് നീണ്ടു… അവരൊക്കെ വല്യ ആൾക്കാർ അല്ലേ ഗോപിയേട്ടാ…എങ്കിലും ആ സ്ത്രീയുടെ സംസാരത്തിലൊന്നും അതിന്റെ ഒരു അഹങ്കാരവും ഇല്ല…പിന്നെ ആ പയ്യൻ…അവൻ നമ്മുടെ നവിയുടെ കൂടെ പണ്ട് പഠിച്ചതല്ലേ…അന്ന് കണ്ടിട്ടുണ്ട്… മാലതിയത് പറഞ്ഞതും ഗോപി ഒന്ന് മൂളി… എന്താ നവി നിന്റെ അഭിപ്രായം… അവളുടെ ഇഷ്ടം അല്ലേ അച്ഛാ… അവൾക്കിഷ്ടമാണേ നമ്മൾ എന്ത് പറയാനാ…ഇത് തന്നെ നടക്കട്ടെ… നന്ദുവിന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റാതെ തന്നെ അവൻ മറുപടി പറഞ്ഞു…അവന്റെ വാക്കുകൾ കേട്ടതും അവളുടെ കൈകൾ ഇട്ടിരുന്ന ടോപ്പിൽ മുറുകി…

നിന്റെ അഭിപ്രായം എന്താ ഗോപു? ഞാനെന്ത് പറയാനാ ഏട്ടാ… നവി പറഞ്ഞത് പോലെ അവളുടെ ഇഷ്ടമല്ലേ വലുത്… മ്മ്മ്… അപ്പൊ നിങ്ങൾക്കാർക്കും അഭിപ്രായവ്യത്യാസമൊന്നും ഇല്ലാത്ത സ്ഥിതിക്ക് ഞാൻ നാളെ നന്ദ്യാരത്തേക്ക് വരെ പോയി അവരോടൂടെ ഒന്ന് പറയട്ടെ… എന്നിട്ട് വിളിക്കാം അയാളെ… അതും പറഞ്ഞു ഗോപി അകത്തേക്ക് നടന്നു…പിറകിനു നവിയും… നാളെ നിനക്ക് ക്ലാസ്സിൽ പോകേണ്ടതല്ലേ നന്ദു… ചെല്ല്… ചെന്നു കിടന്നുറങ്ങാൻ നോക്കിയേ… മാലതിയത് പറഞ്ഞതും നന്ദു എഴുന്നേറ്റു മുറിയിലേക്ക് പോയി… പിറകിനു ഗോപികയും മാലതിയും അകത്തേക്ക് കയറി വാതിലടച്ചു… റൂമിലെത്തിയതും നന്ദു വാതിലടച്ചു കുറ്റി ഇട്ടു എന്നിട്ട് നേരെ ചെന്നു ആ കട്ടിലിലേക്ക് വീണു… അതുവരെ പിടിച്ചു നിർത്തിയ കണ്ണുനീർ ധാരയായി അവളുടെ കണ്ണിൽ നിന്നൊഴുകാൻ തുടങ്ങി…

അവളുടെ മനസ്സിലേക്ക് വരുണിന്റെ മുഖം തെളിഞ്ഞു വന്നതും അവൾ കണ്ണുകൾ ഇറുകെ പൂട്ടി…പെട്ടന്നാണ് അവളുടെ ഫോൺ റിങ് ചെയ്തത്…അവൾ പതിയെ എണീറ്റു മുഖമൊന്നു അമർത്തി തുടച്ചു…ടേബിളിലിരുന്ന ഫോൺ കയ്യിലെടുത്തു… അതിൽ തെളിഞ്ഞു കണ്ട പേര് വായിച്ചതും അവളുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി… അവളൊരു ഭയത്തോടെ ആ കാൾ അറ്റൻഡ് ചെയ്തു ചെവിയിലേക്ക് വെച്ചു… “എന്താണ് ചേട്ടന്റെ മോൾക്ക് ഫോൺ എടുക്കാൻ ഇത്ര താമസം” മറുതലക്കൽ ശിവയുടെ സൗണ്ട് കേട്ടതും അവൾ ഉമിനീരൊന്നിറക്കി… അ… അത്… ഞാൻ… ഞാൻ അപ്പുറത്താരുന്നു… “ഓഹ്… എന്നിട്ട്…എന്തുവായി നിന്റെ അച്ഛന്റെ തീരുമാനം…” നാളെ… നാളെ വിളിക്കും… “വിളിക്കണം… മനസ്സിലായോ… ഇല്ലേൽ ആർക്കാ ദോഷം എന്ന് ഞാൻ ഇനി ഒന്നൂടെ പറയണോ” വേണ്ട… “ഹ്മ്മ്… എന്നാ എന്റെ സ്വീറ്റ്ഹാർട്ട്‌ പോയി കിടന്ന് സുഖായിട്ട് ഉറങ്ങിക്കോ…നാളെ കാണാമേ ” അതും പറഞ്ഞവൻ ഫോൺ വെച്ചു… നന്ദു ആ ഫോൺ ടേബിളിലേക്ക് തന്നെ വെച്ചുകൊണ്ട് ഒരു തളർച്ചയോടെ കട്ടിലിലേക്ക് കിടന്നു…

“എന്തായെടാ… ഗോപിയങ്കിൾ എന്ത് പറഞ്ഞു” രാത്രി ബാൽക്കണിയിലിരിക്കുവാരുന്നു നവി… അപ്പോഴാണ് വരുൺ അവനെ വിളിച്ചത്… അച്ഛനോട് ഞാൻ എല്ലാം സംസാരിച്ചിട്ടുണ്ട്… ഇന്നിപ്പോ അച്ഛൻ ഒന്നുമറിയാത്ത പോലെ അവളുടെ മുന്നിൽ ഇരുന്നു എല്ലാവരോടുമായി അഭിപ്രായം ചോദിച്ചു… “എന്നിട്ട് അവളെന്ത്‌ പറഞ്ഞു…” എന്ത് പറയാൻ… ഒന്നും പറഞ്ഞില്ല… എല്ലാം കേട്ടോണ്ടിരുന്നു… “അങ്ങോട്ട് വന്നു നല്ല രണ്ടെണ്ണം കൊടുത്തു തത്ത പറയുന്ന പോലെ അവളെ കൊണ്ട് പറയിപ്പിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല…പക്ഷെ ഈ കളിക്ക് എനിക്കൊരു അവസാനം കാണണം… ഇതോടു കൂടി… അത് കൊണ്ടു മാത്രമാ ഞാൻ അടങ്ങി ഇരിക്കുന്നെ…” നമുക്ക് നോക്കാടാ… ആദ്യം അവളെന്തുവാ ഈ ഭയപ്പെടുന്നത് എന്ന് നമുക്കറിയണം… എങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ പറ്റു… “മ്മ്മ്…എന്നാ ശെരിയെടാ… എല്ലാം പറഞ്ഞത് പോലെ…” ശെരി… അതും പറഞ്ഞു നവി ഫോൺ കട്ട്‌ ചെയ്തു… അവനു ദേവിയെ ഒന്ന് വിളിക്കണമെന്ന് തോന്നിയെങ്കിലും അവളെന്തെങ്കിലും കുത്തി കുത്തി ചോദിച്ചാൽ പലതും പറഞ്ഞുപോകുമെന്നത് കൊണ്ടു അവൻ അതിനു നിന്നില്ല… ഫോണിൽ സമയം ഒന്ന് നോക്കിയിട്ട് അവൻ അവിടുന്നെഴുന്നേറ്റു അകത്തേക്ക് പോയി…

പിറ്റേന്ന് കോളേജിൽ പോകേണ്ടത് കൊണ്ടു തന്നെ ദേവി നേരത്തേ എഴുന്നേറ്റ് കുളിച്ചു റെഡി ആയി താഴേക്ക് ചെന്നു… അപ്പോഴേക്കും എല്ലാവരും കഴിക്കാൻ ഇരുന്നിട്ടുണ്ടാരുന്നു…അവൾ വന്നു വിനുന്റെ അപ്പുറത്തായി ഇരുന്നു കൊണ്ടു പ്ലേറ്റിലേക്ക് കഴിക്കാനുള്ളത് എടുത്തു… ഗോപി അളിയൻ വിളിച്ചാരുന്നു…ഇന്ന് ഇങ്ങോട്ടേക്ക് വരുന്നുണ്ടെന്ന്… കഴിക്കുന്നതിനിടക്ക് കൃഷ്ണനത് പറഞ്ഞതും എല്ലാരും അയാളെ ഒന്ന് നോക്കി… എന്താ കൃഷ്ണേട്ടാ… എന്തെങ്കിലും പ്രത്യേകിച്ച്… ഏയ്… നന്ദുമോൾടെ കാര്യം പറയാൻ തന്നെയാ… ആ ആലോചനയുടെ കാര്യത്തെ പറ്റി സംസാരിക്കാൻ… അയാളത് പറഞ്ഞതും വിനുവും ദേവിയും പരസ്പരം ഒന്ന് നോക്കി…അപ്പോഴാണ് വരുൺ എവിടേക്കോ പോകാനായി റെഡി ആയി താഴേക്ക് വന്നത്… അവൻ വന്നു എല്ലാരേം ഒന്ന് നോക്കി ഒരു പ്ലേറ്റ് എടുത്ത് ഫുഡ്‌ വിളമ്പി വിനുന്റെ അപ്പുറത്തായിട്ട് ഇരുന്നു… എന്നാലും ആ നന്ദുന്റെ ഒരു ഭാഗ്യമേ… പുളിങ്കൊമ്പ് അല്ലേ പിടിച്ചേക്കുന്നെ… സാവിത്രി അത് പറഞ്ഞതും ദേവിയുടെയും വിനുന്റെയും മുഖത്ത് ദേഷ്യം നിറഞ്ഞു… വരുണപ്പോഴും ഒന്നും കേൾക്കാത്ത പോലെ ഇരുന്നു ഭക്ഷണം കഴിക്കുവാരുന്നു…

എന്നാ പിന്നെ അപ്പച്ചി… ആ ഭാഗ്യം അപ്പച്ചിടെ മോൾക്കൂടെ ഉണ്ടാകാൻ പ്രാർത്ഥിക്ക് വേഗം… വിനു ശ്രുതിയെ നോക്കി അപ്പച്ചിയോടായി അത് പറഞ്ഞതും അവളൊന്നു അവനെ നോക്കി… ഓഹ്…ഞാനും എന്റെ മോളുമൊക്കെ പാവങ്ങൾ… എന്റെ മോൾക്കൊന്നും വല്യ വല്യ ബിസിനെസ്സ്കാരെയോ ഒന്നും കറക്കി എടുക്കാനുള്ള കഴിവൊന്നുമില്ല…അല്ല ദേവൂ… ഈ ചെറുക്കൻ എന്താ നന്ദുനെ കാണാൻ വേണ്ടി തന്നാണോ നിങ്ങളുടെ കോളേജിൽ പഠിപ്പിക്കാൻ കേറിയത്… ആരിക്കും അല്ലേൽ പിന്നെ ഇത്ര സ്വത്തും മുതലും ഒക്കെയുള്ള ചെറുക്കൻ അവിടെ പഠിപ്പിക്കാൻ വരണ്ട കാര്യമെന്താ… സാവിത്രി അതു പറഞ്ഞതും ദേവിക്ക് അവളുടെ നിയന്ത്രണം വിട്ടു… അവളെന്തോ പറയാനായി വന്നതും പെട്ടന്നവിടെ അച്ഛമ്മയുടെ ശബ്ദം ഉയർന്നു… സാവിത്രി..മതിയാക്കാം ഈ സംസാരം…ഇതൊന്നും നിന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ…അപ്പൊ പിന്നെ നീ ഇതിലൊന്നും അഭിപ്രായം പറയണമെന്നില്ല… അതും പറഞ്ഞു സാവിത്രിയെ ഒന്ന് നോക്കികൊണ്ട് അച്ഛമ്മ കഴിച്ചെണീറ്റു…അപ്പോഴേക്കും വിനുവും ദേവിയും കഴിച്ചു കഴിഞ്ഞിരുന്നു… ഡാ… ഇന്ന് നീ ഇവളെ കോളേജിലോട്ട് വിട്ടേരെ… എനിക്ക് വേറെ ഒരു സ്ഥലം വരെ പോകാനുണ്ട്… വരുൺ പറഞ്ഞതും വിനു തലയാട്ടി… ബാ… തിരിഞ്ഞു നിന്ന് ദേവിയോട് അതും പറഞ്ഞവൻ പുറത്തേക്കിറങ്ങി…ശ്രുതിയെ ഒന്ന് നോക്കി തലയാട്ടി കൊണ്ട് അവളും അവനു പിറകെ ചെന്നു…

കോളേജിലേക്ക് പോകാൻ റെഡി ആയി ഉമ്മറത്തു വന്നു നിൽക്കുവാരുന്നു നന്ദു… അപ്പോഴാണ് നവി പോകാനായി ഇറങ്ങിയത്… ഏട്ടാ… പിന്നിൽ നിന്നും അവളുടെ വിളി കേട്ടതും അവനൊന്നു നിന്നു… എന്നിട്ട് തിരിഞ്ഞു നോക്കാതെ തല ഒരു വശത്തേക്ക് ചെരിച്ചു… അവൾക്ക് പറയാനുള്ളത് കേൾക്കാൻ എന്ന പോലെ… ഞ്… ഞാനും കൂടി വന്നോട്ടെ ഏട്ടന്റെ കൂടെ കോളേജിലേക്ക്… വേണ്ട… അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ തന്നെ അവൻ മറുപടി പറഞ്ഞു… എന്നും ദേവിയുടെ കൂടല്ലേ പോകുന്നേ… അങ്ങനെ തന്നങ്ങ് പോയാൽ മതി… അവളെ നോക്കാതെ തന്നെ മറുപടി കൊടുത്തിട്ടവൻ ബുള്ളറ്റിൽ കേറി പോയി… നന്ദു ആ നിൽപ്പ് തന്നെ അവിടെ നിന്നു…ദേവി വരുവോ ഇല്ലിയോന്നറിയില്ലെന്നതിനേക്കാൾ വരുണേട്ടനെ എങ്ങനെ ഫേസ് ചെയ്യും എന്ന ചിന്ത ആരുന്നു അവളുടെ ഉള്ള് നിറയെ… അപ്പോഴാണ് ഗേറ്റ് കടന്നു വരുന്ന കാർ നന്ദു കണ്ടത്…മുറ്റത്തിട്ട് തന്നെ തിരിച്ചു ആരെയോ കാത്തെന്ന പോലെ കിടക്കുന്നത് കണ്ടതും അവൾ മെല്ലെ അങ്ങോട്ട് ചെന്നു അകത്തേക്ക് കയറി ഡോർ അടച്ചു… പോകാം… നന്ദു കയറിയെന്ന് കണ്ടതും ദേവി അവളെയൊന്ന് നോക്കാതെ തന്നെ വിനുനോട് പറഞ്ഞു…

അപ്പോഴാണ് വരുണിന് പകരം വിനുവാണ് വന്നതെന്നവൾ കണ്ടത്…അവളുടെ ചുണ്ടുകളിൽ വേദനയിൽ പൊതിഞ്ഞൊരു പുച്ഛചിരി വിടർന്നു…വിനു അത് കൃത്യമായി ഫ്രണ്ടിലെ കണ്ണാടിയിലൂടെ കണ്ടു… കോളേജ് എത്തുന്ന വരെയും ആരും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ചില്ല… ഓർമ വെച്ച നാൾ മുതൽ മൂന്നു ശരീരവും ഒരു മനസ്സുമായി…കളിചിരികളും പിണക്കങ്ങളും അടികൂടലും ഒക്കെയായി നടന്ന മൂന്നുപേരാണ് ഇന്നിങ്ങനെ…അതോർത്തപ്പോൾ ദേവിയുടെ കണ്ണുകൾ നിറഞ്ഞു… വിനുനെ നോക്കിയപ്പോ അവന്റെ മനസ്സിലും അതുതന്നെ ആണെന്ന് ആ നിറഞ്ഞു വരുന്ന കണ്ണുകൾ അവൾക്ക് മനസ്സിലാക്കി കൊടുത്തു…നന്ദുവിന്റെ ഉള്ളിലും അത് തന്നെയാന്നു മനസ്സിലാക്കാൻ അവർക്കു രണ്ടുപേർക്കും അവളെയൊന്ന് തിരിഞ്ഞു നോക്കണ്ട കാര്യം ഇല്ലാരുന്നു… എന്നാ ശെരിയെടി… ക്ലാസ്സ്‌ കഴിഞ്ഞ് വിളിക്ക്… കോളേജ് ഗേറ്റിന്റെ മുന്നിൽ അവരെ ഇറക്കി വിട്ടു വിനു ദേവിയോടായി പറഞ്ഞു… ശെരിയെടാ… അവളത് പറഞ്ഞതും നന്ദുനെ ഒന്ന് നോക്കുക പോലും ചെയ്യാതെ വിനു വണ്ടി മുന്നിലേക്കെടുത്തു പോയി…

അവൻ പോയതും തൊട്ടപ്പുറത്തു നിൽക്കുന്ന നന്ദുനെ മൈൻഡ് ചെയ്യാതെ അവൾ അകത്തേക്ക് നടന്നു… അവളെയൊന്ന് നോക്കിയിട്ട് പിറകിനു നന്ദുവും… ക്ലാസ്സിലേക്ക് കയറിയതും കണ്ടു അവരെ കാത്തെന്ന പോലെ ഇരിക്കുന്ന ശില്പയെ…അവർ അകത്തേക്ക് കയറിയതും മുന്നേ വന്ന ദേവിയെ ഒന്ന് നോക്കിട്ട് ഒരു ചിരിയോടെ ശില്പ നന്ദുവിന്റെ കയ്യിൽ പിടിച്ചു… ഹാ… എന്തായിത് നാത്തൂനെ… ഈ ഞാൻ ഇവിടെ നിന്നേം കാത്തിരിക്കുമ്പോ നീയിത് എങ്ങോട്ടാ കണ്ടവളുമാരുടെ വാല് കടിച്ചു പോണേ… വിട് ശിൽപ്പേ… നിനക്കെന്താ വേണ്ടത്… നന്ദു അവളുടെ കയ്യിലെ ശിൽപ്പയുടെ പിടി വിടീക്കാൻ ശ്രെമിച്ചുകൊണ്ട് ചോദിച്ചു… എനിക്കൊന്നും വേണ്ട…ഇന്നാളിൽ നീ എന്നോട് ചോദിച്ചില്ലേ ഏത് വകയിലാ നീ എന്റെ നാത്തൂൻ ആയതെന്ന്… ഇപ്പോ മനസ്സിലായി കാണുവല്ലോ അല്ലേ… നന്ദു ഒന്നും മിണ്ടിയില്ല… നീ വാ… ഇനി നീ എന്റെ കൂടെ ഇരുന്നാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട് ഏട്ടൻ… അതും പറഞ്ഞു ശില്പ നന്ദുനെ അവളിരിക്കുന്ന ബെഞ്ചിലേക്ക് വലിച്ചതും ഒരു കൈ വന്നു ബലമായിട്ട് അവളുടെ കയ്യിൽ നിന്ന് നന്ദുവിന്റെ കൈ വിടീപ്പിച്ചു…

ശില്പ ദേഷ്യത്തോടെ നോക്കിയതും കണ്ടു കത്തുന്ന കണ്ണുകളോടെ അവളെ നോക്കികൊണ്ട് നന്ദുവിന്റെ കയ്യിൽ പിടിച്ചേക്കുന്ന ദേവിയെ… ഡീ… ഒഞ്ഞു പോടീ… നിന്നോട് ഞാൻ കഴിഞ്ഞ ദിവസമേ പറഞ്ഞതാ ഈ സീരിയലിലെ ചില അമ്മായിഅമ്മമാരുടെ പോലത്തെ സൗണ്ടും ശ്വാസം വിടലുമായിട്ട് എന്റെ മുന്നിൽ വരരുതെന്ന്… പിന്നെ ഇവള് തല്ക്കാലം എന്റെ കൂടെയേ ഇരിക്കുന്നുള്ളു… നിന്റെ ഏട്ടൻ… ആ ക്ണാപ്പൻ പറയുന്ന കേട്ട് ഇവള് ഇരിക്കുന്നതൊക്കെ അവൻ ഇവളെ കെട്ടിയിട്ട് മതി കേട്ടോടി… ദേവി നന്ദുവിന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടു ശില്പയോട് പറഞ്ഞു… വാടി ഇങ്ങോട്ട്… നന്ദുവിന്റെ കൈ വിട്ട് അവളുടെ മുഖത്ത് നോക്കി അതും പറഞ്ഞുകൊണ്ട് ദേവി അവളുടെ സീറ്റിലേക്ക് പോയി…നന്ദുവിന്റെ ചുണ്ടിൽ ഒരു കുഞ്ഞി ചിരി വിടർന്നു… ശില്പയെ ഒന്ന് നോക്കി പുച്ഛിച്ചുകൊണ്ട് അവൾ ദേവിയുടെ അടുത്ത് പോയിരുന്നു…അവൾ അടുത്ത് വന്നിരുന്നെന്ന് കണ്ടതും നന്ദുവിന്റെ മുഖത്തെ ആ പുഞ്ചിരി ദേവിയിലേക്കും പടർന്നു… അവരെ ഒന്ന് നോക്കി ദേഷ്യത്തോടെ ശില്പ തന്റെ സീറ്റിലേക്ക് ഇരുന്നു… അവളുടെ മനസ്സിലേക്ക് രാവിലെ ശിവ പറഞ്ഞ വാക്കുകൾ ഓർമയിൽ വന്നു… “ദേവി ഇപ്പോ നിന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും നീ വഴക്കിനു പോകണ്ട… ഇപ്പോ പന്ത് നമ്മുടെ കോർട്ടിലാ…നന്ദന എന്ന പന്ത്…അത് മനസ്സിലൊന്ന് ഓർത്താൽ മാത്രം മതി…അതിലും വല്യ തിരിച്ചടി ദേവിക്ക് കൊടുക്കാനില്ല…” അവന്റെ വാക്കുകൾ ഓർത്തതും അവളുടെ കണ്ണുകൾ ദേവിയോടുള്ള പകയാൽ തിളങ്ങി… ……………… തുടരും………….