18/04/2026

ഏട്ടത്തിയമ്മ : ഭാഗം 04

രചന – സുധീ മുട്ടം

“മൂന്ന് മാസങ്ങൾക്ക് ശേഷം
തണുപ്പുള്ളൊരു  പ്രഭാതം…

” ടാ ഹരിക്കുട്ടാ എഴുന്നേൽക്ക്…സമയം ഏട്ടായി . നമുക്കിന്നൊരിടം വരെ പോകണം”

അനു വാതിലിൽ ആഞ്ഞ് തട്ടി വിളിച്ചു

“ഞാൻ ദാ വരണൂ ഏട്ടത്തിയമ്മേ”
ഹരിയുടെ മറുപടി കേട്ടതേ അനു പിന്തിരിഞ്ഞു

“മനുവേട്ടാ ചായക്ക് ചൂട് പോകും..ഒന്നെഴുന്നേറ്­റു വന്നു കുടിക്ക്…എന്നിട്ട് വേഗം കുളിച്ചു റെഡിയായി വാ…10 മണിക്ക് മുമ്പ് അങ്ങെത്തണം…ഹരിക്കുട്ടനോട് ഇപ്പം ഒന്നും പറയണ്ട…അവനൊരു സർപ്രൈസ് ആയിക്കോട്ടെ”

ചായ കുടിച്ചിട്ട് മനു പറഞ്ഞു

“ഞാനായിട്ട് ഒന്നും പറയുന്നില്ലേ…ഗൃഹനാ­യിക തന്നെ എല്ലാം തീരുമാനിച്ചതല്ലേ”

“എന്നെ കളിയാക്കണ്ടാ ട്ടൊ…നേരത്തെ മനു ഏട്ടന്റെ മാത്രം അനുജനായിരുന്നു…ഇപ്പോൾ എന്റെ കൂടി അനിയൻ കുട്ടനാണവൻ”

“ഹൊ സമ്മതിച്ചു”

ഹരി റെഡിയായി വരുമ്പോൾ മനുവും അനുവും ഊണു മേശക്കരികിൽ നിൽക്കുക ആയിരുന്നു

“ഹരിക്കുട്ടാ ഇരിക്ക് കാപ്പി കുടിച്ചിട്ട് നമുക്കിന്ന് ഒരിടം വരെ പോകണം”

“എവിടേക്കാ ഏട്ടത്തിയമ്മേ”

“അതൊക്കെ സർപ്രൈസ്”

“ഏട്ടാ എവിടേക്ക് ആണ്”

“നിന്റെ ഏട്ടത്തിയമ്മ തീരുമാനിച്ചതല്ലേ ..ഒന്നും പറയില്ല ഇവൾ”

“ശരി ഇനി ചോദിക്കണില്ല…എന്റെ ഏട്ടനും ഏട്ടത്തിയും കൂടി വിളിക്കുന്നതല്ലേ നമുക്ക് പോയേക്കാം”

അവർ കാപ്പി കുടി കഴിഞ്ഞു യാത്രയായി

സാമാന്യം തെറ്റില്ലാത്തൊരു വീടിനു മുന്നിൽ കാർ ചെന്നു നിന്നു

കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അകത്ത് നിന്നും ഒരു മദ്ധ്യവയസ്ക്കൻ ഇറങ്ങി വന്നു

“കാർത്തൂ അവർ വന്നു” അയാൾ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു

അയാൾ അവരെ അകത്തേക്ക് ആനയിച്ചു

കുറച്ചു നേരം പരസ്പരം വീട്ടുകാര്യങ്ങൾ സംസാരിച്ചു

“പെണ്ണു കാണാൻ തന്നെ കൂട്ടി കൊണ്ട് വന്നതാണ്…അത് ശരി…എന്നിട്ട് രണ്ടും കൂടി ഒന്നും മിണ്ടാതെ തനിക്ക് സർപ്രൈസ് ഗിഫ്റ്റൊരുക്കി”

മനുവും അനുവും കൂടി ഹരിക്കുട്ടനെ നോക്കിയൊന്നു പുഞ്ചിരിച്ചു

“കാർത്തൂ ചായ കൊണ്ട് വരാൻ മോളോട് പറയൂ” പെണ്ണിന്റെ അച്ഛൻ മാധവൻ പറഞ്ഞു

കുറച്ചു നേരം കഴിഞ്ഞു സുന്ദരിയായൊരു പെൺകുട്ടി അവർക്ക് ചായയുമായി വന്നു
അവൾ ആദ്യം ചായ ഹരിക്കുട്ടനു നൽകി

ഒരു നിമിഷം അവരുടെ മിഴികൾ പരസ്പരമൊന്നു കോർത്തു

“ടാ ഹരിക്കുട്ടാ ശരിക്കും കണ്ടോ പെണ്ണിനെ…ഞാൻ അത്രക്ക് ശ്രദ്ധിച്ചില്ല ഏട്ടത്തിയമ്മേ എന്നെങ്ങാനും പറഞ്ഞാൽ നല്ല കിഴുക്കും തരും ഞാൻ”

ഹരിക്കുട്ടനൊന്ന് ചമ്മി

പിന്നെയാ പെൺകുട്ടി മനുവിനും അനുവിനും ചായ കൊടുത്തു

“ഹരിക്കുട്ടാ പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അങ്ങനെ ആവാം”.. മനു ശബ്ദമുയർത്തി

” എങ്കിൽ മോൻ ദാ ആ മുറിയിലേക്ക് ചെല്ല്” കാർത്തു മൊഴിഞ്ഞു

ഹരിക്കുട്ടൻ അകത്തേക്ക് ചെല്ലുമ്പോൾ അവൾ ജനാലക്കരികിൽ പുറത്തേക്ക് നോക്കി നിൽക്കുക യായിരുന്നു

പിന്നിൽ ശബ്ദം കേട്ടപ്പോൾ അവൾ മെല്ലെ പിന്തിരിഞ്ഞു

“എന്താ കുട്ടീടെ പേര്”

“മാളവിക”

“എനിക്ക് മാളവികയോടു കുറച്ചു സംസാരിക്കണം..വിരോധം വല്ലതും….”

“അയ്യോ അതിനെന്തിനാ വിരോധം”

“എന്റെ വീട്ടിൽ ഞാനും ഏട്ടനും ഏട്ടത്തിയമ്മയും മാത്രമേ ഉളളൂ…ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങളായിട്ടാണ് ഞാനേട്ടനെയും ഏട്ടത്തിയമ്മയേയും കാണുന്നത്..എന്റെ അച്ഛന്റെയും അമ്മയുടെയും സ്ഥാനമാണ് അവർക്ക് ഞാൻ നൽകിയട്ടുളളത്…എന്റെ നന്മക്കായേ അവരെന്തും ചെയ്യൂ..നന്മയുളള ഹൃദയത്തിനു ഉടമകൾ..അവരാണ് എന്റെ ജീവിതം.. എങ്കിലും നമ്മൾ തമ്മിലുള്ള വിവാഹം നടന്നാൽ മാളവികക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും എന്നോട് പറയാം..അല്ലാതെ വീട്ടിൽ ഒരോന്ന് പറഞ്ഞ് പരസ്പരം കലഹിക്കരുത്…പിന്നെ ഞാൻ കല്യാണം കഴിച്ചാലും ഞങ്ങളുടെ തറവാട്ടിൽ തന്നെ ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കൂടി സന്തോഷമായി ജീവിക്കാനാണ് എനിക്ക് താല്പര്യം..പിന്നെ ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞുവാവ കൂടി വരുന്നുണ്ട്..മാളവികക്ക് എന്തെങ്കിലും എന്നോട് ചോദിക്കാന് ഉണ്ടെങ്കിൽ ആവാം”

“ഹരിയേട്ടാ എനിക്ക് സമ്മതമാ ഈ കല്യാണത്തിനു..ഏട്ടത്തിയമ്മ നേരത്തെ ഇവിടെ വന്നപ്പോൾ ഈ അനിയൻ കുട്ടിയെ കുറിച്ച് എല്ലാം പറഞ്ഞിരുന്നു…നന്മയുളള ഈ ഹൃദയത്തെ കുറിച്ച്..എന്റെ അച്ഛനും അമ്മക്കും മകനായും മകളായും ഞാൻ മാത്രമേ ഉളളൂ..ഒറ്റക്ക് ആയതിന്റെ ബുദ്ധിമുട്ട് എനിക്ക് ശരിക്കുമറിയാം..കൂട്ടുകാർ അവരുടെ സഹോദരങ്ങളുമായി കളിക്കുകയും വഴക്കു കൂടുന്നതും ഇണങ്ങുന്നതുമെല്ലാം കൊതിയോ കണ്ണു നിറയെ നോക്കി നിന്നട്ടുണ്ട്..എനിക്­കും സഹോദരനെയോ സഹോദരിയെയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്..എനിക്കു അങ്ങനെയൊരു ഭാഗ്യം ദൈവം തന്നില്ല..അന്ന് ഒരുപാട് ദുഃഖിച്ചിട്ടുണ്ട്..പക്ഷേ അതിനുള്ള പലിശയും മുതലും കൂടി ദൈവം എനിക്കിപ്പോൾ തന്നു…നല്ല മനസ്സുളള ഒരു ഏട്ടനെയും സ്നേഹിക്കാൻ മാത്രം അറിയുന്നൊരു ചേച്ചിയെയും നന്മയുളള ഒരു പുരുഷനെയും എനിക്ക് കിട്ടുന്നുണ്ടല്ലോ..എനിക്ക് അതുമതി ഹരിയേട്ടാ…ഏട്ടനും ഏട്ടത്തിയമ്മക്കും കൊടുക്കുന്നതിൽ നിന്നുമൊരു കുറച്ചു സ്നേഹം ഈ മാളൂവിനും കൂടി നൽകിയാൽ മതി..എന്നും ഈ സ്നേഹമരത്തണലിൻ ചുവട്ടിൽ ഞാനുണ്ടാകും”

മാളവികയുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞു

ഹരിക്കും എന്തെന്നില്ലാത്ത സന്തോഷം തോന്നി

“എങ്കിൽ കാര്യങ്ങൾ എല്ലാം ഇപ്പോഴെ തീരുമാനിച്ചിട്ടു പോകാം മോനൂ”

തിരിഞ്ഞ് നോക്കുമ്പോൾ പിന്നിൽ ഏട്ടത്തിയമ്മയും ഏട്ടനും

“രണ്ട് പേരും ഹാളിലേക്ക് വാ”

ഏട്ടത്തിയമ്മയുടെ പിറകെ മനുവും അനുവും പിന്തിരിഞ്ഞു

“രണ്ടു കൂട്ടർക്കും ഇഷ്ടമായ സ്ഥിതിക്ക് കാര്യങ്ങൾ അങ്ങട് തീരുമാനിക്കാം അല്ലേ മനു”

“അതെ അച്ഛാ..ഒരു ജോത്സ്യനെ കണ്ട് ഏറ്റവും അടുത്തുള്ളൊരു ശുഭ മുഹൂർത്തം കുറിപ്പിക്കണം”

“അത് ഞാനേറ്റു…കാര്യങ്ങൾ ഫോണിൽ കൂടി അറിയിക്കാം”

“ഞങ്ങൾക്ക് സ്ത്രീ ധനമായി ഒന്നും വേണ്ട..മാളുവാണു ഞങ്ങളുടെ ഏറ്റവും വലിയ നിധി…കല്യാണത്തിനു വലിയ ആർഭാടങ്ങൾ ഒന്നും വേണ്ട..നമുക്ക് രണ്ട് കൂട്ടർക്കും ചിലവാകുന്ന തുക ഏതെങ്കിലും അനാഥ മനന്ദിരത്തിനും വൃദ്ധസദനത്തിനും നൽകാം…എന്റെ ഹരിക്കുട്ടന്റെ വിവാഹത്തിന്റെ അന്ന് അങ്ങനെയൊരു പുണ്യം കൂടി നടക്കട്ടെ അവരും സന്തോഷിക്കട്ടെ..” അല്ലേ മനുവേട്ടാ ..അനു മനുവിനെ നോക്കി

മനു തല കുലുക്കി സമ്മതിച്ചു

എന്നാൽ ഞങ്ങൾ ഇറങ്ങുന്നു
രണ്ടു ദിവസത്തുനു ശേഷം മാളൂന്റെ അച്ഛൻ മനുവിനെ വിളിച്ചു

“ഈ മാസം 25 നും ഒരു ശുഭ മുഹൂർത്തം ഉണ്ട്… അതായത് രണ്ടാഴ്ച സമയമേ ഉളളൂ”

“അതുമതി അപ്പോൾ 25 നും മാളൂനെ ഞങ്ങൾ ഇങ്ങു കൊണ്ട് പോരും” മനു പൊട്ടി ചിരിച്ചു

അങ്ങനെ 25-ം തീയതിയിലുളള ശുഭ മുഹൂർത്തത്തിൽ മാളൂന്റെ കഴുത്തിൽ ഹരി താലി  ചാർത്തി

ഏട്ടത്തിയമ്മ തിരി തെളിയിച്ച നിലവിളക്കുമേന്തി മാളവിക ആ സ്നേഹ വീട്ടിലേക്ക് വലതുകാൽവെച്ചു കയറി

സ്നേഹമുളള ഏട്ടന്റെ അനിയത്തിക്കുട്ടിയാായി
വാത്സല്യ നിധിയായ ഏട്ടത്തിയമ്മയുടെ കൂടപിറപ്പായി
തന്റെ പ്രിയതമന്റെ പ്രിയ പത്നിയായി
മാളവിക മാറി”

(തുടരും)