രചന – സുധീ മുട്ടം
” തന്റെ ജീവിതം ഇന്നു മുതൽ ഈ നാല് ചുമരുകൾക്ക് ഉള്ളിലാണ്..ഇവിടെ നിന്നാണ് ജീവിതമിനി പച്ച പിടിപ്പിക്കേണ്ടത്….
അപ്പോഴേക്കും കാർത്തികയുടെ ചുണ്ടിലൊരു നറുമന്ദഹാസം വിരിഞ്ഞു…
“ഇത്രയൊക്കെ സൗകര്യമേയുള്ളൂ കുഞ്ഞ്യേ…
മുറി തുറന്നു രാമേട്ടൻ അകത്തേക്ക് കയറിയതിനു പിന്നാലെ കാർത്തികയും കയറി..
നാലു ചുവരുകൾക്കുള്ളിൽ തീർത്തൊരു ചെറിയ മുറി.തനിക്കിത് ധാരാളം…
” ഞാനൊരാളല്ലേയുള്ളൂ രാമേട്ടാ… ഇതൊക്കെ തന്നെ ധാരാളം..
പുഞ്ചിരിയോടെ മറുപടി കൊടുത്ത ശേഷം ബാഗ് പഴയ കട്ടിലിൽ വെച്ചു.മുറി വൃത്തിയായി സൂക്ഷിരുന്നതിനാൽ അഴുക്കും പൊടിയുമൊന്നും ഇല്ല.
“വാ കുഞ്ഞേ…
രാമേട്ടനു പിന്നാലെ വെളിയിലേക്കിറങ്ങി…
” ദാ അതാ കുളിമുറിയും കക്കൂസും… രണ്ടും പ്രത്യകമായാണ്….
വീടിനു പിന്നിലേക്ക് കൂട്ടിക്കൊണ്ടു പോയി കാണിച്ചു…
“പാചകം ചെയ്യണമെങ്കിൽ ഒരു ഗ്യാസ് സിലണ്ടർ എടുത്ത് തരാം.. പൈസ പിന്നീട് തന്നാൽ മതി.. അതല്ല പുറത്ത് നിന്ന് കഴിക്കണമെങ്കിൽ നമ്മുടെ ഹോട്ടലിൽ നിന്നും കഴിക്കാം…
” പാചകം ചെയ്തു കഴിച്ചോളാം…അതാകുമ്പോൾ അധികം ചിലവ് വരില്ലല്ലോ…
“അതാ മോളേ നല്ലത്…
” അല്ല രാമേട്ടാ വീട് പൂട്ടി കിടക്കുകയാണല്ലോ… ചേച്ചിയും മക്കളും ഇല്ലേ…
എന്തെങ്കിലും ചോദിക്കണമെന്ന് കരുതി ചോദിച്ചതാണ്.പക്ഷേ രാമേട്ടന്റെ മുഖം വാടി സങ്കടം നിറഞ്ഞു..അതുകണ്ടു കാർത്തിക വല്ലാതായി..
“വർഷം മൂന്നു കഴിഞ്ഞു മോളേ അവരെല്ലാം മണ്ണിനടിയിൽ ആയിട്ട്….
മിഴിനീരുകളൊപ്പി അയാൾ പറഞ്ഞു..
” മഴവെള്ള പാച്ചിലിൽ മക്കളും ഭാര്യയും …
അയാൾ നിന്നു വിതുമ്പിയതോടെ അവൾ വല്ലാതായി..
“സോറി രാമേട്ടാ.. ഞാൻ അറിയാതെ…
” സാരല്യാ കുഞ്ഞേ…എല്ലാം ഉടയ തമ്പുരാന്റെ വിധി…മോള് കുളി കഴിഞ്ഞു കടയിലേക്ക് വാ രാവിലെ അവിടെ നിന്ന് കഴിക്കാം… ഉച്ചക്ക് വല്ലതും ഉണ്ടാക്കാനുള്ളതൊക്കെ വാങ്ങി തന്നു വിടാം…
“ശരി രാമേട്ടാ… ഞാൻ വരാം….
രാമേട്ടൻ കടയിലേക്ക് പോയതോടെ കാർത്തിക ചുറ്റുമൊന്ന് കണ്ണോടിച്ചു..കുറച്ചു അകലെ അകലെയാണ് വീടുകൾ..ബാക്കിയുള്ള സ്ഥലങ്ങളിലൊക്കെ പച്ചക്കറികൾ കൃഷി ചെയ്തിരിക്കുന്നു. തങ്ങളുടെ നാട് പോലെയല്ലല്ലോ ഇവിടെയെന്ന് അത്ഭുതത്തോടെ ഓർത്തു പോയി….
മുറിയിലേക്ക് കയറി മാറിയുടുക്കാനുള്ള ഡ്രസും എടുത്ത് കുളിമുറിയിലേക്ക് കയറി… പൈപ്പ് കണക്ഷനൊക്കെയുണ്ട്…
മലനിരകളെ തണുപ്പുളള വെള്ളം നഗ്നമേനിയിലൂടെ ഒഴുകിയതും ശരീരമൊന്ന് കിടുത്തു പോയി…അത്രയേറെ തണുപ്പായിരുന്നു വെള്ളത്തിന്…
കുളികഴിഞ്ഞു പഴയൊരു ചുരീദാർ എടുത്ത് ധരിച്ചു…മുറിയിലേക്ക് വന്ന് മുടിയൊന്നു കൂടി കോതി വെള്ളം കളഞ്ഞ ശേഷം ചീകി വിടർത്തിയിട്ടു…കയ്യാൽ കണ്ണെഴുതി നെറ്റിയിലൊരു കറുത്ത പൊട്ടും തൊട്ടതോടെ ഒരുക്കം കഴിഞ്ഞു…
പഴയ മൊബൈൽ ഫോൺ വെറുതെ എടുത്തൊന്ന് നോക്കിയതും അറിയാതൊരു നടുക്കം ഉള്ളിലുണ്ടായി …
കാർത്തിയേട്ടന്റെ അമ്പതിലേറെ മിസ്ഡ് കോൾ…
വേഗം മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു സിം ഊരിവെച്ചു…പുതിയൊരു കണക്ഷൻ എടുക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചു…
ബാഗ് തുറന്നു അമ്മാവനും അമ്മാവിയും തന്ന പൈസ എണ്ണി തിട്ടപ്പെടുത്തി വെച്ചു… എല്ലാം കൂടി മൂവായിരത്തി എഴുന്നൂറ്റി അമ്പത്തിരണ്ടു രൂപ മിച്ചമുണ്ട്…
” ഇതിൽ നിന്ന് വേണം ഉയർത്തെഴുന്നേക്കാൻ….
ഒരുതുള്ളി കണ്ണുനീരടർന്ന് അതിലേക്ക് വീണു…..
മെല്ലെ എഴുന്നേറ്റു മുറി പൂട്ടി വെളിയിലേക്ക് ഇറങ്ങി… സമയം ഒമ്പത് മണി കഴിഞ്ഞതിന്റെ ചൂട് അനുഭവപ്പെട്ടു.. തണുപ്പ് പതിയെ അകലാൻ തുടങ്ങിയിരുന്നു…
അങ്ങോട്ട് പോയപ്പോൾ കണ്ട ക്ഷേത്രത്തിലേക്ക് കയറാനായി മനസ് തുടിച്ചതും അവിടേക്കു കയറി… പ്രധാന പ്രതിഷ്ഠയായും ആകെയൊരു ശ്രീകോവിൽ മാത്രം. മറ്റ് ഉപദേവതകൾ ഒന്നുമില്ല…
ശ്രീ ഭൂവനേശ്വരി എന്ന് എഴുതിയ പ്രതിഷ്ഠക്ക് മുമ്പിലായി അശ്രുകണങ്ങളാൽ പൂജ ചെയ്തു മിഴികളടച്ചു പ്രാർത്ഥിച്ചു…
“ഉറ്റവരോ ഉടയവരും ഇല്ല അമ്മേ..ജനിച്ചിട്ടു ഇന്നുവരെ അച്ഛന്റേയോ അമ്മയുടേയോ മുഖം കണ്ടട്ടില്ല..സ്വന്തമാണെന്ന് കരുതി മോഹിച്ച പുരുഷനു എല്ലാം സമർപ്പിച്ചു. എന്നിട്ടും ആരുമില്ല.ജനിച്ച നാട്ടിൽ നിന്ന് മറ്റൊരു നാട്ടിലെ അഭയാർത്ഥിയാണ് ഇപ്പോൾ. ജീവിച്ചു കാണിച്ചു കൊടുക്കാൻ എന്നും കൂടെയുണ്ടാകണേ പരാശക്തി….
മിഴികളടച്ചു മനസ്സ് തണുക്കുവോളം പ്രാർത്ഥിച്ചു… പത്ത് രൂപക്ക് നാളിലൊരു അർച്ചനയും നടത്തി ഇലച്ചീന്തിൽ പ്രസാദവും വാങ്ങി ക്ഷേത്ര നടയിൽ നിന്നുമിറങ്ങി..മനസ്സ് പൊതുവേ ശാന്തമായിരുന്നു….
കുറച്ചു കൂടി നടന്നതും നേരത്തെ കണ്ട സ്കൂളിലേക്ക് വെറുതെ നോക്കി…പൂമ്പാറ്റകളെ പോലെ വിവിധ വിവിധതരം വർണ്ണങ്ങളണിഞ്ഞ കുട്ടികൾ സ്കൂളിലേക്ക് കയറുന്നു….
” ഇവിടെയൊരു ജോലി കിട്ടിയിരുന്നെങ്കിൽ….
മനസ്സൊന്ന് വെറുതെ മോഹിച്ചു…കിട്ടില്ലെന്ന് അറിയാം ഒന്നു ശ്രമിക്കാമല്ലോ….
സെക്യൂരിറ്റിയൂടെ അനുവാദം വാങ്ങി സ്കൂളിലിന്റെ ഓഫീസിലേക്ക് ചെന്നു….
“ഡെറിക് കുഞ്ഞ് വന്നട്ടില്ലല്ലോ മോളേ….
മദ്ധ്യവയസ്ക്കയായൊരു സ്ത്രീ അവളുടെ തലവെട്ടം കണ്ടതും പുറത്തേക്കിറങ്ങി വന്നു…
” എപ്പോൾ വന്നാലാ ആളെ ഒന്ന് കാണാൻ പറ്റാ…
ആകാംഷയോടെ ചോദിച്ചു…
“ഡെറിക് കുഞ്ഞ് എപ്പോഴാ വരുന്നെന്നും പോണേന്നും മിശിഹാ തമ്പുരാനു പോലും അറിയില്ല….
അതുകേട്ടതും ഉള്ളിൽ നിരാശ പടർന്നു.. പിന്നെ വരാമെന്ന് പറഞ്ഞു പിന്തിരിഞ്ഞ് നടന്നു….
രാമേട്ടന്റെ കടയിലേക്ക് ചെല്ലുമ്പോൾ തിരക്കൊഴിഞ്ഞിരുന്നു…
” വാ മോളേ ഇരിക്ക്…
രാമേട്ടൻ സ്നേഹത്തോടെ ക്ഷണിച്ചു ഇരുത്തി….കുറച്ചു സമയം കഴിഞ്ഞു ആവി പറക്കുന്ന പുട്ടും കടലക്കറിയൂമെത്തി…രുചിയോടെ അവളത് ആസ്വദിച്ചു കഴിച്ചു….
“പഴയ പോലെ വലിയ കച്ചവടമില്ല കുഞ്ഞ്യേ…നാരായണി ഉള്ളപ്പോൾ ഓരോന്നും ഉണ്ടാക്കി വെയ്ക്കുമായിരുന്നു.ആവശ്യക്കാർ ഏറെ ആയിരുന്നു.. എനിക്ക് ഇപ്പോൾ ഒന്നിനും വയ്യ.ഇല്ലാത്ത രോഗമൊന്നുമില്ല.രമേശനുളളതു കൊണ്ട് പിടിച്ചു നിൽക്കുന്നു…
തന്റെ ധർമ്മസങ്കടം കാർത്തികക്ക് മുമ്പിൽ തുറന്നിട്ടു….
പെട്ടെന്ന് വെളിയിൽ ബ്ള്ളറ്റിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടു…
” ആ ദുഷ്ടൻ സ്കൂളിലേക്ക് പോകുവാ. ഡെറിക് ഡേവിഡ്…
രാമേട്ടൻ പറഞ്ഞതു കേട്ടു കാർത്തിക ആകാംഷയോടെ വെളിയിലേക്ക് എത്തി നോക്കി….
കട്ടത്താടിയും കട്ടമീശയുമുള്ളൊരാൾ കൂളിംഗ് ഗ്ലാസും വെച്ചു മുണ്ടും ജുബ്ബയും ധരിച്ച് ബുള്ളറ്റിൽ വരുന്നു…കാഴ്ചയിൽ സിനിമാ നടൻ പൃപൃഥ്വിരാജിന്റെ വിദൂരഛായയുണ്ട്….
“രാവിലെ തന്നെ വെള്ളത്തിലാ….
രാമേട്ടൻ പിറുപിറുത്തു….
” മിന്നു കെട്ടിയ പെണ്ണിനെ ഒറ്റത്തൊഴിക്ക് കൊന്നവനാ… പണത്തിന്റെ സ്വാധീനമുള്ളതുകൊണ്ട് കേസിൽ നിന്നും ഊരിപ്പോന്നു…..
കാർത്തിക ഞെട്ടലോടെ അയാളെ നോക്കി…
തുടരും

by