23/04/2026

ചിലപ്പോൾ ആദ്യത്തെ ആ ശ്രമം നിങ്ങളെ പിന്നീടൊരിക്കലും അമ്മയാക്കാതിരിക്കാം.

രചന – ജിഷ സുരേഷ്

രാഖി എഴുനേറ്റ് കുളിയും കഴിഞ്ഞ് അടുക്കളയിലേക്ക് നടന്നപ്പോഴാണ് വളപ്പിൽ നിന്നും കിളക്കുന്ന ശബ്ദം കേട്ടത്.
അവൾ അടുക്കളയുടെ വിശാലമായ ജനലുകൾ മലർക്കെത്തുറന്നിട്ട് അതിലൂടെ പുറത്തേക്കു നോക്കി. നേരം പരപരാന്നു വെളുത്തു വരുന്നതേയുള്ളൂ.. എന്നാലും പുറത്തെ കാഴ്ചകൾ കാണാം..നേർത്ത മഞ്ഞിൻ ശകലങ്ങൾ ചെടികളിൽ പറ്റിപ്പിടിച്ചിരിപ്പുണ്ട്. ചിലത് നിലത്തേക്കൂർന്ന്വീഴുന്നുണ്ടായിരുന്നു.ഹോ എന്തൊരു തണുപ്പ്. എന്നിട്ടും പച്ചവെള്ളത്തിലാണ് കുളിച്ചത്. എന്നാലേ രക്തം ചൂടുപിടിച്ച് ശരീരോഷ്മാവ് കൂട്ടാനൊക്കൂ.. ചായക്ക് വെള്ളം വെച്ചശേഷം അടുക്കളവാതിൽ തുറന്ന് അവൾ പുറത്തേക്ക് നടന്നു. വളപ്പെല്ലാം എത്ര മനോഹരമായാണ് കിടക്കുന്നത്. എല്ലാം ചേട്ടന്റെ പണിയാണ്. ഒരാഴ്ചയായി തുടങ്ങിയിട്ട്. രാവിലെ വെളുപ്പിനെഴുനേറ്റ് പല്ലുതേച്ച് തൂമ്പായുമെടുത്ത് നേരെ വളപ്പിലോട്ടാണ് യാത്ര. അവളെക്കണ്ട് അയാൾ പുഞ്ചിരിയോടെ മുഖമുയർത്തി. ന്റെ ചേട്ടാ ഒരു ക്യാപ്പ് വെച്ചൂടാർന്നോ….? ഞ്ഞി പനിം കൂട്യേ വരുത്തേണ്ടതുള്ളൂ… അതിന് നീയുണ്ടല്ലോ.. ന്നെ നോക്കാൻ… അതല്ലാ ഇനി അങ്ങനെ മരിക്കാനാ വിധിയെങ്കി അങ്ങ് മരിക്കെട്ടേടി.. രാഖീ.. ഇങ്ങനെ ജീവിക്കണേലും ഭേദല്ലേ… അല്ലെങ്കിലും ഇങ്ങനെ ജീവിച്ചിട്ടെന്തിനാ… ആരാ നമുക്കുള്ളത്. അയാളുടെ കണ്ണുകൾ നനഞ്ഞിരുന്നു. രാഖി അവിശ്വാസത്തോടെ അയാളെ നോക്കി. താൻതളർന്നാലുംഎപ്പോഴുമാശ്വസിപ്പിക്കാറുള്ള ആളിന്ന്…..!!!! ചുണ്ടോളമെത്തിയ തേങ്ങൽ കടിച്ചമർത്തി രാഖി തിരിഞ്ഞു നടന്നു. കണ്ണുകൾ കുതിച്ചൊഴുകാൻ തുടങ്ങിയിരുന്നു.സാരിത്തലപ്പാൽമുഖമമർത്തിത്തുടക്കുമ്പോ… വീണ്ടുമവളുടെ കാതിൽ ആ വാക്കുകൾ പ്രതിധ്വനിച്ചു. അല്ലാണ്ടാരാനമുക്കുള്ളതെന്ന്…ചേട്ടന്റെയാ വാക്കുകൾ ഇടിത്തീ കൊണ്ടപോലെ
അവളെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു.
അവൾ അടുക്കളയിലേക്ക് നടന്നു. പിടിപ്പത് പണിയുണ്ട്. രണ്ടാൾക്ക് കഴിക്കാൻ എന്താപ്പോത്ര പണീന്ന് ചിന്തിക്കല്ലേട്ടോ.

രണ്ടുപേർക്കല്ല, ഇരുപത്തഞ്ചുപേർക്കുള്ള ഭക്ഷണം സ്ഥിരമായുണ്ടാക്കി നഗരത്തിലെ ഗവൺമെന്റ് ഹോസ്പിറ്റലിലിലെ നിർധനരായ രോഗികൾക്കെത്തിച്ചു കൊടുക്കണം. ഇത് തുടങ്ങിയിട്ട് പത്തുപന്ത്രണ്ടു വർഷത്തോളമായി. അതൊരു പരിഹാരബലികൂടിയാണ്.
വർഷങ്ങൾക്കു മുൻപ് സംഭവിച്ചൊരു തെറ്റ്. അതിന്റെ അനന്തിരഫലം ഇന്നുമവരെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.. ഇത് അവർക്കൊരു ആശ്വാസമാണെന്നുമാത്രം.
പരസ്പരം സ്നേഹിച്ച്, വലിയൊരു യുദ്ധത്തിനൊടുവിൽ വിവാഹിതരായവർ. മധുവിധുവിന്റെ മാധുര്യം തീരുംമുമ്പെ ഗർഭിണിയാകേണ്ടി വന്നപ്പോൾ, പ്രായത്തിന്റെ പക്വതയില്ലായ്മയിൽ
ഇരുവരും അതില്ലായ്മ ചെയ്യാൻ തീരുമാനിച്ചു. ആ കുരുന്നു ജീവനെ ഇല്ലായ്മ ചെയ്യരുതെന്ന ഡോക്ടറുടെ വാക്കുകൾ അന്നവർ ചെവികൊള്ളാൻ തയ്യാറായില്ല. അങ്ങനെയാ കുരുന്നുജീവൻ ഇല്ലാതായതിനൊപ്പം, ഒരിക്കലും പുഷ്പിക്കാത്തൊരുഗർഭപാത്രത്തിനുടമയുമായവൾ. നടുക്കുന്ന ഓർമ്മകളിൽ നിന്ന് രാഖി ഞെട്ടിയുണർന്നു. യാന്ത്രികമായി അവിയലിനുള്ള തേങ്ങ ചിരകിക്കൊണ്ടിരിക്കുമ്പോൾ ആശുപത്രിയിലെ രോഗികളെക്കുറിച്ചോർത്തു അവൾ.
അവരിൽ പലരും നിരാലംബരായിരുന്നു. രോഗത്തിന്റെ തീവ്രതയാൽ പലരും നിർവ്വികാരരായിരുന്നു. മരണവും കാത്ത് കിടക്കുന്ന പലരേയും അക്കൂട്ടത്തിൽ കണ്ടിരുന്നു. അതെല്ലാം മനോമുകുരത്തിൽ തെളിഞ്ഞു വന്നപ്പോൾ അവൾ മറ്റെല്ലാം മറന്നു.

ചോറും, കറികളും പാർസലാക്കാൻ അയാളും അവളെ സഹായിച്ചു.
എല്ലാം കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്തൊരാശ്വാസമാണ് തോന്നിയത്. പ്രതീക്ഷക്കു വകയില്ലെന്നിരിക്കെ മറ്റൊന്നുമോർക്കാതിരിക്കുന്നതാണ് നല്ലതെന്നവൾക്കു തോന്നി.
ഇതായിരിക്കാം ഈശ്വരൻ തങ്ങൾക്കായി കരുതിവെച്ചിട്ടുള്ള കർത്തവ്യം. ജീവിതമൊക്കെ അടിച്ചുപൊളിച്ചോളൂ.
എന്താദർശത്തിന്റെ പേരിലായാലും,…..
എന്ത് സ്വാർത്ഥതയുടെ പേരിലായാലും……
എത്ര സ്വർഗ്ഗം കൊതിച്ചുള്ള യാത്രയായാലും.,……… പക്ഷേ ഈ ഭൂമിയിലേക്ക് വിടരാൻ വെമ്പി നിൽക്കുന്ന കുരുന്നുകളെ നിങ്ങൾ മനപ്പൂർവ്വം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കരുതേ……… ചിലപ്പോൾ ആദ്യത്തെ ആ ശ്രമം നിങ്ങളെ പിന്നീടൊരിക്കലും അമ്മയാക്കാതിരിക്കാം.
(ഒരുപക്ഷേ നിങ്ങളെ ജീവിതാവസാനം വരെകൈപിടിച്ചുനടത്തേണ്ടവരായിരുന്നിരിക്കാമാ കുരുന്നുകൾ അതോർക്കുന്നത് നല്ലത്. )