25/04/2026

താന്തോന്നി : ഭാഗം 07

രചന – ഫൗസിയ യൂസഫ്

തോക്കിന്റെ കാഞ്ചി വലിച്ചത് മാത്രമേ മാത്തച്ചന് ഓർമ്മയുള്ളൂ… ഷോ കേയ്സ് തകർന്ന് സകലതും തരിപ്പണമായി നിലത്തേക്ക് പതിച്ചപ്പോഴാണ് കണ്ണുകൾ വെട്ടിത്തുറന്നത്….
ചൂണ്ടുവിരലിൽ തോക്ക് ചുഴറ്റിക്കൊണ്ട് തന്നെ നോക്കി ചിരിക്കുന്ന സലോമിയെ കാണെ, എന്താണ് സംഭവിച്ചതെന്ന് മാത്തച്ചന് മനസ്സിലായില്ല!
ഞൊടിയിടകൊണ്ട് തന്റെ കൈവശമിരുന്ന തോക്ക് അവളുടെ കൈവശമെത്തിയത് എങ്ങനെയെന്നോർത്ത് അയാൾ ആശ്ചര്യപ്പെട്ടു….

“” ഇച്ചിരി കളരിയും, കരാട്ടേയുമൊക്കെ വശമുണ്ടെന്നേ…
കൂടെ പഠിക്കുന്ന പിള്ളേരെല്ലാം പാട്ടിനും ഡാൻസിനും പിറകെ പോയപ്പോൾ, എന്തോ എനിക്ക് ഇതിനോടൊക്കെയാ ത്രില്ല് തോന്നീത്….. “”” അവൾ വിജയച്ചിരിയോടെ പറഞ്ഞു.

“” എടീ.. “” മാത്തച്ചൻ മുന്നോട്ട് കുതിക്കാൻ ആഞ്ഞതും അവൾ തടഞ്ഞു…

“”” അപ്പച്ചാ അവിവേകൊന്നും കാണിച്ചേക്കല്ലേ… ഇതിലിപ്പോ കൃത്യം അഞ്ച് ബുള്ളറ്റുണ്ട്…. അതിലൊരെണ്ണം മതി… അറിയാലോ””
അവൾ തോക്ക് കാണിച്ചുകൊണ്ട് പറഞ്ഞു…

“” സത്യം പറ, നീയാരാ?? “”” ഗാoഭീര്യമെങ്കിലും, എവിടെയോ ഒരു പതർച്ച ആ ശബ്ദത്തിനുണ്ടായിരുന്നു.

“” എന്നാ ചോദ്യവാ അപ്പച്ചാ ഇത്?
കുറച്ച് മുന്നേ അപ്പച്ചന്റെ പൊന്നുമോള് എന്നൊക്കെ വിളിച്ചിട്ട്,, ഇപ്പൊ ആരാന്നാന്നോ ചോദിക്കുന്നെ?? “”” അവൾ പരിഭവഭാവത്തിൽ ചോദിച്ചു…

മാത്തച്ചൻ നിന്നു വിയർത്തു!
ഇത്തിരി പോന്നൊരു പെണ്ണിന്റെ മുന്നിൽ തോറ്റുപോകേണ്ടി വന്നതിന്റെ നിരാശ ആ മുഖത്തുണ്ടായിരുന്നു….

പെട്ടന്നാണ്, പുറത്തൊരു വാഹനത്തിന്റെ ഹോണടി കേട്ടത്….
സലോമി, ജനൽ പാളിയിലൂടെ തലചെരിച്ചു നോക്കി….
അതൊരു പോലീസ് ജീപ്പായിരുന്നു!
അവൾ വേഗം, തോക്ക് മാറ്റിവെച്ചു….

കാളിങ്ബെൽ മുഴങ്ങിയപ്പോൾ, സലോമിയെ ഒന്നു നോക്കിക്കൊണ്ട്, മാത്തച്ചൻ ചെന്ന് വാതിൽ തുറന്നു….

“”” നിങ്ങൾക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ മാത്തച്ചാ… “” എസ് ഐ ഹമീദ് പറഞ്ഞു…

മാത്തച്ചൻ, സലോമിയെയൊന്ന് തിരിഞ്ഞു നോക്കി… പിന്നെ, സംശയത്തോടെ ഹമീദ് സാറിന്റെ മുഖത്തേക്ക് നോക്കി…

“” നിങ്ങളുടെ ഭാര്യ മോളിയും, മകൾ ക്ലാരയുമാണ് പരാതിക്കാർ….. മോളിയുടെ സ്വത്തെല്ലാം കൈക്കലാക്കി, അവരെ ഇവിടുന്ന് നിങ്ങൾ ഇറക്കി വിട്ടു എന്നതാണ് പരാതി.. എന്തായാലും വിശദമായ ചോദ്യം ചെയ്യലിന് നിങ്ങളെ ഞങ്ങൾ കസ്റ്റഡിയിലെടുക്കുകയാണ്…
മാത്തച്ചൻ ഞങ്ങളുടെ കൂടെ വരണം….. “””

“”” സാറേ, മോളിയെയും മോളെയും ഞാൻ ഇറക്കി വിട്ടതല്ല….
അവര്, അവരടെ സ്വന്തം ഇഷ്ടത്തിന് ഇവിടന്ന് ഇറങ്ങിപ്പോയതാ….
സംശയണ്ടേൽ സാറ് ദേ ഇവളോട് ചോദിക്ക്… “”” സലോമിയെ ചൂണ്ടിയാണ് മാതച്ചനത് പറഞ്ഞത്…

എസ് ഐ ഹമീദ്, സലോമിയെ അടിമുടിയൊന്ന് നോക്കി
“” ഇവളേതാ “”

“” അത്.. അതിവടത്തെ വേലക്കാരി കൊച്ചാ! “”” അയാൾ, അവളെ ഇടങ്കണ്ണിട്ടു നോക്കി

“”” ആണോടീ “” ഹമീദ്, സലോമിയോട് ചോദിച്ചതും,, അവൾ പേടിയോടെ അതേയെന്ന് തലയാട്ടി…

“” ഇയാള് പറഞ്ഞതൊക്കെ സത്യാണോ? ഇയാളുടെ ഭാര്യയും മകളും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണോ?? “””

“” അല്ല സാറേ… അവരെ ഈ മാത്തച്ചൻ സാറ് ഉപദ്രവിച്ചോണ്ടാ അവരിറങ്ങിപ്പോയത്….. അവരുമായി വഴക്കുണ്ടാക്കിയതിന്റെയാ ഈ കിടക്കണതൊക്കെ… “” ഹാളിൽ പരന്നു കിടന്ന വസ്തുക്കളെ ചൂണ്ടി സലോമി പറഞ്ഞപ്പോൾ, മാത്തച്ചന്റെ
ദേഷ്യം വർധിച്ചു…
അവളെ ദഹിപ്പിക്കാൻ ശക്തിയുണ്ടായിരുന്നു അയാളുടെ നോട്ടത്തിന്….
അവൾ പതിയെ അയാൾക്കരികിലേക്ക് നീങ്ങിനിന്നു…
എന്നിട്ട്, സ്വരം താഴ്ത്തി പറഞ്ഞു,
“””അധികം ബി പി കൂട്ടണ്ട അപ്പച്ചാ….
ഞാൻ ചിലപ്പോ, സത്യങ്ങളൊക്കെയങ് വിളിച്ചു പറഞ്ഞെന്നു വരും….
മോളിയമ്മച്ചി മാനക്കേടോർത്ത് ഒന്നും പറഞ്ഞില്ലാന്നു വരും… പക്ഷേ,, ഈ സലോമിക്ക് മുന്നും പിന്നും നോക്കാനില്ല…..
അത് വേണോ?”””

അവൾ പറഞ്ഞതുകേട്ട്, അയാൾക്ക് സ്വയം നിയന്ത്രിക്കുകയല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു!
മുഴുവൻ ദേഷ്യവും,തന്റെ പല്ലുകളിൽ കടിച്ചമർത്തി അയാൾ സംയമനം പാലിച്ചു….

“”” സാക്ഷിക്കൂടി ഉള്ള സ്ഥിതിക്ക്, തനിക്കെതിരെ ആക്ഷനെടുക്കേണ്ടി വരും… അത്കൊണ്ട്, ഇനി അധികം നിന്ന് വൈകിക്കാതെ ഇയാള് ചെന്ന് വണ്ടീ കേറാൻ നോക്ക് “”” എസ് ഐ പറഞ്ഞതും, മറ്റൊരു നിവർത്തിയുമില്ലാതെ മാത്തച്ചൻ ജീപ്പിനരികിലേക്ക് നടന്നു….

“” സാർ… “” സലോമി വിളിച്ചതും, ഹമീദ് എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി പുരികമുയർത്തി….

“” എനിക്കൊരു കാര്യം പറയാനുണ്ടാരുന്നു…. “””

ഹമീദ് സാറിനെ മാറ്റിനിർത്തി സലോമി കാര്യമായെന്തോ സംസാരിക്കുന്നത് ജീപ്പിലിരുന്നു മാത്തച്ചൻ കാണുന്നുണ്ടായിരുന്നു…..
അല്പസമയത്തിന് ശേഷം അവർ തിരിച്ചു വന്നു….

“”” എന്നാ ശരി… കുട്ടി നാളെ രാവിലെ സ്റ്റേഷനിലേക്കൊന്നു വരൂ… എല്ലാം ചേർത്ത് ഒരു പരാതി തയ്യാറാക്കാം…..
നമുക്ക് വിശദമായിത്തന്നെ അന്വേഷിക്കാം…. “”” ഹമീദ്, സലോമിയോട് പറയുകയും അവൾ തല കുലുക്കുകയും ചെയ്തു….

മാത്തച്ചനെ നോക്കി ഒന്ന് ഇരുത്തി മൂളിക്കൊണ്ട്, സാറ് ജീപ്പിന്റെ മുൻ സീറ്റിലേക്ക് കയറിയിരുന്നു….
ജീപ്പ്, മാത്തച്ചന്റെ ബംഗ്ലാവിന്റെ ഗേറ്റ് കടന്ന് പോകും വരെ, അയാളുടെ നോട്ടം സലോമിയുടെ മുഖത്തേക്കായിരുന്നു…..
അവളൊരു നനുത്ത പുഞ്ചിരിയോടെ അതിനെ സ്വാഗതം ചെയ്തു…..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രുദ്രൻ വന്നപ്പോൾ, ഉണ്ടായ വിവരങ്ങളെല്ലാം സലോമി അയാളോട് പറഞ്ഞു…
“” നിങ്ങളെ കണ്ട് കാര്യം പറഞ്ഞിട്ട് പോകാമെന്നു വച്ചാണ് കാത്തിരുന്നത്……
മാത്തച്ചൻ മുതലാളീടെ കാര്യത്തിൽ ഏതാണ്ട് തീരുമാനം ആയിട്ടുണ്ട്….
ഞാനാ സാറിനോട് വിവരങ്ങളൊക്കെ പറഞ്ഞു…. എന്നോട് രാവിലെ സ്റ്റേഷനിലോട്ട് ചെല്ലാൻ പറഞ്ഞേക്കുവാ പരാതി കൊടുക്കാൻ രുദ്രന് വിരോധമില്ലെങ്കിൽ രാവിലെ വരുവോ സ്റ്റേഷനിലേക്ക്,, എന്റൊരു ധൈര്യത്തിന്…..?? “””

രുദ്രൻ, അതുകേട്ടൊന്ന് ചിരിച്ചു…
“” ഇത്രയെല്ലാം ചെയ്തു വെക്കാമെങ്കിൽ, ഒരു പരാതി കൊടുക്കാനാണോ കൊച്ചിന്‌ പേടി?
നല്ല കാര്യായി…..

“”” താനുംകൂടി സഹായിച്ചോണ്ടാ കാര്യങ്ങളൊക്കെ ഇത്ര എളുപ്പത്തിൽ നടന്നെ…..
എന്തായാലും വരണം… വരാതിരിക്കരുത്!
ഞാനവിടെ കാണും… “”” രുദ്രനോട് യാത്ര പറഞ്ഞ്, സലോമി മുറ്റത്തേക്കിറങ്ങി….

“”” ഞാൻ കൊണ്ടുവിടണോ? “””

“” ഏയ് വേണ്ടെടോ… ദൂരേക്കൊന്നും അല്ല, ഇവിടെ അടുത്തേക്ക് തന്നെയാ… “” അവൾ പറഞ്ഞു….
പിന്നെ രണ്ടടി മുന്നോട്ടു വെച്ച്, ഒന്ന് തിരിഞ്ഞു നിന്നു….
“” എന്റെ സംശയങ്ങൾക്കുള്ള ഉത്തരം ഇപ്പോഴും ബാക്കിയാണ് ട്ടോ… “””

“””ചോദ്യങ്ങളില്ലാതെ തന്നെ ആ ഉത്തരങ്ങളെല്ലാം ഇനി കൊച്ചിനെ തേടിവരും….
ഓൾ ദ ബെസ്റ്റ് 👍””” ചിരിയോടെ രുദ്രൻ പറഞ്ഞപ്പോ, അവളും പതിയെ തലയാട്ടി…..

ബാഗിൽ നിന്നും ഫോണെടുത്തു അവളാർക്കോ വിളിക്കുന്നത് രുദ്രൻ കണ്ടു….
“”” എവെരിതിങ് ഓക്കേ…
ഞാൻ വരുവാണ്…. മമ്മയെ അറിയിച്ചോളൂ… “”””

ഫോൺ തിരികെ ബാഗിലേക്ക് വെച്ച്, അവളേതോ ഓട്ടോക്ക് കൈ കാണിക്കുന്നതും, അതിൽ കയറിപ്പോകുന്നതും, രുദ്രൻ നോക്കിനിന്നു!

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

രുദ്രൻ, സ്റ്റേഷനിലേക്ക് ചെല്ലുമ്പോൾ അവിടെ മോളിയും ക്ലാരയും ഉണ്ടായിരുന്നു…..
സലോമി, എത്തിയിട്ടുണ്ടായിരുന്നില്ല!
ക്ലാരയുടെ മുഖം പതിവുപോലെതന്നെ വീർപ്പിച്ചു വെച്ചിരുന്നു…..
മോളിക്ക് പ്രത്യേകിച്ചൊരു ഭാവവും കണ്ടില്ല!
“”” എന്റപ്പൻ കഷ്ടപ്പെട്ടുണ്ടാക്കിയതും ചേർത്താ അങ്ങേര് പേരെടുത്ത മുതലാളിയായത്….
അതൊന്നും പലിശ സഹിതം കണക്ക് പറഞ്ഞു വാങ്ങാതെ ഈ മോളി അടങ്ങത്തില്ല!”””
ഇടയ്ക്കിടെ അവർ ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു…..

“”” സാറേ ഞങ്ങളോട് വരാൻ പറഞ്ഞാരുന്നു “””
ഒരു കോൺസ്റ്റബിൾ പുറത്തേക്ക് വന്നപ്പോൾ മോളി ഭാവ്യതയോടെ പറഞ്ഞു.

“”” ആ മനസ്സിലായി…
മാത്തച്ചന്റെ കേസ് ഏറ്റുടുത്തിരിക്കുന്നതേ പുതിയ സാറാ… അവരിപ്പോ ഇങ്ങോട്ടെത്തും…
അതുവരെ നിങ്ങളിങ്ങോട്ട് കയറിയിരിക്ക്…. “” വരാന്തയിൽ കിടന്നിരുന്ന കസേരകളിലേക്ക് ചൂണ്ടി അയാളത് പറഞ്ഞപ്പോ, അവർ രണ്ടുപേരും അങ്ങോട്ട് കയറിയിരുന്നു….
രുദ്രനപ്പോഴും അവിടെത്തന്നെ നിന്നതേയുള്ളൂ…..

ഒന്നുരണ്ടു മിനിറ്റുകൾക്ക് ശേഷം, സ്റ്റേഷൻഗേറ്റ് കടന്ന് ഒരു വണ്ടി അവിടെവന്നു നിന്നു….

“” സർ, എ സി പി മാഡം വന്നെന്നു തോന്നുന്നു…. “”” കോൺസ്റ്റബിൾ ചെന്നു പറഞ്ഞപ്പോ, ഹമീദ് സാറും വേറെ ചില പോലീസുകാരും ദൃതിയിൽ പുറത്തേക്കു വന്നു…..

കൂളിംഗ് ഗ്ലാസ്‌ വെച്ച്, യൂണിഫോമിൽ ഇറങ്ങിവന്ന ആ ഓഫീസറെ കണ്ട്, ക്ലാരയും മോളിയും ആക്ഷാരാർഥത്തിൽ ഞെട്ടി

സലോമി!!!!

രുദ്രന് പക്ഷേ, പ്രതീക്ഷിച്ച രൂപം നേരിൽ കണ്ടതിന്റെ സന്തോഷമായിരുന്നു മുഖത്ത്….

“” ഗുഡ് മോർണിംഗ് മാഡം… പ്ലീസ് വെൽക്കം “” ഹമീദ്, അവരെ സ്വീകരിച്ചു….

” ഗുഡ് മോർണിംഗ് ” തികഞ്ഞ പുഞ്ചിരിയോടെ എല്ലാവരെയും നോക്കിക്കൊണ്ട് അവർ സ്റ്റേഷനകത്തേക്ക് നടന്നു….
ഇടക്കെപ്പഴോ, ആ കണ്ണുകൾ തനിക്കു നേരെ നീളുന്നതും കുസൃതി നിറഞ്ഞൊരു പുഞ്ചിരി തനിക്കായി ആ ചുണ്ടിൽ വിരിയുന്നതും രുദ്രനറിയുന്നുണ്ടായിരുന്നു…..

“” മാഡം, പുറത്ത് നിൽക്കുന്നവരെയൊക്കെ….. “” ഹമീദ് ഓര്മപ്പെടുത്തി…

“” വിളിപ്പിക്കാം….
അതിനു മുൻപ് അദ്ദേഹത്തെ എനിക്കൊന്ന് കാണണ്ടെടോ… എന്റെ അപ്പച്ചനെ.. “” അവർ ചിരിയോടെ പറഞ്ഞതും, ഹമീദ് അതേചിരിയോടെ തലകുലുക്കി…..

“””ഇങ്ങോട്ട് നടക്കേടാ….
പുതിയ സാറ് നിന്നെ വെടിപ്പായിട്ടൊന്ന് കണ്ടോട്ടെ..””” മാത്തച്ഛനെ മുന്നിലേക്ക് നിർത്തിക്കൊണ്ട് ഹമീദ് ഉച്ചത്തിൽ പറഞ്ഞു….

“”” ഹെലോ മിസ്റ്റർ അപ്പച്ചൻ, മുഖമൊന്ന് ഉയർത്തിയാലല്ലേ ആളെ വ്യക്തമായി കാണാൻ പറ്റൂ… “””
മാഡം പറഞ്ഞതും, കേട്ടു പരിചയിച്ചൊരു ശബ്ദത്തെ തിരിച്ചറിഞ്ഞ പോലെ, മാത്തച്ഛൻ പെട്ടന്ന് മുഖമുയർത്തിയത്…..

ആ കണ്ണുകൾ വികസിച്ചു!
കാണുന്നത് സത്യമോ മിഥ്യയോ എന്ന് വിശ്വസിക്കാൻ കഴിയാതെ, അയാൾ ആ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി….

“” എന്നതാ അപ്പച്ചാ ഇങ്ങനെ നോക്കുന്നെ… എന്നെ മനസ്സിലായില്ലായോ…??
ഇത് ഞാനാന്നെ സലോമി!”””” അവരിത്തിരി പരിഹാസത്തോടെ പറഞ്ഞു….

പെട്ടന്ന് മാത്തച്ഛന്റെ കണ്ണുകൾ, യൂണിഫോമിലെ നെയിം ബോർഡിലേക്ക് ചെന്നു….
അതിലെഴുതിയ പേര് അയാൾ മനസ്സിൽ വായിച്ചു ;

ACP മെറീന ഐസക് സാമുവൽ!!

കാത്തിരിക്കണേ ❤