26/04/2026

വിവാഹമോചനം : ഭാഗം 19

രചന – സുധീ മുട്ടം

“എന്തേ ആരവ് നോക്കുന്നത്….

നന്ദിനിക്കുട്ടിക്ക് മറുപടി നൽകാതെ വേദനയൂറുന്ന മിഴികളോടെ അവളെ ഉറ്റുനോക്കി…

” അരുതേ എന്നെ വഴക്കു പറയരുതേ” എന്നൊരു ഭാവം ആ മിഴികളിൽ തെളിഞ്ഞു കണ്ടു…

“കണ്ടോച്ഛാ…ടീച്ചറമ്മ..വാങ്ങി തന്നതാ…

വർണ്ണശബളമായ കുഞ്ഞുടുപ്പ് അച്ഛനു നേരെ നീട്ടി ആരതിക്കുട്ടി സന്തോഷത്തോടെ തുള്ളിച്ചാടി….മോളുടെ കാതിലൊരു കുഞ്ഞു ജിമുക്കിയും കുഞ്ഞൊരു മാലയും തെളിഞ്ഞ് കിടക്കുന്നത് കാണാമായിരുന്നു…എല്ലാം കൂടി ചേർന്നപ്പോളൊരു കുഞ്ഞുമാലാഖ…

ഇന്നോളം ഈ നിമിഷം വരെ ഒരു പൊടി സ്വർണ്ണ തരി പോലും മോൾക്ക് വാങ്ങി കൊടുക്കാൻ കഴിഞ്ഞില്ല..അതിന്റെ ഒരു പരിഭവവും പൊന്നുമോൾ പറഞ്ഞട്ടില്ല.ജീവിത സാഹചര്യം പ്രായത്തിന്റെ പക്വത പകർന്നു നൽകിയിരുന്നു പാവം ആരതി മോൾക്ക്..ഓരോന്നും ഓർക്കുന്തോറും നെഞ്ചിൽ വേദന നിറഞ്ഞു കണ്ണുനീർ പൊടിഞ്ഞു…

” എന്തു പറ്റി ആരവ്…ഇഷ്ടമായില്ലേ…

കരൾ കൊത്തി പറിക്കുന്ന വേദനയോടെ നന്ദിനിക്കുട്ടി ചോദിച്ചു‌..ആരവിന്റെ ഓരോ ഭാവങ്ങളും ശ്രദ്ധിച്ചു നിന്നിരുന്ന അവൾക്ക് തോന്നി ഒന്നും അവനു ഇഷ്ടമായില്ലാന്ന്…

നന്ദിനിക്കുട്ടി ഇപ്പോൾ പെയ്തു തകർക്കുമെന്ന് തോന്നിപ്പോയി ആരവിന്..മിഴികളൊക്കെ നിറഞ്ഞിരുന്നു..

“ഒന്നുമില്ല ടീച്ചറേ…കുടിച്ചു കളഞ്ഞ കാശുകൊണ്ട് എന്റെ പൊന്നുമോൾക്ക് ഒരുതരി സ്വർണ്ണം പോലും വാങ്ങി കൊടുക്കാൻ കഴിഞ്ഞില്ലല്ലോന്ന് ഓർത്തു പോയതാ‌…

മുഖത്തേക്ക് ഒഴുകിയിറങ്ങിയ നീർമണി തുള്ളികൾ തുടച്ചു മാറ്റി ചിരിക്കാൻ ശ്രമിച്ചു….അവനിലെ നോവ് ഉണർന്നു പെയ്തതും അവന്റെ നോവേറ്റും വാങ്ങും പോലെ അവളൊന്ന് പിടഞ്ഞു പോയി…

” സാരമില്ല ആരവ്..ഇനി അയാലും വാങ്ങിക്കാമല്ലോ…

അവനെ ആശ്വസിപ്പിച്ചു അവൾ മനോഹരമായി പുഞ്ചിരിച്ചു….ആ പുഞ്ചിരി തന്നിലെ നോവിനെ മൂടിയുറക്കി സുഖകരമായൊരു തെന്നലായി മാറിയത് അവനറിഞ്ഞു…

“ആരവ് എന്തെങ്കിലും കഴിച്ചോ?

ഇല്ലെന്ന് പറഞ്ഞാൽ കളവാകുമെന്ന് അറിയാം‌…

” വിശപ്പില്ല ടീച്ചറേ…

“അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും.വയറ് വിശന്നു കിടക്കരുത്‌..എഴുന്നേറ്റു കഴിച്ചിട്ട് കിടന്നാൽ മതി…

വിശപ്പില്ലെന്ന് പറഞ്ഞിട്ടും അവൾ സമ്മതിച്ചില്ല..ഒടുവിൽ തോൽവി സമ്മതിച്ചു പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചവനെ ചാരി ഇരിക്കാൻ സഹായിച്ചു..

വാങ്ങിയ ബ്രഡ് പൊതി തുറന്നു ജാം തൊട്ട് ആരവിന്റെ ചുണ്ടിലേക്ക് മുട്ടിച്ചു….

” കഴിക്ക് ആരവ്..പ്ലീസ്…

നന്ദിനിക്കുട്ടിയുടെ മിഴികളിൽ ദൈന്യത ഓളം വെട്ടിയതോടെ കഴിക്കാതിരിക്കാൻ കഴിഞ്ഞില്ല..സ്നേഹത്തിന്റെ രുചിയോടെ നാലഞ്ചു പീസു കഴിച്ചു..

“മതി ടീച്ചറെ..

പിന്നെ അവൾ നിർബന്ധിക്കാൻ പോയില്ല…അവന്റെ ചുണ്ടുകൾ സാരിത്തുമ്പു കൊണ്ട് അമർത്തി തുടച്ചു…കടയിൽ നിന്നും വാങ്ങിയ ചൂടു ചായ ഒഴിച്ചു കൊടുത്തത് കുടിച്ചപ്പോൾ ചെറിയൊരു ആശ്വാസം ആരവിനു അനുഭപ്പെട്ടു…കഴിക്കാനുള്ള ടാബ് ലെറ്റും കൊടുത്തു…

” സമയം ഒരുപാട് ആയില്ലേ ടീച്ചർ മോളേയും കൊണ്ടു പൊയ്ക്കോളൂ…

നന്ദിനിക്കുട്ടിക്ക് പോകണമെന്നില്ല…ആരവിന്റെ കിടപ്പു കാണുമ്പോഴേക്കും ഉള്ളിൽ സങ്കടം നുരഞ്ഞു പൊന്തി…

“ആരവ് കിടക്കൂ..ഞാൻ പൊയ്ക്കോളാം…

താൻ കിടക്കാതെ നന്ദിനി പോകില്ലെന്ന് മനസ്സിലായ്തും ആരവ് പതിയെ കിടന്നു..കഴുത്തുവരെ അവൾ അവനെ മൂടിപ്പുതപ്പിച്ചു…

” പോയിട്ട് രാവിലെ വരാം…

അവന്റെ കൈ വിരലിൽ കൈകൾ കോർത്തുപിടിച്ചിരുന്നവൾ…തന്നെയത് പൊള്ളിക്കും പോലെ തോന്നിയപ്പോൾ കൈ തട്ടി മാറ്റാൻ മനം കൊതിച്ചെങ്കിലും കഴിഞ്ഞില്ല…കുനിഞ്ഞ് അവൾ അരുമയായി അവന്റെ നെറ്റിയിൽ ചുംബിച്ചു…

മുറിവിട്ടിറങ്ങി പാതിയിൽ പിന്തിരിഞ്ഞു നോക്കി…തങ്ങളെ നോക്കി കിടക്കുന്ന ആരവിനെ കണ്ടതും അവളിൽ സ്നേഹത്തിന്റെ തെളിനീരറവ പൊട്ടിയൊഴുകി…ഓടിപ്പാഞ്ഞു ചെന്നാ മുഖം കൈവെളളയിലെടുത്തു ചുംബിക്കണമെന്ന് തോന്നിപ്പോകുന്നു..ചുട്ടു പൊള്ളിക്കുന്ന അവന്റെ പനിച്ചൂടേറ്റു വാങ്ങാൻ മനസ്സ് ദാഹിച്ചു….

എങ്കിലും എല്ലാം ഉള്ളിലൊതുക്കി ആരതി മോളുമായി അവൾ പിന്തിരിഞ്ഞു നടന്നു…പിരിഞ്ഞു താമസിക്കുന്നെങ്കിലും നിയമപരമായി പിരിയാത്ത കാലത്തോളം താൻ ഉണ്ണിയുടെ ഭാര്യയാണ്…ഭർതൃമതിയായൊരു പെണ്ണ് ഒരാളോട് സ്നേഹം പ്രകടിപ്പിച്ചാൽ സമൂഹം തെറ്റായി വിലയിരുത്തുമെന്ന് ബോദ്ധ്യമുണ്ട്….വേണ്ടാന്നു വെച്ചു ഇരുധ്രുവങ്ങളിൽ ജീവിക്കുന്നവരാണെന്ന് ബാക്കിയുളളവർക്ക് അറിയില്ലല്ലോ…

നന്ദിനിക്കുട്ടിയുടെ ഓരോ പ്രവൃത്തികളും ആരവിൽ  അമ്പരപ്പു നിറച്ചു… അവളിലെ ഓരോ ഭാവവും അമ്മുവിനെ ഓർമ്മിപ്പിച്ചപ്പോൾ ഒന്നിനും കഴിയുന്നില്ല… നിറകണ്ണുകൾ അമർത്തി അടച്ചതും കണ്ണുനീർ ഇരുവശത്തേക്കും ചാലിട്ടൊഴുകി…

💜💜💜💜💜💜💜💜💜💜💜💜💜💜💜

വീട്ടിൽ എത്തിയപ്പോൾ സമയം പത്തുമണി കഴിഞ്ഞു… വഴിക്കണ്ണുമായി ബാലനും ഉമയും കാത്തിരുന്നു..

“വരും വഴി ഹോസ്പിറ്റലിൽ ഒന്നു കയറി അച്ഛാ..അതാ താമസിച്ചത്..

ക്ഷമാപണം പോലെ പറഞ്ഞതിനു അവർ പുഞ്ചിരിച്ചു…

” ആരവിനു എങ്ങനെയുണ്ട് മോളേ…

“കുറവുണ്ട് അച്ഛാ…

” എങ്കിൽ ഭക്ഷണം കഴിച്ചിട്ട് കിടക്കു…അമ്മ എടുത്തു വെയ്ക്കും…

ആരതി മോളെ തലോടിക്കൊണ്ട് അയാൾ പറഞ്ഞു..

“വെളിയിൽ നിന്നും കഴിച്ചു..ഒന്നു കിടന്നാൽ മതി…

“എങ്കിൽ ചെന്ന് കിടക്കു മോളെ…

” ശരി അച്ഛാ…അമ്മേ..ഗുഡ് നൈറ്റ്…

തിരിച്ചു അവരും വിഷ് ചെയ്തതോടെ നന്ദിനിക്കുട്ടി മോളുമായി മുറിയിലേക്ക് പോയി…

“ഉമേ…

ബാലൻ ഭാര്യയുടെ നേർക്ക് നോക്കി…

” മോളുടെ മുഖത്തെ തെളിച്ചം ശ്രദ്ധിച്ചോ…

“ശ്രദ്ധിച്ചു ബാലേട്ടാ…

” ഇപ്പോൾ സങ്കടം കുറയൊക്കെ മാറി…ആരവിന്റെയും ആരതി മോളുടെയും പ്രസൻസ് കൊണ്ടാ…കുറച്ചു നാൾ കൂടി കഴിയട്ടെ ഒരു വഴിയുണ്ടാക്കാം..

പുഞ്ചിരിയോടെ അയാൾ എഴുന്നേറ്റതിനു പിന്നാലെ ഉമയും എഴുന്നേറ്റു…. ഭർത്താവിന്റെ മനസ്സിൽ എന്താണെന്ന് ഏറെക്കുറെ അവർക്ക് മനസ്സിലായി….

💜💜💜💜💜💜💜💜💜💜💜💜💜💜

“ടീച്ചറമ്മേ എനിക്കൊരു കഥ പറഞ്ഞു തരുവോ…

നന്ദിനിക്കുട്ടിയോടൊട്ടി ആരതി മോൾ കിടന്നു..

” എനിക്ക് വല്യാ ഇഷ്ടാ ടീച്ചറമ്മേ…കഥ പറഞ്ഞു തരാൻ എനിക്ക് ആരുമില്ല..

കുഞ്ഞു മിഴികൾ നിറഞ്ഞതും സങ്കടത്തോടെ അവളെ കെട്ടിപ്പിടിച്ചു…

“അമ്മ ഉണ്ടല്ലോ പൊന്നുമോൾക്ക് കഥ പറഞ്ഞു തരാൻ…

വിതുമ്പി വന്ന തേങ്ങലവൾ അടക്കി പിടിച്ചു മോൾക്ക് കഥ പറഞ്ഞു കൊടുക്കാൻ തുടങ്ങി… സന്തോഷത്തോടെ മൂളിക്കേട്ടു പാതിയിൽ അവളുറങ്ങി…കുഞ്ഞിനെ പുതപ്പാൽ പുതപ്പിച്ചു പൊതിഞ്ഞ് പിടിച്ചു അവളും മിഴികൾ പൂട്ടിയതോടെ നിദ്രാ ദേവി പതിയെ അവളെ മൂടിയുറക്കി..

തുടരും