24/04/2026

വേഴാമ്പൽ : ഭാഗം 21

രചന – അനീഷ ആകാശ്

താലികെട്ട് കഴിഞ്ഞതും ക്യാമറാമാന്റെ കലാപരുപാടി തുടങ്ങി . നിന്നും ഇരുന്നും ചെരിഞ്ഞും ഭദ്രയും ദേവനും മടുത്തു… ദേവന്റെ മുഖഭാവം കണ്ടാൽ തന്നെ അറിയാം അയാളോടുള്ള ദേഷ്യം… എങ്ങനെയെങ്കിലും ഈ കലാപരിപാടി തീർന്നാൽ മതിയെന്ന് ഭദ്രയും ആഗ്രഹിച്ചു .. കഴിക്കാൻ ഇരുന്നപ്പോഴും അവർ ഒപ്പം കൂടി.. ചടങ്ങെല്ലാം കഴിഞ്ഞ് ഇറങ്ങാറായപ്പോൾ ഭദ്രക്ക് മനസ്സിൽ വല്ലാത്തൊരു സങ്കടം തോന്നി…ഇത്രയും നാൾ കൂടെ ഉണ്ടായിരുന്ന അച്ഛനേം അമ്മയേം പിരിയുമ്പോൾ ഇത്രയും സങ്കടം ഉണ്ടാകുമെന്ന് കരുതിയില്ല… പക്ഷേ മനസ്സിൽ എന്തോ വിങ്ങുന്നത് പോലെ…യാത്ര അയക്കാൻ വന്ന് നിന്നപ്പോൾ അച്ഛന്റെ മുഖത്ത് നോക്കാൻ അവൾ മടിച്ചു… കാറിൽ കയറാൻ ദേവകി പറഞ്ഞപ്പോൾ അവളുടെ അടുത്തേക്ക് അച്ഛൻ വന്നു… ആ കൈകൾ തോളിൽ പതിഞ്ഞതും പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൾ അച്ഛന്റെ നെഞ്ചിലേക്ക് കിടന്നു… ഒന്നും പറയാതെ അയാൾ അവളെ ചേർത്ത് പിടിച്ചു… സാവിത്രി വന്ന് അവളെ വന്ന് ആശ്വസിപ്പിച്ചു എങ്കിലും അച്ഛന്റെ നെഞ്ചിൽ നിന്ന് മാറാൻ കൂട്ടാക്കിയില്ല…

രാഘവമേനോനും മകളെ അടർത്തി മാറ്റാൻ തോന്നിയില്ല…രണ്ടുപേരുടെയും സങ്കടം കണ്ടപ്പോൾ സാവിത്രിക്ക് വിഷമം വന്നു…പോകാൻ നേരം വൈകുന്നെന്ന് പറഞ്ഞപ്പോൾ ദേവൻ ഭദ്രയുടെ അടുത്തേക്ക് ചെന്നു…”നീ കാറിൽ കയറുന്നുണ്ടോ? ഇല്ലെങ്കിൽ എനിക്കങ്ങ് പോകാനാ… “ദേവൻ അടുത്ത് വന്ന് പറഞ്ഞപ്പോൾ നെഞ്ചിൽ നിന്ന് എണീറ്റ് അവൾ ദേവനെ തുറിച്ചു നോക്കി…ദുഷ്ടൻ….മനസ്സിൽകരുതിയെങ്കിലും പുറത്തേക്ക് അവൾ വിളിച്ചില്ല…ദേവൻ പറഞ്ഞത് രാഘവമേനോൻ മാത്രമേ കേട്ടതൊള്ളൂ…”ഇനിയും എഴുന്നേറ്റ് പോയില്ലേൽ അവൻ നിന്നെ ഇട്ടേച്ച് പോകും കേട്ടോ മാളു… “രാഘവമേനോൻ അത് പറഞ്ഞപ്പോൾ ഒരു ഞെട്ടലോടെ ഭദ്ര അച്ഛനെ നോക്കി…അപ്പോൾ അച്ഛനും കാലുമാറി…”ഓഹോ അപ്പോൾ ഞാൻ പോകുവാ…. “മുഖം വീർപ്പിച്ചു കൊണ്ട് അവൾ കാറിലേക്ക് കയറി…അങ്ങനെ പറഞ്ഞില്ലെങ്കിൽ മാളു കരച്ചിൽ നിർത്തിലെന്ന് രാഘവമേനോന് അറിയാം.. വാശി പിടിപ്പിച്ചാൽ മാത്രമേ കാറിൽ കയറു…അത് തന്നെക്കാൾ നന്നായി ദേവന് അറിയാമെന്ന് ഓർത്തപ്പോൾ അദ്ദേഹത്തിന് സന്തോഷം തോന്നി… ഭദ്രയെ ദേവൻ ശെരിക്കും മനസ്സിലാക്കിയിരിക്കുന്നു…യാത്ര പറഞ്ഞിട്ട് ദേവനും കാറിൽ കയറി…കാർ നീങ്ങുമ്പോൾ കണ്ടു കണ്ടുനിറകണ്ണുകളോടെ തന്നെ നോക്കുന്ന സ്നേഹനിധിയായ അച്ഛനെ…ഡ്രൈവറെ കൂടാതെ കാറിൽ ദേവനും ഭദ്രയും മാത്രമേ ഉള്ളായിരുന്നു..ക്ഷീണം കാരണം ഭദ്രക്ക് ചാരി സീറ്റിലേക്ക് കിടക്കണമെന്നുണ്ടായിരുന്നു.. ദേവൻ കൈ നീട്ടി സീറ്റിന്റെ മുകളിലേക്ക് വെച്ചിരിക്കുന്നത് കൊണ്ട് ചാരി ഇരിക്കാൻ പറ്റില്ല…അതേ… ഈ കൈയ്യൊന്ന് മാറ്റി വെച്ചിരുന്നേൽ കൊള്ളാരുന്നു.. “ഭദ്ര ദേഷ്യത്തോടെ പറഞ്ഞു..

“അതിന് എന്റെ കൈ അവിടിരിക്കുന്നത് കൊണ്ട് നിന്റെ ദേഹത്ത് മുട്ടിയൊന്നും ഇല്ലല്ലോ… “ദേവൻ തിരിച്ചും ചൂടായി..”മുട്ടിയെന്ന് ഞാൻ പറഞ്ഞില്ലല്ലോ.. എനിക്കൊന്ന് ചാരി കിടക്കാനാ.കൈ വെച്ചാൽ ഞാൻ എങ്ങനെ ചാരാനാ? “അവൾ പറയുന്നതിൽ ന്യായം ഉണ്ടെന്ന് തോന്നിയപ്പോൾ ദേവൻ പതുക്കെ കൈ മാറ്റി…കുറച്ച് നേരം ചാരി കിടന്നപ്പോൾ തന്നെ ഭദ്രക്ക് ക്ഷീണം മാറി കിട്ടി..കാർ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ ഭദ്ര കണ്ടു ദേവേട്ടന്റെ പെങ്ങളും അമ്മയുമൊക്കെ മുറ്റത് നിൽക്കുന്നത്..ചെന്നിറങ്ങിയ ഉടൻ ദേവൻ പുറത്തേക്ക് ഇറങ്ങി… ഭദ്ര പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറകിലോട്ട് ആരോ വലിക്കുന്നത് പോലെ തോന്നി… തിരിഞ്ഞ് നോക്കിയപ്പോഴാണ് സാരിയുടെ തുമ്പ് ഡോറിന്റെ ലോക്കിൽ കുടുങ്ങിയത് കണ്ടത്…ഒരു കയ്യിൽ മാലയും മറ്റേ കൈയ്യിൽ സാരിയും പിടിച്ചിരിക്കുന്നത് കൊണ്ട് ഉടക്ക് മാറ്റാൻ ഭദ്രക്ക് പറ്റില്ല… എന്ത് ചെയ്യുമെന്ന് ആലോജിച്ച് നിന്നപ്പോഴാണ് ദേവൻ വന്ന് സാരിയുടെ ഉടക്ക് മാറ്റി കൊടുത്തത്…”ഇതൊന്നും സൂക്ഷിക്കാൻ അറിയില്ലെങ്കിൽ ഉടുക്കാനും പോകരുത്…..ഇങ്ങനെ പുറകെ നിന്ന് എടുത്ത് തരാൻ എനിക്ക് പറ്റില്ല… “ദേവൻ ഭദ്രയുടെ അടുത്തേക്ക് നിന്നുകൊണ്ട് പറഞ്ഞു..

“ഈ വേഷം വാങ്ങി തന്നത് നിങ്ങളല്ലേ… ചുരിദാർ വാങ്ങി തരാൻ മേലായിരുന്നോ? “”സാരിയും കളറുമൊക്കെ വിളിച്ച് പറഞ്ഞത് ഞാൻ ആണോ? “ദേവന്റെ ചോദ്യത്തിന് മറുപടി പറയാൻ നിന്നാൽ ശെരിയാവില്ലെന്ന് അറിയാവുന്നത് കൊണ്ട് അവൾ മിണ്ടാതെ അമ്മയുടെ അടുത്തേക്ക് നടന്നു…വിളക്കും വാങ്ങി ദേവനയോടൊപ്പം അവൾ അകത്തേക്ക് കയറി…വിരുന്നുകാരൊക്കെ വന്ന് അവളോട് വിവരങ്ങൾ തിരക്കി…”മോള് പോയി ഫ്രഷായിട്ട് വാ… മുറി ദയ കാണിച്ചു തരും… “ദേവകി വന്ന് അവളെ എഴുന്നേൽപ്പിച്ചു ദയയുടെ കൂടെ മുകളിലത്തെ റൂമിലേക്ക് പറഞ്ഞു വിട്ടു..ദയ അവളെ റൂമൊക്കെ കാണിച്ചു കൊടുത്തു..ഇനി ചേച്ചി പോയി കുളിച്ചിട്ട് വാ…ദാ ആ ഷെൽഫിൽ ഉണ്ട് ചേച്ചിക്കുള്ള ഡ്രെസ്സുകൾ.. അതിൽ നിന്ന് ഇഷ്ടമുള്ള ഡ്രസ്സ്‌ എടുത്ത് ഇട്ടോ… ഞാൻ ഇവിടെ ഇരുന്നോളാം… ‘ഒർണമെന്റ്‌സെല്ലാം ഊരി ദയയെ ഏല്പിച്ചിട്ട് കബോഡിൽ നിന്ന് ഡ്രെസ്സുമെടുത്ത് ഭദ്ര കുളിക്കാൻ കയറി…ദയ ഒർണമെന്റ്‌സെല്ലാം അടുക്കി ഷെൽഫിൽ വെച്ചപ്പോഴേക്കും താഴെ നിന്ന് ദേവകി വിളിച്ചു…”ചേച്ചി… അമ്മ വിളിക്കുന്നുണ്ട്…ഞാൻ പോയിട്ട് വേഗം വരാമേ .. ഡോർ ചാരിയെക്കാം… “ഭദ്രയോട് പറഞ്ഞിട്ട് ദയ താഴേക്ക് ഇറങ്ങി..കുളിച്ചുകൊണ്ടിരുന്നപ്പോഴാണ്.ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്..

ദയ വന്നതാണെന്ന് ഓർത്ത് അവൾ കുളിച്ച് പുറത്തേക്കിറങ്ങാൻ നേരമാണ് റൂമിൽ ദേവൻ നിൽക്കുന്നത് കണ്ടത്…ദേവൻ ഷർട്ട്‌ ഊരി മാറ്റി അലമാരയിൽ നിന്ന് ഡ്രെസ്സെടുക്കാൻ ചെന്നപ്പോഴാണ് ബാത്രൂമിന്റെ വാതിൽക്കൽ നിൽക്കുന്ന ഭദ്രയെ കണ്ണാടിയിൽ കൂടി കണ്ടത്…ഭദ്രയെ കണ്ടതും ദേവൻ സ്റ്റാൻഡിൽ നിന്നൊരു തോർത്ത്‌ എടുത്ത് കഴുത്തിലൂടെ ഇട്ടു…റൂമിൽ ഒരാൾ ഉള്ളപ്പോൾ ഇങ്ങനെ ചാടിക്കയറി വരാമോ? “ദേവന്റെ ചോദ്യം കേട്ടപ്പോൾ ഭദ്ര അന്ധം വിട്ട് നിന്നു…അതുകൊള്ളാം… ഞാൻ കുളിച്ചു കൊണ്ടിരുന്നപ്പോൾ കയറി വന്നതും പോരാ… ഇപ്പോൾ എന്റെ മണ്ടക്ക് കയറുന്നോ? “എന്റെ മുറിയിൽ കയറാൻ ഞാൻ അനുവാദം ചോദിക്കണോ? “ദേവൻ ദേഷ്യത്തോടെ ചോദിച്ചു…ഇനി ചോദിക്കണം…ഈ മുറിയിൽ ഞാനുംകൂടി ഉണ്ടാക്കുമ്പോൾ ചോദിക്കണം.. അതാണ് മര്യാദ… ഭദ്ര പറഞ്ഞപ്പോൾ മറുപടിയൊന്നും പറയാതെ ദേവൻ കുളുമുറിയിലേക്ക് കയറി…പോക്ക് കണ്ടപ്പോൾ ഭദ്രക്ക് ചിരി വന്നു…അപ്പോഴേക്കും ദയയും അവിടേക്ക് എത്തി…കുളിച്ചോ ചേച്ചി..? ചേച്ചി വേഗം ആ ഗ്രേ കളറിൽ യെല്ലോ ഡിസൈൻ ഉള്ള സാരിയില്ലേ അത് ഉടുത്തിട്ട് താഴേക്ക് വാ.. വേണ്ടപ്പെട്ടൊരാൾ കാണാൻ വന്നിട്ടുണ്ട്.. “ആരാണെന്നുള്ള ഭാവത്തിൽ ഭദ്ര ദയയെ നോക്കി…”നമ്മുടെ വിദ്യാ റാണി…. “ദയ പുച്ഛഭാവത്തിൽ പറഞ്ഞു..പേര് കേട്ടപ്പോൾ തന്നെ ഭദ്രക്ക് വിഷമം വന്നു..ഭദ്രയുടെ മുഖഭാവം കണ്ടപ്പോൾ തന്നെ ദയക്ക് കാര്യം മനസ്സിലായി..”ചേച്ചി വിഷമിക്കണ്ട…..ദേവേട്ടന് അവളുടെ പേര് കേൾക്കുന്നതെ കലിയാ… “അതുപറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ദേവൻ കുളിച്ചിട്ട് ഇറങ്ങി വന്നത്..

“ആര് വന്നിരിക്കുന്ന കാര്യമാ നീ പറഞ്ഞത്..? “ദേവന്റെ ചോദ്യം കേട്ടപ്പോൾ ദയ ആദ്യം മറുപടി കൊടുക്കാൻ മടിച്ചെങ്കിലും പിന്നെ പതുക്കെ പറഞ്ഞു…”അമ്മാവനൊക്കെ വന്നിട്ടുണ്ട്..കൂടെ വിദ്യ ചേച്ചിയും കുഞ്ഞും ഉണ്ട്… “അതിന് ഇവളെ എന്തിനാ അങ്ങോട്ട് കൊണ്ടുപോകുന്നത്? “അവര് ചേച്ചിയെ കാണാൻ വന്നതാ… “ദയ പേടിയോടെ പറഞ്ഞു..ഇവളെ കാണാൻ വന്നതാണെങ്കിൽ ഇങ്ങോട്ട് വരണം.. അല്ലാതെ അവളെ കാണിക്കാൻ അങ്ങോട്ട് പോകേണ്ടത് ഇല്ല…ദേവൻ പറഞ്ഞപ്പോൾ ഭദ്രക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു…പോയില്ലേൽ അവരെന്താ വിചാരിക്കുക.. പോയാൽ ഇവിടെ ഭൂകമ്പം ഉണ്ടാക്കാൻ തയാറായി നിൽക്കുവാ ഒരാള്… ദൈവമേ ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ ഉണ്ടല്ലേ കുടുംബ ജീവിതത്തിൽ..ആലോജിച്ച് നിന്നപ്പോഴാണ് ദേവകി അങ്ങോട്ടേക്ക് കയറി വന്നത്…..

“ടി നിന്നോട് ഞാൻ പറഞ്ഞതാണോ വിളിച്ചുകൊണ്ടു വരാൻ… എന്നിട്ട് നീ ഇവിടെ നിൽക്കുവാണോ? “ദയയെ വഴക്ക് പറഞ്ഞിട്ട് ദേവകി ഭദ്രയുടെ അടുത്തേക്ക് നടന്നു…എന്റമ്മേ ഞാൻ വിളിക്കാഞ്ഞിട്ടല്ല… വല്യേട്ടൻ പറയുന്നത് ഭദ്രേച്ചി അങ്ങോട്ട് പോകണ്ട അവർ ഇങ്ങോട്ട് വരട്ടെ എന്നാ… ദയ പറയുന്നത് കേട്ടപ്പോൾ ദേവകി ദേവനെ നോക്കി..എന്താ നീ പറയുന്നത്… വിദ്യയുടെ കാര്യം അല്ല ഇവിടെ നോക്കേണ്ടത്… അമ്മാവനൊക്കെ നിന്നെ ഇങ്ങോട്ട് വന്ന് കാണണമെന്ന് പറയുന്നത് ശെരിയാണോ? ദേവൻ ഒന്നും പറയാതെ അമ്മയെ നോക്കി..”മോള് റെഡിയായി താഴേക്ക വാ… അവൻ പതിയെ വന്നോളും…പറഞ്ഞിട്ട് ദേവകി താഴേക്ക് പോയി..ദയ ഞാൻ റെഡിയായി താഴേക്ക് വന്നേക്കാം… നീ പൊക്കോ…. ഭദ്ര ദയയോട് പറഞ്ഞു .”ശെരി ചേച്ചി…. പിന്നെ വന്നാലുടൻ വിദ്യയോട് മിണ്ടാൻ നിൽക്കണ്ട…ഞാൻ കുറച്ച് കാര്യങ്ങൾ പറഞ്ഞു തരാം… “ദയ പറഞ്ഞിട്ട് താഴേക്ക് പോയി…”അതേ എനിക്ക് ഡ്രസ്സ്‌ മാറണം.. ഒന്നിറങ്ങി തന്നാൽ നന്നായിരുന്നു.. “ദേവനെ നോക്ക് കൊണ്ട് ഭദ്ര പറഞ്ഞു…ഞാൻ ഇറങ്ങാം… ഷർട്ട്‌ ഇട്ടിട്ട് ഇറങ്ങി തരാം… പോരെ? ഷർട്ട്‌ കൈയ്യിൽ എടുത്ത് കൊണ്ട് ദേവൻ പറഞ്ഞു…മതി മതി…. പോകുമ്പോൾ ആ ഡോർ ക്ലോസ് ചെയ്തേക്കണം.. ”

“അതൊക്കെ തന്നെ ചെയ്‌തോണം… ദേവൻ പറഞ്ഞിട്ട് പുറത്തേക്ക് ഇറങ്ങി..വാതിൽ അടക്കാൻ ഭദ്ര ചെന്നപ്പോൾ ദേവൻ കതക് അടച്ചിരുന്നു.അപ്പോൾ പറയുന്നത് പോലെ കാണ്ടാമൃഗം അല്ല…ദേവനെ കുറിച്ച് ഓർത്തപ്പോൾ ഭദ്രക്ക് ചിരി വന്നു…വേഗം തന്നെ റെഡിയായി അവൾ താഴേക്ക് ചെന്നു…ചെന്നപ്പോഴേ കണ്ടു ദേവകിയുടേം മേനോന്റെയും ഒപ്പമിരിക്കുന്ന ആളുകളെ…
കുഞ്ഞിനേയും പിടിച്ചുകൊണ്ടിരിക്കുന്ന പെണ്ണിനെ കണ്ടപ്പോഴേ അവൾക്ക് മനസ്സിലായി വിദ്യയാണെന്ന്..പതിയെ അവൾ ദേവകിയുടെ അടുത്ത് ചെന്ന് നിന്നു..”ദാ ഇതാണ് ദേവന്റെ പെണ്ണ്… ഭദ്ര…. ദേവകി അവളെ അവർക്ക് പരിചയപ്പെടുത്തി…അവരെയെല്ലാം ചിരിച്ച് കാണിച്ചെങ്കിലും വിദ്യയെ നോക്കാൻ പോലും അവൾ ശ്രെമിച്ചില്ല..വിദ്യാ എന്നാൽ ഭദ്രയെ അടിമുടി നോക്കുന്നുണ്ടായിരുന്നു…”ഈ കുട്ടി എന്താ ഒർണമെന്റ്‌സൊന്നും ഇടാതെ നിൽക്കുന്നത്? “ചേച്ചിക്ക് ഓർണമെന്റ്‌സൊക്കെ ഒരുപാട് ഇട്ട് നടക്കുന്നത് ഇഷ്ടമല്ല… വിദ്യയേച്ചി ഒന്ന് കാണണം ചേച്ചിയുടെ ഓർണമെന്റ്സ്… എല്ലാം പുതിയ ഫാഷൻ ആണ്… വിദ്യയേച്ചിയുടെ കല്യാണത്തിന് ഇട്ടതൊക്കെ ഓൾഡ് അല്ലേ… ഇത്‌ അതുപോലെ അല്ല… ”

വിദ്യയുടെ ചോദ്യത്തിന്റെ ഉദ്ദേശം അറിഞ്ഞിട്ടെന്നവണ്ണം ദയ ഓടി വന്നു പറഞ്ഞുദയയുടെ മറുപടി കേട്ടപ്പോൾ ദേവകിക്ക് ചിരി വന്നു…മോൾക്ക് ദേവന്റെ ഇഷ്ടങ്ങൾ എല്ലാം അറിയാം .. അവന് ഇഷ്ടമില്ല ഒരുപാട് സ്വർണം ഇടുന്നത്… താലി മാത്രം ഇട്ടാൽ മതിയെന്നാ പറഞ്ഞേക്കുന്നത്… “ദേവകി ദയയെ സപ്പോർട്ട് ചെയ്‌തു.”അല്ല വിദ്യക്ക് ഇപ്പോൾ റസ്റ്റ്‌ അല്ലേ? “അതേന്നെ…. പക്ഷേ ഞങ്ങൾക്ക് വരാതിരിക്കാൻ പറ്റുമോ? മോളുടെ വീട്ടിൽ കൊണ്ടുപോകാമെന്ന് വെച്ചാൽ അവിടെ ഇവളുടെ അനിയൻ യു എസ്സിന് പോകുവാ…അവരപ്പോൾ എയർപോർട്ടിൽ പോയി..കുഞ്ഞിനേം അവളേം ഒറ്റക്ക് ഇരുത്താൻ പറ്റില്ലല്ലോ…വനജ പറഞ്ഞപ്പോൾ ദേവകിയും ശെരിയാണെന്ന് പറഞ്ഞു.അപ്പോഴാണ് ദേവനും അങ്ങോട്ടേക്ക് കയറി വന്നത്…ആഹാ മോൻ എവിടാരുന്നു? ദേവനെ കണ്ടപ്പോൾ ബാലൻ ചോദിച്ചു.ഞാൻ പുറത്തുണ്ടായിരുന്നു… ഫ്രണ്ട്സ് പോകാൻ നിൽക്കുവായിരുന്നു.. “അല്ല വിദ്യക്ക് ആൺകുട്ടിയല്ലേ? ”
മേനോൻ ചോദിച്ചു”അതേ അങ്കിൾ… എനിക്കും ഏട്ടനും ആൺകുട്ടി മതിയെന്നായിരുന്നു..ഏട്ടന് പെൺകുട്ടികളെ ഇഷ്ടമല്ല ”

വിദ്യാ പറഞ്ഞപ്പോൾ ദയക്ക് ദേഷ്യം വന്നു..”വല്യേട്ടനും ചേച്ചിക്കും പെൺകുഞ്ഞുങ്ങളെയാ ഇഷ്ടം… അല്ലേ ചേച്ചി.. ദയ ഭദ്രയോട് ചോദിച്ചപ്പോൾ അവൾ കണ്ണും മിഴിച്ചു നിന്നു..”എന്തൊക്കെയാ ദൈവമേ ഇവൾ പറയുന്നത്? “”അല്ല… ചേച്ചി സുന്ദരിയായത് കൊണ്ട് പെൺകുട്ടി ഉണ്ടാകുമ്പോൾ ചേച്ചിയെ പോലെ സുന്ദരി ആയിരിക്കും… അമ്മ സുന്ദരിയാണെങ്കിൽ അച്ചന്മാർക്ക് പെൺകുട്ടി ഉണ്ടാകാനാവും ആഗ്രഹം…വല്യേട്ടന് പെൺകുട്ടി മതിയെന്ന് പറയുന്നത് അതാ “ഭദ്രയും ദേവനും കണ്ണും മിഴിച്ച് ദയയെ നോക്കി..ദേവകിക്ക് വിദ്യയുടെ ഇരിപ്പ് കണ്ടപ്പോൾ ചിരി വന്നു