19/04/2026

മാറ്റക്കല്യാണം : അവസാന ഭാഗം

രചന – സുധീ മുട്ടം

താമര വിരൽ ചൂണ്ടിയ ഭാഗത്തേക്കും തിരിഞ്ഞ് അവളുടെ മുഖത്തേക്കും ഞെട്ടലോടെ നോക്കി.. മിഴികളിൽ കണ്ണുനീരിന്റെ ചെറിയ ഒരു നനവ് പടരുന്നത് കണ്ടു…. “സ്നേഹിച്ചിട്ടില്ല എന്നെ ഒരിക്കലും. കൊടുത്തിട്ടും തിരികെ കിട്ടിയില്ല” ഇടറിപ്പോയിരുന്നു ആ സ്വരം..ഇതുവരെ അനുഭച്ചയാ വേദനകൾ സ്വരത്തിൽ കലർന്നിരുന്നു. “എന്നാലും ഞാൻ പോയി അനുവാദം വാങ്ങി വരാം” കുറച്ചു മുമ്പോട്ട് നീങ്ങി നിന്നവൾ .ചെറിയൊരു പിറുപിറുക്കൽ മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. എന്റെ മനസ്സ് ആകെ ആടിയുലഞ്ഞു.ഇങ്ങനെയൊന്ന് ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ല. “വീട്ടിലേക്ക് കയറുന്നില്ലേ?” മടക്ക യാത്രയിൽ ഓർമ്മിപ്പിച്ചതും താമര എന്നെ നോക്കി. “എന്തിനാണ് ഏട്ടാ..അവരൊക്കെ എന്നെ ഒഴിവാക്കാനേ ശ്രമിച്ചിട്ടുള്ളൂ” എനിക്ക് ശബ്ദിക്കാൻ കഴിഞ്ഞില്ല.അവളുടെ ഓരോ വാക്കുകളും നോവായി എന്നിൽ തറഞ്ഞു കയറി.

രാത്രിയിൽ തന്നെ ഞങ്ങൾ തിരികെ മടങ്ങി.എനിക്ക് ഒരുപാട് ചോദിക്കാൻ ഉണ്ടായിരുന്നു. പക്ഷേ ഒന്നും ചോദിച്ചില്ല.. ബസിൽ അധികം തിരക്ക് ഇല്ലായിരുന്നു. ഒരേ സീറ്റിലിരുന്നു താമര തലയെന്റെ തോളിലേക്ക് വെച്ച് ചാരിയിരുന്നു. മടക്കയാത്രയിൽ അവൾ തന്നെ മനസ്സ് തുറന്നു. “എനിക്കറിയാം എന്നെ ബുദ്ധിമുട്ടിക്കാതിരിക്കാനായി ഏട്ടൻ ഒന്നും ചോദിക്കാത്തത് ആണെന്ന്” മറുപടിയായൊരു വിളറിയൊരു പുഞ്ചിരി സമ്മാനിച്ചു. “അമ്മയും അച്ഛനും ചെറുപ്പത്തിലേ നഷ്ടപ്പെട്ടു.. ജീവിച്ചത് മുഴുവനും അമ്മയുടെ വീട്ടിലായിരുന്നു. താമര സെൽവി എനിക്ക് മുമ്പിലായി മനസ്സ് തുറന്നു.. ” പാരമ്പര്യമായി കൃഷിയാണ് ജീവിത വരുമാനം. ഒരുപാട് ഭൂസ്വത്തുക്കളുണ്ട്.അമ്മയുടെ ഇളയ സഹോദരൻ ആയിരുന്നു വീട്ടിലെ കാര്യങ്ങൾ നടത്തി വന്നത് എന്നെക്കൾ ഇരുപത്തിയഞ്ച് വയസ്സിന് മൂത്തത്.എനിക്ക് മുറൈമാമൻ.എന്നെ പഠിപ്പിക്കാനൊക്കെ അയച്ചെങ്കിലും പത്താം ക്ലാസോടെ പഠിപ്പ് നിർത്തി.

പഠിക്കാൻ ഒരുപാട് ഇഷ്ടം ആയിരുന്നു. പക്ഷേ എന്നെ സ്കൂളിൽ അയക്കാൻ ആർക്കും താല്പര്യം ഇല്ല.” ഒരുനിമിഷം നിശബദ്ത പരന്നു..റോഡിലൂടെയുളള വാഹനങ്ങളുടെ ഇരമ്പലുകൾ മാത്രം കേൾക്കാം… “മാമന് എന്നെ വിവാഹം കഴിക്കണം..ഞനൊരുപാട് എതിർത്തു നോക്കി.ബന്ധുക്കളെല്ലാം മാമനെ വിവാഹം കഴിക്കാൻ ഉപദേശിച്ചു.ഞാൻ ഒന്നിനും സമ്മതിച്ചില്ല.വീട്ടു തടങ്കലിട്ടും പട്ടിണിക്കിട്ടും നോക്കി..വഴങ്ങിയില്ല.മാമൻ ബലമായാണ് താലി ചാർത്തിയെങ്കിലും ഒരിക്കൽ പോലും എന്നെ പ്രാപിക്കാൻ ശ്രമിച്ചില്ല.അതു മാത്രമായിരുന്നു ആശ്വാസം. വലിയ വീട്ടിലെ ജോലികൾ ഒറ്റക്ക് ചെയ്തു. പലപ്പോഴും പാതി വയർ നിറയാനുളളത് പോലും കിട്ടാറില്ല.മാറി ഉടുക്കാനുളള വസ്ത്രങ്ങൾ വാങ്ങി തരാറില്ല.എന്നിട്ടും ഒടുവിൽ എപ്പോഴോ അയാളെ സ്നേഹിച്ചു തുടങ്ങി. ഒരിക്കൽ പോലും ഒന്നും തിരികെ കിട്ടിയട്ടില്ല” താമരയൊന്ന് തേങ്ങിയോന്ന് ഞാൻ സംശയിച്ചു..

“ശാരീരിക പീഡനങ്ങൾ ഇല്ലെങ്കിലും മാനസികമായും ഓരോന്നും പറഞ്ഞു ഭർത്താവ് തളർത്തി..എനിക്ക് മുമ്പിൽ മദ്യത്തിലും മറ്റ് സ്ത്രീകളുമായി അഴിഞ്ഞാടിയുളള ജീവിതം. വാശി തീർക്കും പോലെ.. ഒടുവിൽ കടുത്ത മദ്യപാനം മൂലം മരണവും.അതിനു ശേഷമാണ് ജീവിതം കൂടുതൽ ദുരിതത്തിലായത്.പിന്നെ എങ്ങനെയും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന് ആയിരുന്നു. ഭക്ഷണമില്ല,വസ്ത്രങ്ങളില്ല.ഒരുദിവസം വീട്ടിൽ നിന്ന് ഇറങ്ങി എങ്ങോട്ടെന്ന് അറിയാതെ.” താമര അനുഭവിച്ച ദുരിതങ്ങൾ മുഴുവനും എന്റെ കണ്മുന്നിൽ കാണുകയായിരുന്നു..ശബ്ദിക്കാൻ കഴിഞ്ഞില്ല. “വീട് വിട്ടിറങ്ങിയതോടെ മറ്റൊന്ന് മനസ്സിലായത്.കാത്തിരുന്നു ഇര പിടിക്കുന്ന കഴുകന്മാർ പിന്നാലെ വന്നതോടെ രക്ഷപ്പെടാനുളള ഓട്ടമായിരുന്നു.. റെയിൽവേ സ്റ്റേഷനിലെത്തിയതും ഓടി തുടങ്ങിയ ട്രയിനിൽ ചാടിക്കയറി.അങ്ങനെയാണ് ഏട്ടനു മുമ്പിൽ ഞാനെത്തി ചേർന്നത്.. കണ്ണുകൾ പൊത്തി തേങ്ങിയവളെ തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു കവിളിൽ തഴുകി. ” കഴിഞ്ഞതെല്ലാം മറന്നേക്കൂ..പുതിയ ഒരു ജീവിതം അത് മാത്രം സ്വപ്നം കണ്ടാൽ മതി… കരച്ചിലിനു ഒടുവിലായി അവളൊന്ന് പുഞ്ചിരിച്ചു..

വീട്ടിൽ തിരികെ എത്തിയത് രാവിലെ ആയിരുന്നു… ശരിക്കൊന്ന് ഉറങ്ങണമെന്ന് കരുതി ചെന്നു കയറിയത്. “മക്കൾ  വേഗം കുളിച്ച് റെഡിയാക്..നമുക്ക് ക്ഷേത്രത്തിലേക്ക് പോകാം” “അമ്മാ നല്ല ക്ഷീണമുണ്ട്. ഒന്ന് ഉറങ്ങിയിട്ട് വൈകിട്ട് പോകാം” വീട്ടിൽ കാലെടുത്ത് വെച്ചതേയുള്ളൂ…അമ്മ കാത്തിരുന്നത് പോലെ മുന്നിൽ.. “ഡാ മരങ്ങോടാ നിന്റെ വിവാഹം ഇന്നത്തെ ദിവസം ഞാനെന്നേ ഫിക്സാക്കിയതാ” “ങേ..അതെപ്പോ” ഞെട്ടി ഞാൻ സെൽവിയെ നോക്കി..ഇതൊക്കെ തനിക്ക് അറിയാവുന്നതാണെന്ന ഭാവം ലവടെ മുഖത്ത്. “എന്റെ മോളേ കെട്ടാൻ നിനക്കല്ലേ ധൃതി..ഇന്ന് റെഡിയാണെങ്കിൽ ഇന്ന് കെട്ടിച്ച് തരും..ഇല്ലെങ്കിൽ മറ്റാരാളെ കണ്ടെത്തി ഇവളെ വിവാഹം കഴിപ്പിച്ച് വിടും” അമ്മ ഫോമിലായതും ഞാൻ നിന്ന് വട്ടം കറങ്ങി.. “എന്റെ പൊന്നമ്മാ ചതിക്കരുതേ..ഞാൻ റെഡിയാണ്” ഞങ്ങളുടെ സംഭാഷണം കേട്ടു താമര വായ് പൊത്തി ചിരിച്ചു.. ശരി ഇന്നെങ്കിൽ ഇന്ന്…ഞാൻ വേഗം ഫ്രഷായി വന്നു..താമര കൂടി ഒരുങ്ങി വന്നതോടെ ഞങ്ങൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.

അവിടെ ചെന്നപ്പോൾ ശരിക്കും വിജൃഭൃതനായി..നാട് മുഴുവനും അവിടെയുണ്ട്.. അമ്മ എല്ലാം നേരത്തെ പ്ലാൻ ചെയ്തിട്ട് എന്നെയിട്ട് വട്ടം കറക്കിയതാണ്.. “ശരിയിനി സമയം കളയണ്ടാ” അമ്മ ഉറക്കെ വിളിച്ചു പറഞ്ഞോണ്ട് താലി എന്റെ കയ്യിൽ തന്നു..താമരയുടെ മുടി വകഞ്ഞ് മാറ്റി താലി അവളുടെ കഴുത്തിൽ കെട്ടി.രണ്ടു തുള്ളി മിഴിനീരിറ്റ് എന്റെ കയ്യിലേക്ക് വീണു. പരസ്പരം മാല ചാർത്തി താമരയുടെ കരം ഗ്രഹിച്ചു അമ്പലത്തിനു പ്രദക്ഷിണം ചെയ്തു.. ക്ഷേത്രം ആഡിറ്റോറിയത്തിൽ അടിപൊളി സദ്യയും കഴിഞ്ഞു ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു..

ആദ്യരാത്രി… നമ്ര ശിരസ്ക്കയായി കയ്യിലൊരു ഗ്ലാസ് പാലുമായി താമരയൊരു ദേവതയെ പോലെ കടന്നു വന്നു…പാല് വാങ്ങി മേശപ്പുറത്ത് വെച്ചിട്ട് അവളെ എനിക്ക് അരികിലെത്തി. മുഖം കൈവെളളയിൽ എടുത്തു. “ഇനിയൊരിക്കലും നിന്റെ കണ്ണുകൾ ഞാൻ കാൺകെ നിറയരുത്..എനിക്ക് ഇഷ്ടമല്ല നിന്റെ മിഴികൾ നിറയുന്നത്” ഇല്ലെന്ന് അവൾ പറഞ്ഞെങ്കിലും സന്തോഷത്താൽ കണ്ണുകൾ ചാലിട്ടൊഴുകി..ഞാനത് പതിയെ തുടച്ചു കളഞ്ഞു.. “പരസ്പരം മനസ്സിലാക്കിയതിനാൽ കുറവുകളറിഞ്ഞ് സ്നേഹിക്കാം” ഞാൻ പറഞ്ഞതും അവൾ ഇമചിമ്മി ചിരിച്ചു.. “എന്തായാലും ചടങ്ങുകൾ മുടക്കേണ്ടാ” പാതി കുടിച്ച പാൽഗ്ലാസ് അവൾക്ക് നൽകി…കുടിച്ച ശേഷം താമരയത് മാറ്റിവെച്ചു…

“രണ്ടു ദിവസം കൂടി കഴിഞ്ഞു നമുക്ക് ജീവിതം ആരംഭിക്കാം…ഇന്നത്തെ ദിവസം ശരിക്കൊന്ന് ഉറങ്ങണം” കോട്ടുവായിട്ട് ഞാൻ കിടക്കയിലേക്ക് ചാഞ്ഞു…ഒപ്പം താമരയെ വലിച്ചു നെഞ്ചിലേക്കിട്ടു വാരിപ്പുണർന്നു.. പക്ഷേ കെട്ടിപ്പിടുത്തവും ചുടുനിശ്വാസവും എന്നെയാകെ പൊതിഞ്ഞതും മുമ്പ് പറഞ്ഞതെല്ലാം കാറ്റിൽ പറത്തി   ഞങ്ങളൊന്നായി മാറി.. അപ്പോഴേ ഞങ്ങൾ ജിവിച്ചു തുടങ്ങട്ടെ..നിങ്ങളൊക്കെ ശല്യം ചെയ്യാതെ പോയി കിടന്നുറങ്ങ് മക്കളേ😌😌😌 (അവസാനിച്ചു) A story by സുധീ മുട്ടം