18/04/2026

എന്റെ പെണ്ണ് : ഭാഗം 14

രചന – നന്ദിത ദാസ്

സ്റ്റെപ് ഇറങ്ങി താഴോട്ട് ചെല്ലുമ്പോൾ എന്റെ നോട്ടം പതിഞ്ഞത് കുസൃതിച്ചിരിയോടെ എന്നെ തന്നെ നോക്കി ഇരിക്കുന്ന വിഷ്ണുവേട്ടനിൽ ആയിരുന്നു… കണ്ണുകൾ പരസ്പരം കോർത്തതും ചുറ്റുമുള്ളതെല്ലാം മറന്നു ഞാൻ അവിടെ പ്രതിമകണക്കെ നിന്നു പോയി… എനിക്കു മുന്നിൽ വേറാരും ഉള്ളതായി തോന്നിയതേ ഇല്ല… ഞാനും എന്റെ വിച്ചുണ്ണുവും മാത്രം… ഏട്ടനും കണ്ണു ചിമ്മാതെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു… ചുറ്റുമൊരു കൂട്ടച്ചിരി ഉയർന്നപ്പോളാണ് എനിക്കു പരിസരബോധം വീണത്… ശ്ശോ…. എല്ലാരും ഞങ്ങളെ നോക്കി കളിയാക്കി ചിരിക്കുന്നു… എന്റെ കൈയിൽ പിടിച്ചിരിക്കുന്ന വീണയുടെ കൈയിൽ ഞാൻ ഒരു നുള്ളു കൊടുത്തു… ആ കുട്ടിപിശാച് വായ്‌ പൊത്തി ചിരിക്കുവാണ്‌… ഞാൻ വിഷ്ണുവേട്ടനെ ഒന്ന് പാളി നോക്കി…

എല്ലാവരിൽ നിന്നും ചമ്മൽ മറയ്ക്കാനായി ആള് മുകളിലെ അലങ്കാര ലൈറ്റിന്റെ ബൾബുകൾ എണ്ണുന്ന തിരക്കിലായിരുന്നു… മായ എന്റെ കൈയിൽ പിടിച്ചു… “വാ ഏട്ടത്തി നടക്കൂ… ” ഞാൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു… താഴോട്ട് ചെന്നു… അമ്മായിയുടെ അടുത്തായി നിന്നു… “എന്നാൽ ചടങ്ങുകൾ തുടങ്ങിയേക്കാം അല്ലേ… ” കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ വന്ന തിരുമേനിയാണ് അത് പറഞ്ഞത്… “അതിനെന്താ തിരുമേനി തുടങ്ങിയേക്കാം… ” “എന്നാൽ ഇനി പെൺകുട്ടിയുടെ അച്ഛനും പയ്യന്റെ അച്ഛനും മുഖാമുഖം ഇരുന്നോളു.. ” ഏഴ് തിരിയിട്ടു കത്തിച്ച നിലവിളക്കിന്റെ മുന്നിൽ അവർ രണ്ടാളും മുഖാമുഖം ഇരുന്നു… “ഇനി പെൺകുട്ടിയുടെ അച്ഛൻ പയ്യന്റെ അച്ഛനു ജാതകം കൈ മാറിക്കോളു… ജാതകം കൊടുക്കട്ടെ എന്ന് മൂന്ന് പ്രാവിശ്യം പെൺകുട്ടിയുടെ അച്ഛനും വാങ്ങിക്കോട്ടെ എന്ന് മൂന്ന് തവണ പയ്യന്റെ അച്ഛനും പറയണം… ” തിരുമേനി പറഞ്ഞത്പോലെ തന്നെ അവർ രണ്ടാളും ചെയ്തു…

“എന്നാൽ ഇനി കുട്ടിയേയും പയ്യനെയും വിളിച്ചോളൂ… ” ഞങ്ങൾക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ വിഷ്ണുവേട്ടന്റെ അരികിലായി ഇരിക്കുമ്പോൾ ചെറിയ ഒരു പരിഭ്രമം ഇല്ലാതിരുന്നില്ല… “ആദ്യം ചെക്കൻ കുട്ടിയുടെ കൈയിൽ മോതിരം ഇട്ടോളൂ ” കേൾക്കേണ്ട താമസം വിഷ്ണുവേട്ടൻ ഒരു കള്ളചിരിയോടെ എന്റെ വലതു കൈയിലെ മോതിരവിരലിൽ മോതിരം അണിയിച്ചു… അച്ഛൻ എടുത്തു തന്ന മോതിരം ഞാൻ ഏട്ടന്റെ കൈയിലും അണിയിച്ചു… എല്ലാ മുഖങ്ങളിലും പുഞ്ചിരി വിടർന്നു… നേരകുറിപ്പടി വായിച്ചപ്പോളാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയത്… ചിങ്ങമാസം പതിനാറാം തീയതി പതിനൊന്നിനും പതിനൊന്നരയ്‌ക്കും ഇടക്കുള്ള ശുഭ മുഹൂർത്തം… “അയ്യോ അത് അടുത്ത ഞായറാഴ്ച അല്ലേ… അപ്പോൾ ഒരാഴ്ചക്കുളളിൽ കല്യാണമോ ” വിഷ്ണുവേട്ടൻ മാത്രം കേൾക്കാൻ പാകത്തിന് പതിഞ്ഞ ശബ്ദത്തിൽ ആയിരുന്നു ഞാനത് പറഞ്ഞത്…

“അതിനെന്താ പെണ്ണേ… ഒരാഴ്ച അല്പം കൂടി പോയൊന്നു ആണ് എന്റെ സംശയം… ഹിഹിഹി ” ഞാൻ കണ്ണും തള്ളി വിഷ്ണുവേട്ടനെ ഒന്ന് നോക്കി… “കണ്ണു പതുക്കെ തള്ളിപ്പിടി അല്ലെങ്കിൽ അത് ഉരുണ്ടു താഴെ വീഴും… ” “ഹും ” “എന്താ രണ്ടാളും ഒരു കുശലം പറച്ചിൽ… ” “ഹേയ് ഒന്നുമില്ല അച്ഛാ… ” അങ്ങനെ ലളിതമായ രീതിയിൽ മോതിരമാറ്റൽ ചടങ്ങ് കഴിഞ്ഞു… എല്ലാവരും ഒരുമിച്ചിരുന്നു അടിപൊളി സദ്യയും കഴിച്ചു… ഇതിന്റെ ഇടയിൽ മായയുടെയും ഉണ്ണിയേട്ടന്റെയും കഥകളിയും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു… എങ്ങനെ നടന്ന ഏട്ടനാ… പ്രണയം തലയ്ക്കു പിടിച്ചപ്പോൾ കണ്ടില്ലേ ആളുടെ ഒരു ചാഞ്ചാട്ടം… അതൊക്കെ കണ്ടു ഞാൻ ഊറി ഊറി ചിരിച്ചു… “എന്റെ പെണ്ണെന്താ ഒറ്റയ്ക്ക് നിന്നു ചിരിക്കുന്നത്? ” വിഷ്ണുവേട്ടൻ എന്റെ അരികിലേക്കു ചേർന്നു നിന്നു…

“ഓഹ് ഒന്നുമില്ല സേട്ടാ… ചിലരൊക്കെ ഇവിടെ ഭയങ്കര കഥകളിയും ഭരതനാട്യമൊക്കെ കളിക്കുന്നുണ്ട്… അതൊക്കെ കാണുന്നതേ കണ്ണിനു ഒരു കുളിർമ അല്ലേ… ” ഉണ്ണിയേട്ടന്റെ മുഖത്ത് നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു ഞാനത് പറഞ്ഞപ്പോളേക്കും ആള് നിന്നിടത്തു പിന്നെ പൊടി പോലും കണ്ടില്ല… “എന്തോന്നാ പെണ്ണേ ഇത്… അളിയൻ പ്രേമിക്കട്ടെ… നമ്മളെന്തിനാ സ്വർഗത്തിലെ കട്ടുറുമ്പ് ആകുന്നത്… നമ്മുടെ സ്വർഗം ദാ ഇങ്ങനെ നീണ്ടു നിവർന്നു കിടക്കുവല്ലേ… നീ വാ പെണ്ണേ… ” “അയ്യടാ അത് അങ്ങ് മനസ്സിൽ ഇരിക്കട്ടെ… അന്ന് ഇതുപോലെ വിളിച്ചോണ്ട് പോയാണ് കുഴിയിൽ ചാടിച്ചത് ദുഷ്ടൻ… ” “ഒരു അബദ്ധം ഏത് പട്ടാളക്കാരനും പറ്റാം… നീ അങ്ങ് ക്ഷമിക്കെന്റെ ഇന്ദൂ… ” പട്ടാളക്കാരൻ… പട്ടാളക്കാരൻ… ആ വാക്ക് ഞാൻ ഉരുവിട്ട് കൊണ്ടേ ഇരുന്നു…

മനസ്സിലുള്ളതൊക്കെ പറഞ്ഞാലോ… പറയണ്ട എന്നല്ലേ ഉണ്ണിയേട്ടൻ പറഞ്ഞത്… പറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും കിട്ടില്ലലോ… “താൻ എന്താടോ ഇത്ര വല്യ ആലോചന… ” വിഷ്ണുവേട്ടൻ തട്ടി വിളിച്ചപ്പോൾ ഞാൻ ആ കണ്ണുകളിലേക്കു നോക്കി… ഒരു നിമിഷം ഹൃദയം വല്ലാതെ പിടച്ചുപോയി… “എന്താടോ?… എന്തിനാ ഇങ്ങനെ നോക്കുന്നത്… ” “ഹേയ്… ഒന്നുല്ല… വിഷ്ണുവേട്ടന്റെ കണ്ണുകൾക്കു നല്ല ഭംഗിയാണ്… കുസൃതി നിറഞ്ഞ ഈ കണ്ണുകളിലെ നോട്ടമാണ് അന്ന് ആദ്യമായി കാണാൻ വന്നപ്പോൾ എന്നെ ഏട്ടനിലേക്കു അടുപ്പിച്ചത്… ” “അടിപൊളി… എന്നാൽ എന്റെ മോള് വാ നമുക്ക് കുറച്ചു റൊമാന്റിക് ആയിട്ട് തിരിച്ചു വരാം… ” “എന്തോ??എങ്ങനെ??? സാർ എന്താ പറഞ്ഞത് കേട്ടില്ലലോ ഒന്നൂടി പറഞ്ഞേ? ” ഞാൻ അത് പറഞ്ഞു കൊണ്ട് അവിടെ നിന്നും എസ്‌കേപ്പ് ആകാൻ നോക്കി… ഭാഗ്യത്തിന് മായ ഞങ്ങളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു…

“വിച്ചുവേട്ട… എല്ലാരും ഇറങ്ങാൻ റെഡി ആയി നിൽക്കുവാ… ഏട്ടനെ വിളിച്ചോണ്ട് ചെല്ലാൻ പറഞ്ഞു… ” “ഇത്ര പെട്ടെന്നോ… എന്ത് കഷ്ടമാ ഇത്… നേരെ ചൊവ്വേ ഒന്ന് സംസാരിക്കാൻ കൂടി പറ്റിയില്ല… ” അതും പറഞ്ഞു ദയനീയമായി വിഷ്ണുവേട്ടൻ എന്നെ നോക്കി… എന്റെ ഉള്ളിലും ആകെ പിടിവലി നടക്കുന്നുണ്ടായിരുന്നു… മനസ്സ് തുറന്നു ശരിക്കൊന്നു സംസാരിക്കാൻ പറ്റിയിട്ടില്ല… “പോയിട്ട് വരാം ഏട്ടത്തി… ” “മ്മ് ” ഞാൻ ഒന്ന് അമർത്തി മൂളി… അവർ യാത്ര ആകുന്നത് കാണാൻ നിൽക്കാതെ നേരെ റൂമിലേക്ക്‌ പോയി… മനസ്സാകെ അസ്വസ്ഥം ആയിരുന്നു… കുറച്ചു മുൻപുണ്ടായിരുന്ന സന്തോഷമൊക്കെ എവിടേക്കോ പോയി ഒളിച്ചു… ചെക്കന്റെ വീട്ടുകാർ വന്ന കാർ കണ്ണിൽ നിന്നും അകലുന്നത് ഒരു ചെറിയ നെടുവീർപ്പോടെ ജനാലയിൽ കൂടി ഞാൻ നോക്കിക്കണ്ടു… കുറേനേരം ആ നിൽപ്പ് തുടർന്നു…

പിന്നെ തിരിഞ്ഞു വേഷമൊക്കെ അഴിക്കാൻ തുടങ്ങി… മുല്ലപ്പൂവൊക്കെ വാടി തുടങ്ങിയിരുന്നു… അതെല്ലാം തലയിൽ നിന്നും എടുത്തു മാറ്റി.. സാരിത്തലപ്പിലെ പിൻ അഴിക്കാൻ തുടങ്ങിയപ്പോൾ വാതിൽക്കൽ ഒരു അനക്കം കേട്ടു… “ഈശ്വരാ വാതിൽ അടച്ചില്ലായിരുന്നോ? ” ദൃതിയിൽ തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ കണ്ട ആളെ കണ്ടു സങ്കടവും സന്തോഷവും ഒരുപോലെ വന്നു… “വിഷ്ണുവേട്ടൻ….. പോ… പോ..യില്ലായിരുന്നോ? ” “പോകാൻ ഇറങ്ങിയതാ… പക്ഷേ പോകാൻ മനസ്സ് വരുന്നില്ല… നിന്റെ മുഖം വാടിയത് ഞാൻ കണ്ടിരുന്നു… എന്താ എന്റെ പെണ്ണിന്റെ മനസ്സിൽ അത് പറ… അത് കേട്ടിട്ടേ ഞാൻ ഇനി പോകുന്നുള്ളൂ… ” ആ ചോദ്യത്തിൽ ഒരു നിമിഷം എന്റെ ചങ്ക് വല്ലാതെ ഇടിച്ചു പോയി… മനസ്സിലുള്ളത് പറഞ്ഞു കഴിഞ്ഞാൽ ഒരു പക്ഷേ ഏട്ടന് ഇത് വരെ എന്നോടുണ്ടായിരുന്ന ഇഷ്ടത്തിനു കുറവ് വന്നാലോ… എനിക്കു ഏട്ടനെ നഷ്ടമായാലോ… ഹേയ് അതൊന്നും ഓർക്കാൻ കൂടി വയ്യ… ഞാൻ വാതിൽക്കലേക്കു നോക്കി…

ഉണ്ണിയേട്ടനെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചുപോയി… മനസ്സ് തളരുമ്പോൾ എനിക്കു ധൈര്യം പകരാൻ എന്റെ ഉണ്ണിയേട്ടന് മാത്രേ പറ്റുള്ളൂ… ഞാൻ വാതിൽക്കലേക്കു നോക്കുന്നത് കണ്ടു ഏട്ടൻ പോയി ഡോർ ലോക്ക് ചെയ്തു… “അയ്യോ… എന്തിനാ ലോക്ക് ചെയ്തത്… ” “എന്താ പേടിച്ചു പോയോ… അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ നീ ലോക്ക് ചെയ്തത് മറന്നു പോയോ… ” “അത്… അത് പിന്നെ… ” “ഏത് പിന്നെ… പേടിക്കണ്ട ഞാൻ തത്കാലം ഉമ്മർ ആകാനൊന്നും തീരുമാനിച്ചിട്ടില്ല… മായയും പോയിട്ടില്ല അവൾ താഴെ ഉണ്ട്… നിനക്കു എന്നോട് പറയാനുള്ളത് പറഞ്ഞു കഴിയുന്നത് വരെ ഇങ്ങോട്ട് ആരും വരണ്ട അതിനാണ് റൂം ലോക്ക് ചെയ്തത്… ” ഞാൻ ദയനീയമായി ഏട്ടനെ ഒന്ന് നോക്കി… ആള് പുഞ്ചിരിയോടെ ഭിത്തിയിലേക്ക് ചാരി എന്നെയും നോക്കി നിൽക്കുവാണ്‌…

എന്റെ കൃഷ്ണാ… പറയണോ… പറയാതിരുന്നാൽ സമാധാനവും കിട്ടില്ല… എന്തായാലും പറഞ്ഞേക്കാം… എങ്കിൽ മാത്രമേ ഉള്ളിൽ ആളിക്കൊണ്ടിരിക്കുന്ന തീ അണയ്ക്കാൻ സാധിക്കു… “എനിക്കു… എനിക്കു ജോലികാര്യമാണ് സംസാരിക്കാൻ ഉള്ളത്… ” “ഉവ്വോ… എന്നാൽ ബാക്കി ഞാൻ പറയട്ടെ…??? ” ഞാൻ അത്ഭുതത്തോടെ ഏട്ടനെ നോക്കി… “എല്ലാം എനിക്കു അറിയാം… വെറുതെ ഊഹിച്ചു എടുത്തത് ഒന്നും അല്ല… നിന്നിലെ പിരിമുറുക്കത്തിന്റെ കാരണം എന്താണെന്നു നിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ എന്റെ അളിയനോടാണ് ഞാൻ ആദ്യം അന്വേഷിച്ചത്… മടിച്ചു മടിച്ചാണെങ്കിലും അളിയൻ അത് എന്നോട് തുറന്നു പറഞ്ഞു… ” ഉള്ളിലുണ്ടായ ഞെട്ടലോടെ തന്നെ ഞാൻ മറുപടി കൊടുത്തു…

“ആ ജോലിയോട് ഇഷ്ടക്കുറവോ ബഹുമാനക്കുറവോ ഒന്നും ഉണ്ടായിട്ടല്ല ഏട്ടാ… എനിക്കു… എനിക്കു പേടിയാ…” “നീ ഭയക്കുന്നത് മരണത്തെ അല്ലേ ഇന്ദു… ഇത്രയും വിവരവും വിദ്യാഭ്യസവും ഉള്ള നീ അങ്ങനെ ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തം അല്ലേ… ദേ ഇങ്ങോട്ട് നോക്കിയേ… ഈ നെഞ്ചിലെ അവസാന തുടിപ്പ് വരെ സ്വന്തം രാജ്യത്തിനു വേണ്ടി പോരാടുമെന്നു ദൃഢ പ്രതിജ്ഞ ചെയ്യുന്നവരാണ് ഞങ്ങൾ ജവാന്മാർ… നീയും ഞാനും ചേർന്ന ഒരു ഒറ്റ കുടുംബത്തിനു വേണ്ടി മാത്രം അല്ല… ഈ ഭാരതത്തിലെ കോടിക്കണക്കിനു ജനങ്ങളുടെ ജീവനും ജീവിതത്തിനും കാവൽ നിൽക്കാൻ സ്വന്തം പ്രാണൻ പോലും കളയാൻ മടി ഇല്ലാത്തവർ… അഭിമാനിക്കുവല്ലേ പെണ്ണേ വേണ്ടത്… നിന്റെ കെട്ടിയോൻ കറ തീർന്നൊരു പട്ടാളക്കാരനാണെന്നു തല ഉയർത്തി തന്നെ ഈ ലോകത്തോട് വിളിച്ചു പറയാൻ കഴിയണം…

ആയുസ്സും ആരോഗ്യവും ഈശ്വരൻ തരുന്നതാണ്… മരണം ആർക്കും എപ്പോളും ഏത് വിധേനയും വരാം… വെറുതെ വിഡ്ഢിത്തം ചിന്തിച്ചു കൂട്ടി നമ്മുടെ നല്ല ദിനങ്ങളെ എന്തിനാ പെണ്ണേ കളയുന്നത്… ഒരുപാട് ആഗ്രഹിച്ചു നേടി എടുത്തതാണ് ഈ ജോലി… ഒരിക്കൽ കയ്യെത്തും ദൂരത്തു വരെ വന്നിട്ട് തട്ടി തെറിച്ചു പോയതാണ്… ഒരു തരം വാശിയോടെ അത് തിരികെ നേടിയെടുത്തപ്പോൾ ഉണ്ടായ ഒരു സംതൃപ്തി ഉണ്ട് … മനസ്സിന് ഇഷ്ടം തോന്നിയ നിന്നെ തന്നെ ഈശ്വരൻ എന്റെ പെണ്ണായി എനിക്കു തന്നപ്പോൾ കിട്ടിയ അതേ സംതൃപ്തി തന്നെയാണ് അന്നും തോന്നിയത്… ഇപ്പോൾ എന്റെ ലോകം നീയാണ്… ഈ ജോലി എന്റെ പ്രാണനും… ഇത് രണ്ടും കൈവിട്ടു കളയാൻ എനിക്കു വയ്യ… ” (തുടരും )