രചന – രച്ചൂസ് പപ്പൻ
#അവൾക്കൊപ്പം
ആരാന്റെ വീട്ടിലേക്ക് സമ്പാദ്യം ഉണ്ടാക്കാൻ ആയിട്ട് പെൺപിള്ളേരെ പഠിപ്പിച്ചു ഉദ്യോഗക്കാരി ആക്കാൻ മാത്രം മണ്ടനല്ല ഞാൻ… നീ അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേരെ….മാളു…ആ കാശുണ്ടെങ്കിൽ ഏതെങ്കിലും ഒരുത്തന്റെ കൂടെ പറഞ്ഞു വിടാം നിന്നെ.. അന്തസായിട്ട്… അച്ഛൻ എന്നോട് അത് പറയുമ്പോൾ.. തുള്ളിക്ക് ഒരു കുടം എന്ന പോലെ എന്റെ കണ്ണും തുളുമ്പിയിരുന്നു……
പ്ലസ് ടൂ വിന് നല്ല മാർക്ക് വാങ്ങുമ്പോൾ എനിക്കും ഒരു ഡോക്ടർ ആവണം എന്ന് പലപ്പോഴായി പറയാതെ പറഞ്ഞിരുന്നു ഞാൻ…
കൂടെ പഠിച്ചവർ പലരും പല വഴിയും തിരഞ്ഞെടുത്തപ്പോൾ ഞാൻ ഒരിക്കൽ കൂടി അച്ഛനോട് ചോദിച്ചത് മെഡിക്കൽ എൻട്രൻസ് എഴുതാൻ ഒരവസരം തരുമോ എന്ന് മാത്രം ആയിരുന്നു…..
മുഖത്ത് നോക്കി മുഖം കറുപ്പിച്ചു തന്നെ അച്ഛൻ എന്നോട് പറ്റില്ല എന്ന് പറയുമ്പോൾ ശബ്ദം പുറത്ത് വരാതെ കരയുക മാത്രമാണ് ഞാൻ ചെയ്തതും….അച്ഛന്റെ വാക്കുകൾക്ക് അപ്പുറം ചലിക്കുക പോലും ചെയ്യാത്ത അമ്മ അപ്പോഴും മൂക സാക്ഷിയായി നിൽക്കുക ആണ് ചെയ്തത്..
കരച്ചിലിനൊപ്പം പട്ടിണി സമരത്തെ കൂട്ട് പിടിച്ചെങ്കിലും അച്ഛന്റെ വാശിക്കും ചൂരലിന്റെ ചൂടിനും മുന്നിൽ മുട്ട് മടക്കാനെ എന്നില്ലേ പതിനേഴുകാരിക്കു കഴിഞ്ഞുള്ളു…. എന്നതായിരുന്നു സത്യം…
അച്ഛന്റെ വാശിക്കൊപ്പം കിടപിടിക്കാൻ ആയില്ലെങ്കിലും അച്ഛമ്മയ്ക്ക് മുന്നിൽ വാവിട്ട് കരഞ്ഞു… എനിക്ക് ഇനിയും പഠിക്കാൻ കൊതിയാവുന്നു അച്ഛമ്മേ എന്ന് പറയുമ്പോഴേക്കും…
മുണ്ടിന്റെ തലപ്പിൽ കെട്ടിയിട്ട താക്കോൽ എടുത്തു പഴയ ആ തകര പെട്ടി തുറന്ന് അച്ഛമ്മയുടെ വക പുരയിടത്തിന്റെ ആധാരം എനിക്ക് നേരെ നീട്ടിയിരുന്നു…
ഇത് പണയത്തിൽ വെച്ചാൽ എന്റെ കുട്ടിക്ക് എന്തെങ്കിലും ഒക്കെ പഠിക്കാൻ പറ്റില്ലേ… എന്ന അച്ഛമ്മയുടെ ചോദ്യത്തിന് പക്ഷേ… അച്ഛൻ സമ്മതിക്കില്ല… എന്ന് പറഞ്ഞു…
ആ മടിയിലേക്ക് തല ചായ്ക്കുമ്പോൾ
ചുളുങ്ങി ശോഷിച്ചു തുടങ്ങിയ ആ കൈകൾ എന്റെ തലയിൽ തലോടികൊണ്ട് അവനെ കൊണ്ട് ഞാൻ സമ്മതിപ്പിക്കാം എന്ന് പറയുമ്പോൾ നടക്കില്ല.. എങ്കിലും എനിക്ക് വേണ്ടി സംസാരിക്കാൻ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന ആശ്വാസം ആയിരുന്നു എന്നിൽ….
വിവാഹാലോചനയും ആയി വന്ന അച്ഛന്റെ മുന്നിൽ നിന്ന് എനിക്ക് ഇനിയും പഠിക്കണം… എന്ന് ഉറച്ച സ്വരത്തിൽ പറയുമ്പോഴും എനിക്ക് നേരെ വന്ന കൈ തടുത്തു കൊണ്ട്..
വിശ്വാ….. അവളെ തല്ലരുത്… അവള് പഠിച്ചോട്ടെ എന്ന് അച്ഛമ്മ പറയുമ്പോൾ…
ഇവളെ ഉദ്യോഗക്കാരി ആക്കാൻ ചില്ലി കാശ് ഞാൻ മുടക്കില്ല നേരത്തെ പറഞ്ഞേക്കാം എന്ന് പറഞ്ഞു അച്ഛനും മുറ്റത്തേക്ക് ഇറങ്ങിയിരിക്കുന്നു…..
അവളെ ഞാൻ പഠിപ്പിച്ചോളാം എന്ന് അച്ഛമ്മ എല്ലാവരും കേൾക്കേ പറയുമ്പോൾ…
മലർപ്പൊടിക്കാരന്റെ സ്വപ്നം ആകുമോ എന്റെ പഠനം എന്ന സംശയം എന്നിൽ നിന്ന് വിട്ട് മാറാൻ നഴ്സിംഗ് കോളേജിലേക്ക് പോകാൻ തുടങ്ങുന്ന എന്റെ കൈയിലേക്ക് വെച്ചു തന്ന നോട്ട്കൾക്ക് ആകുമായിരുന്നു….
ഓരോ അവധിക്കാലത്തും വീട്ടിലേക്ക് ഓടി എത്തുന്ന എന്റെ കൈയിലേക്ക് തിരികെ ഉള്ള യാത്രയിൽ പിടിച്ചേൽപ്പിച്ചിരുന്ന നോട്ടുകളും തുട്ടുകളും എന്റെ അച്ഛമ്മയുടെ വാർദ്ധക്യപെൻഷൻ ആയിരുന്നു എന്ന് അറിയുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതെ തുടച്ചത്… ഇനിയും ഒത്തിരി ചവിട്ട് പടികൾ കയറാൻ ഉണ്ട് എന്ന ഉത്തമ ബോധ്യം ഉള്ളത് കൊണ്ടായിരുന്നു..
പഠിച്ചിറങ്ങി ആദ്യത്തെ ശമ്പളം എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ അച്ഛമ്മയെ ഏൽപ്പിച്ചു ആ കവിളിൽ ഒരു ഉമ്മ നൽകുമ്പോൾ… അച്ഛമ്മക്ക് പൈസ ഒന്നും വേണ്ട മാളുവേ… ന്റെ മോള് വെച്ചോ എന്ന് പറയുമ്പോൾ..
അച്ഛമ്മയെ നെഞ്ചോടു ചേർത്ത് നിറുത്തി ഞാൻ പറഞ്ഞത്…
അച്ഛമ്മ തന്നതിന് ഒന്നും പകരം ആവില്ലങ്കിലും ഇത് ന്റെ സന്തോഷം ആണ് എന്നായിരുന്നു….
എന്റെ മകനെ ഞാൻ ഡോക്ടർ പടുത്തതിന് വിടാൻ പോകുന്നു ഇനി ആരും അറിഞ്ഞില്ല കേട്ടില്ല എന്ന് പറയരുത്..
മറ്റൊരു അവധി ദിവസം വീട്ടിലേക്ക് വന്ന എനിക്ക് മുന്നിലൂടെ വന്ന് അച്ഛമ്മയോട് അച്ഛൻ പറയുമ്പോൾ നിറഞ്ഞ ചിരിയ്‌ക്കൊപ്പം എന്റെ മനസ്സും നിറഞ്ഞത് എനിക്ക് സാധിക്കാത്തത് അവനെ കൊണ്ടെങ്കിലും സാധിക്കുമല്ലോ എന്നോർത്തിട്ടായിരുന്നു….
അവന്റെ കോളേജിൽ ഫീസ് കെട്ടാൻ നെട്ടോട്ടം ഓടുന്ന അച്ഛന്റെ നേർക്ക് എന്റെ ശമ്പളം വെച്ച് നീട്ടുമ്പോൾ അന്ന് അച്ഛൻ പറഞ്ഞത്..
നിന്നെ പോലെ ഒരു തന്നിഷ്ടകാരിയുടെ പത്തിന്റെ പൈസ വേണ്ട എന്റെ മോനെ പഠിപ്പിക്കാൻ എന്നായിരുന്നു… അന്നും അമ്മ ജനൽ വാതിലിന് അപ്പുറം മൗനത്തെ കൂട്ട് പിടിച്ചു നിൽക്കുകയാണ് ചെയ്തത്..
അഞ്ചു വർഷത്തെ പഠനശേഷം അവൻ അവന്റേതായ ജീവിത സുഖങ്ങളെ തേടി പോകുമ്പോൾ അച്ഛനും ഒരു കാഴ്ച്ചക്കാരൻ ആയി നിൽക്കുവാനെ സാധിച്ചിരുന്നുള്ളു അത്രേ…
വല്ലപ്പോഴും വന്നിരുന്ന അവന്റ കാളുകൾക്ക് പോലും പിശുക്കു വന്നപ്പോൾ അന്നാദ്യമായി അച്ഛന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ കാണുകയായിരുന്നു…
ഓടി പോയി ആ കൈകൾ ചേർത്ത് പിടിക്കാൻ വെമ്പിയെങ്കിലും അന്നെന്റെ കാലുകൾക്ക് എന്തോ ഒരു പടി മുന്നോട്ട് വെക്കാൻ സാധിച്ചില്ല എന്നതായിരുന്നു സത്യം…
അനിയൻകുട്ടനായ് ഈ തിരുവോണ നാളിലും സദ്യ ഒരുക്കി അച്ഛനും അമ്മയും വൈകുന്നേരം വരെ ആഹാരം കഴിക്കാതെ കാത്തിരുന്നെങ്കിലും നിരാശ ആയിരുന്നു ഭലം…
അന്നവന്റെ ഫോണിലേക്ക് വിളിച്ച് എന്താ അനിയൻകുട്ടാ നീ വരാഞ്ഞത് എന്ന എന്റെ ചോദ്യത്തിന് എനിക്ക് മറുപടി ആയി അവൻ പറഞ്ഞത്… എനിക്ക് തോന്നുമ്പോൾ ഞാൻ വരും.. അച്ഛന്റെയും അമ്മയുടെയും പേര് പറഞ്ഞു ഇനി മേലിൽ എന്നെ ശല്യം ചെയ്യരുത് എന്നായിരുന്നു…
ഫോൺ കട്ട് ചെയ്തു തിരികെ വന്ന എനിക്ക് മുന്നിൽ നിൽക്കുന്ന അച്ഛൻ നാവെടുത്ത് ഒന്നും ചോദിച്ചില്ല എങ്കിലും ആ കണ്ണുകൾ തിരഞ്ഞത് അനിയൻ കുട്ടനെ ആയിരുന്നു എന്നത് പകൽ പോലെ എനിക്ക് വ്യെക്തം ആയിരുന്നു…
അച്ഛാ… അവൻ ഉടനെ വരും എന്ന എന്റെ മറുപടിയിൽ ന്റെ മാളുവിന് കള്ളം പറയാൻ അറിയില്ല…. എന്ന് പറഞ്ഞു അച്ഛൻ എന്നെ ചേർത്ത് പിടിച്ചിരുന്നു…
കാലങ്ങൾക്ക് ഇപ്പുറം അച്ഛനോട് ചേർന്ന് നിന്ന് ആ കൈയിൽ നിന്ന് ഒരു പിടി ചോറ് കഴിക്കുമ്പോൾ.. അച്ഛൻ അന്നാദ്യം ആയി പറഞ്ഞിരുന്നു അച്ഛന്റെ ചില തീരുമാനങ്ങൾ തെറ്റായിരുന്നു എന്ന്….
അപ്പോഴും എന്റെ അച്ഛമ്മ പറഞ്ഞത് എന്റെ കുട്ടി അവളാണ് ശെരി… എന്നായിരുന്നു… ഞാൻ എന്നും ശെരിക്കൊപ്പം ആയിരുന്നു… അവൾകൊപ്പം ആയിരുന്നു എന്നാണ്…
അന്നെന്റെ കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്ന് എനിക്കും അറിയില്ലായിരുന്നു… പക്ഷേ ഇന്നെന്റെ കണ്ണുകൾ തുടക്കാൻ ഒത്തിരി കൈകൾ ഉണ്ടായിരുന്നു…

by