രചന – വൈദേഹി ദേഹി
രാത്രി വൈകി ആണ് എല്ലാരും വീട്ടിൽ തിരിച്ചെത്തിയത്…നവി കൂടെ അവിടെ നിൽക്കാൻ ലക്ഷ്മിയമ്മ ഏറെ നിർബന്ധിച്ചെങ്കിലും അവൻ നിന്നില്ല… വെളുപ്പിന് വരാമെന്ന് പറഞ്ഞു അവൻ ചെമ്പകത്തോട്ട് തന്നെ മടങ്ങി… വരുൺ സാവിത്രി അപ്പച്ചിക്കുള്ള സെറ്റും മുണ്ടും കൊടുത്തെങ്കിലും അപ്പച്ചിയുടെ മുഖത്ത് വല്യ തെളിച്ചമൊന്നും ഇല്ലാരുന്നു…ദേവിയും വിനുവുമത് ശ്രെദ്ധിച്ചെങ്കിലും നന്ദു അവിടെ ഉള്ളതുകൊണ്ടാണെന്ന് കരുതി അവരൊന്നും ചോദിക്കാൻ പോയില്ല…വെളുപ്പിന് എണീക്കണ്ടതായതുകൊണ്ട് എല്ലാരും വന്നപ്പോൾ തന്നെ കിടന്നുറങ്ങി…
വെളുപ്പിന് 3 മണി ആയപ്പോ ഗായത്രി വന്നു ദേവിയേം നന്ദുനേം വിനുനേം വിളിച്ചെണീപ്പിച്ചു… വരുണും കൃഷ്ണനും നേരത്തേ തന്നെ റെഡി ആയി അമ്പലത്തിലേക്ക് പോയി… മൂന്നെണ്ണത്തിനേം ഒരു വിധം കുളിക്കാൻ കയറ്റിയ ശേഷമാണു ഗായത്രി റെഡി ആകാൻ പോയത്…
വിളക്കെടുപ്പും ചുറ്റുവിളക്കും മറ്റും വൈകുന്നേരം ആയതു കൊണ്ടു ദാവണി അപ്പൊ ഉടുത്താ മതീന്ന് ഗായത്രി രണ്ടുപേരോടും പറഞ്ഞിരുന്നു… അതുകൊണ്ട് അവർ രണ്ടുപേരും അന്ന് മാളിൽ നിന്നെടുത്ത ഒരുപോലത്തെ ടോപ്പും ലെഗ്ഗിങ്‌സും ആരുന്നു ഇട്ടിരുന്നത്…
അവര് രണ്ടുപേരും ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും ഗായത്രിയും അച്ഛമ്മയും സാവിത്രിയും തയ്യാറായി നിൽപ്പുണ്ടാരുന്നു… വിനു ആണേ അവിടെ സോഫയിൽ ഇരുന്നു ഉറക്കം തൂങ്ങുവാരുന്നു…
ടാ…
അച്ഛമ്മ വന്നു അവന്റെ പുറത്തൊരു തട്ട് കൊടുത്തു… വിനു ഞെട്ടി ചാടി എണീറ്റു…
എന്താ…
കുളിച്ചിട്ടിരുന്നു ഉറങ്ങുന്നോടാ അസത്തേ…
ഓഹ്… പിന്നേ ഈ കൊച്ചുവെളുപ്പാങ്കാലത്ത് മനുഷ്യനെ കുത്തിപ്പൊക്കിയതും പോരാ…
അവൻ പിറുപിറുത്തുകൊണ്ട് മുണ്ടും മടക്കി കുത്തി വണ്ടി എടുക്കാനായി ഇറങ്ങി…ഗായത്രിയും ലക്ഷ്മിയമ്മയും ഒരു ചിരിയോടെ അവനു പിറകെ ഇറങ്ങി… സാവിത്രിയും ദേവിയും നന്ദുവും അവരുടെ പിറകെ ആയി ചെന്നു… അവരെല്ലാം കൂടെ കാറിൽ അമ്പലത്തിലേക്ക് പുറപ്പെട്ടു…അവർ അമ്പലത്തിൽ ചെന്നപ്പോഴേക്കും പൂജകൾ തുടങ്ങാറായിരുന്നു… വരുണും കൃഷ്ണനും നവിയും അവിടെ ഇരിപ്പുണ്ടാരുന്നു…അവർ വേഗം ചെന്ന് അവരുടെ കൂടെ ഇരുന്നു…എല്ലാവരും എത്തിയതും ഗണപതിഹോമം തുടങ്ങി…ദേവിയും നന്ദുവും നോക്കിയപ്പോ വിനു കണ്ണുകൾ അടച്ചിരുന്നു പ്രാർത്ഥിക്കുന്നു…
ഇവനിത്രക്ക് ഭക്തിയോ…
അവർ പരസ്പരം ഒന്ന് നോക്കി… ദേവി പതിയെ അവനെ ഒന്ന് തോണ്ടി… അവൻ കണ്ണുകൾ അടച്ചുകൊണ്ട് തന്നെ അവളുടെ സൈഡിലോട്ട് ചെരിഞ്ഞു എന്താന്നുള്ള രീതിയിൽ തല പൊക്കി…
നിനക്ക് ഇത്രക്ക് ഭക്തി ഉണ്ടാരുന്നോ…
ഒഞ്ഞു പോടീ… ആ പുക മുഴുവൻ എന്റെ കണ്ണിലോട്ടാ അടിച്ചു കേറുന്നേ… കണ്ണു തുറക്കാൻ വയ്യ… ദാ കണ്ടോ…
അതും പറഞ്ഞവൻ അവളെ നോക്കി കണ്ണുതുറന്നതും കണ്ണിൽ നിന്ന് കുടുകുടാ വെള്ളം വന്നു…
ബെസ്റ്റ്…
അതും പറഞ്ഞവൾ തിരിഞ്ഞു നോക്കിയത് നവിയുടെ മുഖത്തേക്കാണ്…അവൻ തൊഴുതുകൊണ്ട് അവളെ തന്നെ നോക്കി ഇരിക്കുവാരുന്നു… അവൾ അങ്ങോട്ട് നോക്കിയതും അവൻ ഒരു കണ്ണടച്ച് കാണിച്ചു ചുണ്ടുകൾ കൂർപ്പിച്ചു ഉമ്മ കൊടുക്കുന്ന പോലെ കാണിച്ചു…
അവൾ പെട്ടന്ന് ചുറ്റും ഒന്ന് നോക്കി… എന്നിട്ടവനെ നോക്കി ഒന്ന് കണ്ണുരുട്ടികൊണ്ട് മുന്നോട്ട് നോക്കി ഇരിക്കാൻ ആംഗ്യം കാണിച്ചു… അവൻ ഒരു ചിരിയോടെ നേരെ ഇരുന്നു…
വരുണിന്റെ കണ്ണുകൾ ആണേ ഇടക്കിടക്ക് നന്ദുനെ തേടി പോകുന്നുണ്ടാരുന്നേലും കൊച്ചിതൊന്നും അറിഞ്ഞില്ല… വേറൊന്നുമല്ല വിനുന്റെ തൊട്ടപ്പുറത്താണ് അവൾ ഇരുന്നത്… അത്കൊണ്ട് ബാക്കി ഉള്ള പുക അവളുടെ മുഖത്തേക്കാരുന്നു അടിച്ചോണ്ടിരുന്നത്…കൊച്ചിന് കണ്ണു തുറക്കാൻ മേലാരുന്നു…അവനു അവളുടെ മുഖം കണ്ട് ചിരി വന്നു…
വരുൺ നോക്കുന്നത് നന്ദു കണ്ടില്ലെങ്കിലും സാവിത്രി അത് നന്നായി തന്നെ കണ്ടിരുന്നു… അവരുടെ മനസ്സിൽ ദേഷ്യം നുരഞ്ഞുപൊന്തി…അവർ കണ്ണുകളടച്ചു പിടിച്ചു തന്റെ ദേഷ്യം നിയന്ത്രിച്ചു…
ഗണപതിഹോമവും രാവിലത്തെ അഭിഷേകവും മറ്റു പൂജകളും കഴിഞ്ഞു 10 മണിയോടടുപ്പിച്ചാണ് അവരെല്ലാം വീട്ടിൽ തിരിച്ചെത്തിയത്…
അമ്മാ വിശക്കുന്നു… കഴിക്കാൻ എടുക്ക്…
അതും പറഞ്ഞു ദേവിയും നന്ദുവും വിനുവും നേരെ ഡൈനിംഗ് ടേബിളിന്റെ അവിടേക്ക് ഓടി…
ആദ്യം മൂന്നുപേരും പോയി ഡ്രസ്സ് മാറി വാ… എന്നിട്ടേ ഞാൻ കഴിക്കാൻ എടുക്കു… ചെല്ല്…
ഗായത്രി മൂന്നിനേം മുറിയിലേക്ക് ഡ്രസ്സ് മാറാൻ പറഞ്ഞയച്ചു…
വിനു അവന്റെ മുറിയിലേക്ക് പോകുന്ന വഴിക്കാണ് സാവിത്രിയുടെ മുറിയിൽ നിന്ന് അവർ ആരോടോ അടക്കം പറയുന്ന പോലെ അവൻ കേട്ടത്… വാതിൽ ചാരിയിട്ടേ ഉണ്ടാരുന്നുള്ളു… അവൻ ചുറ്റും ഒന്ന് നോക്കി എന്നിട്ട് ആ വാതിലിന്റെ വിടവിന്റെ ഭാഗത്തേക്ക് തല ചേർത്തു വെച്ച് അകത്തെന്താ പറയുന്നതെന്ന് ചെവി കൂർപ്പിച്ചു…
എടി നീ ടൂറെന്നും കറക്കമെന്നും ഒക്കെ പറഞ്ഞവിടെ ഇരുന്നോ… ആ നന്ദു വരുണിനെ അടിച്ചോണ്ട് പോകുന്ന എല്ലാ ലക്ഷണോം ഉണ്ട്…
അപ്പുറത്തെ സൈഡിന്നു എന്താ പറയുന്നതെന്നവന് കേൾക്കാൻ കഴിയുന്നില്ലാരുന്നു…
ആഹ്… ഇന്നലെ വല്യമ്മ പറഞ്ഞത് ആ വിനുനോ വരുണിനോ വല്ലോം അവളെ ഇഷ്ടമാന്ന് പറഞ്ഞ അവളെ അങ്ങ് കെട്ടിച്ചു കൊടുക്കുമെന്നാ…
വിനുന്റെ മുഖമൊന്നു ചുളിഞ്ഞു…
ആഹ് എന്റെ ബലമായ സംശയം ആ തള്ളക്ക് അങ്ങനെ എന്തോ ഉദ്ദേശം ഉണ്ടെന്നാ… അത് മാത്രവുമല്ല ആ വരുൺ അവളെ തന്നെ നോക്കിയിരിക്കുന്നത് ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാ…
വിനുന്റെ കണ്ണുകൾ ഒന്ന് വിടർന്നു…
ഓഹോ… അപ്പൊ എന്റെ സംശയങ്ങൾ ഒന്നും വെറുതെ അല്ലാരുന്നു… അച്ഛമ്മയും വരുണും കൂടെ ഒത്തുള്ള കളി ആണല്ലേ…
അവൻ വലത്തേ മുഷ്ടി ചുരുട്ടി ഇടത്തെ കൈവെള്ളയിലേക്ക് പതുക്കെ ഇടിച്ചു…
ദേ പെണ്ണെ… എത്രയും വേഗം എന്തെങ്കിലും ചെയ്‌തില്ലേ നിനക്ക് വരുണിനെ കിട്ടാൻ പോകുന്നില്ല… ഉറപ്പാ…ഞാൻ പറഞ്ഞില്ലെന്നു വേണ്ട…
വിനു ഒന്നുകൂടെ കാതുകൾ കൂർപ്പിച്ചു…
മ്മ്മ്… ശെരി… ഞാൻ പറ്റുന്ന പോലൊക്കെ ചെയ്യാം… നീ എത്രേം പെട്ടന്ന് ഇങ്ങ് പോരെ… ശെരി എന്നാ…
അതും പറഞ്ഞു സാവിത്രി ഫോൺ വെച്ചു… വിനു പെട്ടന്ന് അവിടുന്ന് അവന്റെ മുറിയിലേക്ക് പോയി… സാവിത്രി കതകു തുറന്നു ആരേലും ഉണ്ടോന്ന് നോക്കി… എന്നിട്ട് സാരിത്തുമ്പു കൊണ്ടു മുഖമൊന്നു തുടച്ചു അടുക്കളയിലോട്ട് നടന്നു…
വിനു മുറിയിൽ ചെന്നു അങ്ങോട്ടും ഇങ്ങോട്ടും നടന്നു…
അപ്പൊ എന്റെ ഊഹങ്ങൾ ഒന്നും തെറ്റല്ലാരുന്നു…വരുണേട്ടന് നന്ദുനെ ഇഷ്ടമാണോന്നൊരു സംശയം ഉണ്ടാരുന്നു… അത് ഒന്ന് ഉറപ്പിക്കാൻ തന്നെ ആരുന്നു ഇങ്ങോട്ട് വന്നത്… ഇപ്പൊ ഇതെല്ലാം കൂടെ കൂട്ടി വായിക്കുമ്പോ…
അതും പറഞ്ഞു താടി ഉഴിഞ്ഞോണ്ട് തിരിഞ്ഞ അവൻ കാണുന്നത് വാതിൽ തുറന്നു അവനെ തന്നെ ഉറ്റു നോക്കികൊണ്ട് നിൽക്കുന്ന ദേവിയെ ആണ്…അവന്റെ കൈകൾ പതിയെ താഴ്ന്നു…അവൾ അവനെ അടിമുടി ഒന്ന് നോക്കി…
അവൻ പെട്ടന്ന് നേരെ നിന്നു…
മ്മ്മ്?എന്താ…
നീ എന്തുവാ ഇത്ര സീരിയസ് ആയി നിന്ന് ആലോചിക്കുന്നേ…
അവളൊരു സംശയത്തിൽ അവനെ നോക്കികൊണ്ട് അകത്തേക്ക് ചെന്നു…
എ… എന്ത് ആലോചിക്കാൻ…
അവൻ നിന്നു പരുങ്ങി…
മര്യാദക്ക് സത്യം പറയെടാ… ഇല്ലേൽ ഉണ്ടല്ലോ…
അവൾ ഒച്ച എടുത്തു…
ഓ… ഒച്ച വെക്കാതെടി പുല്ലേ…ഞാൻ പറയാം… ഇപ്പോഴല്ല… രാത്രി ആകട്ടെ… നന്ദു പോയി കഴിഞ്ഞു…
അവൻ അവളുടെ വാ പൊത്തി ആരേലും വരുന്നുണ്ടോ എന്ന് പുറത്തേക്ക് നോക്കി കൊണ്ടു പറഞ്ഞു…അവൾ അവന്റെ കൈ പിടിച്ചു മാറ്റി…
അതെന്താ അവൾ പോയി കഴിഞ്ഞു?…
ആഹ് തത്കാലം അവൾ അറിയണ്ടതൊന്നും അല്ല… നീയും ഞാനും അറിഞ്ഞ മതി…
അതും പറഞ്ഞവൻ ഡ്രസ്സ് മാറാനായി വാഷ്റൂമിലേക്ക് പോയി…അവളൊന്നും മനസിലാവാതെ അവനെ നോക്കി നിന്നു…
ഉച്ച ആയപ്പോഴേക്കും അത്യാവശ്യം ദൂരെയുള്ള കുറച്ചു ബന്ധുക്കൾ ഒക്കെ വന്നതുകൊണ്ട് ലക്ഷ്മിയമ്മയും ഗായത്രിയും ഒക്കെ ഊണ് ഒരുക്കുന്നതിന്റെ തിരക്കിൽ ആരുന്നു…കൂട്ടത്തിൽ മാലതിയും ഗോപികയും അവരെ സഹായിക്കാൻ വേണ്ടി വന്നിരുന്നു…ഉച്ചക്ക് എല്ലാരുടെ ഇരുന്നു ഊണൊക്കെ കഴിച്ച ശേഷം മുതിർന്നവർ എല്ലാരും റെഡി ആയി അമ്പലത്തിലേക്ക് പോയി… ദേവിയും നന്ദുവും വിനുവും പിന്നെ ഗോപികയും മാത്രമായി വീട്ടിൽ… നന്ദുവിനും ദേവിക്കും ദാവണി ഉടുക്കാൻ സഹായിക്കാൻ ഗോപികയെ പറഞ്ഞു ഏൽപ്പിച്ചാണ് ഗായത്രി പോയത്…
നവി സെലക്ട് ചെയ്‌ത ദാവണി കയ്യിലെടുത്തു ദേവി ഒന്ന് നോക്കി… അവളുടെ ചുണ്ടുകളിൽ നാണത്തിൽ കുതിർന്നൊരു പുഞ്ചിരി വിടർന്നു… അവൾ അത് ഉടുത്തു…മുടി വിടർത്തിയിട്ട് കുളിപ്പിന്നൽ കെട്ടി… കാതിലെ സ്റ്റഡ്സ് മാറ്റി അത്യാവശ്യം നല്ല വലുപ്പമുള്ളൊരു ജിമിക്കി എടുത്തിട്ടു… കമ്മലിന് വലുപ്പമുള്ളത്കൊണ്ട് അവൾ മാല മാറ്റാൻ പോയില്ല… അവളുടെ ചെറിയ നൂല് മാല തന്നെ ഇട്ടു…രണ്ടു കൈയിലും നിറയെ കരിവളകൾ ഇട്ടു…കണ്ണുകൾ നീട്ടി എഴുതി ഒരു കറുത്ത വട്ട പൊട്ടു തൊട്ടു…
അപ്പോഴാണ് ഗോപിക അങ്ങോട്ട് വന്നത്…ദേവിയെ കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു…
ഇപ്പൊ എങ്ങനുണ്ട് ഗോപുവമ്മേ എന്നെ കാണാൻ…
ദേവി ദാവണിയുടെ തുമ്പു കയ്യിൽ എടുത്തു കറക്കികൊണ്ട് ചോദിച്ചു…
അവർ അവളുടെ മുന്നിലോട്ട് വന്നു… എന്നിട്ട് ഒരു ചിരിയോടെ കണ്ണിൽ നിന്ന് അല്പം കരി എടുത്ത് അവളുടെ ചെവിക്കു പിറകിൽ തേച്ചു…
സുന്ദരിയായി ഗോപുവമ്മേടെ ദേവൂട്ടി…കണ്ണു തട്ടണ്ട…
അവർ അവളെ ചേർത്തു പിടിച്ചോണ്ട് നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു… അവൾ അവരെ നോക്കി ചിരിച്ചു…
എന്നാൽ ഞാൻ പോയി നന്ദുനേം വിനുനേം ഒക്കെ ഒന്ന് ഞെട്ടിച്ചിട്ട് വരട്ടെ…
അവളതും പറഞ്ഞു പാവാടയുടെ തുമ്പ് പൊക്കി പിടിച്ചോണ്ട് പുറത്തേക്ക് ഓടി… ഗോപിക ഒരു ചിരിയോടെ അതും നോക്കി നിന്നു…
നന്ദുന്റെ റൂമിലേക്ക് ചെന്ന ദേവി ഒരു നിമിഷം നിന്നുപോയി… ചുവപ്പ് ദാവണിയിൽ അതിസുന്ദരിയായി നിൽക്കുവാരുന്നു നന്ദു… മുടി പിന്നി കെട്ടി കാതിൽ വലുപ്പമുള്ളൊരു ജിമിക്കി കമ്മലുമിട്ട് കൈ നിറയെ ചുവപ്പ് കുപ്പിവളകളും അണിഞ്ഞു ഒരു കുഞ്ഞു വട്ടപ്പൊട്ടും തൊട്ട് കണ്ണാടിയിൽ നോക്കികൊണ്ട് നിൽക്കുവാരുന്നു അവൾ…കണ്ണാടിയിലൂടെ ദേവിയെ കണ്ടതും അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി…
ബെസ്റ്റ്… നിന്നേ ഞെട്ടിക്കാനാ ഞാൻ ഇങ്ങോട്ട് വന്നേ… എന്നിട്ടിപ്പോ ഞാനാണല്ലോ ഞെട്ടിയത്…അടിപൊളി ആയിട്ടുണ്ടല്ലോ പെണ്ണെ… മിക്കവാറും ഇന്ന് തന്നെ എന്റെ ഏട്ടൻ കെട്ടികൊണ്ട് ഇങ്ങ് വരാനാ സാധ്യത…
ദേവി നന്ദുന്റെ തോളിലൂടെ കയ്യിട്ടുകൊണ്ട് പറഞ്ഞു…
പിന്നേ…ഇത് ഞാൻ അങ്ങോട്ടാ പറയണ്ടേ… എന്താരുന്നു ഇന്നലെ ടെക്സ്റ്റ്ടൈൽസിൽ വെച്ച്… ഞങ്ങളൊന്നും കണ്ടില്ലെന്ന് കരുതണ്ട രണ്ടുപേരുടേം കഥകളി…
നന്ദു പെട്ടന്ന് ചമ്മൽ മാറ്റാനായി ദേവിയെ കളിയാക്കി…ദേവിയുടെ കവിളുകൾ ചുവന്നു…
ഇ… ഇന്നലെ എന്തോന്നാ… നിന്റെ ഏട്ടൻ സെലക്ട് ചെയ്തു തന്നോണ്ട് അങ്ങേരോട് തന്നെ ചോദിച്ചു… അത്രെ ഉള്ളൂ… വേഗം വാ സമയം പോണു…
ദേവി ഒരു വിധം അതും പറഞ്ഞൊപ്പിച്ചു കൊണ്ടു താഴേക്ക് ഓടി…അവളുടെ ഓട്ടം കണ്ടു ചിരിച്ചോണ്ട് നന്ദുവും അവളുടെ പിറകെ പോയി…
വിനുവും നന്ദുവും ഗോപികയും ദേവിയും കൂടെ അമ്പലത്തിൽ ചെന്നു കാറിൽ നിന്നിറങ്ങി… മുന്നോട്ട് നോക്കിയ നന്ദുവിന്റെയും ദേവിയുടേം കണ്ണുതള്ളി പോയി… അവർ വാ പൊളിച്ചുകൊണ്ട് പരസ്പരം നോക്കി… അവരുടെ നോട്ടം കണ്ടോണ്ട് മുന്നോട്ട് നോക്കിയ വിനു കണ്ടു ദേവിയുടെ ദാവണിയുടെ അതേ കളറിലെ ഷർട്ടും ഇട്ടോണ്ട് നിൽക്കുന്ന നവിയെ… തൊട്ട് അപ്പുറത്ത് നന്ദുന്റെ അതേ കളറിലുള്ള ഷർട്ടും ഇട്ടോണ്ട് നിൽക്കുന്ന വരുണിനേം…
ഗോപിക ഒരു ചിരിയോടെ അവരെ നോക്കി കൊണ്ടു അകത്തേക്ക് നടന്നു…
ഓഹോ… അപ്പൊ ഇതൊക്കെ വരെ എത്തി അല്ലെ കാര്യങ്ങൾ…
വിനുന്റെ പറച്ചിൽ കേട്ടതും നന്ദും ദേവിയും അവനെ നോക്കി…
എന്തോന്നാ…
സത്യം പറയെടി…ഇത് നീയൊക്കെ മനപ്പൂർവം എടുത്തത് അല്ലെ…ഒരുപോലത്തെ കളർ ഡ്രെസ്സൊക്കെ ഇട്ട് വരാൻ ഇവിടെന്താ വല്ല കപ്പിൾ ഫോട്ടോഷൂട്ടും നടക്കുന്നുണ്ടോ…
ദേ… അമ്പലം ആയിപോയി… ഇല്ലേ കാലുമടക്കി ഒരു ചവിട്ട് തന്നാൽ നീയാ കുളത്തിൽ പോയി കിടക്കും പറഞ്ഞേക്കാം…
ദേവിയുടെ പറച്ചിൽ കേട്ടതും അവൻ നന്ദുന്റെ പിന്നിൽ ഒളിച്ചു… ബുദ്ധിയില്ലാത്ത കൊച്ചാ…
നീയും കൂടെ ഇല്ലാരുന്നോടാ മണ്ടാ ഇന്നലെ ഡ്രസ്സ് എടുക്കാൻ പോയപ്പോ…പിന്നെങ്ങനാ നീയറിയാതെ ഞങ്ങൾ ഒരുപോലത്തെ എടുക്കുന്നെ…
അതും പറഞ്ഞു ദേവിയും നന്ദുവും കൂടെ അകത്തേക്ക് നടന്നു…
അപ്പൊ അവളുമാരല്ല… ഇവന്മാരാണ് വില്ലന്മാർ അല്ലെ…
വിനു താടി ഉഴിഞ്ഞു കൊണ്ടു സംസാരിച്ചു നിൽക്കുന്ന വരുണിനേം നവിയേം നോക്കി പറഞ്ഞു…
………… തുടരും………..

by