രചന – ആതിര
അമ്പലത്തിലേക്കുള്ള യാത്രയിലും ഗീതുവിന്റെ കണ്ണുകൾ പെയ്‌തുകൊണ്ടിരുന്നു.. അവൻ അങ്ങനെ ചെയ്യുമെന്ന് ഓർത്തതില്ലവൾ…തന്നോട് ദേഷ്യം കാണിച്ചാലും അമ്പത്തിലെ കാര്യമായാത് കൊണ്ട് മുടക്കം വരുത്തില്ലെന്ന് കരുതി..തന്റെ ഓരോ മോഹങ്ങളും വിരിയുന്നതിനു മുൻപേ വാടിക്കരിയുന്നു എന്നവൾ വേദനയോടെ ഓർത്തു.. ഓട്ടോക്കാരൻ ശ്രെദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ അവൾ മുഖം അമർത്തി തുടച്ചു..ഓട്ടോ അമ്പലമുറ്റത്തെത്തിയതും അവൾ പൈസ കൊടുത്ത് ഇറങ്ങി..അവധി ദിവസം അല്ലാതിരുന്നിട്ട് കൂടി നല്ല തിരക്ക്… ഒരു വശത്തായി പടവുകൾ കെട്ടിയ കുളമുണ്ട്..കുളത്തിന്റെ പടവുകൾ ഇറങ്ങി അല്പം വെള്ളം മേത്തും തലയിലും തളിച്ച് രസീത് കൗണ്ടറിലേക്ക് നടന്നു.. “ഒരു ഭാഗ്യസൂക്തം..ഒരു അർച്ചന” “പേരും നാളും പറഞ്ഞോളൂ..”രസീത് കൗണ്ടറിൽ ഇരിക്കുന്ന അയാൾ പറഞ്ഞു.. “സിദ്ധാർത്ഥ് ,മകയിരം..” അവളുടെ പേരിലും കഴിപ്പിക്കാൻ ദേവി പറഞ്ഞ വഴിപാടുകൾ ഗീതു വേണ്ടന്ന് വെച്ചു..എന്തോ അങ്ങനെ ചെയ്യാൻ അവൾക്ക് തോന്നി.. രസീതും വാങ്ങി പൈസയും കൊടുത്തവൾ അമ്പലത്തിലേക്ക് കയറി..
പൂജയ്ക്കായി പൂജാരി നട അടച്ചിട്ടിരിക്കുകയായിരുന്നു.. ശ്രീകോവിലിനുള്ളിൽ നിന്നും മന്ത്രോച്ചാരണങ്ങൾ കേൾക്കാം…ശ്രീ കോവിലിന് സമീപം രസീത് വെച്ചിട്ടവൾ ഉപദേവതകളെ തൊഴുതു ശ്രീകോവിലിന് പ്രദക്ഷിണം വെച്ചു..നടയ്ക്ക് മുന്നിൽ എത്തിയപ്പോഴേക്കും നട തുറന്നു..ദീപപ്രഭയിൽ മുങ്ങിയ ദേവി വിഗ്രഹം..പട്ടുചേല ചുറ്റിയിരിക്കുന്നു. ചന്ദനത്താൽ മുഖച്ചാർത്ത് ചെയ്ത് നെറ്റിയിൽ വലിയ കുങ്കുമ പൊട്ട് തൊടുവിച്ചിരിക്കുന്നു..സദാ ചിരിക്കുന്ന ഭാവമാണ് ദേവിയ്ക്ക്.. “അമ്മേ അറിഞ്ഞുകൊണ്ടൊരു തെറ്റും ഞാൻ ചെയ്തിട്ടില്ല..നീ തന്നെയല്ലേ സിദ്ധുവേട്ടൻ വെറുക്കുന്ന ഈ രൂപം എനിക്കായി തന്നത്..സിദ്ധുവേട്ടൻ എന്നെങ്കിലും തന്നെ അംഗീകരിക്കണേ.. ഞാൻ കാരണം ഒരുപാട് വിഷമിക്കുന്നുണ്ട്..സിദ്ധുവേട്ടന്റെ സങ്കല്പങ്ങളിലുള്ള പെണ്ണായിരുന്നില്ല ഞാൻ..ഒരു പാട് പ്രതീക്ഷകൾ ഇല്ലെങ്കിങ്കിലും ഏതൊരു പെണ്ണിനേയും പോലെ എനിക്കും ഉണ്ടായിരുന്നു സ്വപ്നങ്ങൾ..
സിദ്ധുവേട്ടൻ അംഗീകരിച്ചില്ലെങ്കിലും ന്റെ നിരപരാധിത്തം മനസ്സിലാക്കുമെന്ന് വിചാരിച്ചയെന്നെ നീയൊരു വിഡ്ഠിയാക്കി കളഞ്ഞില്ലേ ദേവി..ആദ്യ രാത്രിയിൽ തന്നെ നെഞ്ചു തകർക്കാൻ മാത്രം എന്ത് പാതകമാണ് ഞാൻ ചെയ്തതത്…??ഇനി മുന്നോട്ട് കാത്തിരിക്കുന്നത് എന്താണ്??അവഗാനയും വേറുപ്പും മാത്രമാണിന്ന് കൈമുതൽ…വേദന മാത്രം സഹിക്കാനായി എന്തിനായിരുന്നു ഭഗവതി ഇങ്ങനൊരു ജന്മത്തെ ഭൂമിയിലേക്ക് പടച്ച് വിട്ടത് ??വേണ്ടിയിരുന്നില്ല.. അറിയാല്ലോ ,അതിനും മാത്രം ത്രാണി ഒന്നും ഈ മനസ്സിനില്ല.. എന്തും സഹിക്കാനുള്ള മനക്കട്ടി നീ തരണേ.. കൈവെടിയരുതെ അമ്മേ.” സങ്കടങ്ങൾ ആ നടയിൽ ഗീതു പെയ്തു തീർത്തു..തന്റെ താലിയുടെ അവകാശിയുടെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു..വഴിപാടും വാങ്ങി നെറ്റിയിലും താലിയിലും പ്രസാദം ചാർത്തി തിരിച്ചിറങ്ങുമ്പോൾ കണ്ടു ,പരസ്പരം ചന്ദനം ചാർത്തുന്ന ദമ്പതികളെ.. അടുത്തിടെ കല്യാണം കഴിഞ്ഞതാണ്..അമ്പലത്തിലേക്ക് ഒരുമിച്ചുള്ള ആദ്യത്തെ വരാവാണെന്ന് തോന്നുന്നു..ആ പെണ്കുട്ടിയുടെ കണ്ണുകളിൽ നാണം തുളുമ്പുന്നുണ്ട്..അവൾ അവരെത്തന്നെ നോക്കി നിന്നു..
താനും സിദ്ധുവുമാണ് അതെന്ന് വെറുതെ സങ്കൽപ്പിച്ചു താലിയിൽ മുറുകെ പിടിച്ചു.. അമ്പലത്തിനടുത്ത് തന്നെ ഓട്ടോ സ്റ്റാൻഡ് ഉള്ളതിനാൽ ഓട്ടോ കിട്ടാൻ പ്രയാസം ഉണ്ടായില്ല..വീടിന് കുറച്ച് മാറി ഓട്ടോ നിർത്താൻ ആവശ്യപ്പെട്ടവൾ ഇറങ്ങി വീട്ടിലേക്ക് നടന്നു..ഇല്ലെങ്കിൽ സിദ്ധു എവിടെയെന്നുള്ള ചോദ്യം വരും.. മുറ്റത്ത് തന്നെ ഭാഗ്യ കുഞ്ഞിനെയും കൊണ്ട് നിൽക്കുന്നു..കുഞ്ഞിന് എന്തെല്ലാമോ കാണിച്ച് കുറുക്ക് കൊടുക്കുവാണ്..കൊടുക്കുന്നതിലും വേഗത്തിൽ വായില്നിന്ന് പുറത്തേക്ക് തുപ്പുന്നുണ്ട്.. കുഞ്ഞിന് കുറുക്ക് കൊടുത്ത് തിരിയുമ്പോഴാണ് ഗീതുവിനെ സൗഭാഗ്യ കണ്ടത്..അവളെ കണ്ടതും കുഞ്ഞ് ഗീതുവിന്റെ മേലേക്ക്ചാടി.. കുഞ്ഞിന്റെ വയറിൽ മുഖം ചേർത്തവൾ ഇക്കിളിയാക്കി.. കുഞ്ഞ് കുണുങ്ങിച്ചിരിച്ചു.. “കുറുക്ക് കഴിക്കാനുള്ള മടിയാടി.. അതാ ഈ കള്ളിപ്പെണ്ണ് നിന്നെ കണ്ടപ്പോഴേ ന്റെ കയ്യീന്ന് ചാടിയത്..” “താ ചേച്ചി ഞാൻ കൊടുക്കാം” കയ്യിലെ പ്രസാദം ഭാഗ്യയെ ഏല്പിച്ചവൾ കുറുക്ക് കയ്യിൽ വാങ്ങി.. “”ആ ചേച്ചീടെ ചക്കിമോൾക്ക് കുറുക്ക് കഴിക്കാൻ മടിയാണോ..?സുന്ദരിമണി വാ തുറന്നേ..” കഞ്ഞിന്റെ വായിലേക്ക് അവൾ കുറുക്ക് നിറച്ച സ്പൂൺ വെച്ചു..
“പഴയപോലെ ഗീതുചേച്ചിയല്ല ചക്കിമോളെ..അമ്മായിയാണ് കെട്ടോ..നിന്റെ സിദ്ധുമാമന്റെ ആള്..ഗീതുമ്മായി..മനസ്സിലായോ ചക്കരവാവയ്ക്ക്..” “ഗീതുവേ …അവനെന്തിയേ?നിങ്ങൾ രണ്ടാളും കൂടി അമ്പലത്തിൽ പോയെക്കുവാന്ന് അമ്മ പറഞ്ഞല്ലോ..നിന്നെ നിന്നെ ഒറ്റക്കാക്കി അവൻ എവിടെപ്പോയി..?? “ഇല്ലേ ചേച്ചി..ദേ സിദ്ധുവേട്ടൻ എന്നെ ഈ ഗേറ്റിന് മുൻപിൽ വരെ കൊണ്ടുവിട്ടു..അത്യാവശ്യമായി ആരെയോ കാണാനുണ്ടെന്ന്..” “ഹ് മ്മ്..നീ വന്ന കാലിൽ നിൽക്കാതെ അകത്തോട്ട് കയറ്..” “ഗീതു ,സിദ്ധു എവിടെ..??”കാർത്തിക്കാണ്.. മോഹനും കാർത്തിക്കും ഡൈനിങ് റ്റേബിളിൽ ഇരുന്ന് ചായ കുടിക്കുന്നു..ദേവിയും ഉണ്ട് അടുത്ത്..സൗഭാഗ്യയോട് പറഞ്ഞ അതേ മറുപടി അവൾ അവിടെയും ആവർത്തിച്ചു..കുഞ്ഞിനെ ഭാഗ്യയുടെ കയ്യിൽ കൊടുത്ത് മുറിയിലേക്ക് കയറി ഡ്രസ്സ് മാറ്റാൻ തുടങ്ങിയതും ഡോറിൽ മുട്ടാൻ തുടങ്ങി..വേഗം തന്നെ ഡ്രസ് ചെയ്ത് വാതിൽ തുറന്നു. സിദ്ധുവായിരുന്നു..കണ്ടിട്ടും ഒന്നും മിണ്ടിയില്ല.. “എനിക് ഡ്രസ് മാറണം..” താൻ മുറിവിട്ട് പോകാനുള്ള ആഞ്ജയാണതെന്ന് മനസ്സിലായതും ഗീതു മുറിവിട്ട് അടുക്കളയിലേക്ക് ചെന്നു..
ഉച്ചയ്‌ക്കത്തേക്കുള്ള ചോറിനു അരി കഴുകുകയാണ് ദേവി..കുഞ്ഞിനെ കാർത്തിക്കിനെ ഏൽപ്പിച്ച് ഭാഗ്യയും കൂടെയുണ്ട്..സാമ്പാറിനുള്ള കഷ്ണങ്ങൾ നുറുക്കുകയാണ് സൗഭാഗ്യ…ഗീതു സൗഭാഗ്യയുടെ കൂടെ ചേർന്ന് പച്ചക്കറി അരിയാൻ തുടങ്ങി.. “ഗീതു വീട്ടിൽ വിളിച്ചോ..??”(ദേവി) “രാവിലെ കൊച്ഛച്ചനോടും ചിറ്റയോടും സംസാരിച്ചു..” “നിങ്ങൾ ഉണ്ടിട്ട് ഈ അടുത്തുള്ള വീടുവരെയൊക്കെ ഒന്ന് പോണം കെട്ടോ..ഇല്ലേൽ അതുമതി..ഞാൻ അവനോട് പറഞ്ഞോളാം..” അവൾ ഉത്തരം ഒരു മൂളലിൽ ഒതുക്കി..മൂന്ന് പേരും ചേർന്ന് ഊണ് തയ്യാറാക്കി..ഡൈനിങ്ങ് റ്റേബിളിൽ എല്ലാം ഒതുക്കി വെച്ചു..എല്ലാരേയും ഊണ് കഴിക്കാനായി ദേവി വിളിച്ചു..മോഹനും കാർത്തിക്കും ഇരുന്നതിനു ശേഷമാണ് സിദ്ധു വന്നത്..ഗീതു വേണ്ടന്ന് പറഞ്ഞിട്ടും അവന് അടുത്തുള്ള കസേരയിൽ ദേവി അവളെ പിടിച്ചിരുത്തി.. സിദ്ധുവിന് അതൊട്ടും ഇഷ്ടമായില്ലെങ്കിലും അവൻ പുറത്ത് കാണിച്ചില്ല.. “സിദ്ധു..ദേ അയലത്തെ വീട്ടിലൊക്കെ ഗീതുമോളേം കൂട്ടി പോകണം..പോകുമ്പോൾ കുറച്ച് മുട്ടായിയും വാങ്ങിക്കോ..” “ഹ് മ്മ്.”. “അമ്മേ ഉണ്ടിട്ട് ഞങ്ങളും ഇറങ്ങും..”(സൗഭാഗ്യ) “രണ്ട് ദിവസം കഴിഞ്ഞിട്ട് പോയാപ്പോരെ..??” “അയ്യോ..അമ്മേ ലീവ് നീട്ടികിട്ടില്ല..കല്യാത്തിന് തന്നെ ലീവ് തരില്ലായിരുന്നു..ഒരു വിധത്തിലാ ഒപ്പിച്ചേ.. നാളെ ജോലിക്ക് പോകണം അമ്മേ..”(കാർത്തിക്) “മ്മ്..ഇനി നിങ്ങൾക്കെന്നാ പോകണ്ടേ..??”മോഹനോട് ദേവി അല്പം ദേഷ്യത്തോടെ ചോദിച്ചു..
“ഞാൻ ഒരാഴ്ച്ച കഴിഞ്ഞേ പോകുന്നുള്ളൂ..നിനക്ക് നിർബന്ധാണേൽ നാളെ തന്നെ പോയേക്കാം..എന്തേയ്..?? മോഹന്റെ മറുപടി എല്ലാവരിലും ചിരിപാടർത്തി.. ചിരിക്കുന്നതിനിടയിൽ ഗീതുവിന്റെ കണ്ണുകൾ സിദ്ധുവുമായി കോർത്തപ്പോൾ അവൻ മുഖം വെട്ടിച്ചു.. ഊണ് കഴിച്ചതിനു ശേഷം കാർത്തിക്കും സൗഭാഗ്യയും തിരിച്ചു പോയി..ദേവി പറഞ്ഞതനുസരിച്ച് അയൽ വീടുകളിൽ പോകാനായി ഗീതു ഡ്രസ് മാറി ഒരുങ്ങി നിൽക്കുവാണ്..ഇടക്ക് പുറത്ത് പോയിട്ട് വരാമെന്ന് ദേവിയോട് പറഞ്ഞിട്ട് പോയത്തതാണ് സിദ്ധു..വൈകിട്ട് 5.30 കഴിഞ്ഞിട്ടും അവനെ കാണുന്നില്ല.. “അപ്പച്ചി ഇങ്ങോട്ട് മാറ് ഞാൻ ചായ ഉണ്ടാക്കാം”അടുക്കളയിൽ ചായ അനത്തുന്ന ദേവിയോടവൾ പറഞ്ഞു.. “വേണ്ട മോളേ..ഡ്രസ് അഴുക്കാകും..നിങ്ങൾക്ക് പോകേണ്ടതല്ലേ..” “ഇല്ലപ്പച്ചി ..സിദ്ധുവേട്ടൻ ഇപ്പോഴൊന്നും വരില്ലായിരിക്കും.. ചായ ഉണ്ടാക്കീട്ട് പോയൊന്ന് കുളിക്കണം..ഭയങ്കര ഉഷ്ണം.. ഉച്ചക്ക് തൊട്ട് വെറുതെ ഇതൊക്കെ എടുത്തിട്ട് നിൽക്കുവല്ലേ..ഭയങ്കര ചൂടാ ഇതിന്..” ചായ പകർത്തുന്നതിനിടയിൽ അവൾ പറഞ്ഞു..
ഉള്ളിലെ പൊള്ളുന്ന ചൂടിനോളം അത് വരില്ലെന്ന് അവൾക്ക് തോന്നി.. ബാത്‌റൂമിൽ കയറി ഷവറിന് ചോട്ടിൽ നിൽക്കുമ്പോൾ വെള്ളത്തുള്ളികൾക്ക് പോലും അവളുടെ ഉൾചൂടിനെ തണുപ്പിക്കാനായില്ല… രാത്രി ഏറെ വൈകിയാണ് സിദ്ധു വന്നത്..എവിടെയായിരുന്നു എന്ന ദേവിയുടെ ചോദ്യത്തിന് ഒരത്യാവശ്യം ഉണ്ടെന്ന് മാത്രം പറഞ്ഞു അവൻ..ചോറുണ്ണാൻ വിളിച്ചപ്പോൾ കഴിച്ചെന്നു പറഞ്ഞു.. ഗീതുവിനും അത്താഴം ഇറങ്ങുന്നില്ലയിരുന്നു..പാത്രത്തിൽ നുള്ളി പെറുക്കി ഇരുന്നു.. “അവൻ ഇടയ്ക്ക് അങ്ങനാ മോളേ..മോളത് കാര്യമാക്കാതെ കഴിക്ക്..”അവൻറെ പ്രവൃത്തിയിൽ ദേഷ്യം തോന്നിയെങ്കിലും വെറുതെയൊരു മുഷിച്ചിൽ വേണ്ടന്ന് വെച്ചാണ് മിണ്ടാതെയിരുന്നത്.. ഗീതു മുറിയിലേക്ക് ചെന്നപ്പോൾ സിദ്ധു കിടന്നിരുന്നു..തന്റെ മെത്ത നീക്കിയിട്ടവൾ കിടന്നു.. കുത്തൊഴുക്കിൽ ദിശതെറ്റി ഒഴുകുന്ന തോണി പോലെ എങ്ങോട്ടന്നില്ലാത്ത ജീവിതയാത്ര.. വരാനിരിക്കുന്നത് അഗാധ ഗർത്തമാണോ അതോ തീരത്തെ പുല്കാനാണോ ഈ യാത്രയെന്ന് മാത്രേ ഇനി അറിയേണ്ടതുള്ളൂ.. നല്ലൊരു നാളായെ കണികണ്ടുകൊണ്ട് ഗീതുവിന്റെ കണ്ണുകൾ നിദ്രയെ പുൽകി…
(തുടരും)

by