24/04/2026

രചന – റജിൻ മുരളീധരൻ

 

ആരുമില്ലാത്തവൾ
✳️✳️✳️✳️✳️✳️✳️

ജയന്തി ജനത എക്സ്പ്രസ്സ്‌ ഭൂമി കുലുക്കി ചൂളം വിളിച്ച് കുതിച്ചു പായുന്ന ട്രാക്കിനരികിലായി വിവസ്ത്രയായി രക്തത്തിൽ കുളിച്ചവൾ കിടന്നു. തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള പാതിവഴിയിൽ ഉപേക്ഷിച്ചു പോയ ഭർത്താവിനെ ശപിച്ചു കൊണ്ടവൾ അലമുറയിട്ടു. ഊരും പേരും അറിയാത്തവനെ പ്രേമിച്ച നാട്ടിൻ പുറത്തുകാരിക്ക് വയറ്റിൽ ഉണ്ടായപ്പോൾ നാട്ടുകൂട്ടം കല്പിച്ചതാണ് വിവാഹം. കേരളത്തിൽ അയാൾക്ക് വേറെ ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞത് വളരെ വൈകിയാണ്. അപ്പോഴേക്കും അവൾ ഒരു പെൺകുഞ്ഞിന്നെ പ്രസവിച്ചിരുന്നു. പാലം പണിയുടെ കോൺടാക്ട് കഴിഞ്ഞു അയാൾ നാട്ടിലേക്ക് തിരിച്ച് പോകുമ്പോൾ തന്നെയും മോളെയും കൂടെ കൊണ്ട് പോകാൻ വാശിപിടിച്ചത് അപ്പയും അമ്മയുമാണ്. പക്ഷെ പേരറിയാത്ത നാട്ടിൽ വച്ച് ട്രെയിനിൽ നിന്നയാൾ ഇറങ്ങി പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

കയ്യിൽ ടിക്കറ്റോ ബുക്കിങ് ലിസ്റ്റിൽ പേരോ ഇല്ലാത്തതു കൊണ്ട് ഇടയ്ക്ക് വച്ച് എവിടെക്കെന്നില്ലാതെ ഇറങ്ങേണ്ടി വന്നു. വിശന്നു കരഞ്ഞ കുഞ്ഞിനെയുമെടുത്ത് ജീവിതം അവസാനിപ്പിക്കാനിറങ്ങിയതാണ്.. പാതയിലൂടെ പാഞ്ഞു വരുന്ന തീവണ്ടിക്കുമുൻപിൽ കണ്ണടച്ച് മകളെയും നെഞ്ചിൽ ചേർത്ത് നിൽക്കുമ്പോഴാണ് കരുത്തുറ്റ കരങ്ങൾ ബലമായി പിടിച്ച് വലിച്ച് കൊണ്ട് പോന്നത്. രക്ഷിക്കാനാകുമെന്നാണ് ആദ്യം കരുതിയത്. പക്ഷെ നേരെ തിരിച്ചായിരുന്നു…

അവളിലേക്ക് ആഴ്ന്നിറങ്ങിയ അവസാന മനുഷ്യനെ അവൾക്ക് ഓർത്തെടുക്കാനായില്ല. അയാളുടെ ഇരുക്ക് മുഷ്ടി കൊണ്ടുള്ള ആദ്യത്തെ പ്രഹരത്തിൽ തന്നെ അടിവയർ പൊത്തി പിടിച്ചവൽ നിലത്തേയ്ക്ക് വീണിരുന്നു.
അയാൾക്ക് മുൻപ് അവളെ വിവസ്ത്രയാക്കിയ മറ്റു മൂന്നുപേരും ശബ്ദം പുറത്ത് വരാതിരിക്കാൻ വായ് കൈകൊണ്ട് മുറുക്കി അടച്ചതല്ലാതെ മർദ്ദിച്ചിരുന്നില്ല.

കണ്ണ് രണ്ടും പുറത്തേക്ക് തുറിച്ച് ഒരല്പം ശ്വാസത്തിനുവേണ്ടി പിടയുന്ന നേരത്തു പോലും അവസാനം വന്നയാൾ ക്രൂരത നിറുത്തിയില്ല.. എല്ലാം കഴിഞ്ഞു മരണത്തോട് മല്ലടിച്ചു കിടക്കുന്ന അവളെ ഉപേക്ഷിച്ചവർ നടന്ന് അകലുമ്പോൾ കയ്യിൽ നിന്നും തട്ടിപ്പറിച്ചു ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ തേടിപ്പിടിക്കുവാൻ കഴിയാതെ പിടയുകയായിരുന്നു മനസ്സ്. കുറച്ചു മുൻപ് വരെ പൊന്തക്കാടിന് അരികിൽ നിന്നും കേട്ട ഒന്നര വയസ്സുകാരിയുടെ കരച്ചിലിന്റെ ശബ്ദം ഇടയിലെപ്പോഴോ മുറിഞ്ഞുപോയത് അവളറിഞ്ഞില്ല.. മരം കോച്ചുന്ന തണുപ്പിൽ കുഞ്ഞിന് എത്രനേരം പിടിച്ച് നിൽക്കാനാവുമെന്ന് അവൾക്കറിയില്ലായിരുന്നു.

തളർന്ന കാലുകൾക്ക് ഒരടിപോലും മുന്നോട്ട് വയ്ക്കാനാവില്ലഎന്ന് തിരിച്ചറിഞ്ഞതോടെ അവൾ വാവിട്ട് നിലവിളിച്ചു..കീറിപ്പറിഞ്ഞ കോട്ടൺ സാരി രക്‌തമൊഴുകി നനഞ്ഞു കുതിർന്നു.. പതിയെ അവളുടെ ബോധം നഷ്ടമായിത്തുടങ്ങി മരിക്കുന്നതിന് മുൻപ് വേദനഅറിയാതിരിക്കാൻ ശരീരത്തിന് കിട്ടിയ വരദാനം..അടുത്തെവിടെ നിന്നോ തന്റെ കണ്മണിയുട ചിണുങ്ങി കരച്ചിൽ കാതിൽ പതിച്ചപ്പോഴാണ് അടഞ്ഞു പോകുന്ന മിഴികളെ വലിച്ചു തുറന്നവൾ ഏന്തി വലിഞ്ഞു എത്തി നോക്കിയത്.
നേർത്ത നിലാവെളിച്ചതിൽ മുന്നിൽ കണ്ട കാഴ്ച്ച ആവളുടെ കണ്ണ് നിറച്ച് കളഞ്ഞു.

കമ്മ്യൂണിസ്റ്റ് പച്ചകൾ പടർന്നു പന്തലിച്ചു നിൽക്കുന്ന പൊന്തക്കാടിനു അരികിലായി ഒരു തെരുവ്പട്ടി ചുറ്റുമുള്ള അനക്കങ്ങളെ ജാഗ്രതയോടെ നോക്കി കണ്ട് തന്റെ കണ്മണിയ്ക്ക് ചൂട് പകർന്നുകൊണ്ട് കിടക്കുന്നു. അതിന്റെ ഒട്ടിയ വയറിലെ മുലക്കാമ്പിൽ മുഖം ചേർത്ത് പാതിയുറക്കത്തിലാണ് അവൾ..

വേദനയിലും മൈഥിലിയുട ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു. കുറച്ചേറെ നേരം ആ കാഴ്ച്ച നോക്കി കിടന്ന അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു പോകുന്നുണ്ടായിരുന്നു ദീർഘമായ നിദ്രയിലേക്ക് എന്നപോലെ..