22/04/2026

രചന – സജിത സാജു

പ്രവാസിയുടെ ഭാര്യ😒
——————————
രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിലാണ് സീത…..
നേരം വെളുത്ത അന്തിയാകും വരെ ഈ നാല് ചുമരുകൾക്കുള്ളിലാണ് അവളുടെ ലോകം… മക്കൾ ഇതുവരെയും ഉണർന്നിട്ടില്ല… ഉണരുമ്പോളേക്കും പ്രാതലിന് എന്തേലും ഉണ്ടാക്കണം…
എന്ത് ഉണ്ടാക്കും എന്ന അറിയാത്തത്…
ഇഡ്ഡലിയോ ദോശയോ ആക്കാം എന്നുവച്ച ഉഴുന്നുപരിപ്പ് തീർന്നിട്ട് ദിവസം രണ്ടായി…
അതുമാത്രമല്ല പലചരക്ക് സാധനങ്ങൾ പലതിന്റെയും പാത്രം കാലിയാണ്…
ഓരോന്നോർത്തു നിന്നപ്പോളേക്കും അടുപ്പത്തെ വെള്ളം തിളച്ചുമറിഞ്ഞു തുടങ്ങി… തേയിലയും പഞ്ചസാരയും ചെറിയ സ്പൂണിൽ ആക്കി വെള്ളത്തിലേക്ക് ഇടുമ്പോൾ അറിയാതെ ആണെങ്കിലും ഒരാഴ്ചയായി കാലിയായി ഇരിക്കുന്ന ഗ്യാസ് കുറ്റിയിലേക്ക് മിഴികൾ ചലിച്ചു….
ഒരു നെടുവീർപ്പോടെ അരിപൊടിപാത്രത്തിൽ അടിയിലായി ബാക്കി കിടന്ന പൊടി എടുത്തു പാത്രത്തിലേക്കിട്ടു…

” ഹ.. കഷ്ടി രണ്ടു കുറ്റി പുട്ടിനുള്ളതുണ്ട്… ”

ഫോണ് തുടരെ ചിലയ്ക്കുന്ന ശബ്ദം സീതയിലേക്ക് എത്തിയപ്പോൾ അടുക്കളയിൽ നിന്ന് ഉടുത്തിരുന്ന നൈറ്റിയില് കൈയ്യും തുടച്ച് മുറിയിലേക്ക് നടന്നു… കെട്ടുപിണഞ്ഞു കിടന്നുറങ്ങുന്ന മക്കൾ രണ്ടുപേരെയും ഒന്ന് നോക്കിയാ ശേഷം അവൾ ഫോണെടുത്തു…… വിനോദേട്ടനാണ്…. സന്തോഷത്തോടെ ഫോൺ ചെവിയോട് ചേർത്തു….

“ഹലോ വിനോദേട്ടാ…. രണ്ട് മൂന്ന് ദിവസായല്ലോ വിളിച്ചിട്ട്….” എന്ന് ചോദിച്ചുകൊണ്ട് സംസാരം ആരംഭിച്ചു….

സൗദിയിൽ ഒരു ടെക്നീഷ്യന്റെ ജോലിയാണ് അവന്….

“ആ സീതേ ഫോണില് പൈസ ഇല്ലായിരുന്നു അതാണ് വിളിക്കാഞ്ഞത്,പിന്നെ നിനക്ക് സുഖമല്ലേ മക്കളെവിടെ……??? ”
അങ്ങനെ ഒരേ ശ്വാസത്തില് പതിവ് കുശലാന്വേഷണങ്ങൾ…..

“ആ പിന്നെ ഞാന് കുറച്ച് കാശ് അയച്ചിട്ടുണ്ട്…. നിനക്ക് അത്യാവശ്യം ഒന്നും കാണില്ലന്നറിയാം എങ്കിലും അയച്ചെന്നേയുള്ളൂ..സൂക്ഷിച്ച് ചിലവാക്കണേ……!!!! എന്നാ ശരി പിന്നെ വിളിക്കാം….” അവിടെ തീർന്നു അവരുടെ സംഭാഷണം….

എത്ര അയച്ചു എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു സീതയ്ക്ക്, അത് ഇഷ്ടപ്പെടില്ല അതുകൊണ്ട് മെസേജ് എടുത്ത് നോക്കി 5000 വന്നിട്ടുണ്ടന്നുള്ള സന്ദേശം കണ്ടു…..
ഒരിക്കൽ കൂടി അവൻ പറഞ്ഞ വാക്കുകൾ മനസിലേക്ക് കടന്നു വന്നു…..

“ആ പിന്നെ ഞാന് കുറച്ച് കാശ് അയച്ചിട്ടുണ്ട്…. നിനക്ക് അത്യാവശ്യം ഒന്നും കാണില്ലന്നറിയാം എങ്കിലും അയച്ചെന്നേയുള്ളൂ…” വിഷാദചുവയുള്ള ഒരു പുഞ്ചിരി ചുണ്ടിൽ തെളിഞ്ഞു… 😒

രണ്ട് മാസം കൂടി അയ്ക്കുന്നതാണ് ഇതുകൊണ്ട് എന്താവാന് സീത ആശങ്കപ്പെട്ടു….
രണ്ട് കുഞ്ഞുങ്ങളേയും കൊണ്ട് കഴിയുന്നതാണ് മാസാമാസം അയയ്ക്കുന്ന തുകകൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന പാട് തനിക്കേ അറിയൂ….
കൂടുതല് തുക ചോദിച്ചാല് നിനക്കും പിള്ളാര്ക്കും എന്താ ഇത്ര ചിലവ് എന്നാകും ചോദ്യം…..

കൊറോണ ജീവിതത്തേയും പിടിമുറുക്കിത്തുടങ്ങിയിരിക്കുന്നു,രണ്ട് മാസം കൊണ്ട് കൈയ്യിലിരുന്നത് മുഴുവനും തീര്ന്നു കടയിലും പറ്റായി…. ആരോടേലും കടം ചോദിക്കാന്നു വെച്ചാല് ഗൾഫുകാരന്റെ ഭാര്യ കടം ചോദിക്കുന്നോ എന്ന ചോദ്യമാകും ആദ്യം വരിക…..
തീരെ വഴിയില്ലാതെ അച്ഛനോട് കഴിഞ്ഞദിവസം വിളിച്ച് ആയിരം രൂപ ചോദിച്ചത്…. ഇനി കേൾക്കാൻ ബാക്കിയൊന്നും ഇല്ല….
“അവന് കിട്ടുന്നത് തികയുന്നില്ലേല് നാട്ടിലോട്ട് തിരിച്ച് വന്ന് വല്ല കൂലിപ്പണിക്കും പോകാൻ പറ…. ” എന്നായി പിന്നെ….

ഇനി ഒന്നും കേൾക്കാൻ വയ്യാത്തതുകൊണ്ടു ഒന്നും മിണ്ടാതെ ഫോണ് വെച്ചു…. ഒരു നെടുവീർപ്പോടെ സീത ഓർത്തു….

എന്തായാലും കിട്ടിയതാകട്ടെ കടയിൽ പോയി വേണ്ടത് വാങ്ങീട്ട് വരാം ബാക്കി അടുത്ത മാസം അയ്ക്കുന്നത് വെച്ച് ശരിയാക്കാം അവൾ ഓർത്തു…..
പെട്ടന്ന് പോയി വരണം ഇളയകുഞ്ഞിനെ മൂത്ത മോളെ ഏല്പിച്ചിട്ട് വേണം പോയി വരാൻ…. അടുത്ത വീട്ടിലെ മനോഹരേട്ടന്റെ ഓട്ടോ വിളിച്ച് പോയിവരാം…. പേടിയാണ് മക്കളെ വീട്ടിൽ തനിച്ചാക്കാൻ.. വേറെ നിവർത്തിയില്ലല്ലോ…

സീത പെട്ടന്ന് ഒരുങ്ങി….
മനോഹരനെ വിളിച്ചതനുസരിച്ച് ഓട്ടോയും അപ്പോളേക്കും വന്നു…. വണ്ടിയിലേക്ക് കയറുമ്പോൾ കേട്ടു അയല്പക്കത്തെ പരദൂഷണ കമ്മറ്റികളുടെ മുറുമുറുപ്പ്….

“ആ ചെക്കനവിടെ കിടന്ന് കഷ്ടപ്പെടുന്നു ഭാര്യ ഓട്ടോയിൽ കറങ്ങി നടക്കുന്നു…. അവന് വല്ല കൊറോണയും പിടിച്ചിട്ടുണ്ടോന്ന് ആര്ക്കറിയാം….”
സീത മറുത്തൊന്നും പറയാൻ പോയില്ല….

അല്ലെങ്കിലും ഗൾഫുകാരന്റെ ഭാര്യമാരുടെ കാര്യത്തില് നാട്ടുകാർക്ക് താല്പര്യം കുറച്ച് കൂടുതലാണല്ലോ അവളോർത്തു… 😏
പോകും വഴി കാശുമെടുത്ത് കടയിലെത്തി സാധനങ്ങളും വാങ്ങി പറ്റും തീര്ത്ത്കഴിഞ്ഞപ്പോഴേ പേഴ്‌സ് കാലിയായി….. ഇനിയിപ്പോൾ പാലിന്റെയും സൊസൈറ്റിയിൽ വച്ച പണ്ടതിന്റെ പലിശ അടക്കാനും എന്ത് ചെയ്യും….
പണ്ടതിന്റെ കാര്യം അടുത്തമാസം പൈസ വരുമ്പോൾ നോക്കാം എന്ന് വയ്ക്കാം…
അപ്പോളും പാലിന്റെ പൈസ അവൾക്കുമുന്നിൽ ചോദ്യചിഹ്നമായി…

അല്ലെങ്കിൽ തന്നെ രാഘവേട്ടന് കയ്യില് പൈസ വച്ചിട്ട് ഞാൻ കൊടുക്കുന്നില്ല എന്ന ചിന്തയാണ്… അവര് നോക്കുമ്പോൾ എന്താ ഗൾഫുകാരന്റെ ഭാര്യയല്ലേ… മാസാമാസം പതിനായിരങ്ങൾ ആണ് അക്കൗണ്ടിൽ വരുന്നത്…. എന്നിട്ടും പാലിന്റെ പൈസ ചോദിക്കുമ്പോൾ മാത്രം ഇല്ല താനും…
ഇവിടുത്തെ അവസ്ഥ എനിക്കല്ലേ അറിയൂ… പറഞ്ഞാലും ആരും വിശ്വസിച്ചെന്നു വരില്ല…
സ്വന്തം വീട്ടുകാര് വിശ്വസിക്കുന്നില്ല പിന്നെയാ നാട്ടുകാര്…

തിരിച്ചുവന്ന് വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും നോക്കി നടക്കുന്നതിനിടയിലാണ് വീണ്ടും വിനോദിന്റെ വിളി എത്തിയത്…..
എന്താണോ ഈ നേരത്ത് അവള് ആശങ്കയോടെ ഫോണെടുത്തു

“ആ സീതേ ഒരു കാര്യം പറയാനാ വിളിച്ചത്..കൊറോണ കാരണം ഞങ്ങടെ കമ്പിനി പൂട്ടി ഇനി എന്ന് തുറക്കുമെന്ന് അറിയില്ല,അടുത്ത മാസമൊന്നും കാശ് ഇനി അയ്ക്കാൻ പറ്റിയെന്ന് വരില്ല നീ ഉള്ളത് വെച്ച് അഡ്ജസ്റ്റ് ചെയ്യണേ..ഞാന് സൗകര്യംപോലെ വിളിക്കാം,….”

ഇടി വേട്ടേറ്റപോലെ മറുത്തെന്തെങ്കിലു പറയുന്നതിന് മുന്നേ നിലച്ച ഫോണും പിടിച്ച് ഭാവിയേപറ്റിയോര്ത്ത് സീത പകച്ച് നിന്നു….. ഇത്രയും നേരം കൂട്ടിയും കിഴിച്ചും ഉണ്ടാക്കി എടുത്ത പദ്ധതികൾ മുഴുവൻ വെള്ളത്തിൽ വരച്ച വര പോലെ ഒരൊറ്റ ഫോൺ കോളിൽ തകർന്നു വീണതോർത്തു തളർന്നു കൊണ്ട്….
അപ്പോളും ഒന്നുമാത്രം മനസ്സിൽ തെളിഞ്ഞു…
“ആരോടും ഒന്നു പറയാനും പറ്റില്ലല്ലോ ഗൾഫുകാരന്റെ ഭാര്യയായി പോയില്ലേ😥”