22/04/2026

എന്റെ വായിൽ നിന്ന് എന്തെങ്കിലും വീണ് കിട്ടിയിട്ട് വേണം നിനക്ക് അടുത്ത അടി തുടങ്ങാൻ… ഞാൻ ഇല്ല പൊന്നേ….

രചന – നസ്റിയ

“പ്ലീസ് മതി ട്ടോ ഈ പിണക്കം ഇനിയെങ്കിലും എന്നോട് ഒന്ന് മിണ്ടാമോ… എന്റെ പൊന്നല്ലേ… “”ഞാൻ ഇനി നിന്നോട് ഒന്നും പറയുന്നില്ല…
എന്റെ വായിൽ നിന്ന് എന്തെങ്കിലും വീണ് കിട്ടിയിട്ട് വേണം നിനക്ക് അടുത്ത അടി തുടങ്ങാൻ…
ഞാൻ ഇല്ല പൊന്നേ….
എന്നെ വിട്ടേക്ക് പ്ലീസ്… ”

“ഓഹോ… അപ്പോൾ പറഞ്ഞു വരുന്നത് ഞാനാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് എന്നല്ലേ…
നമുക്കിടയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരി ഞാൻ ഒറ്റ ഒരാൾ ആണെന്നല്ലേ… അങ്ങനെ തന്നെ ഇരിക്കട്ടെ…എനിക്ക് ഇത് തന്നെവേണം…അല്ലെങ്കിലും എനിക്ക് ആദ്യമേ അറിയാം അവസാനം കുറ്റം മുഴുവൻ എന്റേത് മാത്രമായിരിക്കും എന്ന്… ഞാൻ മാത്രമാണല്ലോ ഇവിടെ വഴക്കാളിയും പ്രശ്നക്കാരിയും…”

“എന്റെ പൊന്നോ എന്നെ അങ്ങ് കൊല്ല്… ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ എന്നെ ഒറ്റയടിക്ക് ഒന്ന് കൊന്ന് തരാമോ നീ…
ഡീ… പെണ്ണേ…എനിക്ക് നല്ലോണം ദേഷ്യം വരുന്നുണ്ടേ എനിക്ക് ഓഫീസിൽ പോണം ന്ന്… ഇപ്പോൾ തന്നെ ഞാൻ ലേറ്റ് ആയി…വൈകിട്ട് ഞാൻ ജോലി കഴിഞ്ഞു വന്നിട്ട് ഇവിടെ ഇരിക്കുമല്ലോ ആ സമയം നീ മഹാഭാരതമോ രാമായണമോ ബൈബിളോ ഖുർആനോ എന്ത് വേണേലും പാരായണം ചെയ്തോ ശ്രദ്ധയോടെ തന്നെ ഞാൻ അത് കേട്ടിരിക്കാം… ഇപ്പോൾ നീ എനിക്ക് അല്പം സ്വൈര്യം തന്ന് എന്നെ ഒന്ന് പോകാൻ അനുവദിക്കുമോ… ”

“ഞാൻ സ്വൈര്യക്കേടാണല്ലേ
വരട്ടെ…അങ്ങനെ ഉള്ളിൽ ഉള്ളത് ഒക്കെയും പുറത്തോട്ട് വരട്ടേ… എങ്ങനെ ആയാലും കുഴപ്പമില്ല എന്റെ സങ്കടങ്ങൾ ഞാൻ ആരോട് പറയും അതൊന്ന് കൂടി പറഞ്ഞുതരാമോ… ”

“ശരി പറഞ്ഞ് തൊലക്ക്…
നിന്റെ സങ്കടങ്ങൾ ഓരോന്നും ഒരൊറ്റ എണ്ണം വിടാതെ പറയെടീ…
ഇവിടെ കേട്ടോണ്ട് ഇരിക്കാം ഞാൻ … ജോലിക്കും പോണില്ല…ഇവിടുന്ന് എങ്ങോട്ടും പോണില്ല പോരേ…എന്താ നിന്റെ പ്രശ്നം…പറഞ്ഞു തൊലക്കെടീ…”

“ഇത് തന്നെയാണ് എന്റെ പ്രശ്നം… ഞാൻ വെറും വഴക്കാളിയായ് മാറിയല്ലേ…
മുമ്പൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ…
എന്നെ സ്നേഹിച്ചു മതി ആയിരുന്നില്ല എന്നെങ്കിലും എന്തെങ്കിലും കാര്യത്തിന് വഴക്കിട്ടാൽ അത് കഴിഞ്ഞ ഉടനെ തന്നെ നമ്മുടെ ഓരോ പിണക്കങ്ങളും ഞാൻ ആസ്വദിക്കുകയാണ്… പിണക്കം കഴിഞ്ഞാലുള്ള ഇണക്കത്തിന് അത്രമേൽ മാധുര്യമാണെന്ന് എന്നൊക്കെ പറഞ്ഞു നടന്ന ആളാണ് ഇപ്പോൾ ഞാൻ കാരണം സ്വസ്ഥത നഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു കോലാഹലം ഉണ്ടാക്കുന്നത്…”

“ദേ… എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടേ… ശരിക്കും നിന്റെ പ്രശ്നം എന്താ…?
ഓഫിസിൽ ഇന്നിനി എന്തൊക്കെ പൊല്ലാപ്പ് ആണ് എന്നെ കാത്തിരിക്കുന്നത് എന്നോർത്ത് ഞാൻ ഉറക്കം ഉണരുമ്പോൾ
ഇന്ന് എന്ത് പറഞ്ഞു വഴക്കിടും എന്നോർത്താണല്ലേ നീ ഉണർന്ന് വരുന്നത് തന്നെ…
കഷ്ട്ടം ഉണ്ട് ട്ടോ…”
ക്ഷമിക്കുന്നതിനും സഹിക്കുന്നതിനും ഒക്കെ ഒരു പരിധിയുണ്ട്…
ഒരു മനുഷ്യൻ എത്ര എന്ന് വെച്ച് സഹിക്കുക….?”

“അങ്ങനെ കഷ്ട്ടപ്പെട്ട് ആരും എന്നെ സഹിക്കണ്ട…എന്നെ സഹിക്കാൻ മേലാ എങ്കിൽ ഇട്ടേച്ചു പൊക്കോളൂ എനിക്ക് സന്തോഷം മാത്രം…”

“എടീ പൊട്ടിക്കാളീ…സത്യത്തിൽ എന്താ നിന്റെ പ്രശ്നം… പറയുന്നുണ്ടോ നീയ്യ്… ”

“എനിക്ക് എന്ത് പ്രശ്നം ഒന്നും ഇല്ല… ഞാൻ കാരണം ഇവിടെ ആരുടെയും സ്വസ്ഥത നഷ്ടപ്പെടണ്ട… ഈ ജീവിതത്തിൽ നിന്നും ഞാൻ അങ്ങ് പോയേക്കാം പോരേ…”

“ആഹാ കൊള്ളാല്ലോ…എങ്ങോട്ട് പോയേക്കാം എന്ന്… അതൂടെ പറഞ്ഞേക്ക്…
എങ്ങോട്ട് പോവുന്നു എന്ന്…”

“ഞാൻ വന്നിടത്തേക്ക് തന്നെ പൊക്കോളാം… പോരേ… സന്തോഷവും സമാധാനവും ആവോളം കിട്ടട്ടെ… ”

“നീ അതിന് ഇങ്ങോട്ട് ഇടിച്ചു കേറി വന്നത് ആണോ… ആണോന്ന്…
ജീവിതകാലം മുഴുവൻ എന്റെ പ്രാണനായ് ചേർത്ത് പിടിച്ച് സ്നേഹിക്കാനല്ലേ പെണ്ണേ നിന്നെ ഞാൻ എന്റെയീ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ട് വന്നത്… എന്റെ രാജ്ഞിയായ് നിന്നെ ഈ കൊച്ച് സ്വർഗ്ഗത്തിൽ വാഴിക്കാൻ… എന്നിട്ട് ഇപ്പോൾ എന്നെ പാതിവഴിയിൽ തനിച്ചാക്കി കടന്ന് കളയാൻ ആണല്ലേ നിന്റെ പ്ലാൻ… നിനക്ക് പോണോടീ പോണോന്ന്… ”

“ആ പോണം…”

“അങ്ങനെ എന്നെ തനിച്ചാക്കി നീ പോവുമോ പോവുമോ… ഓടാതെ അവിടെ നിൽക്കെടീ നിൽക്കാൻ…”

“എന്റെ ചെവിയിൽ പിടിച്ച് ഇങ്ങനെ പിച്ചല്ലേ എനിക്ക് നോവുന്നു… ”

“എന്റെ പൊന്നിന് വേദനിച്ചോ…
സാരമില്ല ഞാൻ തടവി തരാം വേണേൽ ഒരു ഉമ്മയും തരാം ട്ടോ എന്റെ പൊന്നിന് വേണേൽ മാത്രം…”

“അയ്യടാ എനിക്ക് ഉമ്മയും കുമ്മയും ഒന്നും വേണ്ടായേ… ”

“എന്നാലും പെണ്ണെ നീയെന്നെ തനിച്ചാക്കി പോവും അല്ലെ… നിന്റെ മനസ്സ് കല്ലാണോടീ…!”

അവളെ വട്ടം പിടിച്ച് അവൻ ആ ചോദ്യം ചോദിച്ചപ്പോൾ കണ്ണീർ കൊണ്ട് ഒരു പുഴ ഒരുക്കുകയായിരുന്നു അവളുടെ കണ്ണുകൾ…

“എന്റെ പ്രാണനെ വിട്ട് ഞാൻ എങ്ങോട്ട് പോവാനാണ്…
എന്റെ പൊന്ന് എന്നൊപ്പം ഇല്ലെങ്കിൽ എനിക്ക് ശ്വാസം എടുക്കാൻ പോലും പറ്റില്ല…
അത് അവിടെ നന്നായി അറിയാലോ…
ഇതല്ലേ എന്റെ ലോകം
ഈ നെഞ്ചിലെ ചൂട് പറ്റി ഉറങ്ങണം എനിക്ക്…അതേ ചൂടേറ്റ് തന്നെ ഉണരുകയും വേണം …
അവസാന ശ്വാസം എടുക്കുമ്പോഴും എന്റെ മുടിയിഴകളിൽ ആ കൈവിരലുകളാലേ തലോടണം…ഈ മടിയിൽ തലചായ്ച്ച് കിടന്ന് എനിക്ക് മരണത്തെ പുൽകണം…”

“എന്റെ ദൈവമേ
അപ്പോഴും എന്നെ വിടില്ലല്ലേ നീയ്യ് …എന്ത് വിധിയിത്… സഹിക്കാൻ മേലാട്ടോ…”

“പൊന്ന് മോനേ…
ഞാൻ ഇല്ലാണ്ട് സുഖിക്കാന്ന് വല്ല സ്വപ്നവും ഉണ്ടേൽ അതൊക്കെയങ് മണ്ണിട്ട് മൂടിയേക്ക്…
ഇതിയാന്റെ പുക കണ്ടേ ഞാൻ അടങ്ങൂ… ”

“അപ്പൊ നിനക്ക് എന്റെ മടിയിൽ കിടന്ന് അവസാനശ്വാസം എടുക്കണം അങ്ങനെ സ്വർഗ്ഗം പുൽകണം എന്നൊക്കെ പറഞ്ഞത് ചുമ്മാതാണല്ലേ… ”

“നമ്മൾക്ക് മരിക്കണ്ടാന്നേ
ഈ ലോകം ഉള്ളിടത്തോളം കാലം പ്രണയിച്ച് ജീവിക്കാം…ഒരിക്കലും മരിക്കാതെ… മരണത്തിന് വിട്ട് കൊടുക്കാതെ…
നമുക്കും നമ്മുടെ പ്രണയത്തിനും മരണമില്ലാതെ…
നമുക്ക് ഇങ്ങനെ പ്രണയിച്ചോണ്ട് ജീവിക്കാം…!”

“അതാണ്…
നമുക്ക് തല്ക്കാലം മരണത്തെക്കുറിച്ചൊക്കെ മറക്കാന്നേ…എന്നാലോ നമ്മുടെ പ്രണയത്തെ ഒരിക്കലും മറവിക്ക് വിട്ട് കൊടുക്കാതെ….
പ്രണയത്തിന്റെ അതിരുകളില്ലാത്ത അനന്തമായ വിശാലതയുടെ ലോകത്ത്…
പരസ്പരം കൊണ്ടും കൊടുത്തും പിണങ്ങിയും ഇണങ്ങിയും ഇങ്ങനെ മതിവരുവോളം പ്രണയിച്ച് ജീവിക്കാം…!
അല്ല പിന്നേ…”