26/04/2026

അഗ്രഹാരം : ഭാഗം 10

രചന – നിവേദ്യ ഹരിഹരൻ

ഒരു ബ്ലാക്ക് ബിഎംഡബ്ലിയു കാർ ശ്രീശൈലം വീടിന്റെ മുന്നിൽ ചെന്നു നിന്നു.

ഡോർ തുറന്ന് അർജുൻ പുറത്തേക്കിറങ്ങി.
അകത്ത് രാജേന്ദ്രനെ കാണാൻ ആരൊക്കെയോ വന്നിരുന്നു.
അവരോടു സംസാരിക്കുന്നതിനിടയിൽ രാജേന്ദ്രൻ അർജുനെ കണ്ടു.

“ആഹ് അജു..
നീ കിഷോറിന്റെ മോന്റെ കല്യാണത്തിന് പോയിരുന്നോ..??

“പോയിട്ട് വന്നതാ അച്ഛാ…
ഏട്ടൻ എവിടെ???

“അവൻ നിമ്മിയേം കുഞ്ഞിനേം കൊണ്ടു പുറത്തേക്കു പോയി
നിമ്മിക്കെന്തോ ഷോപ്പിംഗ്..

“മമ് അമ്മയോ…

“ജയ അകത്തുണ്ട് ..
എന്താടാ…??

“ഹേയ് ഒന്നൂല്ല….
അച്ഛൻ സംസാരിക്ക്…

അവൻ നേരെ അടുക്കളയിലേക്ക് നടന്നു.

ജയ സർവവന്റ് ശാരദയോടൊപ്പം പണിയിലായിരുന്നു.

ശാരദ പുറത്തേക്ക് പോയപ്പോൾ അവൻ പതിയെ ചെന്ന് ജയയെ പിന്നിലൂടെ കെട്ടിപ്പിടിച്ചു.

“അമ്മേ….

ജയ പെട്ടെന്ന് ഞെട്ടി…!!
“എന്താടാ ചെക്കാ പതിവില്ലാത്ത സ്നേഹം…!
എന്തോ കാര്യം ഉണ്ടല്ലോ…
മത്തങ്ങ നുറുക്കികൊണ്ട് ജയ ചോദിച്ചു.

“ഓഹ് അപ്പോ എനിക്ക് സ്നേഹമില്ലെന്നാണോ അമ്മ പറഞ്ഞു വരുന്നത്.??
അവൻ പരിഭവരൂപേണ പറഞ്ഞു.

“അങ്ങനെ ഞാൻ പറയില്ല.
എന്റെ രണ്ട് മക്കൾക്കും എന്നോട് നല്ല സ്നേഹമുണ്ടെന്ന് എനിക്കറിയാം.

കത്തിതാഴെ വച്ചുകൊണ്ട് ജയ അർജുന്റെ താടിയിൽ സ്നേഹപൂർവ്വം തഴുകി.

“പറ അജു…
എന്താ നിനക്കെന്നോട് പറയാനുള്ളത്..??
ജയ വീണ്ടും ചോദിച്ചു.

“ശ്ശെടാ ഇതെന്തൊരു കഷ്ടമാ…
അവൻ അവരെ കെട്ടിപ്പിടിച്ചിരുന്ന കൈ അയച്ചു.

” അത് പിന്നെ…ഇന്ന് കിഷോറേട്ടന്റെ മകൻ സന്ദീപിന്റെ കല്ല്യാണത്തിന് ഞാൻ പോയിരുന്നല്ലോ …

“പോയിരുന്നു.
അച്ഛൻ നിർബന്ധിച്ചിട്ടല്ലേ നീ പോയത്..

“അതെ അതൊക്കെ ശരി… അവിടെ വച്ച് ഞാനൊരാളെ കണ്ടു…

“ആരെ ???
ജയ ആകാംഷയോടെ അവനെ നോക്കി.

“ഒരു പെൺകുട്ടിയെ…
അവന്റെ മുഖത്ത് ചെറിയ ചുവപ്പ് പടർന്നു.

“ആഹാ…
നീ കല്യാണത്തിന് പോയത് പെൺകുട്ടികളെ നോക്കാനാണോ…
ജയ ചിരിച്ചു.

“ദേ അമ്മ …
സീരിയസ് ആയൊരു കാര്യം പറയുമ്പോൾ…..
അവൻ ദേഷ്യം ഭാവിച്ചു.

“എന്റെ പൊന്നു മോൻ പറ… ഏതാ കുട്ടി…?
സുന്ദരിയാ..??
ജയ അവനെ ഉറ്റു നോക്കി.

“എന്റെ അമ്മേടേ അത്രേം വരില്ല . എന്നാലുമൊരു കൊച്ചു സുന്ദരി..
ആള് ഡാൻസറാ…
സന്ദീപിന്റെ ബ്രൈഡിന്റെ കൂടെ കലാമണ്ഡലത്തിൽ പഠിച്ച കുട്ടിയാ…
പേര് അനുശ്രീ…
പാലക്കാടാ വീട്…
പിന്നൊരു പ്രശ്നം എന്താന്നുവച്ചാൽ ആ കുട്ടി ബ്രാഹ്മിൺ ആണ്.

“നീ ആള് കൊള്ളാല്ലോ അജു ..
ഇത്രേം ഒക്കെ അന്വേഷിച്ചറിഞ്ഞോ…? അവരുടെ കണ്ണുകളിൽ അത്ദുതം നിറഞ്ഞു

“ഓ അതറിയാനാണോ പാട്…
അവൻ അലസമായി പറഞ്ഞു.

“ഇനി ബാക്കി പറ…
ജയ അവനെ കൗതുകപൂർവ്വം നോക്കി.

“ബാക്കിയെന്താ…
അവളെ എനിക്ക് വേണം അമ്മ…!!

അർജുൻ കൈകൾ ജയ യുടെ കഴുത്തിലൂടെയിട്ടു കൊണ്ടു പറഞ്ഞു.

ജയ അവന്റെ മുഖത്തേക്ക് നോക്കി.
അവന്റെ കണ്ണുകൾ പ്രണയാർദ്രമാകുന്നത് ജയ കണ്ടു.

“അത്രയ്യ്ക്ക് ആ കുട്ടി നിന്നെ മോഹിപ്പിച്ചോ അജു.??

“മമ്… വല്ലാതെ…!!
അവന്റെ കണ്ണുകൾ തിളങ്ങി.

“നിനക്ക് ആ കുട്ടിയെ വേണം ശരി…
പക്ഷേ അവൾക്കൊരു മനസ്സില്ലെ നിന്റെ പോലെ …
അതു നീ അറിഞ്ഞോ..?
മറ്റാരെങ്കിലും അവൾടെയുള്ളിൽ ഉണ്ടെങ്കിലോ..??

പെണ്ണിന്റെ മനസ്സ് പണം കൊടുത്ത് വാങ്ങാൻ പറ്റില്ല മോനെ…
അത് നേരിട്ട് ചോദിച്ച് തന്നെ അറിയണം.
ജയയുടെ ശബ്ദം ഗൗരവംപൂണ്ടു.

“അത്…
അതെനിക്ക് അറിയില്ലമ്മ…
അവൻ ആശയക്കുഴപ്പത്തിലായി.

“നിങ്ങൾ അച്ഛനും മക്കളും നടത്തുന്ന ബിസിനസ്സ് അല്ല ഇത്.
ഒരാളുടെ മനസ്സ് നേടാൻ സ്നേഹത്തിലൂടെയേ സാധിക്കു.
പ്രത്യേകിച്ച് ഒരു പെൺകുട്ടിയുടെ…

പിന്നെ കാണുമ്പോൾ തന്നെ വേണമെന്ന് പറയാൻ ആ കുട്ടി ഒരു കളിപ്പാട്ടം ഒന്നുമല്ല.
നീയാദ്യം അവളുടെ മനസ്സറിയാൻ ശ്രമിക്ക്….

ജയ വീണ്ടും പച്ചക്കറികൾ നുറുക്കുന്നതിലേക്ക് ശ്രദ്ധയൂന്നി.

അർജുൻ അടുക്കളയിൽ നിന്നും അവന്റെ റൂമിലേക്ക് നടന്നു.
പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് കാറെടുത്ത് പുറത്തേക്കു പോയി.

❣️❣️❣️❣️❣️

റിസപ്ഷനും കഴിഞ്ഞ് രാത്രിയിലുള്ള ട്രെയിനാണ് അനു തിരിച്ചു പോകാനായി ബുക്കു ചെയ്തിരുന്നത്.
ഗായത്രിയാണ് അവളെ റെയിൽവേ സ്റ്റേഷനിലേക്ക് ആക്കിയത്.
ഗായത്രി പോയിക്കഴിഞ്ഞ് ട്രെയിനിലേക്ക് കയറാൻ തുനിയവേ പിന്നിൽ നിന്നും ഒരു വിളി.

“ടോ.. വൈഫി..

പാർവ്വതി തിരിഞ്ഞു നോക്കി എബിയാണ്.

അവൻ ചിരിച്ചു കൊണ്ട് അവൾക്കടുത്തേക്കു ചെന്നു.

“ദേ ഡോക്ടർ വീണ്ടും …
അങ്ങനെ വിളിക്കരുതെന്നു പറഞ്ഞതല്ലേ ഞാൻ..

“തമാശയ്ക്ക് വിളിച്ചതാടോ ക്ഷമിക്ക്..
അല്ലാ താൻ പോവ്വാണോ ഞങ്ങൾടെ നാട്ടീന്ന്…??

“പിന്നല്ലാതെ എനിക്കിവിടെ നിൽക്കാൻ പറ്റോ ഡോക്ടറെ..
വന്ന കാര്യം കഴിഞ്ഞു.
ഇനി വീട്ടിലേക്ക്…
അവൾ ചിരിച്ചു.

“ഞാൻ തന്നെ കാണാൻ വേണ്ടി നിന്നതാ..
ഈ സമയത്താ തിരിച്ചു പോകുന്നതെന്ന് ഇന്നലെ പറഞ്ഞിരുന്നല്ലോ …
അപ്പോ തന്നെ കണ്ടൊരു യാത്ര പറയാന്നു വിചാരിച്ചു.

“ആഹാ ഡോക്ടർ അത് ഓർത്തിരുന്നുല്ലേ…

“മ്മ് ഓർത്തു..
ഞാൻ മറ്റന്നാൾ വരോള്ളു…
അതുവരെ ലീവാ..
ഇവിടെ കുറച്ച് പ്രോഗ്രാംസ് ഉണ്ട്.
പിന്നെ ബ്രദർ വരും അവനെയും ഒന്നു കാണണം.

ഒറ്റയ്ക്ക് പോവാൻ തനിക്ക് പേടി ഇല്ലല്ലോ…??
എബി അവളെ ചൂഴ്ന്നു നോക്കി

“ഹേയ് എന്തു പേടി ഡോക്ടറെ…
എന്നാലും ചെറിയൊരു ഭയം ഇല്ലാതില്ല.
ഇന്നലെ ഡോക്ടർ ഉണ്ടായതു കൊണ്ട് ഒരു ധൈര്യമായിരുന്നു.

“മമ് എന്തേലും പ്രോബ്ളം ഉണ്ടായാൽ ടിടിഇ യോട് താൻ കംപ്ലെയ്ന്റ് പറഞ്ഞാ മതി.

തന്നെ എന്റെ വീട്ടുകാർക്കു പരിചയപ്പെടുത്തണം എന്നുണ്ടായിരുന്നു എനിക്ക്.
പക്ഷെ തനിക്ക് തിരക്കായിരുന്നല്ലോ…
കുഴപ്പൂല്ല..
അത് പിന്നൊരിക്കൽ ആവാം.

“അതെ… ഡോക്ടർടെ വീട്ടിലേക്ക് എന്തായാലും ഞാൻ ഒരിക്കൽ വരുന്നുണ്ട്…
പോരെ…
അനു പുഞ്ചിരിച്ചു.

“ഓ ശരി…
പിന്നെ അനു…
തന്നോട് എനിയ്ക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്…

“എന്താ ഡോക്ടറെ ഒരു മുഖവുര…
അനു പുരികം ചുളിച്ച് എബിയെ നോക്കി.

” അത്…. അത് ഞാൻ അവിടെ വന്നിട്ട് പറയാടോ…

മ്മ്ഹ്…
ഡോക്ടർടെ ഇഷ്ടം…

” എന്നാ ഓക്കെ ടോ…
താൻ കയറ്…
ട്രെയിന് സമയമായി.
ഹാവ് എ നൈസ് ജേർണി..
വന്നിട്ട് കാണാടോ…

“ശരി ഡോക്ടറെ…
അവിടെ വരുമ്പോ കാണാം…

എബി യാത്ര പറഞ്ഞു പോയി.

അനു ട്രെയിന് അകത്തേക്കു കയറി സീറ്റിലിരുന്നു.
തിരക്ക് വളരെ കുറവായിരുന്നു.
അവൾക്ക് എതിർവശത്ത് ഒരാൾ മാത്രം.
അയാൾ പത്രം നിവർത്തിപിടിച്ചതിനാൽ മുഖം കാണാൻ സാധിച്ചില്ല.

ബാഗ് ഒതുക്കി വച്ച് സീറ്റിലേക്ക് ചാഞ്ഞിരിക്കവേ എതിരെയിരുന്നയാൾ പത്രം മടക്കി.
അയാളുടെ മുഖം വെളിവായി.
ആളെ കണ്ട് അവളൊന്നു അമ്പരന്നു.

“അർജ്ജുൻ !!

അനു പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

ഇയാളെന്താ ഇവിടെ??
ഈ നേരത്ത്??

അവളുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു.

തുടരും