23/04/2026

ദയ ദുർഗ്ഗ : ഭാഗം 50

രചന – നിമ സുരേഷ്

മുകൾ മുറിയിലെ ജനലോരം ചേർന്ന് വഴിവക്കിലേക്ക് കണ്ണും നീട്ടി നിൽക്കുന്ന ദയയെ പിറകിലൂടെ പുണർന്നു ശ്രീറാം….
അതേ നിൽപ്പിൽ നിന്ന് കൊണ്ടവളവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു…

ദയയുടെ സാന്നിധ്യമാസ്വദിച്ച് ശ്രീറാമും , അവന്റെ നെഞ്ചിലെ ചൂട് പറ്റി അവളും മുന്നോട്ടുള്ള അല്പ നിമിഷങ്ങളെ നിശബ്ദമായി തള്ളി നീക്കി…..

“”എന്തിനാ അയാളെ കാണാൻ എന്നെ നിർബന്ധിച്ചത്??””

ദയ ദുഃഖത്തോടെ ചോദിച്ചു….
മറുപടി പറയും മുമ്പേ ശ്രീറാം പിന്നിലൂടെ ദയയുടെ വലത് കവിളിൽ വളരെ നേർമയിൽ ചുണ്ട് ചേർത്ത് , അവളുടെ ഗന്ധം ആവാഹിക്കുന്ന പോൽ ചെറിയ ശബ്ദത്തോടെ ശ്വാസം വലിച്ചെടുത്തു…..

“”എനിക്കങ്ങനെ തോന്നി….പരീക്ഷ എങ്ങനെയുണ്ടായിരുന്നു??””

“”എന്നത്തേയും പോലെ…..””

അലക്ഷ്യമായി പറഞ്ഞവൾ ശ്രീറാമിനഭിമുഖമായി പിന്തിരിഞ്ഞ് അവനെ ഇറുകെ പുണർന്നു…..
ശേഷം നിറഞ്ഞ സ്നേഹത്തോടെ ആ ഇട നെഞ്ചിൽ ചുംബിച്ച് വലത് കവിൾ ഹൃദയത്തോട് ചേർത്ത് വച്ചു …..

“”എനിക്കൊരു കാര്യം…….!!!””

“”പറഞ്ഞോളൂ….””

“”നിധി മോളെ നമുക്ക് വീട്ടിലേക്ക് കൊണ്ട് പോകാം ……??””

ശ്രീറാം മിഴിഞ്ഞ കണ്ണുകളോടെ ദയയെ തന്റെ ദേഹത്ത് നിന്നുമടർത്തി മാറ്റി…..

“”അഖിലിഷേട്ടനോട്‌ അവളെയെനിക്ക് തരാൻ പറയുമോ??””

കുന്നോളം പ്രതീക്ഷയോടെ ദയ ശ്രീറാമിലേക്ക് നോട്ടമെയ്തു …..
അവന്റെ മുഖത്ത് ഭാവ വ്യത്യാസമൊന്നുമില്ലെന്ന് കണ്ടതും അവൾ തുടർന്നു…..””എനിക്കവളെ സ്വന്തമായി വേണം…””

സ്വരത്തിൽ വാശി നിറഞ്ഞു….
ശ്രീറാമിനതൊട്ടും ബോധിച്ചില്ല….

“”താനെന്താണ് ദുർഗ്ഗ ധരിച്ച് വച്ചിരിക്കുന്നത്??
ചോദിച്ചാലുടനെ എടുത്ത് നൽകാൻ ആ കുഞ്ഞെന്താ വല്ല വസ്തുവോ മറ്റോ ആണോ….?
അതിനൊക്കെ ഒരുപാട് ഫോർമാലിറ്റീസ് ഉണ്ട്….””

ശ്രീറാമിന്റെ ശബ്ദം കടുത്തപ്പോൾ ദയക്ക് വിഷമമായി….
അവൾ കണ്ണ് നിറച്ചു…..
എന്നാൽ ശ്രീറാമത് കണ്ടില്ലെന്ന് നടിച്ചു…

“”ഈ ആഗ്രഹം മനസ്സിൽ നിന്നെടുത്ത് കളഞ്ഞേക്കൂ ദുർഗ്ഗാ….
വെറുതെ മോഹിക്കണ്ട…..
നാളെ നമ്മൾ തിരിച്ച് പോയാൽ പിന്നെ എപ്പോൾ വേണമെങ്കിലും തനിക്കവളെ കാണാമല്ലോ…..””

ദയ മറുപടിയൊന്നും പറയാതെ വീണ്ടും ജനലഴികളിൽ പിടിച്ച് ദൂരേക്ക് മിഴികൾ നാട്ടി…..
ആശിച്ചത് കിട്ടാതെ പോയതിന്റെ ദുഃഖം അവളിൽ നുരഞ്ഞ് പൊന്തുന്നുണ്ടായിരുന്നു…..
“”ദുർഗ്ഗ…. അവളെ അടോപ്റ്റ് ചെയ്യുക എന്നൊരു ഓപ്ഷൻ മാത്രമേ നമുക്ക് മുന്നിലുള്ളൂ….
എന്നാൽ അതിന് നമ്മൾ വിവാഹിതരായിട്ട് പോലുമില്ല….
അടോപ്ഷന് എലിജിബിൾ ആകണമെങ്കിൽ വിവാഹം കഴിഞ്ഞ് കുറഞ്ഞത് രണ്ട് വർഷമെങ്കിലും പൂർത്തിയാക്കണം…””

“”എനിക്കവളെ വേണം… എന്റെ കുഞ്ഞായിട്ട്…..””

അവൾ വീണ്ടും വീണ്ടും ആവർത്തിച്ചു….

“”തനിക്ക് എന്നെ വേണ്ടേ??””

അപ്രതീക്ഷിതമായ ശ്രീറാമിന്റെ ചോദ്യത്തിൽ ദയ പകച്ചു പോയി….

“”അല്ല………എന്റെ.. എന്റെ… എന്ന് മാത്രം പറയുന്നത് കൊണ്ട് ചോദിച്ചെന്നേ ഉള്ളൂ….””

ശ്രീറാം വ്യസനപൂർവ്വം അവന്റെ ഭാഗം വിശദീകരിച്ചു ….

ദയ ഞെട്ടി പോയി….
വാക്കുകളെ ഒരോരുത്തർ വ്യാഖ്യാനിക്കുന്ന രീതി….!!
സ്വാർത്ഥയായി പോയോ താൻ??
“”ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല…..
ആരോരുമില്ലാതെ വളരുന്നതിന്റെ നോവും , യാതനകളും ഒരുപാട് അനുഭവിച്ചവളാ ഞാൻ…..
ചൂഷണം ചെയ്യാൻ ഒരുപാട് പേരുണ്ടാകും…കുടുംബത്തിൽ തുടങ്ങി സമൂഹത്തിൽ വരെ…..
ചോദിക്കാനും , അവകാശം പറയാനും ആരുമില്ലാത്തവരാകുമ്പോൾ അതിന്റെ തീവ്രത കൂടും….

ശരിയേതാ തെറ്റേതാ എന്നറിയാതെ  പലയിടത്തും ഞാൻ പകച്ച് നിന്നിട്ടുണ്ട് ശ്രീയേട്ടാ …
ഉള്ളറിയാതെ അയാൾ പുറമേക്കൊഴുക്കുന്ന കാപട്യം നിറഞ്ഞ സ്നേഹപ്രകടനങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്…..
ഒരു പ്രായം കഴിഞ്ഞപ്പോൾ അയാളുടെ സ്പർശനങ്ങളിലും , ചുംബനങ്ങളിലും തോന്നിയ അസാധാരണത്വത്തിൽ എന്റെ കുഞ്ഞ് മനസ്സ് വല്ലാതെ ഉഴറിയിട്ടുണ്ട്….
ഒന്നും പറഞ്ഞ് തരാൻ പക്ഷെ ആരും ഉണ്ടായിരുന്നില്ല……
അച്ഛനോ  , അമ്മയോ… ഒരാൾ…
ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ…. എനിക്ക്……ഇങ്ങനെ…..””

ദയയവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് കരഞ്ഞു…..
“”മാറ്റാരേക്കാളും ഏട്ടനെന്നെ മനസ്സിലാകുമായിരിക്കും….
പക്ഷെ ഞാനഭിമുഖീകരിച്ച ദുരനുഭവങ്ങളുടെ കാഠിന്യം ഒരിക്കലും… ഏട്ടന് അറിയാൻ കഴിയില്ല……
ഏട്ടനെന്നല്ല അത്തരമവസ്ഥയിലൂടെ ഒരിക്കലെങ്കിലും കടന്നു പോകാത്ത ആർക്കും….. ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല…
അങ്ങനെയൊരു പരീക്ഷണം ഇനിയൊരു കുഞ്ഞിനും ഉണ്ടാകരുത്….””

മനം പൊള്ളിയടരുന്ന നോവിനാൽ ദയയുടെ സ്വരം ദുർബലമായി…….

ശ്രീറാമിന്റെ കണ്ണുകൾ പുകഞ്ഞു….
കണ്ണുനീർ കവിൾ തടങ്ങളിലൂടെ താഴേക്കൊലിച്ചിറങ്ങി…..
ഹൃദയത്തിൽ ഒരു പാറ കല്ലെടുത്ത് വച്ച പോൽ ഭാരമനുഭവപ്പെട്ടു അവന്….
ദയയെ നെഞ്ചോടടക്കി പിടിക്കുമ്പോൾ  അവൻ നിശബ്ദമായി തേങ്ങി…….
എന്തെന്നാൽ , അവളിലാ നിമിഷമുടലെടുക്കുന്ന വേദന അതേ തീവ്രതയോടെ അവനും അനുഭവിക്കുന്നുണ്ടായിരുന്നു….

❤️❤️❤️
നല്ല നിലാവുള്ള രാത്രി….കുളകടവിലെ കല്പടവിൽ അവർ അഞ്ച് പേരും  ഒരുമിച്ചിരുന്നു…..
ആ വീട്ടിലെ അവസാന രാത്രിയാണതെന്ന് എല്ലാവർക്കും നിശ്ചയമുണ്ടായിരുന്നു….
പ്രത്യേകിച്ച് ദയക്കും  , ശ്രീറാമിനും….

ദേഹത്തെ പുണർന്നു പോകുന്ന ശീത കാറ്റിൽ ദയ വിറ കൊണ്ടപ്പോൾ ശ്രീറാമവളെ തന്റെ കാൽതുടയിലേക്ക് കയറ്റി ഇരുത്തി ശരീരത്തോടമർത്തി പൊതിഞ്ഞു പിടിച്ചു…..

അവന്റെ വിരിഞ്ഞ മാറിടത്തിൽ ഒരു പുഷ്പത്തിന്റെ ,  ഒട്ടും ഭാരമില്ലാത്തൊരിതൾ പോലെ ദയ പറ്റി കിടന്നു….

ദയക്കൊഴികേ ബാക്കിയുള്ളവർക്കവിടെ സംസാരിക്കാൻ ഒരേയൊരു വിഷയമേ ഉണ്ടായിരുന്നുള്ളൂ….
സംഗീതം….!!
മാറി വരുന്ന സംഗീത ശൈലികൾ , ഗാന രചനകൾ , സമകാലിക ഗായകർ , വിവിധ രാജ്യങ്ങളിലെ സ്റ്റേജ് ഷോകൾ അവയിലേ വ്യത്യസ്ഥ ശ്രോതാകൾ…..തുടങ്ങി സംഗീത മേഖലയെ അനുബന്ധിച്ചെല്ലാ ഘടകങ്ങളും അതിലുൾപ്പെട്ടു…..

അവർ തമ്മിൽ സംസാരിക്കുമ്പോൾ ദയ തീർത്തും നിശബ്ദമായിരുന്നു….
മുന്നിലെ തെളിനീർ വെള്ളത്തിൽ കാണുന്ന പൂർണ്ണ ചന്ദ്രന്റെ പ്രതിബിംബത്തിലേക്ക് കണ്ണും നട്ടവൾ ശ്രീറാമിന്റെ ദേഹചൂടിൽ അവന്റെ കുഞ്ഞിനെ പോലെ കുറുകി കൂടിയിരുന്നു…..

അവർ തമ്മിലെ ചർച്ചകൾക്കിടയിൽ ശരൺ പറഞ്ഞ തമാശയിൽ മനസ്സ് തുറന്ന് കുലുങ്ങി ചിരിക്കുന്ന ശ്രീറാമിനെ ദയ തലയുയർത്തി നോക്കി……

സ്വതേ ചെറുതായിരിക്കുന്ന അവന്റെ നിറ പീലി കണ്ണുകൾ ചിരിക്കുമ്പോൾ ഒന്നുകൂടെ
കുറുകുന്നത് അവളിൽ കൗതുകം വിരിച്ചു……
ചിരിക്കുമ്പോൾ നുണക്കുഴികൾക്കൊപ്പം വലത് കീഴ്ചുണ്ടിനോരത്തും ഒരു കുഞ്ഞ് ചുഴി പ്രത്യക്ഷമാകുന്നു….

ഇത് വരെ താനത് ശ്രദ്ധിക്കാതെ പോയതെന്തേ!!!

അവൾ മനസ്സിൽ ചോദിച്ചു…..

തന്നെ മാത്രം നോക്കിയിരിക്കുന്ന ദയയെ ശ്രീറാം പുരികം ചുളിച്ചു നോക്കി….
നേരത്തെ ചിരിച്ചതിന്റ ബാക്കിപാത്രമായൊരു നറു ചിരി അപ്പോഴുമവന്റെ വിടർന്ന , ഇളം റോസ് ചുണ്ടുകൾക്കിടയിൽ ഒളിഞ്ഞിരുന്നു…

“”തണുക്കുന്നോ???””

ചോദ്യത്തോടെ ശ്രീറാം ദയയെ അവന്റെ ദേഹത്തേക്ക് ഒന്ന് കൂടെ ചായ്‌ച്ച് കിടത്തി….
ദയ ഇല്ലെന്ന് ചുമൽ കൂച്ചിയപ്പോൾ ശ്രീറാം മിഴികളാൽ ശരണിനെ നോക്കാനായി ആംഗ്യം കാണിച്ചു…..

അവന്റെ കണ്ണുകളെ പിന്തുടർന്ന ദയ ഗിറ്റാർ പിടിച്ച് തങ്ങളെ പുഞ്ചിരിയോടെ നോക്കിയിരിക്കുന്ന ശരണിനെ കണ്ട് ജാള്യതയോടെ ചിരിച്ചു…..

“”അയ്യാ…ഇത്ര നേരം ഏട്ടനെ വായ്‌ നോക്കിയിരുന്നിട്ട് അവൾടെ അവിഞ്ഞ ചിരി കണ്ടോ …..””

ഗോപു പരിഹസിച്ചപ്പോൾ ദയ അവൾക്ക് നേരെ കണ്ണുകൾ കൂർപ്പിച്ചു….

“”ഗോപൂ…നിന്റെ ഇന്നത്തെ പാട്ട് ഏട്ടനും , ഏട്ടത്തിക്കും തന്നെയായിക്കോട്ടെ…..”””

കൈലാസ് കളിയോടെ അഭിപ്രായപ്പെട്ടു…

“”ആലോചിക്കാം….””

ഗോപികയല്പം ഗമയോടെ പറഞ്ഞ് നിർത്തിയപ്പോൾ മറുപടിയായി എല്ലാവരും പുഞ്ചിരിച്ചു…..
പിന്നീട്….. ,
ശരണും , ഗോപുവും തമിലെന്തൊക്കെയോ ചർച്ച ചെയ്തു..
“”ഏട്ടാ….ചരണം പിടിക്കണേ…..””

ശ്രീറാമിനോടായി പറഞ്ഞ ഗോപികയുടെ വാക്കുകൾക്കവസാനം ശരണിന്റെ വലത് കൈ വിരലുകൾ ഗിറ്റാർ സ്ട്രിങ്സിലൂടെ ചലിച്ചു……

“”പാൽനിലാവിൻ പൊയ്‌കയിൽ… വെൺതുഷാരം പെയ്‌ത പോൽ…..
എൻ കിനാവും മഞ്ഞു..തൂകും…….
നിൻ മുഖം ഞാൻ…കാണെക്കാണെ…
പാൽനിലാവിൻ പൊയ്‌കയിൽ…….””

ബാക്കി തുടരനായി ഗോപികയുടെയും , ശരണിന്റെയും കണ്ണുകൾ ശ്രീറാമിലേക്ക് ചലിച്ചു…
നേർത്ത പുഞ്ചിരിയാലെ തന്റെ നെഞ്ചിൽ ചാഞ്ഞിരിക്കുന്ന ദയയുടെ ശിരസ്സിൽ കവിൾ ചേർത്തവൻ പാടി തുടങ്ങി…

“”നിൻ നിഴൽ പോൽ വേർപെടാതേ വിമൂകമായ് അഗാധമായ് അലിഞ്ഞു ചേർന്നിടാം……””

പതിയെ ശ്രീറാമിന്റെ ഇടത് കൈ വിരലുകൾ ദയയുടെ വലത് കണം കയ്യിലൂടെ ഇഴഞ്ഞവളുടെ വിരലുകളിൽ കോർത്ത് പിടിച്ചു….”””ഈ കരങ്ങൾ കൈവിടാതേ സുഖങ്ങളിൽ നിരാശയിൽ നടന്നു നീങ്ങിടാം……
ഇന്നീ സ്വപ്‌നം തീരാതെങ്കിൽ…
സങ്കൽപ്പങ്ങൾ നേരായെങ്കിൽ…
തമ്മിൽ തമ്മിൽ മോഹം ചൊല്ലി , എന്നും നീയെൻ ചാരെയെങ്കിൽ…
അറിഞ്ഞുവെങ്കിൽ നീ..എൻ സ്നേഹ നൊമ്പരം…..””

ദയയുടെ ചുണ്ടുകൾ വിടർന്നു…..ഒപ്പം കണ്ണുകൾ നിറയുകയും ചെയ്തു….
ആരോ എഴുതിയ വരികൾ….!!
പക്ഷെ അവൻ പാടിയത് തനിക്ക് വേണ്ടിയാണ്….
തന്നെ മനസ്സിൽ നിനച്ചാണ്……!!

അവൾക്കവനെയൊന്ന് ചുംബിക്കാൻ തോന്നി…
വരികളിലെ പോലെ…. അത്രമേൽ അഗാതമായി….
ആഴത്തിൽ….
തന്റെ മുഴുവൻ പ്രണയവും പകർന്ന് നൽകി , ആ രാവ് വെളുക്കുവോളം അവന്റെ കണ്ണിമകളിലും  , നുണകുഴി കവിളുകളിലും….
അധരങ്ങളിലും മാറി മാറി ചുംബിക്കാൻ ഹൃദയം വെമ്പൽ പൂണ്ടു……

ദയ ശ്രീറാമിനോട് ചേർന്നിരിക്കുന്നെന്ന വ്യാചേന ഒന്ന് ചെരിഞ്ഞ് എത്തി വലിഞ്ഞ് മുഖം അവന്റെ കഴുത്തിടുക്കിലേക്ക് ചേർത്തു….
വളരെ പതിയെ… ഒന്ന് ശങ്കിച്ച് കൊണ്ടവൾ തന്റെ ചുണ്ടുകൾ കൂർപ്പിച്ചൊരു ചുംബനം നൽകി…..

ശ്രീറാമൊന്ന് വിറച്ചു…..

“”ദുർഗ്ഗാ…..””

ഇടർച്ച ബാധിച്ച അവന്റെ ശബ്ദം അവൾക്ക് കേൾക്കാൻ മാത്രം പാകത്തിൽ പതിഞ്ഞതും , മൃദുലവുമായിരുന്നു….

ദയ കുസൃതിയോടെ വീണ്ടും ചുംബിച്ചു…..

“”വേണ്ടാ ട്ടോ…””

അവനവൾക്ക് സ്നേഹം കലർന്ന താക്കീത് നൽകി…..

ദയയൊന്ന് അടക്കി ചിരിച്ചു….
പിന്നീടെന്തോ ചിന്തിച്ച് ശ്രീറാമിന്റെ കഴുത്തിനൊരു വശത്ത് മെല്ലെ കടിച്ചു…..

അപ്രതീക്ഷിതമായതിനാൽ ശ്രീറാം എരിവ് വലിച്ചു പോയി ….
അത്ര നേരവും തമ്മിൽ സംസാരിച്ചു കൊണ്ടിരുന്ന ശരണിന്റെയും , കൈലാസിന്റെയും , ഗോപുവിന്റെയും നോട്ടം അവർക്ക് നേരെയായി….
“”എന്ത് പറ്റി ഏട്ടാ??””

“”ഏഹ്… അത്…. അതൊന്നുല്ല..
കൊ.. കൊതുക്……..
കൊതുക് കടിച്ചതാ…”””

കള്ളം പറയുന്നതിന്റെ എല്ലാ പതർച്ചയും നിറഞ്ഞിരുന്നു അവന്റെ വാചകങ്ങളിൽ….
മുഖത്ത് പടർന്ന പരിഭ്രമത്തിലും അത് പ്രകടമായി…..

“”അയ്യോ… പാവം… ദച്ചു ഉറങ്ങി പോയല്ലോ …..””

ശരൺ അലിവോടെ പറഞ്ഞു…
ശ്രീറാമിന്റെ കണ്ണുകൾ കുറുകി…..

“”കള്ളി…..””

അവൻ മനസ്സിൽ ഉരുവിട്ടു….

ദയ ഉള്ളാലെ കുസൃതിയോടെ ഊറി ചിരിച്ചു….

“”തണുത്ത കാറ്റും കൊണ്ടിരുന്നത് മതി..
നേരം ഒരുപാടായി….എന്തെങ്കിലും അസുഖം വരും….
പോയി കിടക്കാൻ നോക്ക്…..ചെല്ല്…..””

അവരെ പറഞ്ഞ് വിടാൻ ശ്രീറാം തിടുക്കം കൂട്ടി…

“”ഏട്ടാ… കുറച്ച് നേരം കൂടെ….””

“”പറ്റില്ല….ഡ്രൈവ് ചെയ്യാനുള്ളതാ….ഉറക്കമൊഴിച്ചാൽ ശരിയാകില്ല……””

ശ്രീറാമിന്റെ സ്വരം മുറുകി….
മറ്റ് നിവർത്തിയില്ലാതെ മൂവരും മടിയോടെ എഴുന്നേറ്റു…….

“”ദച്ചൂനെ….??””

ഉറക്കം നടിച്ച് കിടക്കുന്ന ദയയെ നോക്കി ശരൺ ചോദിച്ചു….

“”അത് ഞാൻ നോക്കിക്കോളാം…നിങ്ങൾ പൊയ്ക്കോളൂ…..””

മൂവരും സമ്മത പൂർവ്വം തലയാട്ടി , ശ്രീറാമിനോട്‌ ഗുഡ്നൈറ്റും പറഞ്ഞ് അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി…..

അവർ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം ശ്രീറാം ദയയെ നോക്കി…..

ഇപ്പോഴും കണ്ണടച്ച് കിടക്കുകയാണ് പെണ്ണ്…..
കള്ളത്തരം കാണിക്കുന്നതിന്റെ കള്ള ചിരി ചുണ്ടിൽ തത്തുന്നത് ശ്രീറാം കാണാതിരിക്കാൻ അവ ഉള്ളിലേക്ക് കൂട്ടി പിടിച്ച് കിടക്കുകയാണവൾ ….

ശ്രീറാം മുഖം താഴ്ത്തി അവളുടെ കവിളിൽ അമർത്തി കടിച്ചു….
വേദനയാൽ പുളഞ്ഞ് ദയ കണ്ണുകൾ തുറന്ന നിമിഷം ശ്രീറാം അതേയിടത്ത് ചുംബനങ്ങളർപ്പിച്ചു….

ദയ ചിണുങ്ങി ചിണുങ്ങി അവന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി മുഖം ചെവിയിടുക്കിലേക്കടുപ്പിച്ചു…..

“”ഐ ലവ് യൂ……””

ദയ പെറുക്കി പറഞ്ഞത് കേട്ട് ശ്രീറാം അവളെ ദേഹത്ത് നിന്നടർത്തി മാറ്റി സൂക്ഷിച്ചു നോക്കി…..

“”ശരിയല്ലേ???””

അവൾ നിഷ്കളങ്കമായി മുഖം ചുളിച്ചു…..

“”അർത്ഥം അറിഞ്ഞിട്ടാണോ അങ്ങനെ പറഞ്ഞത്??””

ശ്രീറാം ഗൗരവത്തോടെ ചോദിച്ചത് കേട്ട് ദയ ആശയ കുഴപ്പത്തിലായി…
എങ്കിലും അതേയെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി….

“”എന്താ അർത്ഥം??””

“”ഞാൻ…. നിന്നെ….””

“”നീ എന്നെ??””

ശ്രീറാമിന്റെ പുരികം ചുളിഞ്ഞു….

“”സ്… സ്നേഹിക്കുന്നു… ന്ന്…..””

അവൾ അപരാധിയെ പോലെ തല കുനിച്ചു…

“”ഇതാരാ തനിക്ക് പഠിപ്പിച്ച് തന്നത്??””

“”ഗോ… ഗോപിക….””

“”അത് ശെരി…. അവളിതെന്നോട് പറയാൻ പറഞ്ഞോ??””

“”ശ്രീയേട്ടനോട് കൊറേ ഇഷ്ടം വരുമ്പോ ഇങ്ങനെ പറഞ്ഞാമതീ ന്ന് പറഞ്ഞോണ്ടാ… ഇങ്ങനെയല്ലേ പറയാ?…..””

അവസാന ചോദ്യത്തിൽ ദയ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു…..
അവളുടെ ചുണ്ടുകൾ വിതുമ്പലോടെ കോടി……

ശ്രീറാം ചിരിച്ചു…..പിന്നെ ദയയെ കെട്ടി പിടിച്ചു…..

“”ഐ ലവ് യൂ റ്റൂ…..””

അവന്റെ സ്വരം അലിവുള്ളതായി….
സങ്കടം സഹിക്ക വയ്യാതെ ദയ തേങ്ങിയപ്പോൾ അവനൊന്ന് കൂടെ അവളെ ദേഹത്തോടമർത്തി…..

ശരീരം തമ്മിൽ ഉരസ്സിയ നിമിഷം ഇരുവരും കണ്ണുകളടച്ചു….

“”മഴ വരുന്നുണ്ടെന്ന് തോന്നണു ശ്രീയേട്ടാ…..””

“”പെയ്യട്ടെ… നമുക്ക് നനയാം….””

“”പനി പിടിച്ചാലോ??””

“”ആ പനി ചൂടിൽ , ഒരു പുതപ്പിനുള്ളിൽ…. ദാ ഇതുപോലെ തമ്മിൽ മുറുകെ കെട്ടി പുണർന്നു കിടക്കാം… എന്തേ???””

മറുപടിയായൊന്നു മൂളിയവൾ ശ്രീറാമിനെ നോക്കി മുഖം താഴ്ത്തി…..
വെണ്ണിലാ വെളിച്ചത്തിൽ ആ പെണ്ണിന്റെ തുടുത്ത കവിളുകളിൽ പടരുന്ന ചുവപ്പിനെ ഉന്മാദത്തോടെ നോക്കിയവനവളുടെ അധരങ്ങളിൽ ചുണ്ടുകൾ ചേർത്തു….
വേർപ്പെടാനാകാത്ത വിധം ഏറെ നേരം ദീർഘമായി ചുംബിച്ചു…..

ശ്രീറാമിന്റെ വിരലുകളവളുടെ പൂമേനിയെ താലോലിക്കുമ്പോൾ ദയയുടെ കൈകൾ അവന്റെ അലസമായ തലമുടിയിലും , ചുമലിലും , പുറം മേനിയിലും വിലയം പ്രാപിച്ചു…….

“”തന്നോടുള്ള പ്രണയം എനിക്കടക്കി വയ്ക്കാൻ കഴിയുന്നില്ല ദുർഗ്ഗ….
ഇപ്പോൾ… ഈ നിമിഷം….തന്നെ മുഴുവനായും സ്നേഹിക്കാൻ കൊതി തോന്നുന്നു….
ചുംബനങ്ങൾ കൊണ്ട് മൂടാൻ തോന്നുന്നു…….””

ശ്രീറാം കിതച്ചുകൊണ്ടവളുടെ അടുത്ത് മലർന്നു കിടന്നു….

ദയ ചിരിയോടെ ശ്രീറാമിന് നേരെ ചെരിഞ്ഞ് അവന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് നോട്ടമൂന്നി……

“”ഭയമുണ്ടോ???””

“”എന്തിന്??””

“”എന്റെ താലിയില്ലാതെ….. , സിന്ദൂരമില്ലാതെ ……എന്റേതാകാൻ..””

“”ദയ മനസ്സ് കൊണ്ടെന്നോ നിങ്ങളുടേത് മാത്രമായതല്ലേ…..””

ശ്രീറാമവളെ സംശയത്തോടെ നോക്കി….
ദയക്കിനിയും തന്നോടെന്തൊക്കെയോ പറയാനുണ്ടെന്ന് അവളുടെ മുഖ ഭാവത്തിൽ നിന്നും ശ്രീറാമിന് വ്യക്തമായി…

“”മനം മടുത്ത് മരണത്തിൽ അഭയം പ്രാപിക്കാൻ പോയൊരുവളായിരുന്നില്ലേ ഞാൻ…
പിന്നീടൊരു കൊലയാളിയായി…..
ഭ്രാന്തിയായി…..
ചുറ്റുമുള്ളവരാൽ വെറുക്കപ്പെട്ട് ,  ഉപേക്ഷിക്കപ്പെട്ട്  രാവും , പകലും തിരിച്ചറിയാതെ പകച്ച് നിന്ന എനിക്ക് നിങ്ങൾ സംരക്ഷണമൊരുക്കിയില്ലേ……

പിന്നീട് , ഭ്രാന്തിന്റെ മിഥ്യാ ലോകത്ത് നിന്നും ജീവതത്തിന്റെ യാഥാർഥ്യത്തിലേക്ക് തിരികെ കൊണ്ട് വന്നൊരു കുടുംബത്തെ തന്നു….
പഴുത്തഴുകിയ മുറിവുകളിൽ സ്നേഹം കൊണ്ട് തേൻ പുരട്ടി അവ സുഖപ്പെടുത്തി….
കരയുമ്പോൾ കണ്ണീരൊപ്പി ചേർത്ത് പിടിച്ചു….ചിരിക്കാൻ പഠിപ്പിച്ചു….
പുതിയ ആകാശം കാണിച്ചു തന്നു….
അവയിലേക്ക് പറന്നുയരാൻ ചിറകുകൾ തുന്നി ചേർത്തു….
ഒടുക്കം പ്രണയം നിറച്ച് , സ്വന്തം ജീവിതം വരെ വച്ചു നീട്ടി…..

ഞാൻ നിറഞ്ഞു നിൽക്കുന്ന ഈ കണ്ണുകളിൽ നിന്നോ …..
എന്നെ ചുംബിച്ച് തളർത്തുന്ന ചുണ്ടുകളിൽ നിന്നോ…..
എന്റെ ചർമ്മത്തെ സ്പർശിച്ചു കുളിരണിയിക്കുന്ന ഈ വിരലുകളിൽ നിന്നോ……
ഞാനുണ്ടെന്ന് പറയുന്ന ഈ ഹൃദയത്തിൽ നിന്നോ …..
എനിക്കൊരു മോചനം ഞാൻ ആഗ്രഹിക്കുന്നില്ല….
മരണത്തിൽ പോലും…..!!

പക്ഷെ ഈ ശരീരം….!!എനിക്കറിയില്ല… ഒരിക്കൽ… അ……….

ആ വാചകങ്ങൾ മുഴുമിപ്പിക്കാൻ ശ്രീറാമവളെ സമ്മതിച്ചില്ല…..
അധരങ്ങൾ കൊണ്ടവളുടെ ശബ്ദത്തിനും  , വാക്കുകൾക്കുമവൻ ബന്ധനം തീർത്തു…….

എന്റേതാണ്…..
അത് മനസ്സിൽ വച്ചോളൂ….
മറ്റൊന്നും നീ ഓർക്കുകയോ , പറയുകയോ അരുത്……
ഞാനത് ഇഷ്ടപ്പെടുന്നില്ല….

തുടരും…. ❤️